ജെഎൻയു സമരം: ഒരു കീഴാള വായന

മണ്ഡലാനന്തര ഇൻഡ്യൻ സാഹചര്യത്തിൽ മുസ്‌ലിം ദലിത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ഒന്നാം തലമുറ വിദ്യാർഥികൾ കേന്ദ്ര സർവകലാശാലകളിലേക്ക് കടന്നുചെന്ന് അക്കാദമിക ഇടങ്ങളിലെ ദൃശ്യതയ്ക്കായി സംസാരിച്ചു തുടങ്ങുമ്പോൾ പ്രതിസന്ധിയിലാകുന്നത് സവർണ മേൽക്കോയ്മയാണ്. നിലനിൽക്കുന്ന ഈ അധീശത്വത്തെ സംരക്ഷിക്കാനും കീഴാള ന്യൂനപക്ഷ വിദ്യാർഥികളെ കാമ്പസിൽ നിന്നും ആട്ടിപ്പായിക്കാനുമുള്ള നടപടികളുടെ തുടർച്ചയാണ് ജെഎൻയുവിലെ പുതിയ ഹോസ്റ്റൽ ഫീ പരിഷ്‌ക്കാരങ്ങൾ. ബാസിൽ ഇസ്‌ലാം എഴുതുന്നു.

രാജ്യത്തെ ദേശീയ ആഖ്യാനങ്ങൾക്ക് ശക്തമായ ഒരു തിരുത്തായി നിലനിൽക്കുന്ന വൈജ്ഞാനിക ഇടമെന്ന നിലയിൽ ജെഎൻയു വാഴ്ത്തപ്പെട്ടിട്ട് അധിക കാലമായിട്ടില്ല. ദേശീയതയെയും ദേശരാഷ്ട്രത്തെയും വിമർശനാത്മകമായി സമീപിക്കാൻ ഇൻഡ്യയിലെ വിദ്യാർഥി പ്രതിപക്ഷത്തിന് ആത്മവിശ്വാസം പകർന്നത് ജെഎൻയുവിലെ ബഹുജൻ പ്രതിനിധാനങ്ങൾ ഉയർത്തിയ ശക്തവും കൃത്യവുമായ ചോദ്യങ്ങളാണ്. ഈ പ്രതിശബ്ദങ്ങൾ കാമ്പസിലെ ഇടതു രക്ഷാകർതൃത്വത്തെ ഭേദിച്ചുകൊണ്ട് ബപ്സ, എസ്ഐഒ, എംഎസ്എഫ്, കാമ്പസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ നവരാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെ മുഖ്യധാരയിൽ ഇടം കണ്ടെത്തുകയും ഏറെ വികസിക്കുകയും ചെയ്തിട്ടുണ്ട്. 

ഇത്തരത്തിൽ കാമ്പസിലെ രാഷ്ട്രീയ അന്തരീക്ഷത്തെ മനസിലാക്കുമ്പോൾ, ഹോസ്റ്റൽ ഫീസ് നിരക്ക് കുത്തനെ വർധിപ്പിച്ചുകൊണ്ട് ജെഎൻയുവിൽ നടപ്പാക്കാൻ ശ്രമിക്കുന്ന പുതിയ ഹോസ്റ്റൽ മാന്വലിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തെ കേവലം വിദ്യാഭ്യാസ സ്വകാര്യവൽക്കരണതിനെതിരായ പ്രതിഷേധം മാത്രമായി ചുരുക്കുന്നതിൽ പ്രശ്നമുണ്ടെന്നാണ് തോന്നുന്നത്. സർവകലാശാലയുടെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിലും അധ്യാപക നിയമനത്തിലും പ്രശ്നവൽക്കരിക്കേണ്ടതായ ധാരാളം കാര്യങ്ങളുണ്ട്.

ഒരൊറ്റ ഓബിസി പ്രൊഫസർ പോലും ഇപ്പോഴും ജെഎൻയുവിലില്ല. എസ്.സി, എസ്.റ്റി വിഭാഗങ്ങളിൽ നിന്നും അഡ്മിഷൻ നേടുന്നവരുടെ എണ്ണം തുലോം കുറവാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന 48മത് ജെഎൻയു വാർഷിക റിപ്പോർട്ട് പ്രകാരം കാമ്പസിലെ എസ്.റ്റി വിദ്യാർഥികളുടെ എണ്ണം 611ലേക്ക് ചുരുങ്ങിയിരിക്കുകയാണ്. നിലവിൽ ജെഎൻയുവിലെ മുസ്‌ലിം വിദ്യാർഥികളുടെ പ്രാതിനിധ്യവും വളരെ കുറവാണ്.

അറബി, പേർഷ്യൻ, ഉർദു പഠന വിഭാഗങ്ങൾ ഒഴിച്ചുനിർത്തിയാൽ ശാസ്ത്ര, മാനവിക വിഭാഗങ്ങളിൽ അഡ്മിഷൻ നേടുന്ന മുസ്‌ലിം വിദ്യാർഥികൾ വിരളമാണ്. ജെഎൻയു പ്രവേശന പരീക്ഷയിൽ മുസ്‌ലിം വിദ്യാർഥികൾക്ക് ഡിപ്രിവിയേഷൻ പോയന്റ് (പിന്നാക്ക വിഭാഗങ്ങൾക്കുള്ള അധിക മാർക്ക്) നൽകണമെന്നുള്ള ആവശ്യം കാലങ്ങളായി ഉള്ളതാണ്. വിദ്യാർഥിനികൾക്കും പിന്നാക്ക പ്രദേശങ്ങളിൽ നിന്നുള്ള വിദ്യർഥികൾക്കും ഈയൊരു ആനുകൂല്യം നിലവിലുള്ളതാണ്. എന്നിട്ടും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ കടന്നുവരവിന് മുതൽക്കൂട്ടാവുന്ന ഇത്തരം ആവശ്യങ്ങളെ വ്യവസ്ഥാപിതമായി അവഗണിച്ചുകൊണ്ട് വൈജ്ഞാനിക അഗ്രഹാരങ്ങളുടെ അടിത്തറ ഭദ്രമാക്കുകയാണ് ബിജെപി നോമിനിയായ വൈസ് ചാൻസലർ ജഗദീഷ് കുമാറിന്റെ നേതൃത്വത്തിലുളള അഡ്മിനിസ്ട്രേഷൻ. ഈയൊരു പ്രാതിനിധ്യ അനീതിയെ കൂടുതൽ ആഴമുള്ളതാക്കുന്നതാണ് ഇപ്പോൾ സർവകലാശാലയിൽ നടപ്പാക്കാൻ പോകുന്ന ഹോസ്റ്റൽ ഫീസ് വർദ്ധനവ് സംബന്ധിച്ച പുതിയ മാന്വൽ.

മണ്ഡലാനന്തര ഇൻഡ്യൻ സാഹചര്യത്തിൽ മുസ്‌ലിം ദലിത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ഒന്നാം തലമുറ വിദ്യാർഥികൾ കേന്ദ്ര സർവകലാശാലകളിലേക്ക് കടന്നുചെന്ന് അക്കാദമിക ഇടങ്ങളിലെ ദൃശ്യതയ്ക്കായി സംസാരിച്ചു തുടങ്ങുമ്പോൾ പ്രതിസന്ധിയിലാകുന്നത് സവർണ മേൽക്കോയ്മയാണ്. നിലനിൽക്കുന്ന ഈ അധീശത്വത്തെ സംരക്ഷിക്കാനും കീഴാള ന്യൂനപക്ഷ വിദ്യാർഥികളെ കാമ്പസിൽ നിന്നും ആട്ടിപ്പായിക്കാനുമുള്ള നടപടികളുടെ തുടർച്ചയാണ് പുതിയ ഹോസ്റ്റൽ ഫീ പരിഷ്‌ക്കാരങ്ങൾ. നിലവിൽ ഒരു വർഷത്തേക്ക് 32,000 രൂപയ്ക്ക് താഴെ മാത്രം വരുന്ന ഹോസ്റ്റൽ, മെസ്സ് ഫീസ് നിരക്കുകൾ ഇതോടെ 61,000 രൂപയിലധികമാവുകയാണ്. അതിൽ തന്നെ പല നിരക്കുകളും നേരത്തെ ഇല്ലാത്തതുമാണ്. ഈ മാന്വൽ നടപ്പിലാകുന്നതോടെ സർവീസ് ചാർജ്ജ് വകയിൽ 20,400 രൂപയും റൂം വാടകയിനത്തിൽ ഏകദേശം 6,960 രൂപയും മെസ്സ് ഫീസായി 6,500 രൂപയും കറന്റിനും വെള്ളത്തിനും 6,000 രൂപയും അധികമായി വിദ്യാർഥികൾ അടയ്ക്കേണ്ടി വരും.

സർവകലാശാലയിലെ നാൽപതു ശതമാനം വിദ്യാർഥികളും സാമ്പത്തികമായി പിന്നോക്കം നിലക്കുന്ന പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. അതിൽ തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്നത് മുസ്‌ലിം സമുദായത്തിൽ നിന്നുള്ള വിദ്യാർഥികളാണെന്നാണ് ജെഎൻയുവിൽ തന്നെ സാമ്പത്തിക ശാസ്ത്ര ഗവേഷക വിദ്യാർഥിയായ അലി ജാവേദ് നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നത്.

ഒറീസയിൽ നിന്നുള്ള ഗ്യാസ് പ്ലാന്റ് പണിക്കാരനായിരുന്ന കീഴ്ജാതിക്കാരനായ ജിതേന്ദ്ര സുന പത്തുവർഷത്തിന് ശേഷം ജെഎൻയുവിൽ ഗവേഷക വിദ്യാർഥിയായി അഡ്മിഷൻ നേടി യൂണിയൻ തിരഞ്ഞെടുപ്പിൽ മൽസരിച്ച് വലിയൊരു ശതമാനം വോട്ടുകൾ നേടുന്നതും, മുസ്‌ലിം വിദ്യാർഥിനിയായ ആഫ്രീൻ ഫാത്തിമ ഡിപ്പാർട്മെന്റ് കൗൺസിലറായി വിജയിക്കുന്നതും, മുസ്‌ലിം-ദലിത് രാഷ്ട്രീയ മുന്നേറ്റങ്ങൾ സാധ്യമാക്കുന്നതും നജീബിനെ കുറിച്ചുള്ള ചോദ്യങ്ങളും സവർണ ആഗ്രഹാരങ്ങളെ തെല്ലൊന്നുമല്ല ചൊടിപ്പിക്കുന്നത്. എബിവിപി ആക്രമണത്തെ തുടർന്ന് കാമ്പസിൽ നിന്നും തിരോധാനം ചെയ്യപ്പെട്ട മുസ്‌ലിം ഓബിസി വിദ്യാർഥിയായ നജീബ് അഹമ്മദ് ഒരുപക്ഷേ ഈ കാമ്പസ് തിരഞ്ഞെടുത്തിട്ടുണ്ടാകുക ഇവിടത്തെ താങ്ങാനാവുന്ന ഫീസ് നിരക്ക് കണ്ടിട്ടുകൂടിയായിരിക്കണം. ശരീരം തളർന്നു കിടക്കുന്ന പിതാവുള്ള നജീബിന് കൂടി പഠിക്കുവാനുള്ള സാമ്പത്തികാന്തരീക്ഷം ഇവിടെയുണ്ടായിരുന്നു. അത്തരം വിദ്യാർഥികൾക്ക് ഇനി കടന്നു ചെല്ലാൻ പോലും അവസരമില്ലാത്ത അവസ്ഥയാണ് ഇനി വന്നുചേരാൻ പോകുന്നത്.

70കളിലും 80കളിലും ന്യൂനപക്ഷ കീഴാള വിദ്യാർഥി പ്രതിനിധാനം ഒട്ടും ദൃശ്യമല്ലാതിരുന്ന ഇടമായിരുന്നു ജെഎൻയു കാമ്പസ്. ആ കാലഘട്ടത്തെ കുറിച്ച സവർണ ഗൃഹാതുരത്വം ഉള്ളിൽ പേറുന്ന ഇടതുപക്ഷ ആഖ്യാനങ്ങൾക്ക് ഒരിക്കലും ഇവിടെ നിലനിൽക്കുന്ന ജാതി മേൽക്കോയ്മയും ഇസ്‌ലാമോഫോബിയയും അഡ്രസ് ചെയ്യാൻ സാധിക്കില്ല. എന്നാൽ അങ്ങേയറ്റം ബ്രാഹ്മണിക്കലായ കാമ്പസിന്റെ വിദ്യാർഥി പ്രതിനിധാനത്തെ മാറ്റിമറിക്കുന്ന തരത്തിൽ കടന്നുവന്ന ബഹുജൻ മുന്നേറ്റങ്ങൾ ജാതി വിരുദ്ധ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ചും, ഇടതും വലതും സ്വീകരിച്ചു പോരുന്ന ഇസ്‌ലാമോഫോബിയയെ തുറന്നു കാണിച്ചും, പിന്നാക്ക സമൂഹങ്ങളുടെ ഏക വിദ്യാഭ്യാസ അത്താണിയായ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി നില കൊണ്ടും ശക്തമായി രംഗത്തു വരുന്നത് വലിയ പ്രതീക്ഷയാണ്.

പൊതു വിദ്യാഭ്യാസത്തെ തകർക്കുക എന്ന ഭരണകൂട അജണ്ട യാഥാർഥത്തിൽ ഉന്നം വെക്കുന്നത് പിന്നാക്ക ജന സമൂഹങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളെയാണ്. ജെഎൻയുവിൽ പുതിയ ഫീസ് ഘടന നടപ്പിലാക്കിയാൽ അത് നേർക്കുനേരെ ബാധിക്കാൻ പോവുന്നത് വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ താഴെയായ, നാൽപതു ശതമാനത്തോളം വരുന്ന വിദ്യാർത്ഥികളെയാണ്. ഇവർ കടന്നു വരുന്നത് മുസ്‌ലിം ദലിത് ആദിവാസി ഓബിസി സമൂഹങ്ങളിൽ നിന്നാണ്.

നജീബും രോഹിത് വെമുലയും ഫാത്തിമാ ലത്തീഫും കാമ്പസിൽ പ്രവേശനം നേടിയതിന് ശേഷമാണ് വിവേചനത്തിന് ഇരയായതെങ്കിൽ ഇനി അത്തരം വിദ്യാർഥികൾക്ക് കാമ്പസിൽ പ്രവേശനം പോലും നിഷേധിക്കപ്പെടുന്ന ഒരവസ്ഥയാണ് ഇനി കടന്നു വരാൻ പോവുന്നത്. ജെഎൻയുവിനോട് ‘സാമ്പത്തിക സ്വാശ്രയത്വം’ ഉണ്ടാക്കിയെടുക്കാനാണ് ഗവണ്മെന്റ് ആവശ്യപ്പെടുന്നത്. അതായത് ഇനി മുതൽ ഗവണ്മെന്റിനെ സാമ്പത്തിക സഹായത്തിനു ആശ്രയിക്കാത്ത തരത്തിൽ വിദ്യാർഥികളോട് ഫീസ് വാങ്ങുകയും അങ്ങനെ ‘ഉന്നത’ ജാതി/വർഗ സമൂഹങ്ങളിൽ നിന്നുള്ളവർ മാത്രം പഠിക്കട്ടെ എന്ന സമീപനം. നമ്മുടെ നാട്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അങ്ങനെ ആധുനിക അഗ്രഹാരങ്ങളായി മാറുകയാണ്. ഇതിനെ ചെറുത്തു തോൽപിച്ചേ മതിയാവൂ.

(ഡൽഹി ജാമിഅഃ മില്ലിയ കേന്ദ്ര സർവകലാശാലയിൽ ബിരുദ വിദ്യാർഥിയാണ് ലേഖകൻ.)

തേജസ് വാരിക 47മത്തെ ( 2019 ഡിസംബർ 6) ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.

ചിത്രങ്ങൾക്ക് കടപ്പാട്: ശ്രീകാന്ത് ശിവദാസൻ

  • 48th Annual Report (1 April 2017 to 31 March 2018), Jawaharlal Nehru University.
  • The Print, 14 November, 2019, ‘After hostel fee hike, JNU will become India’s most expensive central university’ by Karthika Sharma and Tarun Krishna.
  • Initial Report of the JNU Student Survey 2019 by Ali Javed (M.Phil. Economics, CSRD, JNU).
Top