ട്രംപ് – മോദി കൂട്ടുകെട്ട്: പുത്തന്‍ വംശീയ അജണ്ട

നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവും ഹിന്ദുത്വരുടെ വംശീയാഭിമുഖ്യവും തമ്മിലുള്ള ബന്ധമെന്താണ്? ഡൊണാൾഡ് ട്രംപ് അടക്കമുള്ള വംശീയവാദികൾക്ക് ഇൻഡ്യൻ കുടിയേറ്റക്കാരോടുള്ള താൽപര്യമെന്താണ്? കെ.അഷ്റഫ് വിശകലനം ചെയ്യുന്നു.

അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയും ഒന്നിച്ചു നടത്തിയ പൊതുപരിപാടികളും പത്രസമ്മേളനങ്ങളും രാജ്യാന്തരതലത്തിൽ വലിയ ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടാതെയും അവിടെയുള്ള വ്യത്യസ്ത രാഷ്ട്രീയ വിഭാഗങ്ങളെ ഒരുപോലെ പരിഗണിച്ചും പിന്തുടര്‍ന്ന ഇൻഡ്യന്‍ വിദേശനയത്തില്‍ നിന്നുള്ള പിന്മാറ്റമാണ് മോദി നടത്തിയത്. എന്നാല്‍ മോദിയുടെ അമേരിക്കന്‍ രാഷ്ട്രീയത്തിലുള്ള ഇടപെടലിന്റെ മാനങ്ങള്‍ ഭരണപരവും നയപരവും എന്നതിനൊപ്പം തന്നെ ചരിത്രപരവും രാഷ്ട്രീയപരവുമാണ്. ഇരു രാജ്യങ്ങളിലും സംഭവിക്കുന്ന ആഴത്തിലുള്ള സാമൂഹിക മാറ്റങ്ങളുടെ ഭാഗമാണ് മോദി – ട്രംപ് കൂട്ടുകെട്ട്.

ഇൻഡ്യയിൽ നിന്നുള്ള സവർണ / ഉപരിവർഗ കുടിയേറ്റ വിഭാഗങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ ശക്തി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നരേന്ദ്ര മോദി ആഗോളതലത്തിൽ തന്റെ പ്രതിച്ഛായ നിർമിക്കാൻ ശ്രമിക്കുന്നത്. എന്നാൽ മോദിയുടെ ഈ പ്രതിഛായ നിർമാണത്തിന് അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിന്റെ പാശ്ചാത്തലത്തില്‍ സവിശേഷമായ പ്രധാന്യമുണ്ടെന്ന് മനസിലാക്കുന്നത് ഡൊണാൾഡ് ട്രംപാണ്.

മോദിയും ട്രംപും ഹൂസ്റ്റണിലെ ചടങ്ങിൽ

വൈരുധ്യമെന്നു പറയട്ടെ, കുടിയേറ്റ വിഭാഗങ്ങളോട് ഏറ്റവും ശത്രുതയുള്ള ഒരു പ്രസിഡന്റാണ് ട്രംപ്. കുടിയേറ്റ വിരുദ്ധമായ, വെളുത്ത വംശീയ സ്വാഭിമാന പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിച്ചാണ് ട്രംപ് തന്റെ വാചകമേളകള്‍ നടത്താറുള്ളത്. ഇൻഡ്യന്‍ കുടിയേറ്റക്കാരെ വംശീയമായി ആക്ഷേപിച്ച ചരിത്രവും ട്രംപിനുണ്ട്. അതിനാല്‍ ഇൻഡ്യക്കാരെ പരിഗണിക്കുന്ന തരത്തില്‍ ട്രംപിന്റെ നയങ്ങള്‍ മാറിയോ എന്നതാണ് നിര്‍ണായകമായ ചോദ്യം. അമേരിക്കയിലെ കുടിയേറ്റ രാഷ്ട്രീയത്തിന്റെയും വംശീയ / മത / കുടിയേറ്റ ന്യൂനപക്ഷ സമൂഹങ്ങളുടെയും രാഷ്ട്രീയ അവകാശങ്ങളുടെ ചരിത്രത്തിൽ നിന്നാണ് ഈ സമസ്യക്ക് ഉത്തരം തേടേണ്ടത്.

വെളുത്ത വംശീയവാദത്തിന്റെ അജണ്ടകള്‍

ഒത്തുതീർപ്പിന് വഴങ്ങിയാണെങ്കിൽ പോലും ആഫ്രിക്കന്‍ പശ്ചാത്തലമുള്ള ബരാക് ഒബാമയെ വൈറ്റ്ഹൗസിൽ പ്രതിഷ്ഠിക്കേണ്ടി വന്നത് അമേരിക്കയിലെ വെളുത്ത വംശീയാധിപത്യത്തിനേറ്റ പ്രധാനപ്പെട്ട തിരിച്ചടികളിൽ ഒന്നാണ്. ആ പ്രക്രിയയില്‍ വംശീയ ന്യൂനപക്ഷങ്ങളും കുടിയേറ്റ വിഭാഗങ്ങളും വെള്ളക്കാരിലെ ജനാധിപത്യവാദികളും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഈ തിരിച്ചടികളെ മറികടക്കാനാണ് ട്രംപ് അടക്കമുള്ള വെളുത്ത വംശീയവാദികളുടെ പുതിയ ശ്രമങ്ങൾ. കുടിയേറ്റവും ജനാധിപത്യ പ്രസ്ഥാനങ്ങളും ന്യൂനപക്ഷാവകാശങ്ങളും സാമൂഹികമായി ശക്തിപ്പെട്ട കാലത്ത് വെളുത്ത വംശക്കാർക്ക് പഴയതുപോലെ  ആധിപത്യം കിട്ടില്ല എന്നാണ് അമേരിക്കയിലെ വെളുത്ത വംശീയവാദികൾ തിരിച്ചറിയുന്നത്. രണ്ടു തന്ത്രങ്ങളാണ് വെളുത്ത വംശീയവാദികൾക്ക് നിര്‍ണായകമാവുന്നത്. ഒന്ന്) വ്യത്യസ്തമായ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് വെളുത്ത വംശീയാധിപത്യത്തെ നിലനിർത്തുന്ന തരത്തിലുള്ള സാമൂഹിക – രാഷ്ട്രീയ സമ്മതങ്ങൾ നിർമിക്കുക. രണ്ട്) അതുവഴി വെള്ള വംശീയാധിപത്യത്തിന് നേരിട്ട് വെല്ലുവിളി ഉയർത്തുന്ന ന്യൂനപക്ഷ വിഭാഗങ്ങളെയും കുടിയേറ്റ / വംശീയ വിഭാഗങ്ങളെയും രാഷ്ട്രീയ അധികാരത്തിൽ നിന്നും സാമൂഹിക അധികാരത്തിൽ നിന്നും അകറ്റിനിർത്തുക. ഇതിന്റെ ഭാഗമായാണ് ഡൊണാൾഡ് ട്രംപ് ഇൻഡ്യൻ വംശജരെ ഒപ്പം നിർത്താൻ ശ്രമിക്കുന്നത്.

കറുത്തവർ, ലാറ്റിനോകൾ, ഇറ്റലിക്കാർ, ജൂതർ, ആഫ്രോ അമേരിക്കക്കാര്‍, അറബികൾ, റെഡ് ഇന്ത്യക്കാര്‍, ഇറ്റലിക്കാര്‍, ജാപ്പനീസ് – ചൈനീസ് വിഭാഗക്കാര്‍, കരീബിയന്‍ സമുദായങ്ങള്‍ തുടങ്ങിയ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ കലർപ്പാണ് അമേരിക്കൻ ദേശീയ സമൂഹം. അതിൽത്തന്നെ വെളുത്ത വംശീയവാദികളോട് നേരിട്ട് പടപൊരുതുന്ന വലിയ ന്യൂനപക്ഷ  വിഭാഗങ്ങളാണ് അമേരിക്കയിലെ ആഫ്രോ അമേരിക്കക്കാരും റെഡ് ഇന്ത്യക്കാരും ലാറ്റിനോകളും. തുടക്കത്തില്‍ ചില അധികാരങ്ങള്‍ അനുഭവിച്ചിരുന്ന അറബ് സമൂഹങ്ങള്‍ ശീതയുദ്ധത്തിനു ശേഷമാണ് വംശീയതയുടെ കെടുതികള്‍ ഏറ്റുവാങ്ങാന്‍ തുടങ്ങിയത്.

ന്യൂനപക്ഷ രാഷ്ട്രീയ പ്രശ്നങ്ങളെല്ലാം അമേരിക്കൻ അധിനിവേശ ചരിത്രത്തിന്റെ തന്നെ ഉപോൽപ്പന്നമാണ്. ആഫ്രോ – അമേരിക്കക്കാരുടെയും റെഡ് ഇന്ത്യക്കാരുടെയും രാഷ്ട്രീയ അസ്ത്വിതത്തെ നിർണയിക്കുന്നത് കഴിഞ്ഞ അഞ്ഞൂറ് വര്‍ഷത്തെ യുറോപ്യന്‍ അടിമത്തവും കൊളോണിയല്‍ വംശീയ വിവേചനങ്ങളുമാണ്. മാത്രമല്ല, അമേരിക്കൻ കൊളോണിയലിസത്തിന്റെ മുറിപ്പാടുകളും ദുരിതങ്ങളും ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സാമൂഹിക വിഭാഗമാണ് സ്പാനിഷ് സംസാരിക്കുന്ന ലാറ്റിനോകൾ.

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തെ അഞ്ചു നൂറ്റാണ്ടുകളായി കോളനിവൽക്കരിക്കുക മാത്രമല്ല, ലാറ്റിനമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇന്നും ഇടപെടുന്ന സാമ്രാജ്യത്വ അധീശശക്തിയാണ് അമേരിക്കന്‍ ഭരണകൂടം. മാത്രമല്ല ലാറ്റിനോ ജനസംഖ്യയും കുടിയേറ്റവും കഴിഞ്ഞ ദശകങ്ങളില്‍ വർധിച്ചിരിക്കുന്നു. അതിനാല്‍ തന്നെ പ്രത്യക്ഷമായ ശത്രുതയും വിവേചനവും അപരവൽക്കരണവും ഈ സാമൂഹിക വിഭാഗങ്ങള്‍ അമേരിക്കയിലെ വെളുത്ത വംശീയ സാമൂഹിക ഘടനയില്‍ അനുഭവിക്കുന്നു.

വിജയ് പ്രഷാദ് തന്റെ The Karma of Brown Folk  എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നതു പോലെ അമേരിക്കന്‍ സാമൂഹിക ഘടനയില്‍ ഇൻഡ്യക്കാരെക്കുറിച്ചുള്ള വംശീയ വാര്‍പ്പുമാതൃകകള്‍ വളരെ വ്യത്യസ്തമാണ്. മാത്രമല്ല, ലാറ്റിനോകളെയും ആഫ്രോ – അമേരിക്കക്കാരെയും റെഡ് ഇന്ത്യക്കാരെയും അറബികളെയും പോലെ അമേരിക്കന്‍ കൊളോണിയല്‍ ചരിത്രത്തിന്റെ മറ്റു പ്രശ്നങ്ങളും ബാധ്യതകളും ഇൻഡ്യക്കാര്‍ക്കില്ലായിരുന്നു. അമേരിക്കന്‍ അതിര്‍ത്തി കടന്നു കൂട്ടത്തോടെ കുടിയേറാന്‍ സാധ്യത കുറഞ്ഞ വിഭാഗക്കാരാണ് ഇൻഡ്യക്കാര്‍. “ഭീഷണി കുറഞ്ഞ” ന്യൂനപക്ഷമാണ് അവര്‍. കഠിനാധ്വാനികളാണ്, മടിയില്ലാത്തവരാണ്, സ്വന്തം വരുമാനവും അന്നവും മാത്രം നോക്കുന്നവരാണ്, അനാവശ്യമായ വാദകോലാഹലങ്ങളിലും രാഷ്ട്രീയസംവാദങ്ങളിലും  ഏർപ്പെടാത്തവരാണ് എന്നൊക്കെയാണ് ഇൻഡ്യക്കാരെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു വെളുത്ത വംശീയ വാര്‍പ്പുമാതൃക. ഇത് മറ്റു ന്യൂനപക്ഷങ്ങളെ ക്രിമിനലുകളും മടിയന്മാരും ഭീകരന്മാരും പ്രശ്നക്കാരുമായി ചിത്രീകരിക്കാന്‍ വെളുത്ത വംശീയത നിര്‍മിച്ച വംശീയ ആഖ്യാനമാണെന്നു വിജയ്‌ പ്രഷാദ് നിരീക്ഷിക്കുന്നു. അതിനാല്‍ തന്നെ ഇൻഡ്യൻ സമൂഹത്തിലെ ഉപരിവർഗം വെളുത്ത വംശീയാധിപത്യം അവർക്ക് കെട്ടിയേൽപ്പിച്ചു കൊടുത്ത മാതൃകാ ന്യൂനപക്ഷമെന്ന (model minority) പദവി സ്വയം കഴുത്തിലണിഞ്ഞു. അങ്ങനെ മറ്റു വംശീയ / കുടിയേറ്റ / ന്യൂനപക്ഷ സാമൂഹിക വിഭാഗങ്ങളെക്കാൾ വെള്ളക്കാരോട് അടുത്തിടപഴകാൻ കൂടുതൽ യോഗ്യർ തങ്ങളാണെന്ന് തെളിയിക്കാൻ ഇൻഡ്യക്കാര്‍ നിരന്തര ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഈ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഹൂസ്റ്റണില്‍ മോദിയും ട്രംപും നടത്തിയ പൊതുജന പങ്കാളിത്ത പരിപാടി.

ഹിന്ദുത്വരുടെ വംശീയാഭിമുഖ്യം

മോദിയും ട്രംപും കൈപിടിച്ച് നടത്തുന്ന ഈ പുതിയ രാഷ്ട്രീയ മാറ്റത്തിനു ഇൻഡ്യന്‍ സമൂഹത്തിലും ചരിത്രത്തിലും വേരുകളുണ്ട്. ഇൻഡ്യന്‍ സാഹചര്യത്തില്‍ വികസിച്ച സവര്‍ണ ജാതി രാഷ്ട്രീയവും വെളുത്ത വംശീയ മേധാവിത്വവും തമ്മിലെ ബന്ധം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതികളില്‍  വികസിച്ച നിരവധി ചരിത്ര സാഹചര്യങ്ങളുടെ ഉൽപന്നമാണ്.

സുബോ ബസുവിന്റെ The Dialectics of Resistance: Colonial Geography, Bengali Literati and the Racial Mapping of Indian Identity എന്ന ഗവേഷണ പഠനം ഇൻഡ്യയിലെ മേല്‍ജാതി ഹിന്ദു ബുദ്ധിജീവികള്‍ ആഭ്യന്തര അപരരായ ദലിതുകള്‍, മുസ്ലിംകള്‍, തദ്ദേശീയ ജനസമൂഹങ്ങള്‍, ചെറുഗോത്രങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന് സ്വയം വ്യത്യസ്തമായതും വൈദേശിക അപരരായ ആഫ്രിക്കക്കാരില്‍ നിന്നും എഷ്യക്കാരില്‍ നിന്നും വേറിട്ടതുമായ ആര്യന്‍ – കൊക്കേഷ്യന്‍ സാമൂഹിക വീക്ഷണം നേടിയെടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് കൊളോണിയല്‍ രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള സ്വാധീനം ഇൻഡ്യയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ വെള്ളക്കാരുടെ പിന്മുറക്കാര്‍ എന്ന പദവി നേടിയെടുക്കാനാണ് അവര്‍ ശ്രമിച്ചത്. 

മോദിക്കെതിരെ നടന്ന പ്രതിഷേധം

ജാതി ഹിന്ദുക്കളായ ഇൻഡ്യക്കാരില്‍ പലരും സ്വയം കരുതിയത് തങ്ങള്‍ ആര്യന്മാരാണ്‌ എന്നായിരുന്നു. തങ്ങ‍‍‍‍‍‍‍‍‍‍‍‍‍‍‍ൾ ജര്‍മ്മനിക്കാരെയും ബ്രിട്ടീഷുകാരെയും പോലെ ശാരീരികവും ആത്മീയവുമായി ഉന്നതി പ്രാപിച്ചവരാണെന്നും ഉയരം കുറഞ്ഞവരും മഞ്ഞനിറം ഉള്ളവരുമായ ചൈനക്കാരെയും കറുത്ത നിറമുള്ള ആഫ്രിക്കക്കാരെയും ദ്രാവിഡന്മാരെയും പോലെ അധമന്‍മാരല്ലെന്നും ഉപരിജാതി ഇൻഡ്യക്കാരിലെ ഒരു വിഭാഗം കരുതി. ആര്യന്‍ വംശമേധാവിത്വത്തിന്റെ പിന്മുറക്കാരായ തങ്ങളാണ് വെള്ളക്കാരുടെ അടുത്ത ബന്ധുക്കള്‍ എന്നതിനാല്‍ വംശീയമായ ഈ സാഹോദര്യം ഇന്ത്യയിലെ ചില സവര്‍ണ സാമൂഹിക വിഭാഗങ്ങള്‍ ഏറെ സന്തോഷത്തോടെ സ്വീകരിച്ചുവെന്നു സുബോ ബസുവിന്റെ പഠനം നിരീക്ഷിക്കുന്നു. ഈ നീക്കത്തിന്റെ തുടര്‍ച്ച പല രീതിയില്‍ അമേരിക്കയിലെ ഇൻഡ്യൻ കുടിയേറ്റ വിഭാഗക്കാരിലെ ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ പെരുമാറ്റത്തില്‍ കാണാമെന്നു വിജയ് പ്രഷാദ് തന്റെ The Karma of Brown Folk  എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്.

മോദിക്കു വേണ്ടി അമേരിക്കയില്‍ ആരവം മുഴങ്ങുമ്പോള്‍ ഹിന്ദുത്വ വംശീയാഭിമുഖ്യത്തിന്റെ ഈ ചരിത്ര – രാഷ്ട്രീയ പശ്ചാത്തലം മറന്നുപോകാന്‍ പാടില്ല. മാത്രമല്ല, മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള പൗരത്വ ബില്ലിലൂടെയും കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്നതിലൂടെയും യുഎപിഎ അടക്കമുള്ള മർദ്ദക നിയമങ്ങൾ നടപ്പാക്കിയും നരേന്ദ്ര മോദി സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ രാഷ്ട്ര സങ്കൽപത്തിന് ആഗോള പിന്തുണ നേടിയെടുക്കാനാണ് ഈ നീക്കങ്ങളെല്ലാം. പ്രത്യുപകാരമായി അമേരിക്കയിലെ വെളുത്ത വംശീയാധിപത്യത്തിന് ചില സഹായങ്ങള്‍ തിരിച്ചു നല്‍കാനും മോദി ശ്രമിക്കുന്നു. ഇസ്ലാമോഫോബിയയും ഭീകരവേട്ടയെക്കുറിച്ചുള്ള സാമ്രാജ്യത്വ വ്യവഹാരങ്ങളും ഒരുപോലെ പിന്തുടരുന്ന മോദി – ട്രംപ് കൂട്ടുകെട്ട് ആഗോള തലത്തിൽ തന്നെ വെളുത്ത വംശീയവാദികളും ഹിന്ദുത്വ രാഷ്ട്രീയവാദികളും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധത്തിന്റെ പുതിയ വികാസത്തെയാണ് സൂചിപ്പിക്കുന്നത്.

Top