ഭീകരതയുടെ ഭാഷ

ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയത്തെ ഗൗരവമായി കാണുന്ന സാമൂഹ്യ പ്രസ്ഥാനങ്ങൾ ഭീകരവാദത്തിന്റെ ഭാഷയുടെ പ്രശ്‌നത്തെപ്പറ്റി കൂടുതൽ ഗൗരവമായി ആലോചിക്കേണ്ടി വരുമെന്നാണ്  പൊതുവ്യവഹാരങ്ങൾ നൽകുന്ന സൂചനകൾ. കെ അഷ്റഫ് എഴുതുന്നു

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ‍ രണ്ടു പള്ളികൾക്കു നേരെ നടന്ന വംശീയാക്രമണം, സമകാലിക ഭീകരവാദ വ്യവഹാരങ്ങളുടെ നിരവധി സവിശേഷതകൾ വിശദീകരിക്കുന്നുണ്ട്.

ഭാഷയിലും അധികാരത്തിലും സ്ഥാപിതമായ  ലോകവീക്ഷണമാണു ഭീകരത എന്നാണ് ഭീകരവാദ പഠനങ്ങളിലെ പുതിയ പ്രവണതകൾ സൂചിപ്പിക്കുന്നത്. യാഥാർഥ്യത്തെ നിർമിക്കുന്ന അധികാരമായാണ് ഭീകരതയെക്കുറിച്ചുള്ള സംസാരങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതിനാൽ‍ ഭാഷയുടെ പ്രശ്‌നങ്ങളും സങ്കീർണതകളും കൂടുതൽ വ്യക്തമായി ആലോചിക്കുമ്പോൾ മാത്രമേ നിലവിലുള്ള ഭീകരവിരുദ്ധ സംസാരങ്ങളെ രാഷ്ട്രീയമായി കൂടുതൽ വികസിപ്പിക്കാൻ‍ കഴിയുകയുള്ളൂ.

പ്രതികരണങ്ങളുടെ രാഷ്ട്രീയം

ന്യൂസിലാൻഡ് പ്രധാനമന്ത്രിയായ ജസിന്ത അർഡേനി വളരെ വ്യക്തമായി, ഈ സംഭവത്തെ ആസൂത്രിത ഭീകരവാദമായി എണ്ണുന്നുണ്ട്. അവരുടെ പ്രസ്താവന ഇതാണ്: It is clear that this can now only be described as a terrorist attack. From what we know, it does appear to have been well planned. മുസ്‌ലിം വേഷമാതൃകയെ സ്വീകരിച്ചു കൊണ്ട് ആ പ്രധാനമന്ത്രി നടത്തിയ പൊതുനടപടികൾ ഉയർന്ന സാമൂഹിക മര്യാദകളുടെ ഭാഗമായിരുന്നു.

അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയും ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ ബോധപൂർവമുള്ള മൗനവും പരിശോധിച്ചാൽ, വംശീയ വലതുപക്ഷ രാഷ്ട്രീയം ലോകമാകെ എടുക്കുന്ന നിലപാടുകളുടെ വ്യത്യാസം വളരെയെളുപ്പം ബോധ്യപ്പെടും.

2018 ഒക്ടോബറിൽ അമേരിക്കയിലെ പെൻസിൽവാനിയയിലെ സിനഗോഗ് വെളുത്ത വംശീയവാദികളാൽ അക്രമിക്കപ്പെട്ടു. പതിനൊന്നു പേരാണ് ആ ദേവാലയത്തിൽ വച്ചു കൊല്ലപ്പെട്ടത്. അന്ന് പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു: ‘We must stand with our Jewish brothers and sisters to defeat anti-Semitism and vanquish the forces of hate.’ ജൂത സഹോദരന്മാരുടെയും സഹോദരിമാരുടെയും പേരിൽ വെള്ള വംശീയവാദത്തിന്റെ സെമിറ്റിക്ക് വിരുദ്ധത കൃത്യമായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ട്രംപ് പ്രസ്തുത ഹിംസയെ അപലപിച്ചത്. എന്നാൽ‍ സമാനമായ രീതിയിൽ വെള്ള വംശീയവാദികൾ നടത്തിയ ക്രൈസ്റ്റ്ചർച്ച് ആക്രമണത്തിൽ മുസ്‌ലിം എന്ന പദം സൂചിപ്പിക്കാതിരിക്കാൻ ഡൊണാൾഡ് ട്രംപ് ആദ്യഘട്ടത്തിൽ ശ്രദ്ധിക്കുന്നു. ന്യൂസിലാൻഡിലെ ജനങ്ങൾ എന്നാണ് കൊല്ലപ്പെട്ട മുസ്‌ലിംകളെ വിശേഷിപ്പിക്കുന്നത്.

മരിച്ചതു മുസ്‌ലിം കുടിയേറ്റക്കാരായതിനാൽ ട്രംപിന് അതു പറയാൻ ഏറെ പ്രയാസമുണ്ടാകും. കാരണം കുടിയേറ്റ വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും ഒരുപോലെ സമന്വയിപ്പിച്ചാണല്ലോ ഡൊണാൾഡ് ട്രംപ് തന്റെ രാഷ്ട്രീയ പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നത്.

ലോകമാധ്യമങ്ങൾ പരിശോധിച്ചാൽ, മുസ്‌ലിംകൾ ഉൾപ്പെട്ട ഭീകരവാദ സംഭവങ്ങളെ വിവരിക്കുന്ന രീതിയും മറ്റു സാമൂഹിക വീക്ഷണമുളളവർ ഉൾപ്പെട്ട ഭീകരതയെ വിവരിക്കുന്ന രീതിയും തമ്മിലുള്ള ഭാഷാ വ്യത്യാസങ്ങൾ പ്രകടമായിത്തന്നെ കാണാം. ഈ വ്യത്യാസം ഇതിനകം തന്നെ ധാരാളം ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു. ‘ദ ഗ്ലോബ് ആൻഡ് മെയിൽ’ എന്ന കനേഡിയൻ ദിനപത്രം കരിദിനം (darkest day), ദുരന്തം (tragedy), വെടിവെപ്പ് (shooting) തുടങ്ങിയ വാക്കുകളാണ് ന്യൂസിലാൻഡിൽ നടന്ന മുസ്‌ലിംഹത്യയെ വിശദീകരിക്കാൻ ഉപയോഗിച്ചത്. ഭീകരത (terror) എന്ന വാക്ക് ഇത്തരം മാധ്യമങ്ങൾ മുസ്‌ലിംകൾക്കു സവിശേഷമായി പതിച്ചു നൽകുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഭീകരവാദത്തിന്റെ ഭാഷ ഒരു പ്രശ്‌നമാണോ? ഭീകരവാദം ഒരു വസ്തുനിഷ്ഠ സംഭവമല്ല. ഉദാഹരണമായി പറയുകയാണെങ്കിൽ ലോകത്തു നടക്കുന്ന എല്ലാ ഹിംസകളും ഭീകരവാദം ആകുന്നില്ല. ചില ഹിംസകൾ മാത്രമേ ഭീകരവാദം ആവുന്നുള്ളൂ. ആധുനിക സ്ഥാപനമായ ദേശരാഷ്ടങ്ങളുടെ ഭാഗമായ സൈനികർ ദേശസുരക്ഷയുടെ പേരിൽ നടത്തുന്ന ഹിംസകളെ സാമാന്യബോധം ഭീകരവാദമെന്നു പറയാറില്ല. കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന്റെ ഭാഗമായുള്ള കുടുംബവഴക്കുകൾ അടക്കമുള്ള കൊലപാതകങ്ങളെയും ഭീകരവാദമായി എണ്ണാറില്ല. തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി ഒന്നരലക്ഷം മനുഷ്യർ പട്ടിണിമൂലം ദിനേന കൊല്ലപ്പെടുന്നുവെന്ന (ലിബറൽ സാമ്പത്തിക വിദഗ്ധരുടെ ഭാഷയിൽ മരിക്കുന്നുവെന്ന്) ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ‍ സ്‌നേഹ ബന്ധങ്ങളിൽ വിള്ളലുകളുണ്ടാവുമ്പോൾ നടക്കുന്ന കൊലപാതകങ്ങളും റോഡപകടങ്ങൾ മൂലമുണ്ടാകുന്ന കൊലപാതകങ്ങളും പരിശോധിച്ചാൽ അവ ഭീകരവാദം എന്ന പേരിൽ‍ നടക്കുന്ന കൊലപാതകങ്ങളേക്കാൾ പതിന്മടങ്ങു കൂടുതലാണെന്ന് ചാൾസ് കുർസ്മാൻ The Missing Martyres: Why There Are Few Muslim Terrorists എന്ന പഠനത്തിൽ നിരീക്ഷിക്കുന്നു.

അതായത് ചില പ്രത്യേക ഹിംസകൾ ചില പ്രത്യേക കാരണങ്ങളുടെ ഭാഗമായി സംഭവിക്കുമ്പോൾ‍ അതിനെപ്പറ്റി സംസാരിക്കാനാണ് ഭീകരവാദം എന്ന വാക്കും പ്രയോഗവും വികസിച്ചിട്ടുള്ളത്. അതിനാൽത്തന്നെ, ആധിപത്യ അധികാരത്തിന്റെ ആവിഷ്‌കാരമായി ഭീകരവാദത്തെക്കുറിച്ചുള്ള പൊതുചർച്ചകൾ എളുപ്പം മാറുന്നുവെന്നും സാമ്രാജ്യത്വ ശക്തികൾ ഭീകരവാദത്തെക്കുറിച്ചുള്ള ചർച്ചകൾ സവിശേഷമായ രീതിയിൽ ചിട്ടപ്പെടുത്തുന്നുവെന്നും മനസ്സിലാക്കേണ്ടതുണ്ട്.

ഭീകരതയുടെ പേര്

ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഹിംസയെ ഭീകരത എന്നു പേരിട്ടു വിളിച്ചവർ തന്നെ പല തരത്തിലുള്ള ആശയക്കുഴപ്പങ്ങൾ അനുഭവിച്ചിരുന്നു.

ഒന്ന്) വെള്ള വംശീയവാദത്തിന്റെ ചരിത്രം പരിശോധിച്ചു കൊണ്ട് ഈ അക്രമത്തെ വെള്ള വംശീയ ഭീകരതയുടെ ഭാഗമായി വിവരിക്കുന്ന ശ്രമങ്ങൾ നടന്നു. ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഹിംസ മറ്റൊരു വസ്തുത കൂടി വെളിപ്പെടുത്തുന്നു. ആദ്യകാലത്ത് വെള്ള വംശീയവാദത്തിന് ബോധനപരമായ, കേന്ദ്രീകൃത സ്വഭാവം ഉണ്ടായിരുന്നു. കുറേക്കൂടി ആസൂത്രിതമായാണ് ആളുകൾ വംശീയവൽക്കരിക്കപ്പെട്ടിരുന്നത്. ചില സംഘങ്ങളുടെ ഭാഗമായിത്തന്നെയാണ് വ്യക്തികൾ അതു ചെയ്തിരുന്നത്.

പക്ഷേ സ്വയംപ്രേരിതരായി ആളുകളെ ആക്രമിക്കുന്ന വ്യക്തികളുടെ ഉദയമാണ് ഇപ്പോൾ‍ കാണാൻ കഴിയുന്നത്. തന്റെ സ്വകാര്യതയിൽ ഇരുന്ന് ഒരാൾക്കു വംശീയവാദിയാകാനും കൊലപാതകങ്ങൾ ആസൂത്രണം ചെയ്യാനും സാധിക്കുന്നു. വെള്ള വംശീയവാദ സംഘങ്ങളിലേക്കു സ്വയം പ്രേരിതരായി ചേരാൻ ഈ വ്യക്തികൾ തയ്യാറാവുന്നു സൈബർ ലോകത്ത് സ്വയം പ്രത്യയശാസ്ത്രവൽക്കരിക്കപ്പെട്ട വ്യക്തികളുടെ ഉദയമാണ് ഇതിന്റെ കാരണം. ഡൊണൾഡ് ട്രംപ് അടക്കമുള്ള വംശീയ സ്വഭാവമുള്ള നേതാക്കളുടെ പ്രസംഗം ശ്രവിച്ചാൽത്തന്നെ, വ്യക്തികൾ‍ വംശീയവൽക്കരിക്കപ്പെടാനും മുസ്‌ലിംകളെ അക്രമിക്കാനും സാധ്യതയുണ്ടെന്ന് റ്റോഡ് ഗ്രീൻ‍ കഴിഞ്ഞ വർഷം പുറത്തിറക്കിയ Presumed Guilty: Why We Shouldn’t Ask Muslims to Condemn Terrorism  എന്ന പഠനത്തിൽ മുന്നറിയിപ്പു നൽകുന്നുണ്ട്.

അതിനാൽ, വളരെ സ്വാഭാവികമായി ഇതൊരു വെള്ള വംശീയ ഭീകരതയായി പല വിശകലന വിദഗ്ധരും വിശേഷിപ്പിക്കുന്നു.

രണ്ട്) മറ്റൊരു കാര്യം കൂടി ഇതു സൂചിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക സ്വഭാവമുള്ള ഭീകരത മതസ്വഭാവമുള്ളതാണെന്നും മറ്റു പല ഭീകരവാദങ്ങളും, വിശിഷ്യാ യൂറോപ്പിലെ ഭീകരവാദം, വർഗ/ വംശ സ്വഭാവമുള്ളതാണെന്നുള്ള  മതേതര സമീപനം ഇതിനകത്തുണ്ട്.

മൂന്ന്) മാത്രമല്ല, വംശീയ സ്വഭാവമില്ലാത്ത ഭീകരതയും ഉണ്ടായിരുന്നുവെന്നാണു ഭീകരവാദ പഠനങ്ങൾ പറയുന്നത്. എഴുപതുകളിൽ ഇറ്റലിയിലെ നഗരങ്ങളിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നടത്തിയെന്നു കരുതപ്പെടുന്ന ബോംബ് സ്‌ഫോടനങ്ങളെ യൂറോപ്യൻ മാധ്യമങ്ങൾ വിശദീകരിച്ചിരുന്നത് ചുവന്ന ഭീകരത (red terror) എന്നാണ്. പിന്നീടത് ഇറ്റലിയിലെ രഹസ്യ പോലീസിന്റെ വേലയാണെന്നു വെളിപ്പെട്ടു. ഭീകരവാദത്തിന്റെ മതേതര/ പ്രത്യയശാസ്ത്ര സ്വഭാവമാണ് ചുവപ്പ് എന്ന നിറത്തിലൂടെ സൂചിപ്പിക്കപ്പെട്ടത്.

നാല്) ശീതയുദ്ധ കാലത്തു തന്നെ ചില മുസ്‌ലിം സംഘടനകളെ പച്ച ഭീകരർ (green terrorists) എന്നും വിശേഷിപ്പിക്കാറുണ്ടായിരുന്നു. എങ്കിലും പൊതുവായി മുസ്‌ലിം ആവിഷ്‌കാരങ്ങളെ ഭീകരത എന്നല്ല അന്നു വ്യാപകമായി വിശേഷിപ്പിച്ചിരുന്നത്. മൗലികവാദം (fundamentalism), തീവ്രവാദം (extremism) തുടങ്ങിയ വാക്കുകളാണ് അക്കാലത്ത് മുസ്‌ലിം സായുധ ആവിഷ്‌കാരങ്ങളെക്കുറിച്ചു സംസാരിക്കാൻ ഉപയോഗിക്കപ്പെട്ടത്. തൊണ്ണൂറുകളുടെ അവസാനം മൗലികവാദം (fundamentalism) എന്ന വാക്കിന്റെ യൂറോ- ക്രിസ്ത്യൻ പശ്ചാത്തലത്തെക്കുറിച്ചും അതു മുസ്‌ലിം സാഹചര്യത്തിൽ‍ ഉപയോഗിക്കുന്നതിന്റെ കുഴപ്പത്തെക്കുറിച്ചും കൂടുതൽ ചർച്ചകൾ ഉണ്ടായിരുന്നു. 2001ൽ‍ ന്യുയോർക്കിൽ ലോക വ്യാപാര സമുച്ചയം തകർക്കപ്പെട്ടതിനു ശേഷമാണ് ഇസ്‌ലാമിക ഭീകരവാദത്തെപ്പറ്റി ലിബറൽ മാധ്യമങ്ങൾ ഏറെ ശക്തിയോടെ സംസാരിക്കാൻ തുടങ്ങിയത്.

വായനയുടെ  കുഴപ്പങ്ങൾ

മുസ്‌ലിം ജിവിതസാഹചര്യങ്ങളെയും രാഷ്ട്രീയ സന്ദർഭങ്ങളെയും ഭീകരവാദത്തെപ്പറ്റിയുള്ള ചർച്ച നിർണയിക്കുന്ന രീതികൾ മറ്റു സമാന ഹിംസയുടെ പ്രയോഗങ്ങളിൽ നിന്നു വളരെ വ്യത്യസ്തമാണ്.

കഴിഞ്ഞ മൂന്നു ദശകമായി നടക്കുന്ന സാമ്രാജ്യത്വ പ്രചാരവേലയുടെ ഭാഗമായി  ‘ഇസ്‌ലാമിക ഭീകരവാദം’ എന്ന പ്രയോഗം മറ്റു രീതികളിലുള്ള ഭീകരവാദത്തെക്കൾ പൊതു സ്വീകാര്യത നേടിയിരിക്കുന്നു. അതിനാൽ തന്നെ പ്രസ്തുത പ്രയോഗത്തെ മറ്റു സന്ദർഭങ്ങളിൽ‍ ഉപയോഗിക്കുന്നതിൽ പ്രതിസന്ധിയുണ്ടെന്നാണ് ഒരു വീക്ഷണം.

ക്രൈസ്തവ/ ബുദ്ധിസ്റ്റ്/ ഹിന്ദു ഭീകരത തുടങ്ങിയ പ്രയോഗങ്ങളേക്കാൾ പ്രത്യയശാസ്ത്ര ഭാരമുള്ളതാണ് ഇസ്‌ലാമിക/ മുസ്‌ലിം ഭീകരവാദമെന്ന പ്രയോഗം. പൊതുബോധത്തിനകത്ത് താൽക്കാലികമായ ചില അട്ടിമറികൾ (subversion) മാത്രമേ അത്തരം തിരിച്ചിടലുകൽ‍ നൽകുകയുള്ളൂവെന്ന പ്രതിസന്ധിയുണ്ട്. അതിനാൽ  ഭീകരവാദത്തെക്കുറിച്ചുള്ള സംസാരങ്ങളെ തിരിച്ചിട്ടാൽ തീരുന്നതല്ല ഹിംസയുടെ ലോകക്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രശ്‌നങ്ങൾ എന്നാണു വിലയിരുത്താൻ കഴിയുന്നത്.

മാത്രമല്ല, വംശീയതയും യൂറോപ്യൻ ക്രൈസ്തവതയുടെ രാഷ്ട്രീയ വ്യാഖ്യാനങ്ങളും തമ്മിൽ‍ ബന്ധമുണ്ടെന്നു നിരീക്ഷിക്കുന്ന പഠനങ്ങൾ പറയുന്നത് വംശം, മതം, രാഷ്ട്രീയം ഇവയുടെ കലർപ്പിനെക്കുറിച്ചാണ്. ഇന്നത്തെ യൂറോ- അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വംശാവലിയാണത്. എന്നാൽ സെമിറ്റിക് വിരുദ്ധതയും പാശ്ചാത്യ ക്രൈസ്തവതയും തമ്മിലെ ബന്ധത്തെ കുറച്ചു കാണാൻ സാധിക്കില്ലെന്നാണ് Blood: A Critique of Christianity എന്ന പഠനത്തിൽ ഗിൽ അനിജർ നിരീക്ഷിക്കുന്നത്.

ഇത്തരമൊരു പ്രതിഭാസത്തെ അത്ര എളുപ്പത്തിൽ ക്രിസ്ത്യൻ ഭീകരവാദമാണെന്നു പറയാമോ? പൗരസ്ത്യ ക്രൈസ്തവതയുടെയും യൂറോ- അമേരിക്കയിലെ വംശീയ വിരുദ്ധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ ജാഗ്രതയും ഇസ്‌ലാമോഫോബിയക്കെതിരായ നിലപാടുകളും ഏറെ വിലമതിക്കേണ്ടതുണ്ട്.

പൊതു വ്യവഹാരങ്ങളിൽ ഏറെ വികസിച്ച മറ്റൊരു പ്രയോഗം മതഭീകരത എന്നാണ്. എല്ലാ മതങ്ങളും ഒന്നല്ല. മതങ്ങൾ തന്നെ പല സാഹചര്യങ്ങളിൽ പല അധികാരത്തിന്റെ ഭാഗമാണ്. മതഭീകരത എന്ന സൂചനയിൽ ഇരകളും വേട്ടക്കാരും ഒക്കെ ഉൾപ്പെടുമെന്നതിനാൽ അത്തരമൊരു പ്രയോഗത്തിന് വിശകലനപരമായി ഒന്നും നൽകാൻ കഴിയാത്ത അവസ്ഥയുണ്ട്.

ഗിൽ അനിജർ

മതത്തിൽ വിശ്വസിക്കുന്ന ആളുകളുടെ ഹിംസകൾ മാത്രമല്ലല്ലോ ഭീകരത. സ്റ്റാലിനിസം, ഫാഷിസം അടക്കമുള്ള ആധുനിക മതേതര ഭീകരതകൾ ഇതിൽ നിന്ന് എത്രമാത്രം വ്യത്യസ്തമാണ്?

ചുരുക്കിപ്പറഞ്ഞാൽ പൊതുബോധത്തെ നിർണയിച്ച ഭാഷയുടെ പരിധിയും പരിമിതിയും വെളിപ്പെടുത്തുന്ന  സംഭവമായിരുന്നു ക്രൈസ്റ്റ് ചർച്ച് അക്രമം. എളുപ്പമുള്ള തീർപ്പുകൾ‍ രാഷ്ട്രീയമായി അത്യാവശ്യമാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള സംവാദങ്ങളുടെ സാധ്യതയെ തള്ളിക്കളയുന്നതാവരുത്.
ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയത്തെ ഗൗരവമായി കാണുന്ന സാമൂഹിക പ്രസ്ഥാനങ്ങൾ‍ ഭീകരവാദത്തിന്റെ ഭാഷയുടെ പ്രശ്‌നത്തെപ്പറ്റി കൂടുതൽ ഗൗരവമായി ആലോചിക്കേണ്ടി വരുമെന്നാണ്  പൊതുവ്യവഹാരങ്ങൾ നൽകുന്ന സൂചനകൾ.

Top