ബപ്സ, ഫ്രറ്റേണിറ്റി, ജെഎന്‍യു : ചിന്‍മയ മഹാനന്ദ് സംസാരിക്കുന്നു

ഇത്തവണ ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ തിരഞ്ഞെടുപ്പിൽ അടിച്ചമർത്തപ്പെട്ടവരുടെ ഐക്യം എന്ന ആശയമുയർത്തി മത്സരിച്ച ബപ്സ (Birsa Ambedkar Phule Students’ Association) – ഫ്രറ്റേണിറ്റി സഖ്യം 25 ശതമാനത്തോളം വോട്ടാണ് നേടിയത്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ സാധ്യമാക്കിയ ഈ ഇലക്ട്രൽ മുന്നേറ്റത്തിന് പ്രസക്തിയേറെയാണ്. ഈ പശ്ചാത്തലത്തിൽ ബപ്സയുടെ സ്ഥാപക പ്രസിഡന്റായ ചിന്മയ മഹാനന്ദുമായി ബാസിൽ ഇസ്‌ലാം നടത്തിയ അഭിമുഖം.

ജെഎന്‍യുവിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തെ കുറിച്ചും അതിന്റെ സാമൂഹിക രാഷ്ട്രീയ  വീക്ഷണത്തെ കുറിച്ചും ബപ്സയുടെ സ്ഥാപക പ്രസിസന്റ് എന്ന നിലയിലുള്ള താങ്കളുടെ അനുഭവങ്ങൾ ചുരുക്കി വിവരിക്കാമോ? ഇത്തരമൊരു രാഷ്ട്രീയബോധം ഈ കാമ്പസില്‍ വികസിച്ചതെങ്ങനെ?

ഞാന്‍ ഒറീസയില്‍ നിന്ന് ജെഎന്‍യുവില്‍ വന്നുചേര്‍ന്നത്‌ 2009ലാണ്. അപ്പോൾ ഒരു രാഷ്ട്രീയ സംഘടന എന്ന നിലയില്‍ ബിഎസ്എഫും (Bahujan Students Federation) സാമൂഹിക സംഘടന എന്ന നിലയില്‍ യുഡിഎസ്എഫും (United Dalit Students Forum) ആയിരുന്നു  ഉണ്ടായിരുന്നത്. യുഡിഎസ്എഫ് ഉണ്ടായത് 1991ലാണ്. അവരാണ് ആദ്യത്തെ അംബേഡ്കറൈറ്റ് സംഘടന. മഹാരാഷ്ട്രയില്‍ നിന്നും യുപിയില്‍ നിന്നുമുള്ള അംബേഡ്കറൈറ്റ് വിദ്യാർഥികളാണ് അത് രൂപീകരിച്ചത്. അവരാണ് അംബേഡ്കർ ആശയ പ്രചാരണം ഈ കാമ്പസില്‍ തുടങ്ങിയത്. ഗോപാല്‍ ഗുരു ഒക്കെ അതിന്റെ ഭാഗമായിരുന്നു.

ചിന്മയ മഹാനന്ദ്

ബിഎസ്എഫ് അതിനും വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കാമ്പസില്‍ വരുന്നത്. അവരാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ആദ്യത്തെ അംബേഡ്കറൈറ്റ് പ്രസ്ഥാനം. രണ്ടായിരത്തി പന്ത്രണ്ടിലാണ് കാമ്പസ് ഫ്രണ്ടും ബിഎസ്എഫും ഒക്കെ ഇലക്ഷനിൽ വെവ്വേറെ മത്സരിക്കുന്നത്. ജെഎൻയു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെട്ട ആദ്യത്തെ മുസ്‌ലിം – ദലിത്‌ ബഹുജന്‍ സംഘടനകൾ ഇവ രണ്ടുമായിരുന്നു. പിന്നീട് ബിഎസ്എഫ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ആദ്യത്തേതിൽ അവര്‍ക്ക് പത്തു ശതമാനം വോട്ടു കിട്ടി. പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ ഐസയാണ് ആധിപത്യം നേടിയത്. എസ്എഫ്ഐ പിളര്‍ന്ന് ഡിഎസ്എഫ് ഉണ്ടാവുന്നതും ആയിടക്കാണ്.

2013ല്‍ യുഡിഎസ്എഫിന്റെ ഭാഗമായ ഒരു അംബേഡ്കറൈറ്റ് ആക്ടിവിസ്റ്റായ പിണ്ഡിക അംബേഡ്കർ എസ്എഫ്ഐ പാനലില്‍ മത്സരിച്ചു. ഇത് യുഡിഎസ്എഫില്‍ വലിയ ചര്‍ച്ചകള്‍ ഉണ്ടാക്കി. ഇടതുപക്ഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നേട്ടങ്ങൾക്കായി നമ്മുടെ സംഘടനകളെ ഉപയോഗിക്കുന്നു എന്ന പരാതി അതോടെ വ്യാപകമാവുകയും ഒരു സ്വതന്ത്ര രാഷ്ട്രീയ സംഘടന വേണമെന്ന ആശയം ശക്തമാവുകയും ചെയ്തു. ഒറീസയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ളവരുടേതായി രണ്ട് സ്റ്റഡി സര്‍ക്കിളുകൾ ഉണ്ടായിരുന്നു. അതിലുള്ള ചിലരും രാഷ്ട്രീയ സംഘടന ഉണ്ടാക്കണമെന്ന ആശയക്കാരായിരുന്നു. പിണ്ഡിക അംബേഡ്കറുടെ സംഭവം ഇത്തരം ആലോചനകളെ ശക്തമാക്കി. ഇതാണ് ബപ്സയുടെ തുടക്കത്തിനു കാരണമാവുന്നത്. 2014 കാമ്പസ് ഇലക്ഷന് ശേഷം നവംബര്‍ പതിനഞ്ചിനാണ് ബപ്സ രൂപീകരിക്കപ്പെട്ടത്‌. അതിനു ശേഷം 2015 മുതല്‍ ഞങ്ങള്‍ ഇലക്ഷനില്‍ മത്സരിച്ചു തുടങ്ങി. ഞാനായിരുന്നു ആദ്യത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥി. മൂന്നു സീറ്റുകളിലാണ് ആദ്യം മത്സരിച്ചത്.

രൂപീകരണത്തിനു ശേഷം എന്തെല്ലാം വിഷയങ്ങളാണ് ബപ്സ ഉയര്‍ത്തിയത്?

ജെഎന്‍യുവില്‍ അന്ന് ഉണ്ടായിരുന്നത് പരമ്പരാഗത രീതിയിലുള്ള പ്രവർത്തനങ്ങളാണ്. പ്രകടനങ്ങൾ, സാംസ്കാരിക പരിപാടികള്‍ ഒക്കെ സംഘടിപ്പിക്കുക, ലഘുലേഖകൾ വിതരണം ചെയ്യുക എന്നിങ്ങനെ. കലാസാംസ്കാരിക പോരാട്ടങ്ങൾക്കായി ഞങ്ങൾ ജയ് ഭീം കലാമഞ്ച് എന്ന വേദി രൂപീകരിച്ചു. അതിന്റെ കീഴിൽ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ഡെല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ജെഎന്‍യുവില്‍ നിന്നും സമാന ആശയക്കാരായ പ്രൊഫസര്‍മാര്‍ ഞങ്ങളോട് സഹകരിച്ചു. അത്തരമാളുകളുടെ പിന്തുണ നിര്‍ണായകമായിരുന്നു. സാമ്പത്തികമായും ആശയപരമായും അവരാണ് ഞങ്ങളെ സഹായിച്ചത്. ആദ്യ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു എല്ലാ അര്‍ഥത്തിലും ഈ പ്രസ്ഥാനത്തെ നിലനിർത്തിയത്.

ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്ന അംബേഡ്കറൈറ്റ് പ്രസ്ഥാനങ്ങള്‍ സംഘടനാ യോഗങ്ങളാണ് പ്രധാനമായും നടത്തിയിരുന്നത്. ഞങ്ങള്‍ കൂടുതല്‍ സമര പ്രകടനങ്ങളും പൊതുപരിപാടികളും നടത്താന്‍ തുടങ്ങി. ഈ രാജ്യത്ത് നടക്കുന്ന ദലിത് ബഹുജന്‍ ആദിവാസി മുസ്‌ലിം വിരുദ്ധ അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ ഞങ്ങള്‍ ഡല്‍ഹിയിലെ വിവിധ ഭരണകൂട സിരാകേന്ദ്രങ്ങളിലേക്ക് മാർച്ചുകൾ നടത്തി.

സമര രംഗത്തെ ഞങ്ങളുടെ ശക്തമായ ഇടപെടലുകൾ ഇടതുപക്ഷത്തിന്റെ ശ്രദ്ധയാകർഷിച്ചു. ഞങ്ങള്‍ ഒരു വെല്ലുവിളിയാണെന്ന് അവര്‍ക്ക് മനസ്സിലായി. ആദ്യ ഘട്ടങ്ങളില്‍ ഞങ്ങളോട് സഹകരിച്ചിരുന്നവർ 2015ലെ യൂണിയൻ തിരഞ്ഞെടുപ്പില്‍ ഞങ്ങൾ മത്സരിച്ചു തുടങ്ങിയതോടെ സഹകരണം നിർത്തിയിരുന്നു. എന്നാൽ ഇതോടെ ഇടതുപക്ഷം ഞങ്ങളുടെ സമരങ്ങൾ ഹൈജാക്ക് ചെയ്യാന്‍ തുടങ്ങി. ഞങ്ങളെ ബഹിഷ്കരിക്കാന്‍ അവര്‍ തീരുമാനിച്ചു. ബപ്സയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ അടുത്ത ഘട്ടം അവിടെ തുടങ്ങുകയായി.

ബപ്സയാണ് ജെഎന്‍യുവിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ശക്തമായി കടന്നു വന്ന അംബേഡ്കറൈറ്റ് പാര്‍ട്ടി. ആ നിലക്ക് ബപ്സ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?

ആദ്യ കാലത്ത് പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടിരുന്നു. പ്രവര്‍ത്തകരുടെ എണ്ണത്തിലും സാമ്പത്തികമായും പ്രതിസന്ധി നേരിട്ടിരുന്നു. പത്തോ പതിനഞ്ചോ പേര്‍ മാത്രമാണ്‌ അന്നൊക്കെ സജീവ പ്രവര്‍ത്തകരായി ഉണ്ടായിരുന്നത്. യുഡിഎസ്എഫിലെ പലരും ബപ്സ അനുഭാവികളായിരുന്നു. ബപ്സയിലെ പല പ്രവർത്തകർക്കും ഇത് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുള്ള ആദ്യാനുഭവമായിരുന്നതിനാല്‍ ലഘുലേഖകളും പോസ്റ്ററുകളും തയ്യാറാക്കുന്നതില്‍ പരിചയക്കുറവ്‌ നേരിട്ടിരുന്നു. ഇതൊക്കെ സാങ്കേതിക പ്രതിസന്ധികളായിരുന്നുവെങ്കില്‍, ഒപ്പം തന്നെ ഇടതുപക്ഷത്തിന്റെ വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. അവര്‍ ഞങ്ങളെ ആസൂത്രിതമായി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സമരപരിപാടിക്ക് പോയി ജയ് ഭീം എന്നൊക്കെ മുദ്രാവാക്യമുയർത്തിയാല്‍ മനഃപൂര്‍വം അവഗണിക്കുക, സ്വത്വ രാഷ്ട്രീയം പറയുന്നവരാണെന്നും കാമ്പസ് രാഷ്ട്രീയത്തിന് ഗുണം ചെയ്യില്ലെന്നും ആരോപിക്കുക. ഞങ്ങളെ സ്വത്വ രാഷ്ട്രീയത്തിലേക്ക് ഒതുക്കിക്കെട്ടുകയെന്നതാണ് ഇപ്പോഴും ഇടതു തന്ത്രം.

ദലിത് ബഹുജന്‍ വിഷയങ്ങള്‍ക്കപ്പുറത്തേക്ക് മത ന്യൂനപക്ഷങ്ങളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും കശ്മീര്‍, ആസാം പോലുള്ള പ്രാദേശീയ പ്രശ്നങ്ങളെയും അഭിമുഖീകരിക്കാന്‍  ബപ്സക്ക് കഴിയുന്നുണ്ട്. ഐക്യദാർഢ്യ രാഷ്ട്രീയത്തെ കുറിച്ചുള്ള ബപ്സയുടെ വീക്ഷണം എന്താണ്‌?

തുടക്കം മുതല്‍ക്കേ ബഹുജന്‍ ഐക്യം എന്ന ആശയം നമുക്കിടയിലുണ്ട്. പുതിയതായി ഉണ്ടായ ഒന്നല്ല ഈ ഐക്യദാർഢ്യ ബോധം. എസ് സി, എസ് റ്റി, ഒബിസി, മറ്റു ന്യൂനപക്ഷങ്ങള്‍ എന്നിവരെ കുറിച്ച് ബഹുജന്‍ എന്നാണ്‌ കാന്‍ഷിറാം പറഞ്ഞത്. ഇങ്ങനെ വലിയൊരു ആശയമാണ് ബഹുജന്‍ എന്നത്. പക്ഷേ ഇടതുപക്ഷം ഈ രാഷ്ട്രീയത്തെ ബിഎസ്പിയിലേക്ക് മാത്രമായി ഒതുക്കിക്കെട്ടാനാണ് ശ്രമിക്കുന്നത്.

ബഹുജന്‍ രാഷ്ട്രീയത്തിന്റെ വികാസമാണ് അടിച്ചമർത്തപ്പെട്ടവരുടെ ഐക്യപ്പെടലിലൂടെ സംഭവിക്കുന്നത്. ഈയൊരു ആശയത്തിലാണ് പ്രത്യയശാസ്ത്രപരമായും സാമൂഹികമായും വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും അടിച്ചമർത്തപ്പെട്ടവര്‍ തമ്മിലുള്ള ഐക്യം അനിവാര്യമാണെന്ന്‍ മനസിലാക്കുന്നതും അത്തരത്തില്‍ ഇടപെടുന്നതും.

ജെഎന്‍യുവില്‍ തുടക്കം മുതല്‍ തന്നെ എസ്ഐഒയും ബപ്സയും പരസ്യമായി പരസ്പര ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്. അത് കാമ്പസിലും പുറത്തും ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ രാഷ്ട്രീയ സൗഹൃദത്തിന്റെ ചരിത്രം എങ്ങനെയാണ്?

2015ൽ ബപ്സ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തുടങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയ ആദ്യത്തെ സംഘടനയും മുസ്‌ലിം സംഘടനയും എസ്ഐഒ ആണ്. അന്ന്‍ എസ്ഐഒവിനെ കുറിച്ച് ഞങ്ങള്‍ക്ക് വലിയ ധാരണ ഉണ്ടായിരുന്നില്ല. കാമ്പസിലെ മുൻനിര മുസ്‌ലിം ആക്റ്റിവിസ്റ്റും ഇപ്പോൾ ബപ്സ – ഫ്രറ്റേണിറ്റി സഖ്യത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയുമായ വസീം ആർ.എസുമായി നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നെങ്കില്‍ കൂടി സംഘടനയെ അടുത്തറിയുന്നത് അവര്‍ പിന്തുണ പ്രഖ്യാപിച്ചതിനു ശേഷമാണ്. എസ്ഐഒവിന്റെ ഈ പിന്തുണ ബപ്സക്കാര്‍ക്ക് ഒരുപാട് സന്തോഷമുണ്ടാക്കിയ കാര്യമായിരുന്നു. പിന്നീടുള്ള എല്ലാ വര്‍ഷങ്ങളിലും ഈ പിന്തുണ പരസ്പരം തുടര്‍ന്ന് പോരുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യമെന്ന സങ്കല്‍പത്തെ ഈ രാഷ്ട്രീയ സൗഹൃദം കൂടുതല്‍ വികസിപ്പിക്കുകയാണുണ്ടായത്.

ഞങ്ങൾക്ക് മതമൗലികവാദികളുടെ സഹായം ഉണ്ടെന്ന്‍ പറഞ്ഞുകൊണ്ട് ബപ്സ – എസ്ഐഒ സൗഹൃദത്തെ ആദ്യം വിമര്‍ശിച്ചത് എബിവിപിയല്ല, ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. എഐഎസ്എഫ്, എസ്എഫ്ഐ, ഐസ തുടങ്ങിയവരായിരുന്നു പ്രധാനികള്‍. ബപ്സയുടെ പ്രവര്‍ത്തകരെ എവിടെക്കണ്ടാലും വിളിച്ചുനിര്‍ത്തി ഈ വിഷയം പറഞ്ഞ് ആശയക്കുഴപ്പത്തിലാക്കാന്‍ അവര്‍ ആവത് ശ്രമിച്ചിരുന്നു. 

പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ക്കപ്പുറം എസ്ഐഒവിനെ ഞങ്ങള്‍ ബഹുജന്‍ ഐക്യത്തിന്റെ ഭാഗമായ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പ്രതിനിധിയായാണ് കാണുന്നത്. മുസ്‌ലിം സമുദായം അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ കൂടി ഇടപെടുന്ന മുസ്‌ലിം സംഘടന എന്ന നിലയില്‍ ഈ രാജ്യത്തെ സാമൂഹികമായ അടിച്ചമര്‍ത്തല്‍ മതപരമായി തന്നെ അനുഭവിക്കുന്ന സമുദായത്തിന്റെ ഭാഗമാണ് എസ്ഐഒ. അതുകൊണ്ട് ഇത്തരമൊരു സംഘടനയുമായി ഞങ്ങള്‍ക്ക് ചേരാതിരിക്കാനാവില്ല. ഐക്യമാണ് ആദ്യം ഉണ്ടാകേണ്ടത്. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിർത്തിക്കൊണ്ട് തന്നെ പരസ്പരം സഹകരിച്ചു മുന്നോട്ടുപോകാം.

തുടക്കം മുതലേ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ നിങ്ങളെ എതിര്‍ക്കുന്നുണ്ട്. ഇവരുമായുള്ള രാഷ്ട്രീയ സമരങ്ങള്‍ എങ്ങിനെയാണ് മുന്നോട്ടു പോകുന്നത്?

പ്രത്യയശാസ്ത്രപരമായി ഞങ്ങളും ഇടതുപക്ഷവും തമ്മില്‍ രൂക്ഷമായ സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. ഇവിടെയുള്ളത് സവര്‍ണ ഇടതുപക്ഷം മാത്രമാണ്. അവര്‍ ഒരിക്കലും ഇടതുപക്ഷമല്ല. മാർക്സിസത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സവര്‍ണ കൂട്ടായ്മകള്‍ മാത്രമാണ്. ഇവര്‍ ശരിക്കും കപടന്മാരാണ്. കാന്‍ഷിറാം പറഞ്ഞതുപോലെ പച്ചിലപ്പുല്ലിലെ പച്ചപ്പാമ്പാണിവര്‍. അവര്‍ ഞങ്ങളുടെ ഭാഷ സംസാരിക്കും. അവര്‍ വിപ്ലവത്തെപ്പാറ്റി പറയും. എന്നാല്‍ അവർ ഞങ്ങളെ അടിച്ചമർത്തുകയും ചെയ്യും. മാര്‍ക്സിന്റെയും ലെനിനിന്റെയും വിപ്ലവത്തിന്റെയും പേരിൽ അവര്‍ ഇവിടെ ഇൻഡ്യയിലെ ബഹുജന്‍ പ്രസ്ഥാനങ്ങളെ ഇകഴ്ത്തിക്കാട്ടും. ഇൻഡ്യന്‍ ഇടതുപക്ഷം സവര്‍ണ ഇടതുപക്ഷമാണ്. സവർണർ മാത്രമാണ് നേതൃത്വത്തിൽ ഉണ്ടാകുക. അവര്‍ക്കുവേണ്ടി കൊല്ലപ്പെടാന്‍ മാത്രമാണ് അവര്‍ണരും ബഹുജനങ്ങളും വിധിക്കപ്പെട്ടിട്ടുള്ളത്.

വസീം ആർ.എസും ജിതേന്ദ്ര സുനയും

കഴിഞ്ഞ ദിവസം ജിതേന്ദ സുന തന്റെ പ്രസിഡൻഷ്യൽ പ്രസംഗത്തില്‍ ആര്‍എസ്എസിനെ ഭീകരവാദ പ്രസ്ഥാനമായി വിശേഷിപ്പിച്ചു. ഇടതുപക്ഷത്തില്‍ നിന്ന് വ്യത്യസ്തമായാണ് ബപ്സ ആര്‍എസ്എസിനെയും എബിവിപിയെയും നോക്കിക്കാണുന്നത്. ഇടതുപക്ഷം വര്‍ഗീയത / മതേതരത്വം എന്ന ദ്വന്ദത്തിലൂടെയാണ് ആര്‍എസ്എസിനെ നിര്‍വചിക്കുന്നത്. എന്നാല്‍ ഞങ്ങളുടേത് വേറെ സമീപനമാണ്. ആർഎസ്എസിനെ ആഗോള തലത്തിലുള്ള ഫാസിസം മാത്രമായി ചുരുക്കാന്‍ കഴിയില്ല. ഇൻഡ്യന്‍ സാഹചര്യത്തില്‍, ആര്‍എസ്എസ് എന്നത് ബ്രാഹ്മിൺ ഭീകരതയാണ്. അവരാണ് അതിനു നേതൃത്വം നല്‍കുന്നത്. അവരാണ് ദലിതുകളും ആദിവാസികളെയും മുസ്‌ലിംകളെയും ആക്രമിക്കുന്നത്. 

സവര്‍ണരാണ് ഇൻഡ്യയിലെ യഥാര്‍ഥ ഭീകരര്‍. അതുകൊണ്ടാണ് ഞങ്ങള്‍ ഏറ്റവും വലിയ ഭീകരവാദി ബ്രാഹ്മിൺവാദി ബ്രാഹ്മിൺവാദി എന്നു ഞങ്ങള്‍ വിളിക്കുന്നത്. ഞങ്ങളാണ് ഈ മുദ്രാവാക്യം ആദ്യം കാമ്പസില്‍ കൊണ്ടുവരുന്നത്. ആര്‍എസ്എസിനെ മനുസ്മ്രിതിയെക്കുറിച്ചുള്ള വ്യവഹാരമായി തിരിച്ചറിഞ്ഞ് കാമ്പസില്‍ അവതരിപ്പിച്ചത് ഞങ്ങളാണ്. ഈയടുത്ത് മാത്രമാണ് ഇടതുപക്ഷം അതേറ്റെടുത്തത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി നിങ്ങൾ ഒരു സഖ്യം ഉണ്ടാക്കിയിരിക്കുകയാണ്. അതും ഫ്രറ്റേണിറ്റി എന്ന പ്രസ്ഥാനവുമായി. രാഷ്ട്രീയ സഖ്യങ്ങളെക്കുറിച്ചുള്ള ബപ്സയുടെ കാഴ്ചപ്പാട് വിശദീകരിക്കാമോ?

ഇടതുപക്ഷവുമായി സഖ്യത്തില്‍ വരാന്‍ ഞങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല. അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളുടെ ഭാഗമായ സംഘടനകളോട് മാത്രമേ ഞങ്ങള്‍ സഖ്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയൂ. അവരോടു മാത്രമേ ഐക്യങ്ങള്‍ സാധ്യമാകൂ. വിവിധ  അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളുടെ ശാക്തീകരണത്തിനു വേദിയൊരുക്കുക എന്നതാണ് ബപ്സ ലക്ഷ്യം വെയ്ക്കുന്നത്. എന്നുവെച്ച് എല്ലാവരുടെയും വല്യേട്ടൻ ആവാന്‍ ഞങ്ങള്‍ക്ക് താൽപര്യമില്ല. എല്ലാവരും സ്വയം സംസാരിക്കട്ടെ. പക്ഷേ ഐക്യം പ്രധാനമാണ്.

ഈ കാമ്പസുകളില്‍ നിലനില്‍ക്കുന്ന സവര്‍ണ അപ്രമാദിത്തം ഇല്ലാതാക്കാന്‍ അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളുടെ ഐക്യം കൂടിയേ തീരൂ. സവര്‍ണ മേല്‍ക്കോയ്മ ഘടനപരമായി നിലനിൽക്കുന്നുണ്ട്. അതിനു രാഷ്ട്രീയപരവും അക്കാദമികപരവുമായ മാനങ്ങളുണ്ട്. മിക്ക പ്രൊഫസര്‍മാരും സവര്‍ണരാണ്. വിദ്യാര്‍ഥി  രാഷ്ട്രീയ നേതൃത്വവും സവര്‍ണര്‍ക്കാണ്. അവരാണ് ജെഎന്‍യുവില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ നിർമിക്കുന്നത്. ബപ്സ ഈ മേഖലകളിലെ സവര്‍ണ മേല്‍ക്കോയ്മയെ വെല്ലുവിളിക്കുന്നു.

ഞങ്ങളുടെ ലക്ഷ്യം അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളുടെ ഇടയില്‍ ഈ വിഷയത്തില്‍ അവബോധം ഉണ്ടാക്കാനാണ്. അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങൾ സ്വയം സംഘടിച്ചാലേ ഈ കാമ്പസില്‍ മാറ്റം വരൂ. മുസ്‌ലിംകളെയും ദലിതുകളെയും മറ്റു അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളെയും വോട്ടു ബാങ്ക് മാത്രമായി ഉപയോഗിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അതാണ്‌ അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളുടെ സ്വന്തം സംഘടനകളെ ആവശ്യമാകുന്നതും അവരുടെ ഐക്യം പ്രധാനമാക്കുന്നതുമായ രാഷ്ട്രീയ സാഹചര്യം. 

ബപ്സ – ഫ്രറ്റേണിട്ടി സഖ്യം ഉയർത്തിക്കൊണ്ടുവരുന്ന പ്രധാനപ്പെട്ട ചർച്ചകളിലൊന്ന് ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ടാണ്. ഇസ്‌ലാമോഫോബിയയും മുസ്‌ലിം പ്രശ്നങ്ങളും ഇന്ത്യന്‍ ദേശീയതക്കകത്ത് നില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളുമല്ല. ആ സാഹചര്യത്തിൽ ദേശീയ പ്രശ്നങ്ങള്‍ മാത്രം പരിഗണിച്ചാല്‍ മുസ്‌ലിം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എങ്ങിനെയാണ് ഈ പ്രശ്നത്തെ നോക്കിക്കാണുന്നത്?

കഴിഞ്ഞ വർഷം ഞാന്‍ പഠനവശ്യാര്‍ഥം  ലിത്വാനിയയില്‍ പോയിരുന്നു. കിഴക്കന്‍ യുറോപ്പിന്റെയും സോവിയറ്റ് യൂണിയന്റെയും ഭാഗമായ രാജ്യമാണത്. അവിടെ മുസ്‌ലിംകള്‍ വളരെ കുറവാണ്. പക്ഷേ ബഹുഭൂരിപക്ഷം ജനങ്ങൾക്കും മുസ്‌ലിംകളെ കുറിച്ച് അറിയില്ലെങ്കിലും അവരെ മുസ്‌ലിംകളെ ഭയക്കുന്നു. ഇതെന്നെ ഇരുത്തിചിന്തിപ്പിച്ചു. ഇസ്‌ലാം ഇല്ലെങ്കിലും ഇസ്‌ലാമിനെ ആളുകള്‍ ഭയക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നു. ഇത് മനസിലാകാന്‍ വളരെ പ്രയാസമുണ്ട്. ആ അര്‍ഥത്തില്‍ ഇസ്‍ലാമോഫോബിയ വളരെ സങ്കീര്‍ണമാണ്.

ഇന്ത്യയില്‍ നല്ലൊരു ശതമാനം മുസ്‌ലിംകള്‍ ഉണ്ട്. ഇവിടെ അത്തരത്തിലുള്ള ഒരു ഭയം സൃഷ്ടിക്കപ്പെടാനുള്ള സാഹചര്യം വളരെ വ്യത്യസ്തമാണ്. മുസ്‌ലിംകളെ അറിയുന്നവര്‍ക്കിടയിലാണ് ഇസ്‌ലാമോഫോബിയ നിലനിൽക്കുന്നത്. പക്ഷേ യൂറോപ്പില്‍ മുസ്‌ലിംകള്‍ ഇല്ലെങ്കിലും ഇസ്‌ലാമോഫോബിയ നിലനിൽക്കുന്നു. ഇക്കാര്യം നിരവധി അന്താരാഷ്ട്ര സ്വഭാവമുള്ള അംബേഡ്കറൈറ്റ് സംഘടനകളും തിരിച്ചറിയുന്നുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രവര്‍ത്തിക്കുന്ന പല അംബേഡ്കറൈറ്റ് ആക്റ്റിവിസ്റ്റുകളും ഞങ്ങളോടിത് പറയുന്നുണ്ട്. അവര്‍ അവിടങ്ങളിലെ മുസ്‌ലിം പ്രശ്നങ്ങളുമായി ഇടപെടുന്നുണ്ട്. ഇസ്‌ലാമോഫോബിയക്കെതിരെ പോരാടുന്നുണ്ട്. മുസ്‌ലിംകളെ സാമ്രാജ്യത്വ അധീശ ശക്തികള്‍ ക്രിമിനല്‍വൽക്കരിക്കുന്നുണ്ടെന്നത് നാം തിരിച്ചറിയേണ്ടത് അനിവാര്യമാണ്. 

തുടക്കത്തിൽ ബപ്സക്ക് ഈ വിഷയത്തില്‍ വ്യക്തത കുറവായിരുന്നു. ഞങ്ങള്‍ ദലിത് സമുദായ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളിൽ മുഴുകിയതിനാല്‍ മറ്റു സമുദായങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ ആ അര്‍ഥത്തില്‍ വ്യക്തതയോടെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല, അധീശ വ്യവഹാരങ്ങളാണ് നമ്മെ നിയന്ത്രിക്കുന്നതും. അത് മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര തലത്തിലുള്ള അംബേഡ്കർ കാഴ്ചപ്പാടുകളുടെ സ്വാധീന ഫലമായി ബപ്സ ഇസ്‌ലാമോഫോബിയയെ കുറിച്ച് വളരെ ഗൗരവപൂര്‍ണമായ സമീപനമാണ് എടുക്കുന്നത്. അന്താരാഷ്ട്ര പ്രശ്നങ്ങളിലും ദേശീയ പ്രശ്നങ്ങളിലും കൂടുതല്‍ ജാഗ്രതയോടെ ഇസ്‌ലാമോഫോബിയയെ മനസിലാക്കാന്‍ ബപ്സ ശ്രമിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിലും അത്തരം സംവാദങ്ങള്‍ ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു.

അടിച്ചമർത്തൽ നേരിടുന്ന സമുദായങ്ങളെ അവർ കൂടുതൽ മതപരത പുലർത്തുന്നുവെന്ന കാരണത്താൽ അകറ്റി നിർത്താന്‍ ഞങ്ങള്‍ തയ്യാറല്ല. സെക്കുലരിസം ആ രീതിയില്‍ മതവിരുദ്ധമായി മാറ്റേണ്ടതില്ല. ന്യൂനപക്ഷ മതങ്ങളെയും അവരുടെ രാഷ്ട്രീയത്തെയും സംരക്ഷിക്കലാണ് രാഷ്ട്രീയപരമായി പ്രധാനം. ഇത് ജനാധിപത്യ സംവിധാനത്തിനും ഭരണഘടനക്കും അനുസരിച്ചാണ്. ഒരോ മത സമുദായത്തിനും വ്യത്യസ്ത സംസ്കാരവും രാഷ്ട്രീയവും ചരിത്രവുമുണ്ട്‌. അതിനെയൊക്കെ മാനിക്കാന്‍ ഈ രാജ്യം പഠിക്കേണ്ടതുണ്ട്. അതിനാലാണ് ഈ വിഷയങ്ങളില്‍ അടിച്ചമർത്തപ്പെട്ടവരുടെ ഐക്യം ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്. അതില്‍ വെല്ലുവിളികളുണ്ടാകും. എന്നാല്‍ അതിനോട് സന്ധിയാവുകയല്ല; മറിച്ച് നിരന്തരമായി സംവദിക്കുകയാണ് വേണ്ടത്. അതാണ്‌ ഈ കാലത്ത് പ്രധാനം.  

Top