ഹര്‍ത്താല്‍ നടത്താന്‍ ആര്‍ക്കാണ് അവകാശം? പൗരത്വ നിഷേധത്തിനെതിരെ പുതിയ സമരങ്ങള്‍
നാസി മോഡൽ വംശഹത്യയുടെ മുന്നൊരുക്കമായി നടക്കുന്ന പൗരത്വ നിഷേധത്തിനെതിരെ ഈ വരുന്ന ചൊവ്വാഴ്ച സംയുക്ത സമിതി പ്രഖ്യാപിച്ച ഹർത്താൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പരമ്പരാഗത ഭരണവർഗവും വ്യവസ്ഥാപിത രാഷ്ട്രീയ സ്ഥാപനങ്ങളും ഈ ഹർത്താലിനെ എന്തുകൊണ്ട് എതിർക്കുന്നു? ഈ ഹർത്താൽ സാധ്യമാക്കുന്ന നവീന രാഷ്ട്രീയ പ്രയോഗങ്ങൾ എന്തെല്ലാമാണ്? കെ.അഷ്റഫ് എഴുതുന്നു.
ഹര്‍ത്താല്‍ പ്രഖ്യാപിക്കാനും നടത്താനുമുള്ള അവകാശം ആര്‍ക്കാണ്? വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളാണു സാധാരണയായി ഹര്‍ത്താല്‍ നടത്താറുള്ളത്. അതില്‍ നിന്നു വ്യത്യസ്തമായി, എന്‍ആർസിക്കും സിഎഎക്കും എതിരെയും പൗരത്വ നിഷേധത്തിനും വംശഹത്യാ രാഷ്ട്രീയത്തിനും എതിരെയും കേരളത്തിലെ മുപ്പത്തഞ്ചോളം മുസ്‌ലിം, ദലിത് , പിന്നാക്ക, ഇടതുപക്ഷ, സ്ത്രീവാദ സംഘടനകളും നിരവധി വ്യക്തികളും ഒരുമിച്ച് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ ഈ വരുന്ന ചൊവ്വാഴ്ച (17 ഡിസംബര്‍ 2019) നടക്കാന്‍ പോവുകയാണ്. പരമ്പരാഗത രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍ അല്ലാതിരിക്കുന്നതു കൊണ്ടുതന്നെ, ‘ഈ ഹർത്താൽ ആരോ, എവിടെനിന്നോ പ്രഖ്യാപിച്ചതാണെന്നും ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും ഉണ്ടാക്കുന്നതാണെ’ന്നുമുള്ള ‘ചീത്തപ്പേര്’ ഹർത്താലിനെപ്പറ്റി മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ ഇതിനകം ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാത്ത രാഷ്ട്രീയ ആഹ്വാനമായി മാറി ഹർത്താൽ എന്നു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
സത്യത്തിൽ, കേരളത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഹർത്താല്‍ ആഹ്വാനമായിരുന്നു ഇത്. ദലിത്- പിന്നാക്ക-ന്യൂനപക്ഷ മുസ്‌ലിം-ഇടതു വിഭാഗങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങൾ, സ്ത്രീ രാഷ്ട്രീയ കൂട്ടായ്മകള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, പ്രവാസികള്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങി, അധ്യാപകരും സാമൂഹിക ചിന്തകരും അക്കാഡമിക്കുകളും അഭിഭാഷകരും മനുഷ്യവകാശ പ്രവർത്തകരും അടക്കം വലിയ നിര തന്നെ ഈ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നു. രാഷ്ട്രീയ വൈവിധ്യത്തിന്റെ സവിശേഷതകള്‍, ഈ ഹര്‍ത്താലിനെ ഒരൊറ്റ ചരടില്‍ കോര്‍ക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണമാക്കുന്നുണ്ട് എന്നതിൽ സംശയമില്ല. കേരളം ഇന്നേവരെ കാണാത്ത, തിരശ്ചീനമായ രാഷ്ട്രീയ സംഘാടനത്തിന്റെ അപൂര്‍വതയും ഈ ഹര്‍ത്താലിന്റെ സംഘാടനത്തിലുണ്ട്. നാസി മോഡല്‍ പൗരത്വ നിഷേധത്തിനെതിരെ നടക്കാന്‍ പോകുന്ന ജനകീയ രാഷ്ട്രീയ സമരത്തിന്റെ മുന്നറിയിപ്പായി ഈ ഹര്‍ത്താലിനെ വായിക്കേണ്ടിയിരിക്കുന്നു.
പരമ്പരാഗത ഭാഷയ്ക്കും വിശകലനത്തിനും പിടിതരാത്ത രാഷ്ട്രീയ ആകുലതകള്‍ ഈ ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ഈ ഹര്‍ത്താലിനെക്കുറിച്ചുള്ള പ്രബല രാഷ്ട്രീയ വിശകലനങ്ങളില്‍ അരാഷ്ട്രീയത, തീവ്രവാദം, ആഭാസം, പിതൃശൂന്യത തുടങ്ങിയ പതിവു ശകാരവാക്കുകളല്ലാതെ മറ്റൊന്നും കാണുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളും ഭരണവർഗ രാഷ്ട്രീയക്കാരും വംശീയ സ്വഭാവമുള്ള ഭരണകൂടവും പൊലീസും സവര്‍ണ ഫാസിസ്റ്റുകളും എതിര്‍ക്കുമെന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഈ ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായി? ഈ ഹര്‍ത്താല്‍ ഉണ്ടാക്കിയ പുതുമയെ എവിടെ പ്രതിഷ്ഠിക്കും? ഹര്‍ത്താലില്‍ അണിനിരന്നവരുടെ, രാഷ്ട്രീയം കൈകാര്യം ചെയ്യാനുള്ള ശേഷിയേയും സമഗ്രമായ പൗരത്വ നിഷേധതിനെതിരായ നിലപാടുകളും വ്യത്യസ്തമായി കാണാന്‍ സാധിക്കുമോ? ഹര്‍ത്താലിനെ പൈശാചികവല്‍ക്കരിക്കുക എന്നതിനപ്പുറം ഈ പ്രതിഷേധക്കൂട്ടായ്മ ഉണ്ടാക്കിയ രാഷ്ട്രീയപരമായ വ്യത്യാസങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുമോ എന്നാണ് ആലോചിക്കേണ്ടത്.
‘പൊതു’ ചര്‍ച്ചകളുടെ ജനാധിപത്യ വിരുദ്ധത
ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരുടെ പുതുമയുള്ള വീക്ഷണങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകാത്തവിധം ജനാധിപത്യ വിരുദ്ധമായിരുന്നു അതിനുശേഷം നടന്ന പൊതു ചര്‍ച്ചകള്‍. ഈ പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ തയ്യാറാകാതിരുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഹര്‍ത്താലിനെ സവിശേഷ രീതിയില്‍ ഫ്രെയിം ചെയ്യാനും ചര്‍ച്ചകള്‍ വികസിപ്പിക്കാനും ശ്രമിച്ചു. കേരളത്തിൽ എൻആർസിയും സിഎഎയും നടപ്പിലാക്കാൻ കഴിയില്ലായെന്ന പ്രഖ്യാപനം ഉണ്ടായാൽ പോലും ദേശീയ തലത്തിൽ പൊരുതുന്ന മറ്റു വിഭാഗങ്ങളോടും സമുദായങ്ങളോടും ദേശീയതകളോടും ഐക്യപ്പെടാൻ കേരളം തയ്യാറാകേണ്ടതുണ്ട്. നാസി രാഷ്ട്രീയമുള്ള കേന്ദ്ര സർക്കാറിനെ താഴെയിറക്കുന്ന സമരമായി ഇതു മാറ്റേണ്ടതുണ്ട്. അത്തരമൊരു പോരാട്ടത്തെ ഏതെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ കുത്തകയായി കാണേണ്ടതില്ല. പൗരത്വ പട്ടികയും പൗരത്വ ഭേദഗതി ബില്ലും തള്ളിക്കളയുന്ന സാമൂഹിക/രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഈ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. അതിനാല്‍ ഈ നിലപാടിനൊരു സമഗ്ര സ്വഭാവമുണ്ട്. പൗരത്വ നിഷേധത്തിനെതിരായ സമരത്തെ ഈ ഹര്‍ത്താല്‍ അതിന്റെ മുഴുവന്‍ രാഷ്ട്രീയ ജാഗ്രതയിലും ഉള്‍ക്കൊള്ളുന്നുണ്ട്. മാത്രമല്ല, കേരളത്തിലെ ഭരണവര്‍ഗം സമീപകാലത്ത് ശബരിമല വിഷയത്തിലടക്കം, ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളില്‍ കാണിച്ച മലക്കം മറിച്ചില്‍ കാരണം അവരെ വിശ്വാസത്തിലെടുക്കാന്‍ എല്ലാവർക്കും കഴിയണമെന്നില്ല.
എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സമരം, മുസ്‌ലിംകള്‍ മാത്രം നടത്തുന്ന സമരം തുടങ്ങിയ രീതിയില്‍ സ്ഥാപിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം തുടക്കത്തില്‍ നടന്നുകൊണ്ടിരുന്നു. മുസ്‌ലിംകള്‍ മാത്രമല്ല മറ്റു മത/ജാതി/രാഷ്ട്രീയ വിഭാഗങ്ങളും ഹര്‍ത്താല്‍ സംഘാടനത്തില്‍ പങ്കെടുത്തിരുന്നുവെന്ന വസ്തുതയെ മറച്ചുപിടിച്ചാണു പ്രചാരണങ്ങള്‍ മുന്നോട്ടുപോകുന്നത്. എസ്ഡിപിഐ മാത്രമല്ല കെഡിപി, ബിഎസ്പി, ഡിഎച്ആര്‍എം പ്രവര്‍ത്തകര്‍ വരെ അതില്‍ ഭാഗഭാക്കായിരുന്നു.
നേരത്തെ ഗെയില്‍ പൈപ്പ് ലൈനിനെതിരായ സമരത്തിലും ദേശീയപാത സ്ഥലമെടുപ്പിനെതിര നടന്ന സമരത്തിലും കണ്ടതു പോലെ, ഈ ജനകീയ സമരത്തെയും നേരിടുന്നത് അതു മുസ്‌ലിം തീവ്രവാദമാണെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ്. മുസ്‌ലിം സമരങ്ങളെ സുരക്ഷാ പ്രശ്നമാക്കി മാത്രം കാണുന്ന ഇസ്‌ലാമോഫോബിക് ഭരണകൂട യുക്തി തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലില്‍ കഠ്വ വിഷയത്തില്‍ നടന്ന ഹര്‍ത്താലിന്റെ തുടര്‍ച്ചയാണ് ഈ ഹര്‍ത്താല്‍ എന്ന ചിത്രീകരണവും നടക്കുന്നുണ്ട്. അന്ന് ഏകദേശം 1500 യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പലര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുകയും ചെയ്തു. തമാശ ഇതൊന്നുമല്ല; അന്ന് അറസ്റ്റിലായവരില്‍ ബഹുഭൂരിപക്ഷവും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അണികളാണെന്നതാണ്. ഹര്‍ത്താല്‍ ദിവസം സ്വന്തം അണികളെയും അനുഭാവികളെയും ഇറക്കികൊണ്ടുവരാന്‍ പൊലീസ് സ്റ്റേഷനുകളില്‍ എത്തിയതു പ്രാദേശിക ലീഗ്/സിപിഎം/കോൺഗ്രസ് നേതാക്കള്‍ ആയിരുന്നു.
കഴിഞ്ഞ വർഷം നടന്ന ‘ആളില്ലാ ഹര്‍ത്താല്‍’ ഉണ്ടാക്കിയ അക്രമങ്ങള്‍ തന്നെ എടുക്കുക. എന്താണ് അതിന്റെ വസ്തുതകള്‍? ആരായിരുന്നു അതിനു പിന്നില്‍? ഉദാഹരണമായി, മലപ്പുറത്തെ താനൂരില്‍ ഇതര മതസ്ഥരായ ആറു പേരുടെ സ്ഥാപനങ്ങള്‍ മുസ്‌ലിം യുവാക്കള്‍ അടിച്ചു തകര്‍ത്തുവെന്നു് ആദ്യം ആര്‍എസ്എസും പിന്നീടു സിപിഎമ്മിന്റെ പിന്തുണയുള്ള ഇടതു സ്വതന്ത്രനായ കെ.ടി.ജലീല്‍ എംഎല്‍എയും തുടർന്ന് ഒരു വിഭാഗം മാധ്യമങ്ങളും പ്രചരിപ്പിച്ചു. എന്നാല്‍ വസ്തുത മറ്റൊന്നായിരുന്നു. ആകെ പത്തൊൻപതു കടകളാണ് അന്നേ ദിവസം താനൂരില്‍ ആക്രമിക്കപ്പെട്ടത്. അതില്‍ പതിമൂന്നു കടകള്‍ മുസ്‌ലിം സമുദായ അംഗങ്ങളുടേതായിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ മറച്ചുവെച്ചാണ് ഹര്‍ത്താലിനു ‘വര്‍ഗീയ’ മുഖം നല്‍കാനും അങ്ങനെ ഹര്‍ത്താലിന്റെ പുതുമയെ നിഷേധിക്കാനും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഉൾപ്പെടെയുള്ളവർ മത്സരിച്ചത്. ഇതാണ് മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന പ്രചാരണങ്ങളുടെ നിലവാരം.
ആശങ്കകളും തടസ്സങ്ങളും
മുസ്‌ലിം രാഷ്ട്രീയ കർതൃത്വം എന്ന രാഷ്ട്രീയ സാധ്യതയുടെ നേര്‍ക്കുള്ള ഒരു ഇടപാടായി ഈ ഹര്‍ത്താല്‍ വിരുദ്ധത മാറുന്നുണ്ടന്ന ആക്ഷേപം ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഹര്‍ത്താലിനെതിരെ നടക്കുന്ന നിരോധനാജ്ഞകളും ഭീഷണികളും രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് പ്രസ്ഥാനമായ ആര്‍എസ്എസ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയപ്പോള്‍ ഒരിക്കലും നേരിട്ടിട്ടില്ല. ഇതിന്റെ മറുവശമാകട്ടെ, മുസ്‌ലിം സാമുദായിക/രാഷ്ട്രീയ സംഘടനകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വയം സന്നദ്ധമായും (volunteer) അദൃശ്യമായും (anonymous) തെരുവിലിറങ്ങുന്ന പുതിയ രാഷ്ട്രീയ കർതൃത്വത്തിന്റെ വികാസത്തോടുള്ള ഭയം, ഭരണവർഗ രാഷ്ട്രീയത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഹിന്ദുത്വത്തിന്റെ നാസി പരിണാമത്തെ തിരിച്ചറിയുന്ന ഫാസിസ്റ്റ് വിരുദ്ധ ആള്‍ക്കൂട്ടത്തിന്റെ വികാസം പുതിയ രാഷ്ട്രീയ സമരങ്ങള്‍ ഉൾവഹിക്കുന്നുണ്ട്.
രാഷ്ട്രീയമായി ഏറെ പുതുമകളുണ്ടായിട്ടും ബദല്‍ സമരങ്ങളുടെ ചരിത്രത്തില്‍ ഈ ഹര്‍ത്താല്‍ ഉൾപ്പെടാത്തതിനു കാരണം മുസ്‌ലിം ഉള്ളടക്കമാണോ? അദൃശ്യമായ ബദല്‍ സംസ്കാരങ്ങള്‍ എമ്പാടും പ്രോത്സാഹിപ്പിക്കപെടുന്ന കേരളത്തില്‍ എന്തുകൊണ്ട് ഈ ഹർത്താല്‍ മാത്രം വേട്ടയാടപ്പെടുന്നു? ബദല്‍ രാഷ്ട്രീയം ആഘോഷിക്കപ്പെടുന്ന കാലത്ത് ഈ ഹര്‍ത്താലിന് അതിനുള്ള അവകാശമില്ലേ? ഇനി അദൃശ്യ രാഷ്ട്രീയം സ്വയം ഒരു പ്രശ്നമാണോ? ഇത്രയേറെ ഭരണകൂട സര്‍വയലന്‍സ് ഉള്ള സമൂഹത്തില്‍ പുതിയ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ‘അനോണിമസ്’ ആവുന്നത് രാഷ്ട്രീയപരമായി സംഗതമല്ലേ? ചുരുക്കിപ്പറഞ്ഞാല്‍ ഈ ഹര്‍ത്താലിനെ ചുറ്റിപ്പറ്റിയുണ്ടായ ആശങ്കകള്‍ ഒട്ടും വ്യക്തത ഇല്ലാത്തതാണ്.
ഈ ഹര്‍ത്താലിനു സുതാര്യതയില്ല എന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആരോപണമാണ് ഇതിന്റെ പുതുമയെ മനസിലാക്കുന്നതില്‍ നിന്നു തടയുന്ന മറ്റൊരു സംഗതി. ഏതാണു പൂര്‍ണ സുതാര്യതയുള്ള രാഷ്ട്രീയ പ്രസ്ഥാനം? രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ എല്ലാ രഹസ്യങ്ങളും ജനങ്ങളോടു തുറന്നു പറയാന്‍ സാധിക്കുമോ? സിപിഎം, ആര്‍എസ്എസ് തുടങ്ങിയ കേഡര്‍ പാര്‍ട്ടികള്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നില്ലേ? ഒരു രാഷ്ട്രീയ സംഘടനയ്ക്കും പൂര്‍ണമായ സുതാര്യത അവകാശപ്പെടാന്‍ അർഹതയില്ലെന്നിരിക്കെ, ഈ പുതിയ ഹര്‍ത്താലിനെ മാത്രം അതിനു വഴിപ്പെടാന്‍ നിര്‍ബന്ധിക്കുന്നതില്‍, രാഷ്ട്രീയത്തെപ്പറ്റിയുള്ള വരേണ്യ സങ്കൽപ്പത്തിനു നല്ല പങ്കുണ്ട്.
ഈ ഹര്‍ത്താല്‍ ആഹ്വാനം, വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെ ഭാഗമായവരാല്‍ എന്തുകൊണ്ടാണ് ഇത്രമേൽ അവമതിക്കപ്പെട്ടത്? തീര്‍ച്ചയായും സോഷ്യല്‍ മീഡിയയില്‍ ഈ ഹര്‍ത്താലിന്റെ വിശകലനത്തിനു മേലെയുള്ള സമരങ്ങളില്‍ ബലാബലം നില്‍ക്കാന്‍ ഹർത്താലനുകൂലികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അച്ചടി/ദൃശ്യ മാധ്യമങ്ങളില്‍ ജനാധിപത്യ സംവാദങ്ങളുടെ കുത്തകവല്കരണം കാരണം തുറന്ന ചര്‍ച്ചകള്‍ നടന്നില്ല എന്ന പ്രശ്നമുണ്ട്. അവിടെ, പ്രൊഫഷനല്‍ രാഷ്ട്രീയക്കാരും സ്ഥിരം അഭിപ്രായക്കാരും വിവരണങ്ങളുടെ മേലെ ആധിപത്യം നേടിയിരിക്കുന്നു. ഈ ഹര്‍ത്താലില്‍ വ്യത്യസ്തമായിട്ടുള്ളത് എന്താണെന്ന അന്വേഷണം അവരുടെയൊന്നും താല്‍പര്യത്തില്‍പ്പെട്ടതായിരുന്നില്ല എന്നതാണു കാരണം.
മുദ്രാവാക്യവും വികേന്ദ്രീകരണവും
ചില വാക്കുകളും മുദ്രാവാക്യങ്ങളും രാഷ്ട്രീയമായിത്തന്നെ സ്വയം ചലിപ്പിക്കാന്‍ തക്ക ശക്തി കൈവരുന്ന സന്ദര്‍ഭമാണിത്. പൗരത്വ നിഷേധം അതിന്റെ ഇരകളുടെ ആശങ്കകളുടെ ഭാഗമാണ്. അവരുടെ സ്വയം സന്നദ്ധതയേയും ത്യാഗപൂര്‍ണമായ രാഷ്ട്രീയ പോരാട്ടത്തെയും നാസി ഭരണവര്‍ഗം ഭീഷണിയായി കരുതുന്നുണ്ട്. അതിനാല്‍തന്നെ, പൗരത്വ നിഷേധം എന്ന മുദ്രാവാക്യത്തെ കൂടുതല്‍ വിഭാഗം ജനങ്ങള്‍ ഏറ്റെടുക്കുമോ എന്ന ഭയം വ്യവസ്ഥാപിത ഭരണവര്‍ഗത്തിനുണ്ട്.
സാധാരണയായി രാഷ്ട്രീയ സംഘടനകള്‍ തങ്ങളുടെ സംഘടനാശേഷി കൊണ്ട് സാധ്യമാക്കുന്ന കാര്യമാണു ഹര്‍ത്താല്‍. സംഘടനകളുടെ പിന്‍ബലമില്ലാതെ പൗരത്വ നിഷേധം എന്ന മുദ്രാവാക്യം ഇതു സാധ്യമാക്കുമോ എന്ന ഭയം ഈ ഹര്‍ത്താല്‍ വിരുദ്ധതയ്ക്കു പിന്നിലുണ്ട്.
മറ്റൊരു പ്രശ്നം, പരമ്പാരാഗത ഇടതുപക്ഷത്തിന്റെ രാഷ്ടീയ വിശകലനമാണ്. ‘ജനങ്ങള്‍, വിശിഷ്യാ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന യുവാക്കള്‍, അടിച്ചമര്‍ത്തലിനെയും മുതലാളിത്ത രാഷ്ട്രീയത്തെയും ആന്തരികവൽക്കരിച്ചിരിക്കുന്നു, അവരുടെ മായികബോധം അവരെ പ്രതിരോധത്തില്‍ നിന്നും രാഷ്ട്രീയ സംഘാടനത്തില്‍ നിന്നും തടയുന്നു, അതുകൊണ്ടുതന്നെ ശാസ്ത്രീയമായി ചിന്തിക്കുന്ന രാഷ്ട്രീയ പിതാക്കള്‍ അവരെ നേര്‍വഴിക്കു നയിക്കാന്‍ തയ്യാറാകണം’ എന്ന വിപ്ലവകാരികളുടെ കുത്തക ബോധത്തെ തന്നെയല്ലേ ഈ ഹര്‍ത്താല്‍ ചോദ്യം ചെയ്തത്? സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ പ്രശ്നങ്ങളുടെ മേലെയുള്ള മുഖ്യധാര രാഷ്ട്രീയത്തിന്റെ പിടിപാടിനെ ശരിക്കും ഉലക്കുന്നുണ്ട്.
മാത്രമല്ല, ഈ ഹര്‍ത്താലിന്റെ വികേന്ദ്രീകൃത സ്വഭാവം ഏറെ താല്പര്യത്തോടെ കാണേണ്ടതുണ്ട്. മൂന്നു ഘട്ടങ്ങള്‍ ഈ ഹര്‍ത്താലിന്റെ ഭാഗമായുണ്ട്. ഒന്ന്) ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ഏറ്റവും വൈവിധ്യമാര്‍ന്ന സാമൂഹിക വിഭാഗങ്ങളാണ്. രണ്ട്) ഹര്‍ത്താല്‍ നടത്തുന്നത് ഓരോ ഇടത്തിലും ഓരോ രാഷ്ട്രീയ നിര്‍വാഹകരാണ്. മൂന്ന്) പക്ഷേ അതിനെപ്പറ്റി ചര്‍ച്ച നടത്തുന്നത് വ്യവസ്ഥാപിത രാഷ്ട്രീയക്കാരുടെ വലിയ നിരയാണ്. എന്നാൽ, അവരൊന്നും ഈ ഹര്‍ത്താലിന്റെ സംഘാടനത്തില്‍ നേരിട്ട് ഇല്ലായിരുന്നു. അതായത്, ഹര്‍ത്താൽ തുടങ്ങുന്നതിനു മുൻപേ അതിന്റെ ഓരോ ഘട്ടത്തിലും, രാഷ്ട്രീയ വ്യവഹാരമെന്ന നിലയില്‍ അത്രയ്ക്കും വികേന്ദ്രീകൃത സ്വഭാവമുള്ളതായിരുന്നു. രേഖീയ സ്വഭാവമില്ലാതെ ഒരു ഹര്‍ത്താലിനെ അങ്ങനെത്തന്നെ ഉള്‍കൊള്ളാന്‍ ശ്രമിക്കേണ്ടതല്ലേ?
ഉദാഹരണമായി, ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ആളുകള്‍ മുസ്‌ലിം തീവ്രവാദികളാണ് എന്ന വാദമെടുക്കാം. എന്നാൽ വൈവിധ്യമാർന്ന സാമൂഹിക രാഷ്ട്രീയ വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന, ബഹുസ്വര ഉള്ളടക്കമുള്ള സമര സമിതിയാണ് ഈ ഹർത്താൽ ആഹ്വാനത്തിനു പിന്നിലെന്നാണു വസ്തുത.
മറ്റൊന്ന്, ഒറ്റദിവസം കൊണ്ടു തെരുവില്‍ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആവശ്യമായ രാഷ്ട്രീയ ശക്തിയാണു ഹര്‍ത്താലിനെ വിജയിപ്പിക്കുന്നത്. പല സാമൂഹിക ഘടകങ്ങള്‍ ചേര്‍ന്നുണ്ടാവുന്നതാണ് അതിന്റെ സ്വീകാര്യത. മുൻപു നടന്ന ഹര്‍ത്താലുകള്‍ സമൂഹത്തില്‍ സ്വഭാവികവല്‍കരിക്കപ്പെട്ടത് നിരന്തരമായ രാഷ്ട്രീയ സമരങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ അതിന്റെ സാധുത സമയത്തിന്റെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും മാത്രം പ്രശ്നമാണ്. ഈ ഹര്‍ത്താല്‍ നേരിട്ട തിരിച്ചടികള്‍ അതിന്റെ ഉള്ളടക്കത്തിലെ പുതുമ കൊണ്ടാണ് ഉണ്ടാകുന്നത്. അതല്ലാതെ ഹര്‍ത്താല്‍ എന്ന സമര രൂപത്തോടുള്ള കേവല എതിര്‍പ്പു കൊണ്ടല്ല.
മുൻപു നടന്ന ഹര്‍ത്താലുകള്‍ എത്ര നല്ലതായിരുന്നുവെന്നു ഹര്‍ത്താല്‍ വിരോധികള്‍ പോലും പറയാന്‍ തയ്യാറായതാണു രസകരമായ വസ്തുത. അർഥത്തില്‍ നോക്കിയാല്‍ നിയമവിരുദ്ധമായ ഹര്‍ത്താല്‍ എന്നത് ഒരു രാഷ്ട്രീയമായ പ്രയോഗം മാത്രമാണ്. നിയമത്തിന്റെ ഭാഷ ഉപയോഗിച്ച് ഈ പുതിയ ഹര്‍ത്താലിനെ ഒതുക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ നിയമവിരുദ്ധമായ ഹര്‍ത്താല്‍ എന്നത് ഹര്‍ത്താലിന്റെ രാഷ്ട്രീയത്തെ സ്വയം റദ്ദു ചെയ്യുന്ന പ്രയോഗമാണ്. കാരണം ഹര്‍ത്താല്‍ ഒരിക്കലും നിയമപരമല്ലെന്നാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തന്നെ പറയുന്നത്. നിയമപരമായി നേടാന്‍ കഴിയുന്ന രാഷ്ട്രീയ കാര്യങ്ങളുടെ പരിധി കടക്കുമ്പോഴല്ലേ ഹര്‍ത്താല്‍ ഉണ്ടാവുന്നത്? വ്യാജ ഹര്‍ത്താല്‍ എന്ന പ്രയോഗം തന്നെ ഹര്‍ത്താല്‍ എന്ന നിയമവിരുദ്ധമായ പരിപാടിയുടെ കുത്തക നിയന്ത്രിക്കാന്‍ വേണ്ടിയല്ലേ? ‘നല്ല ഹര്‍ത്താലും മോശം ഹര്‍ത്താലും’ നിയമവിരുദ്ധതയുടെ ഉള്ളില്‍ സാധ്യമാകുന്ന അതിര്‍ത്തിത്തര്‍ക്കം മാത്രമാണ്. കണ്ണന്‍ ഗോപിനാഥന്‍ എന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ മറ്റൊരര്‍ഥം, ഇന്നത്തെ ഹിന്ദുത്വ നാസി ഭരണകൂടത്തിനു താൽപര്യമുള്ള നിയമവിധേയ സമരങ്ങള്‍ക്ക് ടൗണ്‍ ഹാളിലെ സംഗീതക്കച്ചേരിക്കുള്ള സ്ഥാനം മാത്രമേയുള്ളൂ എന്നാണ്.
ഇനി നാഥനില്ലാത്ത ഹര്‍ത്താല്‍, നേതാവില്ലാത്ത ഹര്‍ത്താല്‍, മേല്‍കീഴ് ബന്ധമില്ലാത്ത തിരശ്ചീനമായ ഹര്‍ത്താല്‍, പിതൃശൂന്യമായ ഹര്‍ത്താല്‍ തുടങ്ങിയ ആരോപണങ്ങള്‍ എടുക്കുക. ജനത്തിന്റെ സ്വയം സംഘാടന ശേഷി എന്ന ആധുനിക ജനാധിപത്യ സാധ്യതയല്ലേ ഈ ഹര്‍ത്താല്‍ ഉയര്‍ത്തിപ്പിടിക്കുന്നത്? എപ്പോഴും ജനത്തിനെ നയിക്കാന്‍ മുന്‍നിശ്ചയിച്ച വ്യവസ്ഥാപിത ആളുകള്‍ വേണം എന്ന അലിഖിത നിയമുമുണ്ടോ? ഇതൊന്നും ചോദിക്കാന്‍ ധൈര്യപ്പെടാത്ത രീതിയില്‍ ലെഫ്റ്റ് റാഡിക്കലുകള്‍ പോലും ഹര്‍ത്താല്‍ വിരുദ്ധരും രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്ന അച്ചടക്കം പാലിക്കുന്നവരുമായി ഇപ്പോള്‍ മാറിയിരിക്കയാണ്.
ജനം എന്ന ആരോപണ സ്ഥലം
ഈ ഹര്‍ത്താലില്‍ അണിനിരന്ന ചില സംഘടനകള്‍ മുൻപു നടത്തിയ ചെറിയ ചില അക്രമ സംഭവങ്ങളെ പര്‍വതീകരിച്ച് വ്യാജ പ്രചാരണങ്ങളുടെ മറവില്‍, ‘വിഭാഗീയത’ എന്ന ഒറ്റമൂലി ഉപയോഗിച്ചുകൊണ്ട്, ‘ജനം’ എന്ന സംവർഗത്തിനു പുറത്തേക്ക് ഈ ഹര്‍ത്താലിനെ മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമമാണു പൊതുചര്‍ച്ചകളില്‍ നടക്കുന്നത്.
എന്താണു ജനം? ഈ അന്വേഷണം ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ ആവശ്യമാണ്. മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തമോ പിന്തുണയോ ഒരു ഹര്‍ത്തലിനുമുണ്ടാവില്ല. ജനത്തിനു മേലെ അടിച്ചേൽപിച്ച ഹര്‍ത്താല്‍ എന്നത് ഏതൊരു കക്ഷിക്കും മറുകക്ഷിയെ പറ്റി ഉയര്‍ത്താവുന്ന ആരോപണം മാത്രമാണ്. മാത്രമല്ല ആധുനിക ജനാധിപത്യ ക്രമത്തില്‍ ജനം എന്നത് പ്രതിനിധാനം മാത്രമാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ജനം എന്ന പ്രതിനിധാനത്തിന്റെ മേലാണു രാഷ്ട്രീയ ചര്‍ച്ചകളും സമരങ്ങളും നടക്കുന്നത്. അതായത് ജനത്തിന്റെ സമ്മതം എന്നത് അധികാരത്തിന്റെ ഇടപാടാണ്. ഇപ്പോള്‍ നടന്ന ഹര്‍ത്താലിനെ വിഭാഗീയതയായി ചിത്രീകരിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് കേരളത്തിന്റെ ജനകീയ പ്രക്ഷോഭ ചരിത്രത്തിലെ പുതിയ കാഴ്ചപ്പാടുകളാണ്. പൗരത്വ നിഷേധത്തിനെതിരെ, വിശിഷ്യ എന്‍ആര്‍സി വിഷയത്തില്‍ സിപിഎം നയിക്കുന്ന സര്‍ക്കാര്‍ തുറന്നുകാട്ടപ്പെടുമോ എന്ന ഭയം ഇതിനകത്തുണ്ട്.
ജനം എന്ന സങ്കല്‍പത്തെക്കുറിച്ചുള്ള ആഖ്യാനമാണു മറ്റൊരു പ്രശ്നം. ‘ജന’ത്തെ കൈവശം വെക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം ആര്‍ക്കാണെന്ന ചര്‍ച്ച ആധുനിക ജനാധിപത്യത്തിന്റെ തന്നെ സവിശേഷതയാണ്. രാഷ്ട്രീയ സംഘടനകളും പ്രാദേശിക കൂട്ടായ്മകളും അടക്കം എല്ലാ സംവിധാനങ്ങളും ജനം എന്ന സങ്കൽപത്തിന്റെ മേൽ അധിനിവേശം ചെയ്താണു നിലയുറപ്പിക്കുന്നത്. ഞങ്ങളാണു ജനങ്ങളുടെ താൽപര്യം പ്രതിഫലിപ്പിക്കുന്നത് എന്നത് ആര്‍എസ്എസ് അടക്കം അവകാശപ്പെടുന്ന കാര്യമാണ്. വ്യത്യസ്ത തരത്തിലുള്ള സ്വത്വവിഭാഗങ്ങളും ‘ജന’ത്തിന്റെ മേഖലയിലേക്കു പ്രവേശിക്കാന്‍ തന്നെയാണു രാഷ്ട്രീയ സമരങ്ങള്‍ നടത്താറുള്ളത്.
ജനജീവിതത്തിന്‍റെ സംഘര്‍ഷത്തില്‍ നിന്നാണ് ഈ ഹര്‍ത്താല്‍ രൂപപ്പെട്ടത് എന്ന വിഷയം സവിശേഷമായി അഭിസംബോധന ചെയ്യാന്‍ സാധിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിന്റെ പ്രശ്നങ്ങള്‍ എല്ലാ മേഖലയിലും നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയത്തെപ്പറ്റി സമൂഹം അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങള്‍ക്കു രണ്ടു തലമുണ്ട്; അദൃശ്യമായ തലവും പൊതുപ്രതിഷേധത്തിന്റെ ദൃശ്യമായ തലവും. സ്വകാര്യ ജീവിതത്തില്‍ അനുഭവിക്കുന്ന അനീതികള്‍ നിത്യജീവിതത്തിലെ അസ്വസ്ഥതകളായും മുറുമുറുപ്പായും വലിയ ദൃശ്യത കിട്ടാതെ നിലനിൽക്കുന്നുണ്ട്.
ഇതൊരു കീഴാള രാഷ്ട്രീയ പ്രശ്നമായി മനസിലാക്കണമെന്നാണ് പ്രതിഷേധങ്ങളുടെ സാമൂഹിക സ്വഭാവത്തെപ്പറ്റി ഏറെ പഠിച്ച നരവവംശ ശാസ്ത്രജ്ഞനായ ജയിംസ് സ്കോട്ട് നിരീക്ഷിക്കുന്നത്. നാം ഇന്ന് അനുഭവിക്കുന്ന പൊതു രാഷ്ട്രീയ അവകാശങ്ങളെല്ലാം ഇങ്ങനെ വികസിച്ചു വന്നതാണ്. മാത്രമല്ല, അടിച്ചമര്‍ത്തലിനെയും പ്രതിരോധത്തെയും നീക്കുപോക്കുകളെയും കുറിച്ച് തങ്ങളുടെ സ്വകാര്യ ഇടങ്ങളില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്താണ് ന്യൂനപക്ഷാവകാശങ്ങള്‍ വികസിച്ചിട്ടുള്ളത്. ആ അർഥത്തില്‍ സ്വകാര്യ രാഷ്ട്രീയത്തിന്റെ പൊതു ആവിഷ്കാരമായി ഈ ഹര്‍ത്താലിനെ കാണാവുന്നതാണ്.
രാഷ്ട്രീയവും പ്രതിഷേധവും
പൊതുവെ മുഖ്യധാര കക്ഷികള്‍ വ്യവഹരിക്കുന്ന ‘രാഷ്ട്രീയം’ എന്ന മേഖലയ്ക്കു പുറത്താണ് ഈ ‘ഹര്‍ത്താല്‍’ നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള രാഷ്ട്രീയ മണ്ഡലത്തില്‍ ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നു. ഈ അസ്വസ്ഥത പല തരത്തിലുള്ള പ്രചാരണങ്ങളായും ഗൂഢതയുടെ പ്രശ്നമായും പുറത്തുവരുന്നു. തീവ്രവാദം പോലുള്ള പ്രയോഗങ്ങള്‍, രാഷ്ട്രീയ പ്രശ്നങ്ങളെ മറികടക്കാന്‍ കാലങ്ങളായി പ്രയോഗിച്ചു തേഞ്ഞുപോയ വാക്കാണ്. മുസ്‌ലിംകള്‍ പ്രാഥമികമായും അനുഭവിക്കുന്ന പൗരത്വ രാഷ്ട്രീയ പ്രശനത്തില്‍ അവരുടെ കർതൃത്വപരമായ പങ്കാളിത്തം ഉണ്ടാവുന്നതില്‍ യാതൊരു പ്രശ്നവും പുതിയ രാഷ്ട്രീയത്തിനില്ല.
‘വലിയ’ പാര്‍ട്ടികള്‍ പറയുന്ന വലിയ പ്രത്യയശാസ്ത്ര വാഗ്ദാനങ്ങളുടേതു മാത്രമാണോ രാഷ്ട്രീയം? പൗരത്വ നിഷേധത്തിനെതിരെ ജനങ്ങള്‍ അവരുടെ ജീവിതത്തില്‍ എടുക്കുന്ന സാധാരണ തീരുമാനങ്ങള്‍ രാഷ്ട്രീയപരമായി മനസിലാക്കാന്‍ പറ്റില്ലേ? ചെറിയ തീരുമാനങ്ങള്‍ എടുക്കാനുള്ള ആളുകളുടെശേഷിയെ ഏറെ പ്രാധാന്യത്തോടെ കാണണമെന്നാണ് ഈ ഹര്‍ത്താല്‍ മുന്നോട്ടുവെക്കുന്ന കാര്യം. പ്രാദേശിക ക്ലബ്ബുകള്‍, സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ചെറിയ ഇടങ്ങളില്‍, ആളുകള്‍ക്കു രാഷ്ട്രീയമായി സംഘടിക്കാന്‍ പാടില്ലേ? ആര്‍എസ്എസ് എന്ന ഫാസിസ്റ്റ് ഭരണകൂട രൂപത്തോടുള്ള ചെറിയ വിസമ്മതങ്ങള്‍ പോലും ഇന്നത്തെ അധികാര ബന്ധങ്ങളെ പുനർനിര്‍മിക്കാൻ പോന്ന ഇടപെടലായി മനസിലാക്കാനും വിലയിരുത്താനും കഴിയേണ്ടതുണ്ട്. പരമ്പരാഗത രാഷ്ട്രീയ സങ്കല്‍പങ്ങളുടെ പരിധിയില്‍ നില്‍ക്കുന്നതല്ല ഈ പ്രതിഷേധങ്ങളുടെ വ്യാകരണം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ പ്രതിഷേധമാണ് ആദ്യമുണ്ടാവുന്നത്, രാഷ്ട്രീയ സംഘടനകളല്ല.
ഉദാഹരണമായി, ജാതി/മത/കക്ഷി വ്യത്യാസമന്യേ ഫുട്ബോള്‍ ക്ലബ്ബുകള്‍ അടക്കമുള്ള പ്രാദേശിക കൂട്ടായ്മകളുടെ രാഷ്ട്രീയമായ തിരഞ്ഞെടുപ്പ് ഈ ഹാര്‍ത്താലിന്റെ മുന്നേ അടക്കുന്ന പൗരത്വ അവകാശ സമര സംഘാടനത്തില്‍ കാണാം. പ്രാദേശിക ക്ലബ്ബുകളുടെ പ്രവര്‍ത്തകരാണ് മലബാറില്‍ പല പൗരത്വ അവകാശ സമരങ്ങള്‍ക്കും നേതൃത്വം വഹിക്കുന്നത്. അത്തരത്തില്‍ സന്നദ്ധ സ്വഭാവമുള്ള പ്രതിരോധ ഇടപെടലുകള്‍ യോജിച്ചാണ് വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നതെന്ന് ഈ പുതിയ പ്രക്ഷോഭങ്ങള്‍ തെളിയിക്കുന്നുണ്ട്.
ചെറിയ മനുഷ്യര്‍ ചെറിയ ലോകത്തു നടത്തുന്ന ഈ ഇടപെടലുകളാണ് വലിയ പ്രതിരോധ പ്രസ്ഥാനങ്ങളുടെ ആന്തരിക ശക്തിയായി വര്‍ത്തിക്കുന്നതെന്ന പാഠം രാഷ്ട്രീയ ചിന്തയില്‍ എമ്പാടും കാണാന്‍ കഴിയുന്നുണ്ട്. വലിയ പ്രതിരോധ/പ്രക്ഷോഭ സമരങ്ങള്‍, അനുസരിക്കാന്‍ വിസമ്മതിക്കുന്ന ചെറിയ മനുഷ്യരുടെ സ്വകാര്യ ലോകത്തോട് ഒത്തിരി കടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആര്‍എസ്എസ് എന്ന ഭരണകൂട ഫാസിസത്തെ തെരുവില്‍ ചോദ്യം ചെയ്യുന്ന ഭാവി രാഷ്ട്രീയത്തിന്റെ സാധ്യത, അനുഷ്ഠാനപരമായ ‘ഒറിജിനല്‍’ ഹര്‍ത്താലിനേക്കാളും പതിന്മടങ്ങു ശക്തിയില്‍, ഈ ‘ചെറിയ’ ഹര്‍ത്താലിലുണ്ടന്നാണു തോന്നുന്നത്.
ന്യൂനപക്ഷ സമൂഹങ്ങളുടെ സ്വകാര്യ ലോകത്തു നടക്കുന്ന അദൃശ്യമായ രാഷ്ട്രീയ അസ്വസ്ഥതകള്‍ പൊതു പ്രക്ഷോഭമായി രൂപപ്പെടാറുണ്ട്. അത്തരം വിശകലനങ്ങളുടെ ചുവടുപിടിച്ചാണ് ഈ ഹര്‍ത്താലിന്റെ കീഴാള ഉള്ളടക്കത്തെ കൂടുതല്‍ അന്വേഷിക്കാന്‍ ശ്രമിക്കേണ്ടത്. സ്വകാര്യമായ വേദനകളും പ്രതിസന്ധികളും അധികാരത്തിലുള്ളവരെ നേരിട്ടു വെല്ലുവിളിക്കുന്ന തരത്തില്‍ പ്രത്യക്ഷ പ്രക്ഷോഭ സ്വഭാവം കൈവരിക്കുന്നുവെന്നു തോന്നുന്നു. ഇതു പിന്നീട് ഏറ്റെടുക്കാനോ എതിര്‍ക്കാനോ ആണ് സംഘടിത പ്രസ്ഥാനങ്ങളിലുള്ളവര്‍ തയ്യാറായിട്ടുള്ളത്. അതായത് രാഷ്ട്രീയ ചോദ്യങ്ങളെ നിർമിക്കുന്നതിലും വിപുലീകരിക്കുന്നതിലും ജൈവികമായി ഉയര്‍ന്നു വരുന്ന പ്രതിഷേധ പ്രസ്ഥാനങ്ങള്‍ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാളും ഒരുപടി മുന്നില്‍ നിൽക്കുന്നുണ്ട്. പക്ഷേ, പ്രക്ഷോഭത്തിന്റെ സ്ഥാപനവൽക്കരണവും തുടര്‍ച്ചയും പ്രക്ഷോഭകാരികളുടെ കയ്യില്‍തന്നെ നിൽക്കണം എന്നില്ല.
ഇടതു-വലതു രാഷ്ട്രീയ ചട്ടക്കൂടിനു പുറത്തു സംഭവിക്കുന്ന, ഫാസിസത്തിനെതിരായ, ഇത്തരത്തിലുള്ള ജനകീയ മുന്നേറ്റം സൂക്ഷ്മ പ്രതിരോധ രാഷ്ട്രീയത്തെ ഉള്‍വഹിക്കുന്നു. മേല്‍ക്കോയ്മയെ പൂര്‍ണമായും നിര്‍ണയിക്കാന്‍ ഒരു ഘട്ടത്തിലും അതിനു കഴിയുന്നില്ല എന്ന വൈരുധ്യം നിലവിലുണ്ട്. അത്തരമൊരു സാഹചര്യം ഈ ഹര്‍ത്താലിന്റെ കാര്യത്തിലുമില്ലേ? ബീഫ് നിരോധനത്തിനെതിരെയുള്ള മുന്നേറ്റമായാലും ഫാസിസ്റ്റ് ആള്‍ക്കൂട്ട ഹിംസക്കെതിരെയുള്ള ജനകീയ രോഷമായാലും കാമ്പസ് രാഷ്ട്രീയത്തിന്റെ പുതിയ ഭാവുകത്വമായാലും സ്വാഭാവികമായി ഉയര്‍ന്നു വരുന്ന പ്രക്ഷോഭങ്ങളെ, പിന്നിട് ധാരാളം സംഘടനാ ശേഷിയുള്ള, വന്‍കിട രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ നേതൃത്വവും ഏറ്റെടുക്കുന്നു.
ഏതെങ്കിലും ഘട്ടത്തില്‍ കീഴാളരുടെ രാഷ്ട്രീയ ചോദ്യങ്ങള്‍ക്കു നിര്‍ണായക സ്ഥാനം കിട്ടുന്നത് വരേണ്യരുടെ മുന്‍കൈയോടെ മാത്രമായിരിക്കുമെന്നതു കീഴാള അനുഭവമാണ്. ഈ ഹര്‍ത്താല്‍ ഉന്നയിക്കുന്ന ചോദ്യങ്ങളെ തീവ്രവാദം അടക്കമുള്ള ആരോപണങ്ങളിലൂടെ മറികടക്കാന്‍ ശ്രമിക്കുന്ന, ഇടതു-വലതു സംഘടനകള്‍ തങ്ങളുടെ നേതൃത്വത്തിലൂടെ മാത്രമേ സമരങ്ങളും പ്രതിഷേധങ്ങളും നടക്കാവൂ എന്ന വാശിയുള്ളവരാണ്. അപ്പോള്‍ സമരത്തിന്റെ കുത്തക ആര്‍ക്കെന്നതിനപ്പുറം ഉന്നയിക്കപ്പെടുന്ന രാഷ്ട്രീയത്തിനോട് ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലെന്നു സാരം.
നേതൃത്വവും ആള്‍ക്കൂട്ടവും
ഇവിടെ ആലോചിക്കേണ്ട മറ്റൊരു പ്രധാന പ്രശ്നം, രാഷ്ട്രീയ സമരങ്ങളുടെ നേതൃത്വം എങ്ങനെ ഉണ്ടാവുന്നു, എങ്ങനെ നിലനിൽക്കുന്നു എന്നതാണ്. ഈ ചോദ്യങ്ങള്‍ ഹര്‍ത്താലിന്റെ സമയത്തും ഉയര്‍ന്നു വന്നിരുന്നു. ജനാധിപത്യത്തിന്റെ കേന്ദ്രീകരണ സ്വഭാവത്തെ എതിർക്കുന്നവര്‍ എന്തിനാണ് എപ്പോഴും നേതൃത്വത്തെപ്പറ്റി ബേജാറാവുന്നത്? നേതാവ് ജനിക്കുന്നതല്ല, ഉണ്ടാവുന്നതാണ് എന്നൊക്കെ പറയുന്നവര്‍ തന്നെയാണ് നേതൃത്വത്തെക്കുറിച്ചുള്ള ഈ ആശങ്കകളും ഉന്നയിക്കുന്നത്. മാത്രമല്ല നേതാവ് എന്നത് എല്ലാ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും ബാധ്യതയല്ല. നേതാക്കളില്ലാതെയും രാഷ്ട്രീയമുണ്ടായിക്കൂടേ? ഈ ഹര്‍ത്താല്‍ നടത്തിയ ആളുകളൊന്നും തന്നെ നേതൃത്വം എന്ന രീതിയില്‍ സ്വയം അവരോധിതമായില്ല എന്നതിലാണു പുതുമ. പങ്കാളിത്തം എല്ലാവരും അവകാശപ്പെട്ടെങ്കിലും അതിന്റെ നേതൃത്വം ആരും ഏറ്റെടുത്തില്ല.
നേതാക്കളില്ലാത്ത, തിരശ്ചീനമായ ആള്‍ക്കൂട്ടത്തെ മോശമായി കാണുന്ന രീതി ഈ ഹര്‍ത്താല്‍ ചര്‍ച്ചയുടെ ആന്തരിക യുക്തിയായി നിലനിൽക്കുന്നുണ്ട്. ആള്‍ക്കൂട്ടം എന്നത് കേവലാർഥത്തില്‍ ഭയപ്പാടോടെ കാണേണ്ട ഒന്നല്ല. അതിന്‍റെ ഇടപെടലുകളെ കൂടുതല്‍ സൂക്ഷ്മമായി പരിഗണിക്കാനാണു ശ്രമിക്കേണ്ടത്. ഫാസിസ്റ്റ് വിരുദ്ധ ആൾക്കൂട്ടവും ഫാസിസ്റ്റ് ആൾക്കൂട്ടവും തമ്മിലുള്ള അന്തരം തന്നെ ഇതിന്‍റെ തെളിവാണ്. ഇന്നത്തെ ഇൻഡ്യന്‍ സാഹചര്യത്തില്‍ ആര്‍എസ്എസ് എന്നതിനെ തുറന്നു വെല്ലുവിളിച്ച് ആളുകള്‍ പുറത്തുവരുന്നത് രാഷ്ട്രീയമായി പ്രാധാന്യമുള്ള കാര്യമാണ്. ആ സാധ്യതയുടെ പ്രകാശനമാണ് ഈ ഹര്‍ത്താലിന്റെ ഏറ്റവും വലിയ പുതുമ. പൗരത്വ നിഷേധത്തിനെതിരായ സമരത്തിന്റെ ചരിത്രത്തില്‍ ഈ ഹര്‍ത്താല്‍ സ്വയം അടയാളപ്പെടുത്തുമെന്നു തീര്‍ച്ചയാണ്.
ചിത്രങ്ങൾക്ക് കടപ്പാട്: ഷക്കീബ് കെ.പി.എ