ഫാഷിസവുമായി കൈകോർക്കുന്ന യുക്തിവാദം

ഇൻഡ്യൻ ജനാധിപത്യത്തിന് വലതുപക്ഷ ശക്തികൾ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുമ്പോഴും,യാതൊരു രാഷ്ട്രീയ ജാഗ്രതയുമില്ലാതെയാണ് യുക്തിവാദി സംഘങ്ങൾ നിലകൊള്ളുന്നത്. ഇസ്‌ലാമോഫോബിയ, സംവരണ വിരോധം, സവർണത, സ്ത്രീ വിരുദ്ധത എന്നിവയെ പുണരുക വഴി വലതുപക്ഷത്തേക്ക് ചാഞ്ഞുകൊണ്ടിരിക്കുകയാണ് യുക്തിവാദം. കെ.ടി മനോജ്‌ എഴുതുന്നു.

ഇൻഡ്യൻ ജനാധിപത്യം തകർച്ചയുടെ പടുകുഴിയിൽ വീഴുമ്പോൾ യുക്തിവാദികൾ എന്തു ചെയ്യുകയാണ്? ഹിന്ദുത്വ ഭീകരതയും ന്യൂനപക്ഷ വംശഹത്യകളും വർധിച്ചുവരുന്ന വർത്തമാനകാല രാഷ്ട്രീയത്തിൽ യുക്തിവാദികൾ ആരുടെ പക്ഷത്താണ്? മതവും ദൈവവും ജ്യോതിഷവും ആയുർവേദവും ഉൾപ്പെടെ എന്തിനെയും ശാസ്ത്രീയമെന്നും അശാസ്ത്രീയമെന്നും വേർതിരിക്കുന്ന യുക്തിവാദത്തിന്റെ ലിറ്റ്മസ് പരീക്ഷണത്തിൽ മാനവികതയുടെ സ്ഥാനം എവിടെയാണ്?

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രസ്ഥാനമാണ് യുക്തിവാദമെങ്കിലും, 2001ലെ ഭീകരാക്രമണത്തിൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നടിഞ്ഞ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റതാണ് ലോകം ഇന്നു കാണുന്ന നവനാസ്തികത. ദൈവ നിഷേധത്തിലും അന്ധവിശ്വാസ-അനാചാര നിർമാർജനത്തിലും മാത്രം ഒതുങ്ങിനിന്ന യുക്തിവാദത്തെ പുതിയൊരു തലത്തിലേക്ക് ഉയത്തിക്കൊണ്ടു വരുന്നതിൽ ‘നവനാസ്തികതക്ക്’ കാര്യമായ പങ്കുണ്ട്. ശാസ്ത്രീയതയുടെ ഉരകല്ലു വെച്ച് ശുദ്ധി തെളിയിക്കാൻ കഴിയാത്ത എന്തിനെയും തള്ളിക്കളയാൻ മടിയില്ലാത്ത പുത്തൻ യുക്തിവാദം യുവാക്കൾക്കിടയിൽ അതിവേഗം സ്വാധീനം നേടുന്നു എന്നത് നവനാസ്തികതയുടെ നേട്ടമാണ്. ശുഷ്കമായ വേദികളിൽ നടന്നുകൊണ്ടിരുന്ന യുക്തിവാദി മീറ്റിങുകൾ ആയിരങ്ങൾ പങ്കെടുക്കുന്ന വലിയ സമ്മേളനങ്ങളായി മാറുന്നത് മതങ്ങളെയും അതിന്റെ അരികുപറ്റി ജീവിക്കുന്ന വൈദികരെയും വേവലാതിപ്പെടുത്തുന്നു എന്നത് വസ്തുതയാണ്.

‘നവനാസ്തികത’ക്കു പിന്നിലെ നാസ്തിക ത്രയങ്ങൾ

2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം അമേരിക്കൻ ഐക്യനാടുകളും യൂറോപ്യൻ രാജ്യങ്ങളും ‘വാർ ഓൺ ടെറർ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഭീകരതക്കെതിരെ തുറന്ന പോരാട്ടമാണ് പ്രഖ്യാപിച്ചത്. മാറിയ രാഷ്ട്രീയ കാലഘട്ടത്തിൽ യുക്തിവാദ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ചത് മൂന്ന് പ്രശസ്തരായ നാസ്തികരാണ്. റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ്, ക്രിസ്റ്റഫർ ഹിച്ചൻസ് എന്നിവർ നടത്തിയ മതമൗലികവാദ വിരുദ്ധ ആശയ പ്രചരണത്തിന് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അവിശ്വസനീയമായ സ്വീകാര്യതയാണ് ലഭിച്ചത്. നാസ്തികത ത്രയങ്ങളുടെ പുസ്തകങ്ങൾ ‘ബെസ്റ്റ് സെല്ലർ’ പട്ടികയിൽ സ്ഥാനംപിടിച്ചത് ഇവരുടെ ആശയങ്ങൾ ജനങ്ങൾക്കിടയിൽ ധാരാളമായി ചർച്ച ചെയ്യപ്പെട്ടു എന്നതിനു തെളിവാണ്. നവമാധ്യമങ്ങളിലൂടെ ഇവർ നേടിയെടുത്ത ദൃശ്യതയും സെലിബ്രിറ്റി പരിവേഷവും നവനാസ്തികതയുടെ വേരുകൾ ഭൂഖണ്ഡങ്ങളും കടന്ന് കൂടുതൽ ദൂരങ്ങളിലേക്കും ആഴങ്ങളിലേക്കും എത്താൻ കാരണമായി.

2010ലും 2012ലും ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന ‘ഗ്ലോബൽ എത്തിസ്റ്റ് കൺവെൻഷൻ’ ജനപങ്കാളിത്തം കൊണ്ട് ലോകശ്രദ്ധ നേടിയിരുന്നു. അത്രയും ജനനിബിഡമായ യുക്തിവാദി സമ്മേളനം മുൻപൊരിക്കലും ലോകം കണ്ടിരുന്നില്ല. എന്നിരുന്നാലും 2018ൽ നടത്താനുദ്ദേശിച്ചിരുന്ന സമ്മേളനത്തിന്റെ ആളെണ്ണത്തിലുണ്ടായ ഗണ്യമായ കുറവിനെ തുടർന്ന് സംഘാടകർക്ക് പരിപാടി ഉപേക്ഷിക്കേണ്ടിവന്നു. പ്രസ്തുത സംഭവം നാസ്തികരുടെ തളർച്ചയെയല്ല, മറിച്ച് ലോകത്തിന്റെ ഓരോ പട്ടണങ്ങളിലും ഉയർന്നുവരുന്ന അസംഖ്യം യുക്തിവാദി കൂട്ടായ്മകളെയും, അതിലൂടെ അവർ ആർജിച്ച വളർച്ചയെയുമാണ് സൂചിപ്പിക്കുന്നത്. ഇന്ന് യുക്തിവാദ കൂട്ടായ്മകൾ സർവസാധാരണമായ സംഭവങ്ങളായി മാറിയിരിക്കുന്നു. യുക്തിവാദികൾ വിചിത്ര ജീവികളല്ലാതായി മാറിയിരിക്കുന്നു.

വലത്തേക്കു തിരിയുന്ന യുക്തിവാദം

2015 സെപ്റ്റംബർ 14 ന് അമേരിക്കയിലെ മാക്ക് ആർതർ ഹൈസ്കൂളിലെ അഹമദ് മുഹമ്മദ് എന്ന പതിനാലുകാരനായ വിദ്യാർഥി സ്വന്തമായി നിർമിച്ച് ക്ലാസ് മുറിയിൽ കൊണ്ടുവന്ന ക്ലോക്ക് അധ്യാപകരിലും സ്കൂൾ മാനേജ്മെന്റിലും പരിഭ്രാന്തിയുണ്ടാക്കി. അഹമദിന്റെ ക്ലോക്ക് ‘ടൈംബോംബ്’ ആണെന്ന് തെറ്റിദ്ധരിച്ച ഇംഗ്ലീഷ് അധ്യാപകനാണ് വാർത്ത പ്രചരിപ്പിച്ചത്. അസത്യ പ്രചരണം എന്നുകണ്ട് മാനേജ്മെന്റ് അഹമദിനോട് പിന്നീട് നിരുപാധികം മാപ്പപേക്ഷിച്ചുവെങ്കിലും, റിച്ചാർഡ് ഡോക്കിൻസ് എന്ന നവനാസ്തികതയുടെ ഉപജ്ഞാതാവ് പതിനാലുകാരനെ തീവ്രവാദിയായി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ‘ഇവനും ഒരു കുട്ടിയാണ്’ എന്ന ഹാഷ്ടാഗിൽ ഒരു ഐഎസ്ഐഎസ് ഭീകരന്റെ ചിത്രം നവമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇത്തരം സംഭവങ്ങൾ ഇസ്‌ലാം മത വിശ്വാസികളെ സമൂഹത്തിൽ അപരവത്കരിക്കുന്നതിലും ഇസ്‌ലാം ഭീതി പരത്തുന്നതിലും ഒരു നാസ്തികൻ എന്ന നിലയിൽ ഡോക്കിൻസ് ആനന്ദം കൊള്ളുന്നു എന്നതിനുള്ള അസംഖ്യം തെളിവുകളിൽ ഒന്നാണ്.

റിച്ചാർഡ് ഡോകിൻസ്

ഒരു വ്യക്തിയുടെ ക്രിമിനൽ സ്വഭാവം അയാളുടെ സാമൂഹികവും സാമ്പത്തികവും മാനസികവുമായ ഒരുപാടു കാര്യങ്ങളിൽ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. അത്തരം കാര്യങ്ങളെ പരിഗണിക്കാതെ കുറ്റകൃത്യങ്ങളെ പൂർണമായും മതത്തിന്റെ മേൽ ആരോപിക്കുന്നത് യഥാർഥ കാരണങ്ങളെ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും തടസ്സമാകുന്നു. ഭൂമിയുടെ മേൽ അധികാരം സ്ഥാപിക്കുന്നതിനായി രണ്ടു രാജ്യങ്ങൾ നടത്തുന്ന യുദ്ധങ്ങളെ കേവലം മതരാഷ്ട്രങ്ങളുടെ പോർവിളികൾ എന്ന് തരംതാഴ്ത്തുന്ന വിധത്തിലാണ് ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ നവനാസ്തികർ എടുക്കുന്ന നിലപാട്. ഇത്തരം വിഷയങ്ങളിൽ യുക്തിവാദികൾ സൂക്ഷ്മതയില്ലാതെ ഇടപെടുന്നത് രൂക്ഷമായ വിമർശനങ്ങൾക്കു കാരണമായിട്ടുണ്ട്.

ഇറാഖിലെ അമേരിക്കൻ ആക്രമണത്തിൽപെട്ട് ധാരാളം ആളുകൾ മരണമടഞ്ഞപ്പോൾ ഹിച്ചൻസ് പറഞ്ഞത് ഏറെ ആക്ഷേപാർഹമായ തമാശയാണ്. “മരണ സംഖ്യ കുറഞ്ഞു പോയി, ധാരാളം ജിഹാദികൾ രക്ഷപ്പെട്ടു കാണും” എന്ന അനുചിതമായ തമാശയിൽ മാനവികതയുടെയും മനുഷ്യത്വത്തിന്റെയും കണിക പോലുമില്ല എന്നത് യുക്തിവാദ പ്രസ്ഥാനത്തിനാകെ ഉണ്ടായ കളങ്കമാണ്.

വിൻചെസീലിലെ പുരാതനമായ പള്ളിയുടെ പടികളിലിരുന്ന് മണിയൊച്ച ആസ്വദിച്ചുകൊണ്ട് റിച്ചാർഡ് ഡോക്കിൻസ് പറഞ്ഞതും അക്ഷരാർഥത്തിൽ ഇസ്‌ലാം വിരുദ്ധമായ വാചകമായിരുന്നു. “അക്രമണോത്സുകമായ അല്ലാഹു അക്ബർ എന്ന ശബ്ദത്തെക്കാൾ എത്രയോ സുന്ദരമാണ് മണിയൊച്ച എന്ന ട്വീറ്റ് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ ശാസ്ത്ര വിഷയങ്ങളിൽ തങ്ങിനിൽക്കുന്ന നവനാസ്തികത, സാമൂഹിക പാഠങ്ങൾ, തത്വശാസ്ത്രം എന്നീ വിഷയങ്ങളിൽ നിന്നും ഏറെ അകലെയാണ് നിലകൊള്ളുന്നത്. ജ്ഞാന സമ്പാദനത്തിന്റെ ഏക മാർഗം ശാസ്ത്രമാണെന്ന് നിസ്സംശയം പ്രഖ്യാപിക്കുന്ന നാസ്തികർ, അതാത് പ്രദേശങ്ങളിലെ പ്രത്യേകമായ സാമൂഹിക ഘടനയെ പരിഗണിക്കാൻ മറന്നുപോകുന്നത് ജാഗ്രതക്കുറവാണെന്ന് അനുമാനിക്കാൻ സാധിക്കും. അതിവേഗം കുതിച്ചുപായുന്ന നവനാസ്തികതയുടെ ഇന്ധനം ഇസ്‌ലാം ഭീതിയായി മാറിയിരിക്കുന്നു.

സാം ഹാരിസ്

കേരള യുക്തിവാദത്തിലെ വലതുപക്ഷ ചിന്തകൾ

സൈദ്ധാന്തികവും ദാർശനികവുമായ മേഖലകളിൽ ഇടതുപക്ഷത്തോടു കൈകോർത്ത നാസ്തികതയാണ് കേരളത്തിൽ നിലനിന്നിരുന്നത്. ശ്രീനാരായണഗുരു ഉഴുതുമറിച്ച കേരളത്തിന്റെ നവോഥാന മണ്ണിൽ സഹോദരൻ അയ്യപ്പൻ പാകിയ യുക്തിവാദത്തിന്റെ വിത്തുകൾ ഏറെയും പാഴായില്ല. നവോഥാനം പ്രദാനം ചെയ്യുന്ന ആശയ പ്രപഞ്ചം മനുഷ്യ മനസ്സിനെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. അതേസമയം സങ്കീർണവും ഹിന്ദുമതത്തിലെ മനുഷ്യത്വരഹിതവുമായ ജാതി വ്യവസ്ഥയെ കാര്യമായി ഇളക്കിമാറ്റാൻ കഴിഞ്ഞിരുന്നില്ല.

ജാതീയമായി വിഘടിച്ച സമുദായത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേടിയെടുത്ത വളർച്ച യുക്തിവാദി പ്രസ്ഥാനത്തിനു നേടാൻ സാധിച്ചില്ല എന്നത് കൗതുകകരമായ വസ്തുതയാണ്. കേരളത്തിലെ ജാതിവ്യവസ്ഥയെ കമ്യൂണിസ്റ്റ് പാർട്ടി രാഷ്ട്രീയമായി ഉപയോഗിച്ചപ്പോൾ യുക്തിവാദി പ്രസ്ഥാനം ജാതീയതക്കു മുന്നിൽ കിതച്ചു വീഴുകയാണുണ്ടായത്.

സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ പ്രശ്നവത്കരിക്കാതെ, ഏതൊരു സമൂഹത്തിലും കാണപ്പെടുന്ന അധികാരത്തിന്റെ സ്വാഭാവികമായ വിന്യാസം എന്ന് അതിനെ ലളിതവത്കരിക്കുന്നതും, ഇത്തരം പ്രസ്താവനകളെ പിന്താങ്ങുന്നതിനായി വലതുപക്ഷ ചിന്തകനായ പരേറ്റോയുടെ തത്വങ്ങൾ ഉപയോഗിക്കുന്നതും നാസ്തികതക്ക് സമീപകാലത്തുണ്ടായ അപചയങ്ങളുടെ നേർസാക്ഷ്യങ്ങളാണ്.

സംവരണ വിരോധികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നവനാസ്തികർ, നീതിയുടെ തുല്യമായ വിതരണത്തെ അപ്പാടെ അവഗണിക്കുന്നതാണ് മറ്റൊരു അപകടകരമായ മാറ്റം. ഇൻഡ്യയിലെ ജാതി സമ്പ്രദായം നിലനിൽക്കാനുള്ള പ്രധാന കാരണം, ആളുകൾ ‘ജാതി ജീവികളായി’ തുടരുന്നതു കൊണ്ടാണെന്ന വിചിത്ര നിരീക്ഷണവും യുക്തിവാദികളുടേതായി പുറത്തുവന്നു. കേരളം പൂർണമായും ജാതീയമായി വേർതിരിക്കപ്പെട്ട സമൂഹമാണെന്നും ശ്രേണീബദ്ധമായ ജാതി സമ്പ്രദായത്തിൽ ജാതി എന്നത് വ്യക്തിയുടെ തെരഞ്ഞെടുപ്പുകൾക്കപ്പുറമാണ് എന്ന പ്രാഥമിക ജ്ഞാനം നേടാതെയുള്ള ഏതു മുന്നേറ്റവും തൊലിപ്പുറത്തെ ചികിത്സ പോലെ നിരർഥകമാണ്. ജാതി നിർമാർജനം ചെയ്യാൻ ജാതിയെക്കുറിച്ച് സംസാരിക്കാതിരിക്കുക എന്ന പരിഹാരം മുന്നോട്ടു വെക്കുമ്പോൾ, ഒരു വ്യക്തിക്ക് അയാളുടെ സാമൂഹിക പ്രശ്നങ്ങളെ പൊതുമണ്ഡലത്തിൽ അവതരിപ്പിക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. മാത്രമല്ല ജാതി ശ്രേണിയുടെ മുകളിലുള്ള ആളുകളുടെ അപ്രമാദിത്യം ചോദ്യം ചെയ്യപ്പെടാതെ പോകുന്നതിനും ഇത്തരം നിരാസങ്ങൾ കാരണമാകുന്നു.

സഹോദരൻ അയ്യപ്പൻ

നവനാസ്തികതയുടെ മുഖമുദ്രയായ ഇസ്‌ലാമോഫോബിയ കേരളത്തിലെ നാസ്തികരും ധാരാളമായി ഉപയോഗിച്ചുപോരുന്നു. പർദ ധരിച്ച മുസ്‌ലിം സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തെപ്പോലും മാനിക്കാതെ അടിമകളും തീവ്രവാദികളുമായി അവരെ മുദ്ര കുത്തുന്നത് സാധാരണ കാഴ്ചയാണ്. രാജ്യത്തെ രാഷ്ട്രീയ ഹിന്ദുത്വം വരവറിയിച്ചുകൊണ്ട് തകർത്ത ബാബരി മസ്ജിദിന്റെ ഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാമക്ഷേത്രത്തിന് തറക്കല്ലിട്ട സംഭവം, നവനാസ്തികതയുടെ കണ്ണിൽ കേവലം കാർട്ടൂൺ കഥാപാത്രങ്ങളായ ദൈവങ്ങൾക്ക് വീടുപണിയിലാണ്. ഭാരതത്തിന്റെ മതനിരപേക്ഷത എന്ന മൂല്യത്തെ കുറിച്ച് ചിന്തിക്കാൻ തയ്യാറാവാതെയുളള ഇത്തരം ഒഴിഞ്ഞുമാറലുകൾ വലതുപക്ഷ ശക്തികൾക്ക് ഇടം നൽകുന്നതിന് തുല്യമാണ്.

മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെയെ രാജ്യസ്നേഹിയായി അവരോധിക്കുന്നതും ഗാന്ധി വധം കാലഘട്ടത്തിന്റെ അനിവാര്യതയായി ചിത്രീകരിക്കുന്നതും യുക്തിവാദി പ്രസ്ഥാനത്തിൽ വലതുപക്ഷ ചിന്തകൾ ആഴത്തിൽ വേരൂന്നിയതിന്റെ ദൃഷ്ടാന്തങ്ങളാണ്. കാർഷിക ബില്ലിനെതിരെ കർഷകർ ദേശ വ്യാപകമായി നടത്തിവരുന്ന മഹാ സമരത്ത പൂർണമായും എതിർത്തുകൊണ്ട് വലതുപക്ഷത്തേക്കു ചേർന്നുനിൽക്കുകയാണ് നവനാസ്തികത. സമരം ചെയ്യുന്ന കർഷകരെ തീവ്രവാദികളെന്നു വിളിച്ചാക്ഷേപിച്ച സർക്കാരിനൊപ്പം പക്ഷംചേരുന്ന നാസ്തികരുടെ ധാർമിക ബോധം എന്താണ്?

നവനാസ്തിക സംഘടനകളിലെ ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യക്കുറവ് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. സ്ത്രീ പ്രഭാഷകരുടെ എണ്ണത്തിലുള്ള കുറവും വിമർശിക്കപ്പെടേണ്ടതാണ്. ഫെമിനിസത്ത കുറിച്ച് വികലമായ ധാരണകൾ പുലർത്തുന്ന മലയാളി പുരുഷന്മാരുടെ ഒരു പരിച്ഛേദം മാത്രമാണ് നവനാസ്തികത എന്ന് പലവട്ടം തെളിയിക്കപ്പെട്ടതാണ്.

വലതുപക്ഷ രാഷ്ട്രീയം സംസാരിക്കുന്ന യുക്തിവാദികളുടെ പുതിയ തലമുറ രാഷ്ട്രീയ ഹിന്ദുത്വം, മതകീയ ഹിന്ദുത്വം എന്നിവയെ തരംതിരിച്ച് കാണുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ഹിന്ദു ദൈവങ്ങളെ ആശയപരമായി വിമർശിക്കുന്നതു പോലെ എളുപ്പമല്ല ‘ഹിന്ദുത്വം’ എന്ന അജണ്ടയെ സമകാലിക ഇൻഡ്യയിൽ തുറന്നുകാണിക്കാൻ. ഈ വെല്ലുവിളിയാണ് നവനാസ്തികർ സ്വീകരിക്കാൻ മടിക്കുന്നതും. ‘ജയ് ശ്രീറാം’ എന്നത് ഇൻഡ്യയിൽ ഇന്നൊരു പ്രാർഥന മാത്രമല്ല, മുദ്രാവാക്യവും കലാപങ്ങൾക്കുള്ള ആഹ്വാനവും കൂടിയാണ്. ഇത്തരം മുദ്രാവാക്യങ്ങളെ ആശയപരമായി നേരിടേണ്ടത് യുക്തിവാദികളുടെ കൂടി ഉത്തരവാദിത്തമാണ്.

ഹിന്ദുത്വം എന്ന ഭീകര അജണ്ട കല, രാഷ്ട്രീയം, സാമൂഹികം എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും നുഴഞ്ഞുകയറുമ്പോൾ, യുക്തിവാദികൾ സ്വീകരിക്കുന്ന വലതുപക്ഷ ചായ്‌വ് കുറ്റകരമാണ്. വലതു രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറുന്ന യുക്തിവാദികളുടെ സ്ഥാനം ചരിത്രത്തിൽ രേഖപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അവർ ഒറ്റുകാരുടെ കൂട്ടത്തിലാണ്.

 

Top