പ്രാദേശിക രാഷ്ട്രീയവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും

സ്വതന്ത്ര പ്രവർത്തനം സാധ്യമാവുന്ന, വനിതാ പ്രാതിനിധ്യം നയപരമായ ഇടപെടലുകളുടെ ഭാഗമാക്കി മാറ്റേണ്ട ഒരു സംവിധാനമാകണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ഗ്രാമസഭകൾ ജനകീയമാവുകയും, ഭരണമെന്നാൽ പദ്ധതി നടത്തിപ്പ് മാത്രമാകാതെ ജനകീയ സമരങ്ങളും പ്രതിരോധങ്ങളും കൂടി ആയിത്തീരണം. ഡോ. എസ്. മുഹമ്മദ് ഇർഷാദ് എഴുതുന്നു.

പഞ്ചായത്ത് ഭരണ സംവിധാനം ഇൻഡ്യാ മഹാരാജ്യത്ത് 1992ൽ തന്നെ തുടങ്ങിയതാണ്. അധികാരത്തെ താഴ്ത്തട്ടിലേക്ക് കൊണ്ടുവരേണ്ടത് ആവശ്യമാണ് എന്ന തിരിച്ചറിവ് വളരെ മുൻപേ തന്നെയുണ്ടായിരുന്നു എന്നു കാണാം. 1993ലെ ‘പഞ്ചായത്തി രാജ് നഗരപാലിക ബില്ലിന്റെ’ അവതരണത്തോടെയാണ് ഇൻഡ്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പ്രധാനം കിട്ടിതുടങ്ങുന്നത്. വികസനം താഴ്ത്തട്ടിലേക്ക് എത്തിച്ചു എന്നതാണ് അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടമായി കാണുന്നത്. ത്രിതല പഞ്ചായത്ത് സംവിധാനമാണ് നമ്മുടെ നാട്ടിലെ പഞ്ചായത്തുകളെ സജീവമാക്കിയത്. അതോടൊപ്പം ഇരുപത്തിയൊൻപതോളം വകുപ്പുകളുടെ നടത്തിപ്പ് പൂർണമായും പഞ്ചായത്തുകളുടെ പരിധിയിലേക്ക് മാറ്റിയതോടെ പഞ്ചായത്തുകൾ ജനങ്ങളുമായി കൂടുതൽ അടുക്കാൻ അഥവാ ജനങ്ങൾ പഞ്ചായത്തുകളെ കൂടുതൽ ആശ്രയിക്കാൻ ഇടവന്നു.

ദരിദ്രരും സർക്കാറിന്റെ പരിമിതമായ വികസന പദ്ധതികളുടെ ഗുണഭോക്താക്കളായ ഒരു വിഭാഗത്തിന് പഞ്ചായത്തുകൾ നിലനിൽപ്പിനുള്ള സ്ഥാപനങ്ങൾ കൂടിയാണ്. അതുകൊണ്ടുതന്നെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രധാനപ്പെട്ട ഒന്നായി തീരുന്നത്. തൊഴിലുറപ്പ്, ഭവന നിർമാണം, ക്ഷേമ പെൻഷനുകൾ എന്നിവയൊക്കെ കേന്ദ്രീകരിച്ചിരിക്കുന്നത് പഞ്ചായത്ത്-നഗരസഭകളിലാണ്. അതിനാൽ തന്നെ പഞ്ചായത്ത്-കോർപറേഷൻ മെമ്പർമാർ ജനജീവിതത്തിൽ മുൻപത്തെക്കാൾ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്.

പ്രാദേശിക അരാഷ്ട്രീയ പാർട്ടികൾക്ക് വലിയ പ്രാധാന്യം കിട്ടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. കിഴക്കമ്പലത്തെ ട്വന്റി-ട്വന്റി തന്നെ ഒരു ഉദാഹരണം. രാഷ്ട്രീയ പാർട്ടികളെ മാറ്റിനിർത്തിക്കൊണ്ട് സ്വകാര്യ വ്യവസായ സംരംഭകർ അവരുടെ തന്നെ മൂലധനത്തിന്റെ സഹായത്തോടെ ഒരു പഞ്ചായത്തിനെ ഭരിക്കുക എന്നത് നിസാരമായ ഒന്നല്ല. ഭരണം എന്നാൽ അധികാരം കൂടിയാണ്. ജനാധിപത്യ വ്യവസ്ഥയിൽ ഇത്തരത്തിൽ രൂപപ്പെടുന്ന അധികാരം രാഷ്ട്രീയത്തെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, ഇത്തരത്തിൽ വിപുലമായ സാധ്യതകൾ മുന്നോട്ടുവെക്കുന്ന ഒരു പശ്ചാത്തലത്തിൽ വേണം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മാനിഫെസ്റ്റോ ചർച്ചചെയ്യേണ്ടത്.

രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേകിച്ച് ഒരു വികസന അജണ്ട വർത്തമാന കാലത്ത് ഇല്ല എന്നതും വിസ്മരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ, കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളുടെ നടത്തിപ്പിനാണ് രാഷ്ട്രീയ പാർട്ടികൾ മുൻഗണന നൽകുന്നത്. അതിനാൽ ഈ തെരഞ്ഞെടുപ്പിലെ മുദ്രാവാക്യവും പരിമിതമാണ്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വികസന നയങ്ങളുടെ ഭാഗമായി നടപ്പിലാക്കാൻ മടിക്കുന്ന പരിസ്ഥിതി സംരക്ഷണം, പ്രാദേശിക തൊഴിലവസരങ്ങളുടെ വിനിയോഗം, തനത് പദ്ധതികൾ നടപ്പിലാക്കൽ എന്നിങ്ങനെ പല സാധ്യതകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. അതിനർഥം വിപുലമായ സാധ്യതകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. എന്നാൽ പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വതന്ത്ര അധികാരം നിഷേധിക്കാറാണ് പതിവ്.

ട്വന്റി-ട്വന്റി ഭക്ഷ്യ സുരക്ഷാ വിപണി

ഭരണഘടന നൽകുന്ന അധികാരം ഉപയോഗിച്ചുകൊണ്ട് ‘വേദാന്ത’ പോലെയുള്ള ഒരു കുത്തക കമ്പനിയുടെ പദ്ധതി തങ്ങളുടെ പ്രദേശത്ത് വേണ്ട എന്ന് ഗ്രാമസഭ പ്രമേയം അവതരിപ്പിച്ച്, പദ്ധതി തന്നെ ഒഴിവാക്കിയ ചരിത്രം ഒഡീഷ പോലെയുള്ള സംസ്ഥാനങ്ങളിലെ ആദിവാസി ഭൂരിപക്ഷ പഞ്ചായത്തുകൾക്കുണ്ട്. എന്നാൽ രാഷ്ട്രീയ സാക്ഷരരായ കേരളത്തിൽ ഇത്തരമൊരു പ്രമേയം അവതരിപ്പിക്കാൻ ഇനിയും സാധ്യമല്ല. പഞ്ചായത്തുകളുടെ അധികാരത്തെ മറികടന്നുകൊണ്ട് പാറ ഖനനത്തിന് അനുമതി നൽകിയതും കേരളത്തിലാണ്. 2016-19ലെ നിയമസഭാ പരിസ്ഥിതി കമ്മിറ്റി, മൂന്നാറിനെ അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്ന് നിർദേശിച്ചിരുന്നു. ഇത്തരത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്രത്തെ നിഷേധിക്കുന്ന നിരവധി ഇടപെടലുകൾ കേരളത്തിൽ നടന്നിട്ടുണ്ട്.

സ്വതന്ത്ര പ്രവർത്തനം സാധ്യമാവുന്ന, വനിതാ പ്രാതിനിധ്യം നയപരമായ ഇടപെടലുകളുടെ ഭാഗമാക്കി മാറ്റേണ്ട ഒരു സംവിധാനമാകണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ഗ്രാമസഭകൾ ജനകീയമാവുകയും, ഭരണമെന്നാൽ പദ്ധതി നടത്തിപ്പ് മാത്രമാകാതെ സമരങ്ങളും പ്രതിരോധങ്ങളും കൂടി ആയിത്തീരണം. താഴ്ത്തട്ടിലെ വികസനമെന്നാൽ അടിസ്ഥാന സമൂഹത്തിനുള്ള ജീവിത സുരക്ഷ കൂടിയാകണം. അല്ലാതെ, ഗുണഭോക്താക്കളെ സൃഷ്ടിക്കലല്ല വികസനം എന്നതായിരിക്കണം മാനിഫെസ്റ്റോ. കൂടാതെ കൃത്യമായ നയപരിപാടികളോ സാമൂഹിക മാറ്റത്തിനുള്ള പ്രത്യയശാസ്ത്ര പിൻബലമോ ഇല്ലാത്ത രാഷ്ട്രീയ പാർട്ടികളെക്കാൾ, പ്രാദേശിക ജനകീയ മുന്നേറ്റങ്ങളെ കൂടി അധികാരത്തിൽ കൊണ്ടുവരാൻ കഴിയുന്ന രാഷ്ട്രീയത്തിനും ഇടമുള്ള പ്രാദേശിക സർക്കാറുകൾ ഉണ്ടാകണം. വർത്തമാന കാലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത്തരം മാറ്റങ്ങൾ അനിവാര്യമാണ്. അല്ലാത്തപക്ഷം പ്രാദേശിക ജനാധിപത്യം എന്നത് അതാത് പ്രദേശത്തെ സാമൂഹിക/ജാതി അധികാര ഘടനയുടെ ഭാഗമായിത്തീരും. അതുകൊണ്ടുതന്നെ, ഇത്തരം പ്രാദേശിക/ഫ്യൂഡൽ/ജാതി/സാമ്പത്തിക അധികാരത്തെ നിഷേധിക്കാനുള്ള മുന്നേറ്റങ്ങൾക്കായിരിക്കണം ഈ തെരഞ്ഞെടുപ്പിലെ വോട്ട്.

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ

Top