മുഖ്യവൈരുദ്ധ്യം
വിചാരണയില്ലാത്ത കഠിനതടവും കൊടിയ പീഡനവും വധശിക്ഷകളും ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും ആദിവാസികള്‍ക്കും മറ്റ് സമത്വവാദികള്‍ക്കും വിധിച്ച് നടപ്പാക്കുന്ന ഒരു തുറന്ന ജയിലായി ഇൻഡ്യന്‍ സമൂഹവും ഭരണകൂട-രാഷ്ട്രീയ സംവിധാനവും മാറിയ കാലത്ത് അടഞ്ഞ ജയിലില്‍ കിടന്ന് വാസുവേട്ടൻ നമ്മളോട് പറയാതെ പറയുന്നതെന്താണ്? നമ്മളെല്ലാവരും പലതരത്തില്‍ തുറന്ന ജയിലിന്‍റെ നടത്തിപ്പുകാരോ തടവുകാരോ ആണെന്ന യാഥാര്‍ത്ഥ്യമാണോ? അതോ മതിലുകളില്ലാത്ത തുറന്ന ജയിലുകള്‍ എങ്ങനെ തകര്‍ക്കുമെന്ന വിഷമപ്രശ്നമായിരിക്കുമോ? അരുൺ അശോകൻ എഴുതുന്നു.
മയക്കം വെടിഞ്ഞ് കണ്ടക്ടർ പുറത്തേക്കു നോക്കി. പിന്നെ തലതിരിച്ച് തനിക്കു മുൻപില്‍ ഞാന്നുകിടന്ന കയറില്‍ പിടിച്ചുതൂങ്ങി. പൊറ്റമ്മല്‍ ഇറങ്ങണമെന്ന ഞങ്ങളുടെ ആവശ്യം കയറുകയറുകയായിരുന്നു. കയറില്‍ തൊടുത്ത ബെല്ലിന്‍റെ ശബ്ദം കേട്ട് ഡ്രൈവര്‍ ബ്രേക്കില്‍ ചവിട്ടിനിര്‍ത്തി. റോഡില്‍ ഉരഞ്ഞുനിന്ന ടയര്‍ ഞങ്ങളെ ഇറങ്ങാന്‍ അനുവദിച്ചു.
ബത്തേരിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് ഞങ്ങള്‍ വന്നത്. കവിയും കുതുകിയുമായ അലോഷിയുമുണ്ട് കൂടെ. സഹപാഠിയാണ്. ബത്തേരിയില്‍ ഒരുമിച്ച് പി.ജിക്ക് പഠിക്കുന്നു. ഗീതാനന്ദനെ കാണണം. ഗ്രോ വാസുവേട്ടന്‍ താമസിക്കുന്ന സ്ഥലത്ത് കണ്ടുമുട്ടാം എന്നാണ് പറഞ്ഞിട്ടുള്ളത്. ഞാന്‍ എഡിറ്ററായ കോളേജ് മാഗസിനിലേക്ക് ഭൂമിയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു അഭിമുഖം തയ്യാറാക്കണം. മാഗസിനിലേക്കായി സി.കെ. ജാനുവിന്‍റെയും കെ.കെ. കൊച്ചിന്‍റെയും കെ.കെ. ബാബുരാജിന്‍റെയും സണ്ണി എം. കപിക്കാടിന്‍റെയും മറ്റും എഴുത്തും സംസാരവും തയ്യാറായിക്കഴിഞ്ഞിരുന്നു.
മുത്തങ്ങ വെടിവെപ്പിനെ തുടര്‍ന്നുള്ള നിയമവ്യവഹാരങ്ങളില്‍ കുരുങ്ങി നട്ടംതിരിയുകയാണ് ഗീതന്‍. ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. വാസുവേട്ടന്‍റെ താമസസ്ഥലം കണ്ടുപിടിക്കണം. രാത്രി സമയം ഒമ്പതു മണിയോടടുത്തിട്ടുണ്ടാവണം. ഇരുട്ടില്‍ നേരിയ വെളിച്ചം നിഴലടിക്കുന്നുണ്ട്. വെളിച്ചത്തിന്‍റെ നിഴല്‍. ഇരുട്ടിന്‍റെ വെളിച്ചം. നിരത്തില്‍ ആളുകള്‍ അധികമില്ല. കണ്ടുമുട്ടിയ ആരോടോ ചോദിച്ചു. മെയിന്‍ റോഡില്‍ നിന്ന് തെന്നിമാറി ഇടത്തോട്ടുപോവുന്ന റോഡിലേക്ക് അയാള്‍ കൈച്ചൂണ്ടി. അപരിചിതന്‍റെ ചൂണ്ടുവിരല്‍ പിന്തുടര്‍ന്ന് ഞങ്ങള്‍ സ്ഥലം കണ്ടുപിടിച്ചു. കെട്ടിടത്തില്‍ നിന്ന് റോഡില്‍ പതിഞ്ഞ ജനല്‍ വെളിച്ചത്തില്‍നിന്ന് ഒരു പൂച്ച ഞങ്ങളെ തിരിഞ്ഞുനോക്കി.
മുകളിലേക്ക് കോണികയറണം. വാസുവേട്ടന്‍ ഈ പീടികമുകളിലാണ് താമസം. കുട ഉണ്ടാക്കി വില്‍ക്കുന്ന അദ്ദേഹത്തിന്‍റെ പീടിക താഴെ എവിടെയോ ആണ്. കോണിപ്പടികള്‍ ഞങ്ങളുടെ ചെങ്കുത്തായ ചവിട്ടിനെ താങ്ങി മുകളിലേക്ക് കയറ്റിവിട്ടു. കതകില്‍ മുട്ടിയപ്പോള്‍ വാതില്‍ തുറന്ന് ഒരാള്‍ പ്രത്യക്ഷപ്പെട്ടു. മീശ പിരിച്ചിട്ടുണ്ട്. അയാളുടെ ചിരിയില്‍ മീശയുടെ കൊമ്പൊടിഞ്ഞ് താണ് ചങ്ങാത്തം അലയടിച്ചു. പേര് ചോദിച്ചു, അകത്തേക്ക് വരാന്‍ പറഞ്ഞു. ഞങ്ങള്‍ കയറിയിരുന്നു.
വാസുവേട്ടന്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഞങ്ങള്‍ ലക്ഷ്യം വ്യക്തമാക്കി. ഗീതന്‍ പത്തുമണിക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട്. വാസുവേട്ടന്‍ ഞങ്ങള്‍ക്ക് വെള്ളമെടുക്കാന്‍ അകത്തേക്കുപോയി. അത്യാവശ്യം ഭക്ഷണം പാചകം ചെയ്യാനുള്ള ചുറ്റുപാടുണ്ട് അകത്ത്. ഇരുകാലികളായ ഞങ്ങള്‍ നാല്‍കാലിയില്‍ ചാരിയിരുന്ന് മുകളിലോട്ട് കണ്ണുകള്‍ ഉയര്‍ത്തി. ചുമരില്‍ തൂങ്ങിക്കിടന്ന് മാക്സും മാവോയും ജോതിബാഫൂലെയും ബാബാസാഹിബ് അംബേഡ്കറും ബുദ്ധനും മറ്റും ഞങ്ങളെ തിരിച്ച് നോക്കുന്നുണ്ടായിരുന്നു. ധാരാളം ഫോട്ടോകളുണ്ട് ചുമരില്‍. വാസുവേട്ടന്‍റെ സംഘടനാ പ്രവര്‍ത്തനത്തിന്‍റെ ഓരോ ചരിത്രഘട്ടങ്ങളെയും അടയാളപ്പെടുത്തുന്നവ.
ഉറ്റ ചങ്ങാതി സഖാവ് വര്‍ഗീസിന്‍റെ ഫോട്ടോയും ഉണ്ട്. അയ്യന്‍കാളിയും ഭഗത് സിങ്ങും ഫൂലന്‍ദേവിയുമായിരുന്നു മറ്റു ചിലര്‍. വാസുവേട്ടന്‍ കുടിക്കാനുള്ള വെള്ളവുമായി തിരിച്ചെത്തിയിരുന്നു. ഞങ്ങളോട് ഭക്ഷണം കഴിച്ചോ എന്ന് തിരക്കി. അതിനിടയില്‍ ചുമരിലെ ചിത്രങ്ങളോരോന്നിനോടും വാസുവേട്ടനുള്ള ബന്ധം ഞങ്ങള്‍ ആരാഞ്ഞു. വാസുവേട്ടന്‍ പറഞ്ഞുതുടങ്ങി. മാര്‍ക്സിസ്റ്റുകാരനായ അദ്ദേഹം മാവോയെ വായിക്കുന്നതിലൂടെയാണ് രാഷ്ട്രീയത്തിന്‍റെ ഗതി മാറുന്നത്. ഓരോ രാജ്യത്തെയും മുഖ്യവൈരുദ്ധ്യത്തെ തിരിച്ചറിഞ്ഞുവേണം വിമോചനപദ്ധതി എന്നതായിരുന്നു മാവോയുടെ ലൈന്‍.
വാസുവേട്ടന്‍ അതിനായി വായനയും അന്വേഷണവും നടത്തി. ജാതിജന്മിത്വമാണ് ഇൻഡ്യയിലെ മുഖ്യവൈരുദ്ധ്യമെന്ന വീക്ഷണത്തിലെത്തിച്ചേര്‍ന്നു. സഖാവ് വര്‍ഗീസും ജന്മിത്വമാണ് മുഖ്യവൈരുദ്ധ്യമെന്ന പക്ഷക്കാരനായിരുന്നു. വര്‍ഗീസും മറ്റു സമാനചിന്താഗതിക്കാരായ സഖാക്കളുമൊന്നിച്ച് പ്രവര്‍ത്തിക്കുന്നതിലേക്ക് നയിച്ചത് ഈ കാഴ്ചപ്പാടായിരുന്നു. ഇതിന്‍റെ ഫലമാണ് വയനാട്ടിലെ ജന്മിത്വ-ഹുണ്ടിക മൂലധന ചൂഷണത്തിനെതിരായ തിരുനെല്ലി-തൃശ്ലേരി ഉന്മൂലന പദ്ധതികള്‍. അതിന്‍റെ ശരിതെറ്റുകളെക്കുറിച്ചുള്ള ചില സന്നിഗ്ധതകള്‍ അദ്ദേഹം പങ്കുവെച്ചു.
പിന്നീട് ഫൂലെയെയും അംബേദ്കറെയും ആഴത്തില്‍ വായിക്കുന്നതോടെയാണ് ബ്രാഹ്മണികമായ മൂല്യമണ്ഡലത്തിലൂടെയാണ് ജാതി-ജന്‍മിത്വം പ്രവര്‍ത്തനക്ഷമമാവുന്നതെന്ന് വാസുവേട്ടന്‍ തിരിച്ചറിയുന്നത്. അതിനിടയില്‍ ഒരു പൂച്ചയുടെ കരച്ചില്‍കേട്ട് അദ്ദേഹം അകത്തേക്ക് പോയി. ഞങ്ങള്‍ വീണ്ടും ചുമരുകളിലേക്ക് ദൃഷ്ടിപതിപ്പിച്ചു.
മാര്‍ക്സിനും മാവോക്കും ഫൂലെക്കും അംബേഡ്കര്‍ക്കുമിടയില്‍ വലകെട്ടിക്കൊണ്ടിരുന്ന ഒരു ചിലന്തി പൊടുന്നനെ വലപൊട്ടി താഴേക്ക് പതിച്ചു. പക്ഷേ അത് അദൃശ്യമായൊരു നൂലില്‍ തൂങ്ങി വീണ്ടും മുകളിലോട്ട് കയറാന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു.
കാലുകള്‍ എട്ടുണ്ടായിട്ടും കാലുറപ്പിക്കാതെ ഈ ജീവി എന്താണ് ചെയ്യുന്നത്? വലകെട്ടലും വല തകര്‍ക്കലും ജീവിതത്തിന്‍റെ സന്നിഗ്ധപാഠങ്ങളാണെന്ന് കാണിച്ചുതരികയാണോ? പൂച്ചയുടെ കരച്ചില്‍ നേര്‍ത്തുനേര്‍ത്ത് കേള്‍ക്കാതായപ്പോള്‍ വാസുവേട്ടന്‍റെ കാലൊച്ച ഞങ്ങളോടടുത്തു. താഴെ റോഡില്‍ ഒരു ഓട്ടോറിക്ഷ ഹോണ്‍ മുഴക്കി കടന്നുപോയി. പൂച്ചക്ക് ഭക്ഷണം കൊടുക്കാന്‍ പോയതായിരുന്നു വാസുവേട്ടന്‍. പൂച്ചകള്‍ നായകളെപ്പോലെയല്ല. അവക്കു യജമാന ഭക്തിയും വിധേയത്വവും നന്നേ കുറവാണ്. സ്നേഹമുണ്ട് താനും. കസേരയില്‍ കാലുകയറ്റിയിരിക്കും. ചിലപ്പോള്‍ മടിയിലും മുതുകിലും. ഒരുപക്ഷേ അവ അവയുടെ പാട്ടിന് പോയെന്നുംവരും. പിന്നെ എപ്പോഴെങ്കിലുമായിരിക്കും തിരിച്ചുവരിക.
വാസുവേട്ടന് മുൻപുണ്ടായിരുന്ന ഒരു മലയണ്ണാനും ഇതുപോലെയായിരുന്നു. ഒരു സ്വതന്ത്രസഞ്ചാരി, സ്വതന്ത്രരായ അരുമകള്‍. വാസുവേട്ടന്‍ കല്യാണം കഴിച്ചിരുന്നു. വളരെകുറച്ച് ദിവസമേ ഒന്നിച്ച് താമസിച്ചിട്ടുള്ളൂ. ഇരുവരുടെയും ജീവിതവീക്ഷണത്തിലെ വൈരുദ്ധ്യം സ്വതന്ത്രമായ പിരിഞ്ഞുപോക്കിലാണ് കലാശിച്ചത്. ഇത്രയും കേട്ടപ്പോള്‍ വാതില്‍ തുറന്നുകിടന്ന ഒരു തത്തക്കൂട് കാറ്റില്‍ ഇളകിയാടുന്നതായി എനിക്ക് തോന്നി.
മുകളിലേക്ക് കയറിപ്പോയ ചിലന്തി അതേ ഫോട്ടോകള്‍ക്കിടയില്‍തന്നെ വലകെട്ടാന്‍ ശ്രമിച്ച് വീണ്ടും താഴേ വീണു. അപ്പോഴാണ് “ബുദ്ധനോ കാറല്‍മാര്‍ക്സോ” എന്ന അംബേഡ്കറിന്‍റെ പ്രഭാഷണം ഓര്‍മയിലേക്ക് വന്നത്. ബുദ്ധനും കാറല്‍ മാര്‍ക്സും സമത്വം ലക്ഷ്യമാക്കിയവരാണ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന മാര്‍ക്സിന്‍റെ വാദത്തെ ലക്ഷ്യംപോലെ മാര്‍ഗവും ഹിംസാരഹിതമായിരിക്കണമെന്ന ബുദ്ധദര്‍ശനത്തിലൂടെ തിരുത്തുകയാണ് അംബേഡ്കര്‍. വാസുവേട്ടന് മുൻപില്‍ ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി. നീണ്ട മൗനമായിരുന്നു മറുപടി.
അതിനിടയില്‍ ഗീതാനന്ദന്‍ മുറിയിലേക്ക് കയറിവന്നു. സംഭാഷണം വഴിമുറിഞ്ഞ് ഗീതനിലേക്ക് തിരിഞ്ഞു. കേരളത്തിലെ ഭൂമിയുടെ ജാതിരാഷ്ട്രീയത്തെക്കുറിച്ച് ഗീതന്‍ ആദിവാസി ഭൂസമരത്തിന്‍റെ പശ്ചാത്തലത്തില്‍ വിശദീകരിച്ചു. അദ്ദേഹത്തിന് രാവിലെ എറണാകുളം ഹൈക്കോര്‍ട്ടില്‍ എത്തേണ്ടതാണ്. പുലര്‍ച്ചെ കോഴിക്കോട്ടു നിന്നുള്ള എക്സിക്യൂട്ടീവിന് പോവണം. സംഭാഷണം അവസാനിച്ചപ്പോള്‍ അദ്ദേഹം പോയിക്കിടന്നു. വാസുവേട്ടന്‍ അപ്പോഴേക്കും ഉറങ്ങിയിരുന്നു. ഞങ്ങള്‍ നടന്ന് പുതിയ ബസ്റ്റാന്‍റില്‍ ചെന്ന് ചായകുടിച്ച് സിഗരറ്റും വലിച്ച് തിരിച്ച് വാസുവേട്ടന്‍റെ താമസസ്ഥലത്തുവന്ന് പായവിരിച്ച് കിടന്നു.
നേരം പുലര്‍ന്നപ്പോഴേക്ക് ഗീതന്‍ പോയിരുന്നു. വയനാട്ടിലേക്കു പോകാനായി ഞങ്ങളും എഴുന്നേറ്റു. ചായ കുടിച്ചിട്ട് പോവാം എന്നായി വാസുവേട്ടന്‍. താഴെ നന്മ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. പൊറാട്ടയും മുട്ട റോസ്റ്റും ചായയും വാങ്ങിത്തന്നു. ഞങ്ങള്‍ പൈസ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോട്ടല്‍ ഉടമ വാങ്ങിയില്ല. പിരിയുമ്പോള്‍ ഇനിയും കാണണമെന്ന് പറഞ്ഞു. വാസുവേട്ടനെ കണ്ട് സംസാരിക്കാന്‍ പിന്നീടൊരവസരം ഉണ്ടായില്ല.
മടക്കയാത്രയില്‍ അലോഷി വാസുവേട്ടന്‍റെ ജീവചരിത്രമെഴുതേണ്ടതിന്‍റെ രാഷ്ട്രീയ അനിവാര്യതയെക്കുറിച്ച് പറഞ്ഞു. വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞിരിക്കുന്നു. ഈ കൂടിക്കാഴ്ച നടന്നത് രണ്ടായിരത്തി മൂന്നിലോ മറ്റോ ആണ്. പിന്നീട് ഞങ്ങള്‍ തുടര്‍പഠനത്തിനും ഗവേഷണത്തിനുമായി കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും അവിടന്ന് തൊഴിലിനായി വിദേശത്തേക്കും പോയി. ഞാന്‍ ഇടക്ക് കോഴിക്കോട് വീട്ടില്‍ വരുമ്പോള്‍ വാസുവേട്ടനെക്കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. അതിരുകള്‍ മായ്ച്ച് അരികുകളില്‍നിന്ന് അരികുകളിലേക്ക് അദ്ദേഹം രാഷ്ട്രീയഭൂപടം വിപുലീകരിച്ചുകൊണ്ടിരുന്നു.
ജാതിവിരുദ്ധ സമരത്തിലും പാരിസ്ഥിതിക പ്രശ്നത്തിലും ലിംഗനീതിക്കായുള്ള നീക്കത്തിലും കൊലപാതക രാഷ്ട്രീയത്തിനെതിരെയും ഹിന്ദുത്വഭരണകൂടത്തിന്‍റെ മുസ്‌ലിം ഉന്മൂലനത്തിനെതിരെയും വ്യാജ ഏറ്റുമുട്ടല്‍ കൊലക്ക് എതിരെയും അദ്ദേഹം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇൻഡ്യയിലെ മുഖ്യവൈരുദ്ധ്യം ജാതിവ്യവസ്ഥയും അതിന്റെ അടിസ്ഥാനമായ ബ്രാഹ്മണ അര്‍ത്ഥ-പ്രത്യയശാസ്ത്രവുമാണെന്ന് അറിഞ്ഞിരിക്കുന്നു. അതിനെതിരെ ദലിതരും ആദിവാസികളും മുസ്‌ലിംകളുമടങ്ങുന്ന വിപുലമായൊരു ബഹുജനമുന്നണിയെ വിഭാവനം ചെയ്യുന്നു. ഒരുപക്ഷേ അദ്ദേഹം നിര്‍മിക്കുന്ന കുടയുടെ പേര് മുൻപേ തന്നെ ‘മാരിവില്ല്’ എന്ന് മാറ്റിയത് നീലയും പച്ചയും ചുവപ്പും അടങ്ങുന്ന വര്‍ണ്ണാഭമായ ഒരു പുതിയ രാഷ്ട്രീയത്തെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞതിനാലായിരിക്കും.
ഇന്ന് 94കാരനായ വാസുവേട്ടന്‍ ജയിലിൽ നിന്ന് പുറത്തു വന്നിട്ടുണ്ട്. 2016 നവംബര്‍ 24ന് നിലമ്പൂരില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തോട് ജനാധിപത്യപരമായ രീതിയില്‍ പ്രതികരിച്ചതിനാണ് അദ്ദേഹത്തിനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കുറ്റം ചുമത്തിയിട്ടുള്ളത്. വിചാരണകോടതി 10000 രൂപ പിഴ അടച്ച് സ്വന്തം ജാമ്യത്തില്‍ പോകാന്‍ വാസുവേട്ടനോട് പറഞ്ഞു. അപ്പോള്‍ “എട്ടുപേരെ വെടിവെച്ചുകൊന്നവര്‍ക്കെതിരെ കേസില്ല, കുറ്റം ചെയ്യാത്ത ഞാന്‍ എന്തിനാണ് പിഴ അടക്കുന്നത്” എന്നായിരുന്നു മറുപടി.
വിചാരണയില്ലാത്ത കഠിനതടവും കൊടിയ പീഡനവും വധശിക്ഷകളും ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും ആദിവാസികള്‍ക്കും മറ്റ് സമത്വവാദികള്‍ക്കും വിധിച്ച് നടപ്പാക്കുന്ന ഒരു തുറന്ന ജയിലായി ഇൻഡ്യന്‍ സമൂഹവും ഭരണകൂട-രാഷ്ട്രീയ സംവിധാനവും മാറിയ കാലത്ത് അടഞ്ഞ ജയിലില്‍ കിടന്ന് അദ്ദേഹം നമ്മളോട് പറയാതെ പറയുന്നതെന്താണ്? നമ്മളെല്ലാവരും പലതരത്തില്‍ തുറന്ന ജയിലിന്‍റെ നടത്തിപ്പുകാരോ തടവുകാരോ ആണെന്ന യാഥാര്‍ത്ഥ്യമാണോ? അതോ മതിലുകളില്ലാത്ത തുറന്ന ജയിലുകള്‍ എങ്ങനെ തകര്‍ക്കുമെന്ന വിഷമപ്രശ്നമായിരിക്കുമോ?