ഗുരു രവിദാസ്, ദലിത് പ്രക്ഷോഭം: ഹരീഷ് വാംഖഡെയുമായി അഭിമുഖം

ദലിത് സമുദായാംഗങ്ങൾ ഏറെ ആദരിക്കുന്ന ആത്മീയ ഗുരുവും കവിയുമായിരുന്ന ഗുരു രവിദാസിന്റെ തുഗ്ലക്കാബാദിലുള്ള പുരാതന ക്ഷേത്രം സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം ഡിഡിഎ പൊളിച്ചത് ഉത്തരേന്ത്യയിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ ദലിത് പ്രക്ഷോഭ മുന്നേറ്റങ്ങളെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകനും ജെഎൻയുവിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസറുമായ ഡോ.ഹരീഷ് വാംഖഡെയുമായി ബാസിൽ ഇസ്‌ലാം നടത്തിയ അഭിമുഖം. 

ഗുരു രവിദാസിന്റെ ക്ഷേത്രം പൊളിച്ചതിനെ തുടർന്നുണ്ടായ ദലിത് പ്രക്ഷോഭങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങാം എന്ന് കരുതുന്നു. ഈ സംഭവത്തെ എങ്ങനെയാണ് മനസിലാക്കേണ്ടത്?

തീർച്ചയായും. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. എന്തുകൊണ്ടെന്നാൽ, പറയപ്പെടുന്ന വിശാല ഹിന്ദു സമൂഹത്തിന്റെ ഭാഗമല്ലെന്ന് നിരന്തരം വാദിക്കുന്നവരാണ് രവിദാസിയ സമുദായം. പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല, ലോകവ്യാപകമായി സ്വാധീനമുള്ള ഒരു വിഭാഗമാണ് രവിദാസിയകൾ. അതുകൊണ്ടുതന്നെ, ഇതു പോലൊരു സംഗതി സംഭവിക്കുമ്പോൾ – ഗുരു രവിദാസിന്റെ ഒരു പുരാതന ക്ഷേത്രം തകർത്തിരിക്കുന്നു – അതിന്റെ പ്രകമ്പനങ്ങൾ ദില്ലിയിലോ ഹരിയാനയിലോ മാത്രമല്ല ഉണ്ടാവുക. ലോകവ്യാപകമായി, പ്രതിഷേധ പരിപാടികൾ – ലണ്ടനിലും കാനഡയിലും മറ്റും സംഘടിപ്പെടുകയുണ്ടായി. ക്ഷേത്രം തകർത്തതിലൂടെ രവിദാസിയകൾക്ക് അതുമായി ഉണ്ടായിരുന്ന വൈകാരികവും സാംസ്കാരികവുമായ ബന്ധത്തെയാണ് ശക്തമായ പ്രതിഷേധം ഉണ്ടാകും എന്നാലോചിക്കാതെ ഭരണകൂടം ചോദ്യംചെയ്തതും ഇല്ലാതാക്കാൻ ശ്രമിച്ചതും. 

ദില്ലിയിൽ നടന്ന പ്രക്ഷോഭ റാലി (കടപ്പാട്:കാരവൻ)

ഈ പ്രവൃത്തിയോടുള്ള പ്രതികരണം വളരെ സ്വാഭാവികമായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള ഒരു ആസൂത്രിതമായ ഏകോപമല്ല ഇവിടെ സംഭവിച്ചത്. ഭരണകൂടം കരുതിയത് അനധികൃതമായ നിർമിതിയെന്ന പേരിൽ ഈ ക്ഷേത്രം പൊളിച്ചുമാറ്റുന്നത് വെറും നിയമപ്രശ്നമായി നിലകൊള്ളുമെന്നാണ്. എന്നാൽ വിഷയം അതിലുപരിയായി രാഷ്ട്രീയപരവും സാംസ്‌ക്കാരികവും മതപരവുമായ ഒരു പ്രശ്നമായി വളരുകയാണ് ഉണ്ടായത്. ഓഗസ്റ്റ് 21ന് രാംലീല മൈതാനിയിൽ നിന്നാരംഭിച്ച പ്രതിഷേധ സംഗമത്തിൽ നാം കണ്ട ജനസാഗരം അതിന്റെ പ്രതിഫലനമായിരുന്നു. രവിദാസിയകളും ദലിതർ പൊതുവിലും എങ്ങനെ പ്രതികരിക്കും എന്നാലോചിക്കാതെ പ്രവർത്തിച്ചതിലൂടെ വലിയ അബദ്ധമാണ് സംഘപരിവാർ ഭരണകൂടം കാണിച്ചത്. 

ഗുരു രവിദാസിനെയും രവിദാസിയകളെയും കുറിച്ച് ഒന്നുകൂടി വിശദീകരിക്കാമോ?

ഹിന്ദുത്വ ശക്തികളുടെ സ്വാംശീകരണ പ്രക്രിയക്കെതിരെ ശക്തമായി നിലകൊണ്ട വ്യതിരിക്തമായ ഒരു മതവിഭാഗമാണ് അവർ. ഇൻഡ്യയിൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ തന്നെ വേരുകളുള്ള ഒരു വിശാല സമൂഹമാണ് അവരിന്ന്. അവർക്ക് സ്വന്തമായി ചരിത്രപരമായ ഒരു സഞ്ചാരഗതിയുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ ഗുരു രവിദാസ്‌ നടത്തിയ വൈദിക – ബ്രാഹ്മണ്യ ജാതി സമൂഹത്തിന്റെ നിരാകരണം ഇൻഡ്യ കണ്ട വിപ്ലവാത്മകമായ ഒരു പ്രവൃത്തിയായിരുന്നു. രവിദാസികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ അനുയായികൾ ഭൂരിഭാഗവും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരാണ്. അതിൽത്തന്നെ ഒട്ടുമിക്കപേരും ദലിതരാണ്. അവരുടെ സാംസ്കാരിക ക്രമീകരണങ്ങളും ബാക്കിയുള്ള ദലിത് ജാതിക്കാരുടേതിൽ നിന്നും വ്യത്യസ്തമാണ്.

രവിദാസികൾക്കിടയിൽ തന്നെ ഒരു വിഭാഗം വാദിക്കുന്നത് തങ്ങൾ വലിയൊരു സിഖ് സമുദായത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ്. പതിനാലാം നൂറ്റാണ്ടിൽ ഗുരു നാനക്ക് സിഖിസത്തെ മതമായി സ്ഥാപിച്ചപ്പോൾ അത് ബ്രാഹ്മണ – വേദ അടിസ്ഥാനത്തിലുള്ള ഹിന്ദുയിസത്തെ പ്രതിരോധിക്കാനുള്ള ഒരു ശക്തമായ മാർഗമായി കണക്കാക്കിയിരുന്നു. എന്നാൽ സിഖ് സമുദായത്തിനുള്ളിൽ തന്നെ ആരെയാണ് ബഹുമാനിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് പല വീക്ഷണങ്ങൾ ഉണ്ടായി. ഭൂരിഭാഗവും ഗുരു ഗ്രന്ഥ് സാഹിബുൾപ്പെടുന്ന പത്തു ഗുരുക്കന്മാരെ ആദരിക്കണമെന്ന് പറഞ്ഞപ്പോൾ രവിദാസിയകൾ ഗുരു രവിദാസിനെയും ആ ഗുരു പാരമ്പര്യത്തിൽ ഉൾപ്പെടുത്തണമെന്ന് വാദിച്ചു. എന്നാൽ സമുദായത്തിൽ മേൽകോയ്മയുള്ള പ്രമാണിമാർ അത് തള്ളിക്കളയുകയാണ് ഉണ്ടായത്. ഈ അരികുവൽക്കരണം സിഖിസത്തിൽ നിന്നും മാറിക്കൊണ്ട് മറ്റൊരു ബദലിനെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും അങ്ങനെ അവർ സ്വതന്ത്രമായ ഗുരുദ്വാരകളും രവിദാസ് ക്ഷേത്രങ്ങളും ദേരകളും ഉണ്ടാക്കുകയുണ്ടായി.

ഗുരു രവിദാസ്

ഇത്തരത്തിൽ ഒരേസമയം സിഖിസവുമായും ഹിന്ദുയിസവുമായും സംഘർഷത്തിലുള്ള ഒരു വിഭാഗമാണ് രവിദാസികൾ. ഹിന്ദു ജാതി വ്യവസ്ഥക്കെതിരെയും സിഖുകൾക്കിടയിലെ വരേണ്യാധിപത്യത്തിനെതിരെയും ശക്തമായി നിലയുറപ്പിക്കാൻ അവർക്ക് കഴിയുന്നത് അതുകൊണ്ടാണ്. രവിദാസിയകൾ സ്വയം വിശേഷിപ്പിക്കുന്നത് ഒരു സ്വതന്ത്ര സാമൂഹിക സാംസ്കാരിക മതവിഭാഗമായാണ്. അവർക്ക് സ്വാതന്ത്രമായ മൂല്യവ്യവസ്ഥയും ആചാരങ്ങളും സംസ്കാരവും ഉണ്ട്. 

നിലവിലുള്ള ഇൻഡ്യയുടെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ ദലിത് പ്രക്ഷോഭ മുന്നേറ്റങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നത്? അതിന് കാരണമാകുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

ഇപ്പോൾ ഭരണത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള വലിയ പ്രക്ഷോഭങ്ങൾ പരിശോധിച്ചാൽ വർഗാടിസ്ഥാനത്തിലുള്ള ഒരു ജനമുന്നേറ്റം – പൊതുവെ ഇടതുപക്ഷത്തു നിന്ന് ഇല്ലെന്ന് നമുക്ക് മനസിലാകും. മിക്ക നഗരങ്ങളിലും സംഭവിച്ച ട്രേഡ് യൂണിയൻ രാഷ്ട്രീയത്തിന്റെ പരാജയത്തോടെ ഉദാരവൽക്കരണ കമ്പോള നയങ്ങളും രാഷ്ട്ര താൽപര്യങ്ങളും തമ്മിൽ സംഘർഷങ്ങൾ ഇല്ലാതായിരിക്കുന്നു. 

ഒപ്പം ഏറെ അക്രമങ്ങൾ നേരിടുന്നവരായിട്ടും പലയിടത്തും മുസ്‌ലിം വിഭാഗങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിന് മടിക്കുന്ന ഒരവസ്ഥയും നിലനിൽക്കുന്നുണ്ട്. കാരണം മുസ്ലിം പ്രക്ഷോഭങ്ങളെ വർഗീയ ചാപ്പയടിച്ച് നേരിടുന്നതിൽ ഇന്ത്യയിൽ ഒരു പൊതു സമ്മിതിയുണ്ട്. ബാക്കി പിന്നോക്ക സമുദായങ്ങളുടെയും (ഓബിസി) അവസ്ഥ ഏകദേശം ഇതുപോലെത്തന്നെയാണ്. എടുത്തു പറയാവുന്ന ചിലതുണ്ടായിട്ടുള്ളത് മഹാരാഷ്ട്ര ക്രാന്തി മോർച്ച ഓബിസി സംവരണത്തിന് വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളാണ്. 

ബ്രാഹ്മണ ഫാസിസ്റ്റ് ക്രമത്തിനെതിരെ നിരന്തരമായി തെരുവിലുള്ളത് ദലിതുകൾ മാത്രമാണെന്ന് ഞാൻ വാദിക്കും. കഴിഞ്ഞ നാലഞ്ചു വർഷത്തെ സംഭവങ്ങൾ എടുത്തുനോക്കിയാൽ – പ്രത്യേകിച്ച് രോഹിത് വെമുല സംഭവം, രാജ്യത്തെ വ്യത്യസ്ത സർവകലാശാലകളിൽ നടന്ന പ്രതിഷേധങ്ങൾ, ഉന പ്രക്ഷോഭം, മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവ് – ഇങ്ങനെ നോക്കിയാൽ ദലിതുകൾ തെരുവിലെ പോരാട്ടങ്ങളിൽ സജീവമാണ്. ഈയൊരു ബൃഹത്തായ ശൃഖലയിലെ ഏറ്റവും പുതിയ കണ്ണിയായാണ് രവിദാസിയ പ്രക്ഷോഭത്തെ കണക്കാക്കേണ്ടത്.

പട്ടിക ജാതി വിഭാഗത്തിൽ പെട്ടവരാണ് രവിദാസിയ സമുദായം. സ്വന്തം മതപരവും സാംസ്‌ക്കാരികവുമായ മൂല്യങ്ങൾക്കെതിരായ അതിക്രമങ്ങളെ തങ്ങൾ കയ്യുംകെട്ടി നോക്കിയിരിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ഈ സംഭവം നൽകുന്നത്. 

ഇങ്ങനെയൊക്കെയാണ് ഇന്ത്യയിലെ വലതുപക്ഷത്തെ നിരന്തമായി ഉന്നംവെക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന വിഭാഗമായി ദലിതർ മാറുന്നത്. ബ്രാഹ്മണ്യാധിപത്യം നിലനിൽക്കുന്ന നീതിന്യായ വ്യവസ്ഥയേക്കാൾ, ഭരണകൂടത്തേക്കാൾ ഞങ്ങൾക്ക് പ്രതീക്ഷ പ്രക്ഷോഭ മുന്നേറ്റങ്ങളിലൂടെ കരസ്ഥമാക്കുന്ന സാമൂഹിക നീതിയിലാണ്. അതിലൂടെയാണ് ഞങ്ങൾ ജീവിക്കുന്നത്. അക്രമങ്ങൾക്കും നീതികേടിനുമെതിരെ നിരന്തരം നാം ഉയർത്തുന്ന ഒച്ചപ്പാടുകൾ ഭരണകൂടത്തിന് ഏതെങ്കിലും തരത്തിൽ കുറ്റബോധം സൃഷ്ടിക്കുകയും അങ്ങനെ അവർ കുറച്ചുകൂടി സംവേദനാത്മകമായി പ്രതികരിക്കുകയും ചെയ്യുമെന്ന് കരുതുന്നു. 

എങ്കിലും ദേശീയതലത്തിൽ പരസ്പര ബന്ധിതമായ ഒരു ബോധം പല ഭാഗത്ത് സംഭവിക്കുന്ന ദലിത് പ്രക്ഷോഭ മുന്നേറ്റങ്ങൾ തമ്മിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നുണ്ടോ?

ആദ്യ ഘട്ടങ്ങളിൽ ദലിതർ തമ്മിൽ അത്തരമൊരു ബോധനിർമിതിയും ഐക്യവും സാധ്യമാകുമെന്ന് കരുതിയിരുന്നു. എന്നാൽ, ഉത്തരേന്ത്യയിലെ വലിയ ദലിത് പ്രക്ഷോഭങ്ങൾ പലപ്പോഴും ദില്ലി, ഹരിയാന, പഞ്ചാബ് എന്ന വൃത്തത്തിലാണ് സംഭവിക്കുന്നത്. അതൊരിക്കലും ദലിതർക്ക് സ്വാധീനമുള്ള ഉത്തർപ്രദേശോ മഹാരാഷ്ട്രയോ പോലെയുള്ള വിശാല ഇടങ്ങളിലേക്ക് വളർന്നട്ടില്ല. അതിനാൽ, ദലിതർ തമ്മിലുണ്ടാവേണ്ട സാഹോദര്യ ബോധം പ്രക്ഷോഭങ്ങളിൽ എവിടെയോ നഷ്ടപ്പെട്ടിട്ടുണ്ടാകാം. മഹാരാഷ്ട്രയുടെ കാര്യത്തിൽ അത്തരമൊരു ബന്ധുത്വം നിർമിക്കുന്നതിൽ അവർ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ യുപിയിൽ ഒന്നുരണ്ട് പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ പാർട്ടിയായ ബിഎസ്പിയും പല അവസരത്തിൽ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുമുണ്ട്. 

(കടപ്പാട്: കാരവൻ)

ഞാൻ പറഞ്ഞു വരുന്നത്, ദലിത് സമുദായങ്ങൾ തമ്മിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ പരസ്പര ബന്ധം നിലനിൽക്കുന്നില്ല എന്നാണ്. ക്ഷേത്രം തകർത്തപ്പോൾ അതിനോട് രവിദാസിയകൾ അവരുടേതായ പ്രതികരണ മാർഗമാണ് സ്വീകരിച്ചത്. മറ്റു ദലിത് സമുദായങ്ങളുമായി കൂടിയാലോചനയോ ഐക്യപ്പെടലോ ദേശീയതലത്തിൽ അവിടെയുണ്ടായില്ല. അതുകൊണ്ടാവാം വളരെയധികം സാധ്യതകളുണ്ടായിരുന്ന ഒരു വലിയ മുന്നേറ്റം (നിഷ്ഫലമായി എന്നു ഞാൻ പറയില്ല,) മറ്റു ഭാഗങ്ങളിൽ തുടർച്ച കിട്ടാതായിപ്പോയത്. അങ്ങനെ അത് മറ്റൊരു ഉത്തരേന്ത്യൻ പ്രതികരണമായി ഒതുങ്ങിപ്പോയത്. 

പുറത്തുനിന്ന് രവിദാസിയ പ്രക്ഷോഭത്തെ നോക്കിക്കാണുമ്പോൾ, ഇത് ക്ഷേത്രം തകർത്ത സംഭവത്തിൽ ‘മന്ദിർ വഹീ ബനായേങ്കേ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് (രാമജന്മഭൂമി പ്രക്ഷോഭത്തിലെ ആർഎസ്എസ് മുദ്രാവാക്യം) പ്രതിഷേധിക്കുന്ന കുറേ വിശ്വാസികൾ മാത്രമാണ് എന്നാണ് ലിബറൽ വിമർശനം. അപ്പോൾ ഈ മുന്നേറ്റത്തിന് എങ്ങനെയാണ് സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കാൻ കഴിയുക?

അങ്ങനെയല്ല. ആർഎസ്എസും ഈ ദലിത് പ്രക്ഷോഭവും തമ്മിലുള്ള സാംസ്കാരിക വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. തീർച്ചയായും ദലിതുകൾക്ക് സ്വന്തമായ സാംസ്കാരിക മൂല്യങ്ങളും മതപരമായ ആചാരങ്ങളും ഉണ്ട്.

ഒപ്പം തന്നെ, ഇതുപോലെയുള്ള ബദൽ മത സംസ്കാരങ്ങൾ (alternative religious cultures) – മഹാരാഷ്ട്രയിൽ അംബേഡ്കറുടെ നേതൃത്വത്തിൽ ബുദ്ധമതം സ്വീകരിച്ചവർ, പഞ്ചാബിലും ഹരിയാനയിലുമുള്ള രവിദാസിയകൾ, ദക്ഷിണേന്ത്യയിലെ ദലിത് ക്രൈസ്തവർ എല്ലാം തന്നെ ബിജെപിക്ക് കല്ലുകടി സൃഷ്ടിക്കുന്നുണ്ട്. സമൂഹത്തിലെ ഉന്നതരുടെ ആധിപത്യത്തിനെതിരായ പ്രതിഷേധമായി ഈ സംസ്കാരങ്ങളെയോ മതംമാറ്റത്തെയോ മനസിലാക്കാത്തത് കൊണ്ടും, ഇത്തരം ബദലുകളോട് സംവദിക്കാൻ ജാതി പ്രശ്നങ്ങളെ കൃത്യമായി നേരിടേണ്ടിവരും എന്നതുകൊണ്ടുമാണ് ബിജെപിയോ ആർഎസ്എസോ രവിദാസിയ ക്ഷേത്ര വിഷയം ഏറ്റെടുക്കാൻ മടിക്കുന്നത്. 

മതപരമായ വിഷയമെന്ന നിലയിൽ യാതൊരു വിധത്തിലുള്ള മുതലെടുപ്പിനും ഈ ക്ഷേത്ര ധ്വംസന വിഷയത്തിൽ രവിദാസിയകൾക്കൊപ്പം നിൽക്കാൻ സംഘപരിവാറിന് കഴിയില്ല. ‘മന്ദിർ വഹീ ബനായേങ്കേ’ (ക്ഷേത്രം അവിടെത്തന്നെ നിർമിച്ചിരിക്കും) എന്ന് രവിദാസിയകൾ വിളിച്ചുപറയുമ്പോൾ അവരത് രാമജന്മഭൂമി പ്രക്ഷോഭത്തിൽ നിന്ന് കടമെടുക്കുന്നതല്ല. രവിദാസിയകളുടെ വൈകാരികവും സാംസ്കാരികവുമായ ചിഹ്നമായിരുന്ന പുരാതന ക്ഷേത്രത്തെ പുനഃസ്ഥാപിക്കുക എന്നു പറയുന്നതിനെ ബാബരി മസ്ജിദ് ധ്വംസനം പോലുള്ള വലതുപക്ഷ രാഷ്ട്രീയ പദ്ധതികളുമായി കൂട്ടിക്കെട്ടാൻ കഴിയില്ല. ബാബരി മസ്ജിദ് തകർത്തതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധ്യമല്ല. രണ്ടും വ്യത്യസ്തമാണ്. 

ദില്ലിയിൽ പലയിടങ്ങളിലായി അനേകം ക്ഷേത്രങ്ങൾ ഉയർന്നിട്ടുണ്ട്. അതെല്ലാം തന്നെ അനധികൃതമാണ്. എന്നാൽ അതിലൊന്ന് കൈവെക്കാൻ പോലും ഡിഡിഎ (ദില്ലി ഡെവലപ്മെന്റ്‌ അതോറിറ്റി) ധൈര്യപ്പെട്ടിട്ടില്ല. അതേസമയം ഇത്രയും പുരാതനവും വളരെയധികം വൈകാരികത ബന്ധപ്പെട്ടിരിക്കുന്നതും ദില്ലിയിലെ പൈതൃക സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതുമായ ഒരു ക്ഷേത്രം തകർക്കപ്പെടുന്നു എന്തുകൊണ്ടാണ്? ദലിത് സമുദായത്തിന്റെ വൈകാരിക വിഷയങ്ങളിൽ എങ്ങനെയാണ് അവർ പ്രതികരിക്കുക എന്നറിയാനുള്ള കേന്ദ്ര സർക്കാരിന്റെ ഒരു പരീക്ഷണമായിരുന്നു ഈ നടപടി എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇങ്ങനെയുള്ള വിഷയങ്ങളിൽ വലിയ പ്രതികരണങ്ങളില്ലെങ്കിൽ പിന്നെ അവർക്ക് കൂടുതൽ മോശപ്പെട്ട നടപടികളുമായി മുന്നോട്ട് പോകാമല്ലോ. അതിനാൽ ദലിത് മുന്നേറ്റങ്ങൾ നേരിടേണ്ട നിരന്തരമായ പരീക്ഷണങ്ങളാണ് ഇത്തരം സംഭവങ്ങൾ. 

ചന്ദ്രശേഖർ ആസാദ്

ഒരു ‘വിശാല ഇൻഡ്യൻ ഹിന്ദു സ്വത്വ’ത്തെ രാഷ്ട്രീയ ശാക്തീകരണമെന്ന പേരിൽ നിർമിച്ചുകൊണ്ട് ജാതി വ്യവസ്ഥയെ പരിക്കുപറ്റാതെ കാത്തുസൂക്ഷിക്കുന്ന സംഘപരിവാർ പദ്ധതി എങ്ങനെയാണ് ദലിത് മുന്നേറ്റങ്ങളെ ബാധിക്കുന്നത്?

ഇക്കാര്യത്തിൽ ബിജെപിയുടെ തന്ത്രം കുറെയൊക്കെ നൂതനമാണ്. ദലിതുകൾ ഒരു പരിധിവരെ രാഷ്ട്രീയ അവബോധം ഉള്ളവരാണെന്ന് അവർക്കറിയാം – എന്നുവെച്ചാൽ എല്ലാ ദലിതും രാഷ്ട്രീയ ബോധം ഉള്ളവരാണെന്നല്ല. പക്ഷേ, സാമൂഹിക നീതിക്കായുള്ള മുന്നേറ്റങ്ങൾ ദലിതുകൾക്കിടയിലെ ചില വിഭാഗങ്ങൾക്ക് നേതൃപദവി നൽകിയിരുന്നതായി അവർ മനസിലാക്കി. മഹാരാഷ്ട്രയിൽ മഹാറുകൾ, യുപിയിൽ ജാതവർ, പാർസികൾ, ആന്ധ്രയിൽ മാലകൾ. അങ്ങനെ എല്ലായിടത്തും ഒരു പ്രത്യേക ദലിത് സമുദായം മൊത്തം ദലിത് മുന്നേറ്റങ്ങളുടെ ശബ്ദമായി, സംഘാടകരായി മുന്നോട്ട് വരുന്നത് കാണാൻ കഴിയും. ബിജെപി ചെയ്തതെന്തെന്നാൽ, അവർ ബാക്കിയുള്ളവരെ ഉന്നമിട്ട് കളിക്കാൻ തുടങ്ങി. അതായത്, വലിയ ദലിത് പോരാട്ടങ്ങളുടെ മുൻനിരയിൽ ഇല്ലാതിരുന്ന ചെറിയ ദലിത് സമുദായങ്ങളോട് അവരുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചുകൊണ്ട് ഏകോപിപ്പിക്കാൻ രാജ്യവ്യാപകമായി ബിജെപിക്ക് കഴിഞ്ഞു. അവർ അംബേഡ്കറൈറ്റ് ദലിത് മുന്നേറ്റങ്ങളുടെ നേതൃത്വങ്ങളിൽ ഇല്ലാതിരുന്നവരോ, രാഷ്ട്രീയപരമായി അവബോധമില്ലാത്തവരോ ആയിരുന്നു. 

ഒരുതരത്തിൽ പറഞ്ഞാൽ ദലിതർക്കിടയിലെ വിഭജനത്തിലൂടെ, പരസ്പര അന്യവൽക്കരണത്തിലൂടെ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. അങ്ങനെ മുൻനിരയിലില്ലാതിരുന്ന സമുദായങ്ങൾ ഇപ്പോൾ വ്യാപകമായി ബിജെപിക്കൊപ്പം കൂടിയിരിക്കുന്നു. യുപി ഇതിന് മികച്ച ഒരുദാഹരണമാണ്. ജാതവ നേതൃത്വത്തിനെതിരെ ബാക്കിയുള്ള ദലിതുകളെ സംഘടിപ്പിച്ചിരിക്കുകയാണ്. ബിഎസ്പി എന്നത് ദലിതുകളുടെ പാർട്ടിയല്ല, അത് ജാതവരുടെ മാത്രം പാർട്ടിയാണെന്നും നിങ്ങളുടെ രക്ഷകരാണ് ഞങ്ങളെന്നും പറഞ്ഞുകൊണ്ടാണ് ബിജെപി പ്രചാരണം അഴിച്ചുവിട്ടത്.

ഇത്തരത്തിൽ ഒരു വലിയ രാഷ്ട്രീയ മായാജാലമാണ് അവർ സൃഷ്ടിച്ചത്. അതിലേക്ക് ബാക്കിയുള്ളവർ വീഴുകയും ചെയ്തു. വളരെ ചുരുക്കം ആളുകൾ മാത്രമാണ് ഇതിലൂടെയാണ് ബിജെപി കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ജയിച്ചതെന്ന് തിരിച്ചറിയുന്നുള്ളൂ. കാരണം വളരെ വ്യക്തമാണ് – ദലിത് സഹോദരങ്ങൾ പരസ്പരം അവിശ്വസിക്കുന്നു! വിഭജിച്ചു ഭരിക്കുക എന്ന നയത്തിന്റെ വകഭേദമാണ് ഈ തന്ത്രം. അതിലൊരു പരിധിവരെ അവർ വിജയിച്ചിട്ടുമുണ്ട്. 

പുതിയ പ്രക്ഷോഭങ്ങളിലെ പോപുലിസ്റ്റ് ഐക്കണുകൾ എന്ന നിലയ്ക്ക് ചന്ദ്രശേഖർ ആസാദിനെയും ജിഗ്‌നേഷ് മേവാനിയെയും എങ്ങനെ നോക്കിക്കാണുന്നു?

ഉത്തർപ്രദേശിൽ കാലങ്ങളായി അധികാര പോരാട്ടങ്ങളിലുള്ള ബിഎസ്പി, യുവതയുടെ ആകുലതകളെയും പ്രതീക്ഷകളെയും നിറവേറ്റുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവിടത്തെ യുവാക്കൾക്ക് ചലനാത്മകമായ, എല്ലാ തലത്തിലും – സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പോരാട്ടത്തെ നയിക്കാൻ ശേഷിയുള്ള ഒരു നേതൃത്വമില്ല. ഈയൊരു നേതൃത്വ അഭാവത്തെയാണ് ചന്ദ്രശേഖർ ആസാദ് നികത്തുന്നത്. അദ്ദേഹം ബിജെപി ആധിപത്യത്തിന് ശല്യം ചെയ്യുന്നുണ്ടെങ്കിൽ പോലും ദലിത് മുന്നേറ്റത്തിന് ചില ആശങ്കകൾ കൂടി പകരുന്നുണ്ട്. കാരണം, അദ്ദേഹത്തിന്റെ നിലവിലെ രാഷ്ട്രീയ സ്ഥാനപ്പെടുത്തൽ (positioning) ദലിതുകൾക്കിടയിലെ മറ്റൊരു ദ്വന്ദം സൃഷ്ടിക്കും എന്നതിനപ്പുറം മറ്റൊരു ഗുണവും ഉണ്ടാക്കാൻ സാധ്യതയില്ല എന്നു വിലയിരുന്നവരുണ്ട് . നിലവിൽ ബിഎസ്പിയുടെ കീഴിൽ ഏകീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ദലിത് മുന്നേറ്റത്തിന് മറ്റൊരു നേതൃത്വം കൂടിയുണ്ടാവുക എന്നത് ഒരു ദുരന്തമായി ഭവിക്കാൻ സാധ്യത കൂടുതലാണ്. എന്നാൽ ബിഎസ്പിയുമായി കൂടിക്കൊണ്ടുള്ള ഒരു മുന്നേറ്റമാണ് ചന്ദ്രശേഖർ ആസാദ് നടത്തേണ്ടതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. 

ജിഗ്‌നേഷ് മേവാനി

ജിഗ്‌നേഷ് മേവാനി ഇപ്പോൾ ഒരു ദലിത് നേതാവാണ്. വലിയ ദലിത് മുന്നേറ്റങ്ങളുടെ ഒരു പൂർവചരിത്രവും ഇല്ലാത്തിടത്താണ് അദ്ദേഹം ഒരു പുതിയ ദലിത് ബോധത്തെ നിർമിച്ചത്. ജാതിയെയും വർഗ പ്രശ്നത്തെയും ബന്ധിപ്പിക്കാൻ ശ്രമിച്ചു എന്നിടത്താണ് അദ്ദേഹം വ്യത്യസ്തനാക്കുന്നത്. ഗുജറാത്തിൽ ദലിതുകൾ വളരെ പിന്നോക്കാവസ്ഥയിലുള്ളവരും വലിയ തോതിൽ വിഭവങ്ങൾ തടയപ്പെട്ടവരുമാണ്. അവർക്കിടയിൽ ഭൂമിയെക്കുറിച്ചും സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചുമുള്ള സംവാദങ്ങളെ ആത്മാഭിമാനത്തിലേക്കും ജാതി വിവേചനത്തിലേക്കും ബന്ധിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുക വഴി ദലിത് സമരങ്ങളുടെ പ്രസക്തമായ ശബ്ദമായി ജിഗ്‌നേഷ് മേവാനി മാറിയിട്ടുണ്ട്. എന്നാൽ, മറ്റിടങ്ങളിലെ ദലിത് മുന്നേറ്റങ്ങളെ ഏറ്റെടുക്കുന്നതിന് പകരം ഗുജറാത്തിലുള്ള ദലിതുകളേയും ആദിവാസികളെയും സംഘടിപ്പിച്ചുകൊണ്ട് അവിടെ ഒരു വലിയ മുന്നേറ്റം നിർമിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കൊടുക്കേണ്ടത് എന്ന് തോന്നുന്നു. 

ഈയൊരു സാഹചര്യത്തിൽ എന്താണ് ദലിത് പ്രക്ഷോഭ മുന്നേറ്റങ്ങളുടെ ഭാവി?

അതൊരു ഭരിച്ച പണിയാണ്. ഐക്യത്തെ കുറിച്ചുള്ള സങ്കൽപത്തെ തന്നെ ബിജെപി വിദൂരത്താക്കിയിരിക്കുന്നു. ദലിത് മുന്നേറ്റങ്ങൾക്കിടയിൽ തന്നെ ശിഥിലീകരണം (fragmentation) സംഭവിച്ചിരിക്കുന്നു. ഇന്നതൊരു ഐക്യപ്പെട്ട ശക്തിയല്ല. സമുദായങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ, ഉള്ളിൽത്തന്നെയുള്ള ഭിന്നതകൾ, രാഷ്ട്രീയ വ്യത്യാസങ്ങൾ അങ്ങനെ വളരെ സങ്കീർണമായ സ്ഥിതിയിലാണ് ഇന്നത്തെ ദലിത് മുന്നേറ്റങ്ങൾ. ദലിതുകൾ ഒന്നിച്ച് മുസ്‌ലിംകളും മറ്റ് പിന്നോക്ക സമുദായങ്ങളോട് ഐക്യപ്പെട്ടുക എന്നത് ബിജെപിക്കെതിരിൽ മാത്രമാണ് ഇപ്പോൾ സാധ്യമാവുക. അത് വളരെ നിർണായകമാണ്. എന്നാൽ നാം വിഭാവന ചെയ്യുന്ന ബഹുജൻ സാമുദായിക ഐക്യത്തിനു വേണ്ട കൃത്യമായ ഒരു പ്രത്യയശാസ്ത്ര പദ്ധതി നമുക്കില്ല. 

പ്രകാശ് അംബേഡ്കർ

ഈയൊരു പരിമിതി ഒരു യാഥാർഥ്യമായി നിലനിൽക്കെത്തന്നെ, ഞാൻ കാണുന്ന ഒരു പ്രതീക്ഷ മഹാരാഷ്ട്രയിൽ പ്രകാശ് അംബേഡ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ ആഘാഡിയെന്ന രാഷ്ട്രീയ പരീക്ഷണമാണ്. സാമൂഹിക നീതിക്കായുള്ള മുന്നേറ്റങ്ങൾക്കുള്ളിൽ തന്നെ അവഗണിക്കപ്പെട്ട അനേകം സമുദായങ്ങളുണ്ട്. ഇപ്പോൾ അവരെ രാഷ്ട്രീയവൽക്കരിക്കേണ്ട ഒരാവശ്യം നമുക്കുണ്ട്. നേരത്തേ ബിജെപി ഉപയോഗിച്ച ഈ ഏകീകരണ പദ്ധതിയെ തിരിച്ചിട്ട് പ്രയോഗിച്ചുകൊണ്ട് അരിക്കുവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കാനും അവരുടെ പ്രശ്നങ്ങളെ രാഷ്ട്രീയമായി ഏറ്റെടുക്കാനും കഴിയുമ്പോൾ അതിൽ നിന്നും ഒരു വിശാല ഇടം രൂപപ്പെടാൻ സാധ്യതയുണ്ട്. അതല്ലാതെയുള്ള പാരമ്പര്യ ദലിത് ബഹുജൻ രാഷ്ട്രീയം പ്രത്യേകിച്ചൊരു പുരോഗതിയും സൃഷ്ടിക്കില്ല. അക്കാര്യത്തിൽ ദലിത് പ്രക്ഷോഭ മുന്നേറ്റങ്ങളുടെ ഭാവിയെ ഭാസുരമാക്കുക പ്രകാശ് അംബേഡ്ക്കറുടേത് പോലുള്ള മുന്നേറ്റങ്ങളാണ്.

Top