നിയമസഭാ തെരഞ്ഞെടുപ്പ്: കെ.കെ. ബാബുരാജ് സംസാരിക്കുന്നു
കേരളത്തിലെ ഭരണമാറ്റത്തെ കുറിച്ചു മതേതര ബുദ്ധിജീവികൾ പറയുന്ന ആകുലതകൾ കേവല വാചാടോപം എന്നതിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളെ ഉൾകൊള്ളുന്നതാണോ? സംഘപരിവാറിന്റെ വളർച്ചയും, കോൺഗ്രസിന്റെ ഹിന്ദുത്വവൽക്കരണവും, ഇഡി പോലുള്ള സംവിധാനങ്ങളെ ഉപയോഗിച്ചു സംസ്ഥാന ഭരണത്തിനു മേൽ കേന്ദ്ര സർക്കാർ നടത്തുന്ന കടന്നുകയറ്റങ്ങളെയും പരിഗണിക്കാതെയുള്ള മതേതര ആകുലതകൾ ‘മാർക്സിസ്റ്റ് പാർട്ടിയെ നന്നാക്കുക’ എന്ന ശുദ്ധിവാദത്തിനപ്പുറം കടക്കുന്നുണ്ടോ? കെ.കെ. ബാബുരാജുമായി ബാസിൽ ഇസ്‌ലാം നടത്തിയ അഭിമുഖം.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേൾക്കുന്നത് ഭരണത്തുടർച്ചയെ കുറിച്ച ചർച്ചകളാണല്ലോ. അതിനെ എങ്ങനെ നോക്കിക്കാണുന്നു?
കേരളത്തെ സംബന്ധിച്ചിടത്തോളം വര്‍ഷങ്ങളായി തുടർന്നു പോരുന്ന ഒരു കാര്യം കൃത്യമായ മുന്നണി മാറ്റമാണ്. ഇരുമുന്നണികളും ഇടവിട്ട് അഞ്ചു വർഷം കാത്തിരുന്ന് അധികാരത്തിൽ വരികയും ആ സമയത്തെ പ്രതിപക്ഷം നിശ്ചിത കടമകൾ മാത്രം നിർവഹിക്കുകയും ചെയ്യുന്നുവെന്നതാണ് പതിവ്. അതിനാല്‍ വലിയ സംഘർഷങ്ങളില്ലാതെയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കടന്നുപോയിരുന്നത്. പരസ്പര ധാരണകളും അഡ്ജസ്റ്റ്മെന്റുകളും ധാരാളം നടന്നിരുന്നു. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ഓരോ ഭരണകൂടത്തിന്റെയും തുടർച്ച മാത്രമാണ് അടുത്ത ഭരണകൂടവും. കുടമാറ്റം പോലെ മുന്നണി മാറ്റം മാത്രമാണ് മാറുന്നത്. ഭരണകൂട മാറ്റം കൃത്യമായി അതിന്റെ തുടർച്ചയിൽ സംഭവിക്കുന്നു. ഈ പ്രക്രിയയിൽ ആർക്കും അസ്വസ്ഥകളില്ലായിരുന്നു. ഭരണമാറ്റമാണ് ഇവിടെ സ്ഥിരമായിട്ടുള്ളത്.
കാരണവരും അഴിമതിയും
എന്നാൽ ഇത്തവണ പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതുപക്ഷ ഭരണകൂടം രണ്ടാം വട്ടവും അധികാരത്തിൽ വരുമെന്ന പ്രതീതിയാണുള്ളത്. ഭരണത്തുടർച്ചയെ കുറിച്ച ഈയൊരു ഉറപ്പ് ഇടതുപക്ഷത്തിന് കിട്ടുന്നത് കോവിഡ് വ്യാപനകാലത്താണ്. ആ സമയത്ത് പിണറായി വിജയന്റെ ജനപ്രിയതയുടെ ഗ്രാഫ് വളരെയധികം ഉയർന്നു. കുടുംബങ്ങൾ വല്ലാതെ ഇഷ്ടപ്പെടുന്ന, സ്ത്രീകൾക്ക് താൽപര്യമുള്ള ഒരു കുടുംബ കാര്യസ്ഥനായിട്ട് അദ്ദേഹത്തിന് സ്ഥാനക്കയറ്റം കിട്ടി. പണ്ട് മുതലേ പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന് ഒരു കർകശക്കാരനായ കാരണവരുടെ സ്ഥാനമാണെങ്കിലും, അത് കേരളത്തിലെ കുടുംബങ്ങളിലേക്ക് കൂടി സ്ഥാപിക്കപ്പെട്ടത് കോവിഡാനന്തര സാമൂഹിക മാറ്റത്തോടെയാണ്. ആപത്ത് വരുമ്പോൾ എല്ലാവരെയും കാത്തുരക്ഷിക്കുന്ന നാഥൻ എന്ന ഈ ഇമേജിനെ ശക്തമായ പബ്ലിക് റിലേഷന്‍ സിസ്റ്റത്തിലൂടെ മാർക്കറ്റ് ചെയ്യാനും ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞു.
ഉദാഹരണത്തിന്, കോവിഡ് പ്രതിരോധത്തിനായി സർക്കാർ ഫണ്ടിലേക്ക് കിട്ടുന്ന സംഭാവനകളെ കുറിച്ച് വാർത്താസമ്മേളനങ്ങളിൽ വെച്ച് മുഖ്യമന്ത്രി ഒരു കാരണവരെ പോലെ ചോദിച്ചറിയും. ഒരു സഹകരണ ബാങ്ക് കുറഞ്ഞ തുകയാണ് തന്നതെങ്കിൽ ‘അവരത്രയും തന്നാൽ പോരല്ലോ’ എന്ന് അവിടെ വെച്ച് തന്നെ പറയും. പിറ്റേന്ന് തന്നെ ഇരട്ടി തുക അവർ ഫണ്ടിലേക്ക് നൽകും. വാസ്തവത്തിൽ ഇത്തരം സഹകരണ സ്ഥാപനങ്ങളിൽ എൺപതു ശതമാനവും മാർക്സിസ്റ്റ് പാര്‍ട്ടിയുടെ കയ്യിലാണ്. അങ്ങനെ കോടിക്കണക്കിന് രൂപയാണ് സർക്കാർ ഫണ്ടിലേക്ക് ഒഴുകിയത്. കോവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളിയായി ഇടതുപക്ഷ സർക്കാർ വാഴിക്കപ്പെട്ടു. ഭരണത്തുടർച്ച ഉറപ്പാക്കുന്ന കൃത്യമായ പബ്ലിക് റിലേഷന്‍ കാമ്പയിനുകൾ നടത്തി.
അങ്ങനെ വിജയകരമായി മുന്നോട്ട് പോവുന്ന സമയത്താണ് സ്വർണ്ണ കള്ളക്കടത്ത് കേസ് ഉണ്ടാവുന്നത്. ഈ കേസിൽ ഇടപ്പെട്ടുകൊണ്ട് കേന്ദ്ര എജൻസികൾ ആദ്യം കേരളത്തിലെത്തിയത് പൗരത്വ പ്രക്ഷോഭത്തിൽ ഇടപെട്ട മുസ്‌ലിം വ്യക്തികളുടെയും സംഘങ്ങളുടെയും മേൽ അന്താരാഷ്ട്ര ബന്ധങ്ങൾ ആരോപിച്ചുകൊണ്ട് ഡൽഹി മോഡലിൽ വേട്ടയാടാനായിരുന്നു. എന്നാൽ പ്രസ്തുത സംഘടനകളെയൊന്നും ഈയർഥത്തിൽ ഫ്രെയിം ചെയ്യാൻ അവർക്ക് സാധിക്കാതെ പോയി.
പിന്നീട് കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ താൽപര്യ പ്രകാരം, സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഐടി വകുപ്പ് സെക്രട്ടറിയായ ശിവശങ്കറുമായുള്ള ബന്ധം ഉപയോഗിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെയും ഭരണകക്ഷിയുടെയും പ്രതിച്ഛായ തകർക്കാനുള്ള പ്രവർത്തനങ്ങളാണ് കേന്ദ്ര ഏജൻസികൾ ചെയ്തത്. ഇത് കേരളത്തിൽ മാത്രമല്ല സംഭവിക്കുന്നത്. വിമതരെയും വിമർശകരെയും പ്രതിപക്ഷത്തെയും ഒതുക്കാനും ബിജെപി-ഇതര സർക്കാരുകളെ താഴെയിറക്കാനുമുള്ള പദ്ധതികളാണ് ഇഡിയെ ഉപയോഗിച്ച് കേന്ദ്ര ഭരണകൂടം ഇൻഡ്യയിലൊട്ടാകെ ആവിഷ്ക്കരിക്കുന്നത്. മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരത്തെ അർധരാത്രി വീടിന്റെ മതിൽ ചാടിക്കടന്നാണ് അറസ്റ്റ് ചെയ്തത്. ചിലിയിൽ അഗസ്റ്റെ പിനോഷെയ്ക്കു കീഴിലെ പട്ടാള ഭരണത്തിനുണ്ടായിരുന്ന ഭരണകൂട ഗുണ്ടാസംഘങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിലുള്ള സ്റ്റേറ്റ് ഇന്റർവെൻഷനുകളാണ് ഇഡി പോലുള്ള സ്ഥാപനങ്ങളിലൂടെ ബിജെപി ഭരണകൂടം ഇപ്പോൾ നടത്തുന്നത്.
കോൺഗ്രസിന്റെ വീഴ്ചകൾ
ഒരു ജനാധിപത്യ ഭരണകൂടത്തെ തകർക്കാൻ സംഘപരിവാരം മെനഞ്ഞെടുത്ത കഥകളെയും മാധ്യമങ്ങള്‍ക്ക് അവർ ചോർത്തിക്കൊടുത്ത ആരോപണങ്ങളെയുമെല്ലാം അങ്ങനെത്തന്നെ ഏറ്റെടുക്കുകയാണ് കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷം ചെയ്തത്. ഇഡിയുടെ ഫാസിസ്റ്റ് രാഷ്ട്രീയ താൽപര്യങ്ങളെ തിരിച്ചറിഞ്ഞ് ചെറുക്കാൻ അവർ തയ്യാറായില്ല. പ്രതിപക്ഷം കേസിനെ ഉപയോഗപ്പെടുത്തി സർക്കാരിന്റെ മേൽ അഴിമതിയാരോപണം നടത്താൻ തുടങ്ങി. ഒരുപാട് സങ്കീർണതകൾ നിറഞ്ഞ ഒരു കേസിനെ കേവലം അഴിമതിയുടെ പ്രശ്നമാക്കി മാറ്റി.
കോൺഗ്രസും ബിജെപിയും മാർക്സിസ്റ്റ് പാർട്ടിക്കെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്നത് തന്നെ കാലഹരണപ്പെട്ട ഒരു രാഷ്ട്രീയ വിമര്‍ശനമാണ്. കാരണം ഇടതുപക്ഷത്തിന്റെ അഴിമതിയും കോൺഗ്രസിന്റെ അഴിമതിയും രണ്ടും രണ്ടാണ്. ഇടതുപക്ഷം അഴിമതി നടത്തുന്നുണ്ടാവാം. പക്ഷേ അതവരുടെ പാർട്ടി സംവിധാനത്തിലൂടെയാണ് സാധിച്ചെടുക്കുന്നത്. മുഖ്യമന്ത്രി അടക്കം ഭരണകൂടത്തിന്റെ മുകൾത്തട്ടിലുള്ളവരുടെ വിശ്വാസ്യതയെ അത് ചോദ്യംചെയ്യുന്നില്ല. അതിനാൽ തന്നെ അഴിമതിയാരോപണം കൊണ്ടൊന്നും മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകരില്ല എന്നു മാത്രമല്ല നിരന്തരം പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ പ്രതിപക്ഷ നേതാവിന്റെ വില കെട്ട് പോകുകയും ചെയ്തു. ഇങ്ങനെയുള്ള സമയത്താണ് മാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോളുകളിൽ ഇടതുപക്ഷത്തിന്റെ ജനപ്രിയ ഗ്രാഫ് വീണ്ടും ഉയർന്നത്. രക്ഷകനും പിതൃസ്ഥാനീയനുമായി മാറിയ മുഖ്യമന്ത്രിയുടെ താരസ്വരൂപം മാർക്സിസ്റ്റ് പാർട്ടിയുടെ തുടർഭരണ സാധ്യതയെ ഉറപ്പിക്കുകയാണ് ചെയ്തത്.
ഭരണത്തുടർച്ചയും തെറ്റായ വായനകളും
ഇടതുമുന്നണി ഭരണത്തുടർച്ച നേടുന്നത് കുഴപ്പമാണോ എന്ന് ചോദിച്ചാൽ തീര്‍ച്ചയായും ഒരുപാട് കുഴപ്പങ്ങളുണ്ട്. പക്ഷേ അതൊക്കെ നമ്മൾ വേറൊരു വിമർശന മണ്ഡലത്തിൽ ചർച്ച ചെയ്യേണ്ടതാണ്. ഭരണത്തുടർച്ച ജനാധിപത്യത്തിന് ഭീഷണിയാകുമെന്ന് പറയുന്നത് ലിബറൽ ബുദ്ധിജീവികളാണ്. ഒരൊറ്റ കാര്യം നോക്കാം: ഇന്നത്തെ ഈ ഫാസിസ്റ്റ് കാലത്തും മുസ്‌ലിം രാഷ്ട്രീയത്തെ കുറിച്ച് സംശയങ്ങൾ വെച്ചുപുലർത്തുന്ന ലിബറൽ/മതേതര ബുദ്ധിജീവികളാണ് ഇപ്പോൾ ജനാധിപത്യത്തെ കുറിച്ച് വേവലാതിപ്പെടുന്നത്. ഇതൊക്കെ അങ്ങേയറ്റം ലളിതവത്കരിച്ചതും ഉപരിപ്ലവവുമായ വാദമായാണ് മനസിലാക്കേണ്ടത്.
ഒന്നാമതായി, അസ്ഥിരത ജനാധിപത്യത്തെ നിർമിക്കുന്നു എന്ന വാദം വിചിത്രമാണ്. ഒരു മുന്നണി മാറി മറ്റൊരു മുന്നണി വരുന്ന സ്ഥിരം പരിപാടി എങ്ങനെയാണ് അസ്ഥിരതയെ രൂപപ്പെടുത്തുന്നത്? വണ്ടിക്കു പുറകിൽ കുതിരയെ കെട്ടി ഓടിക്കാൻ നോക്കുന്നത് പോലെയാണ് നമ്മുടെ മതേതര/ലിബറൽ ബുദ്ധിജീവികൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ സങ്കൽപങ്ങൾ.
ഭരണമാറ്റം അസ്ഥിരതയെ ഉണ്ടാക്കുന്നില്ല. കേവല റീപ്ലേയ്സ്മെന്റ് മാത്രമാണ്. കേരളീയ സാഹചര്യത്തില്‍ ഭരണമാറ്റം പണ്ടേയുള്ള സ്ഥിരതയാണ്. ഭരണമാറ്റത്തിൽ ഒരു മാറ്റവുമില്ല. പിന്നെ പലരും ആകുലപ്പെടുന്നത് മാർക്സിസ്റ്റ് പാർട്ടി അഹങ്കാരികളാവും ദുർബലമാകും മോശമാവും എന്നൊക്കെയാണ്. അവരുടെ ഭരണപരമായ വീഴ്ചകളെയും വർഗ/വംശ താത്പര്യങ്ങളെയുമല്ലേ വീക്ഷിക്കേണ്ടത്? അതിനപ്പുറത്ത് മാർക്സിസ്റ്റ് പാർട്ടി നന്നായിരിക്കുക എന്നുള്ളത് മാർക്സിസ്റ്റുകളുടെ മാത്രം ആകുലതയാണ്. അതൊരു ശുദ്ധവാദമാണ്.
രണ്ടാമത്തെ കാര്യം, കാൻഷിറാമാണ് ഇൻഡ്യൻ സാഹചര്യത്തില്‍ അസ്ഥിരതയെ കുറിച്ച് പറഞ്ഞത്. യുപിയിൽ ബി എസ്പിക്കും ബിജെപിക്കും എസ്‌പിക്കും കുറച്ചു വീതം സീറ്റുകൾ കിട്ടിയ അവസരത്തിൽ മായാവതിയെ മുഖ്യമന്ത്രിയാക്കാൻ സ്വന്തം സീറ്റുകളെ തുറുപ്പുചീട്ടുകളായി ഉപയോഗിക്കുന്ന വേളയിലായിരുന്നു അത്. നിരന്തരമായ അസ്ഥിരതയാണ് ഗുണം ചെയ്യുകയെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ശരിയുമായിരുന്നു. ബിജെപിയുമായി സന്ധി ചെയ്തത് അധികാരപ്രാപ്തിക്കു ഗുണം ചെയ്തു. ആ അസ്ഥിരത ഉപയോഗിച്ചു കൊണ്ട് മായാവതി അവിടെ മൂന്നും നാലും തവണ മുഖ്യമന്ത്രിയാവുകയുണ്ടായി. കീഴാള രാഷ്ട്രീയത്തിന് സാമൂഹികമായി ഇതിലൂടെ എന്ത് ഗുണമുണ്ടായി എന്നുള്ളത് വേറെ കാര്യം. ബിഎസ്‌പിയുടെ അധികാരപ്രാപ്തിക്ക് ആ അസ്ഥിരത ഗുണം ചെയ്തെങ്കിൽ ദലിതരെ സംബന്ധിച്ച് അത് കേരളത്തിൽ എന്ത് ഗുണമാണ് ചെയ്യുന്നത്?
മാറ്റമല്ല, മുന്നണി പ്രവേശനമാണ് ചര്‍ച്ച
പാർശ്വവത്കൃതരെ സംബന്ധിച്ചിടത്തോളം മതേതരവാദികൾ പറയുന്ന അസ്ഥിരത നിലനിൽക്കുന്നില്ല. അവരെ സംബന്ധിച്ച് മുന്നണി പ്രവേശനമാണു പ്രശ്നം.
കേരളത്തിലെ ദലിതുകൾക്കിടയിൽ ഒരു പ്രധാനപ്പെട്ട മൂവ്മെന്റുണ്ടാക്കിയത് കല്ലറ സുകുമാരനാണ്. അക്കാലത്ത് അദ്ദേഹം കോൺഗ്രസുമായി ചേർന്നുനിന്നിരുന്ന ആളാണ്. പക്ഷേ അദ്ദേഹത്തെ അവർ അടുപ്പിച്ചില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ ദലിതർ മുന്നണി രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി മാറുമായിരുന്നു.
ഈയടുത്ത് മുന്നണി പ്രവേശനം സാധിച്ചെടുക്കാൻ ശ്രമിച്ചത് വെൽഫെയർ പാർട്ടിയാണ്. അവരെ യുഡിഎഫ് മുന്നണിയിലേക്ക് എടുക്കുമെന്ന ഒരു സാധ്യത തെളിഞ്ഞു വന്നപ്പോൾ കോൺഗ്രസുകാർ തന്നെയാണ് അതിനെ എതിർത്ത് ഇല്ലാതാക്കിയത്. പിന്നെ വെൽഫെയർ പാർട്ടിക്കുള്ളത് മുസ്‌ലിം ലീഗിലെ ചിലരുമായിട്ടുള്ള പ്രാദേശിക ബന്ധം മാത്രമാണ്. മുസ്‌ലിം രാഷ്ട്രീയത്തില്‍ വികസിച്ച കീഴാള ബോധമാണ് പരസ്പരം ഉൾക്കൊള്ളുന്നതിന് അവര്‍ക്ക് പ്രേരണയായത്. ഇരുകൂട്ടരും പരസ്പരമുള്ള പോരടിക്കൽ നിർത്തി അനുരജ്ഞന സ്വഭാവം പുലർത്തുകയും ചെയ്തു. സമുദായിക ഐക്യം സാധ്യമാക്കുന്നതിന്റെ ഭാഗമായി വെൽഫെയർ പാർട്ടി ഐക്യമുന്നണിയിലേക്ക് ചേരാനുള്ള സാധ്യതകളെയാണ് കോൺഗ്രസ് നുള്ളിക്കളഞ്ഞത്.
മുസ്‌ലിം ലീഗിന് ഇപ്പോൾ കൊടുക്കുന്ന പ്രാതിനിധ്യം തന്നെ അധികമാണെന്നും ഇനിയൊരു പാർട്ടിയെ കൂടി മുന്നണിയിൽ കേറ്റുന്നതിലൂടെ മുസ്‌ലിം രാഷ്ട്രീയം മുന്നണിയിൽ ശക്തിപ്രാപിക്കുമെന്നുമാണ് കോണ്‍ഗ്രസ് കരുതുന്നത്. അങ്ങനെ മാർക്സിസ്റ്റ് പാർട്ടിയുടേതിന് തുല്യമായ ഭയപ്പാടാണ് ഉത്കൃഷ്ട ദേശീയവാദികളായ കോൺഗ്രസുകാർ പങ്കുവെക്കുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യുഡിഎഫിലേക്കുള്ള സാധ്യതകൾ ഇനിയങ്ങോട്ട് കുറവായിരിക്കും എന്നാണ് എന്റെ അഭിപ്രായം. മലബാറില്‍ മുസ്‌ലിം ലീഗുമായിട്ട് രാഷ്ട്രീയ ഇടപാടുകൾ നടക്കുമായിരിക്കും. പക്ഷേ, മുന്നണി പ്രവേശനം വിദൂരത്തായിക്കഴിഞ്ഞു. അതുകൊണ്ട് കീഴാള രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് മുന്നണി പ്രവേശനത്തിനുള്ള സാധ്യത ഇല്ലാതെപോകുന്നതാണ് നമ്മൾ പ്രശ്നമായടുക്കേണ്ടത്.
അജണ്ട മാറണം
മുന്നണികളെ നിർബന്ധിക്കാൻ (pressurise) കഴിയുന്ന സംവാദങ്ങളും ഇടപെടലുകളും നടത്താൻ നമുക്ക് കഴിയണം. അത് ഇരു മുന്നണികളെയും ലക്ഷ്യമിട്ടുകൊണ്ടാവണം എന്നാണ് ഞാൻ പറയുക. യുഡിഎഫിനെ മാത്രം നോക്കിയാവരുത്. കാരണം പിഡിപിക്കും എസ്‌ഡിപിഐക്കും വെൽഫെയർ പാർട്ടിക്കുമൊക്കെ തീവ്രവാദ മുദ്രചാർത്തിക്കൊടുക്കാൻ ഏറ്റവും കൂടുതൽ ഉത്സാഹിച്ചത് ഈ ഐക്യമുന്നണിയിലെ പാർട്ടികളും നേതാക്കളും കൂടിയാണ്. അതുകൊണ്ട് അവരെ പാടേ അവഗണിക്കണം എന്നല്ല.
ഐക്യമുന്നണിയെ പോലെത്തന്നെ ഇടതുമുന്നണിയെയും നമ്മൾ പരിഗണിക്കണം എന്നാണ് പറഞ്ഞത്. എന്തെങ്കിലുമൊരു കൂട്ടരോടുള്ള ബന്ധം അവസാനിപ്പിക്കുന്നത് ഇന്നത്തെ അവസ്ഥയിൽ മോശമായി ബാധിക്കും.
മാർക്സിസ്റ്റ് പാർട്ടി ഒരു ഹിന്ദു സമൂഹമാണ്. പിണറായി വിജയനൊക്കെ അവർണനായിരിക്കാം. പക്ഷേ സവർണരുടെ താൽപര്യങ്ങളേ അദ്ദേഹത്തിന് നടപ്പിലാക്കാൻ കഴിയുന്നുള്ളൂ. രാഷ്ട്രീയ സ്വഭാവമുള്ള സവർണരും രാഷ്ട്രീയമില്ലാത്ത അവർണരുമുള്ള ഒരു ബഹുജന ഹിന്ദു പാർട്ടിയാണത്. ബിജെപി ഇവിടെ വളരുകയാണെങ്കിൽ ഇടതുപക്ഷത്തിന് അവരുടെ സ്വത്വത്തെ പുതുക്കി നിർമിക്കുന്നതിനായി മത ന്യൂനപക്ഷങ്ങളുമായുള്ള ഇപ്പോഴത്തെ ബന്ധം മാറ്റേണ്ടി വരും.
ഇടതുപക്ഷത്തിന് ഇപ്പോഴുള്ള മുസ്‌ലിം സ്ഥാനാർഥികൾ കുറേ സാംസ്കാരിക ഫിഗറുകൾ മാത്രമാണ്. അവർക്ക് എന്തെങ്കിലും സ്ഥാനമാനങ്ങൾ ലഭിക്കുമെങ്കിലും അടിസ്ഥാനപരമായി മുസ്‌ലിംകളുടെ രാഷ്ട്രീയ ചോദ്യങ്ങൾ പരിഹരിക്കപ്പെടുന്നില്ല. ഈ നിലയ്ക്ക് അവർക്കധികം മുന്നോട്ട് പോവാൻ കഴിയില്ല. ഇപ്പോഴുള്ള ഉള്ള ഹിന്ദു വോട്ടുബാങ്കിൽ പ്രശ്നമുള്ളതിനാൽ ഇടതുപക്ഷത്തിന് മുസ്‌ലിംകളെയും ക്രൈസ്തവരെയും ദലിതുകളെയും സാമുദായികമായി അഡ്രസ്സ് ചെയ്യേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. ഇതിൽ തന്നെ ദലിത് രാഷ്ട്രീയം അവർക്ക് തൽക്കാലം പ്രതിസന്ധി സൃഷ്ടിക്കാനുള്ള സാധ്യത കുറവാണ്. കാരണം ദലിത് വോട്ടുബാങ്ക് കേരളത്തില്‍ ശക്തമോ സജീവമോ അല്ല. മാത്രമല്ല, ബിജെപി നേതൃത്വത്തിൽ ഒരു മൂന്നാം മുന്നണി ഇപ്പോൾ നിലനിൽക്കുന്നുണ്ട്. അതിനപ്പുറത്തേക്ക് പുതിയൊരു നാലാം മുന്നണിക്കുള്ള സാധ്യത വളരെ വിദൂരമാണ്.
അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും അവർക്ക് ചില മുസ്‌ലിം സംഘടനകളെ ഒപ്പം കൂട്ടേണ്ടി വരും. കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ മുന്നണിയിലേക്ക് കൂട്ടിയതുപോലെ അവർക്കു മുസ്‌ലിംകളിൽ നിന്ന് ചില കക്ഷികളെ വേണ്ടി വരും. അതിനുള്ള സാധ്യത കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു തന്ത്രപരമായ സമീപനമായിരിക്കണം ഇരുമുന്നണികളോടും പുലർത്തേണ്ടത്.
അപ്പോൾ ഭരണത്തുടർച്ച സൃഷ്ടിക്കുന്ന യഥാർഥ പ്രശ്നങ്ങൾ എന്തൊക്കെയാണ്?
ഭരണത്തുടർച്ച സാധ്യമായാൽ ആഴമേറിയ പ്രശ്നങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. അതിനെ ഒറ്റ വാക്കിൽ പറഞ്ഞൊതുക്കിക്കൊണ്ട്, മാർക്സിസ്റ്റ് വിരോധം വിളമ്പുന്നതിൽ ഒരർഥവുമില്ല.
ഒന്നാമതായി ഓർക്കേണ്ടത്, ഗുജറാത്ത് വംശഹത്യ നടന്നപ്പോൾ പ്രസ്തുത സംഭവത്തോട് ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് വരികയും സമരം ചെയ്യുകയും ചെയ്തത് എസ്ഐഒ, എൻഡിഎഫ് പോലുള്ള മുസ്‌ലിം സാമൂഹിക പ്രസ്ഥാനങ്ങളാണ്. പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോൾ വിഷയത്തെ വളരെ വ്യാപകമായി ഏറ്റെടുത്തുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിക്കാർ കേരളത്തിലെ മുസ്‌ലിം കേന്ദ്രങ്ങളിലേക്ക് കടന്നുചെന്നു. ഇത്തരത്തിൽ 90കളില്‍ മുസ്‌ലിംകളെ സ്വാധീനിക്കാൻ അവരേറ്റെടുത്ത മറ്റു വിഷയങ്ങൾ അമേരിക്കന്‍ സാമ്രാജ്യത്വ അധിനിവേശവും ഗൾഫ് യുദ്ധവുമായിരുന്നു. ഇതിനെയൊക്കെ പ്രശ്നവത്കരിച്ചുകൊണ്ട് മുസ്‌ലിംകൾക്കിടയിൽ വലിയ ചാലകശക്തിയാവാൻ അവർക്ക് കഴിഞ്ഞു. പക്ഷേ അവിടെ സംഭവിച്ച ഒരു കാര്യമുണ്ട്. ഇടതുപക്ഷം മുസ്‌ലിം പ്രശ്നങ്ങളെ സ്വാംശീകരിച്ചതോടെ മുസ്‌ലിംകളുടെ രാഷ്ട്രീയ കർതൃത്വം നഷ്ടപ്പെട്ടു. ഇടതു രക്ഷാകർത്തൃത്വത്തിന് പുറത്തുനിന്ന മുസ്‌ലിം പ്രതിരോധങ്ങളും പ്രസ്ഥാനങ്ങളും വർഗീയവാദമായും മതമൗലികവാദമായും മുദ്രകുത്തപ്പെട്ടു. ഇടതു സ്വാംശീകരണ യുക്തിയുടെ അപകടം ഇത് വെളിവാക്കുന്നുണ്ട്.
അന്ന് ഞാൻ ഈ സ്വാംശീകരണ രാഷ്ട്രീയത്തെ ചോദ്യംചെയ്തുകൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു. കെഇഎന്നിന്റെ പ്രഭാഷണങ്ങളൊക്കെ ആ നിലയ്ക്ക് പരിശോധിക്കപ്പെടേണ്ടവയാണ്. ഇടതുപക്ഷം മാത്രമാണ് ഇവിടെ പ്രതിരോധം തീർക്കുന്നത് എന്ന് വരുത്തിക്കൊണ്ട് മറ്റുള്ളവരുടെ പോരാട്ടങ്ങളെയും പ്രവർത്തനങ്ങളെയും തള്ളിക്കളയാൻ (invalidate) അവർ ശ്രമിച്ചു. ഇതിനു പിന്നിൽ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ട് സമാഹരിക്കുക എന്നതിനപ്പുറം മറ്റു താൽപര്യങ്ങളുണ്ടായിരുന്നില്ല. മുസ്‌ലിം ചോദ്യത്തെ അവർ അടിസ്ഥാന പ്രശ്നമാക്കിയില്ല. ‘മുസ്‌ലിംകളുടെയും മറ്റുളവരുടെയും രക്ഷകരാണ് ഞങ്ങൾ, ഞങ്ങളില്ലെങ്കിൽ മറ്റൊരു രക്ഷകരുണ്ടാകാനേ പോകുന്നില്ല’ എന്നാണ് അവർ പ്രചരിപ്പിച്ചത്.
മതേതരത്വത്തിന്റെ ഭാവി
ഈ ചരിത്രം വെച്ച് നോക്കുകയാണെങ്കിൽ ഇനിയൊരു തുടർഭരണം കിട്ടിയാൽ അത് മതേതരത്വത്തിന്റെ വിജയമാണെന്നാവും ഇടതുപക്ഷം പറയുക. പക്ഷേ ഈ പറയുന്ന മതേതരത്വമെന്താണെന്നു നമുക്കറിയാം. അത് മുഖംമൂടിയിട്ട ഹൈന്ദവതയാണെന്നതാണ് വസ്തുത.
മതേതരത്വം ഒരിക്കലും കീഴാള പരിപ്രേക്ഷ്യത്തിൽ പ്രമേയവത്കരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ മതേതരത്വത്തിന്റെ വിജയമെന്നത് യഥാർഥത്തിൽ വിവിധ സാമുദായിക ശക്തികളോടും മൂലധന ശക്തികളോടും നടത്തിയ അനുരഞ്ജനത്തിന്റെ ഭാഗമായുള്ള വിജയമാണ്.
ബിജെപിയെ ഒരു മധ്യവർഗം സഹായിച്ച പോലെ ഇടതുപക്ഷത്തെ സഹായിക്കുന്ന ഒരു നവ മധ്യവർഗം ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ജാതിക്കും മതത്തിനുമൊക്കെ അതീതരാണെന്നു സ്വയം പറയുന്ന അവർ ശുദ്ധ ജാതിവാദികളുടെയും പരമതവിദ്വേഷികളുടെയും ഒരു കൂട്ടമാണെന്നതാണ് യാഥാർഥ്യം. ഈ വിഭാഗം വളരെ അടഞ്ഞ ഒരു സമുദായമാണ്. അവരുടെ ആവിഷ്ക്കാരങ്ങൾ മതേതരതവും പുരോഗമനപരവുമാണെന്ന് ഇടതുപക്ഷം പറയാൻ സാധ്യതയുണ്ട്.
രണ്ടാമതായി, കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ മേലാള വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കേരളാ കോൺഗ്രസിനെ മുന്നണിയിലേക്ക് കൊണ്ടുവന്നത് കൊണ്ടാണ് അവർക്കിപ്പോൾ വിജയ സാധ്യത കൂടിയത്. മധ്യ തിരുവിതാംകൂറിലെ ചില മേഖലകളിൽ മാർക്സിസ്റ്റ് പാർട്ടിക്ക് സ്വന്തമായൊരു വോട്ടുബാങ്കുണ്ട്. അതിനൊപ്പം കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം കൊടുക്കുന്ന ക്രൈസ്തവ വോട്ടുകൾ കൂടെ ആവുമ്പോൾ മുൻപ് കോൺഗ്രസിന്റേതായിരുന്ന പല സീറ്റുകളിലും ഇടതുപക്ഷം വിജയിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ജോസ് കെ.മാണിയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത് വളരെ തന്ത്രപരമായ നീക്കമായിരുന്നു. ഇതെല്ലാം സാമുദായിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്, മതേതരത്വത്തിന്റെ വിജയമല്ല.
ഇങ്ങനെ സാധ്യമാകുന്നത് കീഴാള സമൂഹത്തിന്റെ രാഷ്ട്രീയ അവകാശങ്ങളെയും ചോദ്യമണ്ഡലങ്ങളെയും മൊത്തത്തിൽ ഇല്ലാതാക്കിക്കൊണ്ടാണ്. മതേതരത്വത്തിന്റെ വിജയമല്ല, മറിച്ചു കീഴാളരെ രാഷ്ട്രീയമായി പുറന്തള്ളിയതിന്റെയും സവർണതയെ ഉൾകൊണ്ടതിന്റെയും വിജയമായിരിക്കും തുടർഭരണത്തിലൂടെ സംഭവിക്കുക.
മുസ്‌ലിം ലീഗിന്റെ പ്രതിസന്ധി
ഈ പുറന്തള്ളലോടെ ഉണ്ടാവാൻ പോകുന്ന പ്രധാനപ്പെട്ട പ്രശ്നം മുസ്‌ലിം ലീഗിന്റെ പ്രതിസന്ധിയാണ്. മുസ്‌ലിംകളുടെ ഒരു രാഷ്ട്രീയ വിലപേശൽ ശക്തിയായി അവശേഷിക്കുന്നത് കേരളത്തിൽ മുസ്‌ലിം ലീഗ് മാത്രമാണ്. അവർക്ക് തുടർച്ചയായി പത്തു വർഷം അധികാരമില്ലാതായാലുള്ള സ്ഥിതി ആലോചിക്കേണ്ടതാണ്. സ്വന്തമായിട്ട് എംഎൽഎമാർ തുടർന്നും ഉണ്ടായേക്കാം. പക്ഷേ അതും അവർ ഭരണത്തിൽ വരുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
മുസ്‌ലിം ലീഗിനെ പുറത്തു നിർത്തുമ്പോഴുണ്ടാകുന്ന കുഴപ്പങ്ങളാണ് നാം പരിശോധിക്കേണ്ടത്. അതുകൊണ്ട് തന്നെ തുടർഭരണം അടിസ്ഥാനപരമായി മുസ്‌ലിം രാഷ്ട്രീയത്തിന് വളരെയധികം കുഴപ്പം ചെയ്യും. അതുപോലെ പുതിയ കീഴാള പ്രസ്ഥാനങ്ങളുടെ രൂപീകരണം വിദൂരമായിത്തീരുകയും ചെയ്യും. അതിനാൽ ഇടതുപക്ഷത്തിന്റെ സ്വാംശീകരണ രാഷ്ട്രീയം കീഴാളരുടെയും മുസ്‌ലിംകളുടെയും കർതൃത്വ നാശമായി കലാശിക്കാൻ സാധ്യതയുണ്ട്.
എന്നാൽ പകരമായി കോൺഗ്രസിനെ പിന്താങ്ങിക്കൊണ്ടിരിക്കുന്നത് പരിഹാരമല്ലെന്നാണ് ഞാൻ പറയുക. കാരണം, കോൺഗ്രസ് കൂടുതൽ കൂടുതൽ ആർഎസ്എസ്‌വത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മാർക്സിസ്റ്റ് പാർട്ടി എറിപ്പോയാൽ ശിവസേന മോഡലിൽ പ്രാദേശിക ഹിന്ദുവാദികളുടെ ജാതിനേതൃത്വത്തിലേക്ക് മാറുമായിരിക്കും. എന്നാൽ, ഹൈന്ദവവാദത്തെ പാൻ-ഇൻഡ്യൻ സ്വഭാവത്തിലേക്ക് പരിവർത്തിപ്പിച്ചു ഒരു ഫാസിസ്റ്റ് ശക്തിയായി മാറാൻ ഇനി ഇടതുപക്ഷത്തിന് കഴിയില്ല. ഈ യാഥാർഥ്യം നാം ഉൾക്കൊള്ളണം.
കോണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ ഹൈന്ദവവത്കരിച്ചവരാണ്. മാത്രമല്ല അവർ പെട്ടെന്നു തന്നെ തലതിരിഞ്ഞു പോകുന്നവരുമാണ്. അതുകൊണ്ട് തന്നെ കേന്ദ്രത്തിലേക്ക് വീണ്ടും തിരിച്ചു വരാനും ഉത്തരേന്ത്യയിൽ അവരുടെ ബേസ് ഉറപ്പിക്കാനും വേണ്ടിയിട്ടാണ് അവർ കൂടുതൽ സ്വയം ഹൈന്ദവവത്കരിക്കാൻ ശ്രമിക്കുന്നത്. കേരളത്തില്‍ പോലും മുസ്‌ലിം ലീഗിന് ഇപ്പോൾ കൊടുത്ത പരിഗണനയല്ലാതെ പുതിയ മുസ്‌ലിം സംഘടനകളെ കൊണ്ടുവരാൻ അവര്‍ക്ക് സാധിക്കില്ല. ഇനി ഉൾകൊള്ളാന്‍ ശ്രമിച്ചാൽ തന്നെ “തീവ്രവാദി സംഘടനകളെ” നിങ്ങൾ കൊണ്ടുവന്നു എന്നു പറഞ്ഞു കൊണ്ട് ഈ മതേതരവാദികളും ലിബറലുകളും സംഘപരിവാറും ചേർന്ന് അവരെ വീണ്ടും കെണിയിലാക്കും.
ഇടതുപക്ഷത്തിനു ഒരു പ്രതിസന്ധി രൂപപ്പെടാൻ സാധ്യതയുണ്ട് എന്നാണ് ഞാൻ പറയുന്നത്. ഒരു ഘട്ടം കഴിഞ്ഞാൽ കേരളാ കോൺഗ്രസിനെ സ്വീകരിച്ച പോലെ മുസ്‌ലിം ഉള്ളടക്കമുള്ള പുതിയ പ്രസ്ഥാനങ്ങളെ അവര്‍ക്ക് സ്വീകരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ബിജെപിക്കെതിരെ നിൽക്കാൻ ഇടതുപക്ഷത്തിന് പോലും കഴിയാത്ത സ്ഥിതിയാണ് വരാൻ പോകുന്നത്. അതിനെയും മുൻനിർത്തി കൊണ്ടായിരിക്കണം രാഷ്ട്രീയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കാനും നയങ്ങള്‍ കൈക്കൊള്ളാനും ശ്രമിക്കേണ്ടത്.
ഇടതുപക്ഷമാണ് നമ്മുടെ ശത്രുവെന്നു പറയുന്നത് ഒരു പഴയ വാദമാണ്. ഇടതുപക്ഷത്തിന് ഒരു കക്ഷി രാഷ്ട്രീയത്തിന്റെ തലത്തിലുള്ള പ്രാധാന്യമേ കൊടുക്കേണ്ടതുള്ളൂ. അതിലപ്പുറമുള്ള സാംസ്കാരിക-രാഷ്ട്രീയ പ്രശ്നങ്ങളാണ് ഇസ്‌ലാമോഫോബിയയുടെ പേരിൽ നിലനിൽക്കുന്നത്. കോൺഗ്രസാണ് നമ്മുടെ മിത്രം എന്ന് പറയുന്നതിലും കാര്യമില്ല.
ഇത് കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ അവസ്ഥയായിരിക്കില്ല. അതുകൊണ്ട് തന്നെ നേരത്തെ സൂചിപ്പിച്ചതുപോലെ സംവാദ സാധ്യതകളെ തുറന്നിടുന്ന നിലപാടുകളാണ് സ്വീകരിക്കേണ്ടത്. അങ്ങനെ ഒരു സങ്കല്‍പമാണ് കുറച്ചുകൂടെ അയവുള്ളത് എന്ന് തോന്നുന്നു. മറിച്ച് ശാശ്വതമായി ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള നിലപാട് അപകടം ചെയ്യും. സ്ഥായിയായ ഒരു ശത്രു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇല്ലെന്നാണല്ലോ.
ഭരണത്തുടർച്ച മുസ്‌ലിം ലീഗിനെ തളർത്തിയാൽ മുസ്‌ലിം രാഷ്ട്രീയത്തിന്റെ സാധ്യതകൾ പിന്നെ എവിടെയാണ് കിടക്കുന്നത്?
മുസ്‌ലിം ലീഗ് അനുഭവിക്കുന്ന വെല്ലുവിളികള്‍ ഏറെയാണ്. എൽഡിഎഫിന്റെ ഭരണത്തുടർച്ചയോടെ അവരുടെ പ്രാദേശിക അണികൾ കുറേയൊക്കെ മാർക്സിസ്റ്റ് പാർട്ടിയിലേക്ക് പോകും.
അതിൽ ശ്രദ്ധിക്കേണ്ടത്, രാഷ്ട്രീയത്തെ ഏറ്റവും കൂടുതൽ അപ്ഡേറ്റ് ചെയ്യുന്ന ഒരു സമുദായം മുസ്‌ലിംകളാണെന്നതാണ്. ബാബരി മസ്ജിദ് സംഘപരിവാർ തകർത്തത്തിന് ശേഷം, മുസ്‌ലിം ലീഗിനപ്പുറം ഒരുപാട് സാമൂഹിക-രാഷ്ട്രീയ സംഘടനകൾ മുസ്‌ലിം രാഷ്ട്രീയത്തിനുള്ളിൽ രൂപപ്പെട്ടുകഴിഞ്ഞുവെന്നതാണ് വസ്തുത. മുസ്‌ലിം ലീഗ് അത് മനസിലാക്കി സ്വയം മാറാൻ ശ്രമങ്ങള്‍ നടത്തുന്നവരാണ്. മുസ്‌ലിം സ്ത്രീകള്‍ നേതൃത്വം നൽകിയ പൗരത്വ പ്രക്ഷോഭത്തിൽ ഒക്കെ കണ്ടതുപോലെ മുസ്‌ലിം രാഷ്ട്രീയം പുതിയ രാഷ്ട്രീയ വ്യവഹാരത്തിന്റെ സ്വഭാവം ആർജിച്ചിരിക്കുന്നു. നവീനമായ രാഷ്ട്രീയ വ്യവഹാര മേഖലകളെ അഭിമുഖീകരിക്കാൻ എല്ലാ മുസ്‌ലിം പ്രസ്ഥാനങ്ങളും തയ്യാറാവുന്നു എന്നത് പോസിറ്റീവായ കാര്യമാണ്.
പക്ഷേ, മുസ്‌ലിം ലീഗിന്റെ സ്ഥിരത നിലനിൽക്കുന്നത് കോൺഗ്രസുമായി ബന്ധപ്പെട്ടാണ്. ആ കോൺഗ്രസിന് ഇനി അധികാരം കിട്ടുകയെന്നത് ഒരു വിദൂര സാധ്യത മാത്രമാണ്. കേന്ദ്രത്തിൽ അധികാരമുണ്ടായിരുന്നത് കൊണ്ടാണ് കേരളത്തിൽ അവർക്ക് വോട്ടുകൾ കിട്ടിയിരുന്നത്. നായന്മാരെ പോലെത്തന്നെ അവരുടെ മറ്റൊരു പ്രധാന വോട്ടുബാങ്ക് ക്രിസ്ത്യൻ സഭകളായിരുന്നു. അവരുടെ മുൻഗണന കേന്ദ്രത്തിൽ അധികാരമുള്ളവരുമായി യോജിച്ച് സഭയുടെ സ്വത്തുകൾ നിലനിർത്തുകയും ഹിന്ദുത്വ അക്രമങ്ങളിൽ നിന്ന് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. കേന്ദ്രത്തിൽ സ്ഥിരാധികാരമുള്ള ബിജെപിയോടൊപ്പം നിലകൊള്ളുന്നതിലൂടെ ഇതൊക്കെ നടന്നുകിട്ടുമെങ്കിൽ അത് ചെയ്യുക എന്ന ലളിതമായ അജണ്ടയേ അവർക്കുള്ളൂ. അതിനപ്പുറത്തേക്ക് എന്തെങ്കിലും സാമൂഹിക ബോധമോ രാഷ്ട്രീയ ഉത്തരവാദിത്വമോ അവർ പുലർത്താറില്ല.
മറിച്ച്, മുസ്‌ലിംകൾ സാമൂഹിക ഉത്തരവാദിത്വത്തോടൊപ്പം സാമുദായിക ബോധവും കൂടിയുള്ളവരാണ്. അതുകൊണ്ടാണ് സാമൂഹികമായും രാഷ്ട്രീയപരമായും അവർ നിരന്തരം പുതുക്കപ്പെടുന്നത്. മുസ്‌ലിം ലീഗിന് ഈ സാഹചര്യത്തെ പഠിച്ച് നിലപാടെടുക്കാൻ കഴിയേണ്ടതുണ്ട്.
ആർഎസ്എസ് കേരളത്തില്‍ നടത്തുന്ന മുന്നേറ്റം നേരിട്ടു ബാധിക്കുന്നത് മുസ്‌ലിംകളെയാണ്. ഉദാഹരണത്തിന്, ശബരിമലയുടെ പേരിൽ സംഘപരിവാർ ഹർത്താൽ നടത്തിയപ്പോൾ അവർ ആക്രമിച്ചത് മുസ്‌ലിം സ്ഥാപനങ്ങളെയാണ്. മുസ്‌ലിം സംഘടനകള്‍ ശബരിമല വിഷയത്തില്‍ നിശബ്ദരായിരുന്നിട്ട് പോലും അവർ ആക്രമിക്കപ്പെട്ടു എന്നതാണ് പ്രശ്നം. മുസ്‌ലിം സമുദായത്തിന്റെ ഈ ആകുലത നാം മനസിലാക്കേണ്ടതുണ്ട്. പതിനഞ്ചു ശതമാനത്തിലേറെ വോട്ടുകൾ നേടാന്‍ സംഘപരിവാറിന് കഴിയുന്ന സാഹചര്യത്തെ ഗൗരവതരമായി വിലയിരുത്തണം. ഇതിനെതിരെ പുതിയ സോഷ്യല്‍ ഫോർമേഷൻ രൂപപ്പെടുത്താൻ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
പ്രായോഗിക രാഷ്ട്രീയത്തെയും സാംസ്കാരിക വിമർശനങ്ങളെയും ഒന്നായി കാണരുത് എന്നല്ലേ പറഞ്ഞുവരുന്നത്?
സമൂഹത്തിനകത്ത് ഒരുപാട് വ്യക്തികളും വിഷയങ്ങളും കൂടിച്ചേരുന്ന, അവരുടെ അന്തർബോധം ഉൾക്കൊള്ളുന്നതാണ് സാംസ്കാരിക വിമർശനം. പ്രായോഗിക തലത്തിൽ അതല്ലല്ലോ. ഒരു സംഘടന കെട്ടിപ്പടുത്തും അതിൽ വിവിധ ആൾക്കാരുടെ ഇടപെടലുകൾ ഉൾപ്പെടുത്തിയും സംഭവിക്കുന്ന ഒരു പ്രായോഗിക രൂപമാണ് അതിനുള്ളത്. സാംസ്കാരിക വിമർശനങ്ങൾ നമുക്കിടയിൽ ഇളക്കങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തുറവികൾ ഉണ്ടാക്കുന്നുണ്ട്. ആ തുറവികളെ പലരും ഉൾക്കൊള്ളുന്നത് പല ഘടകങ്ങളിലായിരിക്കും.
ഒന്നാമത്തെ കാര്യം, ദലിത് സാംസ്കാരിക വിമർശനത്തെ ഉൾക്കൊള്ളുന്നത് ദലിത് സമുദായം ആവണമെന്നില്ല. ചിലപ്പോൾ മുസ്‌ലിംകളും സവർണരും മാർക്സിസ്റ്റുകളും ഒക്കെ അതുൾക്കൊള്ളുന്നുണ്ടാവാം. വിവിധ പ്രായോഗിക രൂപങ്ങൾ ഇതിനെ സ്വാംശീകരിച്ച് അവരുടേതാക്കും. ഉദാഹരണത്തിന്, ജാതിയെ മറന്ന കേരളത്തിൽ അതിനെ തിരിച്ച് കൊണ്ടുവന്നത് ദലിത്‌വാദികൾ ആണെന്ന് പലരും പറയാറുണ്ട്. പക്ഷേ പേരിടുന്നതിലും പ്രസ്താവനകളിറക്കുന്നതിലും ഒക്കെ സവർണർക്കടക്കം ഇപ്പോൾ സംഘർഷമുണ്ട്. പക്ഷേ ഇവിടെ ദലിത് കർതൃത്വത്തെ ഒരു പ്രത്യേക രീതിയിൽ ഒഴിവാക്കുന്നുണ്ട്. വിമർശനങ്ങൾ സ്വീകരിക്കപ്പെടുമെങ്കിലും അതുന്നയിച്ച കർതൃത്വ മേഖല അവിടെ നിന്ന് അദൃശ്യമാക്കപ്പെടും. അതുകൊണ്ടാണ് സ്വാംശീകരണത്തിന് പ്രശ്നമുണ്ടെന്ന് പറയുന്നത്.
സാമൂഹിക മാധ്യമങ്ങളിലൊക്കെ മുസ്‌ലിംകൾ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈയടുത്തിറങ്ങിയ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഷോർട്ട് ഫിലിമിനെതിരെ ശക്തമായ വിമർശനമാണ് മുസ്‌ലിം യുവരാഷ്ട്രീയം ഉയർത്തിയത്. ഇടതുപക്ഷത്തിനെതിരെ ഗംഭീരമായ കൗണ്ടർ നരേറ്റീവുകളാണ് മുന്നോട്ട് വെച്ചത്. പുകസയുടെ സാംസ്കാരിക ആധിപത്യത്തെ ചെറുക്കുന്ന മറ്റൊരു പ്രതിവ്യവഹാരം ഉയര്‍ന്നു വന്നു. അവർ അതിനുള്ള ഊർജം നേടിയത് ദലിത് രാഷ്ട്രീയ ചിന്ത കഴിഞ്ഞ കാലഘട്ടങ്ങളിൽ ഉന്നയിച്ച സാംസ്കാരിക വിമർശനങ്ങളിൽ നിന്നു കൂടിയാണ്. ഇതൊക്കെ ബൗദ്ധിക പദ്ധതിയില്‍ (intellectual project) മാത്രം ചുരുങ്ങാതെ രാഷ്ട്രീയ മുന്നേറ്റമായി വികസിപ്പിക്കുന്നതിലും കൂടി ശ്രദ്ധപുലർത്തണം. ഭരണസംവിധാനത്തിലുള്ള സ്വാധീനം വികസിപ്പിക്കണം. സോഷ്യല്‍ മൊബിലിറ്റി കൈമോശം വരുത്തരുത്.
രണ്ടാമത്തെ കാര്യം, നമ്മുടേത് സ്വത്വവാദമല്ല. സ്വത്വവാദം ഒരു പരിധിവരെ പരസ്പരം അവിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു സോഷ്യലിസ്റ്റാനന്തര ഘട്ടത്തിലെ സാമൂഹിക സംഘർഷങ്ങൾക്കകത്ത് പുതിയ തരം കർതൃത്വങ്ങൾ എങ്ങനെ ഉണ്ടായി വരുന്നു, അതെങ്ങനെ പുതിയ രാഷ്ട്രീയം പറയുന്നു എന്നുള്ളതാണ് യഥാർഥത്തിൽ നാം പറഞ്ഞുകൊണ്ടിരുന്നത്. മതേതരാനന്തര (postsecular) സമൂഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളാണത്. അതിനെ സ്വത്വവാദമെന്ന് അതിന്റെ എതിരാളികള്‍ വിളിക്കുന്നതാണ്.
സ്വത്വങ്ങളുണ്ടെങ്കിലും, സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല നമ്മുടെ രാഷ്ട്രീയ ബന്ധം വികസിക്കുന്നത്. വിശാലമായ സാഹോദര്യത്തെ കുറിച്ച സങ്കൽപം തന്നെയാണ് നാം പുലർത്തുന്നത്. മർദിതർ പരസ്പരം ഒപ്പംനിൽക്കുന്നവരും നീതിപൂർവമായ വ്യവസ്ഥയ്ക്ക് വേണ്ടി പോരാടുന്നവരുമാണ്. എന്നാൽ ഈ പോരാട്ടങ്ങളൊക്കെയും സ്വത്വ രാഷ്ട്രീയത്തിന്റെ ദൗർബല്യങ്ങളെ കണക്കാക്കാതെ ആവരുത്.
ഈ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ കുഴപ്പം സ്വത്വം പരസ്പരം പങ്കുവെക്കപ്പെടുന്നില്ല എന്നതാണ്. ആശയങ്ങളിലൂടെയേ പങ്കുവെക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ സ്വത്വ രാഷ്ട്രീയത്തിന്റെ മണ്ഡലത്തിലല്ല സാംസ്കാരിക വിമർശനം വന്നത്. അത് വളരെ തെറ്റായ ഒരു വായനയാണ്.
മാർക്സിസവുമായി നമുക്കുണ്ടായിട്ടുള്ള വിച്ഛേദനം ആശയപരമാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയപരമായി അതിനോട് സംവദിക്കാനും ഐക്യപ്പെടാനുമുള്ള സാധ്യതകൾ അവിടെ കിടക്കുന്നുണ്ട്. ഇതിനർഥം അവരുടെ മേധാവിത്വത്തെ അംഗീകരിക്കണമെന്നോ വിമർശനങ്ങൾ ഒഴിവാക്കണമെന്നോ അല്ല.
സമൂഹത്തിന്റെ ഒഴുക്കിലാണ് നാം കേന്ദ്രീകരിക്കേണ്ടത് അല്ലാതെ സ്വത്വത്തിന്റെ നിർണയവാദങ്ങളിലല്ല (fixation). ഇങ്ങനെയാണ് സാംസ്കാരിക വിമർശനവും പ്രായോഗിക രാഷ്ട്രീയവുമായി നാം മുന്നോട്ട് പോവേണ്ടത്. എന്തായാലും കേവല സ്വത്വ രാഷ്ട്രീയം മാറ്റങ്ങൾ സൃഷ്ടിക്കാനോ മുന്നോട്ട് പോകാനോ നമ്മളെ സഹായിക്കുന്നില്ല.
◆