ഭാഷാ നാസിസവും ലിംഗ ഭാഷയും

നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്ന പുതിയ ഏറ്റെടുക്കലുകൾ സാധ്യമാക്കുന്ന ഭാഷ തങ്ങളുടേതാണെന്നാണ് ഭാഷാ നാസിസത്തിലൂടെ യൂറോപ്പ് മുന്നോട്ടുവെക്കുന്നത്. ഇത്തരം വിഘടന വാദങ്ങളെ കൊളോണിയൽ കാലഘട്ടത്തിലൂടെ കടന്നുവന്ന ദേശരാഷ്ട്രങ്ങൾ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. സാമ്പത്തിക ചൂഷണങ്ങൾക്കപ്പുറം ഭാഷയെയും വാക്കുകളെയും കൊള്ള ചെയ്യുകയാണ് കൊളോണിയൽ സംസ്കാരം യഥാർഥത്തിൽ ചെയ്തത്. ബാബു എം. ജേക്കബ് എഴുതുന്നു.

ഭാഷയിൽ ലിംഗപരമായ അരികുവത്കരണം സ്ത്രീകൾക്ക് എല്ലാ കാലത്തും നേരിടേണ്ടി വന്നിട്ടുണ്ട്. മലയാള ഭാഷയിൽ മാത്രമല്ല, ലോകത്തെല്ലാ ഭാഷകളിലും അതുണ്ട്. എന്നാൽ സാംസ്കാരിക പൈതൃകമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഭാഷക്കകത്ത് അത്തരം ലിംഗപരമായ അടിച്ചമർത്തലുകൾ കൂടുതലാണ്. സ്ത്രീയെ പുരുഷാധിപത്യം (partriarchy) എങ്ങനെ വാർത്തെടുക്കുന്നുവോ, അതിന്റെ പ്രതിഫലനമെന്ന പോലെ തന്നെയാണ് ഭാഷയിലും സ്ത്രീയെ നിർമിച്ചെടുക്കുന്നത്. അതായത്, ഈ പുരുഷാധിപത്യത്തെ എക്കാലവും നിലനിർത്താൻ അവർ തന്നെ ഉണ്ടാക്കിയ ഭാഷയിൽ, അത്തരം പദപ്രയോഗങ്ങൾ നിലനിർത്തേണ്ടത് പുരുഷാധിപത്യത്തിന്റെ ആവശ്യമാണ്.

ലിംഗ നിർണയത്തിൽ ഭാഷകൾ വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും, ഓരോ ഭാഷ ഗോത്രത്തിലെന്നതിലുപരി ഒരേ ഗോത്രത്തിനകത്തെ ഭാഷകൾ തമ്മിൽ ഭാഷയുടെ കാര്യത്തിൽ ലിംഗ സമീപനത്തിൽ വ്യത്യസ്തത പുലർത്തുന്നുണ്ടന്നും മനസിലാക്കാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, തിരുവനന്തപുരത്തെ ഒരു സ്ത്രീലിംഗ ഭാഷ ചിലപ്പോൾ കോട്ടയത്തോ എറണാകുളത്തോ ‘ജെന്റർ ന്യൂട്രൽ’ ഭാഷയായിരിക്കാം. അതേസമയം, ആ ഭാഷ കണ്ണൂരോ കാസർകോഡോ പുരുഷ ഭാഷയായി മാറിയേക്കാം. ഇവിടെയാണ് ഗോത്രത്തിനകത്തെ ഭാഷകൾ, ഭാഷാ ഗോത്രത്തിൽ നിന്നും വ്യത്യാസം സ്വീകരിക്കുന്നത്.

സ്ത്രീ-പുരുഷ ഭാഷയെന്നതിലുപരി മറ്റുള്ള ജൈവ-അജൈവ ബിംബങ്ങളെ സൂചിപ്പിക്കാൻ, ഇവക്കിടയിൽ ദ്വന്ദ ഭാഷയെക്കാൾ ഒരു പൊതു ഭാഷ രൂപപ്പെട്ടിട്ടുണ്ട്. ദലിതരെയും അവരുടെ വ്യവഹാരങ്ങളെയും അവതരിപ്പിക്കാൻ ഈ ഭാഷക്കുള്ളിലെ സവർണതക്ക് ഐക്യരൂപം കൈവന്നിട്ടുണ്ട്. അവിടെ ലിംഗപരമായ വ്യത്യാസങ്ങൾ അവഗണിക്കപ്പെടുന്നു. ഭാഷാപരമായ രാഷ്ട്രീയ പ്രവർത്തനം എന്നതിലുപരി, ഭാഷ ഗോത്രങ്ങളിൽ ഉണ്ടാക്കിയെടുക്കുന്ന ഗോത്ര-ഭാഷയെയാണ് ഇതു സൂചിപ്പിക്കുന്നത്.

സ്ത്രീ ഭാഷയിലെ പെണ്ണിടങ്ങളിൽ തന്നെ ലിംഗ ഭാഷയുടെ ശ്രേണീകരണം പ്രകടമാണ്. അത് ജാതിയുടെയും നിറത്തിന്റെയും ഭാഷാതിർത്തികളിലും നിലനിൽക്കുന്ന സാഹചര്യമുണ്ട്. ഭാഷക്കുള്ളിലെ ഭാഷകൾ ഒരു ചങ്ങല പോലെ പ്രവർത്തിക്കുന്നതാണ്. ആ ചങ്ങല അനന്തമാണ് (infinite). ഭാഷയിൽ നിലനിൽക്കുന്ന ലിംഗ പദവിയെക്കുറിച്ച് ആഗോള പഠനങ്ങളിൽ പോലും കേന്ദ്രീകൃത സ്വഭാവം ഉണ്ടാക്കിയെടുക്കപ്പെട്ടിട്ടില്ല. ലിംഗ പദവി നിർണയത്തിൽ ഭാഷ വഹിക്കുന്ന പങ്കിനെ ഇത്തരത്തിൽ പഠന വിധേയമാക്കേണ്ടതുണ്ട്. കന്യക, വേശ്യ, പതിവ്രത തുടങ്ങിയ പദങ്ങളുടെ ചർച്ചകൾ മാത്രമാണ് ഭാഷയുടെ ലിംഗ പദവിയിൽ നിലവിലുള്ളത്. ഭാഷയുടെ ലിംഗ പദവിയെ സംബന്ധിച്ച് മലയാളത്തിൽ ഉണ്ടായിട്ടുള്ള പഠനങ്ങൾ എത്രമാത്രം സാധ്യതകളെ തുറന്നിട്ടുവെന്നതിലും സംശയമുണ്ട്.

സഹനത്തിന്റെ പ്രതീകമായ ഭൂമി ദേവിയും കടലമ്മയുമെല്ലാം അങ്ങനെയാണ് ഉണ്ടാകുന്നത്. എന്നാൽ, ഇവിടെ ഭാഷയുടെ പരിണാമത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതിരിക്കുകയും, ലിംഗപരമായ ഭാഷ ശക്തമാവുകയും ചെയ്യുന്നുണ്ട്. സ്വതന്ത്രമായ ഒരു ഭാഷ ഉണ്ടാവുകയോ ഉണ്ടാക്കപ്പെടുകയോ ചെയ്യുന്നില്ല. സൂക്ഷ്മാർഥത്തിൽ, രാഷ്ട്രീയ ശരികൾ പാലിച്ചു ജീവിക്കുന്നവർക്ക് പോലും ഇത്തരം ന്യൂട്രൽ പദങ്ങളിൽ എല്ലായ്പ്പോഴും  ജീവിക്കാൻ സാധിക്കാറില്ല. എല്ലാ മേഖലകളിലും ഇത്തരം ഭാഷാ ലിംഗത്തെ കാണാവുന്നതാണ്. തൊഴിലിലും ഭക്ഷണത്തിലും പദാർഥങ്ങളിലുമെല്ലാം ഈ ലിംഗ ഭാഷ കാണാവുന്നതാണ്. പൊതു ഭാഷയിൽ മറ്റു ജീവികളിലേക്കും ആ ലിംഗ ഭാഷ കടന്നുവരുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഭാഷയുടെ ഈ ലിംഗ വിവേചനവും വ്യത്യാസവും കൈമാറ്റം ചെയ്യപ്പെടുകയാണ്. കൂടുതൽ തീവ്രമായി ഒരേ വ്യവസ്ഥയുടെ തന്നെ വ്യത്യസ്ത തലങ്ങളിലേക്ക് ജാതി കൈമാറുന്നത് പോലെ തന്നെ ഭാഷയും കൈമാറ്റം ചെയ്യപ്പെടുകയാണ്. ഇതിനൊരു അപവാദം കേരളത്തിന്റെ സാഹചര്യത്തിൽ കുടിയേറ്റമാണ്. ഭാഷയുടെ രൂപപ്പെടലിനു കുടിയേറ്റം പ്രധാന പങ്കുവഹിച്ചട്ടുണ്ട്. എന്നാൽ, ആ ‘ഭാഷാ കുടിയേറ്റത്തെ’ എത്രനാൾ നിലനിർത്തുന്നു എന്നതോ, അതിലെ മെച്ചപ്പെട്ട അവസ്ഥകളെ, ഭാഷയിലേക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നോ ഇവിടുത്തെ ഏജൻസികൾ ചിന്തിക്കുന്നില്ല. ജാതി എങ്ങനെ ഇൻഡ്യൻ സാഹചര്യത്തിൽ നിലനിർത്തേണ്ടതുണ്ടോ അതെ സാഹചര്യത്തിൽ തന്നെ നിലനിർത്തേണ്ടതാണ് ഈ ഭാഷയുടെ ഈ ലിംഗ വ്യത്യാസത്തെ എന്നും ഇതിലൂടെ വായിക്കാവുന്നതാണ്.

ഭാഷക്ക് സ്ഥിരമായ ഒരു സ്വാഭാവമില്ലെന്നു നമുക്ക് പറയാം. വ്യത്യസ്ത സ്വതങ്ങൾക്കും ജാതികൾക്കും ലിംഗങ്ങൾക്കും ഉപരിയായി ഓരോ മനുഷ്യനും ഓരോ ഭാഷയാണ്. ഭാഷയുടെ ഈ സ്ഥിരതയില്ലായ്മ തന്നെയാണ് അതിന്റെ ലിംഗ സ്വത്വത്തെ പുനർവായിക്കേണ്ടതിന്റെ ആവശ്യകത. ഭാഷക്ക് സ്ഥിരതയില്ലാതിരിക്കുന്നത് അതിന്റെ മനോഹാരിതയായും വായിക്കപ്പെടണം. ഓരോ ഭാഷാ ഗ്രാമത്തിലും, ഒരേ സംസാരത്തിന്റെ തന്നെ വ്യത്യസ്ത തലങ്ങളിലും ഭാഷയുടെ ലിംഗ സ്വത്വത്തെ കണ്ടെത്താൻ കഴിഞ്ഞേക്കും. ഫെമിനിസം ഉണ്ടാക്കിയെടുത്ത ഒരു ഭാഷയുണ്ട്. അത് ലിംഗ ഭാഷയിലെ മറ്റൊരു വൈവിധ്യമാണ്. അത് സ്ത്രീലിംഗ ഭാഷയായി കാണാവുന്ന ഒന്നല്ലെന്നുള്ള പ്രശ്നവും നിലവിലുണ്ട്.

എമിലി സോള

സ്ത്രീപക്ഷ നിഘണ്ടുശാസ്ത്രം (feminist lexicography) ഒരു സോഷ്യൽ എഞ്ചിനിയറിങിന്റെ ഭാഗമായി രൂപപ്പെട്ടു വരേണ്ടതാണ്. അതിലെ പ്രതലങ്ങൾ ഭാഷാ ഗോത്രത്തിൽ നിന്നും ഗോത്രത്തിനകത്തെ ഭാഷയിൽ നിന്നും വ്യത്യസ്തമാണ്. വൈരുദ്ധ്യങ്ങളുടെ കൂമ്പാരമാകും അതെങ്കിലും, അത്തരമൊരു സാധുതയെ തള്ളിക്കളയാൻ സാധിക്കില്ല. നിഘണ്ടു പഠനം ഒരു പ്രധാന പഠന മേഖലയായി വികസിക്കേണ്ടതുണ്ട്. അത് സാമൂഹിക നയതന്ത്രത്തെ രൂപപ്പെടുത്തുകയും, അത്തരം സോഷ്യൽ എഞ്ചിനിയറിങ്ങുകൾ കാലാന്തരത്തിൽ തങ്ങൾക്കനുകൂലമായ ഒരു ഭാഷ എന്നതിലേക്ക് രൂപപ്പെട്ടില്ലെങ്കിലും, ഭാഷയിലെ ലിംഗ പദവി മെച്ചപ്പെടുത്താൻ സാധിക്കുമെന്നതിൽ സംശയം ഉണ്ടാവില്ല.

ജോലിയിലെ ഭാഷയും അതിന്റെ ലിംഗ പദവിയുമെല്ലാം ചിലയിടങ്ങളിൽ ചർച്ചയായിട്ടുണ്ടെങ്കിൽ തന്നെയും, അത്തരം ഭാഷ ലിംഗങ്ങൾ  കടന്നുവരുന്നത് എവിടെ നിന്ന് എന്നോ, അതിന്റെ വർഗ വ്യവസ്ഥ (class structure), ന്യൂനപക്ഷങ്ങളുടെ ഭാഷാ-ലിംഗ  പദവി എന്നിവയെ പറ്റിയൊന്നും കാര്യമായ പരാമർശങ്ങൾ നടക്കുന്നില്ല. തൊഴിലിന്റെ വർഗത്തിനനുസരിച്ച് (class) തരംതിരിച്ച് ജാതീയതയെ നിലനിർത്തുന്നതിൽ ഈ ഭാഷയിലെ സവർണത കൃത്യമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് നമുക്കറിയാമെങ്കിലും, അത്തരം ഭാഷാ മാറ്റങ്ങളോട് എതിരല്ലെങ്കിലും ആ സിസ്റ്റത്തോട് യോജിച്ചുപോകാൻ ഭാഷാ പണ്ഡിതർക്ക് പോലും സാധിക്കുന്നില്ല.

ശബ്ദതാരാവലിയിൽ നിന്ന് മലയാളത്തിന് മുന്നോട്ടു പോകാൻ സാധിച്ചിട്ടില്ല. ശബ്ദതാരാവലിക്കു ശേഷം എന്തെന്ന് ചിന്തിക്കാനുള്ള ബോധം പോലും ഭാഷാ പണ്ഡിതർ ഇതിൽ കാണിക്കുന്നില്ല. അത്തരം ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ, അതിൽ സജീവമായി ഇടപെട്ടിരുന്നെങ്കിൽ ജോലിയിലെ ഭാഷാ ലിംഗത്വത്തിലും, ജാതി ഭാഷാ ലിംഗത്വത്തിലുമെല്ലാം കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു.

സുമംഗലയുടെ ‘പച്ച മലയാള നിഘണ്ടു’ ഇതിനിടയിൽ ഒരു പരീക്ഷണമായി പറയേണ്ടതാണ്. പച്ച മലയാളത്തിന്റെ വക്താക്കൾ സത്യത്തിൽ അവരുടെ ഭാഷാ ലിംഗ/ജാതി/സ്റ്റാറ്റസ് നോക്കിയാൽ അവർ ആരുടെ ആവശ്യമായിരുന്നു നടപ്പിലാക്കിയതെന്ന് മനസ്സിലാക്കാൻ സാധിക്കും. മണിപ്രവാളവും, പാട്ടു പ്രസ്ഥാനവും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഭാഷയിലേക്കാണ് നിങ്ങൾ ഈ ഭാഷയുടെ ലിംഗ സ്വഭാവവും കൊണ്ടുവരുന്നത് എന്നു പ്രത്യേകം പറയേണ്ടതുണ്ട്. തമ്പുരാൻ ഭാഷയായ മലയാളത്തിനെ ശ്രേഷ്ഠ ഭാഷയായി അവതരിപ്പിക്കുന്നതും ആകസ്മികമല്ല. സി.പി അച്യുതമേനോനും, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും തമ്മിലുള്ള ഭാഷാപരമായ യുദ്ധത്തിലാണ് പുതിയൊരു പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നത്. തമ്പുരാൻ ഭാഷയായ മലയാളത്തെ ന്യൂട്രൽ ഭാഷയാക്കി പ്രതിഷ്ഠിയ്ക്കുകയും പിന്നീട് അതിനെ തന്നെ ശ്രേഷ്ഠ ഭാഷയായി അവതരിപ്പിയ്ക്കുന്നതും അതിനാൽ തന്നെ ആകസ്മികമല്ല.

ഭാഷ കലാപങ്ങളുടേത് കൂടിയാണ്. അതിന്റെ ചരിത്രപരമായ ആവശ്യങ്ങളെയും, കലാപത്തിന്റെ കാരണമാകുന്ന ഭാഷയെയും, അതിലേക്ക് നയിക്കുന്ന ഭാഷയും, അതിന്റെ വഴി (Root) പരിശോധിക്കുകയും ചെയ്യേണ്ടതാണ്. ഹിന്ദു ഭാഷയെ സവർണ ഭാഷയായി അവതരിപ്പിക്കുകയും, അതിനെ ശ്രേഷ്ഠമാക്കി സ്ഥാപിക്കുകയും ചെയ്യുന്നത് ഇത്തരം ‘റൂട്ട് ലെവൽ പ്രോസസിങിന്റെ’ ഭാഗമായാണ്.

ഭാഷയുടെ ചരിത്രമെന്നത് കലാപങ്ങളുടെയും കൂടി ചരിത്രമാണ്. ഭാഷ ഉപയോഗിക്കാൻ സാധിച്ചിരുന്നവരും ഉപയോഗിക്കാൻ പരിമിതികളോടെ കഴിഞ്ഞിരുന്നവരും, അതേസമയം ഒരു ലിംഗ സ്വത്വത്തോട് പ്രത്യേക ഭാഷ സംസാരിക്കുകയും ചെയ്തു വന്നിരുന്ന അവസ്ഥ ഇവിടെ ഉണ്ടായിരുന്നു.  സവർണ പുരുഷ വിഭാഗത്തിനു മാത്രം ഉപയോഗിക്കുന്നതിനും പ്രയോഗിക്കുന്നതിനുമായി രൂപപ്പെടുത്തുകയും അതിൽ അഭിമാനിക്കുകയും ചെയ്തിരുന്ന ഭാഷയുടെ പേരിൽ പിന്നീട് കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. ഭാഷയെ പലപ്പോഴും പല ദേശങ്ങളിലും ഒരു പ്രത്യേക വിഭാഗത്തിന്റെ കുത്തകയാക്കി വെച്ചിരിക്കുന്നത് നമുക്കു ചരിത്രത്തിൽ ധാരാളം കാണാൻ കഴിയും. അതായത് ഭാഷ എന്നത് കൈവശമാക്കി വെക്കാൻ സാധിക്കുന്ന ഒന്നാണെന്നും, അതിന്റെ നവീകരണം സാധ്യമല്ലെന്നും, അതിനു ശ്രമിച്ചാൽ കലാപത്തിൽ കലാശിക്കുമെന്നും മനസ്സിലാക്കാം.

നവ വിമർശനമെന്നത് ഒരു ശാഖയായി ഭാഷയിൽ രൂപപ്പെടുന്നത് 1944ൽ പുറത്തിറങ്ങിയ ജോൺ ക്രോ റാൻസമിന്റെ ‘ദ് ന്യൂ ക്രിട്ടിസിസം’ എന്ന കൃതിയുടെ വരവോടെയാണ്. ടി.എസ് എലിയറ്റ്, റിച്ചാർഡ്‌സ്, റാൻസം തുടങ്ങിയവരിലൂടെയാണ് ഈ നവ വിമർശനമെന്ന പ്രസ്ഥാനം വളർന്നു വരുന്നത്. എന്നാൽ, തങ്ങളുടെ ഭാഷയാണ് ലോകത്തിലെ ഏറ്റവും പരിഷ്കൃതമായ ഭാഷ എന്നും, അതുകൊണ്ടാണ് ലോകം മുഴുവൻ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതെന്നും, ഒരു ഭാഷാ നാസിസം യൂറോപ്യൻ ഭാഷാ വിദഗ്ധർ മുന്നോട്ടു വെക്കുന്നതുമായി നമുക്കു കാണാൻ സാധിക്കും.

നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്ന പുതിയ ഏറ്റെടുക്കലുകൾ (adoption) സാധ്യമാക്കുന്ന ഭാഷ തങ്ങളുടേതാണെന്നാണ് ഇവർ ഭാഷാ നാസിസത്തിലൂടെ മുന്നോട്ടു വെക്കുന്നത്. യൂറോപ്യൻമാരുടെ ഇത്തരം വിഘടന വാദങ്ങളെ കൊളോണിയൽ കാലഘട്ടത്തിലൂടെ കടന്നുവന്ന ദേശരാഷ്ട്രങ്ങൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നത് വളരെ കാര്യമായി ചിന്തിക്കേണ്ട വസ്തുതയാണ്. സാമ്പത്തിക ചൂഷണങ്ങൾക്കപ്പുറം ഭാഷയെയും വാക്കുകളെയും കൊള്ള ചെയ്യുകയാണ് കൊളോണിയൽ സംസ്കാരം യഥാർഥത്തിൽ ചെയ്തിട്ടുള്ളത്.

അത്തരം കൊള്ളകൾ നടത്തിയതിനു ശേഷം, ആ ഭാഷകളെ ഇല്ലായ്മ ചെയ്യാനും, അത്തരം പ്രയോഗങ്ങളെ നിയമം മൂലം കൊളോണിയൽ കാലഘട്ടങ്ങളിൽ നിരോധിക്കാനുമുള്ള തീരുമാനങ്ങൾ ഇവർ എടുത്തിട്ടുണ്ട്. നാസിസം മുന്നോട്ടു വെച്ച ‘പ്രായോഗികതയെ’ ലോകത്തുള്ള എല്ലാ ജനവിഭാഗങ്ങളിലെയും സവർണരും, ഇൻഡ്യൻ രാഷ്ട്രീയ കാലഘട്ടത്തിലെ സവർണരും, ആര്യ ബോധ്യം കൊണ്ടുനടക്കുന്നവരും, അവർണതക്കിടയിലെ സവർണതയെയും ഉൾക്കൊണ്ടിട്ടുണ്ട് എന്ന് ലിംഗപരമായ ഭാഷാ ശാസ്ത്രത്തിൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാക്കാൻ സാധിക്കും.

ബാൽസാക്ക്, എമിലി സോള, ഫ്‌ളോബർ എന്നിവരും ഭാഷയിലെ ലിംഗ സ്വത്വത്തെ തന്നെ ‘റിയലിസത്തിന്റെ’ അധിക വായനയിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തി, അതിനെ മറ്റൊരു തലത്തിൽ എത്തിച്ചു. എന്നാൽ ലിംഗ ഭാഷക്ക് ഇതുകൊണ്ട് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇൻഡ്യൻ സാഹചര്യത്തിലേക്ക് വന്നാൽ ദലിത് ഭാഷയിൽ മറ്റൊരു ശാഖ തന്നെ രൂപംകൊള്ളുന്നത് കാണാം. അത് ദലിതരുടെ നേർക്കാഴ്ചയായിരുന്നു. ദലിത് സാഹിത്യം സ്വത്വപരമായ ലിംഗ ഭാഷ എന്നതിലുപരി, വാമൊഴി ഭാഷയെ അടയാളപ്പെടുത്തുക എന്ന കാഴ്ചപ്പാടിലേക്ക് വളർന്നു. സവർണ ഹിന്ദു പൊതുബോധത്തിനപ്പുറം ഭാഷ ദലിത് ലിംഗത്തെയും രേഖപ്പെടുത്തിയിട്ടുണ്ട്. 1958ൽ നടന്ന സമ്മേളനത്തിലാണ് ‘ദലിത്’ എന്ന പ്രയോഗം വരുന്നത്. ദലിതരാൽ എഴുതപ്പെടുന്നതോ, ദലിതരെക്കുറിച്ച് മറ്റുള്ളവർ എഴുതുന്നതോ ആയ ‘മറാഠി സാഹിത്യം’, ദലിത് സാഹിത്യം എന്ന സവിശേഷ നാമത്തിൽ അറിയപ്പെടണമെന്ന് തീരുമാനിക്കുകയും, ദലിത് ഭാഷയുടെ സാംസ്‌കാരിക പ്രാധാന്യം മനസ്സിലാക്കി സർവകലാശാലകളും സാഹിത്യ സംഘടനകളും അതിനെ പ്രാധാന്യത്തോടെ കാണണമെന്നും, അംബേഡ്കറിസത്തോടൊപ്പം മാർക്‌സിസത്തിന്റെയും അടിത്തറയിൽ നിന്നുവേണം ദലിത് സാഹിത്യ രചന രൂപം പ്രാപിക്കേണ്ടതെന്നുമുള്ള ഒരു ചട്ടക്കൂട് ആദ്യ ദലിത് സാഹിത്യ സമ്മേളനത്തിൽ ഉരുത്തിരിഞ്ഞു വന്നിരുന്നു.

സാറാ ജോസഫ്

ഇതൊരു അജണ്ടയായി മുന്നോട്ടു വെക്കുമ്പോഴുള്ള പ്രശ്നം ഭാഷയിലെ യാഥാർഥ്യങ്ങൾ തമസ്കരിക്കപ്പെടുന്നു എന്നതാണ്. 1970കളുടെ തുടക്കത്തിൽ ‘ദലിത് പാന്തേഴ്‌സ്’ എന്ന പ്രസ്ഥാനത്തിന്റെ പിറവി, ദലിത് ഭാഷാ സാഹിത്യത്തിന് നൽകിയ സംഭാവനകൾ ഇതിന്റെ തുടർച്ചയാണ്. എഴുത്തുകളുടെ, സാഹിത്യത്തിന്റെ കേന്ദ്രീകരണം സവർണതയിലാണ്. ജാതി ശതമാന കണക്കുകളിൽ സവർണ വിഭാഗത്തിന്റെ പ്രാധാന്യം കുറവായിട്ടും ദലിത് ഭാഷാ വികസനത്തിന് കാര്യമായ മുന്നേറ്റം ഇൻഡ്യൻ ഭാഷകളിൽ സംഭവിച്ചിട്ടില്ലെന്ന് പറയാവുന്നതാണ്. സാഹിത്യത്തിന്റെ മുന്നേറ്റവും വർഗങ്ങളിൽ (social class) അന്തർലീനമാണ്. ആത്മകഥകൾക്കപ്പുറം ദലിത് ജീവിത കഥാ പരിസരങ്ങൾ ദലിതരാൽ രൂപപ്പെട്ടു വരുന്ന അവസ്ഥ, ഇവിടുത്തെ സാഹിത്യ സംഭാവനകളുടെ മുഖ്യധാരയിൽ നിന്ന് ഒതുക്കപ്പെട്ടുകിടക്കുന്ന ഒന്നാണ്. ഭാഷയുടെ സവർണത വളരെ സ്ഥാപനവത്കൃതമായും പ്രവർത്തിക്കുന്നുണ്ട്. അതിൽ തന്നെ ലിംഗ സ്വത്വം പിന്നെയും അരികുവത്കരിക്കപ്പെടും.

അറബി-മലയാള സാഹിത്യം പോലുള്ള സങ്കര ഭാഷാ (bi -lingual ) രൂപീകരണത്തിലും ഭാഷയുടെ ലിംഗ സ്വഭാവത്തിന് മാറ്റമൊന്നും ഉണ്ടാകുന്നില്ല. ലിംഗ ഭാഷ അശ്ലീല സാഹിത്യത്തിലാണ് പിന്നെയും അതിന്റെ ജെൻഡറിനെ അത്രമേൽ പൂർണമായി ഉയർത്തിക്കാണിക്കാൻ ശ്രമിച്ചിട്ടുള്ളൂ. എന്നാൽ, ഇതിനെ ഒരു ഭാഷാ സാഹിത്യമെന്ന രീതിയിൽ ഉയർത്തിക്കൊണ്ടു വരാൻ ശ്രമങ്ങൾ നടക്കുന്നില്ലെന്ന് മാത്രമല്ല, അതിനെ അടിച്ചമർത്തുന്ന പ്രയോഗങ്ങളാണ് നടക്കുന്നത്. മലയാളത്തിൽ ഒരു പ്രസ്ഥാനമായി തന്നെ മാറിയ പെണ്മലയാള പ്രസ്ഥാനം, വേശ്യകളുടെ ചന്ദ്രോത്സവത്തെ വാഴ്ത്തി, ദേവദാസികളുടെ ഉന്മത്തത്തിന്റെ ഉത്സവങ്ങളെ കുറിച്ചിട്ടു. ഇന്ന് ആ പ്രസ്ഥാനം തന്നെ ഇല്ലാതായി. സാറാ ജോസഫ്, സിസ്റ്റർ മേരി, സുഗതകുമാരി, കമലാ സുരയ്യ തുടങ്ങിയവരുടെ പെണ്ണെഴുത്തുകളെയും ഇതിനോട് കൂട്ടി വായിക്കാം. പെണ്ണെഴുത്ത് പെണ്ണുങ്ങൾ എഴുതുന്ന ഒന്നായിരിക്കണമോ, അതോ സ്ത്രീപക്ഷമായ എഴുത്തുകൾ എല്ലാം പെണ്ണെഴുത്തുകളാണോ എന്നിങ്ങനെയുള്ള ചർച്ചകളാണ് ഇതിൽ നടക്കുന്നത്. എന്നാൽ, പെണ്ണെഴുത്തിൽ തന്നെയുള്ള ഭാഷ പഠിച്ചാൽ അതിൽ സ്ത്രീ ഭാഷാ ലിംഗത്തെ കാണാൻ കഴിയില്ല. നിലവിലുള്ള ഭാഷയുടെ മറ്റൊരു പതിപ്പായി മാത്രമേ പെണ്ണെഴുത്തുകളെ കാണാൻ സാധിക്കുകയുള്ളൂ. കാഴ്ചയുടെ പ്രതലം മാറുന്നുണ്ടെങ്കിലും ഭാഷയുടെ പ്രതലം മാറുന്നേയില്ല.

  • Systems of Gender Assignment:- https://wals.info/chapter/322)
  • മലയാള നിഘണ്ടുക്കളിലെ സ്ത്രീ പ്രതിനിധാനം: അന്തർഭാഷാ ശാസ്ത്ര പഠനം:- സക്കീന മീനടത്തൂർ, പിഎച്ച്ഡി പ്രബന്ധം  
  • കേരളഭാഷയുടെ വികസന പരിണാമങ്ങൾ, കുഞ്ഞൻപിള്ള ഇളംകുളം, 1984, സാഹിത്യ പ്രവർത്തക സഹകരണ സംഘം
Top