കൊച്ചി-മുസ്‌രിസ് ബിനാലെ: കാഴ്ച്ചയും വ്യവഹാരവും

രാജ്യത്തെ വ്യത്യസ്ത വേദികളിലായി ഇൻഡ്യൻ കലാസൃഷ്ടികളുടെ പ്രചാരവേല അരങ്ങേറിയെങ്കിലും, ‘കൊച്ചി മുസിരിസ് ബിനാലെ’ എന്ന നവ സംരംഭത്തിലൂടെയായിരുന്നു ഇൻഡ്യൻ കലാപാരമ്പര്യം ആഗോള ശ്രദ്ധ കൈവരിക്കുന്നത്. ഇൻഡ്യയുടെ സമീപകാല ചരിത്രത്തിൽ അത് നടത്തുന്ന സമൂലമായ രാഷ്ട്രീയ നവീകരണവും അന്തർദേശീയ പശ്ചാത്തല രൂപീകരണത്തിനുള്ള ഭരണകൂട ശ്രമങ്ങളും അവയുണ്ടാക്കുന്ന സ്വാധീനത്തിന്റെ പ്രതിഫലനങ്ങളാണ്. അബൂബക്കർ എം.എ എഴുതുന്നു.

1991ലെ രാഷ്ട്രീയ-സാമ്പത്തിക തിരിച്ചടികൾ സൃഷ്ടിച്ച സമ്മർദങ്ങളുടെ ഫലമായാണ് സാമ്പത്തിക ഉദാരവൽക്കരണം എന്ന പുതുപരീക്ഷണത്തിന് ഇൻഡ്യൻ ഭരണകൂടം മുന്നിട്ടിറങ്ങുന്നത്. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ നവ ആവിഷ്കാരത്തിന്റെ ഒട്ടനവധി പ്രത്യാഘാതങ്ങൾ പ്രകടമായെങ്കിലും, ആഗോള സ്വതന്ത്ര വിപണിയുടെ സാധ്യതകൾ തേടിയുള്ള ദേശീയ സമ്പദ് വ്യവസ്ഥയുടെ അന്വേഷണം, സമകാലിക ഇൻഡ്യൻ കലകളുടെ ആഗോളവൽക്കരണത്തെ യഥാസമയം സാംസ്കാരികമായും സാമ്പത്തികമായും സഹായിച്ചു. ആപേക്ഷികമെന്നോണം, സമകാലിക ഇൻഡ്യൻ കലകളുടെ ഒരു അന്തർദേശീയ തലത്തെ നിർവചിക്കാൻ ഉതകുന്ന തരത്തിലേക്ക് സ്ഥിതിഗതികൾ രൂപാന്തരപ്പെട്ടു.

രാജ്യത്തെ വ്യത്യസ്ത വേദികളിലായി ഇൻഡ്യൻ കലാസൃഷ്ടികളുടെ പ്രചാരവേല അരങ്ങേറിയെങ്കിലും, ‘കൊച്ചി മുസിരിസ് ബിനാലെ’ എന്ന നവ സംരംഭത്തിലൂടെയായിരുന്നു ഇൻഡ്യൻ കലാപാരമ്പര്യം അതിന്റെ ആഗോള ശ്രദ്ധ കൈവരിക്കുന്നത്. ഇൻഡ്യയുടെ സമീപകാല ചരിത്രത്തിൽ അത് കണ്ടെത്തുന്ന സമൂലമായ രാഷ്ട്രീയ നവീകരണവും അന്തർദേശീയ പശ്ചാത്തല രൂപീകരണത്തിനുള്ള ഭരണകൂട ശ്രമങ്ങളും അവയുണ്ടാക്കുന്ന സ്വാധീനത്തിന്റെ പ്രതിഫലനങ്ങളാണ്. എന്നാൽ, ബിനാലെയുടെ രൂപഘടനയെപ്പറ്റിയുള്ള വർദ്ധിച്ചുവരുന്ന വിമർശനാത്മക വ്യവഹാരങ്ങളും, ഈ ആഗോള കലാമേളയുടെ ആതിഥേയത്വം വഹിച്ചതിലൂടെ ഇൻഡ്യ ഉയർത്തിയ വൈരുദ്ധ്യാത്മക സമീപനങ്ങളും വിരോധാഭാസങ്ങളും നമുക്ക് മറുവശത്ത് കാണുവാൻ കഴിയും.

ഈ വർഷത്തെ ബിനാലെ അതിന്റെ അവസാന ഘട്ടത്തിലേക്കടുക്കുന്ന വേളയിൽ, അവ പറഞ്ഞുവെക്കുന്ന വൈവിധ്യമാർന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നിർവചനങ്ങളെ പഠനവിധേയമാക്കുക എന്നത് അത്യധികം പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറുന്നുണ്ട്.

കോവിഡ് കാലത്തെ പ്രതിസന്ധികളാൽ നീണ്ട നാലു വർഷങ്ങൾക്കു ശേഷം ആദ്യത്തെ ബിനാലെയാണ് ഈ വർഷം അരങ്ങേറിയത്. യാത്രയുടെ സാധ്യതകൾ മങ്ങിയതോടെ നഷ്ടമായിത്തീർന്നത് ഒട്ടനവധി കലാ അനുഭവങ്ങളാണ്. കച്ചവട സാധ്യതകൾക്കായി ‘ബാസിൽ ആർട്സ്’ പോലുള്ള ആർട്ട് ഗാലറികൾ പുതിയ ഓൺലൈൻ പദ്ധതികൾ ആവിഷ്കരിച്ചിരുന്നുവെങ്കിലും, അതിന്റെ ഉദ്ദേശ്യപൂർണതയിലെത്താതെ മടങ്ങുന്ന കാഴ്ചയ്ക്കാണ് കലാലോകം സാക്ഷ്യം വഹിച്ചത്. അതുമാത്രമല്ല, ഡിജിറ്റൽ സ്പേസ് ഉണ്ടാക്കിയെടുത്ത പ്രലോഭനീയമായ പര്യവേഷണം ഒട്ടുമിക്ക കലാകാരന്മാരെയും പ്രതിസന്ധിയിലാക്കിയിരുന്നു.

ഉദാഹരണത്തിന്, രാഷ്ട്രീയമായ ഇടപെടലുകൾ കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രൂപത്തിലുള്ളതായി മാറി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആഗോളവൽക്കരണത്തിന്റെ വിവിധ സാധ്യതകളെ മുതലെടുത്തുകൊണ്ട് ഏറ്റവുമധികം ജനശ്രദ്ധ നേടിയ ഒരു മേഖലയാണ് കലാലോകം. വലിയ രീതിയിലുള്ള നിക്ഷേപങ്ങൾ, കച്ചവട സാധ്യതകളോടുകൂടിയുള്ള കലാസൃഷ്ടികൾ, സാംസ്കാരിക സാമ്പത്തിക പദ്ധതികളുടെ ഭാഗമായിട്ടുള്ള മ്യൂസിയങ്ങൾ, വ്യത്യസ്ത കലാകാരന്മാർ ഒരുമിച്ചു കൂടുന്ന ഔദ്യോഗിക പദ്ധതികൾ, മുന്നൂറിൽപരം ബിനാലകൾ തുടങ്ങിയവ അതിന് കാരണമായി. ഇവയിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ലോകത്തിെന്റെ വ്യത്യസ്ത മേഖലകളിൽ അരങ്ങേറുന്ന ബിനാലെകൾ.

സാധാരണ ജനങ്ങളുടെ പോലും സ്വീകരണം കലയിലേക്ക് തിരിച്ചുവിടുന്ന ഒരു ആവിഷ്കാരം കൂടിയാണിത്. ഉദാഹരണത്തിന്, ചിലിയുടെ കലാലോകത്ത് വിപ്ലവ സാന്നിധ്യമായി, വലിയ രീതിയിലുള്ള രാഷ്ട്രീയ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഒരു കവിയാണ് റൗൾ സൂറിത്ത. 2016ൽ കൊച്ചിയിൽ നടന്ന മുസിരിസ് ബിനാലെയിൽ യുദ്ധക്കെടിതിയുടെയും പാലായന പ്രതിസന്ധികളെയും ഉൾപ്പെടുത്തിക്കൊണ്ട് വലിയൊരു ഇൻസ്റ്റലേഷൻ അദ്ദേഹം അവതരിപ്പിച്ചിരുന്നു. നിരവധി ദിവസം കേരളത്തിൽ ചെലവഴിച്ചതിനുശേഷം അദ്ദേഹം തന്റെ നാട്ടിലേക്ക് മടങ്ങി. അതിനുശേഷം 2018ൽ തന്റെ ആരോഗ്യ പ്രശ്നങ്ങളൊന്നും വകവെക്കാതെ ആശാൻ പുരസ്കാരം ഏറ്റുവാങ്ങാൻ വേണ്ടി ഭാര്യയുമൊത്ത് കേരളത്തിൽ വീണ്ടുമെത്തി. പലായനത്തിന്റെ ദുരിതം ലോകത്തോട് വിളിച്ചു പറഞ്ഞ്, കടൽത്തീരത്ത് മരണമടഞ്ഞ സിറിയൻ ബാലനായ ഐലൻ കുർദിയായിരുന്നു ആ കലാസൃഷ്ടിയുടെ പ്രമേയം. ഒരു വലിയ വെയർഹൗസിനുള്ളിൽ, കടലിലെ ഉപ്പുവെള്ളം നിറച്ചുക്കൊണ്ട് ചെയ്ത ആ കലാസൃഷ്ടിയിൽ സൂറിത്ത നനഞ്ഞു നിൽക്കുന്ന രംഗം 2016ൽ കലാലോകം കണ്ട ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്നായിരുന്നു.

റൗൾ സൂറിത്ത ബിനാലെയിൽ

ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നെത്തിയവർ അതേ ഉപ്പുവെള്ളത്തിൽ നനഞ്ഞു നിന്നുകൊണ്ട് നിഷ്ക്രൂരമായ യുദ്ധക്കെടുതികൾക്കെതിരെ പ്രതിഷേധമറിയിക്കുകയുണ്ടായി. ആഗോളാടിസ്ഥാനത്തിലുള്ള കൊടുക്കൽ-വാങ്ങലുകളുടെ ഒരു സർഗവേദിയാണ് ഓരോ മുസ്‌രിസ് ബിനാലകളും. ഏതു മഹാമാരിയെയും മറികടക്കുവാനുള്ള മാനവിക സമൂഹത്തിന്റെ ആവേശമാണ് ഇത്തവണത്തെ ബിനാലെ മുദ്രാവാക്യത്തിൽ തന്നെ ഉൾക്കൊണ്ടിരിക്കുന്നത്. “നമ്മുടെ സിരകളിലൊഴുകുന്നത് മഷിയും തീയും”- മഹാമാരിക്കാലത്തെ ദുരിത യാഥാർത്ഥ്യങ്ങളെ അതിജയിച്ച കലാസമൂഹത്തിന്റെ പ്രതീക്ഷയത്രയും അതിൽ അടങ്ങിയിരിക്കുന്നുവെന്ന് ഇപ്രാവശ്യത്തെ ബിനാലെ ക്യൂറെറ്റർ ഷുബിഗി റാവു പറയുന്നു. പ്രതിബന്ധങ്ങളെ നിഷ്പ്രഭമാക്കി, കലയുടെ അതിർവരമ്പുകളെ ഭേദിച്ച്, പ്രതീക്ഷയുടെ പാതകൾ തുറക്കുന്നതാണ് ബിനാലയിലെ ഓരോ കലാസൃഷ്ടികളും.

വിവിധങ്ങളായ സാമൂഹിക വ്യവഹാരങ്ങളെ കൈകാര്യം ചെയ്യുന്ന ഇൻസ്റ്റലേഷനുകൾക്കും പെയിന്റിങ്ങുകൾക്കും ശില്പങ്ങൾക്കും പുറമേ ഡിജിറ്റൽ കലാസൃഷ്ടികളും കലാപ്രേമികൾക്ക് വേണ്ടി ഇപ്രാവശ്യം സംഘാടകർ ഒരുക്കിയിട്ടുണ്ട്. പുതിയ കാഴ്ചകളും, ചിന്തകളും, കാഴ്ചപ്പാടുകളും വിഭാവന ചെയ്യുന്ന ബിനാലയുടെ മുഖ്യവിഷയകമായി വർത്തിക്കുന്നത് കുടിയേറ്റ പ്രതിസന്ധികളും, സ്വത്വ രാഷ്ട്രീയവും, വിഭജന ആശങ്കകളും, മഹാമാരി കെടുതികളും, ജെൻഡർ വ്യവഹാരങ്ങളുമൊക്കെയാണ്. കുടിയേറ്റ പ്രതിസന്ധികളെ വരച്ചു കാണിക്കുന്ന ഒരുപാട് ചിത്രീകരണങ്ങളുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് എസ്.എൽ പരാഷറിന്റെ ഇൻസ്റ്റലേഷൻസ്.

വിഭജനത്തിന്റെ പ്രക്ഷുബ്ദ്ധമായ ആഴ്ചകളിൽ, കലാപത്തിൽ നിന്ന് രക്ഷ നേടാൻ തന്റെ കുടുംബവുമൊത്ത് സ്വദേശമായ മുസോറിയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള അവസാന ട്രെയിനുകളൊന്നിൽ അദ്ദേഹം കയറി. മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട്, അംബാലയിലെ ബൽദേവ് നഗറിലെ അഭയാർഥി ക്യാമ്പിലെത്തിയ പരാഷർ തന്റെ അനുഭവങ്ങളെ മനോഹരമായ ശിൽപങ്ങളും ഹൃദയസ്പർശിയായ ഡ്രോയിങ്ങുകളുമാക്കി മാറ്റി. മുറിച്ചെടുത്ത ഭൂപടഭാഗങ്ങളെ ഒരു തോൽസഞ്ചിയുടെ രൂപത്തിലേക്ക് പരാവർത്തനം ചെയ്ത നിലയിലാണ് മോന ഹാതുമിന്റെ “അൺടൈറ്റിൽഡ്” എന്ന സൃഷ്ടി പ്രദർശിപ്പിച്ചിരിക്കുന്നത്. അതിലോലമായ ദുർബലതയെ എടുത്തു കാട്ടുകയും, സർവ്വലൗകികതയെ ഗാർഹികതയുമായി ചേർത്തുവെക്കുകയും ചെയ്യുന്നുവെന്നതാണ് ഈ കലാസൃഷ്ടിയുടെ പ്രത്യേകത.

അൺടൈറ്റിൽഡ്

അഭയാർഥികളുടെ യാത്രാസമാനങ്ങളടങ്ങിയ രണ്ടു പെട്ടികൾ 1947ൽ പുതിയ അതിരുകൾ മുറിച്ചു കടന്നതുമായി ബന്ധപ്പെടുത്തി ഈ ഭാവാത്മക സൃഷ്ടിയെ ചേർത്തു വായിക്കാവുന്നതാണ്. പിന്നീട് കടന്നുവരുന്ന ഒരു വിഷയമാണ് സ്വത്വ പ്രതിസന്ധിയെന്നുള്ളത്. ദിവൻ പിത സാഹയുടെ “ട്രെയിൽ ഓഫ് ബ്ലഡ്” മതത്തിന്റെ അടിസ്ഥാനത്തിൽ ഇൻഡ്യൻ സമൂഹത്തിലേക്ക് ഇഴയുന്ന ധ്രുവീകരണത്തെ പ്രതിഫലിപ്പിക്കുന്നു. നഗരത്തിന്റെയും നഗര നിവാസികളുടെയും കൂട്ടായ ഓർമകളെ ദൃശ്യവൽക്കരിക്കുവാനുള്ള ശ്രമമാണിത്. പലപ്പോഴും ഈ ഓർമകൾ രാജ്യത്തിന്റെ സ്വത്വബോധത്തെയും ഹിംസാത്മകമായ ധ്രുവീകരണ യുക്തിയെയും വരച്ചു കാണിക്കുന്ന ഭൂതകാല സ്മരണകളാണ്. 1946ലെ കൽക്കട്ട കൊലപാതങ്ങൾ, ഒരു തലമുറയിൽ നിന്നും മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ജീവനുള്ള ഓർമകളുടെ ഒരു വസ്തുവാണ്. വിസ്മരിക്കപ്പെട്ട ചരിത്രത്തിന്റെ, പറയാത്ത കഥകളുടെ ഒരു ആർക്കൈവാണ് സാഹയുടെ കലാസൃഷ്ടികൾ. ഈ നാടിന്റെ വിഭജന വേദനയിലൂടെ കടന്നുപോയി അതിന്റെ അനന്തരഫലങ്ങൾക്കൊപ്പം ഇപ്പോഴും ജീവിക്കുന്നവർക്കുള്ള ആദരാഞ്ജലികളാണിത്. സെബാസ്റ്റ്യൻ ആന്റോയുടെ “El Otono” (The Autumn) സ്ഥാനചലനത്തെ തുടർന്നുള്ള ഐഡൻറിറ്റി ചർച്ചകൾക്കും ചോദ്യങ്ങൾക്കുമുള്ള പ്രവേശികയാണ്.

ഇന്ന് യൂറോപ്പിലെ അഭയാർഥി പ്രതിസന്ധികൾക്ക് മുഖ്യ കാരണമായി കണക്കാക്കപ്പെടുന്നത് ഭയാനകമായ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന നിർബന്ധിത കുടിയേറ്റമാണ്. 1973 സെപ്റ്റംബർ 11ന് ജനറൽ അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തിലുള്ള സംഘം ഒരു പൗര-സൈനിക അട്ടിമറിയിലൂടെ ചിലിയുടെ നിയന്ത്രണം പിടിച്ചെടുത്തു. സാൽവഡോർ അമൻഡെയുടെ “ചിലിയൻ റോഡ് ടു സോഷ്യലിസം” എന്ന പ്രത്യയശാസ്ത്രത്തെ നാമാവശേഷമാക്കികൊണ്ട് പിനാഷെ ഭരണകൂടം ചിലിയൻ ജനതയ്ക്കെതിരെ വിപുലമായ രീതിയിലുള്ള ഭീകര പ്രവർത്തനമാരംഭിച്ചു. തട്ടിക്കൊണ്ടുപോകൽ, ഏകപക്ഷീയമായ അറസ്റ്റുകൾ, പീഡന പരമ്പരകൾ, വധശിക്ഷകൾ, നിർബന്ധിത നിരോധാനങ്ങളെന്നിവയുൾപ്പടെ വ്യാപകമായ ഭരണകൂട ക്രൂരതകൾ അഴിച്ചുവിട്ടു. ചിലിയൻ ജനതയുടെ സ്വത്വരാഷ്ട്രീയത്തിന്റെയും നിർബന്ധിത സ്ഥാനചലനങ്ങളുടെയും ദൃശ്യാവിഷ്കാരമാണ് “The Autumn”. ഇൻഡ്യയിൽ അരങ്ങേറുന്ന ജാതീയടിസ്ഥാനത്തിലുള്ള തൊഴിൽ വിവേചനത്തിലേക്ക് വെളിച്ചം വീശുന്ന ആവിഷ്കാരമാണ് പളനി കുമാറിന്റെ “ഔട്ട് ഓഫ് ബ്രീത്ത്” . 2013ലെ കരകൃത തോട്ടിപ്പണി നിരോധന നിയമവും അവരുടെ പുനരധിവാസ നിയമവുമനുസരിച്ച് ഇൻഡ്യയിൽ പൂർണമായും അവ നിരോധിച്ചിരുന്നു. എന്നിരുന്നാലും, താഴ്ന്ന ജാതികളിൽ നിന്നുള്ള ആളുകളെ സർക്കാർ സജീവമായി ഈ തൊഴിലിലേക്ക് നിയമിക്കുകയും അവരെ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു. നിലനിൽപ്പിന് യാതൊരു മാർഗവുമില്ലാതെ ഈ ജോലികളിൽ ഏർപ്പെടാൻ ഇക്കൂട്ടർ നിർബന്ധിതരുമാകുന്നു. എല്ലാ പൗരന്മാർക്കും ആരോഗ്യകരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും ഇത്തരം ശ്രേണീയമായ സമ്പ്രദായങ്ങൾ അതിന്റെ കെട്ടുറപ്പിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. ജാതി വ്യവസ്ഥ മൂലമുണ്ടാകുന്ന അസമത്വങ്ങൾ പരിഹരിക്കാൻ ഒരു സംവരണ സമ്പ്രദായം നിലനിൽക്കുന്നുണ്ടെങ്കിലും നയരൂപീകരണവും ഉദ്യോഗസ്ഥ വൃന്ദവും ഹിംസാത്മക ഭരണകൂടത്തിന്റെ കയ്യാളുകളായി വർത്തിക്കുന്ന പ്രതിലോമകരമായ പ്രവണതയാണ് ഇന്ന് നിലവിലുള്ളത്.

എൽ ഒട്ടോണോ

സമ്മിശ്രമായ പ്രതികരണങ്ങളും വിമർശനങ്ങളും വ്യത്യസ്ത വിഭാഗങ്ങൾ ഉയർത്തിയ ആശങ്കകളും ഇവിടെ പരാമർശിക്കേണ്ടതുണ്ട്. ഇൻഡ്യൻ കലാ വ്യവഹാരത്തിന്റെ ഈറ്റില്ലമായ കൊച്ചി ബിനാലെയുടെ ജനായത്തവൽക്കണത്തെക്കുറിച്ചും ഗ്രാമ്യവൽക്കരണത്തെക്കുറിച്ചും വിമർശന വീക്ഷണങ്ങൾ വിവിധ ജനവിഭാഗങ്ങൾക്കിടയിലുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ, വൈരുദ്ധ്യാത്മക വ്യവഹാരങ്ങൾ ചിത്രീകരിക്കുന്നതായി കാണാം. പ്രധാനമായും, സ്ത്രീ ജീവിത സംബന്ധിയായ വിഷയത്തിൽ. സ്ത്രീയുടെ ഗാർഹിക ജീവിതത്തെ മുൻ ധാരണകളുടെ അടിസ്ഥാനത്തിൽ അമിതമായി വക്രീകരിക്കുന്ന ഇല്ലസ്റ്റേഷനുകളും വ്യത്യസ്ത പഠനങ്ങളും.

മുംബൈയിൽ നിന്നുള്ള ആയുഷ് പാഞ്ചാൽ എന്ന കലാകാരന്റെ പഠനങ്ങൾ ഇത്തരത്തിലുള്ള ഒന്നാണ്. സ്ത്രീയുടെ വീടെന്ന ആശയത്തിലേക്കും അതിലെ ഇടങ്ങൾ, ജീവിത സംസ്ക്കാരം, ഗാർഹികത എന്നിവയിലേക്കും അവ കടന്നുചെല്ലുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയമാണെങ്കിലും, ഗാർഹികത എന്ന വ്യാവഹാരിക ഇടത്തെ വികൃതമാക്കുന്നതിലൂടെ അതിനെ പൂർണമായി നിഷേധിക്കുന്ന ഒരു ചിന്താമണ്ഡലം രൂപപ്പെടുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ധാരാളം ഇടപെടലുകൾ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. ഗാർഹികതയുടെ നിഷേദാത്മക വശത്തെ മുന്നോട്ടു വെക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചവരാണ് ഫെമിനിസ്റ്റ് ചിന്തകർ. എന്നാൽ, അതിനെ വിമർശിച്ചുകൊണ്ടുള്ള സമീപനങ്ങളാണ് ബ്ലാക്ക് ഫെമിനിസ്റ്റുകളുടേത്. കാരണം, കുടുംബം എന്ന ഒരു സമുദായിക ഇടത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്ത്രീജനങ്ങളും സമൂഹത്തിൽ പ്രബലമായിട്ടുണ്ട്. അതിനെ നിരാകരിക്കുന്ന കാഴ്ചപ്പാടാണ് ഫെമിനിസ്റ്റ് ചിന്തകരുടേതെന്നാണ് ഇവരുടെ വിമർശനം. ഇത് ആത്യന്തികം പ്രാധാന്യമർഹിക്കുന്ന ഒന്നായി മനസ്സിലാക്കേണ്ടതുണ്ട്.

കലയുടെ വ്യത്യസ്ത മേഖലകളിലും ഈയൊരു പ്രവണത നമുക്ക് കാണാവുന്നതാണ്. സവർണ സമ്പ്രദായങ്ങളെ റൊമാന്റിസൈസ് ചെയ്യുന്ന, കീഴാള വിഭാഗത്തെ പൈശാചികവൽക്കരിക്കുന്ന ഒരു പ്രവണതയാണ് ഇൻഡ്യൻ സിനിമ മേഖലയിൽ കണ്ടുവരുന്നത്. അതിലൈംഗികനായ കീഴാള കഥാപാത്രവും വിവാഹ മോചനത്തിനുശേഷവും കുടുംബ വ്യവസ്ഥയെ മന്നോട്ടു കൊണ്ടുപോകുന്ന ‘തപ്പട്’ലെ സവർണ സ്ത്രീ കഥാപാത്രവും അതിന്റെ ബാക്കിപത്രമാണ്. ‘മൂത്തോൻ’ എന്ന സിനിമയിൽ സ്വവർഗ ലൈംഗികത എന്ന നാഗരികടിസ്ഥാനത്തിലുള്ള വ്യവഹാരത്തെ ചിത്രീകരിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം ഒരു ദ്വീപ് പ്രദേശമാണ്. ഇത്തരത്തിൽ ധാരാളം മുൻവിധികളുടെ അടിസ്ഥാനത്തിൽ ചിത്രീകരിക്കുന്ന കലാസൃഷ്ടികൾ പൊതുജനങ്ങളുടെ ചിന്താമണ്ഡലത്തെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. പ്രദര്‍ശന സംവിധാനത്തിന്റെ ഉള്‍ക്കൊള്ളലും പുറന്തള്ളലും പകര്‍ച്ചകളും ചെറുകലാ പ്രവര്‍ത്തകര്‍ക്ക് പലപ്പോഴും അവസരങ്ങള്‍ ഉണ്ടായില്ല എന്നത് യാഥാര്‍ഥ്യമാണ്. എന്നാൽ, പുതിയതും ആസ്വാദ്യകരവും വൈവിധ്യകരവുമായ കലാസൃഷ്ടികളെയും പ്രതിനിധാനങ്ങളെയും ഉൾപ്പെടുത്തുകയും പകർന്നു നൽകുകയും ചെയ്യുന്ന വിധം കൊച്ചിയുടെ, കേരളത്തിന്റെ സ്വന്തം ബിനാലെ അതിന്റെ കലാതത്വപരമായ നൈതികതയെ കാത്തുസൂക്ഷിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. കലയുടെ വ്യത്യസ്ത സാധ്യതകളെ അന്വേഷിക്കുന്നതിനോടൊപ്പം തന്നെ അതിലടങ്ങിയിരിക്കുന്ന വൈരുദ്ധ്യാത്മക വ്യവഹാരങ്ങളെ കൂടി മനസ്സിലാക്കുന്ന തരത്തിലേക്ക് അത് മാറേണ്ടതുണ്ട്.

അബൂബക്കർ എം.എ- ശാന്തപുരം, അൽ ജാമിയ അൽ ഇസ്‌ലാമിയയിൽ ബിരുദ വിദ്യാർഥിയാണ്. 

Top