ജസ്റ്റിസ് സയ്യിദ് മഹ്മൂദ്: കൊളോണിയൽ നീതി വ്യവസ്ഥയിലെ വിമത സ്വരം

1857 കലാപ സമയത്ത് ഇന്നത്തെ ഉത്തർപ്രദേശിലെ ബിജ്നൂറിലെ സിവിൽ കോടതിയിൽ ഗുമസ്തനായിരുന്നു സർ സയ്യിദ്. പിന്നീട്  പൈതൃകവും അസ്ഥിത്വവും കൺമുന്നിൽ ശിഥിലമാവുന്നത് കണ്ട് ഗതിയറിയാതെ സ്തംഭിച്ചു നിന്നിരുന്ന ഉത്തരേന്ത്യൻ മുസ്‌ലിംകളിലേക്ക് മാറ്റത്തിന്‍റെ പ്രബോധനവുമായി അദ്ദേഹം കടന്നുവന്നു. 1863ൽ വിക്ടോറിയ കോളേജിനും സയന്‍റിഫിക് സൊസൈറ്റിക്കും തുടക്കമിട്ട് സയ്യിദ് തന്റെ ശ്രമങ്ങളാരംഭിച്ചു. ഗ്രേസ് മുബഷിർ എഴുതുന്നു.

ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയിൽ ഒരിക്കലും വിസ്മരിക്കാൻ പറ്റാത്ത ജീവിതം, വിദ്യാഭ്യാസ ഉന്നതിക്കു വേണ്ടി സർ സയ്യിദിന്‍റെ സംരംഭങ്ങൾക്ക് ദിശാബോധം നൽകിയ മകൻ, അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിക്കു വേണ്ടി സമയവും സമ്പത്തും ഉദാരമായി പകുത്തു നൽകിയ ധിഷണശാലി, ഇവയെല്ലാമായിരുന്നു ജസ്റ്റിസ് സയ്യിദ് മഹ്മൂദ്.

1850ലാണ് ഡൽഹിയിൽ സർ സയ്യിദ് അഹ്മദ് ഖാൻ-പർസ ബീഗം ദമ്പതികളുടെ രണ്ടാമത്തെ മകനായി സയ്യിദ് മഹ്മൂദ് ജനിക്കുന്നത്. 1857ലെ കലാപവും, തുടർന്ന് നടന്ന മുസ്‌ലിം നരമേധവും നേരിട്ടനുഭവിച്ച ഭയാനതകളുടെ അനുഭവം ജീവിതാവസാനം വരെ സയ്യിദ് മഹ്മൂദിന് ഇൻഡ്യൻ മുസ്‌ലിംകളുടെ ഭാവി ആസൂത്രണം ചെയ്യാനുള്ള ആർജവം നൽകി. ഒരു തലമുറ മാറ്റത്തിന്റെ ഗതി ആദ്യം കണ്ടറിഞ്ഞ്, മുഗൾ ഭരണം ഉറപ്പു നൽകിയ ജോലി നിരസിച്ച്, പുതിയ ഇൻഡ്യയുടെ യജമാനന്മാരായ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഒപ്പം നിന്ന സർ സയ്യിദിന്‍റെ കനൽപാത തന്നെയാണ് മകനും തിരഞ്ഞെടുത്തത്. പ്രാഥമിക വിദ്യാഭ്യത്തിന് ശേഷം, സാമ്പ്രദായിക പഠനരീതിയിൽ നിന്ന് രാജിവെച്ച് 1868ൽ സയ്യിദ് മഹ്മൂദ് ബനാറസിലെ ക്വീൻസ് കോളേജിൽ ചേർന്നു.

അതേ വർഷം മെട്രിക്കുലേഷൻ പരീക്ഷ പാസായ സയ്യിദ് മഹ്മൂദ് അക്കൊല്ലം ഇൻഡ്യയിലെ വരേണ്യ വിഭാഗത്തിലെ മക്കൾക്ക് ബ്രിട്ടീഷ് ഗവണ്മെന്‍റ് നൽകിയിരുന്ന സ്ക്കോളർഷിപ്പിന് അർഹനായി. പുതിയ മാറ്റങ്ങളെ ഗ്രഹിക്കാൻ കഴിയാതെ ടൈം ലൂപ്പിൽ അകപ്പെട്ട മുസ്‌ലിംകളെ വിദ്യാഭ്യാസത്തിലൂടെ ആധുനികതയിലേക്ക് നയിക്കാൻ സർ സയ്യിദിന്‍റെ ചിന്തകൾക്ക് യാഗശാലയാവുകയായിരുന്നു മകന്‍റെ ജീവിതം.

ജസ്റ്റിസ് സയ്യിദ് മഹ്മൂദ്

1869ലാണ് സയ്യിദ് മഹ്മൂദിനൊപ്പം സർ സയ്യിദ് ഇൻഡ്യയുടെ ഭാഗധേയം നിർണയിച്ച ഇംഗ്ലണ്ട് യാത്ര പോയത്. മകനെ കേംബ്രിഡ്ജിൽ ചേർക്കാനായിരുന്നു യാത്രയെങ്കിലും, പടിഞ്ഞാറിന്‍റെ വിദ്യാഭ്യാസ രീതികളെ സർ സയ്യിദ് പരിചയപ്പെടുന്നത് ഈ യാത്രയിലാണ്. ലണ്ടനില്‍ വെച്ച് വില്യം മൂറിന്‍റെ മുഹമ്മദിന്‍റെ ജീവിതം (Life Of Muhammed) എന്ന പുസ്തകത്തിന് സർ സയ്യിദിന്‍റെ മറുപടി പുസ്തകത്തിന് ഗവേഷണ സഹായിയായതും സയ്യിദ് മഹ്മൂദായിരുന്നു.

1870ൽ കേംബ്രിഡ്ജിന് കീഴിലുള്ള ക്രൈസ്റ്റ് കോളേജിൽ ഉപരി പഠനത്തിനായി സയ്യിദ് മഹ്മൂദ് ചേർന്നു. ചാൾസ് ഡിക്കൻസിനെ കേട്ടും, ആനന്ദ മോഹൻ ബോസിനോടൊപ്പം ചേർന്നും, ഇൻഡ്യക്കാർക്ക് തുല്യ പൗരത്വത്തിനായി ശബ്ദിച്ചും സയ്യിദ് മഹ്മൂദ് നിയമപഠനത്തിൽ സജീവമായി. പക്ഷേ പിതാവിന്‍റെ സ്വപ്നം മറ്റൊന്നായിരുന്നു. വ്യക്തിഗത നേട്ടങ്ങൾ സമ്പാദിച്ച് തന്‍റെ ഔദ്യോഗിക ജീവിതം ആഡംബരമാക്കാനായിരുന്നില്ല സർ സയ്യിദ്, സയ്യിദ് മഹ്മൂദിനെ  വിദേശ പഠനത്തിനയച്ചത്. സര്‍ സയ്യിദിന്‍റെ ജീവചരിത്രക്കാരൻ ഡേവിഡ് ലേലെവൽഡിന്‍റെ (David Lelyveld) അഭിപ്രായത്തിൽ പിതാവിന്‍റെ നിർബന്ധം മൂലമാണ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സയ്യിദ് മഹ്മൂദ് 26 നവംബർ 1872ന് ഇൻഡ്യയിൽ തിരിച്ചെത്തുന്നത്. അതിനകം തന്നെ 10 മെയ്‌ 1869ൽ ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ലിങ്കൻസ് ഇന്നിൽ (Lincolns Inn) ബാരിസ്റ്ററായി അദ്ദേഹം ചേർന്നിരുന്നു. നാട്ടിൽ തിരിച്ചെത്തിയ സയ്യിദ് മഹ്മൂദ് 1872ൽ അലഹബാദ് ഹൈകോടതിയിൽ ബാരിസ്റ്ററായി ചേർന്നു.

അലീഗഡിൽ പിതാവിനൊപ്പം കർമഭൂമിയിൽ

1857 കലാപ സമയത്ത് ഇന്നത്തെ ഉത്തർപ്രദേശിലെ ബിജ്നൂറിലെ സിവിൽ കോടതിയിൽ small causes court) ഗുമസ്തനായിരുന്നു സർ സയ്യിദ്. പിന്നീട്  പൈതൃകവും അസ്ഥിത്വവും കൺമുന്നിൽ ശിഥിലമാവുന്നത് കണ്ട് ഗതിയറിയാതെ സ്തംഭിച്ചു നിന്നിരുന്ന ഉത്തരേന്ത്യൻ മുസ്‌ലിംകളിലേക്ക് മാറ്റത്തിന്‍റെ പ്രബോധനവുമായി അദ്ദേഹം കടന്നുവന്നു. 1863ൽ വിക്ടോറിയ കോളേജിനും സയന്‍റിഫിക് സൊസൈറ്റിക്കും (scientific society) തുടക്കമിട്ട് സർ സയ്യിദ് തന്റെ ശ്രമങ്ങളാരംഭിച്ചു. 1875ലാണ് സർ സയ്യിദിന്‍റെ കാർമികത്വത്തിൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്‍റല്‍ കോളേജിന് തുടക്കമാവുന്നത്. ചരിത്രകാരൻ സർ ഹാമിൽട്ടൻ ഗിബ്ബിന്‍റെ അഭിപ്രായത്തിൽ മുസ്‌ലിം ലോകത്തിലെ ആദ്യത്തെ ആധുനിക വിദ്യാഭ്യാസ സ്ഥാപനമാണ് മുഹമ്മദൻ ഓറിയന്‍റൽ കോളേജ്.

പിതാവിന്റെ കർമനിരതമായ കൈകൾക്ക് ധിഷണാത്രാണി നൽകിയത് സയ്യിദ് മഹ്മൂദിന്‍റെ അനുഭവവും ദീർഘദൃഷ്ടിയുമായിരുന്നു. 1882ൽ ഇൻഡ്യയിലെ വിദ്യാഭ്യാസ അവസ്ഥ പഠിക്കാനെത്തിയ ഹണ്ടർ (Hunter Commission) കമ്മീഷനു മുമ്പിൽ “മുസ്‌ലിം വിശ്വാസികളായ, രക്തത്തിൽ ഇൻഡ്യക്കാരനായ, അഭിപ്രായത്തിൽ ഇംഗ്ലീഷുകാരായിട്ടുള്ള ഒരുപറ്റം ആളുകളെ വാർത്തെടുക്കാനാണ് മുഹമ്മദൻ ആംഗ്ലോ ഓറിയന്‍റൽ കോളേജെന്ന്” സർ സയ്യിദിനെ പറയിപ്പിച്ചത് സയ്യിദ് മഹ്മൂദാണ്. ഡേവിഡ് ലെവൽഡ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഡേവിഡ് ലെവൽഡ്

സർ സയ്യിദ് ഇംഗ്ലണ്ടിൽ കഴിഞ്ഞ 17 മാസങ്ങളിൽ (1869-1870) പടിഞ്ഞാറിലെ ആധുനിക വിദ്യാഭ്യാസ രീതികളെക്കുറിച്ച് പരിചയപ്പെടുത്തി കൊടുത്തത് സയ്യിദ് മഹ്മൂദ് ആയിരുന്നു. ഇരുപത്തിരണ്ടാം വയസ്സിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്ലാൻ എന്ന കർമപദ്ധതി ഉറുദുവിൽ തയ്യാറാക്കി അലിഗഡ് ഇൻസ്റ്റിറ്റൂട്ട് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ മാതൃകയിൽ, ഇൻഡ്യൻ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന രീതിയിലുള്ള ഒരു ഉന്നത വിദ്യാഭ്യാസ പദ്ധതിയായിരുന്ന ഈ രേഖ.
മുഹമ്മദൻ ആംഗ്ലോ ഓറിയന്‍റൽ കോളേജിന്‍റെ ആരംഭ ചർച്ചകൾ നടന്നത് ഈ പദ്ധതി അനുസരിച്ചാണ്. 26 ഡിസംബർ 1872ൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി സർ സയ്യിദ് രൂപം നൽകിയ ‘തർഖിയെ തഅലിമെ മുസൽമാൻ’ സംഘടനയുടെ ഭരണഘടന എഴുതിയതും സയ്യിദ് മഹ്മൂദായിരുന്നു.

8 ജനുവരി 1877ൽ വൈസ്രോയി ലോർഡ് ലിട്ടൻ ഔദ്യോഗികമായി മുഹമ്മദൻ ആംഗ്ലോ ഓറിയന്‍റൽ കോളേജിന് തറക്കല്ലിട്ടു. ആ പരിപാടിയിലെ പ്രസംഗത്തിൽ സയ്യിദ് മഹ്മൂദ് കോളേജിന്‍റെ ആവശ്യകതയും ലക്ഷ്യവും വ്യക്തമായി പറഞ്ഞു. “മുഹമ്മദൻസിന്റെ (sic) ചരിത്രത്തിൽ ആദ്യമായാണ് സമുദായത്തിന്‍റെ കൂട്ടായ്മയിലൂടെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിടുന്നത്. ചരിത്രത്തിന്റെ ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞ്, ശോഭനമായ ഭാവിയിലേക്കുള്ള സ്വപ്നത്തിന്റെ തുടക്കമാണിവിടെ.”

കോളേജിന്‍റെ എല്ലാ കാര്യങ്ങളിലും സയ്യിദ് മഹ്മൂദിന്‍റെ സൂക്ഷ്മ കണ്ണുകളെത്തിയിരുന്നു. രൂപകൽപ്പനയിലും, സിലബസ് രൂപീകരണത്തിലും, ചർച്ചകൾ നടത്തുന്നതിലും സയ്യിദ് മഹ്മൂദിന്റെ ശ്രമങ്ങളുണ്ടായിരുന്നു. അലഹബാദ് ഹൈക്കോടതിയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും അദ്ദേഹം കോളേജിനു വേണ്ടി സമയം കണ്ടെത്തി. ജഡ്ജിയായി രാജിവച്ചതിനുശേഷം, സയ്യിദ് മഹ്മൂദിന്‍റെ ശ്രദ്ധ പൂർണമായും കോളേജിന്‍റെ പുരോഗതിക്കു വേണ്ടിയായിരുന്നു. 1982ൽ ലീവെടുത്ത്, ഇംഗ്ലണ്ടിൽ പോയി അന്വേഷിച്ചു കണ്ടെത്തി നിയമിച്ചതാണ് പിന്നീട് അലിഗഡിന്‍റെ ചരിത്രത്തിൽ ഭീഷ്മപിതാവായി മാറിയ പ്രിൻസിപ്പൽ തിയോഡർ ബെക്ക് (Theodre Beck).

മനുഷ്യത്വത്തെ നീതിന്യായ വ്യവസ്ഥയിൽ പ്രതിഷ്ഠിച്ച ന്യായാധിപൻ

1857ലെ കലാപാനന്തരം നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായാണ് 1861ൽ ഹൈക്കോടതി ആക്ട് വരുന്നത്. കൽക്കട്ട, മദ്രാസ്, ബോംബെ പ്രസിഡൻസികളിൽ ബ്രിട്ടീഷ് പാർലമെന്‍റ് നിയമപ്രകാരം ഹൈക്കോടതികൾ നിലവിൽ വന്നു. 1866ൽ അലഹബാദ് ഹൈക്കോടതി സ്ഥാപിതമായി. 1872ൽ യൂറോപ്യനല്ലാത്ത ഏക ബാരിസ്റ്ററായി സയ്യിദ് മഹ്മൂദ് അലഹബാദ് ഹൈക്കോടതി ബാറിൽ ചേർന്നു.

1876ൽ ഇരുപത്തിയാറാം വയസ്സിൽ ഇൻഡ്യൻ തെളിവ് നിയമം (Indian Evidence Act, 1872) ഉറുദുവിലേക്ക് സയ്യിദ് മഹ്മൂദ് വിവർത്തനം ചെയ്തു. 1879ൽ ജില്ലാ ജഡ്ജിയായി അദ്ദേഹം സിവിൽ സർവീസിൽ പ്രവേശിച്ചു. വൈസ്രോയി ലിട്ടന്‍റെ പ്രത്യേക താൽപര്യ പ്രകാരമായിരുന്നു ഈ നിയമനം. പുരോഗമന കൊളോണിയലിസത്തെ (Liberal Imperialism) പിന്തുണച്ചതിനുള്ള പ്രത്യുപകാരമായാണ് ഈ നിയമനം വായിക്കപ്പെടുന്നത്. 1881ൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഹൈദരാബാദ് പ്രധാനമന്ത്രി സാലാർ ജങ്ങിന്‍റെ ഉപദേശക പദവി ഏറ്റെടുത്തു.

ലാൽ രാംപാൽ സിങ്ങ് കേസ് (Lal Rampal Sing Case) 1883ൽ റായ്സറേലിയിൽ തിരിച്ചെത്തിയ സയ്യിദ് മഹ്മൂദിന്‍റെ ജീവിതത്തിൽ വഴിത്തിരിവായി. തിരിച്ചടവിൽ കൃത്യവിലോപം കാട്ടിയാൽ പണയം നൽകിയ വ്യക്തിക്ക്, പണയ വസ്തുവിന്മേലുള്ള അധികാരത്തെ കുറിച്ചായിരുന്നു കേസ്.

കൊളോണിയൽ നീതി വ്യവസ്ഥയിലെ പരമോന്നത അപ്പീൽ കോടതി പ്രിവി കൗൺസിൽ, സയ്യിദ് മഹ്മൂദിന്‍റെ വിധി ശരിവെച്ചു. സയ്യിദ് മഹമൂദിന്‍റെ വിധിയിൽ നിന്ന് പദാനുപദം ഉദ്ധരിച്ച കൗൺസിൽ, അദ്ദേഹത്തിന്റെ നിയമപാടവത്തെ അഭിനന്ദിക്കുകയും ചെയ്തു. പ്രിവി കൗൺസിൽ അംഗങ്ങൾ ജില്ലാ കോടതിയിൽ നിന്ന് ഹൈകോടതിയിലേക്ക് സയ്യിദ് മഹ്മൂദിനെ നിർദ്ദേശിച്ചു. വൈസ്രോയി ലോർഡ് റിപ്പണ്‍ നിർദ്ദേശത്തെ അംഗീകരിച്ചതോടെ കാര്യങ്ങൾ സുഗമമായി.1882 ൽ താൽക്കാലിക ജഡ്ജിയായി (Adhoc Judge) സയ്യിദ് മഹ്മൂദിന് സ്ഥാനക്കയറ്റം ലഭിച്ചു. 1887ൽ സ്ഥിര നിയമനമാവുന്നത് വരെ മൂന്ന് തവണ താൽക്കാലിക ജഡ്ജിയായി അദ്ദേഹം നിയമിക്കപ്പെട്ടു. 1887ൽ മെയ് ഒമ്പതിന് സ്ഥിര നിയമനം ലഭിച്ചതോടെ ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയിൽ മഹ്മൂദ് ചരിത്രം രചിച്ചു. ബ്രിട്ടീഷ് ഇൻഡ്യയിൽ ഹൈക്കോടതി ജഡ്ജിയായി നിയമനം ലഭിച്ച ആദ്യ മുസ്‌ലിമായിരുന്നു സയ്യിദ് മഹ്മൂദ്. അലഹബാദ് ഹൈക്കോടതിയിലെ ആദ്യ ഇൻഡ്യൻ ജഡ്ജിയും അദ്ദേഹമാണ്. ഇൻഡ്യൻ ഉപഭൂഖണ്ഡത്തിന്‍റെ ഇതുവരെയുള്ള ചരിത്രത്തിൽ, ഏറ്റവും പ്രായം കുറഞ്ഞ ഹൈകോടതി ജഡ്ജിയും സയ്യിദ് മഹ്മൂദാണ്. അക്കാലത്തെ കൊളോണിയൽ നീതിവ്യവസ്ഥയിൽ ഒരു ഇൻഡ്യക്കാരന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു ഈ നിയമനം.

വംശീയത നിറഞ്ഞ ജോലി അന്തരീക്ഷത്തിലും, നിയമത്തിന്‍റെ അക്ഷരങ്ങളെക്കാൾ നീതിക്കും മനുഷ്യാവകാശങ്ങൾക്കും പ്രാമുഖ്യം കൊടുത്ത്, ധീരമായ ഇടപെടലുകളുമായി, സയ്യിദ് മഹ്മൂദ് 1893ൽ ബ്രിട്ടീഷ് ചീഫ് ജസ്റ്റിസുമായി അഭിപ്രായവ്യത്യാസം മൂലം രാജിവെക്കുന്നത് വരെ തുടർന്നു. ബ്രിട്ടീഷ് രാജ്ഞി ഫോപി (Queen Empress V. Phopi) കേസിൽ ബ്രിട്ടീഷ് ക്രിമിനൽ നിയമത്തിന്‍റെ സാധ്യത ചോദ്യം ചെയ്ത സയ്യിദ് മഹമൂദിന്‍റെ വിധി വളരെ പ്രധാനപ്പെട്ടതാണ്. 1891ലെ ക്രിമിനൽ നിയമത്തിലെ 423 വകുപ്പ് പ്രകാരം, ഒരു കുറ്റവാളിക്ക് നേരിട്ട് അല്ലെങ്കിൽ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാവാൻ സാധിച്ചില്ലെങ്കിലും, കേസ് വിസ്തരിക്കുന്ന ജഡ്ജി പ്രതിയുടെ രേഖകൾ പരിശോധിച്ചാൽ തന്നെ ‘ഹിയറിങ്’ ആയി പരിഗണിക്കപ്പെടുമെന്നായിരുന്നു ഭൂരിഭാഗ  വിധി. ഇതിനെതിരെ സയ്യിദ് മഹമൂദ് എകാംഗ വിസമ്മതം രേഖപ്പെടുത്തി. തന്‍റെ വിസമ്മതവിധിയിൽ അദ്ദേഹം പ്രസ്താവിച്ചു: “പ്രതിയോ അഭിഭാഷകനും നേരിട്ട് ഹാജരാകാത്തപക്ഷം ജഡ്ജിയുടെ രേഖ പരിശോധന “ഹിയറിങ്ങ്” ആയി പരിഗണിക്കാവുന്നതല്ല.” ഈ വിധി ഉദ്ധരിച്ച് പൊതു താൽപ്പര്യ ഹരജിയുടെ ഇൻഡ്യൻ പിതാവായി ആദരിക്കപ്പെടുന്ന ജസ്റ്റിസ് കൃഷ്ണയ്യർ രേഖപ്പെടുത്തി: “നീതി കൊളോണിയൽ താൽപ്പര്യങ്ങളുടെ ദാസിയായിരുന്ന കാലത്ത്, മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള ആദ്യ വിസമ്മതം ആയിരുന്നു ഈ വിധി. നിയമത്തിന്‍റെ കുരുക്കുകളിൽ നീതിയെ ബലിയർപ്പിക്കുന്നതിന് പകരം, മനുഷ്യത്വത്തെ നിയമവ്യവസ്ഥയുടെ ആധാരകേന്ദ്രമാക്കുകയായിരുന്നു ഈ വിധിയിലൂടെ അദ്ദേഹം.”

അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട 383 വിധിന്യായങ്ങൾ, ഇൻഡ്യൻ ലോ റിപ്പോർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. ക്വീൻ എംബ്രസ് – ബാബുലാൽ (Queen Empress V Babulal) കേസിലെ സയ്യിദ് മഹ്മൂദിന്‍റെ വിസമ്മതവിധി ഇപ്പോഴും പ്രസക്തമാണ്. 1872ലെ ഇൻഡ്യൻ എവിഡൻസ് ആക്ട് പ്രകാരം “കുറ്റസമ്മത വിചാരണ” (confession procedure) അവ്യക്തമായിരുന്നു. ഈ വിധിയിൽ പീഡനത്തിലൂടെ നേടിയെടുക്കുന്ന കുറ്റസമ്മതം സയ്യിദ് മഹ്മൂദ് അസാധുവാക്കി. കസ്റ്റഡിയിലുള്ള പ്രതിയുടെ കുറ്റസമ്മതം അംഗീകരിക്കപ്പെടാൻ ജുഡീഷ്യൽ അംഗങ്ങളുടെ സാന്നിധ്യം ഉണ്ടാവണമെന്ന നിബന്ധനയും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ധീരമായ ഇടപെടൽ കൊണ്ടാണ് ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയിൽ മറക്കാൻ പറ്റാത്ത വ്യക്തിത്വമായി സയ്യിദ് മഹ്മൂദ് മാറിയത്. ‘Discordant Notes’ എന്ന പുസ്തകത്തിൽ മുൻ സുപ്രീംകോടതി ജസ്റ്റിസ് ആയിരുന്നു റോഹിന്‍റൻ നരിമാൻ വിസമ്മത വിധിയുടെ ഇൻഡ്യയിലെ ആദ്യത്തെ പ്രയോക്താവായി സയ്യിദ് മഹ്മൂദിനെ ആദരിച്ചിട്ടുള്ളത്.

സയ്യിദ് മഹ്മൂദിന്റെ മുസ്‌ലിം നിയമത്തിലുള്ള വൈദഗ്ദ്യം ഗഹനമായിരുന്നു. മുസ്‌ലിം വ്യക്തി നിയമം ക്രമേണ രൂപം കൊള്ളുന്നതിനിടയിലുള്ള  സമസ്യകളെ അദ്ദേഹം സമഗ്രമായി നേരിട്ടു. മുസ്‌ലിം നിയമങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഹിദായത്തുള്ള അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു. “കൊളോണിയൽ കാലത്ത് പുതുതായി വളർന്നുകൊണ്ടിരുന്ന മുസ്‌ലിം നിയമശാസ്ത്രത്തിന് ദിശാബോധം നൽകിയ അദ്ദേഹം, ക്ലാസിക്കൽ ഫിഖിഹിനെയും ബ്രിട്ടീഷ് കോമൺ ലോയെയും ഒരേ ചരടിൽ ഒന്നിപ്പിക്കാൻ ശ്രമിച്ചു. ഫതാവ ആലംഗീരിയയിൽ നിന്നും, ഹിദായയിൽ നിന്നും, റോമൻ ലോയിൽ നിന്നും ഉദ്ധരിച്ച് ആധുനിക മുസ്‌ലിം നിയമശാസ്ത്രത്തിന് കൃത്യമായ രൂപം അദ്ദേഹം നൽകി.

ആമിർ മുഹമ്മദ് -ജഫ്രി ബീഗം (Amir Muhammed V. Jifro Begum) കേസിലെ അദ്ദേഹത്തിന്റെ വിധി, ഹനഫി ഫിഖ്ഹിലെ അനന്തരാവകാശ വിതരണ നിയമത്തിൽ കാതലായ പരിഷ്കരണം നടത്തി. കടബാധ്യതനായി ഒരു മുസ്‌ലിം മരിച്ചാൽ, കടബാധ്യത അവസാനിപ്പിച്ചതിനു ശേഷമുള്ള സ്വത്തിലായിരുന്നു അനന്തരാകാശികൾക്കുള്ള അർഹത. ഹിന്ദു കൂട്ടുകുടുംബ നിയമത്തിലെ ഈ തത്വമായിരുന്നു മുസ്‌ലിംകൾക്കും ബാധകമായിരുന്നത്. തന്‍റെ വിധിയിലൂടെ സയ്യിദ് മഹ്മൂദ് ഈ നിയമം മാറ്റി എഴുതി. മരണശേഷം, കടബാധ്യത പരിഗണിക്കാതെ സ്വത്ത് വീതിക്കുകയും, വീതിച്ചു കിട്ടിയ ഓഹരിക്ക് അനുസരിച്ച് അനന്തരാവകാശ അർഹർ കടം വീട്ടണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിധി. മുസ്‌ലിം അനന്തരാവകാശ വിതരണം മുഹമ്മദൻ ലോ നിയമപ്രകാരം മാത്രമേ നടത്താൻ പാടുള്ളൂ എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.
ഗോബിന്ദ് ദയാൽ ഇനായതുള്ള (Gobind Dayal V. Inayatullah) കേസിലെ അദ്ദേഹത്തിന്റെ വിധി കൊളോണിയൽ ഇൻഡ്യയിലെ വ്യക്തി നിയമത്തിന് കൂടുതൽ വ്യക്തത നൽകി. ഒരു സ്ഥലത്ത് “എ,” “ബി” എന്ന രണ്ടു വ്യക്തികൾക്ക് ഭൂമിയുണ്ടെങ്കിൽ പരസ്പര സമ്മതമില്ലാതെ “സി”ക്ക് “എ” സ്ഥലം വിറ്റാൽ “ബി”യുടെ അധികാരമെന്തായിരിക്കുമെന്ന “ശുഫ” (pre-emption) കേസിലായിരുന്നു വിധി. മുസ്‌ലിം നിയമം അമുസ്‌ലിംകൾക്ക് ബാധകമാണോ എന്ന കൊളോണിയൽ ഇൻഡ്യയിലെ സംശയത്തിനും അദ്ദേഹം വ്യാഖ്യാനം നൽകി. അദ്ദേഹം വിധിച്ചു: “കാലങ്ങളായി മുസ്‌ലിം നിയമമായിരുന്നു പൊതു നിയമം. (Common law). പൊതു നിയമം എല്ലാവർക്കും ബാധകമാണ്. പ്രാദേശിക ആചാരങ്ങളുടെ ഭാഗമായാണ് അമുസ്‌ലിംകൾ പൊതുനിയമത്തെ കണ്ടിരുന്നത്. പുതിയ മാറിയ സാഹചര്യത്തിൽ, ബ്രിട്ടീഷ് നിയമങ്ങൾ പൊതു നിയമമായതിനാൽ രണ്ട് മുസ്‌ലിം വ്യക്തികൾക്കിടയിലല്ലാതെ മുസ്‌ലിം നിയമം ബാധകമല്ല.”

2017ൽ മുത്വലാഖ് പരിഗണിച്ച ശായറ ബാനു (Shayara Bano V. Government of India) കേസിൽ മുസ്‌ലിംകളും വ്യക്തിനിയമവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാൻ സുപ്രീംകോടതി ജഡ്ജി റോഹിന്‍റൻ നരിമാൻ ആധാരമാക്കിയത് സയ്യിദ് മഹ്മൂദിന്‍റെ ഈ വിധിയാണ്.

ജംഗു-അഹമ്മദുള്ള (Jangu and Others V. Ahmed Ullah and Others) കേസിലെ അദ്ദേഹത്തിന്‍റെ വിധി രസകരവും അദ്ദേഹത്തിന് മുസ്‌ലിം നിയമത്തിലുള്ള അവഗാഹവും വ്യക്തമാക്കുന്നു. നിശബ്ദമായി നിസ്കാരത്തിൽ ആമീൻ പറയുന്ന ഹനഫി ആളുകൾക്കിടയിൽ മദ്ഹബ് പിന്തുടരാത്ത മുസ്‌ലിമിന് ഉറക്കെ ആമീൻ പറയാനുള്ള അവകാശത്തെ കുറിച്ചായിരുന്നു കേസ്. വിധി ന്യായത്തിൽ പള്ളി പൊതുസ്ഥലമാണെന്നും എല്ലാവർക്കും ആരാധന സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളിയുടെ ഉടമസ്ഥാവകാശം അല്ലാഹുവിനാണെന്നും അദ്ദേഹം വിധിയിൽ വ്യക്തമാക്കി.

അബ്ദുൽ ഖാദിർ-സലീമ (Abdul Kadir V. Salima) കേസിലെ വിധി ഇന്നും കോടതികൾ ഉദ്ധരിക്കാറുണ്ട്. മുസ്ലിം കല്യാണ നിയമത്തെ കുറിച്ചാണ് പ്രസ്തുത കേസ്. മുസ്‌ലിം കല്യാണവുമായി ബന്ധപ്പെട്ട ആചാരങ്ങൾ, ഭർത്താവിന്‍റെ മഹറിന്‍റെ ഉത്തരവാദിത്വം, ഭാര്യയുടെയും ഭർത്താവിന്റെയും വൈവാഹിക അവകാശങ്ങൾ തുടങ്ങിയവ വ്യക്തമായി വിശദീകരിക്കപ്പെട്ടു ഈ വിധിയിലൂടെ. മുസ്‌ലിം വിവാഹം ഹിന്ദുമതത്തിലുള്ളത് പോലെ വേർപെടുത്താൻ പറ്റാത്ത ദിവ്യബന്ധമല്ലെന്നും, മറിച്ച് കരാർ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി (Muslim marriage is not a sacrament but a contract). ക്ലാസിക്കൽ ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കി മുസ്‌ലിം വിവാഹം സിവിൽ കരാർ മാത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു. മഹർ സ്ത്രീയുടെ അവകാശമാണ്, വിവാഹാനന്തരം സ്ത്രീ ഭർത്താവിന്റെ സ്വത്തല്ല മറിച്ച് എളുപ്പത്തിൽ അവസാനിപ്പിക്കാവുന്ന ഒരു ബന്ധത്തിലെ ഉഭയകക്ഷി മാത്രമാണ് ഭാര്യ. തുടങ്ങിയവയായിരുന്നു വിധിയിലെ മറ്റു പ്രധാനപ്പെട്ട ഭാഗങ്ങൾ.

മസ്ഹർ അലി ബുധ് സിങ് (Mazhar Ali V. Budh Sing Case) കേസിൽ സയ്യിദ് മഹമൂദ് ഇൻഡ്യൻ എവിഡൻസ് നിയമവും മുസ്‌ലിം വ്യക്തി നിയമവും തമ്മിലുള്ള നിയമസംഘർഷത്തെ പരിഹരിച്ചു. 1871ലെ ബംഗാൾ സിവിൽ കോടതി ആക്ട്
(Bengal Civil Court Act) പ്രകാരം മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കും അനന്തരവകാശം, പിന്തുടർച്ച, കല്യാണം, ജാതി അനുബന്ധ വിഷയങ്ങളിൽ വ്യക്തി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. മറ്റു സിവിൽ കാര്യങ്ങളെല്ലാം പൊതു നിയമത്തിന്റെ (British common law) പരിധിയിൽ തന്നെ നിലനിർത്തി. ഇൻഡ്യൻ എവിഡൻസ് ആക്ട് പ്രകാരം 7 വർഷം ബന്ധമില്ലാത്ത വ്യക്തിയെ കാണാതായിട്ട് പരിഗണിക്കപ്പെടും. ഹനഫി ഫിഖ്ഹ് പ്രകാരം 99 വർഷം ഭർത്താവിനെ കാണാതായാലാണ് പ്രമുഖ അഭിപ്രായപ്രകാരം വിവാഹമോചനം നടത്താൻ സാധിക്കുക. ഇത്തരമൊരു വിഷയത്തിൽ, 7 വർഷം ബന്ധമില്ലാത്ത, കാണാനില്ലാത്ത ഭർത്താവിനെ കാണാതായിട്ട് പ്രഖ്യാപിക്കാൻ ഭാര്യക്ക് സാധിക്കുമോ എന്നതായിരുന്നു പ്രശ്നത്തിന്റെ കാതൽ. കാണാതാവല്‍ 1871 സിവിൽ കോർട്ട് ആക്റ്റിന്‍റെ അടിസ്ഥാനത്തിൽ മുസ്‌ലിം കർമശാസ്ത്രമനുസരിച്ച് വിധിക്കേണ്ടതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിധി. ഹനഫി ഫിഖ്ഹിന്‍റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നായ ഇസ്തിസ്ഹാബിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ വിധി.

മറ്റനേകം വിധികളിലും, കൊളോണിയൽ അധികാരികളെ സുഖിപ്പിക്കാതെ, ന്യായത്തിന്‍റെ, നീതിയുടെ പക്ഷത്തായിരുന്നു സയ്യിദ് മഹ്മൂദിന്‍റെ നിയമം. അദ്ദേഹത്തിന്റെ വിധികൾ ലോകത്തിലെ പല കോടതികളും ആധാരമാക്കിയിട്ടുണ്ട്. കെനിയ, മലേഷ്യ, സിംഗപ്പൂർ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ ചില ഉദാഹരണങ്ങൾ മാത്രം.

നീതിക്കുവേണ്ടിയുള്ള ധീരമായ വിമത സ്വരങ്ങളുടെ അവസാനം ദുഃഖകരമായിരുന്നു. നിയമനം കിട്ടി അധികം വൈകാതെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സർ ജോൺ എഡ്ജുമായുള്ള (Sir John Edge) ഭിന്നതയും അകൽച്ചയും വർദ്ധിച്ചു. തന്‍റെ വിധികൾക്കെതിരെ ഭിന്ന സ്വരമുയർത്തിയ ഇൻഡ്യക്കാരനായ സയ്യിദ് മഹ്മൂദിനെ അദ്ദേഹത്തിന് സഹിച്ചില്ല. ഉപജാപങ്ങൾക്കൊടുവിൽ  8 സെപ്റ്റംബർ 1893ന് സയ്യിദ് മഹ്മൂദ് നീതി വ്യവസ്ഥയി നിന്നും രാജിവച്ചു. ബ്രിട്ടീഷുകാരന്‍റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് നിയമത്തെ വളച്ചൊടിക്കാൻ തയ്യാറാകാതിരുന്ന മകനെയോർത്ത് പിതാവ് സർ സയ്യിദ് അഹമ്മദ് ഖാൻ അഭിമാനം കൊണ്ടു. ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിയിൽ കലാശിച്ചതെങ്കിലും, അതിനകം നാശമായി മാറിയ മദ്യപാനവും ഇതിന് ഹേതുവായിരുന്നു. സമർത്ഥനായ ന്യായാധിപന്‍റെ പതനത്തിന്‍റെ പിന്നിൽ മദ്യത്തിന്‍റെ ലഹരി കൂടിയുണ്ടായിരുന്നു.

ന്യായാധിപനിൽ നിന്ന് നിയമസമാജികനിലേക്ക്

രാജിക്ക് ശേഷം അലിഗഡിന്‍റെ പ്രവർത്തനങ്ങളിൽ സയ്യിദ് മഹ്മൂദ് വീണ്ടും വ്യാപൃതനായി. 1866ൽ വിദ്യാഭ്യാസ പുരോഗതി ചർച്ച ചെയ്യുവാനായി സർ സയ്യിദ് രൂപീകരിച്ച ` ഓൾ ഇൻഡ്യ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫറൻസിലും´(All India Muhammaden Educational Conference) സജീവമായി. സംഘടനയുടെ അഭ്യർത്ഥന പ്രകാരം 1893, 1894 വർഷങ്ങളിൽ സമകാലിക മുസ്‌ലിം വിദ്യാഭ്യാസത്തെ കുറിച്ച് ഗവേഷണം നടത്തി റിപ്പോർട്ട് അവതരിപ്പിച്ചു. ഇൻഡ്യയിലെ മുസ്‌ലിം വിദ്യാഭ്യാസത്തിന്റെ വർത്തമാനം (A History of English Education in India: Rise, Development, Progress And Present Condition Of English Education In India With Special Reference To The Muhammadans) എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു.

ഹണ്ടർ കമ്മീഷൻ റിപ്പോർട്ട്, വ്യത്യസ്ത ഗവൺമെന്റ് രേഖകൾ, പത്രക്കുറിപ്പുകൾ, തുടങ്ങിയവയിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് സയ്യിദ് മഹ്മൂദ് തയ്യാറാക്കിയത്. ഇന്ത്യൻ മുസ്‌ലിം വിദ്യാഭ്യാസ ചരിത്രത്തിന്റെ  ഒരാമുഖമായി ഇതിനെ പരിഗണിക്കാം. ഉർദുവിൽ അദ്ദേഹം രചിച്ച മറ്റു രണ്ടു പുസ്തകങ്ങളാണ് കിതാബ് ത്വലാഖ്, കിതാബ് ശുഫ (Book of Pre-emption) എന്നിവ.

1896ൽ അഭിഭാഷകനായി സയ്യിദ് മഹമൂദ് ലക്നൗ കോടതിയിൽ തിരിച്ചെത്തി. അതേ വർഷം ജനുവരിയിൽ ഔധ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. നിയമസഭയിൽ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ രേഖകൾ ഇന്ന് ലഭ്യമല്ല.

പിതാവിനോടൊപ്പം താൻ സ്വപ്നം കണ്ട അലിഗഡിലായിരുന്നു ശിഷ്ടകാലം പ്രധാനമായും അദ്ദേഹം ചിലവഴിച്ചത്. പിതാവിന്‍റെ മരണശേഷം മുഹമ്മദൻ ഓറിയന്‍റൽ കോളേജിന്‍റെ സെക്രട്ടറിയായി അദ്ദേഹം നിയമിക്കപ്പെട്ടു. പക്ഷേ അമിതമായ മദ്യപാനവും അതുമൂലമുള്ള മനോഭാവവും പ്രശ്നങ്ങളുണ്ടാക്കി. 1899 സെക്രട്ടറി പദവിയിൽ നിന്നും മാറ്റി, പ്രസിഡന്‍റായി അദ്ദേഹത്തെ നിയമിച്ചു. അടുത്തവർഷം ആ പദവിയിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു. വിസിറ്റർ എന്ന ആലങ്കാരിക പദവിയിലായിരുന്നു അദ്ദേഹം മരണ സമയത്ത്.

8 മെയ് 1903ൽ അമ്പത്തി മൂന്നാമത്തെ വയസ്സിൽ അദ്ദേഹം മരണപ്പെട്ടു. പിതാവിന്‍റെ ചാരത്ത് അലിഗഡിലെ മഹമൂദ്  മൻസിലിലാണ് അദ്ദേഹം പാരത്രിക വിശ്രമം കൊള്ളുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് വിദ്യാഭ്യാസ മേഖലയിലും നീതിന്യായ വ്യവസ്ഥയിലും ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ് സയ്യിദ് മഹമൂദ്. നീതിയെ യജമാനനായി അവരോധിച്ച്, ബ്രിട്ടീഷുകാരുടെ നിയമവ്യവസ്ഥയുടെ കാപട്യങ്ങൾക്കെതിരെ നിരന്തരം വിമത സ്വരമുയർത്തിയ ജഡ്ജിയായിരുന്നു അദ്ദേഹം. ഒപ്പം അലിഗഡിന്റെ ബൗദ്ധിക ശക്തിയും.

ഗ്രേസ് മുബഷിർ- ജാമിഅ മില്ലിയ ഇസ്‌ലാമിയയിൽ റിസേർച്ച് സ്കോളർ. ആധുനിക ഇസ്‌ലാമിന്റെ രൂപീകരണത്തിലും, കൊളോണിയൽ കാലത്ത് ഇസ്‌ലാമിക നിയമത്തിന്റെ പരിവർത്തനത്തിലുമുള്ള ഇൻഡ്യയുടെ സാമ്രാജ്യത്വ പങ്കിനെക്കുറിച്ച് പഠനം നടത്തുന്നു.

Top