വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയിൽ; വെള്ളം വില്ലനാകുന്ന കേരളം

കേരളത്തിൽ ഭൂഉപയോഗത്തില്‍ വന്ന മാറ്റങ്ങൾക്കും അതിന്റെ പരിണിതഫലമായി ഭൂപ്രകൃതിക്ക് സംഭവിക്കുന്ന രൂപ/സ്വഭാവ വ്യതിയാനങ്ങൾക്കും ഭൂമിയുടെ മേലുള്ള അധികാരവുമായി അഭേദ്യമായ ബന്ധമുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് വേണ്ട 700കോടി ടൺ പാറ കണ്ടെത്താൻ ഖനന നിയമങ്ങെൾ ബൈപാസ് ചെയ്തുകൊടുത്ത, ഭൂ/കൺസ്ട്രക്ഷൻ മാഫിയകൾക്ക് വേണ്ടി നെൽവയൽ തണ്ണീർതട നിയമം ഭേദഗതി ചെയ്ത അതേ ഭരണവർഗരാഷ്ട്രീയം എത്ര പക്വതയോടെയാണ് ഇപ്പോഴത്തെ ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് നോക്കൂ !!

ഭൂമിയെ കൈകാര്യം ചെയ്യുക എന്നു പറഞ്ഞാൽ വെള്ളം കൈകാര്യം ചെയ്യുക എന്നാണർഥം. വെള്ളം കൈകാര്യം ചെയ്യുക എന്നതുകൊണ്ട് ജീവന്‍ സംരക്ഷിക്കുക എന്നുമാണര്‍ഥം. ഈ പറഞ്ഞതിനെ വളരെ അടുത്ത ഇടവേളകളിലെ രണ്ടു സമയത്തെയും സന്ദർഭത്തെയും മുൻനിർത്തി കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കിത്തരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതിൽ രണ്ടാമത്തേത് ഈ ഉരുൾപൊട്ടൽ/വെള്ളപ്പൊക്ക  ദുരന്തമാണ്. ആദ്യത്തേത് കേരളത്തെ വരൾച്ച ബാധിത സംസ്ഥാനമായും ഒപ്പം 9 ജില്ലകളെ അതീവ വരൾച്ച ബാധിത ജില്ലകളായും പ്രഖ്യാപിച്ച സന്ദർഭമാണ്. രണ്ടിടത്തും വെള്ളമാണ് ‘വില്ലൻ’. വെള്ളം തികഞ്ഞ ഒരു എതിരാളിയായി പ്രത്യക്ഷപ്പെടുന്നതിന്‍റെയും അപ്രത്യക്ഷമാകുന്നതിന്‍റെയും കാരണങ്ങൾ അന്വേഷിക്കേണ്ടത് ഭൂമിയെ കൈകാര്യം ചെയ്യുന്നത് ഏതൊക്കെ വിധത്തിലാണ് എന്നതിലാണ്.

ആകെ ഞരമ്പുകളാണ് എന്നതാണു കേരളത്തിന്‍റെ ഭൂപ്രകൃതിയുടെ പ്രത്യേകത. വെള്ളമൊഴുകുന്ന ഭൂഗര്‍ഭ/ഭൂപ്രതല നീര്‍ച്ചാലുകളെയാണ് ഒരു ഭൂപ്രകൃതിയുടെ ഞരമ്പുകള്‍ എന്നതുകൊണ്ട് അർഥമാക്കുന്നത്. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇടമുറിയാതെ ജനവാസമേഖലകൾ ഉണ്ടാകുന്നത്തിന്റെ അടിസ്ഥാന കാരണം വെള്ളത്തിന്റെ ലഭ്യതയാണ്. കേരളത്തിൻറെ സവിശേഷമായ ഹൈഡ്രോളജിക്കല്‍ സിസ്റ്റം (ജലവിതരണ സംവിധാനം) ആണിത് സാധ്യമാക്കുന്നത്. മഴ പെയ്യുന്നതും മഴവെള്ളം ഭൂഗര്‍ഭജലമായി സംഭരിക്കപ്പെടുന്നതും ഒഴുകിപ്പരന്ന് വിതരണം ചെയ്യപ്പെടുന്നതും പിന്നെയും നീരാവിയായി കാർമേഘം ഉണ്ടാകുന്നതുമൊക്കെ ചേർന്ന ചാക്രിക പ്രക്രിയയെയാണ് ഹൈഡ്രോളജിക്കല്‍ സിസ്റ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിൻറെ ജലവിതരണത്തിന്റെ സിംഹഭാഗവും പൂര്‍ത്തീകരിക്കപ്പെടുന്നത് ജലവിതരണ പാതകളിലൂടെയാണ് (hydrological pathways). നദികളായും പുഴകളായും പ്രാദേശിക നീരൊഴുക്കുകളായും ഒക്കെ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇവിടെ സൂചിപ്പിച്ച ജലവിതരണ സംവിധാനത്തിനും പ്രകൃതിയിലെ ജലവിതരണ പാതകള്‍ക്കും സംഭവിക്കുന്ന തടയാന്‍ കഴിയാത്ത മാറ്റങ്ങളാണ് മുകളിൽ പറഞ്ഞ രണ്ടു സന്ദർഭങ്ങളുടെയും കാരണം. ഭൂമിയുടെ ഉപയോഗത്തില്‍ സംഭവിച്ചിട്ടുള്ള പ്രത്യക്ഷവും ഗുരുതരവുമായ മാറ്റങ്ങൾക്കനുസരിച്ചാണ് വെള്ളം കിട്ടാത്തതിൻറെയും വെള്ളം കൊണ്ട് പൊറുതിമുട്ടുന്നതിന്റെയും ബൈനറികള്‍ ട്രാപ്പു ചെയ്യപ്പെട്ടിരിക്കുന്നത്.

 

ഇനി രണ്ടാമത്തെ സന്ദർഭമെടുക്കാം. ചരിത്രരേഖകളിലും ബി.സി മൂന്നാം നൂറ്റാണ്ട് മുതൽ എ.ഡി നാലാം നൂറ്റാണ്ട് വരെയുള്ള സംഘം സാഹിത്യങ്ങളിലും എ.ഡി ഒമ്പതാം നൂറ്റാണ്ട് മുതൽ കേരളത്തിലേക്ക് യാത്രചെയ്ത് എത്തിയിരുന്ന അറബികളുടെ യാത്രാവിവരണങ്ങളിലും ഉരുൾപൊട്ടൽ എന്ന പരിസ്ഥിതി ആഘാതത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളതായി കാണാൻ കഴിയില്ല. ഇബ്നു ബതൂത്തയുടെ യാത്രാവിവരണങ്ങളിൽ കടൽക്ഷോഭങ്ങളും പുഴകൾ നിറഞ്ഞൊഴുകുന്ന വെള്ളപ്പൊക്കങ്ങളെയും പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെ പറ്റി വിവരിക്കുമ്പോഴും ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള പരാമർശങ്ങള്‍ കാണാന്‍ കഴിയില്ല. ആദ്യകാലത്ത് കേരളത്തിൽ വന്നുചേർന്ന പോർച്ചുഗീസുകാര്‍, ഡച്ച് പണ്ഡിതന്‍മാര്‍ തുടങ്ങിയവരുടെ വിവരണങ്ങളിലും ഉരുൾപൊട്ടൽ എന്ന പ്രകൃതി ആഘാതത്തിന്റെ സൂചനകളില്ല. എന്നാൽ 18-ാം നൂറ്റാണ്ടില്‍ ആരംഭിച്ച കൊളോണിയൽ കാലഘട്ടത്തോടെ ഭൂപ്രകൃതിക്ക് മേല്‍ സംഭവിച്ചു തുടങ്ങിയ കടന്നുകയറ്റങ്ങൾ സജീവമായതോടെയാണ് ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കേരളത്തിന്റെ ഭൂഉപയോഗ രീതികളില്‍ കാര്യമായ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങിയതും ഈ കാലഘട്ടത്തിലായിരുന്നു. കടുത്ത വനനശീകരണവും നാണ്യവിളകളുടെ കടന്നുകയറ്റവും കുടിയേറ്റങ്ങളും ചേർന്നായിരുന്നു ഇത്. വനമേഖലകൾ കൂട്ടമായി വെട്ടിമാറ്റി പ്ലാന്റേഷനുകളും നാണ്യവിള തോട്ടങ്ങളും ഉയര്‍ന്നുവന്നതോടെ ഉയർന്ന മേഖലകളിൽ നിന്നുള്ള ശക്തമായ മണ്ണൊലിപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിലുണ്ടായിട്ടുള്ള ഉരുൾപൊട്ടലുകളെ കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളെല്ലാം ഭൂഉപയോഗത്തില്‍ വന്നിട്ടുള്ള സാരമായ മാറ്റങ്ങളാണു ഉരുൾപൊട്ടൽ ആഘാതങ്ങളുടെ അടിസ്ഥാന കാരണം എന്ന് ഊന്നിപറയുന്നത് കാണാം. ഒരോ വർഷവും കൂടുതൽ ദുരന്തങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നമ്മുടെ നാശനഷ്ടങ്ങൾ വര്‍ധിക്കുകയും ചെയ്യുകയാണ്. ഭൂഉപയോഗ രീതിയില്‍ അത്രയും ഗുരുതരമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. ഇതുവരെ അനുഭവിച്ചതും ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ ദുരന്തങ്ങളേക്കാൾ കൂടുതൽ പ്രഹരശേഷിയുള്ള ദുരന്തങ്ങളുടെ മുന്നറിയിപ്പ് സൂചനകള്‍ കൂടിയാണവ.

വനമേഖലകൾ കൂട്ടമായി വെട്ടിമാറ്റി പ്ലാന്റേഷനുകളും നാണ്യവിള തോട്ടങ്ങളും ഉയര്‍ന്നുവന്നതോടെ ഉയർന്ന മേഖലകളിൽ നിന്നുള്ള ശക്തമായ മണ്ണൊലിപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിലുണ്ടായിട്ടുള്ള ഉരുൾപൊട്ടലുകളെ കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളെല്ലാം ഭൂഉപയോഗത്തില്‍ വന്നിട്ടുള്ള സാരമായ മാറ്റങ്ങളാണു ഉരുൾപൊട്ടൽ ആഘാതങ്ങളുടെ അടിസ്ഥാന കാരണം എന്ന് ഊന്നിപറയുന്നത് കാണാം.

കേരളത്തിലെ ഭൂപ്രകൃതിക്കകത്ത് വിവിധ ഘട്ടങ്ങളില്‍ ഉണ്ടായ മനുഷ്യപെരുപ്പത്തിന്‍റെ ഒരു കണക്കുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യന്റെ ക്രയവിക്രയ പെരുപ്പത്തിന്റെ കണക്ക്. കഴിഞ്ഞ 80 വർഷത്തിനുള്ളിൽ കേരളത്തിന്റെ തീരദേശത്തും സമതലങ്ങളിലും 306%മാണ് വര്‍ധന. അതേസമയം മലനാടുകളിലും മലകളുടെ താഴ്വാരങ്ങളിലും കൂടി 1342% ആണ് വര്‍ധന. ജനന നിരക്കിനെ അടിസ്ഥാനപെടുത്തിയ കണക്കല്ല ഇത്. മറിച്ച് ഭൂവിടങ്ങളിൽ ഉണ്ടായ മനുഷ്യ ഇടപാടുകളുടെയും ക്രയവിക്രയങ്ങളുടെയും വ്യാപനത്തിന്റെ കണക്കാണിത്. കുടിയേറ്റം ഒരു പ്രധാന കാരണമായി പറയുന്നുണ്ടെങ്കിലും അതിൽ മാത്രം ഒതുങ്ങുന്നതല്ല ഇടപാടുകളുടെ ഈ വ്യാപനം. ജനസംഖ്യാ വർധനവിനെ തുടര്‍ന്ന് ഭൂമിയുടെ ആവശ്യം കൂടിയത് മാത്രമല്ല ഇവിടെ സംഭവിച്ചിട്ടുള്ളത്. അതിഭീകരമായ പ്രകൃതിവിഭവ കൊള്ളയും കയ്യേറ്റങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും ഖനനങ്ങളും ഒരു നിയന്ത്രണവുമില്ലാത്ത ടൂറിസവും വർഷങ്ങളായി ഭൂമിയില്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്ന ചൂഷണത്തിന്‍റെ തിരിച്ചടിയാണ് അഥവാ പ്രകൃതിയോടുള്ള നമ്മുടെ ഒരുമിച്ചുള്ള ഇടപാടിന്റെ ഉപോല്‍പന്നങ്ങളാണ് ഈ ഉരുൾപൊട്ടലുകൾ. കൊളോണിയൽ കാലഘട്ടത്തിന് ശേഷം ഇത്ര നാള്‍ കഴിഞ്ഞിട്ടും ഒരോ തവണയും കൂടുതൽ വീര്യത്തോടെ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ ആവർത്തിക്കുന്നുണ്ടെങ്കിൽ കൊളോണിയലിസത്തിന്റെ തദ്ദേശീയമായ ഒരു ചട്ടക്കൂടിലാണ് നമ്മളിതുവരെ ഭൂമിയെയും മറ്റു പ്രകൃതിവിഭവങ്ങളെയും കൈകാര്യം ചെയ്തിരുന്നതെന്ന് പറയേണ്ടി വരും. നയങ്ങള്‍ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്ത ഭരണകൂടങ്ങൾക്കും രാഷ്ട്രീയ കക്ഷികൾക്കും അനുഭവങ്ങളിൽ നിന്ന് പഠിക്കാത്ത‌ ജനങ്ങൾക്കും അതിൽ തുല്ല്യപങ്കുണ്ട്.

അനിയന്ത്രിതമായ ഖനനങ്ങൾ, ജലാശയങ്ങളുടെയും കോള്‍നിലങ്ങളുടെയും നികത്തൽ, അറ്റമില്ലാത്ത നിര്‍മാണ പദ്ധതികള്‍ തുടങ്ങിയവ ഭൂഉപയോഗത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. ഖനനങ്ങളുടെ കാര്യമെടുക്കാം. കേരളത്തിൽ എത്രയിടങ്ങളില്‍ ഖനനം നടക്കുന്നുണ്ടെന്നതിന് കൃത്യമായ കണക്കില്ലെന്നാണ് സർക്കാർ പറയുന്നത്. ഒമ്പത് സർക്കാർ വകുപ്പുകളുടെ അനുമതി കിട്ടിയാൽ മാത്രം പ്രവർത്തിക്കാൻ കഴിയുന്ന ഒരു ‘വ്യവസായത്തെ’ പറ്റിയാണ് സർക്കാരിന്റെ ഈ നിലപാട്. എന്നാൽ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സജീവും ഡോ. അലക്‌സും ചേർന്ന്  നടത്തിയ പഠനം ഈ കണക്ക് വ്യക്തമാക്കി തരുന്നുണ്ട്. കേരളത്തിൽ ആകെ 5924 പാറമടകളുണ്ടെന്നും ഇത് ആകെ ഭൂവിസ്‌തൃതിയുടെ 7157 ഹെക്റ്റർ വരുമെന്നുമാണ് ഇവരുടെ പഠനം പറയുന്നത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ഖനനങ്ങൾ നടക്കുന്നത് പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്.

കേരളത്തിൽ എത്രയിടങ്ങളില്‍ ഖനനം നടക്കുന്നുണ്ടെന്നതിന് കൃത്യമായ കണക്കില്ലെന്നാണ് സർക്കാർ പറയുന്നത്. ഒമ്പത് സർക്കാർ വകുപ്പുകളുടെ അനുമതി കിട്ടിയാൽ മാത്രം പ്രവർത്തിക്കാൻ കഴിയുന്ന ഒരു ‘വ്യവസായത്തെ’ പറ്റിയാണ് സർക്കാരിന്റെ ഈ നിലപാട്. എന്നാൽ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സജീവും ഡോ. അലക്‌സും ചേർന്ന്  നടത്തിയ പഠനം ഈ കണക്ക് വ്യക്തമാക്കി തരുന്നുണ്ട്.

ഭൂമിയുടെ ഘടനാമാറ്റം, കാലാവസ്ഥാ വ്യതിയാനം, ജലവിതരണ സംവിധാനത്തിന്‍റെ നാശം എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ള കാര്യമാണ് കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സസ്യ നശീകരണം (Vegetation loss). ഖനനങ്ങളും, വനനശീകരണവും, മലമ്പ്രദേശം കയ്യേറിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളുമെല്ലാം സസ്യ നശീകരണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്. ആദ്യമേ ലോലമായ ഭൂമിയില്‍  ബലംപ്രയോഗിച്ചും കയ്യേറ്റം നടത്തിയും ഉള്ള ഖനന പ്രവർത്തങ്ങൾ ഭൂമിയെ കൂടുതൽ ദുര്‍ബലപ്പെടുത്തുകയും അസ്ഥിരമാക്കുകയും ചെയ്യുന്നു. കേരളത്തിന്റെ പശ്ചിമഘട്ട മേഖലകളിൽ നടക്കുന്ന  ഖനനങ്ങളെല്ലാം വലിയ അളവിൽ വനസസ്യ മേലാപ്പുകളെ നശിപ്പിക്കുന്നതും ഭൂമിയുടെ ഘടനയെ മുച്ചൂടും തകർക്കുന്നതുമാണ്. പശ്ചിമഘട്ട മലനിരകളിലും പശ്ചിമഘട്ടത്തിലെ തന്നെ കാടുകളിലും പെയ്യുന്ന മഴ പ്രകൃത്യായുള്ള നീര്‍ച്ചാലുകള്‍ വഴി ഒഴുകിയെത്തുന്നതാണ് കേരളത്തിലെ നദികൾ. താരതമ്യേന കൂടുതൽ മഴ പെയ്യുന്ന പശ്ചിമഘട്ട പ്രദേശങ്ങളിലെ മലമ്പ്രദേശങ്ങളിലും കാടുകളിലും പെയ്യുന്ന മഴ മുഴുവൻ അതേപടി ഒലിച്ചൊഴുകി വരാതിരിക്കാനുള്ള കാരണം മരത്തിൻറെ വേരുകളും മണ്‍പ്രതലവും വനസസ്യ മേലാപ്പുകളുമായിരുന്നു. മരത്തിന്റെ വേരുകളിലും മണ്ണിലും സസ്യമേലാപ്പുകളിലും തടഞ്ഞൊഴുകി നിശ്ചിത വേഗത്തിലായിരുന്നു മഴ ഭൂമിയില്‍ സഞ്ചരിച്ചിരുന്നത്.

വിഴിഞ്ഞം

വിഴിഞ്ഞം

ഭൂമിയുടെ ഉപയോഗത്തില്‍ വന്ന മാറ്റം പ്രസ്തുത ഘടനയെ ഇല്ലാതാക്കിയതിന്റെ അനന്തരഫലമാണ്  ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. പെയ്യുന്ന മഴയുടെ ഭൂമിയിലെ സഞ്ചാരത്തെ നിയന്ത്രിക്കുന്ന വ്യവസ്ഥയുടെ അഭാവത്തില്‍ മഴ അതിനു തോന്നും പോലെ ഭൂമിയില്‍ സഞ്ചരിക്കാൻ തുടങ്ങി. കൂടാതെ വഴിയിലുള്ള മണ്ണും ചെളിയും കല്ലും പാറയും  ഒക്കെ ഒഴുക്കി കൊണ്ടുവരാനും തുടങ്ങി. ഇടിച്ച് നിരത്തൽ മൂലമോ ഖനനത്താലോ കൂടുതൽ ദുര്‍ബലമായ പ്രതലത്തിലൂടെ ഈ ഒഴുക്കി കൊണ്ടുവരല്‍ എളുപ്പമായി. സസ്യ മേലാപ്പ് നഷ്ടപ്പെട്ട ഇടങ്ങളിൽ മഴ കുറച്ചു സമയം തുടര്‍ച്ചയായി പതിക്കുമ്പോള്‍ തന്നെ മണ്ണിനെ അടർത്തി മാറ്റി ഒഴുക്കി കൊണ്ടുവരാനും, പാറകൾക്ക് മുകളിലുള്ള വിടവുകളിലൂടെ പെയ്തിറങ്ങി മണ്ണിൽ നിന്ന് അവയെ അടർത്തി മാറ്റി ഒഴുക്കാനും എളുപ്പം കഴിയുന്നു. ഒഴുക്കിന്റെ ഊക്കിൽ വേരുപിടിച്ച മരങ്ങളെ പോലും പിഴുതെടുത്ത് കൊണ്ടുവരാനും കഴിയും. ഇതെല്ലാം കൂടെ ഒറ്റ ഊക്കിൽ മലമ്പ്രദേശത്ത് നിന്ന് താഴ്ന്ന പ്രദേശത്തേക്ക് പതിക്കുന്നു. മഴവെള്ളം കാലങ്ങളായി ഭൂമിയില്‍ സഞ്ചരിച്ചിരുന്ന നീര്‍ച്ചാലുകള്‍ ഇതിനകം തന്നെ നികത്തപ്പെടുകയോ രൂപം മാറ്റി ഉപയോഗിക്കപ്പെടുകയോ തടഞ്ഞുവെക്കപ്പെടുകയോ ചെയ്തതിനാല്‍ ഒഴുകി പരിചയിച്ച നീര്‍ച്ചാലുകളുടെ അഭാവത്തിൽ മഴവെള്ളം തോന്നും പോലെ സഞ്ചരിക്കുന്നു. കേരളത്തിൽ ഇതിനു മുൻപ് ഇതിനേക്കാൾ മഴ പെയ്ത സമയങ്ങൾ ഉണ്ടായിട്ടുണ്ട്. വെള്ളപ്പൊക്കങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ, പെയ്യുന്ന ഓരോ മഴക്കും ഉരുള്‍പൊട്ടുന്നതും വെള്ളം പൊന്തുന്നതും ഇപ്പോൾ മാത്രമാണ്.

മലമ്പ്രദേശത്തിന് സമാനമായ കാര്യങ്ങൾ തന്നെയാണ് താഴ്ന്ന പ്രദേശങ്ങളിലും സംഭവിക്കുന്നത്. വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യങ്ങളിൽ ആ വെള്ളത്തെ കൈകാര്യം ചെയ്യേണ്ട തണ്ണീര്‍തടങ്ങളുടെ അഭാവം കൊണ്ടാണ് പെയ്യുന്ന ഓരോ മഴയിലും വെള്ളപ്പൊക്കങ്ങളുണ്ടാകുന്നത്. തണ്ണീർതടങ്ങളും പാടങ്ങളും കായലുകളും ഒക്കെ നികത്തിയുള്ള ഭൂമിയുടെ ഉപയോഗം വെള്ളത്തിനു പരക്കാനും തടഞ്ഞു നില്‍ക്കാനുമുള്ള ഇടങ്ങളെയാണ് ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ കേരളത്തിന്റെ ഭൂപ്രകൃതിയില്‍ നിന്ന് അപ്രത്യക്ഷമായ കൃഷിനിലങ്ങളുടെ കണക്ക് ഭീതിപ്പെടുത്തുന്നതാണ്. അപ്രത്യക്ഷമാക്കപ്പെട്ട തണ്ണീര്‍തടങ്ങളില്‍ പരക്കേണ്ട വെള്ളമാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന്‍റെ കാരണം.

പശ്ചിമഘട്ടം

പശ്ചിമഘട്ടം

ദുരന്ത സമയത്ത് പരിസ്ഥിത പഠന ക്ലാസ് എടുക്കാൻ നാണമില്ലെ എന്നാണ് ചോദ്യം. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് പറയേണ്ടത്? ദുരന്തങ്ങളുടെ കെടുതി ഒന്നു തണുക്കുമ്പോൾ അനുഭവിച്ചവരല്ലാത്തവരെല്ലാം അത്   മറന്നു പോകുന്നു എന്നതിനേക്കാൾ വലിയ ദുരന്തം സംഭവിക്കാനില്ലല്ലോ! ‘ഇപ്പോൾ മിണ്ടാതിരിക്കൂ’ എന്നത് എന്തൊരു അശ്ലീലമാണ്‌. ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ഹർത്താലും അക്രമങ്ങളും നടത്തിയപ്പോഴും ഹെക്‌ടർ കണക്കിന് കാട് അഗ്നിക്കിരയാക്കിയപ്പോഴും നിശബ്ദത ആയിരുന്നല്ലോ നമ്മുടെ നിലപാട്. കൂടുതൽ ആഘാതങ്ങൾ ആവർത്തിക്കാതിരിക്കാനും കൂടുതൽ അപായങ്ങൾ കൊണ്ട് പരീക്ഷിക്കപ്പെടുന്നത് ഒഴിവാക്കാനും വേണ്ടിയാണ് ചില സന്ദർഭങ്ങളിൽ പിന്നെയും ഊന്നി പറയേണ്ടി വരുന്നത്. കേരളത്തിന്റെ ഭൂമി ഉപയോഗത്തില്‍ വന്നിട്ടുള്ള മാറ്റങ്ങൾക്കും അതിന്റെ പരിണിതഫലമായി ഭൂപ്രകൃതിക്ക് സംഭവിക്കുന്ന രൂപ/സ്വഭാവ വ്യതിയാനങ്ങൾക്കും ഭൂമിയുടെ മേലുള്ള അധികാരസ്ഥാപനവുമായി അഭേദ്യമായ ബന്ധമുണ്ട്. എത്ര ക്രൂരവും നിഷേധാത്മകവുമായാണ് കേരളം പരിസ്ഥിതി സമരങ്ങളെ സമീപിച്ചത്. അതുകൊണ്ട് നമുക്കെല്ലാവർക്കും പങ്കുള്ള കുറ്റകൃത്യങ്ങളാണ് ഈ പരിസ്ഥി അത്യാഹിതങ്ങളെന്ന് ഓർമിപ്പിച്ചുക്കൊണ്ടേയിരിക്കാൻ കൂടി വേണ്ടിയാണിത്.

വിഴിഞ്ഞം പദ്ധതിക്ക് വേണ്ട 70 ലക്ഷം ടൺ പാറ കണ്ടെത്താൻ ഖനന നിയമങ്ങളെ ബൈപാസ് ചെയ്തു കൊടുത്ത, ഭൂ/കൺസ്ട്രക്ഷൻ മാഫിയകൾക്ക് വേണ്ടി നെൽവയൽ തണ്ണീർതട നിയമത്തെ ഭേദഗതി ചെയ്ത അതേ രാഷ്ട്രീയ കക്ഷികൾ തന്നെ എത്ര പക്വതയോടെയാണ് ഈ ദുരന്തങ്ങൾ കൈകാര്യം ചെയ്തതെന്ന് നോക്കൂ. പറഞ്ഞ് ഞെളിഞ്ഞ് നില്‍ക്കാനുള്ള ഇവന്‍റുകളായി ദുരന്ത മുഖങ്ങൾ മാറുന്നു എന്നതാണ് മറ്റൊരു ദുരന്തം!

‘മുറിവേറ്റ മലയാഴം: കേരളത്തിലെ പാറമടകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങള്‍’ ( കേരളിയം പുസ്തകശാല, തൃശൂർ, 2017) എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ് ലേഖകൻ. ഇപ്പോൾ ഗുവാഹത്തിയിലെ ‘ടിസ്സി’ ൽ ഗവേഷണ വിദ്യാർഥിയാണ്. മലപ്പുറം പൊന്നാനി സ്വദേശി.

(ചിത്രങ്ങൾക്ക് കടപ്പാട്‍)

  • History of landslide susceptibility and chronology of landslide- prone areas in the western ghat of Kerala, Indian; Sekar L. Kuriakose, C. Muraleedharan, G.Sankar.
  • Assessing the earthquake hazard in Kerala based on the historical and current seismicity ; C.P. Rajendran.
  • Mapping of granite quarries in Kerala, India: A critical mapping initiative; T.V Sajeev, Alex C J.
Top