ഫാനനും അംബേഡ്കറും കണ്ടുമുട്ടുമ്പോള്‍: അപകോളനീകരണ കാലത്തെ ഇൻഡ്യന്‍ വിദ്യാര്‍ഥി രാഷ്ട്രീയം
എഎസ്എ, ബാപ്സ പോലുള്ള പുതിയ കീഴാള പ്രസ്ഥാനങ്ങള്‍ പറയുന്നത് നല്ല ദേശീയതയില്‍ നിന്ന് മോശം ദേശീയതയെ സംരക്ഷിക്കണമന്നല്ല. പുതിയൊരു ജനാധിപത്യ സങ്കല്‍പം തന്നെ ഈ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇൻഡ്യന്‍ ഫാഷിസത്തിന്റെ ജാതി രാഷ്ട്രീയത്തെ ഒട്ടും ഉലക്കാതെ ഫാസിസ്റ്റ് വിമര്‍ശനം നടത്തുന്ന ഇടതു ദേശീയ രാഷ്ട്രീയത്തെക്കൂടിയാണ് ഇൻഡ്യന്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ലക്ഷ്യം വെച്ചത്. കെ.അഷ്റഫ് എഴുതുന്നു.
2015 മാർച്ചിൽ ബ്രിട്ടീഷ് കൊളോണിയൽ മേധാവിയായ സിസിൽ റോഡ്‌സിന്റെ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ സർവകലാശാലയിൽ ആരംഭിച്ച പ്രക്ഷോഭം, കൊളോണിയൽ ജ്ഞാനപദ്ധതികളുടെയും രാഷ്ട്രീയ സംസ്‌കാരത്തിന്റെയും വിമർശനമായിരുന്നു. സിംബാബ്‌വേയിലും സാംബിയയിലും ദക്ഷിണാഫ്രിക്കയിലും തുടങ്ങി, ആഫ്രിക്കയിൽ ഉടനീളമുള്ള ബ്രിട്ടീഷുകാരുടെ കൊളോണിയൽ ആധിപത്യത്തിന്റെ മാസ്റ്റർ ബ്രെയിനായിരുന്നു സിസിൽ റോഡ്‌സ് എന്ന വെളുത്ത പുരുഷൻ. ഈ സമരം പിന്നീട് ബ്രിട്ടനിൽ ഓക്‌സ്‌ഫഡ് സർവകലാശാല വിദ്യാർഥികൾ ഏറ്റെടുത്തതോടെ അതിനു് ആഗോള മാനം കൈവന്നു. ഓക്‌സ്‌ഫഡിലുളള സിസിൽ റോഡ്‌സ് പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് അവിടെ വിദ്യാര്‍ഥികള്‍ സമരം തുടങ്ങുന്നത്. സമരം നടത്തിയ വിദ്യാർഥികളിൽ പലരും ദക്ഷിണാഫ്രിക്കയിൽ നടന്ന വേനൽകാല ഡീകൊളോണിയല്‍ പഠന സംഘങ്ങളിൽ ഉണ്ടായിരുന്നുവെന്നത് ഒട്ടും യാദൃഛികമല്ല. ട്വിറ്റർ, ഫെയ്സ്ബുക്ക് അടക്കമുള്ള ആഗോള മാധ്യമങ്ങൾ, ഈ കണ്ണിചേരലിനെ വലിയ രീതിയിൽ സഹായിച്ചു.
കൊളോണിയൽ വംശീയ രാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തിലുള്ള സംവാദം, ദക്ഷിണാഫ്രിക്കയില്‍ , പുതിയ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും തുടക്കമിട്ടു. സ്മാരകങ്ങളുടെ രാഷ്ട്രീയം സിസിൽ റോഡ്‌സിൽ മാത്രം ഒതുങ്ങിയില്ല. ജോഹന്നാസ്ബർഗിലെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ പൂര്‍ണകായ പ്രതിമ നീക്കം ചെയ്യാൻ ഒരു വിഭാഗം പ്രക്ഷോഭകാരികളായ വിദ്യാർഥികൾ ശ്രമം നടത്തിയിരുന്നു. ജോഹന്നാസ്ബര്‍ഗ് സര്‍വകലാശാലയിലെ അധ്യാപകരായ അശ്വിൻ ദേശായിയുടെയും ഗുലാം വാഹിദിന്റെയും, ഗാന്ധിയുടെ വംശീയ രാഷ്ട്രീയത്തെ വിമർശിക്കുന്ന, South African Gandhi: The Stretcher Bearer of Empire (Princeton University Press, 2014) എന്ന പുസ്തകം പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. ഇൻഡ്യൻ കാമ്പസുകളിലും ബഹുജന്‍ പൊതുമണ്ഡലത്തിലും വികസിക്കുന്ന ഗാന്ധി വിമർശനത്തിന്റെ ആഗോള മാനം ഈ മാറ്റത്തിലുമുണ്ട്.
ദേശീയവാദത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും പേരില്‍ നിലനിറുത്തിയ, ഗാന്ധിയുടെ വരേണ്യ -വംശീയ രാഷ്ട്രീയം ഇപ്പോള്‍ തുറന്നു കാട്ടപ്പെടുന്നുന്നുണ്ട്. ഗാന്ധിയിലൂടെ ഒളിച്ചുകടത്തപ്പെട്ട ‘സ്വദേശി ഹിന്ദു ജാതി വരേണ്യത’ ലോകവ്യാപകമായി തിരിച്ചറിയപ്പെടുന്ന സന്ദർഭത്തിലാണു നാം. മാത്രമല്ല, ഇൻഡ്യയിലെ കീഴാള വിദ്യാർഥി മുന്നേറ്റങ്ങളെ, ആ അർഥത്തിൽ ലോകം ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ട് ഇപ്പോൾ.
എഎസ്എ, ബാപ്സ തുടങ്ങിയ പുതിയ കീഴാള പ്രസ്ഥാനങ്ങള്‍ പറയുന്നത് നല്ല ദേശീയതയില്‍ നിന്നു മോശം ദേശീയതയെ സംരക്ഷിക്കണം എന്നല്ല. പുതിയ ജനാധിപത്യ സങ്കല്‍പം ഈ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇൻഡ്യന്‍ ഫാഷിസത്തിന്റെ ജാതി രാഷ്ട്രീയത്തെ ഒട്ടും ഉലക്കാതെ, ഫാസിസ്റ്റ് വിമര്‍ശനം നടത്തുന്ന ഇടതു ദേശീയ രാഷ്ട്രീയത്തെക്കൂടിയാണ് ഇൻഡ്യന്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ലക്ഷ്യം വെച്ചത്.
എൺപതു ശതമാനം കറുത്ത വംശജരുള്ള രാജ്യമാണു ദക്ഷിണാഫ്രിക്ക. എന്നാൽ നാലിലൊന്നു കറുത്ത വംശജര്‍ മാത്രമേ സർവകലാശാലകളിൽ പഠിക്കുന്നുള്ളൂ. പ്രാതിനിധ്യത്തിന്റെ ഈ പ്രശ്‌നം വളരെക്കാലമായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും അതൊരു ബഹുജന പ്രക്ഷോഭ പാതയിലെത്തിയതു 2015 മുതലാണ്. സർക്കാർ ആറു ശതമാനം ഫീസ് വർധിപ്പിച്ചതോടെ ഫീസ് മസ്റ്റ് ഫോൾ (ഫീസ് നിലം പൊത്തണം) എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ സജീവമായി. മാത്രമല്ല, ഇൻഡ്യയില്‍ സംഭവിച്ചതു പോലെ, കാമ്പസില്‍ എത്തിയ വലിയ വിഭാഗം ആദ്യ തലമുറ കീഴാള വിദ്യാർഥികളുടെ ഇൻഫ്രാ പൊളിറ്റിക്സ് (infra politics) ദക്ഷിണാഫ്രിക്കന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെയും സവിശേഷതയാണ്. 2006-ലെ രണ്ടാം മണ്ഡൽ കമ്മീഷനു ശേഷം, ഇൻഡ്യൻ കാമ്പസുകളില്‍, ആദ്യ തലമുറ കീഴാള വിദ്യാർഥികളുടെ രോഷവും വികാരവും രോഹിത് വെമുലയുടെ ജീവത്യാഗത്തിനു ശേഷമുള്ള സമരത്തില്‍ അണപൊട്ടിയൊഴുകയായിരുന്നു എന്ന നിരീക്ഷണം ശക്തമാണല്ലോ.
അങ്ങനെ റോഡ്‌സ് മസ്റ്റ് ഫോൾ (റോഡ്‌സിന്റെ പ്രതിമ നിലംപൊത്തണം) എന്ന പ്രക്ഷോഭം 2015-ലാണ് ഫീസ് വർധനവിനെതിരായ പ്രസ്ഥാനം എന്ന നിലയിൽ ശക്തിയാർജിച്ചത്. രണ്ടായിരത്തി പതിനഞ്ച് ഒക്ടോബറിൽ റോഡ്‌സ് മസ്റ്റ് ഫോൾ എന്നത് ഫീസ് മസ്റ്റ് ഫോൾ എന്ന പ്രസ്ഥാനമായി മാറി. രണ്ടു പ്രധാന അജണ്ടകള്‍ ഈ പ്രക്ഷോഭത്തിന് ഉണ്ടായിരുന്നു. ഒന്ന്, നിയോ ലിബറൽ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭമായിരുന്നു. രണ്ട്, ഡീകൊളോണിയൽ രാഷ്ട്രീയത്തിനു വേണ്ടിയുള്ള സൈദ്ധാന്തിക സമരങ്ങളെ ഭാവനാപൂർവം വികസിപ്പിക്കുന്നതായിരുന്നു.
ഫീസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ആഗോള മാനവും നാം കണക്കിലെടുക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആഗോള വ്യാപകമായി ലോക ബാങ്ക് നടത്തുന്ന ഘടനാപരമായ പരിഷ്‌കാരങ്ങൾ ഫീസ് വർധനവിലൂടെയാണു വിദ്യാർഥികളെ നേരിട്ടു ബാധിക്കുന്നത്. പഠനം കഴിയുമ്പോൾ ഇതു വിദ്യാർഥികളെ കടക്കെണിയിൽ തളച്ചിടുന്നു. അവരുടെ അധ്വാനശേഷിയും ഭാവി ജീവിതവും വൻകിട ബാങ്കുകൾക്കും വായ്പാ ഏജൻസികൾക്കും അടിമപ്പെടുത്തുന്ന സ്ഥിതി വിശേഷമാണുള്ളത്. ലാറ്റിൻ അമേരിക്കയിൽ, വിശിഷ്യാ ചിലിയില്‍ രണ്ടായിരത്തി പതിനൊന്നു മുതൽ തുടരുന്ന സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രക്ഷോഭവും ഘാനയിലും ഇൻഡ്യയിലും ഈജിപ്തിലും നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും കൂട്ടി വായിച്ചാൽ ഇത് പുതിയൊരു ആഗോള പ്രതിപക്ഷ രാഷ്ട്രീയ ഭൂപടം തന്നെ സാധ്യമാക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കന്‍ വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഭരണകൂടം ആവതു ശ്രമിച്ചെങ്കിലും തൊട്ടടുത്ത വർഷവും പ്രക്ഷോഭം തുടർന്നു. തുടക്കത്തിൽ സ്വതന്ത്ര വിദ്യാർഥി കൂട്ടായ്മകൾ തുടങ്ങിയ സമരങ്ങൾ എഎൻസിയുടെ (ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്) വിദ്യാർഥി സംഘടനായ സാസ്‌കോ (സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്‌സ് കോൺഗ്രസ്) ഏറ്റെടുത്തതോടെ വലിയ രീതിയിലുള്ള തെരുവു പ്രക്ഷോഭമായി മാറി. എന്നാൽ സാസ്‌കൊയുടെ ഇടപെടൽ ഒരു പരിധിവരെ സേഫ്റ്റി വാൽവ് എന്ന നിലയ്ക്കു കൂടിയായിരുന്നു. പൊതുജനാഭിപ്രായം പൂർണമായും എഎൻസിക്ക് എതിരാവാതിരിക്കാൻ കൂടിയാണ് സംഘടനാ സംവിധാനം ഉപയോഗിച്ച് സമർഥമായി, സമരത്തിന്റെ ഉള്ളടക്കം മാറ്റാൻ അവർ ശ്രമിച്ചത്. ചെറിയ കൂട്ടായ്മകൾ ഉന്നയിക്കുന്ന വലിയ ചോദ്യങ്ങളെ അങ്ങനെ മറികടക്കാൻ സാധിക്കുന്നതാണു പിന്നീടു കാണുന്നത്.
ഇൻഡ്യയില്‍ത്തന്നെ, യാക്കൂബ് മേമന്റെയും അഫ്സല്‍ ഗുരുവിന്റെയും ഭരണകൂട കൊലപാതകത്തെയും മോദിയുടെ ഫാസിസ്റ്റ് ഭരണത്തെയും വിമര്‍ശിച്ച് ഉയര്‍ന്നു വന്ന കീഴാള വിദ്യാര്‍ഥി പ്രസ്ഥാനം, ഇസ്‌ലാമോഫോബിയ, ബ്രാഹ്മണിസം തുടങ്ങിയ പ്രശ്നങ്ങളെ കൂട്ടിയോജിപ്പിക്കുന്നതില്‍ വിജയിച്ചിരുന്നു. കാതലായ ചോദ്യങ്ങള്‍ നിറഞ്ഞ ഈ പ്രശ്നമണ്ഡലത്തെ പിന്നീട് മുഖ്യധാരാ ഇടതു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംഘടനാ ശേഷികൊണ്ടു മറികടക്കാന്‍ ശ്രമിക്കയാണുണ്ടായത്. പരമ്പരാഗത, ദേശീയ വരേണ്യരുടെ കുത്തക ഇളക്കം തട്ടാതെ നോക്കാന്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ആവതു ശ്രമിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ഫീസ് മസ്റ്റ് ഫോൾ എന്ന വിദ്യാർഥി പ്രക്ഷോഭം രാജ്യത്ത് കൊളോണിയൽ അപാർതീഡ് ഭരണം അവസാനിച്ചതിനു ശേഷമുള്ള പ്രക്ഷോഭങ്ങളുടെ ഗതി നിർണയിക്കുന്ന വിദ്യാർഥി പ്രക്ഷോഭമാണ്. അശിൽ ബെമ്പേയയെപ്പോലുള്ളവർ, 1968ലെ പാരീസ് വിദ്യാർഥി പ്രക്ഷോഭത്തോടും 1976ലെ സൊവെറ്റോ യുവജന പ്രക്ഷോഭത്തോടുമാണ് ഈ വിദ്യാർഥി പ്രക്ഷോഭത്തെ സമീകരിച്ചത്. ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയത്തിൽ കാത്തിരിപ്പിന്റെ രാഷ്ട്രീയം അവസാനിച്ചുവെന്നും ഇനി അക്ഷമയുടെ രാഷ്ട്രീയമാണു വരാനിരിക്കുന്നതെന്നും അശിൽ ബെമ്പേയ നിരീക്ഷിക്കുന്നു. എഎന്‍സി, ജനതയോട് ആവശ്യപ്പെട്ടത് കാത്തിരിക്കാനായിരുന്നു. വിദ്യാര്‍ഥികള്‍ പറഞ്ഞത് ഞങ്ങള്‍ അക്ഷമരാണെന്നാണ്.
എന്നാൽ ഒരു ഘട്ടത്തിൽ, വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഹിംസാത്മക പ്രവണതകളെ തള്ളിക്കളഞ്ഞ ബെമ്പേയ, മധ്യവർഗ അധ്യാപക സമൂഹത്തിന്റെ തനി സ്വഭാവം പുറത്തെടുക്കുന്നതു കാണാമായിരുന്നു. ജെഎൻ.യു, എച്സിയു തുടങ്ങിയ കാമ്പസുകളിലെ വലിയൊരു വിഭാഗം അധ്യാപകരുടെ നിലപാടും മറ്റൊന്നായിരുന്നില്ലല്ലോ. പരമ്പരാഗത ഇൻഡ്യൻ അധ്യാപകരുടെ, മേല്‍ജാതി രാഷ്ട്രീയം വിദ്യാർഥി പ്രക്ഷോഭത്തിന്റെ സൂക്ഷ്മ രാഷ്ട്രീയത്തെ നിരാകരിക്കുന്നതായിരുന്നു. രോഹിത് വെമുലക്കു വേണ്ടിയുള്ള പ്രക്ഷോഭം നടത്തിയതിന്റെ പേരിൽ, കോഴിക്കോട്ട് എസ്ഐഒ പ്രവർത്തകരെ ജയിലിലിടുകയും യുഎപിഎ ചുമത്തി ജാമ്യം റദ്ദു ചെയ്യാനുള്ള ശ്രമം ഉണ്ടാവുകയും ചെയ്തപ്പോള്‍, ‘അവർ എബിവിപിയുടെ മുസ്‌ലിം പതിപ്പല്ലേ? ജയിലിൽത്തന്നെ കിടക്കട്ടെ’ എന്നാണ് ജെഎൻയുവിലെ ഇടതുപക്ഷ രാഷ്ട്രീയമുള്ള പ്രൊഫസർ ഫെയ്സ്ബുക്കിൽ കുറിച്ചത്. മണ്ഡലനന്തര കാമ്പസിന്റെ കീഴാള ഉള്ളടക്കം, പരമ്പരാഗത അധികാരി വര്‍ഗത്തിന് ഉണ്ടാക്കുന്ന സ്ഥല-ജല വിഭ്രമം വളരെ വ്യക്തമാണ്.
രണ്ടു പ്രധാന സൈദ്ധാന്തിക സമരങ്ങള്‍ ഈ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഗതി നിര്‍ണയിച്ചിരുന്നു. ആഗോള വ്യാപകമായി വികസിക്കുന്ന ഡീകൊളോണിയല്‍ പഠന / സമര കൂട്ടായ്മകളും ഫ്രാന്‍സ് ഫാനോന്റെ ദക്ഷിണാഫ്രിക്കന്‍ വായനയുമാണ് ഇവ. ഡീകൊളോണിയൽ പഠന കൂട്ടായ്മയാണ് റോഡ്സ് മസ്റ്റ് ഫോള്‍ എന്ന പ്രസ്ഥാനത്തിനു തുടക്കമിടുന്നത്. ഇതു ബ്രസീലിലും മെക്സിക്കോയിലും ഫ്രാന്‍സിലും സ്പെയിനിലും വെനിസ്വേലയിലും ബ്രിട്ടനിലും ശക്തമായ, പുതിയ, രാഷ്ട്രീയ – ചിന്താ പ്രസ്ഥാനമാണ്.
ഡീകൊളോണിയൽ പഠനങ്ങളും വിദ്യാർഥി പ്രക്ഷോഭങ്ങളും
ആനിബൽ കുയാനോ(പെറു), എൻറിക് ഡ്യുസ്സൽ (മെക്‌സിക്കോ), വാൾട്ടർ മിഗ്‌നോലോ(അർജന്റീന), ലിൻഡാ ആൽകൊഫ്(പനാമ), സല്‍മാന്‍ സയ്യിദ്(ബ്രിട്ടൻ), റമോൻ ഗ്രോസ്ഫുഗൽ, നെൽസൻ മൽടോണാൾഡോ ടോറസ് (പ്യൂർട്ടോ റിക്കോ) തുടങ്ങിയ ചിന്തകരാണ് ഡീകൊളോണിയാലിറ്റി (Decoloniality) എന്ന സവിശേഷ വിമർശന പഠനത്തിന്റെ ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്നത്. ഈ പഠന കൂട്ടായ്മയുടെ പ്രധാന സൈദ്ധാന്തിക സ്രോതസ്സായി ഫ്രാന്‍സ് ഫാനോന്‍ നിൽക്കുന്നു.
ദക്ഷിണാഫ്രിക്കന്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഷ, പോസ്റ്റ് കൊളോണിയല്‍ പഠനങ്ങളില്‍ നിന്നല്ല, ഡീകൊളോണിയല്‍ പഠനങ്ങളില്‍ നിന്നാണ് ഉരുവം കൊള്ളുന്നത്. പ്രക്ഷോഭത്തിന്റെ ഭാഷ എന്നത് വളരെ നിര്‍ണായക മാറ്റമായിരുന്നു. ഇൻഡ്യയിലെ വിദ്യാര്‍ഥി പ്രക്ഷോഭവും പുതിയ രാഷ്ട്രീയ ഭാഷയുടെ അടയാളങ്ങള്‍ നല്‍കുന്നുണ്ട്. പോസ്റ്റ് കൊളോണിയല്‍ പഠനങ്ങളുടെ പ്രധാന വക്താവും Provincialising Europe: Postcolonial Thought and Historical Difference എന്ന കേളികേട്ട പുസ്തകത്തിന്റെ രചയിതാവുമായ ദീപേഷ് ചക്രബര്‍ത്തി, കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍, ഇൻഡ്യയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തള്ളിക്കളഞ്ഞതിന്റെ ആന്തരിക രഹസ്യവും മറ്റൊന്നല്ല.
യൂറോ / അമേരിക്കൻ കൊളോണിയലിസം എന്നത് സാങ്കേതിക മേൽക്കോയ്മ, രാഷ്ട്രീയ മേൽക്കോയ്മ എന്നിവയെപ്പോലെ, വൈജ്ഞാനികമായ മേൽക്കോയ്മ കൂടി നിർമിക്കുന്നു എന്ന നിഗമനം, ഡീകൊളോണിയല്‍ ചിന്തകർ പങ്കുവെക്കുന്നുണ്ട്. യൂറോ- അമേരിക്കൻ വൈജ്ഞാനിക സങ്കൽപങ്ങളെ, ലോകം മുഴുവൻ പ്രധാനമായി കാണണം എന്നത് നമ്മുടെ കാലത്തെത്തന്നെ നിർമിച്ച ആശയമാണ്. ഡീകൊളോണിയൽ ചിന്തകർ വ്യത്യസ്ത രീതിയിൽ വിജ്ഞാനവും കൊളോണിയലിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വളരെക്കാലമായി എഴുതുന്നുണ്ട്.
കൊളോണിയൽ സാമൂഹിക ശാസ്ത്രത്തിന്റെ മർമ പ്രധാനമായ പ്രശ്‌നം, അതു സ്വന്തം ഉറവിടത്തെയും സാമൂഹിക സാഹചര്യങ്ങളെയും മറച്ചുകൊണ്ടും വസ്തുനിഷ്ഠതയുടെ ആവരണമണിഞ്ഞുകൊണ്ടുമാണു നിലനിൽക്കുന്നത് എന്നതാണ്. റമോൺ ഗ്രോസ്ഫുഗൽ നടത്തുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ് :
“Unlike other traditions of knowledge, the western is a point of view that does not assume itself as a point of view. In this way, it hides its epistemic location, paving the ground for its claims about universality, neutrality and objectivity. The decisive difference between decolonial point of view and neo-liberal, neo-marxist, marxist, weberian, wallersteinean or globalisation political-economist academic production is, then, that I am not hiding the epistemic location from where I am thinking.”
കൊളോണിയൽ കാലത്ത് യുറോപ്യൻ വിജ്ഞാനം അതിന്റെ ഉറവിടം മറച്ചു പിടിക്കുകയും സാർവലൗകികതയുടെ ആവരണമണിഞ്ഞുകൊണ്ട് കോളനിവൽകൃത ജനസമൂഹങ്ങളിൽ പ്രവേശിക്കുകയും ചെയ്തു. അങ്ങനെ യൂറോപ്പ് വിജ്ഞാനത്തിന്റെയും അന്വേഷണത്തിന്റെയും കേന്ദ്രമാവുകയും യൂറോപ്പിതര ലോകം യൂറോപ്യൻ വിജ്ഞാനത്തിന്റെ അന്വേഷണ വസ്തുവാകുകയും ചെയ്തു. എന്നാൽ, സാമൂഹിക വിജ്ഞാനത്തെക്കുറിച്ചും അതിന്റെ ഉറവിടത്തെയും സാഹചര്യങ്ങളെയും വസ്തുനിഷ്ഠതയെയും കുറിച്ചുള്ള സങ്കൽപങ്ങളെ, ചോദ്യംചെയ്യുന്ന ഇടപെടലുകളുടെ ആവശ്യകത ഇതു വ്യക്തമാക്കുന്നുണ്ട്. വിജ്ഞാനം വ്യക്തിയുടെയും സമൂഹത്തിന്റെയും സവിശേഷ സാഹചര്യങ്ങളുടെ ഭാഗമാണ്. ഈ നൈതിക പാഠം അട്ടിമറിച്ചു എന്നതാണ് കൊളോണിയൽ വിജ്ഞാനത്തിൽ കാണുന്ന പ്രധാന പരിമിതി.
വിജ്ഞാനം കൊളോണിയൽ / ക്രിസ്ത്യൻ യൂറോപ്പിന്റെ ഭൂമിശാസ്ത്രത്തിൽ നിന്നും വെളുത്ത, ക്രൈസ്തവ, യൂറോപ്യൻ പുരുഷന്റെ ജീവചരിത്രത്തിൽ നിന്നും മുക്തമാണെന്ന വീക്ഷണമാണിത്. രണ്ടു പ്രധാന നീക്കങ്ങൾ ഇതിനായി ഡീകൊളോണിയൽ പഠനങ്ങൾ നിർദേശിക്കുന്നു. ഒന്ന്, സമകാലിക വിജ്ഞാനത്തെ കൊളോണിയൽ ചട്ടക്കൂടിൽ നിന്നു മാറ്റിസ്ഥാപിക്കുക. രണ്ട്, കൊളോണിയൽ വിഞാനത്തിനു പുറത്തുള്ള സമൂഹങ്ങൾക്കിടയിൽ വിജ്ഞാനത്തിന്റെ പുതിയ ഭാവിയെക്കുറിച്ചുള്ള സ്വന്തന്ത്രമായ സംവാദങ്ങൾ ആരംഭിക്കുക.
കൊളോണിയാലിറ്റി (coloniality), ഡീകൊളോണിയാലിറ്റി (decoloniality) എന്ന രണ്ടു സംവർഗങ്ങൾ ഈ വിശകലനങ്ങളുടെ കേന്ദ്രസ്ഥാനത്തുണ്ട്. കൊളോണിയാലിറ്റി എന്നത് കൊളോണിയൽ അധികാരം നിർമിച്ച സാമൂഹിക, വൈജ്ഞാനിക രാഷ്ട്രീയത്തിന്റെ ലോകമാകെയുള്ള വ്യാപനത്തെക്കുറിക്കുന്നു. ദേശീയ പരമാധികാരത്തിന്റെ തലത്തിൽ മാത്രമല്ല, വംശീയത, ആൺകോയ്മ, തൊഴിൽ ചൂഷണം, മൂലധന സമാഹരണം, വൈജ്ഞാനിക രാഷ്ട്രീയം തുടങ്ങിയ സമസ്ത മേഖലകളിലും ഈ അധികാരം ചൂഴ്ന്നുനിൽക്കുന്നു. ഈ അധികാര ബന്ധത്തെ രാഷ്ട്രീയപരമായി മാത്രമല്ല, ജ്ഞാനശാസ്ത്രപരമായിത്തന്നെ ചോദ്യം ചെയ്യുന്ന സങ്കൽപമാണു ഡീകൊളോണിയാലിറ്റി . കൊളോണിയലിസം അവസാനിച്ചിട്ടും തുടരുന്ന, അദൃശ്യമായ കൊളോണിയൽ അധികാരത്തെക്കുറിച്ചാണ് ഡീകൊളോണിയാലിറ്റി എന്ന പുതുഭാവന സംസാരിക്കുന്നത്.
പാശ്ചാത്യ ആധുനികതയുടെ അടിത്തറ കൊളോണിയാലിറ്റിയാണ് എന്ന സമീപനം വികസിക്കുന്നത് പെറുവിൽ നിന്നുള്ള തത്ത്വചിന്തകനായ, ആനിബൽ കുയാനോയുടെ എഴുത്തുകളിൽ നിന്നാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനം, കുയാനോ, കൊളോണിയൽ അധികാരത്തെക്കുറിച്ച് എഴുതിയ കാര്യങ്ങൾ ഏറെ ശ്രദ്ധയോടെ പഠിക്കണം. കൊളോണിയൽ വിരുദ്ധ രാഷ്ട്രീയം, ഏഷ്യയും ആഫ്രിക്കയും സൗത്ത് അമേരിക്കയും അടങ്ങുന്ന ഭൂവിഭാഗങ്ങളുടെ രാഷ്ട്രീയ വിമോചനം എന്ന രീതിയിൽ, പരിമിതിപ്പെടേണ്ട സങ്കൽപമല്ല. മറിച്ച് അത് പാശ്ചാത്യ ആധുനികതയുടെ വിമർശനമാണെന്നാണു കുയാനോ വാദിച്ചത്.
പാശ്ചാത്യ ലോകം ഏറെ ആഘോഷിക്കുന്ന നാഗരിക നേട്ടമാണ് ആധുനികത. എന്നാല്‍ ആധുനികത,തട്ടിൻ പുറത്ത് ഒളിപ്പിച്ചുവെച്ച കുട്ടിയാണു കൊളോണിയലിസം എന്നാണു കുയാനോ നിരീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ, ആധുനികതാ വിമർശനം കൊളോണിയൽ യുക്തിയുടെ വിമർശനമായി വിപുലീകരിക്കണം എന്നാണ് അദ്ദേഹം വാദിക്കുന്നത്. അങ്ങനെയാണ് ആധുനികത തന്നെയാണു കൊളോണിയലിറ്റി എന്ന അടിസ്ഥാന വിമർശനത്തിലേക്ക് ഡീകൊളോണിയല്‍ ചിന്തകര്‍ എത്തിപ്പെടുന്നത്.
ഇന്നത്തെ കൊളോണിയൽ അധികാര ഘടനയ്ക്ക് ദേശീയമായോ ചെറു സമുദായങ്ങളെ ഒറ്റതിരിച്ചോ മാത്രം പോംവഴി അന്വേഷിച്ചിട്ടു കാര്യമില്ലെന്ന് അവർ പറയുന്നു. കൊളോണിയൽ ആധുനികത ആഗോളമാണ്. അതിന്റെ വിമർശനവും ആഗോളമാണ്. പ്രശ്‌നം ആഗോളമാണെങ്കിൽ പരിഹാരവും ആഗോളമാണെന്നാണ് ഡീകൊളോണിയല്‍ ചിന്തകര്‍ പറയുന്നത്. അതിനാവശ്യമായ സംഭാഷണങ്ങളും സംവാദങ്ങളും ദേശങ്ങളുടെ അതിരുകൾ കടക്കണം.
ലോകത്തെ പല യൂറോപ്പിതര സമൂഹങ്ങളെയും പോലെ, മുസ്‌ലിം കുടിയേറ്റ സമൂഹങ്ങളും അമേരിക്കയിലെ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പോലുള്ള പ്രസ്ഥാനങ്ങളും ലാറ്റിന്‍ അമേരിക്കയിലെ സപറ്റിസ്റ്റ അടക്കമുള്ള പ്രസ്ഥാനങ്ങളെയും ആഫ്രിക്കയിലെ പുതു രാഷ്ട്രീയ വിദ്യാർഥി പ്രസ്ഥാനങ്ങളും ഈ ബദൽ ലോക രാഷ്ട്രീയധാരയിൽ ഇപ്പോള്‍ സജീവമാണ്.
സ്‌പെയിനിലെ ബാർസലോണയിൽ 2009ൽ ഒരു സംഘം ദക്ഷിണാഫ്രിക്കൻ വിദ്യാർഥികളും അധ്യാപകരും പോവുകയും നേരത്തെ സൂചിപ്പിച്ച ഡീകൊളോണിയൽ രാഷ്ട്രീയത്തിന്റെയും പഠനത്തിന്റെയും ഭാഗമാവുകയും ചെയ്തു. യൂറോപ്പിലും അമേരിക്കയിലും, വംശീയതക്കെതിരായും ഇസ്‌ലാമോഫോബിയക്കെതിരായും കുടിയേറ്റ വിരുദ്ധതക്കെതിരായും നടക്കുന്ന മുന്നേറ്റങ്ങളെ നേരിട്ടു സ്വാധീനിക്കാൻ ബാർസലോണയിലെ ഈ പഠന ക്യാമ്പിനു സാധിച്ചിട്ടുണ്ട്.
ഇൻഡിജിനസ് റിപബ്ലിക് ഓഫ് ഫ്രാൻസിന്റെ നേതാവായ അൾജീരിയൻ മുസ്‌ലിം ചിന്തക, ഹൂറിയ ബൂതൽജയൊക്കെ ഈ സമ്മർ സ്‌കൂളിന്റെ ഭാഗമാണ്. തുടര്‍ന്ന് റമോൺ ഗ്രോസ്ഫുഗൽ, എൻറിക് ഡ്യുസ്സൽ, വാൾട്ടർ മിഗ്‌നോലോ, ലിൻഡാ ആൽകൊഫ്, നെൽസൻ മൽടൊണാൾഡോ ടോറസ് തുടങ്ങിയവർ ദക്ഷിണാഫ്രിക്കയിൽ വന്നു സമ്മർ സ്‌കൂളുകളും മറ്റും ആരംഭിച്ചു. ഫാനോനിയൻ ചിന്തകരായ ലൂയിസ് ഗോർടൻ, നൈജൽ സി ഗിബ്സൻ തുടങ്ങിയവരും ഫെമിനിസ്റ്റ് ചിന്തകയായ ഓയിറോൻകെ ഓയിവുമിയും , ഫ്രാൻസ് ഫനോൻ, ബെൽ ഹൂക്‌സ്, സ്റ്റീവ് ബികോ എന്നിവരുടെ ഡീകൊളോണിയൽ ചിന്തയുടെ ആഫ്രിക്കൻ സാധ്യതകളുമായി ബന്ധപ്പെട്ട പഠനങ്ങൾ വികസിപ്പിക്കാൻ തുടങ്ങി. ഈ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികളാണ് റോഡ്‌സ് മസ്റ്റ് ഫോളിന്റെ സൈദ്ധാന്തിക / പ്രായോഗിക സംഘാടകരായി പ്രവർത്തിച്ചത്. ബാര്‍സലോണ സ്കൂളിന്റെ ഭാഗമായ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ബെർക്ക്ലി കാമ്പസില്‍ ഫലസ്ത്വീന്‍ പഠന കോഴ്സിനെ ഇല്ലാതാക്കാനുള്ള സയണിസ്റ്റ് ശ്രമത്തിനു് കഴിഞ്ഞ വര്‍ഷം നവംബറിൽ, തടയിട്ടത്. എത്രത്തോളം ആഗോളമാണ് ഈ ഡികൊളോണിയല്‍ കാമ്പസ് രാഷ്ട്രീയം എന്നത് ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
ഇൻഡ്യന്‍ സാഹചര്യത്തില്‍, കീഴാളരായ അധ്യാപക സമൂഹത്തിന്റെ കുറവ് ഇവിടെ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ ആ അര്‍ത്ഥത്തില്‍ ഏറ്റെടുക്കുന്നതിനെ തടഞ്ഞു നിറുത്തുകയായിരുന്നു. സ്ഥാപനപരമായ പിന്തുണ ഇല്ലാത്തത് ഇൻഡ്യന്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പുതിയ ഭാഷയിലേക്കും വ്യവഹാരങ്ങളിലേക്കുമുള്ള വളര്‍ച്ചയെ തടസപ്പെടുത്തി.
വിജ്ഞാനവും അക്കാദമിക അധികാരത്തിന്റെ പ്രശ്‌നവും
ദക്ഷിണാഫ്രിക്കയില്‍ അപകോളനീകരണത്തിന്റെ മുദ്രാവാക്യം ആദ്യമായി ഉയർത്തിയ പ്രസ്തുത പ്രക്ഷോഭങ്ങൾ ഒരേസമയം അക്കാദമിക രാഷ്ട്രീയത്തെയും വൈജ്ഞാനിക രാഷ്ട്രീയത്തെയും പ്രശ്‌നവൽക്കരിച്ചിരുന്നു. വിജ്ഞാനത്തിന്റെ കുത്തകാധികാരം വെളുത്ത രാഷ്ട്രീയത്തിന് പുറത്തുള്ള വിഭാഗങ്ങളെ എങ്ങിനെ അരികുവൽക്കരിച്ചുവെന്നാണ് അവർ ചോദിക്കാൻ ശ്രമിച്ചത്. ഡീകൊളോണിയല്‍ കരിക്കുലം വികസിപ്പിക്കാന്‍ അവര്‍ ശ്രമങ്ങള്‍ ആരംഭിച്ചു.
എന്നാൽ ഇൻഡ്യയിലെ വിദ്യാർഥി പ്രക്ഷോഭം ഇങ്ങനെയുള്ള നിര്‍ണായക ചോദ്യങ്ങളെ ഉന്നയിക്കാൻ പോലും അശക്തമായിരുന്നു. മണ്ഡൽ അനന്തര ക്ലാസ് റൂം രാഷ്ട്രീയത്തിന്റെ തലം ഇപ്പോഴും ഉയർന്നു വരാനിരിക്കുന്നേയുള്ളൂ. ക്ലാസ് റൂമിന്റെ ജാതിയും മതവും ലിംഗവും എന്താണ് എന്ന ചോദ്യം ആ അർഥത്തിൽ വളരെ സങ്കീർണമാണ്. ആ അകലം ഇപ്പോൾ മുറുമുറുപ്പായും രഹസ്യ സംഭാഷണമായും മാത്രമേ നിലനിൽക്കുന്നുള്ളൂ. പരമ്പരാഗത മേൽജാതി ഹിന്ദു അധ്യാപക / അക്കാദമികരുടെ കുത്തകയെ മറികടന്ന് അതിനൊരു പൊതു രാഷ്ട്രീയ സംഭാഷണമായും പബ്ലിക് ട്രാന്‍സ്ക്രിപ്റ്റായും മാറാൻ ഇനിയും സമയമെടുക്കും എന്നാണ് തോന്നുന്നത്.
ഇൻഡ്യയിൽ രോഹിത് വെമുലക്ക് വേണ്ടി നടന്ന പ്രക്ഷോഭം, പിന്നീട് ജെഎൻയുവിൽ അഫ്‌സൽ ഗുരു വധശിക്ഷയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് വലിയ കാമ്പസ് രാഷ്ട്രീയ വിഷയമായി മാറി. എന്നാൽ പലപ്പോഴും മത ന്യൂനപക്ഷങ്ങൾ, ഉപദേശീയതകൾ, കീഴാള ലിംഗ രാഷ്ട്രീയം തുടങ്ങിയവയുടെ സാമൂഹിക ശക്തിയെ ഉപയോഗിച്ചു കൊണ്ടാണ് ഈ പ്രക്ഷോഭങ്ങൾ വളർന്നത്. എന്നാൽ കർതൃത്വപരമായ പങ്കാളിത്തം എത്രത്തോളം കീഴാളർക്കു ലഭ്യമായി എന്ന പ്രശ്‌നം ഇൻഡ്യൻ വിദ്യാർഥി പ്രക്ഷോഭത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്.
രാജ്യത്തെ സവർണ / ഉപരിവര്‍ഗ വിദ്യാർഥികളുടെ പ്രതിച്ഛായാ നിർമാണ സംരംഭങ്ങളുടെ ഭാഗമായി വിദ്യാര്‍ഥി പ്രക്ഷോഭം മാറുന്നതാണ് ഇൻഡ്യയില്‍ നാം കാണുന്നത്. മാധ്യമങ്ങൾ തന്നെ ഒട്ടും താഴെത്തട്ടിലേക്ക് ഇറങ്ങി ഈ പ്രക്ഷോഭങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചില്ല. ഷെഹ്‌ല റാഷിദ് അനേകം കാശ്മീരി വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രക്ഷോഭത്തെ അരിച്ചു മാറ്റുന്ന ഇടതുപക്ഷ ഐക്കണായി മാറി. ഉമർ ഖാലിദും അനിർബൻ ഭട്ടാചാര്യയും അംബേദ്കർ, ഭഗത് സിംഗ് തുടങ്ങിയവരുടെ പേര് അവസരവാദപരമായി ഉപയോഗിച്ചുകൊണ്ട് തികച്ചും വ്യക്തി കേന്ദ്രീകൃതമായി വിദ്യാര്‍ഥി രാഷ്ട്രീയത്തെ മാറ്റി. സിപിഐയുടെ പഴഞ്ചൻ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ അല്ലാതെ, വലിയ ആക്റ്റിവിസ്റ്റ് നിക്ഷേപങ്ങൾ ഒന്നുമില്ലാതെ തന്നെ, ഭൂമിഹാർ വിഭാഗക്കാരനായ കനയ്യ കുമാറിനെ രാജ്യത്തെ ഏറ്റവും വലിയ യുവ നേതാവായി വാഴിക്കുന്നത് ഈ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. എസ്എഫ്ഐ ആവട്ടെ മലയാളികളുടെയും ബംഗാളികളുടെയും സവർണ രാഷ്ട്രീയത്തെ താലോലിക്കാൻ മാത്രമാണ് തയ്യാറായത്.
ഒരുവേള സാക്ഷാൽ രോഹിത് വെമുലയുടെ ജീവീതത്തിനും ആത്മത്യാഗത്തിനും കിട്ടിയതിനേക്കാൾ വലിയ കവറേജ് കനയ്യക്ക് ലഭിക്കുന്നത് ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. രോഹിത് വെമുലയുടെ ജീവ ത്യാഗത്തിനു മേലെയാണ് ഈ ജെഎന്‍യു കേന്ദ്രീകൃത വ്യക്തി രാഷ്ട്രീയം കെട്ടിപ്പൊക്കിയത്.
യാക്കൂബ് മേമനു വേണ്ടി മയ്യിത്ത് നിസ്ക്കരിച്ചു തുടങ്ങിയ രോഹിതിന്റെ പുതിയ രാഷ്ട്രീയം, പരമ്പരാഗത ഇടതു രാഷ്ട്രീയത്തിന്റെ മേലെയാണ് വളര്‍ന്നത്. കനയ്യ എന്ന വ്യക്തിവാദ ബിംബവും രോഹിതിന്റെ കീഴാള ജൈവിക രാഷ്ട്രീയവും തമ്മില്‍ അജഗജാന്തരമുണ്ട്. മുസ്‌ലിം ചോദ്യങ്ങളെയും ദലിത് ചോദ്യങ്ങളെയും ഉന്നയിച്ചുകൊണ്ടാണ് ഇടതു രാഷ്ട്രീയത്തില്‍ നിന്നു പുറത്തു പോന്ന രോഹിത് വെമുലയുടെ ഇന്റര്‍സെക്ഷനല്‍ രാഷ്ട്രീയം, അംബേദ്‌കര്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഏറ്റവും സര്‍ഗാത്മക ആവിഷ്കാരമായിരുന്നു. പക്ഷേ ദൽഹി കേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ പരിമിതി രോഹിതിന്റെ രക്തസാക്ഷിത്വത്തെ സമര്‍ത്ഥമായി മൂടിവെച്ചു എന്നതാണ്.
ഇംഗ്ലീഷ് മാധ്യമങ്ങളുടെ വരേണ്യ സ്വഭാവും ഈ അർത്ഥത്തിൽ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഹൈദരാബാദിലെ വിദ്യാര്‍ഥി രാഷ്ട്രീയം മാത്രമാണ് ദല്‍ഹി / ഇംഗ്ലീഷ് ആധിപത്യത്തിന് പുറത്തു പുതിയ രാഷ്ട്രീയ ശരീരങ്ങളെ വികസിപ്പിക്കാന്‍ ഏതെങ്കിലും അര്‍ഥത്തില്‍ ശ്രമങ്ങള്‍ നടത്തിയത്.
രാജ്യത്തെ കോർപറേറ്റുകൾ മുതൽ ജെഎൻയുവിലെ അടക്കം ഇടതു / സവർണ അധ്യാപകരുടെ വലിയ ബ്ലോക്ക് തന്നെ ഈ പ്രതിവിപ്ലവ രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്നാണ് അറിയാൻ കഴിയുന്നത്. സവർണരുടെയും സാമൂഹിക വരേണ്യരുടെയും പ്രതിവിപ്ലവത്തിന്റെ ശക്തി ഇപ്പോഴും ഇൻഡ്യൻ കാമ്പസിൽ ഇളക്കം തട്ടാതെ നിലനിൽക്കുന്നുണ്ട്. എന്നാൽ കർതൃത്വപരമായ രാഷ്ട്രീയ പ്രശ്‌നങ്ങളെ ആഴത്തിൽ ഉൾക്കൊണ്ടതും വികേന്ദ്രീകൃത നേതൃത്വവും ദക്ഷിണാഫ്രിക്കയിലെ വിദ്യാർഥി പ്രക്ഷോഭത്തെ പല രീതിയിൽ ശ്രദ്ധേയമാക്കിയിരുന്നു. നേതൃത്വം കറുത്ത രാഷ്ട്രീയത്തിന്റെ ഭാഗമായ പുരുഷന്മാരെ ഏൽപ്പിക്കുന്നത് വലിയ സംവാദത്തിനു തിരികൊളുത്തി. മാത്രമല്ല മുസ്‌ലിം വിദ്യാർഥികളെ കർതൃത്വപരമായി ഉൾകൊള്ളാൻ സാധിച്ച ഈ പ്രസ്ഥാനം വ്യക്തിപരമായി ഒരു ന്യൂനപക്ഷ അനുഭാവത്തിന്റെ മറ്റൊരു സാധ്യത കാണിച്ചു തന്നു. ഇൻഡ്യയിലെ വിദ്യാർഥി രാഷ്ട്രീയത്തിന്റെ സവർണ നോർമലൈസേഷന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന കൂടുതൽ വൈവിധ്യവും ജനാധിപത്യപരവുമായ രാഷ്ട്രീയ മാതൃക ഫീസ് മസ്റ്റ് ഫാള്‍ പ്രസ്ഥാനം നല്‍കുന്നുണ്ട്.
ഡീകൊളോണിയല്‍ ചിന്തയുടെയും രാഷ്ട്രീയത്തിന്റെയും ഭാഗമായ സാമൂഹികാധികാരം (privilege) എന്നത് ചർച്ച ചെയ്യാൻ ഇൻഡ്യൻ കാമ്പസുകള്‍ ഇപ്പോഴും വിസമ്മതിക്കുകയാണ്, ഇടതു / വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സാമൂഹികാധികാരം നിര്‍ണായക രാഷ്ട്രീയ പ്രശ്നമല്ലെന്ന നിലപാടിലാണ്. മൈക്കേൽ.എസ്.കിമ്മൽ അടക്കമുള്ളവരുടെ സാമൂഹികാധികാരത്തെ കുറിച്ച ചർച്ചകൾ നമ്മുടെ കാമ്പസ് രാഷ്ട്രീയത്തിന്റെ ഭാവിയെ നിർണയിക്കാൻ പോകുന്ന ഇടപാടുകളാണ്. ദക്ഷിണാഫ്രിക്കയില്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഭാഗമായി അണിനിരന്ന വെളുത്ത വിദ്യാർഥികൾ ആവട്ടെ ഒരു പരിധിവരെ തങ്ങൾക്ക് നേതൃത്വം കിട്ടാത്തതിനെ കുറിച്ച് പരാതി പറയുന്നത് കാണാന്‍ കഴിയുന്നില്ല. വിദ്യാര്‍ഥി പ്രസ്ഥാനത്തിലെ തങ്ങളുടെ സ്ഥാനത്തിന്റെ സങ്കീർണത ചില്ലറ മുറുമുറുപ്പോടെ അവര്‍ സ്വീകരിക്കുന്നത് കാണാമായിരുന്നു. എന്നാല്‍ എത്ര സവര്‍ണ വിദ്യാര്‍ഥികള്‍ ഇൻഡ്യന്‍ കാമ്പസുകളില്‍ ഈ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ തയ്യാറുണ്ട്?
ഫ്രാൻസ് ഫനോന്റെ ഭൂതങ്ങൾ; അംബേഡ്കറുടെ തിരിച്ചുവരവ്
സ്റ്റീവ് ബികോയും ഫ്രാൻസ് ഫാനനും ദക്ഷിണാഫ്രിക്കന്‍ വിദ്യാർഥി രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഡീകൊളോണിയൽ ചിന്തകനായ റ്റെൻഡിയി സിത്തോളിന്റെ ബികോ മീഡിയേഷൻ എന്ന പുസ്തകം ഈ മാറ്റത്തിന്റെ പ്രകാശനമാണ്. റ്റെൻഡിയി സിത്തോളിന്റെ ബൗദ്ധിക വളർച്ച ബാർസലോണയിലെ ഡികൊളോണിയൽ സമ്മർ സ്‌കൂളിന്റെ ചരിത്രമാണ്.
വിദ്യാര്‍ഥി പ്രക്ഷോഭ കാലത്ത് ദക്ഷിണാഫ്രിക്കയിൽ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകം ഫാനന്റെ ‘ഭൂമിയിലെ നിന്ദിതർ‘ എന്ന പുസ്തകമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ‘ഫാനോനിയൻ ഭൂതം‘ എന്നാണ് തത്വചിന്തകനായ നിഗെൽ.സി.ഗിബ്‌സൻ ഈ പ്രക്ഷോഭങ്ങളെ വിളിച്ചത്. ഫാനോന്റെ ഭൂതങ്ങൾ തിരിച്ചു വരുന്നുവെന്നത് ഈ വിദ്യാർഥി രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ്. ഇൻഡ്യയിലെ പുതിയ അംബേദ്കർ പ്രതിഭാസത്തിനു സമാനമായ ഒരു പ്രതികരണമാണ് ഫാനനെ ചുറ്റിപ്പറ്റി ദക്ഷിണാഫ്രിക്കയിൽ വികസിച്ചത്. പക്ഷേ അംബേഡ്കറുടെ രാഷ്ട്രീയ ഭാവനയെ ആ അര്‍ഥത്തില്‍ വികസിപ്പിക്കാന്‍ ഇൻഡ്യന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നോ? അല്ലെങ്കില്‍ അതിനുള്ള ശ്രമങ്ങളെ എങ്ങിനെയാണ് സ്ഥാപിത താൽപര്യമുള്ള അക്കാദമിക ലോകം കൈകാര്യം ചെയ്തത്?
രണ്ടു പ്രധാന വിമർശനമാണ് ഫാനോൻ കൊളോണിയൽ വിരുദ്ധ ദേശീയ നേത്രൃത്വവുമായി ബന്ധപെട്ട് തന്റെ ഭൂമിയിലെ നിന്ദിതർ എന്ന പഠനത്തിൽ വിശദീകരിച്ചത്. ഒന്ന്, വ്യത്യസ്തമായ ഒരു മനുഷ്യ സങ്കൽപ്പം വികസിപ്പിക്കാൻ കൊളോണിയൽ വിരുദ്ധ നേതൃത്വം പരാജയപ്പെട്ടു. രണ്ട്, ജനങ്ങളുടെ സ്വയം നിർണയാവകാശത്തെ വികസിപ്പിക്കാൻ മേൽകീഴ് ബന്ധത്തെയും ദേശീയ വരേണ്യതയെയും മുഖ്യമായെടുത്ത ആഫ്രിക്കൻ രാഷ്ട്രീയ നേതാക്കൾ പരാജയപ്പെട്ടു. യൂറോപ്യൻ കൊളോണിയലിസത്തിന്റെയും അതിന്റെ പോസ്റ്റ് കൊളോണിയല്‍ തുടർച്ചയുടെയും നേര്‍ക്ക് മൂർത്തമായ ചോദ്യങ്ങള്‍ ഫാനോൻ ഉന്നയിച്ചിരുന്നു.
‘My parents were sold a dream; I’m here for the refund’ എന്നാണ് സൗത്ത് ആഫ്രിക്കൻ വിദ്യാർഥികൾ ഉയർത്തിയ പ്ലക്കാർഡുകൾ ഉന്നയിച്ചത്. ഇത് ഫാനോന്റെ ചോദ്യങ്ങളുടെ തിരിച്ചുവരവായിരുന്നു. ലോക ബാങ്കിന്റെ ഘടനാപരമായ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ വലിയ വിമർശങ്ങൾ ഒന്നുമില്ലാതെ സ്വീകരിച്ച സൗത്ത് ആഫ്രിക്കൻ രാഷ്ട്രീയ നേത്രൃത്വം ഇരുപതു വര്‍ഷം കഴിഞ്ഞപ്പോൾ മുപ്പതു ശതമാനം ജനസമൂഹത്തെ തൊഴിലില്ലായ്മയിലേക്ക് നയിച്ചും അമ്പതു ശതമാനം ജനസമൂഹത്തെ ദാരിദ്യ രേഖക്ക് താഴേ നിലനിറുത്തിയും പരാജയം ഏറ്റുവാങ്ങി.
ദക്ഷിണാഫ്രിക്കയുടെ വംശീയമായ പിന്നാക്കാവസ്ഥയല്ല, ദേശീയ വരേണ്യരുടെ ഭാവനാ ശൂന്യതയും അഴിമതിയുമാണ് മുഖ്യപ്രശ്നമെന്ന നിലക്ക് ചർച്ചകൾ വഴി മാറ്റുന്നതിൽ ഡീകൊളോണിയല്‍ ഉള്ളടകമുള്ള വിദ്യാർഥി പ്രക്ഷോഭം വിജയിച്ചു. സമാനമായി, ആഗോളീകരണത്തിന് ശേഷം ഇൻഡ്യന്‍ കാമ്പസുകള്‍ അരാഷ്ട്രീയമായി എന്ന ലിബറല്‍ / ഇടതു മുദ്രാവാക്യത്തെ പൊളിച്ചുകളഞ്ഞായിരുന്നു മണ്ഡല്‍ അനന്തര പുതുവിദ്യാര്‍ഥി രാഷ്ട്രീയം ഇൻഡ്യയില്‍ വികസിച്ചത്. ഇത് ഇൻഡ്യന്‍ ദേശീയ വരേണ്യതക്കും മാര്‍ക്സിസ്റ്റ് വര്‍ഗ നിര്‍ണയവാദത്തിനുമപ്പുറം ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും ഭൂതങ്ങളുടെ തിരിച്ചു വരവായിരുന്നു.
എന്നാൽ കൊളോണിയൽ കരിക്കുല മാറ്റം, ഫീസിന്റെ കാര്യത്തിലുള്ള ഇളവുകൾ, സർവകലാശാലയിലെ അസംഘടിതരായ കറുത്ത തൊഴിലാളികളുടെ ക്ഷേമം ഇവയിലൂന്നിയ ലിബറൽ പരിഷ്‌കരണത്തിനാണ് ദക്ഷിണാഫ്രിക്കന്‍ സർവകലാശാലകൾ ശ്രമിച്ചത്. മിക്ക സ്ഥലത്തും എഎൻസി രാഷ്ട്രീയമുള്ള സർവകലാശാലാ അധികാരികൾ വിദ്യാർഥി പ്രക്ഷോഭത്തെ ലിബറൽ ഭാഷയും വ്യാകരണവും ഉപയോഗിച്ച് മാനേജ് ചെയ്യാനും മേല്‍കോയ്മ നിലനിറുത്താനും ശ്രമിച്ചു. അങ്ങനെ നിയോലിബറൽ / നിയോകൊളോണിയൽ ജ്ഞാന രാഷ്ട്രീയത്തെ ഒട്ടും ഉലക്കാതെ നിലനിർത്താനുമാണ് ശ്രമിച്ചത്. തീർച്ചയായും ഇതിനെ ഫലപ്രദമായി അഭിമുഖീകരിക്കാൻ പെട്ടെന്നുള്ള പ്രക്ഷോഭത്തിന്റെ മാതൃക സ്വീകരിച്ച വിദ്യാർഥി പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടു. നേരത്തെ ബെമ്പേയ സൂചിപ്പിച്ച അക്ഷമയുടെ രാഷ്ട്രീയത്തിന്റെ ആന്തരിക പ്രതിസന്ധിയാണ് ഇതിലൂടെ വെളിവായത്.
ഇൻഡ്യയിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തെ ലിബറല്‍ ജനാധിപത്യത്തിന്റെ മേല്‍ക്കോയ്മാ രാഷ്ട്രീയം മാത്രമല്ല എച്സിയുവിലെ വിസി അപ്പാറാവുവിനെ പോലുള്ളവരുടെ ശക്തിയുടെ രാഷ്ട്രീയവും കൊണ്ടാണ് നേരിട്ടത്. ലിബറല്‍ ജനാധിപത്യത്തിന്റെ നാട്യങ്ങള്‍ കയ്യൊഴിയാൻ ഒരു പരിധിവരെ ഇൻഡ്യയിലെ കീഴാള പ്രസ്ഥാനങ്ങളുടെ സമരോര്‍ജം ഭരണകൂടത്തെയും ആധിപത്യ സാമൂഹിക വിഭാഗങ്ങളെയും പ്രേരിപ്പിക്കുന്നുണ്ടോ?
ലിംഗ രാഷ്ട്രീയം, ഹോമോഫോബിയ അടക്കമുള്ള പുതിയ പ്രശ്‌ന മണ്ഡലങ്ങൾ കൂടുതൽ വെളിച്ചത്ത് വന്നതോടുകൂടി ദക്ഷിണാഫ്രിക്കന്‍ വിദ്യാർഥി പ്രക്ഷോഭം ആശയ സംവാദത്താൽ ആടിയുലഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തിന്റെ നേതൃത്വം എങ്ങനെയാണ് ചുരുക്കം ചില ആൺ ശബ്ദങ്ങളിലേക്ക് മാറിപ്പോയതെന്ന ചർച്ച ലിബറൽ മാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ വിദ്യാർഥി പ്രക്ഷോഭത്തിന്റെ സൈദ്ധാന്തിക ദൗർബല്യം കൂടുതൽ വെളിവായി. ചില സർവകലാശാലകളിൽ കൊളോണിയൽ കരിക്കുലത്തിന്റെ മാറ്റം ലൈബ്രറികൾ കത്തിക്കൽ അടക്കമുള്ള വഴിവിട്ട രീതികളിലേക്ക് മാറിയത് ലിബറൽ ആഫ്രിക്കൻ ദേശീയ രാഷ്ട്രീയത്തിന് തിരിച്ചുവരവിനുള്ള അവസരം ഒരുക്കുകയും ചെയ്തു.
പുതുതലമുറ നടത്തിയ ഈ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ഭാവി രാഷ്ട്രീയത്തിന്റെ പാഠശാലയായി തീരുമെന്നതിൽ യാതൊരു സംശയവുമില്ല. പഴയ അനിശ്ചിതത്വങ്ങളും പുതിയ വിപ്ലവ സാധ്യതകളും ഒരു പോലെ സമ്മേളിച്ച വിദ്യാർഥി പ്രക്ഷോഭം ഫാനൻ പ്രവചിച്ച കൊളോണിയൽ / പോസ്റ്റ് കൊളോണിയല്‍ രാഷ്ട്രീയ അസ്ഥിരതയുടെ കൂടി പ്രതിഫലനമായിരുന്നു. ജനകീയമായ ഇച്ഛയുടെ പ്രകാശനമായി ഈ വിദ്യാർഥി രാഷ്ട്രീയത്തെ സർഗാത്മകമായി വികസിപ്പിക്കുന്നതിൽ എത്രത്തോളം തങ്ങൾ വിജയിച്ചുവെന്ന ആത്മ പരിശോധനയുടെ കാലമാണിത്. അക്കാദമിക വർഗത്തിന്റെ പ്രഫഷണൽ യുക്തിയെയും അധികാരി വർഗത്തിന്റെ ഉപകരണ യുക്തിയെയും വെല്ലുവിളിച്ച ഈ വിദ്യാർഥി പ്രസ്ഥാനങ്ങള്‍ പുതിയ ഡീകൊളോണിയല്‍ / നവജനാധിപത്യ രാഷ്ട്രീയത്തിന്റെ സാധ്യതകളെ തുറന്നു തരുന്നതിലും പുതിയ ജ്ഞാന സങ്കൽപ്പങ്ങളുടെ ലോകത്തെ കാണിച്ചു തരുന്നതിലും ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു.
(ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ജോഹന്നാസ്ബർഗിൽ റിസേർച്ച് ഫെല്ലോ ആണ് ലേഖകൻ.)