വര്‍ത്തമാനകാല ഇൻഡ്യയിലെ ഹിന്ദുത്വ ദേശീയതയുടെ പാഠങ്ങൾ

സമകാലിക ഇൻഡ്യയുടെ രാഷ്ട്രീയ നിര്‍മിതിയിൽ, ബ്രാഹ്മണിക ഹിന്ദുത്വത്തിന്റെ അകംപൊള്ളയായ ‘ഏകാത്മക ഹിന്ദുവെന്ന’ പരികല്‍പ്പന എത്രത്തോളം വ്യാജമാണെന്ന വിശദീകരണം ഒരു മുന്‍ ആർ.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മമൊഴിയിലൂടെ വായനക്കാര്‍ക്ക് ലഭിക്കുന്നത് ശ്രദ്ധേയമാണ്. സ്വതന്ത്ര ശബ്ദങ്ങള്‍ക്കും നിലപാടുകള്‍ക്കും ഇത്രത്തോളം കൂച്ചുവിലങ്ങിട്ട സാഹചര്യത്തിൽ പുസ്തകത്തിന്റെ വിവര്‍ത്തനവും വായനയും പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണ്. ഒ.കെ സന്തോഷ്‌ എഴുതുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങൾ ഇൻഡ്യയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിലും രാഷ്ട്രീയ മേഖലയിലും സവിശേഷമായ പ്രാധാന്യമുള്ളതാണെന്ന് സാമൂഹിക ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. പൊതുവേ ഇടതു-മതേതര കക്ഷികള്‍ക്ക് ഐക്യപ്പെടാനും ഒരുമിച്ച് പ്രക്ഷോഭം നയിക്കാനും കഴിയുന്നത്ര സ്വീകാര്യതയുണ്ടായിരുന്ന ജനസംഘം ബി.ജെ.പി.യായി മാറുകയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ദിശ അക്രമോല്‍സുകതയെയും സാമൂഹിക ധ്രുവീകരണത്തെയും മാത്രം ലക്ഷ്യംവെക്കുന്നതിലേക്ക് പരിണമിക്കുന്നത് 1980കളുടെ തുടക്കത്തിലാണ്. മറുഭാഗത്ത് പിന്നാക്ക വിഭാഗങ്ങളും ദലിതരും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് മൂര്‍ത്തവും അധികാരോന്മുഖവുമായ ഘടനയിലേക്ക് പരിവര്‍ത്തിക്കാനും കഴിഞ്ഞത് മറ്റൊരു സന്ദര്‍ഭത്തിലല്ലെന്ന്‍ ഓര്‍ക്കുക. സാമൂഹിക നീതിയെന്ന പ്രമേയം രാഷ്ട്രീയ-ഭരണനിര്‍വഹണ മേഖലകളിൽ ഒഴിവാക്കാനാവാതെ വരികയും, പിന്നാക്ക-ദലിത്‌ രാഷ്ട്രീയം ഇൻഡ്യന്‍ സമൂഹത്തിന്റെ സംവാദങ്ങളുടെ കേന്ദ്രമാവുകയും ചെയ്തു. ക്രിസ്റ്റഫ് ജെഫ്രലോട്ടിനെപ്പോലുള്ള സാമൂഹിക ശാസ്ത്ര ഗവേഷകന്‍ ചൂണ്ടിക്കാണിക്കുന്നപോലെ, നെഹ്‌റുവിന്റെ ഗുണഭോക്താക്കളെ സൃഷ്ടിക്കുന്ന ജനാധിപത്യവും, ഇന്ദിരാ ഗാന്ധിയുടെ പൊതുമേഖലയുടെ ദേശസാല്‍ക്കരണം പോലുള്ള പുരോഗമന
ജനാധിപത്യത്തിന്റെയും ഘട്ടങ്ങൾ പിന്നിട്ട ശേഷമാണ് സാമൂഹിക നീതിയിലൂന്നിയുള്ള ജനാധിപത്യത്തിന്റെ അനിവാര്യതയിലേക്ക് ഇൻഡ്യ ചുവടുവെച്ചതെന്നത് വസ്തുതയാണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ കൂടുതൽ പ്രാതിനിധ്യമുണ്ടായിരുന്ന ജനതാ പാര്‍ട്ടിയുടെയും (1977-80) ജനതാദളിന്റെയും (1989-91) ഭരണമായിരുന്നുവെന്ന് നിസംശയം പറയാം. പില്‍ക്കാലത്ത് മണ്ഡല്‍ രാഷ്ട്രീയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിവര്‍ത്തനത്തിനു
ചുക്കാന്‍ പിടിച്ചത് ഈ രണ്ടു ഭരണ കാലമാണെന്നത് യാദൃശ്ചികമാണെന്നു വിചാരിക്കാനാവില്ല. വാസ്തവത്തില്‍ പ്രാതിനിധ്യ രാഷ്ട്രീയം ഇൻഡ്യയിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് സാമൂഹികതയുടെ അടിസ്ഥാനത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ച സന്ദര്‍ഭം കൂടിയായിരുന്നു ഇത്. പില്‍ക്കാലത്ത് ബ്രാഹ്മണിക അധീശത്വവും ലിബറല്‍ പുരോഗമന രാഷ്ട്രീയവും ഒരുപോലെ എതിര്‍ക്കുന്ന സ്വത്വരാഷ്ട്രീയം (Identity Politics) ഒരു റിപ്പബ്ലിക്കിന്റെ സാമൂഹിക-അധികാര ഘടനയെ തന്നെ നിര്‍ണ്ണയിച്ചതിന്റെ യുക്തിയും സൗന്ദര്യവും  ഇവിടെ കാണാം.

സാംസ്കാരിക മേഖലയിലാകട്ടെ, വരേണ്യാധികാരത്തെയും ഹിന്ദുത്വ ദേശീയതയുടെ ബലപ്രയോഗങ്ങളെയും പ്രതിരോധിക്കുന്ന സര്‍ഗാത്മകവും വൈജ്ഞാനികവുമായ അടിത്തറ വികസിക്കുന്നതിന്റെ സൂചനകളും പ്രകടമായി. രൂപീകരണത്തിനു ശേഷം അധികം വൈകാതെ ശിഥിലമായെങ്കിലും മറാത്തിയിലെ ദലിത്‌ പാന്തർ പ്രസ്ഥാനം ഉയര്‍ത്തിവിട്ട സൈദ്ധാന്തികവും ഭാവനാപരവുമായ ഇടപെടലുകളുടെ സാമൂഹിക രേഖകൾ ഇൻഡ്യയുടെ സാംസ്കാരിക ഭൂതകാലത്തെക്കുറിച്ച് നിര്‍മാണാത്മകമായ വിമര്‍ശനങ്ങൾ ഉന്നയിക്കാൻ പര്യാപ്തമായിരുന്നു. അരുണ്‍ കാംബ്ലെ, അര്‍ജുൻ കാംബ്ലെ, ദയാപവാര്‍, രാജാ ധാലെ, നാരായന്‍ സുര്‍വേ തുടങ്ങിയവർ മറാത്തി സാഹിത്യത്തിലെ ഭാവനാ ഭൂപടങ്ങളെ പുനര്‍നിര്‍മിച്ചുകൊണ്ട് ഇൻഡ്യയിലെ വിവിധ പ്രാദേശിക ഭാഷയിലുള്ള എഴുത്തുകള്‍ക്കും സംവാദങ്ങള്‍ക്കും വഴികാട്ടിയായി. ചരിത്ര-സാമൂഹികശാസ്ത്ര പഠനങ്ങളുടെ മേഖലയില്‍ വ്യത്യസ്ത ദിശകളിലുള്ള, പ്രത്യേകിച്ചും അംബേഡ്കർ പ്രസ്ഥാനത്തെക്കുറിചുള്ള ഗൗരവമായ അന്വേഷണങ്ങളും മറ്റൊരു ഭാഗത്തു പുരോഗമിച്ചു. എലീനര്‍ സെലീറ്റ്, ഗെയില്‍ ഓംവെഡ്ത് എന്നിവരിലൂടെ തുടക്കംകുറിച്ച്, കാഞ്ച ഐലയ്യ, ഗോപാല്‍ ഗുരു, ജി. അലോഷ്യസ്, എം.എസ്.എസ് പാണ്ഡ്യന്‍ തുടങ്ങിയവരിലൂടെ അഴിച്ചെടുക്കപ്പെട്ട ഇൻഡ്യന്‍ ദേശീയതയെ സംബന്ധിച്ച സന്ദിഗ്ധതകളും ബദല്‍ ചരിത്രാന്വേഷണങ്ങളുമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. ഇപ്രകാരമുണ്ടായ പാഠങ്ങള്‍ ബ്രാഹ്മണിക അധീശത്വം നിര്‍മിച്ച സാംസ്കാരിക ബോധ്യങ്ങളെയും ചരിത്ര ധാരണകളെയും ചോദ്യംചെയ്യുകയും അസ്ഥിരപ്പെടുത്തുകയും
ചെയ്തുവെന്ന് കാണാം.

ഗെയ്ൽ ഓംവെഡ്ത്ത്

ഇത്തരം മുന്നേറ്റങ്ങളിലൂടെ ഒരുഭാഗത്ത് കീഴാള-ദലിത്‌ ജ്ഞാനമണ്ഡലം സജീവമായെങ്കിലും, മറുഭാഗത്ത് ഇതിന്റെ അപകടകരമായ വശങ്ങളെ മുന്‍കൂട്ടി കണ്ട് ബ്രാഹ്മണ-ബനിയ മേധാവിത്വമുള്ള സംഘപരിവാര്‍ ശക്തികൾ വിപുലവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങൾ ശക്തമാക്കുന്നുണ്ടായിരുന്നു. അതിലേറ്റവും പ്രധാനം ആര്‍.എസ്.എസിന്റെ പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായി വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമെന്ന നിലയില്‍ രൂപംകൊണ്ട ബജ്റംഗദളിന്റെ പ്രവേശനമായിരുന്നു (1984). ആര്‍.എസ്.എസ് പൊതുവേ നേതൃത്വത്തില്‍ നിഷ്കര്‍ഷിക്കാറുള്ള ബ്രാഹ്മണ സാന്നിധ്യത്തില്‍ നിന്നും വ്യത്യസ്തമായി, (ആര്‍.എസ്.എസിന്റെ ഇതുവരെയുണ്ടായ ആറു സര്‍സംഘചാലകുമാരില്‍ ഒരാളൊഴികെ ബ്രാഹ്മണരാണ്. കെ.ബി ഹെഡ്ഗെവാർ, എം.എസ്.ഗോള്‍വാക്കർ, എം.ഡി ദിയോറസ്, കെ.എസ് സുദര്‍ശൻ, മോഹന്‍ ഭാഗവത് എന്നിവര്‍ ബ്രാഹ്മണരും, രാജേന്ദ്ര
സിങ് എന്ന സര്‍സംഘചാലക് ക്ഷത്രിയനുമാണ്). പിന്നാക്ക സമുദായമായ കുറുമി വിഭാഗത്തിൽപ്പെട്ട വിനയ് കത്യാറായിരുന്നു ബജ്രംഗദളിന്റെ ആദ്യത്തെ ദേശീയ നേതാവെന്നത് സവിശേഷമായി ശ്രദ്ധിക്കേണ്ടതാണ്. ആര്‍.എസ്.എസിന്റെ മിനുക്കിയെടുത്ത സാംസ്കാരിക മുഖത്തിനു പാകമാകാത്ത തെരുവു പോരാളികളെയും വെറുപ്പിന്റെയും ഹിംസയുടെയും പ്രയോക്താക്കളെയും സൃഷ്ടിച്ചുകൊണ്ട് മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ സഹോദരഹത്യ നടത്തുന്ന കൂട്ടങ്ങളായാണ് ഇക്കൂട്ടരെ വിഭാവന ചെയ്തത്. ഹിന്ദു മേല്‍ജാതികളുടെ രാഷ്ട്രീയ പ്രസ്ഥാനമെന്ന പരമ്പരാഗത വിശേഷണത്തെ സമര്‍ഥമായി മറികടക്കുവാനും ആസൂത്രിതമായ വംശഹത്യകളും കലാപങ്ങളും നടപ്പാക്കാനും സംഘപരിവാറിന്റെ ബ്രാഹ്മണ നേതൃത്വത്തിന് ബജ്രംഗ്ദളിന്റെ സംഘാടനത്തിലൂടെ കഴിഞ്ഞു. അയോധ്യയിലെ ബാബരി മസ്ജിദിന്റെ തകര്‍ക്കൽ ഉറപ്പുവരുത്താൻ (ഇൻഡ്യയിലെ നീതിന്യായപീഠങ്ങള്‍ ഇക്കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും) കഴിഞ്ഞത് ദലിതരും പിന്നാക്ക വിഭാഗങ്ങളും പുലര്‍ത്തിയ ബുദ്ധിശൂന്യതയുടെയും വൈകാരിക പ്രകടനങ്ങളുടെയും വ്യാപ്തികൊണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

കഴിഞ്ഞ നാലു പതിറ്റാണ്ടിന്റെ രാഷ്ട്രീയവും ചരിത്രപരവുമായ ചലനങ്ങൾ മനസ്സിലാക്കാതെ ഭന്‍വർ മേഘവന്‍ഷിയുടെ ആത്മകഥയിലേക്ക് അനായാസമായി പ്രവേശിക്കാനാവില്ല എന്നതിനാലാണ് ദീർഘമല്ലെങ്കിലും ഇങ്ങനെയൊരു മുഖവുരയെഴുതിയത്. വ്യവസ്ഥാപിതമായ അര്‍ഥത്തിൽ, ഭൂതകാലത്തെ ഘടനാപരവും യുക്തിപരവുമായി ആഖ്യാനം ചെയ്യുകയാണ് ആത്മകഥകള്‍. സ്വത്വ ചരിതത്തിന്റെ സൗന്ദര്യാത്മകമായ ആവിഷ്കാരമായും ദാര്‍ശനികവും സാമൂഹികവുമായ ഉള്‍പ്പിരിവുകളെ സംയോജിപ്പിക്കുന്ന സാഹിതീയമായ ഇടപെടലായും ആത്മകഥകളെ വിശേഷിപ്പിച്ചിട്ടുണ്ട്. വിജയികളുടെയും മാതൃകാപരമായ ജീവിത മൂല്യങ്ങൾ വിന്യസിക്കാൻ കഴിയുന്നവരുടെയും സ്വന്തമായിരുന്ന ആത്മകഥാ രചന, സമീപകാലത്ത് വ്യവസ്ഥാപിത നിര്‍വചനങ്ങളില്‍ നിന്നും കുതറിമാറിയതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാൻ കഴിയും. എസ്. ആനന്ദ് എഡിറ്റ്‌ ചെയ്ത “ടച്ചബിൾ ടെയില്‍സ്” എന്ന ചെറിയ പുസ്തകം ഇതുമായി ബന്ധപ്പെട്ട സംവാദങ്ങളെ ക്രോഡീകരിച്ചതാണ്. വില്‍പ്പനാ മൂല്യത്തിനും കൗതുക കാഴ്ച്ചകള്‍ക്കും ഇടം നല്‍കുന്നുണ്ടെങ്കിലും, സാക്ഷ്യപ്പെടുത്തലുകൾ (Testimonials) എന്ന് ഇ.വി രാമകൃഷ്ണന്‍ വിശേഷിപ്പിച്ച രചനാരീതി പുതിയ കാലത്ത് ഉന്നയിക്കുന്ന രാഷ്ട്രീയമായ ചോദ്യങ്ങൾ അവഗണിക്കാനാവില്ല. ഇൻഡ്യയിലെ വിവിധ പ്രാദേശിക ഭാഷകളിൽ പുറത്തുവന്ന ദലിതരുടെയും സ്ത്രീകളുടെയും ആത്മരചനകള്‍ വിധ്വംസകത കൊണ്ടും രാഷ്ട്രീയമായ ഉള്ളടക്കം കൊണ്ടും വേറിട്ട ഇടംതന്നെ കണ്ടെത്തിയതായി ശര്‍മിള റീഗെയെപ്പോലുള്ള ദലിത്‌ ഫെമിനിസ്റ്റ് സൈദ്ധാന്തികർ വിശകലനം ചെയ്തിട്ടുണ്ട്. പഴയ നിര്‍വചനങ്ങള്‍ക്കും സിദ്ധാന്ത സമീകരണങ്ങള്‍ക്കും ഒരു സാഹിത്യ വിഭാഗമെന്ന നിലക്ക് പുതിയ ആത്മരചനകളെ ഉള്‍ക്കൊള്ളാനുള്ള പ്രാപ്തിയില്ലെന്ന തിരിച്ചറിവാണ് ഇവ നല്‍കുന്നത്. വിമോചനത്തിന്റെയും സ്വത്വരൂപീകരണത്തിന്റെയും പാഠങ്ങളെ സ്വത്വ പ്രഖ്യാപനങ്ങളിലൂടെ (Self Assertion) രേഖപ്പെടുത്തുന്ന തന്ത്രമാണ് സമീപകാലത്തായി ആത്മകഥകൾ നിര്‍വഹിക്കുന്നതെന്ന്‍ ഉറപ്പിച്ചു പറയാവുന്ന രചനയാണ് ഭന്‍വർ മെഘ് വന്‍ഷിയുടെ “എനിക്ക് ഒരു ഹിന്ദുവാകാൻ കഴിയില്ല” എന്ന കൃതി.

ദലിതരുടെ ജീവിതം ഇൻഡ്യന്‍ സാമൂഹിക വ്യവസ്ഥയുടെ ആന്തരിക ഘടനയില്‍ തന്നെ സ്വാഭാവവത്കരിക്കപ്പെട്ട ജാതിഹിംസയുടെയും അധികാര ബന്ധങ്ങളെയും സൂക്ഷ്മമായി രേഖപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, ഹിന്ദു മേല്‍ജാതികളുടെ പ്രബലമായ രാഷ്ട്രീയ സംഘാടനത്തെ ആഴത്തിലും പരപ്പിലും വിമര്‍ശന വിധേയമാക്കാന്‍ കഴിഞ്ഞിരുന്നില്ല. കന്നട എഴുത്തുകാരനായ സിദ്ധലിംഗയ്യയുടെ ഊരുകേരി, ഊര്‍മിള പവാറിന്റെ ആത്മകഥയായ The Weaving Life, ഗുജറാത്തി ഭാഷയിലുള്ള ജോസഫ് മക്വാന്റെ അംഗലിയാത്ത, ഹിന്ദിയിലെഴുതപ്പെട്ട ഓം പ്രകാശ് വാല്മീകിയുടെ ജൂടാൻ, മലയാളത്തിലെ കെ.കെ കൊച്ചിന്റെ ദലിതൻ തുടങ്ങിയ ആത്മകഥകളിൽ ചില രാഷ്ട്രീയ സംഘാടനങ്ങളെ വിശദീകരിക്കുന്നുണ്ടെങ്കിലും, അവയൊന്നും മുഖ്യാധാരാ രാഷ്ട്രീയത്തിൽ പ്രവര്‍ത്തിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ദലിത്‌ പാന്തർ പ്രസ്ഥാനം, നാമമാത്രമായ സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ, തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും അവയില്‍നിന്ന് നേരിട്ട അന്യവത്കരണം തുടങ്ങിയവയാണ് ഇപ്പറഞ്ഞ രചനകളിൽ സഹഭാവത്തോടെയോ പ്രതിസ്ഥാനത്തോ നില്‍ക്കുന്നത്. എന്നാല്‍ മേഘവന്‍ഷിയുടെ ജീവിതം, കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഇൻഡ്യയുടെ സാമൂഹിക ജീവിതത്തിലും രാഷ്ട്രീയാധികാരത്തിലും ആഴത്തിലും വ്യാപ്തിയിലും പിടിമുറുക്കിയ ആർ.എസ്.എസിനെയും രണ്ടായിരത്തിപ്പതിനാലുമുതൽ, ക്രിസ്റ്റഫ് ജെഫ്റലോട്ടിന്റെ പ്രയോഗം കടമെടുത്താല്‍ “വംശീയ ജനാധിപത്യത്തിലേക്ക്” (Ethnic Democracy) രാജ്യത്തെ നയിക്കുകയും ചെയ്ത ഭരണവര്‍ഗ പാര്‍ട്ടിയെയും അവയിലെ ആന്തരിക മെക്കാനിസത്തെയും ഗൗരവമായി വിമര്‍ശിക്കാൻ തയ്യാറാകുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ദേശഭക്തി അഥവാ അപര (മുസ്‌ലിം) ഹിംസ

ഏറെ ദീര്‍ഘമല്ലെങ്കിലും അപക്വമായ ജീവിത വീക്ഷണങ്ങളുടെ രൂപീകരണ കാലത്തിന്റെ അഞ്ചു വര്‍ഷം മാത്രമാണ് ആര്‍.എസ്.എസ് ശാഖയില്‍ ഭന്‍വര്‍ മെഘ് വന്‍ഷി പ്രവര്‍ത്തിച്ചത്. പക്ഷെ, ആ ചെറിയ കാലയളവിനുള്ളിൽ ഒരാൾ ആര്‍ജിക്കുന്ന ജീവിത ബോധവും, അത് നമ്മുടെ രാഷ്ട്ര ശരീരത്തിലുണ്ടാക്കുന്ന ആഘാതങ്ങളുടെ തോതും, ഒരുനൂറ്റാണ്ടായി ഇൻഡ്യയെ ഹിന്ദുത്വ രാഷ്ടമായി പരിവര്‍ത്തിപ്പിക്കുന്നവരെ സംബന്ധിച്ച് അലങ്കാരം മാത്രമാണ്. Modi’s India: Hindu Nationalism and the Rise of Ethnic Democracy ( 2021) എന്ന പുസ്തകത്തില്‍ ക്രിസ്റ്റഫ് ജെഫ്രലോട്ട് കഴിഞ്ഞ ഒരു നൂറ്റാണ്ടായി സംഘപരിവാര്‍ രാഷ്ട്രീയം സ്വീകരിക്കുന്ന തന്ത്രങ്ങളെ മൂന്ന്‍ ഘട്ടങ്ങളായി വിഭജിച്ച്‌ വിശകലനം ചെയ്യുന്നുണ്ട്. ഭയം (Fear), ക്ഷോഭം (Anger), ശത്രുതാപരമായ പകയും വെല്ലുവിളിയും (Revenge) എന്നിവയാണവ. സംഘശാഖയിലെ ശിക്ഷണത്തില്‍ ഇവയിലാദ്യത്തേതിന് പ്രത്യേകം ഊന്നൽ നല്‍കുന്നതായി മെഘ് വന്‍ഷിയുടെ ആഖ്യാനങ്ങളില്‍തന്നെ കാണാം. “ഭാരതത്തിന്റെ” ഭൂതകാലം മഹത്തായ മനുഷ്യ ബന്ധങ്ങളുടെയും പ്രജാക്ഷേമ തൽപരരും നീതിമാന്മാരായ ഭരണാധികാരികളുടെയും മനോഹരമായ കാലമായിരുന്നുവെന്നും ബാഹ്യശക്തികളുടെ, പ്രത്യേകിച്ച് മുസ്‌ലിംകളുടെ അധിനിവേശം അവയൊക്കെ ഇല്ലാതാക്കിയെന്നാണ് ഈ ആഖ്യാനത്തിന്റെ ചുരുക്കം. കൂടാതെ ഈ അധിനിവേശ ശക്തികൾ ഹിന്ദു സമൂഹത്തിന്റെ കെട്ടുറപ്പിന് ഭീഷണിയാണെന്നും അനിയന്ത്രിതമായ സന്താനോത്പാദനത്തിലൂടെ
എണ്ണത്തിലും ശക്തിയിലും ഹിന്ദുക്കളെ മറികടക്കുവാന്‍ കഠിനമായ പരിശ്രമം നടത്തുകയാണെന്നുള്ള ഭയവുമാണ് സംഘപരിവാറിന്റെ ഫാക്ടറിയില്‍ ആദ്യം തയ്യാറാക്കപ്പെടുന്നത്. എപ്പോഴും നിഴലുപോലെ പിന്തുടരുന്ന ആന്തരിക ശത്രുവായി മുസ്‌ലിംകളെ ആഖ്യാനം ചെയ്യുന്നു. പിന്നാലെ ക്രൈസ്തവര്‍, കമ്യൂണിസ്റ്റുകള്‍ തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ കാറ്റഗറികളും ഈ ശത്രുപക്ഷത്തിലേക്ക് കൂട്ടിചേര്‍ക്കപ്പെടുന്നു. ആര്‍.എസ്.എസ് ശാഖയിലെ ധാര്‍മിക പ്രബോധനങ്ങള്‍ക്കുള്ള സന്ദര്‍ഭങ്ങളുടെ സിംഹഭാഗവും വിഷലിപ്തമായ അപരഹിംസയും അതിനെതിരെ ധീരദേശ സംരക്ഷകന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ അനിവാര്യതയിലൂന്നുവാനുമാണ് ഉപയോഗിക്കപ്പെട്ടത്. പതിമൂന്നാമത്തെ വയസിൽ താൻ മനസ്സിലുറപ്പിച്ച മുസ്‌ലിം വിദ്വേഷത്തിനു പിന്നിൽ പ്രചാരകുമാരുടെ ഭയത്തിന്റെ അകമ്പടിയോടെയുള്ള
കെട്ടുകഥകള്‍ വഹിച്ച പങ്കിനെക്കുറിച്ച് ഭന്‍വർ പിന്നീട് തിരിച്ചറിയുന്നുണ്ട്. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ സിര്‍ദിയാസിൽ അക്കാലത്ത് ഒരു മുസ്‌ലിം പോലുമില്ലായിരുന്നെങ്കിലും, ഉണര്‍വിലും ഉറക്കത്തിലും അവരോട് പക നിലനിര്‍ത്തുവാൻ ശാഖയിലെ പ്രബോധനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

ക്രിസ്റ്റോഫ് ജെഫ്രലോട്ട്

യുക്തിബോധവും ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങളിലുള്ള വിശ്വാസവും ഏത് അനീതിയേയും ചോദ്യം ചെയ്യാനുള്ള  കഴിവിനെയും പണയപ്പെടുത്തി മാത്രമേ ഒരാള്‍ക്ക് ആര്‍.എസ്.എസ് ശാഖയിലെ
ബൗദ്ധിക സദസുകളില്‍ വ്യാപൃതനാവാൻ കഴിയൂ. കെട്ടുകഥകളുടെ പിന്‍ബലത്തിൽ ഉറപ്പിക്കപ്പെടുന്ന ആര്യന്‍ വംശശുദ്ധിയാണ് മറ്റെല്ലാ യാഥാര്‍ഥ്യങ്ങളെയും പുകമറയിലാക്കിക്കൊണ്ട് അവിടെ
സ്ഥാപിക്കപ്പെടുന്നത്. ഹിന്ദുസമൂഹം അപകടത്തിലും അപകര്‍ഷതയിലുമാണെന്ന ആവര്‍ത്തിച്ചുള്ള ആഖ്യാനങ്ങളിലൂടെ ഭയം സൃഷ്ടിച്ച് ഓരോരുത്തരും ധീരരാകേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്രകാരം ആത്മനിന്ദയുടെ ചുഴിയിലകപ്പെട്ട ഏകാത്മക ഹിന്ദു സ്വത്വമാണ് ഊര്‍ജം സംഭരിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും അപര സമുദായങ്ങള്‍ക്കെതിരെ ആയുധമെടുത്ത് പോരാടുന്നത്. കായികവും മാനസികവുമായി അതിന് സജ്ജരാക്കുകയാണ് ഇൻഡ്യയിലെ ആറു ലക്ഷത്തോളം വരുന്ന
ആര്‍.എസ്.എസ് ശാഖകളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നതെന്നു ഭന്‍വർ മെഘ് വന്‍ഷിയുടെ ജീവിതാഖ്യാനം വിശദീകരിക്കുന്നുണ്ട്. കോൺഗ്രസ് രാഷ്ട്രീയ പാരമ്പര്യമുള്ള തന്റെ കുടുംബത്തില്‍നിന്ന് യഥാസമയം ഉപദേശങ്ങള്‍ കിട്ടുന്നുണ്ടെങ്കിലും, അത് ഭാരതത്തിന്റെ യഥാര്‍ഥ അവകാശികള്‍ക്കെതിരെയുള്ള മതേതര ഗൂഡാലോചനയായാണ്‌ അദ്ദേഹം മനസ്സിലാക്കുന്നത്. പ്രശ്നങ്ങളുടെ കേന്ദ്രത്തിലേക്ക് തൊടുത്തുവിട്ട അച്ഛന്റെ ഉപദേശം ഇപ്രകാരമായിരുന്നു: “ബനിയാസിന്റെയും ബ്രാഹ്മണരുടെയും ഈ പാര്‍ട്ടി ഒരിക്കലും കര്‍ഷകര്‍ക്കും കീഴ്ജാതിക്കാര്‍ക്കുമൊപ്പം നില്‍ക്കില്ല. നമ്മുടെ സ്വന്തം സഹോദരങ്ങളായ മുസ്‌ലിംകളുമായി ശണ്ഠ കൂടാന്‍ നമ്മെത്തന്നെ ഉപയോഗിക്കുകയാണവർ. അവര്‍ക്ക് സ്വയം പോരാടാന്‍ സാധിക്കില്ല. ഭീരുക്കള്‍! പകരം അവര്‍ നമ്മെ ആയുധങ്ങളാക്കുന്നു”. 2002ലെ ഗുജറാത്ത് വംശഹത്യയിലും ബാബരിപ്പള്ളി തകര്‍ക്കുന്നതിലും ദലിതരും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും ഭൗതികമായി വഹിച്ച പങ്ക് ഓര്‍ക്കുക.

താരതമ്യേന ഹൃസ്വമായ  ആര്‍.എസ്.എസ് ബന്ധത്തില്‍ നിന്ന് കുതറിമാറുന്നതിനു പിന്നിൽ എന്തിനെയും ചോദ്യംചെയ്യാനുള്ള ഭന്‍വർ മെഘ് വന്‍ഷിയുടെ കഴിവാണെന്ന് സൂക്ഷ്മമായി രേഖപ്പെടുത്തുമ്പോഴും, ഇൻഡ്യൻ സാമൂഹിക ഘടനയുടെ ആന്തരവത്കരിച്ച അധീശത്വവും ജാതിവെറിയുമാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണമെന്ന് വ്യക്തമാണ്. നെയ്ത്തും കൃഷിപ്പണിയും പാരമ്പര്യമായി ചെയ്യുന്ന ബെങ്കാറ ജാതിയില്‍പ്പെട്ടയാളാണ് ഭന്‍വർ മെഘ് വന്‍ഷി. കാലങ്ങളായി ജന്മിത്ത വ്യവസ്ഥയുടെയും മേല്‍ജാതി-കീഴ്ജാതി ഹിന്ദു വ്യവസ്ഥയുടെയും അടിച്ചമര്‍ത്തൽ നേരിടുന്നവരാണ് ഇവരെങ്കിലും, സിര്‍ദിയാസിൽ മെച്ചപ്പെട്ട സംഘടിതബലം ആര്‍ജിക്കുവാൻ ഭന്‍വറിന്റെ പിതാവിന്റെയുള്‍പ്പെടെയുള്ള പരിശ്രമംകൊണ്ട് കഴിഞ്ഞിരുന്നു. എന്നാല്‍ മതേതരത്തത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ധീരതയുടെയും മാതൃകയായിരുന്ന പിതാവില്‍നിന്നും മാറി, അപരഹിംസയുടെയും തീവ്രദേശീയതയുടെയും വഴിയിലൂടെ സഞ്ചരിക്കാനാണ് കുട്ടിക്കാലത്ത് ഭന്‍വർ ഇഷ്ടപ്പെട്ടത്.ശാസ്ത്രബോധത്തിനു പകരം അസംബന്ധങ്ങള്‍ നിറഞ്ഞ വിശ്വാസവും, സ്നേഹത്തിനു പകരം തീവ്രമായ പകയും, സമഭാവനയുടെ സ്ഥാനത്ത് ആര്യന്‍ വംശമേധാവിത്വ ബോധവും, വിനയാന്വിതമായി ലോകത്തെ കാണേണ്ടത്തിനു
പകരം അഹങ്കാരവും ക്രൂരതയും പകര്‍ന്നുകൊടുക്കുന്ന ആര്‍.എസ്.എസിന്റെ പഠന ക്രമത്തിലേക്കാണ് അയാള്‍ പരിവര്‍ത്തിച്ചത്. മുസ്‌ലിംകളെ കീടങ്ങളായും ഇൻഡ്യല്‍ നിന്നും തുരത്തപ്പെടെണ്ടവരായും
ഉറപ്പിക്കുന്ന സംഘപരിവാറിന്റെ ആദ്യപാഠങ്ങള്‍ സമകാലിക ഇൻഡ്യയോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 1990ല്‍, ബാബരിപ്പള്ളി തകര്‍ക്കുവാൻ അജ്മീറില്‍ നിന്നും ലഖ്‌നൗവിലേക്കുള്ള ഭന്‍വറിന്റെ ട്രെയിന്‍ യാത്രയിൽ ആ കംപാര്‍ട്ടുമെന്റിലുണ്ടായിരുന്ന മുസ്‌ലിംകൾക്ക് നേരെ പകയോടെ ജയ്‌ശ്രീറാം വിളിച്ചത് അദ്ദേഹം വിവരിക്കുന്നുണ്ട്. “കൈയിലൊരു ആയുധം കിട്ടിയിരുന്നെങ്കിൽ രാമജന്മഭൂമി വിമോചിപ്പിക്കും മുന്‍പ് ഇവരുടെ കഥ കഴിക്കാം എന്നെനിക്ക് തോന്നി. ഈ യവന, മുഗള, പഠാൻ ദേശദ്രോഹികളുടെ ജീവന്‍ എന്നെന്നേക്കുമായി ഹനിക്കണം. ഭാരതാംബ പേറുന്ന അഴുക്കുകൾ കുറച്ചെങ്കിലും തുടച്ചുനീക്കപ്പെടട്ടെ. വിദ്വേഷം വമിക്കുന്ന ഞങ്ങളുടെ തുറിച്ചുനോട്ടങ്ങൾ അവരെ പേടിപ്പിച്ചിരിക്കണം. പരിഭ്രമിച്ച് കൂനിക്കൂടിയുള്ള അവരുടെ ഇരിപ്പ് ഞങ്ങളെ ഹരം പിടിപ്പിച്ചു. ചുരുങ്ങിയ പക്ഷം ഇൻഡ്യയിലെ മുസ്‌ലിമിന്റെ ഇടം അവരെയെങ്കിലും ബോധ്യപ്പെടുത്താൻ കഴിഞ്ഞല്ലോയെന്നു ഞങ്ങൾ സമാശ്വസിച്ചു. ആന്തരികഭയം ഉല്‍പ്പാദിപ്പിച്ച അപകര്‍ഷതയില്‍ നിന്നും  മാറി, രോഷത്തിന്റെയും വെല്ലുവിളിയുടെയും (Anger and Revenge) ഘട്ടത്തിലേക്ക് കടക്കുന്ന ‘ഹിന്ദുവായി’ ഭന്‍വർ മാറിയിരിക്കുന്നു. മുസ്‌ലിം സമുദായത്തോടുള്ള ആന്തരികമായ വെറുപ്പ് അവരെ നവീകരിക്കാനെന്ന വ്യാജേന നിരന്തരം നിയമങ്ങളായി മാറുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മുത്തലാഖ്, ഹിജാബ്, പൗരത്വം, കാശ്മീരിന്റെ പദവി, ലൗ ജിഹാദ്, മതപരിവര്‍ത്തനം, ഗോഹത്യ എന്നീ വിഷയങ്ങളില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഇൻഡ്യൻ പാര്‍ലമെന്റിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലും ഉണ്ടാകുന്ന നിയമങ്ങളെക്കുറിച്ച് ഓര്‍ക്കുക. ശുദ്ധ മതേതരവാദികള്‍പോലും പിന്തുണക്കുന്ന ഇത്തരം നിയമങ്ങള്‍ ലക്ഷ്യംവെക്കുന്നത് ആരെയാണ്? ഭന്‍വറിന്റെ പ്രയോഗം കടമെടുത്താൽ “കൂനിക്കൂടിയിരിക്കുന്ന, രണ്ടാംതരം പൗരരാണെന്ന ബോധം” മുസ്‌ലിംകളിൽ സൃഷ്ടിക്കുക മാത്രമാണ് അതിന്റെ ലക്ഷ്യം.

അയിത്തത്തിന്റെ വഴികൾ, ഭന്‍വറിന്റെ വഴിമാറ്റങ്ങൾ

ഘടനാപരമായ ക്രമീകരണങ്ങള്‍ക്കോ നവീകരണങ്ങള്‍ക്കോ സാധ്യതയില്ലാത്ത അടഞ്ഞ വ്യവസ്ഥയാണ് ഹിന്ദു സമൂഹമെന്ന് ജാതിനിര്‍മൂലനം (Annihilation of Caste) എന്ന കൃതിയില്‍ ഡോ. അംബേഡ്കർ വ്യക്തമായി പറയുന്നുണ്ട്. അശുദ്ധിയെയും വിശുദ്ധിയെയും സ്ഥാപനവത്കരിച്ചുകൊണ്ട്, മനുഷ്യ സമുദായത്തില്‍ നിലനില്‍ക്കുന്ന ഏറ്റവും ഹീനവും പ്രാകൃതവുമായ ജാതി മൂല്യങ്ങളെയെ മഹത്വവത്കരിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന വ്യവസ്ഥയാണത്. എവിടെ തിരിഞ്ഞാലും ഭയപ്പെടുത്തുന്ന ഒന്നായി ജാതിഭൂതത്തെ അംബേഡ്കർ വിശദീകരിക്കുന്നുണ്ട്. ഭന്‍വർ മെഘ് വന്‍ഷിയുടെ ആത്മകഥയുടെ കേന്ദ്രപ്രമേയമാകട്ടെ ഹിന്ദു ദേശീയതക്കുള്ളിൽ രാഷ്ട്രീയമായും സാംസ്കാരികമായും നിലനില്‍ക്കുന്ന വിവേചനങ്ങളും മേല്‍ജാതി ഹിംസയുമാണ്. ഇൻഡ്യന്‍ ഗ്രാമഘടനയുടെ അടിസ്ഥാനഭാവം ജാതിയുയര്‍ത്തുന്ന അധികാരവും അപരവത്കരണവുമാണെന്ന് നിരവധി പഠനങ്ങളിലൂടെ വ്യക്തമാണെങ്കിലും അത് ഹിന്ദുത്വ രാഷ്ട്ര നിര്‍മാണ പ്രക്രിയയിൽ പ്രതിഫലിക്കുന്നതിനെ അനുഭവങ്ങളിലൂടെ സാധൂകരിക്കുന്ന പുസ്തകമെന്ന നിലയിൽ ഭന്‍വറിന്റെ ഇടപെടൽ കൂടുതല്‍ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. ഔപചാരികവും അനൗപചാരികവുമായ സ്ഥാപനങ്ങളിലും ജീവിത വ്യവഹാരങ്ങളിലും അകറ്റിനിര്‍ത്തലിന്റെ രൂപങ്ങൾ സൂക്ഷ്മവും വ്യത്യസ്തവുമാണ്. വെള്ളം, ഭക്ഷണം, സ്വാഭാവികമായ സംഭാഷണങ്ങള്‍, ഖാപ്പ് പഞ്ചായത്ത്, നിയമ സംവിധാനങ്ങള്‍, പൊതുവായ അംഗീകാരങ്ങള്‍ തുടങ്ങി വ്യത്യസ്ത മണ്ഡലങ്ങളിലെ സ്വാഭാവികവും സ്ഥാപനവത്കരിക്കപ്പെട്ടതുമായ ജാതിയുടെ തിക്താനുഭവങ്ങള്‍ എന്നിവ ഈ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. അതില്‍ സവിശേഷമായി കാണേണ്ട കാര്യം ജാതിയുടെ പേരിലുള്ള അപമാനങ്ങളെ ഗൗരവത്തിലെടുക്കാനോ എല്ലാ മനുഷ്യര്‍ക്കും തുല്യമായ അന്തസ്സുണ്ടെന്ന് തിരിച്ചറിയാനോ ഹിന്ദു മേല്‍ജാതി വിഭാഗങ്ങള്‍ക്ക് കഴിയാറില്ലായെന്നുള്ളതാണ്. പക്ഷേ, കീഴാള സമൂഹങ്ങളിലെ പരിഷ്ക്കരണങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്നും പീഡിതരേ കൈപിടിച്ചുയര്‍ത്തുകയാണ് സ്വന്തം നിയോഗമെന്ന് ഇക്കൂട്ടർ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഗാന്ധിയാണ് ഇക്കാര്യത്തിൽ പലരുടെയും മാതൃക.

ആര്‍.എസ്.എസ് ശാഖയിലൂടെ ഹിന്ദു സ്വത്വബോധവും ഐക്യത്തിന്റെ അനിവാര്യതയും ഊന്നി പറയുമ്പോഴും പ്രായോഗിക മണ്ഡലത്തില്‍ ദലിത്‌-പിന്നാക്ക വിഭാഗങ്ങളെ മേല്‍ജാതികളുടെ രാഷ്ട്രീയ
അജണ്ടകള്‍ നടപ്പിലാക്കുന്ന ഉപകരണങ്ങളായാണ് പരിഗണിക്കുന്നത്. ശാഖയിൽ പ്രവര്‍ത്തിക്കുന്ന ആദ്യ സന്ദര്‍ഭങ്ങളിൽ ഗ്രാമത്തിലെ ഇതര വിഭാഗങ്ങളുമായി ഇഴുകിചേരാനും പരസ്പരബഹുമാനം പുലര്‍ത്താനും കഴിഞ്ഞതൊക്കെ ഭന്‍വറിൽ മതിപ്പും വിശ്വാസവും ഉളവാക്കിയിരുന്നു. എങ്കിലും മുഴുവന്‍ സമയ പ്രവര്‍ത്തകൻ ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, തന്റെ ധൈഷണിക പ്രവര്‍ത്തനങ്ങളെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് പ്രചാരക്ജി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്: “നിങ്ങൾ കൂടുതല്‍ ചിന്തിക്കുന്ന മനുഷ്യർ കഴുത്തിനു മുകളിൽ മാത്രമാണ് ശക്തർ, ശാരീരികമായി ദുര്‍ബലരാണ്”. കാര്യമെന്തായാലും സംഘത്തിനു വേണ്ടത് നാഗ്പൂരില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ ഹിന്ദുസമൂഹത്തിന് അച്ചട്ടായി കൈമാറാനറിയുന്ന പ്രചാരകുമാരെയാണ്. നിരന്തരം ചിന്തിക്കുകയും സംശയിക്കുകയും ചെയ്യുന്ന നിന്നെപ്പോലെയുള്ള “വിചാരകുമാരെ നമ്മുക്കാവശ്യമില്ല.” മറ്റൊരവസരത്തില്‍ , വിദ്യാര്‍ഥി അധികാർ രക്ഷക് സംഘു (VARS) സ്ഥാപിച്ച് എ.ബി.വി.പിയുമായി നിരന്തരം കോളേജിലും തെരുവിലും ഏറ്റുമുട്ടിയപ്പോള്‍ ആശയസംവാദങ്ങളെ ഭയപ്പെടുകയും തിരസ്ക്കരിക്കുകയും ചെയ്യുന്ന സംഘയുക്തിയെ പരിഹസിച്ചുകൊണ്ട് പറയുന്നത് ഇതിനോട് ചേര്‍ത്തുവായിക്കാം. മിക്ക സന്ദര്‍ഭങ്ങളിലും സംഘത്തിനു താല്‍പ്പര്യം മുളവടിയോടാണ്. “സംസാരത്തെക്കാള്‍ സംഹാരമാണ് ഫലപ്രദം
എന്നാണ് അവര്‍ക്ക് ലഭിച്ചിട്ടുള്ള ഉപദേശം.” ഭില്‍വാരയിലെ അംബേഡ്കർ ഹോസ്റ്റലിലെ ഭന്‍വറിന്റെ താമസം ഗുണകരമല്ലെന്നും അത് അയാളെ വഴിപിഴപ്പിക്കുമെന്നും മറ്റൊരു സന്ദര്‍ഭത്തിൽ പ്രചാരക്ജി പറയുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് അതി തീവ്രഹിന്ദു ദേശീയതയുടെ ചിന്താശൂന്യതയും കീഴാള സമൂഹങ്ങളില്‍ നിന്നു വരുന്നവരുടെ ബൗദ്ധിക കര്‍തൃത്വത്തെ അംഗീകരിക്കാനുള്ള വിമുഖതയുമാണ്. ഗന്‍വേഷു (ആര്‍.എസ്.എസ് യൂണിഫോം) ധരിച്ചും, മുളവടി കൈയ്യിലേന്തിയും കര്‍സേവകരായി മാത്രമാണ് മേല്‍ജാതി നേതാക്കാന്‍മാർ ഈ വിഭാഗങ്ങളിലുള്ളവരെ സ്ഥാനപ്പെടുത്തുന്നത്.

സംഘപ്രവര്‍ത്തനത്തിലെ ആശയസംഘര്‍ഷങ്ങളും പ്രായോഗിക വൈഷമ്യങ്ങളും അപമാനകരമായ അനുഭവങ്ങളിലേക്ക് ഭന്‍വർ മെഘ് വന്‍ഷിയെ അധികം വൈകാതെയെത്തിക്കുന്നു. ഒരു ഹിന്ദുവായതില്‍ അഭിമാനിക്കുന്നുവെന്ന് സ്വന്തം വീടിന്റെ പൂമുഖത്ത് എഴുതിവെച്ച അതേദിവസം ഒരു ദലിതനായതില്‍ അയാൾ  അപമാനിക്കപ്പെടുന്നതാണ് കാണുന്നത്. സംഘം.പ്രവര്‍ത്തകര്‍ക്കായി ഏറെ സന്തോഷത്തോടെയുണ്ടാക്കിയ ഭക്ഷണം, സാമൂഹിക വഴക്കങ്ങളുടെയും പാരമ്പര്യത്തിന്റെയും പേരില്‍
മേല്‍ജാതിനേതാക്കന്മാർ തിരസ്ക്കരിക്കുകയും, പിന്നീട് കഴിച്ചോളാമെന്ന വ്യാജേന കാറില്‍ കയറ്റിയ
ഭക്ഷണം ഭഗവാന്‍പുരയിലേക്കുള്ള വഴിമദ്ധ്യേ വലിച്ചെറിയുകയുമാണ് ചെയ്യുന്നത്. പിന്നീട് സ്കൂൾ അധ്യാപകനായപ്പോള്‍ ഗ്രാമത്തിലെ പ്രബലരായ പിന്നാക്ക ജാതിയായ ഗുര്‍ജാറുകൾ തങ്ങളുടെ മക്കള്‍ ദലിതനായ അദ്ധ്യാപകൻ കുടിക്കുന്ന പൊതു ടാപ്പില്‍നിന്നും വെള്ളംകുടിക്കില്ലെന്ന് വാശി പിടിക്കുന്നുണ്ട്. രണ്ടു പതിറ്റാണ്ട് മുന്‍പ് രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവമാണിതെന്നോര്‍ക്കുക. മലയാളി വായനക്കാര്‍ക്കിടയിൽ ജാതിയെ ഭൂതകാല പ്രതിഭാസമായി പരിഗണിച്ച് അതിന്റെ
ഗര്‍ഹണീയതയെ നവോഥാന പ്രസ്ഥാനങ്ങളിലൂടെ അതിജീവിച്ചവരെന്ന മിഥ്യാധാരണ നിലനില്‍ക്കാനുള്ള സാധ്യതയെറെയാണ്. എന്നാല്‍, പേരാമ്പ്രയിലെ സ്കൂളിലെ വിവേചനവും പാലക്കാട്ടെ അരുന്ധതിയാര്‍ സമുദായം നേരിടുന്ന പ്രശ്നങ്ങളും, വടയമ്പാടി ജാതിമതിലിന്റെ തകര്‍ക്കലുമൊക്കെ
സമീപകാല കേരളത്തിലെ സാമൂഹിക വ്യവഹാരങ്ങളുടെ ഭാഗമാണെന്നോര്‍ക്കുക. അംബേഡ്കർ ഹോസ്റ്റലിലെ താമസം വൈജ്ഞാനികവും പ്രായോഗികവുമായി വഴിതെറ്റിക്കാൻ  സാധ്യതയുണ്ടെന്ന
പ്രചാരകിന്റെ വാക്കുകള്‍ക്ക് വിരുദ്ധമായി പലസന്ദര്‍ഭങ്ങളിലും ഒരു അഭയകേന്ദ്രമായി അവിടം മാറിയതായി ഭന്‍വർ രേഖപ്പെടുത്തുന്നു. 1991 മേയ് മാസം മുതല്‍ 1992 ഡിസംബര്‍വരെ (ഇതേ
ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഒപ്പം അംബേഡ്കറുടെ ചരമ ദിനവുമാണ്. ഏറ്റവും വിഷാദഭരിതമായ കാലത്തായിരുന്നു അത്. ഭന്‍വർ എഴുതുന്നു: ഒരു കാലത്ത് സംഘത്തിന്റെ ഗന്‍വേഷും ധരിച്ച് അഭിമാനത്തോടെ ഞാന്‍ ഉലാത്തിയിരുന്ന അതേ ഇടങ്ങളിൽ, ഒരു ചില്ലിക്കാശ് പോലും കൈയിലില്ലാതെ ആ ദിനങ്ങൾ മുഴുവനും മുഴുപ്പട്ടിണിയിലായി കഴിച്ചുകൂട്ടി. ഇടക്ക് പഴയ അംബേഡ്കര്‍ ഹോസ്റ്റലില്‍ പോകും. അവിടെയെന്നെ കാത്ത് ഭക്ഷണവും ഇത്തിരിയിടവും കാണും.

1990ലെ ആദ്യത്തെ കര്‍സേവക്കും ബാബരിപ്പള്ളി പൊളിച്ച രണ്ടു വര്‍ഷത്തിനു ശേഷമുള്ള കര്‍സേവക്കും ഇടയില്‍ ഭന്‍വറിനെ സംബന്ധിച്ച് പരിവര്‍ത്തനങ്ങളുടെ കാലമായിരുന്നുവെന്ന് സൂക്ഷ്മമായി നോക്കിയാല്‍ കാണാം.

ആശയപരവും പ്രായോഗികവുമായ പോരാട്ടങ്ങള്‍

ഭന്‍വർ മെഘ് വന്‍ഷിയുടെ ജീവിതം സംഘര്‍ഷഭരിതവും ചലനാത്മകവുമായിരുന്നു. സംശയങ്ങള്‍, ചോദ്യങ്ങള്‍, പ്രതിഷേധങ്ങള്‍, അല്‍പമാത്രമായ നിശബ്ദത, എഴുത്ത്, ആക്റ്റിവിസം, വിവിധങ്ങളായ രാഷ്ട്രീയാന്വേഷണങ്ങള്‍, പത്രപ്രവര്‍ത്തനം, ഭാവനാപരമായ സഞ്ചാരങ്ങള്‍, സമര്‍പ്പിത ജീവിതത്തിന്റെ നിര്‍മമത, താല്‍ക്കാലികമായ പിന്മാറ്റങ്ങൾ തുടങ്ങി ഇനിയും വിപുലമായി വിശദീകരിക്കാവുന്ന നിരവധി തലങ്ങള്‍ ആ ജീവിതത്തിൽ കാണാം. ഏറ്റവും സംഘടിതവും പ്രതിലോമകരവുമായ ഇടത്തുനിന്ന്‍ സാമൂഹിക നീതിയുടെയും സാഹോദര്യത്തിന്റെയും വികസിത ജാനാധിപത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന നിത്യാന്വേഷകനാണ് അദ്ദേഹം. പല വഴികളിലൂടെ ഒരേസമയത്ത് യാത്ര ചെയ്യുവാൻ മോഹിക്കുന്ന ഒരാളായി ഭന്‍വര്‍ മാറുന്നു. കഴിഞ്ഞ നാലുപതിറ്റാണ്ടിലെ അക്രമോല്‍സുക ഹിന്ദുത്വ ത്തിന്റെ വിപരീത ദിശയിലെക്കായിരുന്നു ആ യാത്രകളെന്നത് സവിശേഷമായി പരിഗണിക്കപ്പെടെണ്ടതുണ്ട്. ഒട്ടേറെ കീഴാള-ദലിത്‌ ആക്റ്റിവിസ്റ്റുകളെയും സംഘടനകളെയും സ്വന്തം പാളയത്തിലെത്തിക്കാന്‍ സംഘപരിവാറിന് അനായാസം കഴിഞ്ഞ/കഴിയുന്ന കാലത്താണ് എതിര്‍ ദിശയിലേക്കുള്ള ഈ യാത്രയെന്നത് നിസാരമായ കാര്യമല്ല. ഉദിത് രാജ് മുതല്‍ സി.കെ ജാനു വരെയും അംബേഡ്കറുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന റിപ്പബ്ലിക്കൻ പാര്‍ട്ടി ഓഫ് ഇൻഡ്യ മുതൽ കേരളത്തിലെ കെ.പി.എം.എസിന്റെ ഒരു വിഭാഗം വരെയും സംഘപരിവാറിന്റെ കൗശലം പുരട്ടിയ ചൂണ്ടയില്‍ അധികാരത്തിനു വേണ്ടി കൊത്തിയ ചരിത്രം നമുക്ക് മുന്‍പിലുണ്ട്. ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പ്രയോഗങ്ങളും പ്രത്യയശാസ്ത്രവും ദലിതരെയും പിന്നാക്ക വിഭാഗങ്ങളെയും അപരവത്കരിക്കുകയും ബ്രാഹ്മണ്യ മേല്‍ക്കോയ്മയുടെ യുക്തിക്കുള്ളിൽ തളച്ചിടുകയും ചെയ്യുന്നുവെന്ന് പകല്‍പോലെ വ്യക്തമാണ്.

ഭന്‍വർ മെഘ് വന്‍ഷി, അടിസ്ഥാനപരമായി കവിയും എഴുത്തുകാരനുമാണെന്ന് ഈ ആത്മകഥയിലൂടെ ഒരുവട്ടം കടന്നുപോകുന്ന ആളുകള്‍ക്ക് ബോധ്യമാകും. വളരെ ചെറുപ്പത്തിൽ ‘ദേവഭാഷ’യായ സംസ്കൃതം പഠിക്കുവാൻ ഉത്സുകനായി ദേശഭക്തിയെ പ്രകീര്‍ത്തിക്കുന്ന കവിതകൾ എഴുതുന്ന തില്‍ ആനന്ദം കണ്ടെത്തിയെങ്കിൽ പിന്നീട്, സാമൂഹിക മാറ്റത്തിനും അധികാര വിമര്‍ശനത്തിനുമായി ധിഷണയും ഭാവനയും പ്രവര്‍ത്തിപ്പിക്കുന്ന ഒരാളായി അദ്ദേഹം മാറുന്നുണ്ട്.

ഔലത് രാജ് നഗോഡയുമായി ചേര്‍ന്ന്‍ ദഹക് തെ അങ്കാറെ (ജ്വലിക്കുന്ന കനലുകൾ), സൈലാനി സര്‍ക്കാർ എന്ന സൂഫി ദര്‍വേശുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഏഴ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ആരംഭിച്ച ഡയമണ്ട് ഇൻഡ്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ ആർ.എസ്.എസിന്റെ ആശയ പ്രചാരണങ്ങളെയും അഴിമതി, വര്‍ഗീയത, ജാതിയുടെ പേരിലുള്ള അതിക്രമങ്ങളെയും തുറന്നെതിര്‍ക്കുവാൻ കഴിഞ്ഞു. പക്ഷേ, വാര്‍ത്തകൾ ശേഖരിച്ച് എഡിറ്റ് ചെയ്ത് ആളുകള്‍ക്കിടയില്‍ എത്തിക്കുന്ന പരമ്പരാഗത മാധ്യമപ്രവര്‍ത്തനം അദ്ദേഹത്തെ ആകര്‍ഷിചില്ല. ജനങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കുകയെന്ന ഉത്തരവാദിത്തത്തോടോപ്പം അക്ഷരങ്ങളെ കൂട്ടുപിടിക്കുകയാണ് ഭന്‍വർ ചെയ്യുന്നത്. മനുഷ്യാവകാശ പ്രശ്നങ്ങള്‍, ക്ഷേത്രപ്രവേശനം, മുസ്‌ലിം പള്ളികള്‍ തകര്‍ക്കുവാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമങ്ങളെ ചെറുക്കൽ, പൊതുവേദികളില്‍ നടക്കുന്ന യാഗങ്ങളില്‍ നിന്ന് ദലിതരെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്യൽ തുടങ്ങി ഇന്നത്തെ ഇൻഡ്യന്‍ സമൂഹത്തില്‍ സാമൂഹിക നീതിയും തുല്യതയും പുലരുവാൻ ആഗ്രഹിക്കുന്ന ഏതൊരാളിന്റെയും പ്രവര്‍ത്തന മണ്ഡലം പോലെ വ്യാപ്തിയും ദൃശ്യതയുമുള്ളതായി ഭന്‍വറിന്റെ ഇടപെടലുകൾ വികസിച്ചു. ആര്‍.എസ്.എസിന്റെ സ്വാധീനത്തെ തകര്‍ക്കുകയെന്ന പ്രതികാര ബുദ്ധിയോടെയുള്ള ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി പക്വതയും രാഷ്ട്രീയ ബോധ്യങ്ങളുമുള്ള ആക്ടിവിസ്റ്റായി ഭന്‍വർ മെഘ് വന്‍ഷി മാറുന്നത് പുതിയകാലം ആവശ്യപ്പെടുന്ന രാഷ്ട്രീയേഛയുള്ള കര്‍തൃത്വത്തിലേക്കുള്ള പരിവര്‍ത്തനമായി കാണാം. ജാതിവാദത്തിനും വര്‍ഗീയതക്കും അഴിമതിക്കുമെതിരെ ഡയമണ്ട് ഇൻഡ്യ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ച ശേഷം അദ്ദേഹം എഴുതുന്നു: “ഇവ്വിധം ആര്‍.എസ്.എസില്‍ തുടങ്ങി ഞാൻ എം.കെ.എസ്.എസിലെത്തി (മസ്ദൂര്‍ കിസാൻ ശക്തി സംഘതൻ). കുങ്കുമപ്പതാകക്ക് പകരം ബഹുവര്‍ണ്ണപ്പതാക പിടിച്ചു. ഒരു ആര്‍.എസ്.എസ് സ്വയംസേവകനില്‍ നിന്ന് ഞാനൊരു സ്വയംസേവി (സാമൂഹിക പ്രവര്‍ത്തകൻ) ആയി മാറി. പരിവര്‍ത്തനത്തിന്റെ ഈ വഴിയില്‍ നേരിട്ട പ്രതിസന്ധികൾ നിസാരമായിരുന്നില്ല. ഭരണകൂടവും അതിന്റെ മര്‍ദന സംവിധാനങ്ങളും ഹിന്ദുത്വശക്തികളുടെ ആള്‍ക്കൂട്ട വിചാരണകളുമെല്ലാം ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിട്ടും പതറാതെയും പരാജയപ്പെടാതെയും മുന്നോട്ടുപോകുന്ന ഒരാളെ ഈ ആത്മകഥയിൽ കാണാം.

സമകാലിക ഇൻഡ്യയുടെ രാഷ്ട്രീയ നിര്‍മിതിയിൽ ബ്രാഹ്മണിക്കൽ ഹിന്ദുത്വയുടെ അകംപൊള്ളയായ ‘ഏകാത്മക ഹിന്ദുവെന്ന’ പരികല്‍പ്പന എത്രത്തോളം വ്യാജമാണെന്ന വിശദീകരണം ഒരു മുന്‍ ആർ.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മമൊഴിയിലൂടെ വിവിധ ഭാഷകളിൽ വായനക്കാര്‍ക്ക് ലഭിക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ ആത്മകഥയുടെ പ്രസിദ്ധീകരണം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് വിദ്യാഭൂഷൺ റാവത്തുമായി നടത്തിയ ഒരു സംഭാഷണത്തിൽ ഭന്‍വർ മെഘ് വന്‍ഷി സൂചിപ്പിക്കുന്നുണ്ട്. സ്വതന്ത്ര ശബ്ദങ്ങള്‍ക്കും നിലപാടുകള്‍ക്കും ഇത്രത്തോളം കൂച്ചുവിലങ്ങിട്ട സമീപകാല സന്ദര്‍ഭങ്ങള്‍ ഇൻഡ്യയില്‍ അപൂര്‍വമായ സാഹചര്യത്തിൽ ഈ പുസ്തകത്തിന്റെ വിവര്‍ത്തനവും വായനയും പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണ്. രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍കൂടി ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു. ഒന്ന്, ദലിത്‌ ആഖ്യാനങ്ങളെയും ആത്മ രചനകളെയും സൂക്ഷ്മമായി പരിശോധിച്ചാൽ അത് ഏതെങ്കിലും ജാതിവിഭാഗത്തിന്റെ സവിശേഷമായ അടയാളങ്ങളെയും വ്യവഹാരങ്ങളെയും പിന്തുടരുന്നതിൽ ഔല്‍സുക്യം പ്രകടിപ്പിക്കുന്നതായി കാണാം. എന്നാല്‍ ഭന്‍വറിന്റെ അനുഭവാഖ്യാനം ബങ്കാറികളെക്കുറിച്ച് ചില സൂചനകളിലൂടെ മാത്രം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നതായി തോന്നുന്നു. രണ്ടാമത്തെ കാര്യം ആവിഷ്ക്കാരത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്മതയും സൗന്ദര്യവുമാണ്. വിലാപങ്ങളും പരിദേവനങ്ങളുമില്ലാതെ കാര്‍മേഘമൊഴിഞ്ഞ ആകാശം പോലെ സുതാര്യമാണ് ഇതിലെ ഭാഷയും ആഖ്യാനവും. മലയാളത്തിലേക്കുള്ള വിവര്‍ത്തനമാകട്ടെ ഏറ്റവും സൂക്ഷ്മമായും മനോഹരമായും അതിലേറെ വ്യക്തതയോടെയും നിര്‍വഹിക്കാൻ കഴിഞ്ഞുവെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്.ഇതിലെല്ലാമുപരി വര്‍ത്തമാനകാല ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വ ദേശീയത എത്രമാത്രം അപകടകരമാണെന്നും അപരവിദ്വേഷത്തിൽ അധിഷ്ഠിതമാണെന്നും തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പാഠപുസ്തകം തന്നെയാണ് ഈ കൃതിയെന്നു പറയുന്നതിൽ അതിശയോക്തിയില്ല. അത്തരമൊരു രചനയെ ഗൗരവമാര്‍ന്ന വായനക്കും വിലയിരുത്തലിനും വിമര്‍ശനത്തിനുമായി അവതരിപ്പിക്കുന്നതിലുള്ള സന്തോഷംകൂടി ഇവിടെ പങ്കുവെയ്ക്കട്ടെ.

Top