ബ്ലാക്ക് ലൈവ്സ് മാറ്റർ: ഇൻഡ്യൻ സാഹചര്യത്തിൽ വായിക്കുമ്പോൾ

‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ അടക്കമുള്ള, ലോകത്തെങ്ങുമുള്ള കറുത്തവരുടെ പ്രസ്ഥാനങ്ങൾ ഫലസ്തീനടക്കമുള്ള പ്രശ്‌നങ്ങളും അമേരിക്കയിലെ കറുത്തവംശജരുടെ പ്രശ്‌നങ്ങളും ദലിത്-ബഹുജൻ പ്രശ്നങ്ങളും നിരവധി ഉപദേശീയതാ പ്രശ്നങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ സമാനതകൾ സ്വയം തിരിച്ചറിയുന്നത് പുതിയൊരു രാഷ്ട്രീയ ഭാവിയെ അടയാളപ്പെടുത്തുന്നു.

അമേരിക്കയില്‍ കറുത്ത ജനതക്കെതിരായ വംശീയ വിവേചനത്തിൻ്റെയും ഹിംസയുടെയും ഒടുവിലത്തെ അധ്യായമാണ് ജോർജ് ഫ്ലോയ്ഡിന്റെ പോലീസ് കൊലപാതകത്തിലൂടെ വെളിപ്പെട്ടത്. ലോകവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയ അമേരിക്കൻ നഗരങ്ങളിലെ പ്രക്ഷോഭങ്ങള്‍ അതിനാല്‍ തന്നെ ആഗോള വംശീയ മുതലാളിത്ത അധീശഘടനയെക്കുറിച്ച വിചാരങ്ങൾക്ക് ദൃശ്യതയും ഇടവും നൽകിയിട്ടുണ്ട്. എന്തുകൊണ്ട് ഈ പ്രക്ഷോഭങ്ങൾ വിദൂര ദേശങ്ങളിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നു? 

ഇൻഡ്യൻ സാഹചര്യത്തില്‍ എങ്ങനെയാണ് അധീശ ദേശീയ വ്യവസ്ഥയും ഭരണകൂടവും പൗരത്വ സമരമടക്കമുള്ള ജനകീയ പ്രക്ഷോഭങ്ങളോടും, ദലിതുകൾ അടക്കമുള്ള കീഴാള ജനതകളോടും, കാശ്മീർ, ആസാം, മണിപൂർ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ് അടക്കമുള്ള വിവിധ ദേശീയ പ്രശ്നങ്ങളോടും ഇടപെട്ടതെന്ന ചർച്ച ഇതിന്റെ ഭാഗമായി ഉയർന്നുവരുന്നു. അമേരിക്കയിലെ കറുത്തവരുടെ പ്രക്ഷോഭങ്ങളും ഇൻഡ്യയിലെ പൗരത്വ നിഷേധത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളും ആഗോള രാഷ്ട്രീയത്തിലെ വ്യത്യസ്ത തരത്തിലുള്ള പ്രതിരോധമാതൃകകളുടെ സമീപകാല ഉദാഹരണങ്ങളാണ്. ഇൻഡ്യയിലെ ദലിത്-ബഹുജൻ പ്രസ്ഥാനങ്ങളും കാശ്മീരടക്കമുള്ള വിവിധ ദേശീയ പ്രസ്ഥാനങ്ങളും മറ്റും വളരെക്കാലമായി ഇത്തരമൊരു സംവാദമുയർത്തുന്നുണ്ട്. ‘ദലിത് പാന്തർ’ പ്രസ്ഥാനങ്ങളുടെ സ്വാധീനം എടുത്തു പറയണം. രാഷ്ട്രീയമായി വിവിധ പ്രക്ഷോഭങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന ആലോചന ഏറെ സജീവമാണ്. 

എന്തുകൊണ്ടാണ് ലോകവ്യാപകമായി വിവിധ മത/ജാതി/ലിംഗ/ദേശീയ ന്യൂനപക്ഷ സമുദായങ്ങള്‍ അതത് അധീശ ദേശീയ സമൂഹങ്ങളില്‍ പ്രക്ഷോഭങ്ങള്‍ വികസിപ്പിക്കുന്നത്? ഈ വർഷം ഏറ്റവുമധികം ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രക്ഷോഭം ഇൻഡ്യയിലെ പൗരത്വ സമരം തന്നെയാണ്. അതിന്റെ തുടർച്ചയിലും ചേർച്ചയിലും ഇന്നത്തെ അമേരിക്കയിൽ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രസ്ഥാനത്തെ വിലയിരുത്താൻ സാധിക്കുമോ? നേരത്തെ തന്നെ ഇൻഡ്യൻ സാഹചര്യത്തിൽ വികസിച്ച ജാതിയെക്കുറിച്ചും ദേശീയതയെക്കുറിച്ചും ലിംഗ വ്യവസ്ഥയെക്കുറിച്ചുമുള്ള സംവാദങ്ങൾ ആഗോള വംശീയ മുതലാളിത്ത അധീശവ്യവസ്ഥയിൽ സ്വയം അടയാളപ്പെടുത്തുന്നതെങ്ങനെയാണ്? 

‘ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍’ പ്രസ്ഥാനത്തോട് ഐക്യപ്പെടുന്ന ഇൻഡ്യയിലെ ഉപരിവർഗ-ജാതി സമൂഹങ്ങള്‍, പലപ്പോഴും ആര്‍എസ്എസ് അടക്കം, വംശീയ പ്രസ്ഥാനങ്ങളോടു മൃദുസമീപനം സ്വീകരിക്കുന്നവരാണ്. ഈ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടുന്നവര്‍ പറയുന്ന ഒരു കാര്യമുണ്ട്, ഇൻഡ്യയിൽ ആർഎസ്എസ് നേതൃത്വം നൽകുന്ന നാസി വംശീയ പ്രസ്ഥാനം മുസ്‌ലിംകളെ ദേശീയതയിൽ നിന്നു മാറ്റിനിർത്തുന്നതിൻ്റെയും അതുവഴി പൗരത്വത്തിൽ നിന്ന് പുറത്താക്കുന്നതിന്റെയും രാഷ്ട്രീയം ആഗോള വംശീയ വ്യവസ്ഥയുടെ ഭാഗമാണ്.

ദലിത്-ബഹുജൻ വിഭാഗങ്ങളെ ആഭ്യന്തര അപരരാക്കിയും, മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ ബാഹ്യ അപരരാക്കിയുമാണ് സംഘപരിവാരം മുന്നോട്ടുപോകുന്നത്. പൗരത്വ നിഷേധത്തിന്റെ സാഹചര്യത്തിൽ, മുസ്‌ലിംകളുടെ രാഷ്ട്രീയ അവകാശങ്ങളില്ലാതാക്കിക്കൊണ്ടും, അങ്ങനെ അവരുടെ മനുഷ്യപദവി തന്നെ നിരാകരിച്ചുകൊണ്ടുമുള്ള വംശീയ ഉന്മൂലന പ്രത്യയശാസ്ത്രത്തിന്റെ തുടർച്ചയാണ് ആര്‍എസ്എസ് എന്നത് അനേകം സംവാദങ്ങൾ തെളിയിച്ചതാണ്. മാത്രമല്ല ആര്‍എസ്എസിന്റെ വംശീയ വീക്ഷണത്തിന്റെ ആഗോളമാനങ്ങൾ പരിശോധിക്കുമ്പോൾ, അതിന് ഇസ്‌ലാമോഫോബിയയുടെ ലോകബോധവുമായും ആഗോള വംശീയതയുമായുമുള്ള ബന്ധം പ്രകടവുമാണ്.

ഉണ്മാപരമായിത്തന്നെ, അവകാശങ്ങളുളള മനുഷ്യരും അവകാശങ്ങളില്ലാത്ത മനുഷ്യരും എന്ന നിലയിൽ ജനങ്ങളെ തരംതിരിച്ചുകൊണ്ടു വികസിച്ച സാമൂഹ്യ/രാഷ്ട്രീയ/സാമ്പത്തിക/വൈജ്ഞാനിക/ലിംഗ/മൂലധന/വ്യവസ്ഥയാണ് വംശീയത. ‘ഫ്രാൻസ് ഫാനൺ’ അടക്കമുള്ള രാഷ്ട്രീയ ചിന്തകർ ഈ നിർവചനമാണ് വികസിപ്പിച്ചത്. പിന്നീട് ‘സിൽവിയ വിന്റെർ’ അടക്കമുള്ള കരീബിയൻ ബ്ലാക്ക്-ഫെമിനിസ്റ്റ് ചിന്തകർ ഈ കാഴ്ച്ചപ്പാടിന് ഫെമിനിസ്റ്റ് ഉള്ളടക്കമുള്ള സമകാലിക വായന നൽകി. ‘എന്റികെ ഡ്യുസലിന്റെ’ പഠനങ്ങളിലൂടെ ലാറ്റിനമേരിക്കൻ ചിന്തയിലും, മറ്റനേകം കൈവഴികളിലൂടെ യൂറോപ്പിലെയും അമേരിക്കയിലെയും ആഫ്രിക്കയിലെയും വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങൾ വംശീയതയെക്കുറിച്ചുള്ള ‘ഫാനോണിയൻ’ വായനയുടെ വികാസത്തെക്കുറിച്ച് സംവാദത്തിലേർപ്പെട്ടു. 

‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ അടക്കമുള്ള, ലോകത്തെങ്ങുമുള്ള കറുത്തവരുടെ പ്രസ്ഥാനങ്ങൾ ഫലസ്തീനടക്കമുള്ള പ്രശ്‌നങ്ങളും അമേരിക്കയിലെ കറുത്തവംശജരുടെ പ്രശ്‌നങ്ങളും ദലിത്-ബഹുജൻ പ്രശ്നങ്ങളും നിരവധി ഉപദേശീയതാ പ്രശ്നങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ സമാനതകൾ സ്വയം തിരിച്ചറിയുന്നത് പുതിയൊരു രാഷ്ട്രീയ ഭാവിയെ അടയാളപ്പെടുത്തുന്നു. വംശീയത ഇന്നത്തെ ആഗോളക്രമത്തെ നിർണയിക്കുന്ന ലോകവ്യവസ്ഥയായും ഈ മുന്നേറ്റങ്ങൾ തിരിച്ചറിയുന്നുണ്ട്. വംശീയതയാണ് ‘വംശം’ എന്ന ആധുനിക അധികാരത്തെ നിർമിക്കുന്നത്. വംശങ്ങൾ മുൻകൂർ ഉണ്ടാവുന്നതല്ല. വംശത്തെ നിർമിച്ചും ശ്രേണീബദ്ധമായി നിരന്തരം നിർമിച്ചും പുനക്രമീകരിച്ചുമാണ് വംശീയ വ്യവസ്ഥ വികസിക്കുന്നത്. ഉദാഹരണമായി, യൂറോപ്പിൽ ഒരുകാലത്ത് ജൂതർക്കുണ്ടായ വംശീയവൽകരിക്കപ്പെട്ട മതവിവേചന സ്ഥാനം ഇന്ന് ‘മുസ്‌ലിം’ എന്ന സൂചകത്തെ പ്രതി മാറിയിരിക്കുന്നു. 

മറ്റൊരു തരത്തിൽ പറഞ്ഞാൽ, വംശീയതയുടെ പ്രശ്‌നം തൊലിനിറത്തിന്റെ തലത്തിൽ ഒതുങ്ങുന്ന കേവല വിവേചനമല്ല. മറിച്ച് അത് മതത്തിന്റെയും മൂലധനത്തിന്റെയും സാമൂഹിക കാഴ്ച്ചപ്പാടുകളുടെയും പ്രദേശങ്ങളുടെയും ജാതികളുടെയും ദേശീയതകളുടെയും ലിംഗഘടനകളുടെയും ലോകവ്യവസ്ഥയുടെയും പ്രപഞ്ചവീക്ഷണത്തിന്റെയും തലത്തിലുള്ള വിവേചനത്തിനെയും തരംതിരിവിനെയും ശ്രേണിബദ്ധതയെയും ബഹിഷ്കരണത്തെയും കുറിക്കുന്ന കാഴ്ചപ്പാടാണ്. ഇതു തീർച്ചയായും കഴിഞ്ഞ അഞ്ഞൂറു വർഷമായി വികസിച്ച യൂറോപ്യൻ കോളോണിയലിസത്തിന്റെയും, അതിലൂടെ വികസിച്ച വംശീയമായ യൂറോ-കേന്ദ്രീകൃത ആധുനികതയുടെ ലോകബോധത്തിന്റെയും കൂടി പ്രശ്‌നമാണ്. 

ഇന്നത്തെ ലോകവ്യവസ്ഥയെ നിയന്ത്രിക്കുന്ന പ്രധാന സംഘാടനാതത്വം വംശീയതയാണ്. ഉദാഹരണമായി, മുസ്‌ലിംകളുടെ മതത്തെ ലോകത്തെ ഏറ്റവും മോശമായ മതവീക്ഷണമായി കാണുകയും, അതിലൂടെ എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും ഉൻമൂലനത്തിനും അവർ അർഹരാണ് എന്ന തരത്തിലുള്ള വംശീയമായ കാഴ്ച്ചപ്പാടാണ് ഇസ്‌ലാമോഫോബിയ. അതു കേവലാർഥത്തിലുള്ള മതവിവേചനമല്ല. വംശീയമായി നിർണയിക്കപ്പെട്ട മതവിവേചനമാണ് ഇസ്‌ലാമോഫോബിയ. അതുപോലെ തന്നെ അനേകം വൈവിധ്യമാർന്ന ജനസമൂഹങ്ങളുടെ നിറത്തെയും ശാരീരിക പ്രകൃതിയെയും ലൈംഗിക തെരഞ്ഞെടുപ്പിനെയും സാമൂഹിക വീക്ഷണത്തെയും സാമ്പത്തിക ക്രമത്തെയുമെല്ലാം മുൻനിർത്തിക്കൊണ്ട് നടക്കുന്ന വിവേചന/ബഹിഷ്കരണ/ഉന്മൂലന വ്യവസ്ഥയാണ്‌ വംശീയത.

 വംശീയ ലോകവ്യവസ്ഥ യുറോപ്പിലെ വെളുത്ത പുരുഷനെ മനുഷ്യന്റെ കേന്ദ്രമാക്കുകയും ഇതര ജനതകളുടെ ജീവിതങ്ങളെ നിശ്ചയിക്കാനുള്ള മാനദണ്ഡമാക്കുകയും ചെയ്യുന്നു. യുറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലും അതു പലപ്പോഴും കുടിയേറ്റ സമൂഹങ്ങളെയും ജൂതർ-റോമ-ജിപ്സി അടക്കമുള്ള ആഭ്യന്തര സമൂഹങ്ങളെ കീഴ്പ്പെടുത്തുകയും കോളനിയാക്കുകയും ചെയ്തു. മാത്രമല്ല, യുറോ-അമേരിക്കന്‍ ലോകക്രമത്തിനു പുറത്ത് വിവിധ അധീശ ദേശീയ സമുദായങ്ങളെ ആഭ്യന്തര സഖ്യകക്ഷിയാക്കിക്കൊണ്ട് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ തരംതാഴ്ത്തുന്ന ലോകവ്യവസ്ഥ കൂടിയാണ്‌ വംശീയത. 

ഇൻഡ്യയിലെ സവർണ സമുദായങ്ങൾ ദേശീയ സമൂഹത്തിൽ മാത്രമല്ല ആഗോള വ്യവസ്ഥയിൽ തന്നെ വെള്ള വംശീയ വ്യവസ്ഥയോടു സങ്കീർണമായി കണ്ണിചേർന്നു. അതിലൂടെ സവർണജാതികളെ ആഗോള വംശീയവ്യവസ്ഥയുടെ ഭാഗമാക്കി ഉറപ്പിച്ചു. ഇൻഡ്യയിലെ ദലിത് പ്രക്ഷോഭങ്ങൾ അമേരിക്കയിലേതടക്കമുള ‘ബ്ലാക്ക് പവർ പ്രസ്ഥാനങ്ങളോടു കണ്ണിചേരുന്നതിന്റെ കാരണവും ഇതാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് അമേരിക്കയിലെ കറുത്തവര്‍ നടത്തുന്ന പോരാട്ടം ലോകപ്രസക്തമാകുന്നത്. അവരുടെ പോരാട്ടം ഇന്നത്തെ ആഗോള വംശീയക്രമത്തിന്റെ ഭൂകേന്ദ്രത്തില്‍ നടക്കുന്നുവന്നതും സമരത്തെ ലോകസംഭവമാക്കുന്നുണ്ട്. 

ഇൻഡ്യയിൽ മുസ്‌ലിംകളെ പൗരത്വത്തിൽ നിന്നു പുറത്താക്കുന്നതിലൂടെ രാഷ്ട്രീയ അവകാശം നേടാനുള്ള അർഹതയില്ലാതാക്കുകയാണ് ചെയ്യുന്നത്. ആ അർഥത്തിൽ നോക്കുകയാണെങ്കിൽ ഒരു ആധുനിക വംശീയപ്രക്രിയയാണെന്ന് പൗരത്വ നിഷേധം.

അമേരിക്കൻ ഐക്യനാടുകളിൽ കറുത്തവർ എങ്ങനെയാണ് അവരുടെ സാമൂഹ്യവീക്ഷണത്തിന്റെയും നിറത്തിന്റെയും സാമൂഹ്യപദവിയുടെയും അധികാരത്തിന്റെയുമൊക്കെ തലത്തിൽ നിന്നു പുറന്തള്ളപ്പെട്ടതെന്ന് പഠിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ദേശരാഷ്ട്ര വ്യവസ്ഥ നിർണയിക്കുന്ന ആധുനിക രാഷ്ട്രീയത്തില്‍ അവകാശരാഹിത്യത്തിനുള്ള സ്വാധീനമാണ് ഇതു സൂചിപിക്കുന്നത്. അവകാശമില്ലാത്ത മനുഷ്യന്‍ ആദ്യം പൗരനല്ലാതായി മാറുന്നു. പൗരനല്ലാതായാല്‍ മനുഷ്യപദവി തന്നെ ഇല്ലാതാവുന്നു. അതിലൂടെ എന്തു ഹിംസക്കും ബഹിഷ്കരണത്തിനും വംശഹത്യക്കും, അവകാശമില്ലാത്ത ഈ ജനസമൂഹത്തെ വിധേയമാക്കാം എന്ന കാഴ്ചപ്പാട് വികസിക്കുന്നു. ഒരൊറ്റ ജനത, ഒരൊറ്റ ദേശം എന്ന ഹിംസാത്മകമായ ദേശീയബോധം ഇതിന്റെ അകമ്പടിയായി നിലനിൽക്കുന്നു. വിപുലമായ പൗരാവാകാശ പ്രസ്ഥാനങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ വെളുത്ത ദേശീയതക്കെതിരായി വികസിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്‌. ഇത് ഇൻഡ്യൻ സാഹചര്യത്തിൽ നിരന്തരം ആവർത്തിക്കുന്നതു നമുക്ക് പരിശോധിക്കേണ്ടതുണ്ട്. ദലിത്-ബഹുജൻ പ്രസ്ഥാനങ്ങൾ സംവരണമടക്കമുള്ള പ്രശ്നങ്ങളെ പൗരാവകാശത്തിന്റെ വിപുലീകരണമായിക്കൂടിയാണ് കാണുന്നത്. 

ഇൻഡ്യൻ സാഹചര്യത്തിൽ ആർഎസ്എസ് ജാതിവ്യവസ്ഥയെ പുനഃസ്ഥാപിക്കാനും, ദേശീയമായ ഹിന്ദു സ്വാഭിമാനത്തിന്റെ അടിസ്ഥാനത്തിൽ ഭാരതം എന്ന ഒരു ദേശീയസ്ഥലത്തെ ഭാവന ചെയ്യാനുമാണു ശ്രമിക്കുന്നത്. ആര്യൻ വംശീയ മേധാവിത്വത്തിലധിഷ്ഠിതമായ യൂറോപ്യൻ തത്വചിന്തയുമായി ഇതിന് അടിസ്ഥാനപരമായി ബന്ധമുണ്ട്. ആർഎസ്എസിന്റെ സൈദ്ധാന്തികാരായ വി. ഡി സവർക്കറും, എംഎസ് ഗോൾവാൾക്കറും അടക്കമുള്ളവർ ആര്യൻ വംശീയമേധാവിത്വത്തിന്റെ തുടർച്ചയിൽ തന്നെയാണ് ഇൻഡ്യയിലെ ഈ സവർണാധിപത്യ വംശീയ പ്രസ്ഥാനത്തെ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഹിറ്റ്ലര്‍ ആര്‍എസ്എസിന് എന്തുകൊണ്ടാണ് മാതൃകയാവുന്നത്? ഹിറ്റ്‌ലറുടെ ആര്യൻ വംശീയവാദം എന്നുപറയുന്നത് യൂറോപ്യൻ വംശീയതയുടെ ഏറ്റവും ഹിംസാത്മകമായ ആന്തരിക പ്രകാശനമായിരുന്നുവെന്ന് ‘അയ്മെ സെസയർ’ നിരീക്ഷിക്കുന്നുണ്ട്. യൂറോപ്യൻ കൊളോണിയലിസം വംശീയ ലോകവ്യവസ്ഥയുടെ ബാഹ്യപ്രകാശനമായിരുന്നുവെങ്കിൽ, ആര്യൻ വംശീയവാദം യൂറോപ്യൻ കൊളോണിയലിസത്തിന്റെ ആന്തരിക പ്രകാശനമായിരുന്നു. അതിനോടു കണ്ണിച്ചേരുന്ന ആർഎസ്എസ് മുസ്‌ലിംകളെ ഒരു പ്രത്യേകതരം അധമ ജനവിഭാഗമായി പുറന്തള്ളുന്നത് ഒരേസമയം ജാതിവ്യവസ്ഥക്കെതിരായ ആന്തരിക വെല്ലുവിളിയെ ഇല്ലാതാക്കുക എന്നതോടൊപ്പം, ആഗോള വംശീയവ്യവസ്ഥയിൽ ഇസ്‌ലാം എന്ന മതത്തിന്റെ അധമസ്ഥാനത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു നിലപാട് കൂടിയാണ്. ജാതിക്കു പുറത്തേക്കുള ദലിത്-ബഹുജനങ്ങളുടെ രാഷ്ട്രീയ ചലനത്തെക്കൂടി ഇതു ഉന്നമിടുന്നു. 

ഇൻഡ്യയിലെ ആർഎസ്എസിന്റെ ഇടപെടൽ ഒരു ആഗോള വംശീയ പ്രശ്നം കൂടിയാണ്. അതുകൊണ്ടാണ് ഈയടുത്ത് ഗൾഫ് രാഷ്ട്രങ്ങളിലെ പൗരന്മാർക്കെതിരെ സൈബറിടങ്ങളിൽ ഇൻഡ്യയിലെ സംഘ്പരിവാർ പ്രവർത്തകർ നടത്തിയ വംശീയത മുറ്റിയ പരാമർശങ്ങൾ, ആഗോളതലത്തിൽ ആർഎസ്എസുകാർ നടത്തുന്ന ഇസ്‌ലാമോഫോബിയയുടെ പ്രതിഫലനവും ഉപോൽപ്പന്നവുമായി ലോകവ്യാപകമായി മനസ്സിലാക്കപ്പെട്ടത്. 

‘ബ്ലാക് ലൈവ്‌സ് മാറ്റർ’ അടക്കമുള്ള പ്രസ്ഥാനങ്ങൾ ഉന്നയിക്കുന്ന അമേരിക്കൻ വംശീയാധിപത്യത്തിനെതിരായ സമരവും, ഇൻഡ്യയിൽ ഇന്ന് പൗരത്വ പ്രശ്‌നത്തിലൂടെ മുസ്‌ലിം ബഹിഷ്‌കരണത്തിനും ഉന്മൂലനത്തിനെതിരെയും നടക്കുന്ന സമരങ്ങളും, ദലിത്-ബഹുജൻ രാഷ്ട്രീയത്തിന്റെ വിവിധ ധാരകളും നിരവധി അധീശ ദേശീയതാ വിമർശന സമരങ്ങളും ഈ അർഥത്തില്‍ ഘടനാപരമായി തന്നെ കണ്ണിചേരുന്നു. ആഗോള വംശീയതക്കും ഇസ്‌ലാമോഫോബിയക്കുമെതിരായ പോരാട്ടങ്ങളുടെ തലത്തിൽ ഈ പ്രക്ഷോഭങ്ങൾക്ക് ഇൻഡ്യൻ സാഹചര്യത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. ഇത് കേവലാർഥത്തിലുള്ള ചില വിവേചനത്തെക്കുറിച്ചോ ബഹിഷ്കരണത്തെക്കുറിച്ചോ ഉള്ള ആവലാതിയല്ല. മറിച്ച്, ഘടനാപരമായിതന്നെ വംശീയത എങ്ങനെയാണ് മനുഷ്യപദവിയുടെയുടെ സാധുത നിർണയിക്കുന്നത് എന്ന തിരിച്ചറിവാണ്. മതം/ജാതി/നിറം/ലിംഗപദവി/സാമൂഹിക പദവി/സാമ്പത്തിക ഘടന/ദേശീയ സമൂഹം തുടങ്ങിയ വ്യവസ്ഥകളുമായി ഈ അർഥത്തിൽ ഇന്നത്തെ വ്യത്യസ്ത ആഗോള സമരങ്ങൾക്കു ബന്ധമുണ്ട് എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. കൊളോണിയൽ വംശീയ ലോകഘടനയെ അഴിച്ചുപണിയുന്ന സമരമായി ഈ വ്യത്യസ്ത മുന്നേറ്റങ്ങളെയും രാഷ്ട്രീയ പ്രശ്നങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്.

  • Angela Y Davis. 2016. Freedom Is a Constant Struggle: Ferguson, Palestine, and the Foundations of a Movement. Haymarket Books.
  • Hugo Gorringe. 2017. Panthers in Parliament: Dalits, Caste, and Political Power in South India. Oxford University Press.
  • Katherine McKittrick. 2015. Sylvia Wynter: On Being Human as Praxis. Duke University Press.
  • Lewis R Gordon. 2015. What Fanon Said: A Philosophical Introduction to His Life and Thought. C Hurst & Co Publishers.
  • Moustafa Bayoumi. 2006. “Racing Religion,” CR: The New Centennial Review 6(2): 267-93.
  • Nelson Maldonado-Torres. 2008.
    Against War: Views from the Underside of Modernity. Duke University Press.
Top