ഒച്ച ഫോട്ടത്തിൽ പതിയില്ല മിസ്റ്റർ മലയാളി
മാമുക്കോയയുടെ ‘ലോക്കൽ’ ആയ കഥാപാത്രങ്ങൾ ബഷീറിയൻ സാഹിത്യങ്ങൾ പോലെ ‘ഗ്ലോക്കൽ’ ഐക്കണുകളായി നിലനിൽക്കുന്നതാണ്. അതു തന്നെയാണ് ബഷീറും മാമുക്കോയയും തമ്മിലുള്ള വ്യക്തി ബന്ധങ്ങൾക്ക് പുറത്തുള്ള ഒരു ക്രിയേറ്റീവ് റിലേഷൻ എന്നും തോന്നുന്നു. കേരളത്തിന്റെ സാംസ്‌കാരികതയിൽ മലയാളി നിർമിക്കുന്ന നാടൻ, നിഷ്കളങ്ക ബിംബങ്ങൾക്ക് വഴങ്ങുന്നതല്ല അദ്ദേഹത്തിന്റെ ജീവിതവും നടനവും. രൂപേഷ് കുമാർ എഴുതുന്നു.
“ഞാൻ ഇൻഡ്യയിൽ ആയതു കൊണ്ടാണ് ഇങ്ങനെ, ദുബായിൽ ആയിരുന്നെങ്കിൽ ഒൺലി ട്രൌസേഴ്സ്,” മാമുക്കോയ എന്ന നടനെ തനി നാട്ടിൻപുറത്തുകാരനായി കേറ്റി അടിക്കുന്ന മലയാളി എക്സർസൈസിന് അദ്ദേഹം തന്നെ എൺപതുകളിൽ കൊടുത്ത മോഡേണിറ്റിയുടെ മറുപടി ആയിരിക്കാം ‘വടക്കുനോക്കി യന്ത്രം’ എന്ന സിനിമയിലെ ഫോട്ടോഗ്രാഫറുടെ ഡയലോഗ്. മലയാളി, മലയാളിത്തം, കോഴിക്കോടൻ പ്രാദേശിക ഭാഷ എന്നിങ്ങനെ കേരളം അരച്ചു ചേർത്തുവെച്ച് ഒതുക്കി ഗ്രാമീണനാക്കി, നന്മയുടെ അപ്പോസ്തലനാക്കിയപ്പോഴൊക്കെ മാമുക്കോയ അതിൽ നിന്നും കുതറി മാറി “ഒച്ച ഫോട്ടത്തിൽ പതിയില്ല മിസ്റ്റർ മലയാളി” എന്നു വെച്ച് അലക്കിയിട്ടുണ്ട്. ‘വടക്കുനോക്കി യന്ത്രം’ എന്ന സിനിമ എൺപതുകളുടെ അവസാനം റിലീസ് ചെയ്യുമ്പോൾ കേരളത്തിൽ ഫോട്ടോ സ്റ്റുഡിയോകളുടെ ഒരു സംസ്കാരം ആരംഭിച്ചിരുന്നു. മാമുക്കോയയുടെ ഫോട്ടോഗ്രാഫറെ പോലെ പലരും ആ സമയത്ത് ഗൾഫ് നാടുകളിൽ പ്രവാസിയായി ജീവിച്ചു കൊണ്ട് ഉണ്ടാക്കിയ പൈസ കൊണ്ട്, അവിടെ നിന്നുള്ള സമ്പാദ്യം കൊണ്ട് ഫോട്ടോ സ്റ്റുഡിയോകളും വീഡിയോ കാസറ്റ് ഷോപ്പുകളും ഒക്കെ തുടങ്ങിയിരുന്നു. മലയാളികളിൽ ഭൂരിഭാഗവും ഇംഗ്ലീഷ് സിനിമകൾ കാണാൻ തുടങ്ങിയത് ഇത്തരം വീഡിയോ കാസറ്റ് ലൈബ്രറികലൂടെ ആയിരുന്നു.
ഈ ഫോട്ടോഗ്രാഫറെ പോലുള്ളവരും വീഡിയോ കാസറ്റ് കച്ചവടക്കാരുമൊക്കെ ആയിരുന്നു ഒരുപക്ഷേ ടീഷർട്ടും തൊപ്പിയും മുറി ഇംഗ്ലീഷും ജീൻസും കൂളിങ് ഗ്ലാസുമൊക്കെയായി മോഡേണിറ്റിയുടെ ഫിഗറുകൾ ആയി കേരളത്തിൽ ജീവിച്ചത്. ഇന്ന് മുണ്ട് ഉടുത്ത മോഡിയെ ആഘോഷിക്കുന്ന മലയാളി ദുരന്തങ്ങൾ, അന്നത്തെ കൂളിങ് ഗ്ലാസും ജീൻസും ഒക്കെ ധരിച്ച ദുബായിക്കാരെ ‘പട്ടിഷോ’ക്കാരായി കളിയാക്കുകയും ചെയ്തിരുന്നു. പക്ഷേ അത്തരം ‘കേരളം’ എന്ന ഭൂമിക്ക് പുറത്തു പോയ ഒരു കൂട്ടത്തിനു മലയാളിയുടെ ഈ അസൂയപ്പുറത്തെ കളിയാക്കലുകൾക്ക് പുല്ലു വിലയും ആയിരുന്നു. ഒരുപക്ഷേ എൺപതുകളിലെ ചുരുക്കം ഇന്റർനാഷണലായ ഭൂമിശാസ്ത്രത്തിനുള്ളിൽ ജീവിച്ച ഒരു വ്യക്തിയായിരിക്കാം മാമുക്കോയയുടെ ഫോട്ടോഗ്രാഫർ. ഇത്തരം അന്താരാഷ്ട്ര ജീവിതം ജീവിച്ച മാമുക്കോയമാർ ഇവിടെ നിലനിന്നപ്പോഴാണ് സത്യൻ അന്തിക്കാടിന്റെ സിനിമകളെ മാത്രം ചേർത്തുവെച്ചു കൊണ്ട് മമുക്കോയയെ നാടൻ ആയും കോഴിക്കോടൻ ആയും മലയാളിയുടെ ഒരു നാട്ട് പ്രദേശത്തെ ഒരാൾ എന്ന രീതിയിൽ ചുരുക്കുന്നത്.
മാമുക്കോയയുടെ ‘ലോക്കൽ’ ആയ കഥാപാത്രങ്ങൾ ബഷീറിയൻ സാഹിത്യങ്ങൾ പോലെ ‘ഗ്ലോക്കൽ’ ആയി ഐക്കണുകൾ ആയി നിലനിൽക്കുന്നതാണ്. അത് തന്നെയാണ് ബഷീറും മാമുക്കോയയും തമ്മിലുള്ള വ്യക്തി ബന്ധങ്ങൾക്ക് പുറത്തുള്ള ഒരു ക്രിയേറ്റീവ് റിലേഷൻ എന്നും തോന്നുന്നു. കേരളം എന്ന സാംസ്കാരികതയിലെ മലയാളി നിർമിച്ച് വെക്കുന്ന ‘നാടൻ’ എന്നു റൊമാഞ്ചിക്കുന്ന എൺപതുകളിലെയും തൊണ്ണൂറുകളിലെയും ചായക്കടക്കാരൻ, ബ്രോക്കർ, സ്ഥലക്കച്ചവടക്കാരൻ, അങ്ങനെ അനേകം കേരളീയമായ പശ്ചാത്തലത്തിൽ ജീവിക്കുന്ന മാമുക്കോയയുടെ ഐഡന്റിറ്റിയിലെ കഥാപാത്രങ്ങൾ കേരളം എന്ന സംസ്കാരത്തിന് ഗ്ലോക്കൽ റെഫറൻസ് കൊടുക്കുന്ന അന്താരാഷ്ട്ര മാനമുള്ളത് തന്നെയാണ്. പക്ഷേ ആഗോള തലത്തിൽ ഐക്കണുകൾ ആകാവുന്ന ഈ കഥാപാത്രങ്ങളെ മാത്രം ചേർത്തുവെച്ച് മാമുക്കോയയെ തനി നാടൻ കോഴിക്കോടുകാരനായി വായിക്കുന്ന നിരൂപണ എക്സർസൈസ് തനി ബോറൻ വ്യായാമമാണ്. തനി മുസ്‌ലിംവിരുദ്ധമായ കേരളീയ പശ്ചാത്തലത്തിൽ ‘നേറ്റീവ് ബാപ്പ’ എന്ന ഒരൊറ്റ ഹിപ്ഹോപ് ആൽബത്തിലൂടെ ഇന്റർനാഷണലായ ആഗോള മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്ന മാമുക്കോയ, മലയാളി/കേരളം/നാടൻ/നിഷ്കളങ്കത എന്നീ ആർക്കിടൈപ്പുകളെ പൊളിച്ചു പാളീസാക്കുന്നുണ്ട്. ഇത്രയും അന്താരാഷ്ട്ര മാനമുള്ള ഒരു അഭിനേതാവിനെ തനി കോഴിക്കോടൻ നാടനായി ചിത്രീകരിക്കാൻ ചില്ലറ തൊലിക്കട്ടി ഒന്നും പോര. മലയാളിയുടെ മലയാളിത്തത്തിൽ മോഡിയുടെ മുണ്ട് ഉണ്ടെങ്കിലും നേറ്റീവ് ബാപ്പ ഉണ്ടാകില്ല!
എൺപതുകളിലെ ഗൾഫ് ബൂമുകൾ, അതുപോലെ മറ്റ് പ്രവാസങ്ങൾ, ദലിതരുടെ സർക്കാർ ഉദ്യോഗങ്ങളിലെ വ്യാപകമായ പ്രവേശനങ്ങൾ എന്നിവ സംഭവിച്ചതിന് ശേഷം തൊണ്ണൂറുകളിലെ യുവത കൊച്ചി പോലുള്ള നഗരങ്ങളിലേക്ക് ജീവിതവുമായി മുന്നോട്ടു പോയിരുന്നു. അവരിൽ സവരണ ഹിന്ദുക്കൾ, മുസ്‌ലിംകൾ, ദലിതർ ഒക്കെയുമുണ്ടായിരുന്നു. അതിനെ പിൻപറ്റിയാകാം റാംജിറാവു പോലുള്ള നഗര കേന്ദ്രീകൃതമായ സിനിമകൾ ഉണ്ടാകുന്നത്. തൊണ്ണൂറുകളിൽ മാമുക്കോയ നഗര കേന്ദ്രീകൃതമായ ഇത്തരം സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കൗതുക വാർത്തകൾ എന്ന സിനിമയിലെ നല്ല ഫാഷനബിൾ ആയ കുക്ക്, ചെപ്പ് കിലുക്കണ ചെങ്ങാതിയിലെ കരിനാക്ക് വളയ്ക്കുന്ന നഗരത്തിലെ ചായക്കടക്കാരൻ, കൺകെട്ട് എന്ന സിനിമയിലെ കീലേരി അച്ചു എന്ന ഗുണ്ട, സ്ഥലത്തെ പ്രധാന പയ്യൻസിലെ പ്രൈവറ്റ് സെക്രട്ടറി, തൂവൽ സ്പർശത്തിലെ ഫ്ലാറ്റ് സെക്യൂരിറ്റി തുടങ്ങിയവ മാമുക്കോയയുടെ അത്തരം നഗര കേന്ദ്രീകൃതമായ കഥാപാത്രങ്ങളുടെ കുത്തൊഴുക്കിലെ ചിലതായിരുന്നു. മാമുക്കോയയുടെ തനതായ ഭാഷയും ബോഡി ലാംഗുവേജുമൊക്കെ കൊണ്ട് നഗര കേന്ദ്രീകൃതമായ ഈ മോഡേണിറ്റിക്കൊപ്പം അദ്ദേഹം കട്ടക്ക് നിന്നു. രാഷ്ട്രീയത്തിലെ കുതന്ത്രങ്ങൾ ഒന്നും അറിയാതെ, രാഷ്ട്രീയത്തിലെ നഗര കേന്ദ്രീകൃത്യവും അല്ലാതെയുമുള്ള ഉടായിപ്പുകളൊന്നും അറിയാതെ ഒരുപക്ഷേ ‘സന്ദേശം’ എന്ന സിനിമയിലെ കോൺഗ്രസ്സുകാരനായ രാഷ്ട്രീയക്കാരനായി മാമുക്കോയക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. നാടോടിക്കാറ്റിലെ ഗഫൂർക്ക ദോസ്ത് തന്റെ ഉരുവിലൂടെ എത്രയധികം ഊരുകളിൽ സഞ്ചരിച്ച് എത്രയധികം നാടുകൾ കണ്ടിട്ടുണ്ടാകും? മലയാളികളായ രണ്ടു തൊഴിൽമോഹികളായ ചെറുപ്പക്കാരെ അതും വലിയ ഹുങ്ക് കാണിക്കുന്ന ദാസൻ എന്ന ബുദ്ധിയുള്ള ബികോം ഫാസ്റ്റ് ക്ലാസുകാരനെയും വിജയനെയും എത്ര കൂൾ ആയാണ് പറ്റിക്കുന്നത്. ദാസന്റെയും വിജയന്റെയും കൂടെ ആ സിനിമ നിൽക്കുമ്പോഴും അതിനെയൊക്കെ പൊളിച്ചു ദേശാന്തരങ്ങളിലേക്ക് മുന്നേറുന്ന നിഷ്കളങ്കൻ അല്ലാത്ത, ഗ്രാമീണൻ അല്ലാത്ത, നാടൻ അല്ലാത്ത ഒരു മാമുക്കോയയെ ആണ് ആ സിനിമയിൽ കാണാൻ കഴിയുക. ‘കര കാണാ കടലല മേലെ മോഹ പൂങ്കുരുവി പറന്നെ’ എന്ന പാട്ട് കേൾക്കുമ്പോൾ ഒരുപക്ഷേ അവരുടെ കൂടെ നിന്നു തപ്പ് കൊട്ടുന്ന ഗഫൂർക്ക കരകാണാ കടല് ഒരു പാട് കണ്ട മനുഷ്യന് ആയിരുന്നിരിക്കാം.
എൺപതുകളിൽ ദലിത് സമൂഹങ്ങൾ റെയിൽവേയുടെ വികസനത്തിലൂടെയും സർക്കാർ ഉദ്യോഗങ്ങളിലൂടെയും ഇൻഡ്യയിലെ പല ഭാഗങ്ങളിലേക്ക് സഞ്ചരിച്ചപ്പോൾ ബോംബെയിലെ അണ്ടർവേൾഡിൽ പോയി രക്ഷപ്പെടുക എന്ന നായർ-ബ്രാമിൺ ഫാന്റസി ഇവിടത്തെ ‘ആര്യൻ’, ‘ഹിസ് ഹൈനസ് അബ്ദുള്ള’, ‘അഭിമന്യു’ പോലുള്ള സിനിമകളിൽ നിലനിന്നിരുന്നു. കേരളത്തിൽ നിന്നു രക്ഷപ്പെടാൻ സാധ്യതയില്ലാതെ മുംബെയിൽ പോയി അധോലോക നായകരാകുന്ന ഫാന്റസിയിലേക്ക് വളരുമ്പോഴും അവർക്ക് മുൻപേ അവിടെ മുംബൈയിലെ തെരുവുകളിൽ ഒരു മാമുക്കോയയുടെ കഥാപാത്രം ഉണ്ടായിരുന്നു. മോഹൻലാൽ മുംബൈയിൽ പോയി അണ്ടർവേൾഡ് ആകുന്നതിന് മുൻപു തന്നെയോ അല്ലെങ്കിൽ അയാളുടെ കൂടെയോ ഒരു മാമുക്കോയ ഉണ്ടായിരുന്നു. മാമുക്കോയയുടെ കഥാപാത്രങ്ങൾ ഈ നാടൻ കേരളത്തിൽ നിന്നു നേരത്തെ വണ്ടി കയറിയിരുന്നു. ‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന സിനിമയിലെ മാമുക്കോയയുടെ അണ്ടർവേൾഡ് കഥാപാത്രമാണ് ശ്രീനിവാസനെ മോഹനലാലിന്റെ ‘അബ്ദുള്ള’യെ പരിചയപ്പെടുത്തി കൊടുക്കുന്നത്. ജീവിതം രക്ഷപ്പെടാൻ ‘മലയാളി’ മുംബൈയിൽ എത്തുന്നതിനു മുൻപു തന്നെ ഒരു മാമുക്കോയ കൂടി അംഗമായ ഒരു അണ്ടർവേൾഡ് അവിടെ ഉണ്ടായിരുന്നു എന്നതാണ് കാര്യം. “ഇത് നമ്മൾ പണ്ടേ വിട്ട കേസ് ആണ്” എന്നു പറയുന്നത് പോലെ. ശുഭയാത്ര എന്ന ജയറാം സിനിമയിൽ മുംബൈയിൽ താമസത്തിന് ഒരു വീടിന് വേണ്ടി ജയറാം പോയി കെഞ്ചുന്നത് നേരത്തെ തന്നെ അവിടെ വേരുള്ള മാമുക്കോയയുടെ കരീം ഭായി എന്ന കഥാപാത്രത്തിനോടയാണ്. ഗൾഫിൽ നിന്നും കടൽ മാർഗവും അല്ലാതെയും കൊണ്ടുവരുന്ന സാധനങ്ങൾ വിൽക്കുന്ന അണ്ടർ വേൾഡിന്റെ കണ്ണിയായി തിരുവനന്തപുറത്തെ ഒരു ചേരിയിലെ അണ്ടർവേൾഡ് കച്ചവടക്കാരനായി മാമുക്കോയ വരുമ്പോഴും അയാളുടെ കണക്ഷൻ ജാക്കിയിലേക്കും കടൽ ബന്ധിപ്പിക്കുന്ന പലതരം വിദേശ മനുഷ്യരിലേക്കും ആയിരിക്കാം. അവിടെ എത്തുന്ന അമ്പികയുടെ ജേണലിസ്റ്റിനെ മാമുക്കോയ മുള്ളിൽ മേൽ നിർത്തുന്നുമുണ്ട്.
“താൻ കറുത്തതോ വെളുത്തതോ?” എന്നു രാമൻ കർത്തയോടും, ജബ്ബാർ നായറാ? എന്നു ചോദിക്കുമ്പോൾ “അല്ല നമ്പൂതിരി”, അതിനു ഞാൻ അഹിന്ദു അല്ലല്ലോ മുസ്‌ലിം അല്ലേ?” എന്ന ജാതിയെ തകർക്കുന്ന, ഹിന്ദു മാഹാത്മ്യത്തെ തകർക്കുന്ന തഗ്ഗുകൾ വളരെ മുഖത്തടിച്ച പോലെ, പൊന്നീച്ച പാറിക്കുന്നത് പോലെ പറഞ്ഞുവെച്ചതു കൂടെയാണ് മാമുക്കോയയുടെ കഥാപാത്രങ്ങൾ. കേരളത്തിലെ നായകരുടെ ഹീറോയിക് ഡയലോഗുകളെക്കാൽ മാമുക്കോയയുടെ തഗ്ഗുകൾ പുതിയ തലമുറ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ‘അർഥം’ എന്ന സിനിമയിലെ വേലക്കാരനും ‘ഗജയകേസരി യോഗം’ എന്ന സിനിമയിലെ ആന ബ്രോക്കറും സസ്നേഹം എന്ന സിനിമയിലെ വേലക്കാരനുമായ ഹിന്ദുക്കളോ നായന്മാരോ ആയ കഥാപാത്രങ്ങളെ തനി മാമുക്കോയയായി മലയാളി നായർ ശൈലികളിൽ നിന്നും വ്യത്യസ്തമായി ഡെലിവർ ചെയ്ത് അവതരിപ്പിച്ചു കയ്യടി വാങ്ങിയ, ഒട്ടും ഓക്വേഡ് (awkward) അല്ലാതെ തോന്നിപ്പിച്ച ഒരു നടനുമായിരിക്കാം മാമുക്കോയ. ദേശങ്ങളും ജ്യോഗ്രഫികളും താണ്ടിയത് മാത്രമല്ല, മാമുക്കോയ മമുക്കോയ ആയി നിന്നുകൊണ്ട് മറ്റ് സംസ്കാരങ്ങളിലേക്കും സ്വത്വങ്ങളിലേക്കും ആവേശിക്കാൻ ആ മനുഷ്യന് അനായാസേന കഴിഞ്ഞിട്ടുണ്ട്. ഇതേ മാമുക്കോയ ‘വിദ്യാരംഭം’ എന്ന സിനിമയിൽ തമിഴനായ വേലക്കാരനായി അസാധ്യമായി തമിഴ് പറഞ്ഞു കൊണ്ട് പേർഫോം ചെയ്യുമ്പോഴും അദ്ദേഹം മലയാളികൾ പറഞ്ഞു വെച്ച ‘നാടൻ’ സ്വത്വത്തെ തകർത്ത് വാരുകയാണ്. മഴവിൽ കാവടിയിലെ കുഞ്ഞിക്കാദർ തമിഴ്നാട്ടിൽ പോയി പോക്കറ്റ് അടിക്കാരനായി വിലസുമ്പോഴും അയാള് തമിഴിലേക്കും അവിടത്തെ ജ്യോഗ്രഫിയിലേക്കും ഇഴുകി ചേരുന്നുണ്ട്.
അഭിനയത്തിൽ പ്രോപ്പർട്ടി ഉപയോഗിക്കുക എന്ന അതിഗംഭീരമായ പല സംഗതികളുമുണ്ട്. എം.ജി ശ്രീകുമാർ തോക്കുമായി വരുന്ന പോസ്റ്റർ കണ്ട് നമ്മളൊക്കെ ചിരിച്ചു മറിഞ്ഞിട്ടുമുണ്ട്. പക്ഷേ മാമുക്കോയ ക്യാമറമാൻ ആകുമ്പോഴും സിനിമ പ്രൊജക്ടർ ഓപ്പറേറ്റർ ആകുമ്പോഴും, തോക്ക് ഉപയോഗിക്കുമ്പോഴും കുഞ്ഞിക്കാദർ ആയി പേഴ്സുകൾ കാണിക്കുമ്പോഴും കൂളിങ് ഗ്ലാസ് ധരിക്കുമ്പോഴും ടീ ഷർട്ട് ഇടുമ്പോഴും ആ മനുഷ്യൻ അതിനോടൊക്കെ ഇഴുകി ചേർന്നുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ‘പൊൻ മുട്ട ഇടുന്ന താറാവ്’ എന്ന കാരിക്കേച്ചർ സിനിമയിലെ ചായക്കടക്കാരൻ ആകുമ്പോഴു ഇങ്ങ് ആട് എന്ന സിനിമയിലെ കോട്ടിട്ട പലിശക്കാരൻ ആയ അണ്ടർവേൾഡ് ആകുമ്പോഴും ആ മനുഷ്യന് ആ വേഷങ്ങളിലേക്ക് ഇഴുകിച്ചേരുന്ന അപാരമായ കഴിവിലേക്ക് അദ്ദേഹം എത്തുന്നുണ്ട്.
‘റാംജി റാവു’ സിനിമയിൽ മുകേഷിന്റെ കൊല്ലം സ്ലാങും ഇന്നസെന്റിന്റെ ഇരിങ്ങാലക്കുട സ്ലാങ്ങും അതുപോലെ മാമുക്കോയയുടെ കോഴിക്കോടൻ എന്നു പറയുന്ന സ്ലാങും ചേരുന്ന കോൺഫ്ളിക്ടുകളോ ഇഴചേരലുകളോ ഒക്കെ ആ സിനിമക്ക് വല്ലാത്ത ആത്മാവു കൊടുക്കുന്നുണ്ട്. പക്ഷേ പിന്നീടുള്ള നിരൂപണങ്ങളിലും സിനിമ വായനകളിലും അഭിമുഖങ്ങളിലും മുകേഷിന്റേത് കൊല്ലം സ്ലാങും ഇന്നസെന്റിന്റെതു ഇരിങ്ങാലക്കുട സ്ലാങും ആയി മാറുമ്പോൾ, മാമുക്കോയയുടേത് കോഴിക്കോടൻ സ്ലാങും അത് തനി നാടൻ ആണെന്ന കൂട്ടിച്ചേർക്കലും മലയാളി നടത്തും. കോഴിക്കോടൻ ജീവിതം, മുസ്‌ലിം ജീവിതം, മാമുക്കോയയുടെ ശരീര ഭാഷ, അതുപോലെ അദ്ദേഹത്തിന്റെ ഭാഷ നാടൻ എന്നും പ്രാദേശികത എന്നും പറഞ്ഞു ചുരുക്കുന്നത് മാമുകോയ എന്ന മനുഷ്യന്റെ കഥാപാത്രങ്ങൾ താണ്ടിയ ജ്യോഗ്രഫിയും ജീവിച്ച പല ജീവിതങ്ങളും അയാൾ കടന്നു കയറിയെ മോഡേണിറ്റിയും അയാൾ തച്ചുടച്ച ജാതി ഹിന്ദു ജീവിതങ്ങളുടെയും ചരിത്രങ്ങളെയും മായിച്ചു കളയുന്നതാണ്. മാമുക്കോയ തനി നാടൻ മലയാളി എന്നതിനപ്പുറം ഒരു അന്താരാഷ്ട്ര മാനമുള്ള അസാധ്യ നടനും അയാളുടെ കഥാപാത്രങ്ങൾ പല മാനങ്ങളിൽ അന്താരാഷ്ട്ര ഐക്കണുകൾ ആയി മാറിയതും പലതരം ജീവിതം ജീവിവച്ചതുമാണെന്ന് തന്നെ പറയേണ്ടി വരും. ഈ നാടൻ നിഷ്കളങ്കത മാമുക്കോയക്ക് ചേരില്ല സാർ.