കരുണാനിധി: തമിഴ് സ്വത്വബോധത്തിന്റെ രാഷ്ട്രീയം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ടു ദശകങ്ങളിൽ തമിഴ്നാട്ടിൽ രൂപപ്പെട്ട ദ്രാവിഡരാഷ്ടീയം ആത്മാഭിമാനത്തിന്റെയും സാമൂഹികനീതിയുടെയും പ്രമേയങ്ങളില്‍ ഊന്നിയാണ് പടുത്തുയര്‍ത്തിയതെങ്കിലും അധികാരരാഷ്ട്രീയത്തിലേയ്ക്ക് വന്നപ്പോൾ ഇതിലെ പല ഘടകങ്ങളും ചോര്‍ന്നുപോയിയെന്നതാണ് വസ്തുത. എന്നാല്‍ തമിഴർ എന്ന സ്വത്വബോധം ഭാഷയെയും ദേശത്തെയും ഉണര്‍ത്തിയെടുക്കുന്ന ഒന്നായി ഇപ്പോഴും നിലനില്‍ക്കുന്നു. പാരമ്പര്യത്തിലും അതിന്റെ വ്യവഹാരങ്ങളിലും താല്‍പ്പര്യമുള്ളവരാണ് പുതുതലമുറപോലുമെന്നു തെളിയിക്കുന്നതായിരുന്നു ജെല്ലിക്കെട്ട് സമരത്തിലേയ്ക്ക് ഒഴുകിയെത്തിയ ജനസഹസ്രങ്ങള്‍. ഈ യാഥാര്‍ഥ്യത്തെ ഉടമ്പിലും ഉയിരിലും നിലനിര്‍ത്താൻ കരുണാനിധിയ്ക്ക് കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ ജനപ്രിയതയുടെ മുഖ്യഘടകം.
ബഹുജനരാഷ്ട്രീയവും തെന്നിന്ത്യൻ താരരാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച സാമൂഹികശാസ്ത്രഞ്ജന്‍മാരാണ് എം.എസ്.എസ് പാണ്ഡ്യനും രാമചന്ദ്ര ഗുഹയും. ഇവര്‍ രണ്ടുപേരും സവിശേഷമായ മന്ട്രങ്ങളുടെയും ബഹുജനസംവേദനത്തിന്റെയും കേന്ദ്രമായി മദ്രാസിനെയല്ല മറിച്ച് മധുരയെയാണ് രേഖപ്പെടുത്തിയതെന്നത് സവിശേഷമായി ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ‘ബ്രാഹ്മിന്‍ ആന്റ് നോണ്‍ ബ്രാഹ്മിന്‍ ജീനിയോളജി ഓഫ് തമിഴ് പോളിറ്റിക്കൽ പ്രസന്റ്’ എന്ന ഗ്രന്ഥത്തിൽ പാണ്ഡ്യന്‍ ഊന്നുന്നതും ഈ വസ്തുതയിലാണ്. ഗുഹയാകട്ടെ അപ്രധാനമെന്നു തോന്നിപ്പിക്കാവുന്ന മറ്റൊരു കാര്യത്തിലാണ് ശ്രദ്ധപതിപ്പിച്ചത്. അഭ്രപാളികളില്‍ അത്ഭുതം വിരിയിച്ചവരെ, പ്രത്യേകിച്ചും എം.ജി രാമചന്ദ്രനും എന്‍.ടി രാമറാവുവും ആയിരുന്നു അദ്ദേഹത്തിന്റെ പഠനമേഖല. (‘ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി’യെന്ന ഗ്രന്ഥത്തിൽ ഇന്ത്യയിലെ വിനോദവ്യവസായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഭാഗം) സ്വാഭാവികമായും അഭ്രപാളിയ്ക്ക് പിന്നില്‍നിന്ന, എന്നാൽ സമാനതകളില്ലാത്ത വിധത്തിൽ ഇവര്‍ രണ്ടുപേരേക്കാള്‍ പലവിധത്തിലും വ്യത്യസ്തയുള്ള നേതാവും ഭരണാധികാരിയുമായിരുന്നു മുത്തുവേല്‍ കരുണാനിധി (1924–2018). കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈ നഗരം പുലര്‍ത്തിയ നിശബ്ദത മറ്റാരെക്കാളും തമിഴ് മക്കള്‍ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങളിൽ തമിഴ്നാട്ടിൽ രൂപപ്പെട്ട ദ്രാവിഡ രാഷ്ടീയം ആത്മാഭിമാനത്തിന്റെയും സാമൂഹികനീതിയുടെയും പ്രമേയങ്ങളില്‍ ഊന്നിയാണ് പടുത്തുയര്‍ത്തിയതെങ്കിലും അധികാരരാഷ്ട്രീയത്തിലേയ്ക്ക് വന്നപ്പോൾ ഇതിലെ പല ഘടകങ്ങളും ചോര്‍ന്നുപോയി എന്നതാണ് വസ്തുത. എന്നാല്‍ തമിഴർ എന്ന സ്വത്വബോധം അപകടകരമല്ലെങ്കില്‍കൂടി ഭാഷയെയും ദേശത്തെയും ഉണര്‍ത്തിയെടുക്കുന്ന ഒന്നായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് കാണേണ്ടതുണ്ട്. ആധുനികവല്‍കരിക്കപ്പെട്ടുവെങ്കിലും പാരമ്പര്യത്തിലും അതിന്റെ സങ്കീര്‍ണ്ണമായ വ്യവഹാരങ്ങളിലും താല്‍പ്പര്യമുള്ളവരാണ് പുതുതലമുറപോലുമെന്നു തെളിയിക്കുന്നതായിരുന്നു ജെല്ലിക്കെട്ട് സമരത്തിലേയ്ക്ക് ഒഴുകിയെത്തിയ ജനസഹസ്രങ്ങള്‍. ഈ യാഥാര്‍ഥ്യത്തെ ഉടമ്പിലും ഉയിരിലും നിലനിര്‍ത്താൻ കരുണാനിധിയ്ക്ക് കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ ജനപ്രിയതയുടെ മുഖ്യഘടകങ്ങളില്‍ ഒന്നായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
അധികാരവും ഒത്തുതീര്‍പ്പുകളും
ജനാധിപത്യത്തെ അനന്യവും സംവാദാത്മകവുമാക്കുന്നത് അതിന്റെ അയവുള്ള (Flexible) ഘടനയാണ്. കൊണ്ടും കൊടുത്തും സ്ഥിരമായ ശത്രുതയോ ശത്രുക്കളോയില്ലാത്ത സാധ്യതകളുടെ കളിസ്ഥലമായി ആധുനികരാഷ്ട്രീയത്തെ കാണുന്നതും അതുകൊണ്ടാണ്. ഇന്ത്യയിലാകട്ടെ രാഷ്ട്രീയ സമൂഹം, ജാതി–മത–ലിംഗഘടനകളുടെ കര്‍ക്കശമായ നിയന്ത്രണത്തിലും സ്വാധീനത്തിലുമാണ് എന്നത് പുതിയ കാര്യമല്ല. സാമുദായിക ബലതന്ത്രങ്ങള്‍ തെരഞ്ഞെടുപ്പുകളെ മാത്രമല്ല, പ്രാദേശിക രാഷ്ട്രീയത്തിന്റെ അടിത്തട്ടുകളെ വരെ നിര്‍ണ്ണായകമായി സ്വാധീനിക്കാറുണ്ട്. എന്നാല്‍ പുതിയ കാലത്ത് വികസനം മാത്രമാണ് ജനങ്ങൾ പരിഗണിക്കുന്നതെന്ന വ്യാജ പ്രചാരണവും യുക്തിയും പ്രബലമാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട വസ്തുത, സാമുദായികമായ എഞ്ചിനീയറിങ്ങിലും കരുണാനിധി കാണിച്ച വൈദഗ്ധ്യമാണ് ജനപിന്തുണയുടെ വിപുലമായ ഘടകമെന്നതാണ്. തമിഴ്നാട്ടിലെ പ്രബലമായതും അധികാരത്തില്‍ പ്രാമാണിത്തവുമുള്ള മുതലിയാർ, ഗൗണ്ടര്‍, തേവര്‍, പിള്ള, ചെട്ടിയാര്‍ തുടങ്ങിയ സമുദായങ്ങളുടെ പിന്തുണയും ദലിത് സമുദായത്തിന്റെ സാന്നിധ്യവും ആദ്യകാലത്ത് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞുവെന്നത് നിഷേധിക്കാനാവില്ല. ഡി.എം.കെ ആദ്യകാലത്തു ബ്രാഹ്മണസമൂഹത്തിന്റെ ശക്തമായ എതിര്‍പ്പ് നേരിട്ടത് ആചാരങ്ങളോടുള്ള നിഷേധവും യുക്തി കേന്ദ്രിതമായ ലോകവീക്ഷണവും കൊണ്ടാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.
ഡി.എം.കെ ആദ്യകാലത്തു ബ്രാഹ്മണസമൂഹത്തിന്റെ ശക്തമായ എതിര്‍പ്പ് നേരിട്ടത് ആചാരങ്ങളോടുള്ള നിഷേധവും യുക്തി കേന്ദ്രിതമായ ലോകവീക്ഷണവും കൊണ്ടാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.
പെരിയാര്‍ ഇ.വി രാമസ്വാമിയുടെ റാഡിക്കല്‍ ചിന്തകളെ പിന്തുടരാനുള്ള ശ്രമമായിരുന്നു ബ്രാഹ്മണ വിമര്‍ശനത്തിനു കാരണമായത്. പുരാണങ്ങളെയും ഇതിഹാസങ്ങളെയും പരിഹസിക്കുന്ന പോസ്റ്ററുകള്‍ അക്കാലത്തെ ഡി.എം.കെ മീറ്റിങ്ങുകളിൽ വ്യാപകമായിരുന്നുവെന്ന് ചാള്‍സ് റെയ്സനെ ഉദ്ധരിച്ചു കൊണ്ടും എം.എസ്.എസ് പാണ്ഡ്യൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ടാണ് പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബ്രാഹ്മണ നേതാവും പോള്‍സ്റ്റാര്‍ മാസികയുടെ എഡിറ്ററുമായിരുന്ന കെ.എം ശ്രീനിവാസന്‍ ഡി.എം.കെയുടെ അധികാരാരോഹണത്തെ ചേരികളിൽ ജീവിച്ച ശൂദ്രന്‍മാരുടെതായി കണ്ടത്, ആര്യധര്‍മ്മം സ്ഥാപിക്കുകയാണ് നമ്മുടെ ധര്‍മ്മമെന്നും ശൂദ്രധര്‍മ്മത്തെ തകര്‍ത്തു കളയണമെന്നും ആഹ്വാനം ചെയ്തത്. എന്നാല്‍ പിന്നീട് കര്‍ക്കശമായ ഈ ബ്രാഹ്മണവിരുദ്ധത ഇല്ലാതാവുകയും മുന്‍പ് സൂചിപ്പിച്ച സാമുദായികമായ മഴവിൽ സഖ്യത്തിന്റെ വക്താക്കളായി ദ്രാവിഡ പാര്‍ട്ടിയും കരുണാനിധിയും മാറുകയും ചെയ്തു.
ഈ ജനപിന്തുണയെ നയപരവും പ്രായോഗികവുമായ വിജയമാക്കി മാറ്റുവാൻ കഴിഞ്ഞതാണ് കലൈഞ്ജറുടെ മറ്റൊരു പ്രത്യേകത. സിനിമയില്‍ നേടിയ വിജയം പോലെതന്നെ ഭരണരംഗത്തും നയപരമായ രൂപീകരണത്തിലും ദീര്‍ഘമായ ഭാവിയിൽ ഊന്നിക്കൊണ്ടായിരുന്നു അദ്ദേഹം ഇടപെടൽ നടത്തിയത്. ജാതിരഹിത വിവാഹം പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക നിയമം, അതിപിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം, അബ്രാഹ്മണ സമൂഹങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൂജാവിധികൾ അഭ്യസിക്കാനുള്ള സ്ഥാപനങ്ങള്‍,വിദ്യാര്‍ഥികളുടെ സൗജന്യ യാത്രാസൗകര്യം, എഞ്ചിനീയറിങ്–മെഡിക്കൽ പ്രവേശനത്തിന് ഏകജാലക സംവിധാനം എന്നിവയൊക്കെ ഇതില്‍ പ്രധാനപ്പെട്ടതാണ്. കൂടാതെ ചെന്നൈയിലെ അതിപ്രധാനമായ നിര്‍മ്മാണങ്ങൾ, അണ്ണാ ലൈബ്രറിയുടെ രൂപീകരണം തുടങ്ങി ഇന്നു കാണുന്ന പല പ്രധാനപ്പെട്ട കേന്ദ്രങ്ങളും കരുണാനിധിയുടെതായിരുന്നുവെന്നത് ചെന്നൈയില്‍ താമസിക്കുന്ന ഒരാളെന്ന നിലയ്ക്ക് എനിക്ക് അത്ഭുതമുളവാക്കിയ കാര്യമാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് തല്‍ക്കാലം കടക്കുന്നില്ല.
പിന്നീട് കര്‍ക്കശമായ ഈ ബ്രാഹ്മണവിരുദ്ധത ഇല്ലാതാവുകയും മുന്‍പ് സൂചിപ്പിച്ച സാമുദായികമായ മഴവിൽ സഖ്യത്തിന്റെ വക്താക്കളായി ദ്രാവിഡ പാര്‍ട്ടിയും കരുണാനിധിയും മാറുകയും ചെയ്തു.
തമിഴ്നാട്ടിലെ രാഷ്ട്രീയരംഗത്തും ഭരണരംഗത്തും ശക്തമായ നേതൃത്വമില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് കരുണാനിധിയുടെ വിയോഗമെന്നത് രാഷ്ട്രീയനിരീക്ഷകരെയും സാമൂഹ്യവിമര്‍ശകരെയും സംഘര്‍ഷത്തിലാക്കിയ കാര്യമാണ്. എങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി ആരോഗ്യകാരണങ്ങളാല്‍ സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ സിനിമാരംഗത്തു നിന്നുള്ള കമലഹാസൻ ‘മക്കൾ നീതി മയ്യം’ എന്ന പാര്‍ട്ടി രൂപീകരിക്കുകയും, രജനികാന്ത് അടിത്തട്ടില്‍ പ്രവര്‍ത്തനം തുടങ്ങുകയും ഡിസംബറിൽ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാമപ്പുറത്തു തമിഴ്നാട് വലിയ ബഹുജന പ്രക്ഷോഭങ്ങളുടെ വേദിയായിക്കൊണ്ടിരിക്കുകയുമാണ്. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെയുള്ള സമരവും ചെന്നൈ–സേലം അതിവേഗപ്പാതയ്ക്കെതിരെയുള്ള പ്രക്ഷോഭവുമെല്ലാം പഴയ താരാരാധന തങ്ങളെ രക്ഷിക്കില്ലെന്ന തിരിച്ചറിവില്‍ നിന്നും കൂടി രൂപമെടുത്തതാണ്. എങ്കിലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യുടെ പാവയായാണ് ഇപ്പോഴത്തെ സര്‍ക്കാർ പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമായെങ്കിലും, വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ പ്രവചനാതീതമാണ്.
ബ്രാഹ്മണവിരുദ്ധ രാഷ്ട്രീയത്തിന്റെ തീവ്രത നിലനില്‍ക്കുന്നുണ്ടെങ്കിലും, ക്ഷേത്രപ്രവേശനം, ആരാധനാസ്വാതന്ത്ര്യം എന്നീ കാര്യങ്ങളിൽ ദലിതർ അടിച്ചമര്‍ത്തപ്പെടുന്ന പ്രാധാനപ്പെട്ട സ്ഥലം തന്നെയാണ് തമിഴ്നാട്. സേലം, ധര്‍മ്മപുരി, നാമക്കൽ തുടങ്ങിയ ജില്ലകളില്‍ നിന്നും ഓരോദിവസവും കേള്‍ക്കുന്ന വാര്‍ത്തകള്‍ സംഭീതിയുണ്ടാക്കുന്നതാണ്. ഇതില്‍ കൂടുതലും ഒ.ബി.സി-ദലിത് സംഘര്‍ഷങ്ങളുമാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിമര്‍ശകരായ പി. രവികുമാറും രാജ് ഗൗതമനുമൊക്കെ ഉന്നയിക്കുന്ന വിമര്‍ശനത്തിന്റെ കാതല്‍ ഇവിടെയാണ്. കരുണാനിധിയുടെ വിയോഗം ഇവരുടെ സംശയങ്ങളെ പരിഹരിക്കുമോ സങ്കീര്‍ണ്ണമാക്കുമോയെന്ന കാര്യവും പ്രധാനപ്പെട്ടതു തന്നെ. ദ്രാവിഡ രാഷ്ട്രീയത്തിന്റെ തീര്‍ച്ചയും മൂര്‍ച്ചയും ഇത്തരം സാമൂഹികാനുഭവങ്ങളെ എവിടെയാണ് ഇത്രയും നാൾ ഒളിപ്പിച്ചു നിര്‍വീര്യമാക്കിയതെന്നതായിരിക്കും ഭാവിയിൽ ഉന്നയിക്കപ്പെടാൻ പോകുന്ന മറ്റൊരു പ്രധാനപ്പെട്ട ചോദ്യം.