എൺപത് രാഷ്ട്രങ്ങളിൽ അമേരിക്കൻ അധിനിവേശം തുടരുന്നു

കഴിഞ്ഞ രണ്ടു വർഷമായി ഏഴു രാജ്യങ്ങളെ ലക്ഷ്യം വച്ച് വായുമാർഗം അമേരിക്ക ആക്രമണം നടത്തിയിട്ടുണ്ട്. അതിലുമിരട്ടി ഇടങ്ങളിൽ അമേരിക്ക നേരിട്ട് യുദ്ധങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇരുപത്താറ് രാജ്യങ്ങളിൽ സംയുക്ത സൈനിക അഭ്യാസങ്ങൾ അരങ്ങേറിയിട്ടുണ്ട്. നാല്പത് സൈനിക താവളങ്ങളാണ് ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിൽ പങ്കാളികളായത്. ഒപ്പം അറുപത്തഞ്ച് തദ്ദേശീയ സൈനിക സുരക്ഷാ ശക്തികൾക്ക് ഭീകരവാദവിരുദ്ധത കേന്ദ്രീകരിച്ച പരിശീലനവും സഹായവും ലഭിക്കുന്നുണ്ട്. സ്റ്റെഫാനി സാവെലിന്റെ അന്വേഷണ റിപ്പോർട്ട്.

2001 സെപ്റ്റംബറിൽ ബുഷ് ഭരണകൂടം ‘ഭീകരവാദത്തിനെതിരായ ആഗോള യുദ്ധം’ തുടങ്ങി. ആ പ്രയോഗത്തിൽ നിന്ന് ‘ആഗോളം’ എന്ന പദം കുറെ കാലം മുൻപ് തന്നെ അടർത്തിമാറ്റപ്പെട്ടെങ്കിലും അതൊരു നേരമ്പോക്ക് മാത്രമല്ലെന്നാണ് തെളിയുന്നത്.

കുറേ വർഷങ്ങൾക്കു ശേഷം അമേരിക്ക എത്രയിടങ്ങളിൽ ഈ ‘യുദ്ധം’ തുടരുന്നുവെന്നത് കണ്ടുപിടിക്കാൻ തീരുമാനിച്ചപ്പോൾ അതിത്രയും പ്രയാസമേറിയതാകുമെന്ന് വിചാരിച്ചിരുന്നില്ല. 2017ൽ നൈജറിൽ വച്ച് ഭീകരവാദവിരുദ്ധ പോരാട്ടത്തിൽ നാല് അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നതിനും, ‘ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന്’ എത്ര ദൂരം പോകാനാകുമെന്നതിന്റെ സൂചനകൾ അമേരിക്കക്കാർ നൽകുന്നതിനും മുൻപാണിത്. ഇതൊക്കെ കേൾക്കുമ്പോൾ ഏതൊരു അമേരിക്കക്കാരനും ഓർമ്മവരുന്ന ചില ദേശങ്ങളുടെ പേരുകളുള്ള ഒരു ഭൂപടമായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനും, ഇറാഖും, സിറിയയും പാകിസ്ഥാനും. ഒപ്പം സൊമാലിയ, ഫിലിപ്പൈൻസ് പോലെ ആരും ശ്രദ്ധിക്കാത്ത ഒരു ഡസൻ രാജ്യങ്ങളും. ഞാൻ തുടങ്ങുന്ന ഗവേഷണം അതിന്റെ രണ്ടാം വർഷത്തിലെത്തുമ്പോൾ ലഭിക്കുന്ന ഭൂപടത്തിൽ 2017ലും 2018ലുമായി 80 രാജ്യങ്ങളിലായി അമേരിക്ക നടത്തുന്ന ഭീകരവാദവിരുദ്ധ യുദ്ധങ്ങളുടെ ചിത്രം കാണാനാകുമെന്ന് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. ഇത് ആകെ ലോകരാജ്യങ്ങളുടെ 40 ശതമാനം വരും.

ബ്രൗൺ യൂണിവേഴ്സിറ്റിയുടെ വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക്ക് അഫേർസിന്റെ ‘കോസ്റ്റ്സ് ഓഫ് വാർ’ പ്രോജക്ട് കോ-ഡയറക്ടർ എന്ന നിലയിൽ ഇത്തരത്തിൽ വിവിധയിടങ്ങളായി പടർന്ന് കിടക്കുന്ന സാന്നിധ്യത്തിന് കൊടുക്കേണ്ടി വരുന്ന വിലയെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ടായിരുന്നു. 2001 മുതലുള്ള അമേരിക്കൻ ഭീകരവാദവിരുദ്ധ യുദ്ധത്തിൽ അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ഇറാഖിലും മാത്രം നഷ്ടപെട്ടത് അര മില്യൺ ജീവനുകളാണെന്നാണ് ഞങ്ങളുടെ പ്രോജക്ട് ഫലങ്ങൾ കാണിക്കുന്നത്. 2019 അവസാനത്തോടെ ഞങ്ങളുടെ കണക്കുകൂട്ടലിൽ വാഷിങ്ടണിന്റെ ഭീകരവാദത്തിനെതിരായ യുദ്ധത്തിന് നികുതിയടയ്ക്കുന്ന അമേരിക്കൻ പൗരന്മാർ മുടക്കേണ്ടി വരിക കുറഞ്ഞത് 5.9 ട്രില്യൺ ഡോളറാണ്. കൂടാതെ യുദ്ധത്തിൽ പങ്കെടുത്ത മുൻ പട്ടാളക്കാർക്ക് ആജീവനാന്ത സഹായം നൽകുകയും വേണം.

പൊതുവിൽ അമേരിക്കൻ ജനത 9/11 നു ശേഷമുള്ള യുദ്ധങ്ങളെയും അതിന്റെ ചിലവുകളെയും വലിയതോതിൽ അവഗണിച്ചിട്ടുണ്ട്. പക്ഷേ എന്തെന്നില്ലാത്ത വിധം ഈ സമയം ഈ വിഷയത്തിന് ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു എന്നതാണ് അമേരിക്കയുടെ ഭീകരവാദവിരുദ്ധ പ്രവർത്തികളുടെ തീവ്രത സൂചിപ്പിക്കുന്നത്. അടുത്തിടെ ട്രംപ് ഭരണകൂടം സിറിയയിൽ നിന്ന് പട്ടാളത്തെ തിരിച്ചു വിളിക്കുന്നതിനെ കുറിച്ചും താലിബാനുമായി സമാധാന ചർച്ചകൾ നടത്തുന്നതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. എങ്കിലും നിരവധി അമേരിക്കക്കാർക്ക് അറിയാത്ത കാര്യം അമേരിക്കയുടെ ഭീകരവാദവിരുദ്ധ യുദ്ധം ഈ പ്രദേശങ്ങളിൽ ഒതുങ്ങുന്നില്ലെന്നതാണ്.

ട്രംപിന് കീഴിൽ ഇത് പലയിടങ്ങളിലായി വർധിച്ചിട്ടുണ്ട്. അതിവ്യാപകമായ നമ്മുടെ തീവ്രവാദവിരുദ്ധ യുദ്ധവും അതിന്റെ അന്ധാളിപ്പിക്കുന്ന വലിയ ചെലവും ചില നിർണ്ണായകമായ ഉത്തരങ്ങൾ തേടാൻ അമേരിക്കക്കാരെ പ്രേരിപ്പിക്കേണ്ടതുണ്ട്. ഈ ആഗോളയുദ്ധം അമേരിക്കക്കാരെ സുരക്ഷിതരാക്കുന്നുണ്ടോ? അമേരിക്കയിലെയും മറ്റു സ്ഥലങ്ങളിലെയും പൗരന്മാർക്കെതിയുള്ള അക്രമം ഇത് കുറയ്ക്കുന്നുണ്ടോ? ഞാൻ വിശ്വസിക്കുന്നതുപോലെ ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം ഇല്ല എന്നാണെകിൽ നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇതിനേക്കാൾ ഫലപ്രദമായ മറ്റൊരു വഴിയുമില്ലേ?

യുദ്ധമോ, അതോ ‘പരിശീലനവും സഹായവും’ മാത്രമോ?

എന്റെ ഗവേഷണസംഘം കണ്ടെത്തിയത് പോലെ വസ്തുതകൾ ശേഖരിക്കുന്നതിലെ പ്രധാന തടസ്സം മിക്കപ്പോഴും അമേരിക്കൻ സർക്കാർ ഭീകരവാദത്തിനെതിരെയുള്ള യുദ്ധങ്ങളുടെ കാര്യത്തിൽ പുലർത്തുന്ന രഹസ്യ സ്വഭാവമാണ്. കോൺഗ്രസിന് യുദ്ധം പ്രഖ്യാപിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും ഭരണഘടന നൽകുന്നുണ്ട്. ഇത് കടലാസിൽ മാത്രമാണെങ്കിലും പൗരൻമാർക്ക് ചില കാര്യങ്ങൾ അറിയാനുള്ള വഴി മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നിട്ടുപോലും പ്രാവർത്തിക സുരക്ഷയെ മുൻനിർത്തി ഭീകരവാദവിരുദ്ധ യുദ്ധത്തെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യ സ്വഭാവമുള്ളതായാണ് സൈന്യം എപ്പോഴും തരംതിരിക്കുക.

എതിർക്കുന്നവരുമായി അമേരിക്ക നേരിട്ട് യുദ്ധത്തിലേർപ്പെടുന്ന ദൗത്യങ്ങളെ കുറിച്ച് പ്രത്യേകിച്ചും ഇത് സത്യമാണ്. രണ്ടു വർഷങ്ങളിലായി 14 വ്യത്യസ്ത രാജ്യങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുവെന്നാണ് ഞാനും എന്റെ ഗവേഷണ സംഘവും കണ്ടെത്തിയത്. ഈ പട്ടികയിൽ തീർച്ചയായും അഫ്ഗാനിസ്ഥാനും സിറിയയും ഉണ്ട്. ഒപ്പം അപ്രസിദ്ധവും അപ്രതീക്ഷിതവുമായ രാജ്യങ്ങളുടെ പേരുകളുമുണ്ട്. ലിബിയ, ടുണീഷ്യ, സൊമാലിയ, മാലി, കെനിയ തുടങ്ങിയവ പോലെ. ഔദ്യോഗികമായി പരിശീലന സഹായ – ഉപദേശ ദൗത്യങ്ങളെന്ന മേൽവിലാസമാണ് ഇത്തരത്തിലധികവും ഉപയോഗിക്കുന്നത്. എന്നാലിവയൊക്കെത്തന്നെയും വാഷിങ്ടൺ ഭീകരവാദസംഘടനകളെന്ന് മുദ്രകുത്തിയ തദ്ദേശീയ സൈന്യങ്ങളെ പരോക്ഷമായി സഹായിക്കുന്നുമുണ്ട്. അനൗദ്യോഗികമായി, സഹായത്തിനും യുദ്ധത്തിനുമിടയിലെ വ്യത്യാസം വളരെ അവ്യക്തമാണ്.

ചില മികച്ച അന്വേഷണാത്മക പത്രപ്രവർത്തകർ ഈ നിഴൽയുദ്ധങ്ങളെ കുറിച്ച്, പ്രധാനമായും ആഫ്രിക്കയിൽ നടക്കുന്നതിന്റെ തെളിവുകളടക്കം പുറത്തെത്തിച്ചിട്ടുണ്ട്. 2017 ഒക്ടോബറിൽ നൈജറിൽ, മാധ്യമപ്രവർത്തകർ പറഞ്ഞതുപോലെ, ഔദ്യോഗികമായി പരിശീലന പരിപാടിയെന്ന പേരിലുള്ളത് പിന്നീട് തീവ്രവാദിയെന്ന് സംശയമുള്ളവരെ “കൊല്ലുക അല്ലെങ്കിൽ പിടികൂടുക” എന്ന നിലയിലുള്ള നീക്കമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇത്തരം നീക്കങ്ങൾ സ്ഥിരമാണ്. ഉദാഹരണത്തിന്, കെനിയയിൽ അമേരിക്കൻ സേവകർ, അമേരിക്ക ഭീകരവാദ സംഘടനയെന്നു മുദ്രകുത്തിയ അൽ – ശബാബിന്റെ മിലിറ്റന്റുകളെ നിരന്തരം വേട്ടയാടുകയാണ്. ടുണീഷ്യയിൽ, അമേരിക്കൻ – ടുണീഷ്യൻ സൈന്യങ്ങളും അൽ-ഖൈദയുമായി ഒരു തുറന്ന യുദ്ധമെങ്കിലും നടത്തിയിട്ടുണ്ട്. ആ സന്ദർഭത്തിൽ മികച്ച സേവനം കാഴ്ചവച്ചതിനു രണ്ടു അമേരിക്കൻ സേവകർക്ക് അവാർഡ് നൽകുകയുമുണ്ടായി. ഈ സൂചനയിൽ നിന്നാണ് മാധ്യമപ്രവർത്തകർ അവിടെ ആദ്യം പോരാട്ടം ഉണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയത്.

കൂടാതെ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ യു എസിന്റെ പ്രത്യേക സുരക്ഷാവിഭാഗങ്ങൾ ദൗത്യങ്ങൾ ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. പലതും, ആഫ്രിക്കൻ സൈന്യങ്ങളുമായി കൈകോർത്തുകൊണ്ട് എന്ന നിലയിലായിരുന്നെങ്കിലും യഥാർത്ഥത്തിൽ അവർ തന്നെയായിരുന്നു നടത്തിപ്പുകാർ. വസ്തുതാ ശേഖരണത്തിലെ സൂക്ഷ്മതയിൽ ഞങ്ങൾക്ക് പിഴവ് സംഭവിച്ചിട്ടുണ്ടാകാം. എങ്കിലും കുറഞ്ഞത് രണ്ട് വിശ്വസനീയമായ വിവര സ്രോതസ്സുള്ളതോ, കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്ന വിദഗ്ദർ, മാധ്യമപ്രവർത്തകർ എന്നിവരുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തിയതോ ആയ വിവരങ്ങൾ മാത്രമേ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഞങ്ങൾക്ക് എത്താവുന്നതിലുമധികം പ്രദേശങ്ങളിൽ അമേരിക്കൻ സൈന്യം യുദ്ധത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്.

ഞങ്ങളുടെ മറ്റൊരു പ്രധാനപ്പെട്ട കണ്ടെത്തൽ എന്നത് എത്ര രാജ്യങ്ങളിൽ അമേരിക്ക അവിടത്തെ സൈന്യങ്ങളെ ഭീകരവാദ വിരുദ്ധ പോരാട്ടങ്ങൾക്കായി പരിശീലിപ്പിക്കുന്നുണ്ടെന്നതും സഹായിക്കുന്നുണ്ടെന്നതുമാണ്. മൊത്തം 65 രാജ്യങ്ങളാണ് ആ പട്ടികയിലുള്ളത്. സൈന്യമാണ് കൂടുതലും പരിശീലനം നൽകുന്നതെങ്കിലും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സാമ്പത്തികസഹായം, പോലീസ്-സൈനിക പരിശീലനം, അതിർത്തി കാവൽ എന്നിവയിൽ വലിയതോതിൽ ഇടപെടുന്നുണ്ടെന്നത് ആശ്ചര്യജനകമാണ്. ഇവർ വാഹനങ്ങളിൽ എക്സ്-റേ കണ്ടുപിടിക്കാനുള്ള യന്ത്രങ്ങൾ, അനധികൃത ചരക്കുകൾ കണ്ടെത്താനുള്ള കിറ്റുകൾ തുടങ്ങിയ ഉപകരണങ്ങൾ അവർ സംഭാവന ചെയ്യുന്നുണ്ട്.

‘അക്രമാസക്തമായ തീവ്രവാദം ചെറുക്കുക’ എന്ന പേരിൽ പൊതുവിദ്യാഭ്യാസം പോലുള്ള മൃദു-സ്വാധീന മാർഗങ്ങളിലൂടെ സ്റ്റേറ്റ് ഡിപാർട്മെന്റ് ചില ബോധവൽക്കരണ പദ്ധതികൾ നടത്തിവരുന്നുണ്ട്. ഭീകരവാദത്തെയും അതിന്റെ സുരക്ഷിത താവളങ്ങളെയും റിക്രൂട്മെന്റിനെയും ചെറുക്കുന്നത് എങ്ങിനെ എന്നിവ സംബന്ധിച്ച പൊതു വിദ്യാഭ്യാസപരിപാടികളാണ് അതിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഇത്തരം പരിശീലനങ്ങൾ മധ്യേഷ്യയിലും ആഫ്രിക്കയിലും അതുപോലെ ഏഷ്യയുടെയും ലാറ്റിൻ അമേരിക്കയുടെയും പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. 2016 സമ്മർ ഒളിംപിക്സിന് മുന്നോടിയായി, ഭീകരാക്രമണ ഭീഷണികളെ കാലേകൂട്ടി ചെറുക്കാൻ ബ്രസീലിൽ അമേരിക്കൻ നിയമനിർവ്വഹണ വിഭാഗങ്ങൾ പരിശീലിപ്പിച്ചെടുത്ത സുരക്ഷാ വിഭാഗം ഇതിനൊരു ഉദാഹരണമാണ് ( 2017 ൽ ഈ പങ്കാളിത്തം തുടർന്നു). അർജന്റീന, ബ്രസീൽ, പരാഗ്വേ എന്നിവയുടെ ത്രികോണ അതിർത്തിയിലെ കമ്പോളങ്ങളിലേക്ക് ഭീകരവാദ സംഘടനകളെന്ന് സംശയിക്കുന്നവർ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ അമേരിക്കൻ അതിർത്തി സുരക്ഷാ സേന അർജന്റീനയിലും സമാന സേനയുമായി സംയുക്തമായി പ്രവർത്തിച്ചിട്ടുണ്ട്.

ഭൂരിഭാഗം അമേരിക്കകാർക്കും ഇതു നിരുപദ്രവകരമായി തോന്നിയേക്കാം. എപ്രകാരമെന്നാൽ മഹാമനസ്കതയിൽ കവിഞ്ഞ അയൽക്കാരന്റെ കരുതൽ പോലീസ് സഹായമായി നൽകുന്നതും, വിവേകപൂർണ്ണമായ തിരിച്ചറിവിനെ മുൻനിർത്തി അവർ നമ്മിലേക്കെത്തുന്നതിനു മുൻപു തന്നെ തടയുക എന്ന തന്ത്രവും നമുക്ക് നിർദോഷമായി തോന്നുന്നതുപോലെ. പക്ഷേ ഇത്രയും വർഷങ്ങൾക്ക് ശേഷം, അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാക്കിൽ നിന്നും കേട്ടതിനു ശേഷവും അതിൽ നിന്നുള്ള ഫലങ്ങൾ നിരുപദ്രവകരമാണോ പ്രയോജനപ്രദമാണോ എന്നൊക്കെ നാം ഒന്നുകൂടി ആലോചിക്കേണ്ടതില്ലേ?

പല രാജ്യങ്ങളുൾപ്പെട്ട വ്യാപ്തിയേറിയ ലക്ഷ്യങ്ങൾ നേടാനാണ് പലപ്പോഴും ഇത്തരം സൈനിക പരിശീലനങ്ങൾ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് നൈജീരിയയിൽ അമേരിക്കൻ സുരക്ഷാ സേനകൾ തദ്ദേശീയ സുരക്ഷാ സേനകളുമായി വളരെ അടുത്താണ് പ്രവർത്തിക്കുന്നത്. അവർ പീഡനമുറകൾ ഉപയോഗിക്കുകയും നിയമവിരുദ്ധമായി കൊല്ലുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്തിട്ടുണ്ട്. ഫിലിപ്പീൻസിലാകട്ടെ, പ്രസിഡണ്ട് റോഡ്രിഗോ ടുറെർറ്റെയുടെ സൈന്യവുമായി സംയുക്ത സൈനികാഭ്യാസങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. പോലീസ് അയാളുടെ കയ്യിലുണ്ടായിട്ടും രാജ്യത്തിലെ പൗരന്മാർ അനുഭവിക്കുന്നത് കൊടിയ അക്രമണങ്ങളാണ്.

ക്യാമ്പ് ലെമോണിയർ എന്ന ആഫ്രിക്കയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളത്തിന് ഇടം നൽകുന്ന ജിബൂത്തി സർക്കാർ തങ്ങളുടെ ഭീകരവാദവിരുദ്ധ നിയമങ്ങൾ ആഭ്യന്തര വിമതർക്കെതിരെയും ഉപയോഗിക്കുന്നുണ്ട്.

ഭീകരവാദം നിർദിഷ്ട ഇടങ്ങളിലെ അമേരിക്കയുടെ ഭീകരവാദവിരുദ്ധ സഹകരണം എന്നിവ രേഖപ്പെടുത്തുന്ന 2017ലെ കൺട്രി റിപ്പോർട്ട് ഓൺ ടെററിസം പ്രകാരം, ജിബൂത്തിയിൽ സർക്കാർ ഭീകരവിരുദ്ധ നിയമങ്ങളുപയോഗിച്ചു പ്രതിപക്ഷത്തെയും ആക്ടിവിസ്റ്റുകളെയും ജയിലിലടയ്ക്കുകയും കേസെടുക്കുകയും വിമർശനങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നത് അനസ്യൂതം തുടരുകയാണ്.

ആ രാജ്യത്തും മറ്റു സഖ്യ രാജ്യങ്ങളിലും, അധികാര മനോഭാവമുള്ള തദ്ദേശീയ സൈന്യങ്ങൾ ഭീകരവാദവിരുദ്ധതയെ ഉപയോഗിച്ച് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതിനെ വാഷിങ്ടണിന്റെ ഭീകര-പരിശീലന പരിപാടികൾ വളർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഒരു വിശാല സൈനിക കാഴ്ചപ്പാട്

അമേരിക്കൻ സൈന്യത്തിന്റെ സഹായവും പരിശീലനവും നടക്കുന്ന 65 പ്രദേശങ്ങളെ രേഖപ്പെടുത്താനുള്ള ഞങ്ങളുടെ ശ്രമത്തിൽ, എന്ത് നടക്കുന്നുവെന്നതിനെ കുറിച്ച് (അവ്യക്തതകൾ നിറഞ്ഞതാണെങ്കിൽ കൂടി) സർക്കാർ വകുപ്പുകളുടെ റിപോർട്ടുകൾ ഒരു പ്രധാന വിവരസ്രോതസായി മാറിയിട്ടുണ്ട്. എന്താണ് അത്തരം രാജ്യങ്ങളിലെ സൈനിക നീക്കത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പങ്ക് എന്നതിനെ അഭിമുഖീകരിക്കാൻ പരാജയപ്പെടുന്നിടത്ത് ‘സുരക്ഷാ സേന’ പോലുള്ള മൃദു പദങ്ങളെയാണ് അവർ സ്ഥിരമായി ആശ്രയിക്കുക.

ചില സമയം ആ രേഖകൾ വായിച്ച് എന്താണ് ആ ദൂരദേശങ്ങളിൽ നടക്കുന്നതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടയിൽ, അമേരിക്കൻ സൈന്യം എന്താണ് ചെയ്യുന്നതെന്ന ചിന്ത എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ഒടുക്കം 2017-18ൽ അമേരിക്കൻ സൈന്യം ഭീകരവാദത്തിനെതിരെ യുദ്ധം നടത്തിയിട്ടുള്ള 14 രാജ്യങ്ങളെ തീർച്ചപ്പെടുത്താൻ ഞങ്ങൾക്കായി.

ഇതിൽ ഏഴു രാജ്യങ്ങളെ കണ്ടുപിടിക്കുക തികച്ചും എളുപ്പമായിരുന്നു. ഇവയിലൊക്കെയും സർക്കാർ ഭീകരരെന്ന് മുദ്രകുത്തിയ ലക്ഷ്യങ്ങളെ തകർക്കാൻ വായുമാർഗമുള്ള ആക്രമണങ്ങളും ഡ്രോണുകളും കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അമേരിക്ക ഉപയോഗിച്ചിട്ടുണ്ട് (പക്ഷേ ഇതൊക്കെയും സാധാരണക്കാരെ ദിനംപ്രതി കൊല്ലുന്നുണ്ട്). അഫ്ഗാനിസ്ഥാൻ, ഇറാഖ്, ലിബിയ, പാക്കിസ്ഥാൻ, സൊമാലിയ, സിറിയ, യമൻ എന്നിവയാണാ രാജ്യങ്ങൾ. അമേരിക്കയുടെ ആഗോളയുദ്ധത്തിൽ ആഴത്തിൽ ബാധിച്ച ഘടകങ്ങൾ ഇവയൊക്കെയായിരുന്നു. എത്രയായാലും ഇത് ഞങ്ങളുടെ ഭൂപടത്തിൽപ്പെട്ട 80 രാജ്യങ്ങളെ ചെറിയ അളവിലെങ്കിലും പ്രതിനിധാനം ചെയ്യുന്നുണ്ട്.

വിദേശത്തു നടത്തുന്ന/ നടത്താനുദ്ദേശിക്കുന്ന തങ്ങളുടെ നിരവധി സൈനികാഭ്യാസങ്ങളെ സൈന്യം പരസ്യപ്പെടുത്തുകയോ, കുറഞ്ഞപക്ഷം മറച്ചുവയ്ക്കാതിരിക്കുകയോ ചെയ്യുന്നുണ്ടെന്ന് എനിക്ക് ബോധ്യമായി. എന്നിരിക്കിലും, ഇതെല്ലാം രാജ്യത്തിന്റെ ആഗോള സൈനിക പ്രഭാവം കാണിക്കാനും ശതൃക്കളെ പിന്തിരിപ്പിക്കാനും ( ഭീകരവാദികൾ എന്നുദ്ദേശം), തന്ത്രപരമായി തിരഞ്ഞെടുത്ത സഖ്യങ്ങളെ താങ്ങി നിർത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ളതുമാണ്.

26 രാജ്യങ്ങളിൽ കേന്ദ്രീകരിച്ചു പരസ്യമായി നടത്തുന്ന ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ, ഒപ്പം അമേരിക്കൻ സൈനിക താവളങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളോ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന ചെറു സൈന്യങ്ങളോ തുടങ്ങി ഞങ്ങൾ രേഖപ്പെടുത്തിയ ഇത്തരം പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് ഭീകരവിരുദ്ധ യുദ്ധങ്ങളിലെ സൈനിക ശക്തികളുടെ ഭീകരമായ സാന്നിധ്യമാണ്.

ഏകദേശം എണ്ണൂറിലധികം അമേരിക്കൻ സൈനിക താവളങ്ങൾ ആഗോളതലത്തിലുണ്ടെങ്കിലും അമേരിക്ക നേരിട്ട് ഭീകരവാദവിരുദ്ധ യുദ്ധത്തിലേർപ്പെടുന്ന 40 രാജ്യങ്ങളിലെ താവളങ്ങൾ മാത്രമേ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളു. ഇതിൽ ജർമനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളുമുണ്ട്. അവിടങ്ങളാണ് മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കൻ നടപടികളുടെ പ്രധാന താവളം.

ചുരുക്കി പറഞ്ഞാൽ, പൂർത്തിയാക്കിയ ഞങ്ങളുടെ ഭൂപടം പ്രകാരം 2017ലും 2018ലുമായി 7 രാജ്യങ്ങളെ ലക്ഷ്യം വച്ച് വായുമാർഗം അമേരിക്ക ആക്രമണം നടത്തിയിട്ടുണ്ട്. അതിലുമിരട്ടി ഇടങ്ങളിൽ അമേരിക്ക നേരിട്ട് യുദ്ധങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 26 രാജ്യങ്ങളിൽ സംയുക്ത സൈനിക അഭ്യാസങ്ങൾ അരങ്ങേറിയിട്ടുണ്ട്. 40 സൈനിക താവളങ്ങളാണ് ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിൽ പങ്കാളികളായത്. ഒപ്പം 65 തദ്ദേശീയ സൈനിക സുരക്ഷാ ശക്തികൾക്ക് ഭീകരവാദവിരുദ്ധത കേന്ദ്രീകരിച്ച പരിശീലനവും സഹായവും ലഭിക്കുന്നുണ്ട്.

ഒരു മികച്ച ബൃഹത് പദ്ധതി

കഴിഞ്ഞ 17 വർഷങ്ങൾക്കിടയിൽ എത്ര തവണ കോൺഗ്രസും അമേരിക്കൻ ജനതയും ഭീകരതെക്കെതിരായ യുദ്ധം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും യുദ്ധത്തിന്റെ അമ്പരപ്പിക്കുന്ന സ്ഥല വ്യാപ്തിയെക്കുറിച്ചുമൊക്കെ വാദപ്രതിവാദത്തിലേർപ്പെട്ടിട്ടുണ്ട്? ഉത്തരമെന്തെന്നാൽ തികച്ചും അപൂർവമായി മാത്രമെന്നാണ്.

സ്വന്തം രാജ്യത്തെ കുറേ വർഷങ്ങളായുള്ള നിശബ്ദതയ്ക്കും ഉദാസീനതയ്ക്കും ശേഷം അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും യമനിലെയും അമേരിക്കൻ യുദ്ധങ്ങൾക്കുമേൽ അടുത്തിടെ മാധ്യമങ്ങളും യു.എസ് കോൺഗ്രസും പുലർത്തിയ ശ്രദ്ധ പുതിയൊരു പ്രവണതയാണ്. ഭീകരതയ്ക്കെതിരായ യുദ്ധങ്ങളെ കുറിച്ച് ചർച്ചചെയ്യുന്നതിന്‌ അവസാനം കോൺഗ്രസ് അംഗങ്ങൾ തുടക്കമിട്ടിട്ടുണ്ട്.

ഉദാഹരണത്തിന് കഴിഞ്ഞ ബുധനാഴ്ച സൗദി നയിക്കുന്ന യമനെതിരെയുള്ള യുദ്ധത്തിന് അമേരിക്കൻ പിന്തുണ അവസാനിപ്പിക്കാൻ ഹൗസ് ഓഫ് റെപ്രസെന്ററ്റീവ്സ് വോട്ട് ചെയ്തു. ഒപ്പം, വരുന്ന മാസങ്ങളിൽ ഇതേ വിഷയത്തിൽ കോൺഗ്രസിന്റെ വോട്ട് ആവശ്യപ്പെട്ടുള്ള നിയമം സെനറ്റ് പാസാക്കുകയും ചെയ്തു.
ഫെബ്രുവരി 6നു ഹൗസ് ഓഫ് ആംഡ് സെർവീസ് കമ്മിറ്റി അവസാനം ഇതുവരെ സെനറ്റ് ചർച്ചചെയ്യാത്ത പെന്റഗണ്ണിന്റെ “ഭീകരവിരുദ്ധ സമീപനത്തെ” കുറിച്ച് സംവാദം സംഘടിപ്പിച്ചു. 9/11നു ശേഷം ഈ കമ്മിറ്റി സൈന്യത്തെ ഉപയോഗിക്കാനുള്ള അനുമതി ബിൽ പാസാക്കിയിരുന്നു. ആ അനുമതിയാണ് ജോർജ് ബുഷും ഒബാമയും ട്രംപും തുടർന്ന് പോകുന്ന ആഗോള യുദ്ധം നടത്താൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതിനു ശേഷം ഇതിന്റെ വ്യാപനത്തെ കുറിച്ച് കോൺഗ്രസ് ചർച്ച ചെയ്യുകയോ വോട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. 2017ൽ നിഗറിലെ ആ നാല് സൈനികരുടെ മരണത്തെക്കുറിച്ചുള്ള ചില കോൺഗ്രസ് അംഗങ്ങളുടെ പരിഭ്രാന്തമായ പ്രതികരണങ്ങൾ വിലയിരുത്തുമ്പോൾ മനസ്സിലാവുന്നത് അവർ പലപ്പോഴും ചർച്ച ചെയ്യാൻ വിസമ്മതിച്ച ആ ആഗോള യുദ്ധം ഇന്നെവിടെ എത്തിനിൽക്കുന്നു എന്നതിൽ അവരിൽ പലർക്കും യാതൊരു അറിവുമില്ലായിരുന്നു എന്നതാണ്. (ധാരാളം പേർക്കിനിയും അത് മനസ്സിലായിട്ടില്ല ).

ട്രംപ് സർക്കാരിന്റെ അഫ്ഗാനിസ്ഥാൻ, സിറിയ പദ്ധതികളിൽ വന്ന സമർഥമായ മാറ്റങ്ങൾ നോക്കുമ്പോൾ വിവിധ സ്ഥലങ്ങളിലേക്ക് ഭീകരതയ്‌ക്കെതിരായ യുദ്ധത്തെ പ്രയോജനപ്രദമായ അളവിൽ വ്യാപിപ്പിക്കേണ്ട സമയമല്ലേ ഇത്? ഭീകരവാദത്തെ ചെറുക്കാൻ യുദ്ധമെന്നത് ഫലമില്ലാത്ത ഒരു പ്രവർത്തിയാണ് എന്നാണ് ഗവേഷണം പറയുന്നത്. രാജ്യതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വിരുദ്ധമായി, സിറിയ മുതൽ ലിബിയ വരെ, നൈജർ മുതൽ അഫ്ഗാനിസ്ഥാൻ വരെ അമേരിക്കൻ സൈന്യത്തിന്റെ ഇടപെടലുകൾ അമേരിക്കയോടുള്ള അവജ്ഞത കൂട്ടിയിട്ടേയുള്ളൂ. ഇത് ഭീകരവാദം പടരാനും, വലിയൊരളവിൽ 9/11നു ശേഷം തീവ്ര സ്വഭാവമുള്ള ഇസ്‌ലാമിക സംഘടനകളിലേക്ക് കൂടുതൽ ആളുകൾ ചേരാനും കാരണമായിട്ടുണ്ട്.
ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന്റെ പേരിൽ സോമാലിയ പോലുള്ള രാജ്യങ്ങളിൽ അക്രമപരമായ അമേരിക്കൻ പട്ടാളനിലപാടുകൾക്ക് അനുകൂലമായിക്കൊണ്ട് നയതന്ത്ര പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര സഹായം, മനുഷ്യാവകാശ പ്രവർത്തനങ്ങൾ എന്നിവയൊക്കെ ക്രമേണ കുറച്ചിട്ടുണ്ട്. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഭീകരവാദ ആക്രമണങ്ങൾക്ക് എണ്ണയൊഴിക്കുന്ന ആവശ്യങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാൻ യുദ്ധഭൂമിയിൽ ഏറ്റുമുട്ടുന്നതിലും നല്ലതിതാണെന്നാണ്.
എല്ലാവരും പറയുന്നത്, ആഗോളതലത്തിലും അമേരിക്കക്കാർക്കും ഭീകരവാദത്തെ ചെറുക്കാൻ മറ്റൊരു തരത്തിലുള്ള ബൃഹത്തായ പദ്ധതി ആവശ്യമുണ്ടെന്നതാണ്. സമ്പത്തും ചോരയും കൂടുതൽ കൊടുക്കേണ്ടതില്ലാത്ത, അമേരിക്കൻ സൈന്യത്തിന്റെ ചെറിയ സാന്നിധ്യത്തെ മാത്രം ആശ്രയിക്കുന്ന ഒരു പദ്ധതി. ഈ ഭീഷണിയെ സാഹചര്യം ആവശ്യപ്പെടുന്ന രീതിയിൽ നോക്കിക്കാണാനും, കാലാവസ്ഥ വ്യതിയാനങ്ങൾ പോലെ മറ്റുള്ളവർ ചൂണ്ടിക്കാട്ടുന്ന വലിയ അപായങ്ങളെ വകവെച്ചുകൊടുക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

 

മൊഴിമാറ്റം: ഹസീന ടി

കടപ്പാട്: കൗണ്ടർപഞ്ച്

(സൈനികവൽക്കരണം, സുരക്ഷ എന്നിവയിൽ നരവംശശാസ്ത്രജ്ഞയായ സ്റ്റെഫാനി സാവെൽ നിലവിൽ ബ്രൗൺ യൂണിവേഴ്സിറ്റി വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫേർസിലെ റീസേർച്ച് അസിസ്റ്റന്റാണ്)

  • Mapping The American War on Terror: Now in 80 countries

    https://bit.ly/2HLZHXN
Top