മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയവും മതേതര (അ)സാധ്യതകളും

ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യത്തെ ഉറപ്പിക്കാൻ ജനസംഖ്യാനുപാതിക പ്രാതിനിധ്യം എന്ന ജനാധിപത്യാവകാശത്തെ ഉയർത്തിപ്പിടിക്കുകയാണു വേണ്ടത്. അതിന് ഇൻഡ്യയിലെ ഇതര സംവരണീയ വിഭാഗങ്ങളുമായി ഐക്യപ്പെടുന്ന അടിസ്ഥാനപരമായ പരിപ്രേക്ഷ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയായി ഉറപ്പിച്ചെടുക്കേണ്ടതുണ്ട്.

ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ഏതൊരു ചർച്ചയും, എവിടെയും, യുഎൻ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഊന്നിയല്ലേ നടക്കേണ്ടത്? അതാതു രാജ്യങ്ങളുടെ ഭരണഘടനകളും അതിനനുബന്ധമായി ചർച്ചയ്ക്കു വിഷയമാകും. ഇൻഡ്യയിലാകുമ്പോൾ അത് ഇൻഡ്യൻ ഭരണഘടനയെ അവലംബമാക്കിക്കൊണ്ടു കൂടിയാണ് ഉണ്ടാവേണ്ടത്.

ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് ഇൻഡ്യയിലെ, വിശേഷിച്ചു കേരളത്തിലെ മതേതരത്വത്തിന്റെ ‘മുസ്‌ലിം’ സമീപനങ്ങളിലേക്കു വിരൽചൂണ്ടാൻ ശ്രമം നടത്തുകയാണിവിടെ.

അടിസ്ഥാന പരിപ്രേക്ഷ്യങ്ങളുടെ പ്രശ്നം

1) മെജോറിറ്റേറിയനിസം എന്താണെന്ന വിശകലനമോ അതിനെ മതേതരത്വം മറികടക്കേണ്ട പ്രശ്നമായോ മതേതര ചർച്ചകളൊന്നും പൊതുവേ കാണാറില്ല.

2) വിവിധ ന്യൂനപക്ഷ വിഭാഗങ്ങളിൽ (ഭാഷാ, മത, ലിംഗ) ‘മത’ന്യൂനപക്ഷം (ന്യൂനപക്ഷമായ മതം) മാത്രം ഭൂരിപക്ഷമതത്തോടു തുലനപ്പെടുത്തുന്ന തരം ‘മതപ്രശ്ന’ത്തിനകത്ത് വ്യവഹരിക്കപ്പെടേണ്ട ഒന്നാണോ എന്ന പ്രശ്നം. (ന്യൂനപക്ഷം എന്ന നിലയെ മറന്നു മതത്തെ മാത്രം കാണുന്ന രീതി) 

3) അതിൽ തന്നെ കൊളോണിയൽ, ദേശീയവാദ വീക്ഷണങ്ങൾ അടക്കമുള്ള ചരിത്രപരമായ കാരണങ്ങളാൽ ഇതര ന്യൂനപക്ഷങ്ങളെ മാറ്റിനിർത്തുന്ന ഹിന്ദു-മുസ്‌ലിം ദ്വന്ദ്വത്തെ ആവർത്തിച്ചുറപ്പിക്കുന്ന ഇവിടത്തെ മതേതര കാഴ്ചപ്പാടിനോടു കണക്കുതീർത്ത് ജനാധിപത്യ മതേതരത്വത്തെ സ്ഥാപിച്ചെടുക്കേണ്ടതുണ്ടോ?

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മതേതര സാധുത എത്രമാത്രമുണ്ട് എന്ന വിഷയത്തെ, സത്യസന്ധവും തുറന്നതുമായ സമീപനം, മേൽപ്പറഞ്ഞ പ്രശ്നങ്ങളോടു സ്വീകരിച്ചുകൊണ്ടേ ചർച്ചക്കെടുക്കാനാവൂ.

അബ്ദുന്നാസിർ മഅ്ദനി

വിഭജന കാലത്തിന്റെ ബാക്കിപത്രമായി തുടർന്നിരുന്ന ഹിന്ദു-മുസ്‌ലിം പ്രശ്നം തന്നെയാണു ഹിന്ദു-മുസ്‌ലിം വർഗീയതയുടെ പ്രശ്നപരിസരമായി തുടർന്നും നിലനിന്നത്. നെഹ്റൂവിയൻ മതേതരത്വത്തെ കോൺഗ്രസ് കൈവെടിയുന്നതോടെ ഇടതുപക്ഷം അതിന്റെ നേരവകാശികളായി മാറുന്നതാണ് എൺപതുകൾ മുതൽ കാണാൻ കഴിയുക. കേരളത്തിൽ മുസ്‌ലിം ലീഗിനോടു കോൺഗ്രസ് ആദ്യകാലത്തു സ്വീകരിച്ച നിലപാട് എന്തെന്ന് എല്ലാവർക്കും അറിയാം. നെഹ്രുവിന്റെ ‘ചത്തകുതിര’യെന്ന വിശേഷണത്തെ മുസ്‌ലിം ലീഗ് അതിജീവിച്ചത് മലബാറിലെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായാണ്.

പാക്കിസ്ഥാൻ വാദത്തോടു കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്ന സമീപനം, ദേശീയതകളുടെ സ്വയംനിർണയാവകാശം എന്ന ലെനിനിസ്റ്റ് നിലപാടിന്റെ അടിസ്ഥാനത്തിലുള്ള ഭേദപ്പെട്ട ഒന്നായിരുന്നു. ഇൻഡ്യൻ യൂണിയനകത്തു തന്നെ മുസ്‌ലിം സ്വയംനിർണയാവകാശത്തെ പരിഹരിക്കണമെന്നതായിരുന്നു അവരുടെ നിലപാട്. കേരളത്തിൽ സിപിഎം-ലീഗ് സഖ്യം സാധ്യമായതിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആ പശ്ചാത്തലവും ഒരു ഘടകമായിട്ടുണ്ടാവണം.

എന്നാൽ പിന്നീട് കേരളത്തിലെ പ്രബലരായ രണ്ടു ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ-മുസ്‌ലിം വിഭാഗങ്ങളുടെ സംഘടിത രാഷ്ട്രീയ ശക്തിയെ തർക്കുക എന്നതിലേക്ക് സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന്റെ ‘വർഗീയ വിരുദ്ധ’ അജണ്ട മാറുന്നതായി കാണാം.

ബൂർഷ്വാ രാഷ്ട്രീയ ചേരിയിലെ ഭിന്നതകളെ ഉപയോഗിക്കുക എന്ന തന്ത്രം പിന്നീട് കേരളത്തിൽ മുസ്‌ലിം-ക്രിസ്ത്യൻ വർഗീയതകൾക്കെതിരെയുള്ള ഉറച്ച മതേതരത്വ പ്രതിബദ്ധതയായി വ്യാഖ്യാനിക്കുകയും മത പൗരോഹിത്യത്തെ തള്ളിപ്പറഞ്ഞാലേ എൽഡിഎഫിൽ എടുക്കുകയുള്ളൂ എന്ന നിലപാട് ഇഎംഎസിനെ പോലുള്ളവർ സൈദ്ധാന്തിക മേമ്പൊടിയോടെ അവതരിപ്പിക്കുകയും ചെയ്തു.

സിപിഎം, അതിന്റെ മതേതര കാഴ്ചപ്പാടിനെ, കൃത്യമായ മെജോറിറ്റേറിയനിസ്റ്റ് നിലപാടിലേക്ക് ഉറപ്പിക്കുന്നത് ഇതോടെയാണ്. ഷാബാനു കേസും ശരീഅത്ത് വിവാദവും അതിനെ കൂടുതൽ ഉറപ്പിക്കുന്നതായി കാണാം. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ മുൻനിർത്തി ഹിന്ദുത്വ ശക്തികൾ രാഷ്ട്രീയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങുക കൂടി ചെയ്തതോടെ, ഭൂരിപക്ഷ വികാരത്തെ ‘മതേതരമാക്കി’ കൂടെ നിർത്തുക എന്ന കോൺഗ്രസ് നിലപാടിന്റെ മറ്റൊരു പതിപ്പായി ഇടതുപക്ഷവും മാറുന്നതായി കാണാം. ന്യൂനപക്ഷ വർഗീയത എന്നത് പ്രധാനമായും മുസ്‌ലിം വർഗീയതയായി വ്യഹരിക്കപ്പെടാൻ തുടങ്ങുന്നതും അങ്ങനെയാണ്. പള്ളിയേയും പട്ടക്കാരെയും തള്ളിപ്പറയാതെ തന്നെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായി മാറുക കൂടി ചെയ്തിരുന്നല്ലോ.

1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതോടെ ഇൻഡ്യയിലെ മുസ്‌ലിം ന്യൂനപക്ഷം തീവ്രമായ അപരവത്കരണത്തിന്റെ പുതിയ ഘട്ടത്തിലേക്കു കടക്കുകയായിരുന്നു. മുസ്‌ലിം ലീഗിലെ ഭിന്നതയും അബ്ദുന്നാസിർ മഅ്ദനിയുടെ രംഗപ്രവേശനവും ഗൾഫ് യുദ്ധവും എല്ലാം ചേർന്ന് കേരള രാഷ്ട്രീയത്തിൽ മുസ്‌ലിം രാഷ്ട്രീയം കൂടുതൽ നിറഞ്ഞുനിന്നു.

ഈ അവസരത്തെയൊക്കെ സിപിഎം കണ്ടത് ന്യൂനപക്ഷ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തി മുസ്‌ലിംകളെ മതേതരരാക്കാനുള്ള സാധ്യത ആയാണ്. ഇബ്രാഹിം സുലൈമാൻ സേട്ടിനെയും മഅ്ദനിയേയും ഒരു വശത്തും മറുവശത്ത് ഗാന്ധിജിയേയും വെച്ച് താരതമ്യം ചെയ്യാവുന്ന തരം മതമൗലികവാദികളാക്കിയത് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ജനാധിപത്യ പ്രസക്തിയെ ഉറപ്പിക്കാനായിരുന്നില്ല. മതമൗലികവാദം, വർഗീയത എന്നിവയെ രണ്ടായി കാണണമെന്ന ഗൗരവതരമായ വല്ല വിശകലനവും മുന്നോട്ടുവെക്കാനുമായിരുന്നില്ല. തൽക്കാലം ഭിന്നതയെ ഉപയോഗിക്കാനും അതിനെ വോട്ടാക്കി ഉപയോഗിക്കാനുമുള്ള തന്ത്രം മാത്രമായിരുന്നു. പിന്നീട് ഐഎൻഎല്ലും പിഡിപിയും അനുഭവിച്ച മതേതരവിധി നമുക്കറിയാം.

ജമാഅത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട് എന്നിവയാണ് പിന്നീട് ഇടതു-വലതു മതേതരരുടെ ഉത്കണ്ഠയെ ഉയർത്തിയ സംഘടനകൾ. മുസ്‌ലിം ലീഗിനെതിരെ ഉയർന്ന, ഒരു വിഭാഗം മുസ്‌ലിംകളുടെ അസംതൃപ്തിയെ ഒരു പരിധിക്കപ്പുറം ഉപയോഗപ്പെടുത്താൻ സിപിഎമ്മിനു കഴിയാതെ പോയത് ഇവ കാരണമാണെന്നു പറയാം. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പിന്തുണക്ക് അളവിൽ വർധനയുണ്ടായില്ലെങ്കിലും എൻഡിഎഫ് പിന്നീടു പോപ്പുലർ ഫ്രണ്ടായി എസ്‌ഡിപിഐയിലൂടെ പുതുതായി ചെറിയ വോട്ടുബാങ്ക് സൃഷ്ടിച്ചതായി കാണാം.

ഇതൊക്കെയാണെങ്കിലും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയാടിത്തറ തകർന്നിട്ടില്ല. പക്ഷേ പഴയതിനേക്കാൾ കുറയുന്നതായി കാണാം. ലീഗിന്റെ അടിത്തറ തകർക്കുന്നതോടെ തങ്ങളുടെ മതേതര സ്വപ്നങ്ങൾ പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം മുസ്‌ലിംകളടക്കമുള്ള ഇടതു മതേതരവാദികൾ.

എന്നാൽ ബംഗാളിലെ അനുഭവത്തെ അവർ കാണുന്നില്ല. 30 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ബംഗാളിൽ മുസ്‌ലിം ലീഗിനും മുസ്‌ലിം രാഷ്ട്രീയത്തിനും പിടിച്ചു നിൽക്കാൻ കഴിയാതെ പോയതിന്റെ കാരണങ്ങളിലൊന്ന് തുടർച്ചായി, മൂന്നു പതിറ്റാണ്ടിലധികം ഉണ്ടായ സിപിഎമ്മിന്റെ തുടർ ഭരണം തന്നെയാണ്. കേരളത്തിലെ യുഡിഎഫ് മാതൃകയിൽ ഒരു മുന്നണിയുണ്ടാകാനുള്ള സാധ്യതയെ അതു പാടെ ഇല്ലാതാക്കി. ഇന്നത്തെ ബംഗാളിന്റെ മതേതര ആശങ്കകൾ അതുകൊണ്ടുതന്നെ പാഠമാകേണ്ടതാണ്.

മുസ്‌ലിം ലീഗ് പോലുള്ള മുസ്‌ലിം രാഷ്ട്രീയ പാർട്ടികളുടെ ജീർണതയോ അലസതയോ ഏതെങ്കിലും തരത്തിൽ മുസ്‌ലിം രാഷ്ട്രീയത്തെ അപ്രസക്തമാക്കുന്നില്ല. ജീർണത ബാധിച്ച പ്രമുഖ രാഷ്ട്രീയ കക്ഷികളും മുന്നണികളും ഉണ്ടല്ലോ. അതുകൊണ്ടു മാത്രം അവയുടെ പ്രസക്തി നഷ്ടപ്പെട്ടു എന്ന് ഒരു ജനാധിപത്യ സംവിധാനത്തിനകത്തു നിന്നു കൊണ്ടു പറയാനാവില്ല. ഇടതുപക്ഷം ബംഗാളിലും ത്രിപുരയിലും കേരളത്തിലും ജീർണത ബാധിച്ചു കഴിഞ്ഞവരാണ്. അതുകൊണ്ടുമാത്രം ഇടതുപക്ഷത്തിന്റെ പ്രസക്തി പാടേ ഇല്ലാതായെന്ന് ഇൻഡ്യൻ രാഷ്ട്രീയത്തെ ഗൗരവത്തോടെ നിരീക്ഷിക്കുന്ന ആരും പറയില്ല.

മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഭാവി

മുസ്‌ലിം രാഷ്ട്രീയത്തിന്റെ സാധുതയെ ഇൻഡ്യയിലെ ഭരണഘടനാ ജനാധിപത്യ സംവിധാനത്തിനകത്ത് മതേതരാർഥത്തിലും ജനാധിപത്യപരമായും ഉറപ്പിച്ചെടുക്കേണ്ടതുണ്ട്. അതിനായി നിലവിൽ ആശയരംഗത്തു മേൽക്കൈ നേടിയിരിക്കുന്ന മെജോറിറ്റേറിയനിസ്റ്റ് നിലപാടുകൾക്കെതിരെ ആശയസമരം തുടരേണ്ടതുണ്ടെന്നും മതേതരത്വം, വർഗീയത എന്നിവയുടെ ലിബറൽ മതേതര ഭാഷ്യങ്ങളെ നിരന്തരം തുറന്നു കാണിക്കേണ്ടതുണ്ടെന്നും പറഞ്ഞുവല്ലോ.

ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യത്തെ ഉറപ്പിക്കാൻ ജനസംഖ്യാനുപാതിക പ്രാതിനിധ്യം എന്ന ജനാധിപത്യാവകാശത്തെ ഉയർത്തിപ്പിടിക്കുകയാണു വേണ്ടത്. അതിന് ഇൻഡ്യയിലെ ഇതര സംവരണീയ വിഭാഗങ്ങളുമായി ഐക്യപ്പെടുന്ന അടിസ്ഥാനപരമായ പരിപ്രേക്ഷ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയായി ഉറപ്പിച്ചെടുക്കേണ്ടതുണ്ട്.

ഇതിനാദ്യം വേണ്ടത് സംവരണാവകാശം, ഇനിയും ജനസംഖ്യാനുപാതികമായി നേടാൻ കഴിയാത്ത മുഴുവൻ ഓബീസീ വിഭാഗങ്ങളുമായി ഐക്യപ്പെടുക എന്നതാണ്. ഓബീസീകളുടെ നിലവിലുള്ള സംവരണം തന്നെ പലതരത്തിൽ ഭീഷണി നേരിടുകയും അട്ടിമറിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അവരുടെ തെറ്റിദ്ധാരണകൾ മാറ്റി, ആവശ്യമായ ബോധവത്കരണം നൽകി, അവകാശങ്ങൾക്കായി ഒന്നിക്കാൻ അവരുടെ മേൽ നിരന്തര സമ്മർദ്ദം ചെലുത്തേണ്ടതായിട്ടുണ്ട്. സംവരണാവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ വേണ്ടത്ര ബോധവാന്മാരല്ല എന്നതു തന്നെ കാരണം. സവർണ മതേതര ഭാഷ്യങ്ങൾ അവരിൽ അത്രയ്ക്കു സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.

പ്രാതിനിധ്യമാണു ജനാധിപത്യമെന്നും എന്തുകൊണ്ടാണതെന്നും ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ നിലപാടുകളും ആശയ പോരാട്ടങ്ങളും വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. അവയെ നിരന്തരം കേൾക്കുക എന്നതു മാത്രമാണ് അതിൽ വ്യക്തത വരുത്താൻ ചെയ്യേണ്ടത്.

മുസ്‌ലിം രാഷ്ടീയം, ഭരണഘടനാ ജനാധിപത്യത്തിലൂന്നി മുസ്‌ലിം സമുദായത്തിനകത്തെ കീഴാള വിഭാഗങ്ങളോടും (സ്ത്രീ-മുസ്‌ലിം ഓബീസീ- ദലിത്-ലൈംഗിക ന്യൂനപക്ഷങ്ങൾ) അവരുടെ അവകാശങ്ങളോടും തുറന്ന സമീപനം സ്വീകരിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ, ഹിന്ദുത്വവാദികളും  മെജോറിറ്റേറിയനിസ്റ്റ് മതേതരവാദികളും ഇവരെ മുസ്‌ലിം രാഷ്ട്രീയത്തിനെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കും.

അവസാനമായി നിർദേശിക്കാനുള്ളത് വർഗീയതയെക്കുറിച്ചുള്ള മതേതര ആഖ്യാനങ്ങൾ മുസ്‌ലിംവിരുദ്ധമാണെന്ന യാഥാർഥ്യത്തെ ശക്തമായി സമൂഹത്തിൽ ചർച്ചാവിഷയമാക്കാൻ ശ്രമിക്കണമെന്നാണ്. മെജോറിറ്റേറിയൻ വർഗീയതയെയാണ് മതേതരത്വമെന്ന ലേബലിൽ അവതരിപ്പിക്കുന്നതെന്ന് മതേതര സമൂഹത്തെ നിരന്തരം ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിലൂടെ മാത്രമേ മുസ്‌ലിം വർഗീയതയെക്കുറിച്ചുള്ള ആഖ്യാനങ്ങൾ ഭൂരിപക്ഷവാദപരമാണെന്ന് പൊതുസമൂഹത്തിനു ബോധ്യപ്പെടാൻ പോകുന്നുള്ളൂ. ശ്രമകരമായ ദൗത്യമാണത്.

മാത്രമല്ല, സവർണ സംവരണത്തെ ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് മുതൽ സിപിഎം വരെയുള്ള കക്ഷികളുടേത് യഥാർഥത്തിൽ ഒളിച്ചുവെക്കപ്പെട്ട സവർണ വർഗീയതയും സവർണ ജാതീയതയുമൊക്കെയാണെന്നു തെളിച്ചു പറയേണ്ടതുണ്ട്.

Top