ഗസ്സാൻ കനഫാനി: ഒരു ഫലസ്തീനി എഴുത്തുകാരന്റെ ജീവിതം

അധിനിവേശ ശക്തിയായ ഇസ്രായേലിനോട്‌ സന്ധി സംഭാഷണം നടത്തുന്നതിന്റെ അസാധ്യതയെ ഊന്നിപ്പറഞ്ഞ എഴുത്തുകാരനാണ് കനഫാനി. “കത്തിയും കഴുത്തും തമ്മിലെ സംഭാഷണമാവും അത്” എന്നാണ് അദ്ദേഹം അതിനെക്കുറിച്ചു പറഞ്ഞത്. ഇസ്രായേലിനെതിരെ ബഹുമുഖമായ സമരങ്ങളിൽ ഏർപ്പെട്ടതിനൊപ്പം, ‘ചെറുത്തുനിൽപ്പ് സാഹിത്യം’ എന്ന സാഹിത്യ ശാഖക്ക് ഫലസ്തീനിൽ ശക്തമായ അടിത്തറ പാകാനും കനഫാനിക്കു കഴിഞ്ഞു.

ഗസ്സാൻ ഫായിസ് കനഫാനി 1936ൽ ഫലസ്തീനിലെ ബ്രിട്ടീഷ് മാൻഡേറ്റ് അധിനിവേശ കാലത്ത്, അഭിഭാഷകനായ ഫായിസിന്റെയും ഭാര്യ ഐഷ അൽ- സലീമിന്റെയും മകനായാണ് ഭൂജാതനായത്. തന്റെ മാതാപിതാക്കൾക്ക് ആകെയുണ്ടായിരുന്ന 8 മക്കളിൽ മൂന്നാമനായിരുന്നു കനഫാനി. ചെറുപ്പത്തിൽ യാഫയിലെ (ഇപ്പോൾ ജാഫ) ഫ്രഞ്ച് കാത്തലിക് മിഷനറി സ്കൂളായ ഡെസ് ഫ്രെറസിൽ പഠിച്ചെങ്കിലും അവിടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 1948ൽ വെറും 12 വയസ്സുള്ളപ്പോൾ ഫലസ്തീൻ ഭൂമി സയണിസ്റ്റ് സൈന്യം പിടിച്ചടക്കിയതു കാരണം കനഫാനികൾ പലായനം ചെയ്യാൻ നിർബന്ധിതരായി.

തന്റെ കുടുംബം ആദ്യമായി അടുത്ത രാജ്യമായ ലെബനാനിലും, പിന്നീട് സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും അഭയം തേടി. “ദ് ലാന്റ് ഓഫ് സാഡ് ഓറഞ്ചസ്” എന്ന ചെറു ഉപന്യാസത്തിലാണ് കനഫാനി തന്റെ ബാല്യകാല അനുഭവങ്ങളുടെ ഓർമകൾ പങ്കുവെച്ചത്.

ഡമസ്‌കസിൽ എത്തിയ കനഫാനി തന്റെ കുടുംബത്തെ പോറ്റാൻ ഒരു അച്ചടിശാലയിൽ ജോലി കണ്ടെത്തി. ഒരുപക്ഷേ ഒരു എഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പിന്നീടുള്ള കരിയറിലെ ചവിട്ടുപടിയായിരുന്നു അവിടം. രാത്രി കാലങ്ങളിൽ അദ്ദേഹം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതുമൂലം ഒരു ചിത്രകലാ അധ്യാപകനായി മാറുകയും ചെയ്തു. 1953ൽ യു.എൻ അഭയാർഥി ഏജൻസി സ്‌കൂളുകളിലാണ് ജോലി തുടങ്ങിയത്. ഈ സമയത്താണ് ഫലസ്തീനിയൻ വിപ്ലവ നേതാവ് ജോർജ്ജ് ഹബാഷിനെ കണ്ടുമുട്ടിയതിലൂടെ കൗമാരക്കാരനായ അദ്ദേഹം രാഷ്ട്രീയമായി കൂടുതൽ ബോധവാനാകുന്നത്.

ഗസ്സാൻ കനഫാനി

ഹബാഷ്, ലിഡ് (ലോഡ്) എന്ന സ്ഥലത്ത് നിന്നുള്ളയാളാണ്. കനഫാനിയെപ്പോലെ, ഇസ്രായേൽ സ്ഥാപിതമായ സമയത്ത് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യാൻ അദ്ദേഹവും നിർബന്ധിതനായി. അദ്ദേഹത്തിന്റെ അറബ് ദേശീയവാദവും വിപ്ലവകരമായ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവും കനഫാനിയുടെ ചിന്താമണ്ഡലത്തിൽ വലിയ സ്വാധീനം ചെലുത്തി. അൽ-റഅയ് (ദി ഒപിനിയൻ) പത്രത്തിൽ എഴുത്തു തുടങ്ങാൻ കനഫാനിയെ നിർബന്ധിച്ചത് ഹബാഷ് ആയിരുന്നു.

60കളുടെ തുടക്കത്തിൽ ഗറില്ലാ ഓപ്പറേഷനുകളും സിവിലിയൻ ലക്ഷ്യങ്ങൾക്കെതിരായ ബോംബിങ് ആക്രമണങ്ങളും വിമാന ഹൈജാക്കിങ്ങുകളും ഉപയോഗിച്ച് ഇസ്രായേലിനെ ലക്ഷ്യമിട്ട് സൈനിക വിഭാഗം വിപ്ലവ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) സ്ഥാപിച്ചു. കനഫാനി ഗ്രൂപ്പിന്റെ വക്താവായും അതിന്റെ ആഴ്ചപ്പതിപ്പായ അൽ-ഹദാഫിന്റെ എഡിറ്ററായും പ്രവർത്തിച്ചു.

ഒരു ഫ്രഞ്ച് സ്‌കൂളിൽ പഠിക്കുന്ന സമയമായതു കൊണ്ടാകാം അറബി ഭാഷയിൽ “ദുർബലമായ ഗ്രാഹ്യം മാത്രമുള്ള” വ്യക്തിയായി ഫലസ്‌തീനിയൻ പത്രപ്രവർത്തകനായ റസ്സെം അൽ-മധൂൻ തന്റെ ആദ്യകാലങ്ങളിൽ കനഫാനിയെ വിശേഷിപ്പിച്ചിരുന്നുത്.

ജോർജ് ഹബാഷ്

ഇതു തിരിച്ചറിഞ്ഞ കനഫാനി ഡമസ്കസ് സർവകലാശാലയിൽ ചേർന്ന് അറബി സാഹിത്യം പഠിക്കാൻ തീരുമാനിച്ചു. 1957 ആയപ്പോഴേക്കും കനഫാനി തന്റെ ആദ്യ ചെറുകഥയായ “ഒരു പുതിയ സൂര്യൻ” പ്രസിദ്ധീകരിച്ചു. പിന്നീടുള്ള ഹ്രസ്വവും ശ്രദ്ധേയവുമായ എഴുത്തു ജീവിതത്തിലാണ് ഗൾഫിൽ ജോലി അന്വേഷിക്കുന്ന ഫലസ്തീനിയൻ തൊഴിലാളികളെ ആസ്പദമാക്കുന്നതും ലൈംഗികത, പൗരുഷം, വേരുകളില്ലാത്ത പ്രമേയങ്ങൾ തുടങ്ങിയവ അന്വേഷിക്കുന്ന കഥയായ “മെൻ ഇൻ ദ സൺ” ഉൾപ്പെടെയുള്ള അറബ് ലോകത്തെ ഏറ്റവും പ്രശസ്തമായ ഫിക്ഷൻ സൃഷ്ടികൾ ആ തൂലികയിൽ നിന്നും ലിഖിതമായി.

“റിട്ടേൺ ടു ഹൈഫ” എന്ന ചെറുകഥയിൽ ഫലസ്തീനിയൻ ദമ്പതികൾ 1948ൽ പുറത്താക്കപ്പെട്ട വീട്ടിലേക്ക് പലായനം ചെയ്തപ്പോൾ കാണാതായ കുഞ്ഞിനെ തേടി തിരികെ വരുന്നു. അവർ വീട്ടിലെത്തുകയും കുട്ടിയെ ദത്തെടുക്കുകയും ഒരു ഇസ്രായേലി ജൂതനായി വളർത്തുകയും ചെയ്ത ഇസ്രായേലി ദമ്പതികൾ ഇപ്പോൾ അവിടെ താമസിക്കുന്നുണ്ടെന്ന് അവർ കണ്ടെത്തുന്നു. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം പരിചിതമായവർ എങ്ങനെ വിചിത്രമായിത്തീരും എന്നതിന്റെ പ്രകടനമാണ് ഈ കൃതി. ഭാവിയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ ഇസ്രായേലികളുമായുള്ള പരിഹരിക്കാനാകാത്ത ഏറ്റുമുട്ടലിൽ കെട്ടിക്കിടക്കുന്നതിനെ പ്രതീകവത്കരിക്കുന്നു.

അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളായി മാറിയ കനഫാനിയുടെ പരിവർത്തനത്തെക്കുറിച്ച് സംസാരിച്ച മധൂൻ ഇങ്ങനെ എഴുതി: “അദ്ദേഹം ഭാഷയുടെ ഏറ്റവും മനോഹരമായ ഭാവങ്ങൾ മനസ്സിലാക്കുകയും അറബി ഭാഷയിലെ തന്നെ ഏറ്റവും ആകർഷകമായ എഴുത്തുകാരിൽ ഒരാളായി മാറുകയും ചെയ്തു.”

1960ൽ ബെയ്‌റൂത്തിലേക്ക് മാറുന്നതിന് മുൻപ് കനഫാനി കുവൈറ്റിൽ താമസിച്ചിരുന്നു. അവിടെ ഫലസ്തീൻ സമരത്തെക്കുറിച്ച് കൂടുതലറിയാൻ മിഡിൽ ഈസ്റ്റിൽ ഉണ്ടായിരുന്ന ഡാനിഷ് പ്രവർത്തകയായ (പിന്നീട്) തന്റെ ഭാര്യ ആയിത്തീർന്ന ആനി ഹോവറിനെ കണ്ടുമുട്ടി.

1961ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ഫയസ് എന്ന മകനും ലൈല എന്ന മകളും. കനഫാനിക്ക് സമർപ്പിച്ച “എന്റെ ഭർത്താവ് എന്റെ ടീച്ചർ” എന്ന തന്റെ പുസ്തകത്തിൽ ഹോവർ എഴുതുന്നു: “പത്ത് വർഷങ്ങൾക്ക് മുൻപ് ഞാൻ ലെബനാനിൽ വന്നത് ഫലസ്തീൻ പ്രശ്നം പഠിക്കാനാണ്. നിന്നിൽ ഞാൻ ഫലസ്തീനെ കണ്ടെത്തി ഞങ്ങളുടെ വിവാഹത്തിലൂടെ ഞാൻ ഫലസ്തീനിന്റെ ഭാഗമായി.”

1972 മെയ് 30ന് പി.എഫ്.എൽ.പിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ജാപ്പനീസ് റെഡ് ആർമിയിലെ മൂന്ന് അംഗങ്ങൾ ലോഡ് എയർപോർട്ടിൽ (പിന്നീട് ബെൻ-ഗുറിയോൺ എയർപോർട്ട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) യാത്രക്കാർക്ക് നേരെ വെടിയുതിർത്തത് കാരണം 26 പേർ കൊല്ലപ്പെട്ടു. അക്രമികളിൽ രണ്ടുപേരും കൊല്ലപ്പെടുകയുണ്ടായി. എന്നാൽ കോസോ ഒകമാറ്റോയെ ഇസ്രായേൽ അധികാരികൾ അറസ്റ്റു ചെയ്ത് ജയിലിലടച്ചു.

കനാഫാനി സ്വയം അക്രമത്തിൽ പങ്കെടുത്തില്ലെങ്കിലും ഇസ്രായേലിനെതിരായ ആക്രമണങ്ങളുടെ വക്താവായിരുന്നു. ചർച്ചകൾ എന്ന ആശയം തന്നെ അദ്ദേഹം നിരസിച്ചു. എന്തുകൊണ്ടാണ് ഫലസ്തീനികൾ ഇസ്രായേലികളോട് “സാധാരണയായി സംസാരിക്കാത്തത്” എന്ന് ചോദിച്ചപ്പോൾ, “ആരോടാണ് സംസാരിക്കേണ്ടത്? വാളും കഴുത്തും തമ്മിലുള്ള സംഭാഷണമാണിത്.” കൂട്ടക്കൊലക്കു ശേഷം ഇസ്രായേലിന്റെ മൊസാദ് രഹസ്യാന്വേഷണ ഏജൻസി പി.എഫ്.എൽ.എഫ് അംഗങ്ങളെ ലക്ഷ്യം വെക്കാൻ തീരുമാനിച്ചു.

1972 ജൂലൈ 8ന് ബെയ്റൂത്തിൽ 36കാരനായ കനഫാനിയും 17കാരിയായ മരുമകൾ ലമീസ് നജിമും തന്റെ വാഹനമായ ഓസ്റ്റിൻ 1100ൽ കയറി. ഇഗ്നിഷൻ ഓണാക്കിയ അദ്ദേഹം യഥാർഥത്തിൽ ഒരു കാർ ബോംബ് ഓണാക്കുകയായിരുന്നു. അത് ഉടൻ തന്നെ പൊട്ടിത്തെറിക്കുകയും അവർ കൊല്ലപ്പെടുകയുമുണ്ടായി. കൊലപാതകത്തിന്റെ ഉത്തരവാദിത്തം പിന്നീട് മൊസാദ് ഏറ്റെടുത്തു.

ഫലസ്തീൻ-അറബ് ലോകത്തെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളെന്ന നിലയിൽ കനാഫാനി വിശിഷ്യമായ പാരമ്പര്യം അവശേഷിപ്പിച്ചാണ് മൃതിയടഞ്ഞത്. മാത്രമല്ല പ്രദേശത്തുടനീളമുള്ള സ്കൂളുകളും സാംസ്കാരിക സംഘടനകളും അദ്ദേഹത്തിന്റെ പേരിലാണ്.

ഇസ്രായേലിൽ അദ്ദേഹത്തെ ഒരു തീവ്രവാദിയായാണ് ഓർക്കുന്നത്. എന്നാൽ ഫലസ്തീനികൾ അദ്ദേഹത്തിന്റെ സാഹിത്യ വൈദഗ്ധ്യത്തിനും അവരുടെ പോരാട്ടത്തിന്റെ ആർദ്രമായ ചിത്രീകരണത്തിനും അദ്ദേഹത്തെ പ്രകീർത്തിക്കുകയാണ്. “പ്രതിരോധ സാഹിത്യം” എന്ന ആശയം വികസിപ്പിക്കാൻ സഹായിച്ച മറ്റ് ഫലസ്തീനിയൻ എഴുത്തുകാർക്ക് അദ്ദേഹത്തിന്റെ കഥകൾ അടിത്തറ പാകി.

ലെബനനിലെ ദ ഡെയ്‌ലി സ്റ്റാർ പത്രം അതിന്റെ ചരമവാർത്തയിൽ കനഫാനിയെ “തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലാത്ത, ഒരു ബോൾപോയിന്റ് പേന ആയുധമാക്കിയ കമാൻഡോ” എന്ന് വിശേഷിപ്പിച്ചു.

മൊഴിമാറ്റം: നിയാസ് അലി

കടപ്പാട്: middleeasteye

Top