എന്തുകൊണ്ട് പത്രപ്രവർത്തനം ഉപേക്ഷിച്ച് ഉവൈസിയോടൊപ്പം ചേർന്നു?

ഇൻഡ്യയിലെ മുസ്‌ലിംകളോടുള്ള പൊതു അസഹിഷ്ണുതയിൽ നിന്നാണ് ബിജെപിയുടെ വോട്ട് ബാങ്ക് ഉരുത്തിരിയുന്നത്. അതേസമയം, ഉവൈസി സമുദായത്തിന് ശബ്‌ദം നൽകി. ഇൻഡ്യൻ രാഷ്ട്രീയത്തിൽ അതിന്റെ നിർണായകമായ സ്ഥാനവും, ഒപ്പം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ മുസ്‌ലിം യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും വഴി അനിവാര്യമായ മാറ്റം കൊണ്ടുവരാനും ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താനും ഉവൈസിക്കും പാർട്ടിക്കും സാധിച്ചു. എഐഎംഐഎമിന്റെ ഔറംഗാബാദ് എംപി ഇംതിയാസ് ജലീൽ എഴുതുന്നു.

ഏഴു പതിറ്റാണ്ടിലേറെയായി നമ്മുടെ രാഷ്ട്രത്തിന്റെ തെരഞ്ഞെടുപ്പ് പലപ്പോഴും കസേര കളി പോലെയാണ്. മിക്കപ്പോഴും കോൺഗ്രസും ‘മറ്റുള്ളവയും’ തമ്മിലും, ഈയടുത്തായി ബിജെപിയും കോൺഗ്രസും തമ്മിലുമാണ് കളി. ഓരോ അഞ്ച് വർഷത്തിനിടയിലും സ്വാഭാവികമായി രണ്ടിലൊരാൾ കസേരകൾ പിടിച്ചടക്കും. അതേസമയം, ഈ രണ്ട് കക്ഷികളല്ലാത്ത മറ്റു സാധ്യതകളുടെ അഭാവത്തിൽ, തിന്മക്കെതിരായ നന്മയുടെ വ്യക്തമായ വിജയമായി തെരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിച്ചുപോന്നു.

എന്നാൽ, ഇന്ന് മൂന്നാമതൊരു കക്ഷി സ്വയം കളത്തിലിറങ്ങിയിരിക്കുന്നു. ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള ‘അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്റെ’ (എഐഎംഐഎം), എന്തും വെട്ടിത്തുറന്നു പറയുന്ന സമർഥനായ പാർട്ടി നേതാവ് അസദുദ്ധീൻ ഉവൈസിയുടെ കീഴിൽ വാർത്തെടുത്ത പുതിയ നിയമ ചട്ടങ്ങളിലൂടെ ഇൻഡ്യൻ രാഷ്ട്രീയത്തിന്റെ മുഖച്ഛായ തന്നെയും പരിവർത്തിപ്പിക്കപ്പെട്ടു. അടുത്തിടെ നടന്ന ബീഹാർ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ അഞ്ച് സീറ്റുകളിൽ മാത്രമാണ് വിജയിച്ചതെങ്കിലും, ഉത്തരേന്ത്യയിൽ പാർട്ടിയുടെ അതിശയകരമായ പ്രകടനത്തിന് ഇതോടെ അരങ്ങേറ്റം കുറിച്ചു. എന്നാൽ നവംബർ 10 ഫലത്തിനുശേഷം, ഈ അഞ്ച് സീറ്റുകളാണ് രാജ്യത്താകമാനം വലിയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചത്. 70 വർഷത്തിലേറെയായി മുസ്‌ലിം വോട്ടുകൾക്കു മേൽ പാരമ്പര്യമായി അവകാശവാദം ഉന്നയിച്ചുപോന്നിരുന്ന പാർട്ടികൾക്ക് വലിയ അസ്വസ്ഥത തന്നെയാണ് ഇത് സൃഷ്ടിച്ചത്.

ഉവൈസി ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ

ഉവൈസിയുടെ എഐഎംഐഎമിൽ ചേരാനായി 2014ലിലാണ് ഞാൻ ഒരു പ്രമുഖ ടെലിവിഷൻ ചാനലിൽ നിന്നും നീണ്ട 24 വർഷത്തെ പത്രപ്രവർത്തനം രാജിവെച്ചത്. എന്തുകൊണ്ടാണ് ഒരു ‘കമ്യൂണൽ’ പാർട്ടിയിൽ ചേരാൻ താൽപര്യപ്പെട്ടത് എന്ന് എനിക്കു ചുറ്റുമുള്ള മിക്കവാറും എല്ലാവർക്കും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയത്തിൽ ചേരണമെങ്കിൽ തന്നെ ഒരു മതേതര പാർട്ടിയിൽ ചേരാനായി എന്നെ ഉപദേശിക്കാൻ ഒരുപാട് ശ്രമങ്ങൾ നടന്നിരുന്നു. പക്ഷേ, ഒരു പത്രപ്രവർത്തകനെന്ന നിലയിൽ, കാലങ്ങളായി മതേതര പാർട്ടികളാൽ തട്ടിക്കളിക്കപ്പെട്ടും, ഒടുവിൽ വികലമായ ഈ ‘മതേതരത്വം’ അംഗീകരിക്കുകയെന്ന കനത്ത വില നൽകേണ്ടി വരികയും ചെയ്യുന്ന ഞങ്ങൾ, മുസ്‌ലിം സമുദായത്തിന്റെ പ്രതിസന്ധിയും ദുരവസ്ഥയും അടുത്തറിയുന്നു.

സാമുദായിക പ്രാതിനിധ്യം എന്നത് ഏതാനും ‘ടോക്കൺ മുസ്‌ലിം’ നേതാക്കളുമായുള്ള രാഷ്ട്രീയ ഇഫ്താറുകളിലും, തലപ്പാവ് ധരിക്കുന്ന ഏതാനും മതേതര രാഷ്ട്രീയ നേതാക്കളിലുമായി ഒതുക്കിയിരുന്നു. ഒരുപക്ഷേ, ഒരു സമുദായം എന്ന നിലക്ക്, ഞങ്ങളുടെ പ്രതിനിധികൾക്ക് ഞങ്ങൾ തന്നെ നിർണയിച്ചു വെച്ചിരുന്ന മാനദണ്ഡങ്ങൾ വളരെ ദുർബലമായിരുന്നു. എത്രത്തോളമെന്നാൽ, ചിലയിടങ്ങളിൽ പ്രത്യേകമായി ഒന്നും വേണ്ടതില്ലെന്ന തരത്തിൽ ഞങ്ങളുടെ പ്രതീക്ഷകളും നന്നെ പരിമിതമായിരുന്നു. എന്നാൽ, ആറടി നാലിഞ്ചുകാരനായ ഈ ഷെർവാണി ധാരി ഒരു ഉത്തരമായും, വെറും രണ്ടു കക്ഷികൾ മാത്രമുണ്ടായിരുന്ന കളിയിൽ സമർഥനായ ഒരു എതിരാളിയായും മാറിയപ്പോൾ മേൽച്ചൊന്ന അവസ്ഥയിലും മാറ്റംവന്നു. മൂന്നാം കക്ഷിയുടെ ശൂന്യത ഒടുവിൽ നികത്തപ്പെട്ടു.

ഇംതിയാസ് ജലീൽ ഉവൈസിക്കൊപ്പം

എഐഎംഐഎം ഒരിക്കലും ഒരു സാമുദായിക പാർട്ടിയായിരുന്നില്ല. ജനാധിപത്യത്തിൽ പ്രാതിനിധ്യം നിർണായകമാണ്. വർഷങ്ങളായി നേതൃത്വത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഒരു സമുദായത്തെ യഥാവിധി പ്രതിനിധീകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. പാർട്ടിയിൽ ചേരുന്ന വിഷയത്തിൽ ഞാൻ അതീവ ശ്രദ്ധാലുവായി. മാസങ്ങളോളം അവരെ പഠിക്കുകയും നേതൃത്വത്തോടൊപ്പം മാത്രമല്ല, പാർട്ടി പ്രവർത്തകരോടൊപ്പവും സമയം ചെലവഴിച്ചു. എഐഎംഐഎമിനെ കുറിച്ച് എനിക്ക് ഏറ്റവും ആകർഷകമായി തോന്നിയത് ഉത്തരവാദിത്വ ബോധത്തോടു കൂടിയ അവരുടെ സമീപനമാണ്. അതിൽ തന്നെ ഏറ്റവും ശ്രദ്ധേയവും കൗതുകകരവുമായി തോന്നിയത് അവരുടെ ദിനേനയുള്ള ദർബാർ സമ്പ്രദായമാണ്. പാർട്ടിയുടെ മുഴുവൻ എംപിമാരോടും എംഎൽഎമാരോടും കോർപറേറ്റർമാരോടും ഹൈദരാബാദിലെ ‘ദാറു സലാമിൽ’ വെച്ച് പൊതുജനങ്ങൾക്ക് തുറന്ന് സംവദിക്കാം. ഇത്തരം സുതാര്യമായ ഇടപെടലുകളും, തങ്ങളുടെ നിയോജക മണ്ഡലങ്ങളിലെ ആളുകൾക്ക് ഉത്തരം നൽകുന്നതും, ജാതി/മത/ലിംഗ ഭേദങ്ങൾ കൂടാതെ വിമർശനങ്ങളും അഭിനന്ദനങ്ങളും തുറന്ന മനസ്സോടെ സ്വീകരിക്കുന്ന അവരുടെ സമീപനവും അവരിലുള്ള എന്റെ വിശ്വാസത്തെ ഉറപ്പിച്ചു.

തങ്ങളുടെ ഭരണ മേഖലകൾക്കുള്ളിൽ ഉവൈസി ഹോസ്പിറ്റലുകളും ഗവേഷണ കേന്ദ്രവും അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളും സൗജന്യ ആംബുലൻസ് സേവനങ്ങളും എല്ലാവർക്കും മിതമായ നിരക്കിൽ ആരോഗ്യ സംരക്ഷണവും നൽകുന്നു. ഒപ്പം ‘സ്കൂൾ ഓഫ് എക്സലൻസ്’ പദ്ധതി എല്ലാവർക്കും ഉയർന്ന നിലവാരമുള്ളതും നിരാലംബർക്ക് സൗജന്യ വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നു.

ഏകദേശം 18,000 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിനു പുറമെ, സൗജന്യ യൂണിഫോം, പുസ്തകങ്ങൾ, പ്രഭാത ഭക്ഷണം എന്നിവയും ലഭിക്കുന്നു. ഇവയെല്ലാം കൈകാര്യം ചെയ്യുന്നത് യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള ഉവൈസിയുടെ ഇളയ സഹോദരൻ അക്ബർ ഉവൈസിയാണ്.

ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള എഐഎംഐഎമിന്റെ സംഭാവനയെ വിഘടനാത്മകവും തീവ്രവാദവുമായി മുദ്രകുത്തുന്നത് അസംബന്ധമാണ്. നിരന്തരമായ ന്യൂനപക്ഷ പീഡനത്തിനെതിരെ നിലകൊള്ളുകയും സമുദായത്തെ പുനർനിർമിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത പാർട്ടികളെ നാം ഭയക്കേണ്ടതില്ല. നമ്മുടെ മതേതര പാർട്ടികളെ അതിന്റെ പരാജയവും, പരിശ്രമത്തിന്റെ അഭാവവും മറച്ചുവെക്കാൻ സഹായിക്കുന്നതാണ് ‘വോട്ട് കത്വ’ ടാഗ്. മഹാഗത് ബന്ധന്റെ (എം‌ജിബി) ഒരു സീറ്റിനെയും എ‌ഐ‌എംഐ‌എം ബാധിച്ചിട്ടില്ല എന്നത് വസ്തുതയാണ്. മത്സരിച്ച 70 സീറ്റിൽ 19 എണ്ണം മാത്രമാണ് കോൺഗ്രസ് നേടിയത്. എങ്ങനെയാണ് ബിജെപി ബാക്കിയുളളത് മുഴുവൻ നേടിയത്? അതേസമയം, മധ്യപ്രദേശിലും ഗുജറാത്തിലും ഉപ തെരഞ്ഞെടുപ്പുകളുണ്ടായിരുന്നു. രണ്ടും ബിജെപി നേടി. ഞങ്ങൾ അവിടെ മത്സരിച്ചിരുന്നുമില്ല. ബീഹാറിലെ കിഷൻഗഞ്ചിൽ ഞങ്ങൾക്ക് ഒരു സിറ്റിംഗ് എം‌എൽ‌എ ഉണ്ടായിരുന്നു. അതിനാൽ ഈ വാദപ്രകാരം എം‌ജിബി ആ സീറ്റിൽ മത്സരിക്കാവതല്ല. എന്നിട്ടുകൂടി കോൺഗ്രസ് ആ സീറ്റ് നേടി.

എം‌ജിബി ഭൂരിപക്ഷം നേടിയിരുന്നെങ്കിൽ, പാർട്ടി രാജകുമാരൻ എല്ലാ ക്രെഡിറ്റും ഏറ്റെടുക്കുമായിരുന്നു. 70 സീറ്റുകളിൽ പാർട്ടി മത്സരിക്കുമ്പോൾ, മൂന്ന് ദിവസത്തെ ബീഹാർ സന്ദർശനം മതിയെന്ന് കോൺഗ്രസ് നേതാവ് കരുതി എന്നതാണ് സത്യം. അതേസമയം ഹൈദരാബാദിൽ നിന്നുള്ള ഒരു ചെറിയ പാർട്ടിയുടെ മുഴുവൻ കേഡർമാരും ഒരു മാസത്തിലേറെ ബീഹാറിൽ ഉണ്ടായിരുന്നു. ഇവിടെ ആരാണ് വോട്ടർമാരെ, വിശേഷിച്ച് മുസ്‌ലിം വോട്ടർമാരെ നിസ്സാരമായി കണ്ടതെന്ന് നിങ്ങൾ തീരുമാനിക്കൂ.

എഐഎംഐഎം 20 സീറ്റുകളിൽ മാത്രമാണ് മത്സരിക്കുന്നതെന്ന് സീമാഞ്ചലിലെ ജനങ്ങൾക്ക് അറിയാമായിരുന്നു. കഴിഞ്ഞ ബീഹാർ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിൽ എ‌ഐ‌എംഐ‌എം മത്സരിച്ചെങ്കിലും എല്ലാം നഷ്ടപ്പെട്ടു. പക്ഷേ, ഇത്തവണ തിളങ്ങി. ഇത് പരിശ്രമഫലം തന്നെയാണ്. ഈ മേഖലയിലെ ഏറ്റവും മുസ്‌ലിം പിന്നാക്ക പ്രദേശമായ സീമാഞ്ചൽ അത് ശരിവെക്കുന്നു. മുസ്‌ലിംകൾക്ക് ഇടമില്ലാത്ത വ്യക്തമായ അജണ്ടയുള്ള പാർട്ടിയായ ബിജെപിയെ നേരിടാൻ ഇൻഡ്യയിലെ മുസ്‌ലിംകൾക്ക് കോൺഗ്രസിൽ യാതൊരു പ്രതീക്ഷയുമില്ല എന്നതാണ് സത്യം. 2014ൽ ഞാൻ ഔറംഗാബാദിലും, മുംബൈ ബൈക്കുല്ലയിൽ അഭിഭാഷകൻ വാരിസ് പത്താനും നിയമസഭാ സീറ്റ്‌ നേടിയപ്പോൾ, മഹാരാഷ്ട്രയിൽ അരങ്ങേറ്റം കുറിച്ചതിനെ സംബന്ധിച്ച് എഐഎംഐഎം വാർത്ത നൽകി. രാജ് താക്കറെയുടെ ‘മഹാരാഷ്ട്ര നവനിർമാൻ സേനയേക്കാൾ’ കൂടുതൽ സീറ്റ് നേടി സംസ്ഥാനത്തെ ഞെട്ടിച്ചു. ഔറംഗാബാദിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2014ലും 2019ലും ഞാൻ മത്സരിച്ചപ്പോൾ, മൂന്ന് പതിറ്റാണ്ടിലേറെയായി അവിടെ തങ്ങളുടെ കോട്ടയാക്കി വെച്ചിരുന്ന ശിവസേനയെ എതിർക്കാനാണെന്ന് മനസ്സിലാക്കാതെ, ബിജെപിയുമായി കൈകോർത്തതായി ആരോപിച്ച് സംസ്ഥാനത്തെ കോൺഗ്രസും എൻസിപിയുടെ ഉന്നത നേതൃത്വവും ഞങ്ങളെ അധിക്ഷേപിച്ചു. വിരോധാഭാസം എന്തെന്നാൽ കോൺഗ്രസ് ശിവസേനയുമായി സഖ്യത്തിലേർപ്പെടുകയും, അതേസമയം മതേതരമെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുന്നു. ഇൻഡ്യയിലെ മുസ്‌ലിംകളോടുള്ള പൊതു അസഹിഷ്ണുതയിൽ നിന്നാണ് ബിജെപിയുടെ വോട്ട് ബാങ്ക് ഉരുത്തിരിയുന്നത്. അതേസമയം, ഉവൈസി സമുദായത്തിന് ശബ്‌ദം നൽകി. ഇൻഡ്യൻ രാഷ്ട്രീയത്തിൽ അതിന്റെ നിർണായകമായ സ്ഥാനവും, ഒപ്പം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ മുസ്‌ലിം യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും വഴി അനിവാര്യമായ മാറ്റം കൊണ്ടുവരാനും ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താനും ഉവൈസിക്കും പാർട്ടിക്കും സാധിച്ചു.

രാജ് താക്കറെ

ഔറംഗാബാദിൽ ഇപ്പോൾ ഒരു പാസ്‌പോർട്ട് ഓഫീസുണ്ട്. കൂടാതെ മുടങ്ങിക്കിടന്നിരുന്ന ഒരു വിമാനത്താവളം പുനരുജ്ജീവിപ്പിക്കപ്പെട്ടു. സർക്കാർ ആശുപത്രിയിൽ കാൻസർ പരിശോധനക്കുള്ള ചെലവ് കുറഞ്ഞു. ഒരു എം‌എൽ‌എ എന്ന നിലക്ക് ഞാൻ നിയമസഭയിൽ ഉന്നയിച്ച വിഷയങ്ങളാണിവ. താമസിയാതെ ഔറംഗാബാദിനെ ഷിർദിയുമായി ബന്ധിപ്പിക്കുന്ന ഒരു ഹൈവേ ഞങ്ങൾ സ്ഥാപിക്കും. അപ്രകാരം ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കും. ഒപ്പം ടൂറിസം മേഖലയെ ഉയർത്തുകയും ചെയ്യും. ഉവൈസി പലതവണ പറഞ്ഞതുപോലെ, നമുക്ക് സ്വന്തമായൊരു മുഖ്യമന്ത്രിയോ സർക്കാറോ ഉണ്ടാവുക എന്നതല്ല ലക്ഷ്യം. മറിച്ച്, തുല്യ പ്രാതിനിധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. എന്തുകൊണ്ടാണ് യാദവന്മാർ ഒത്തുചേർന്ന് സമാജ്‌വാദി പാർട്ടി രൂപീകരിക്കുകയും, ബഹുജന്മാർ ബഹുജൻ സമാജ് പാർട്ടി രൂപീകരിക്കുകയും ചെയ്യുമ്പോൾ ആരും വിരലുയർത്താത്തത്?മറുവശത്ത്, കുറച്ച് മുസ്‌ലിംകൾ ഒത്തുചേർന്ന് ഒരു സംസ്ഥാനത്തെ വെറും അഞ്ചോ ആറോ സീറ്റുകളിൽ അവരുടെ പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മാത്രമാണ് അസ്വാരസ്യങ്ങൾ ഉണ്ടാവുന്നത്.

ആളുകൾ അസദുദ്ധീൻ ഉവൈസിയെ ‘രണ്ടാം ജിന്ന’ എന്ന് വിളിക്കുമ്പോൾ, കുറച്ച് വർഷങ്ങൾക്ക് മുൻപ് പാകിസ്ഥാനിൽ നടന്ന ഒരു പാനൽ ചർച്ചയിലേക്ക് എന്റെ ഓർമ മടങ്ങുകയാണ്. അവിടെ ഇൻഡ്യൻ മുസ്‌ലിംകളെ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന് വാദിച്ച കോൺഗ്രസിന്റെ മണിശങ്കർ അയ്യറിനും, ബിജെപിയുടെ കീർത്തി ആസാദിനും കടുത്ത ഭാഷയിൽ മറുപടി നൽകി. ഏഴ് വർഷത്തിലേറെയായി ഞാൻ ഉവൈസിയുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളിൽ വിശ്വസിക്കുന്ന ഇൻഡ്യക്കാർ, ന്യൂനപക്ഷങ്ങളുടെയും അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെയും ന്യായമായ പ്രാതിനിധ്യം, പാർശ്വവത്കരിക്കപ്പെട്ട ഗ്രൂപ്പുകളെ ഉൾപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യുന്നവർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം നിൽക്കണമെന്ന് എനിക്ക് ഉറപ്പോടെ പറയാൻ കഴിയും. ബീഹാറിലെ അഞ്ച് സീറ്റുകൾ ഇൻഡ്യയിലെ ‘അച്ഛാ ദിനിന്റെ’ തുടക്കമായേക്കാം.

എഐഎംഐഎമിന്റെ മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷനും ഔറംഗാബാദിൽ നിന്നുള്ള എംപിയുമാണ് ലേഖകൻ. 

കടപ്പാട്: ഔട്ട്ലുക്ക് ഇന്ത്യ

വിവർത്തനം: നദ നസ്റിൻ

  • https://magazine.outlookindia.com/story/india-news-make-space-for-three/30399
Top