ഗൊരഖ്പൂർ കൂട്ടക്കൊല ഒരാണ്ട് പിന്നിടുന്നു; ഡോ. കഫീൽ ഖാൻ ഇപ്പോഴും സസ്പെൻഷനിൽ

August 2, 2018

ഗൊരഖ്പൂർ കൂട്ടക്കൊല നടന്നിട്ട് ഒരു വർഷം പിന്നിടുന്നു. രോഗ ബാധിതരായ കുഞ്ഞുങ്ങളെ സ്വന്തം ചിലവിൽ രക്ഷപ്പെടുത്താൻ ശ്രമിച്ച ഡോ. കഫീൽ ഖാൻ ഇന്നും സസ്പെൻഷനിലാണ്. രാജിവെച്ചു പുതിയൊരു ജീവിതം തുടങ്ങാൻ പോലും അദ്ദേഹത്തിനെ യോഗി സർക്കാർ സമ്മതിക്കുന്നില്ല. കഫീൽ ഖാന്റെ സഹോദരനെ കൊല്ലാനുള്ള ശ്രമവും ഇതിനിടെ നടന്നു. കടന്നുപോയി കൊണ്ടിരിക്കുന്ന കഠിന ജീവിതയാഥാര്‍ഥ്യങ്ങളെ കുറിച്ച് കഫീൽ ഖാൻ മൃദുല ഭവാനിയോട് സംസാരിക്കുന്നു.

​ഗൊരഖ്പൂർ ബി.ആർ.ഡി സർക്കാർ മെഡിക്കൽ കോളേജിൽ ഓക്സിജൻ വിതരണം നിലച്ചതു കാരണം ജാപ്പനീസ് എൻകഫലെെറ്റിസ് ബാധിതരായ നൂറോളം കുഞ്ഞുങ്ങൾ ദാരുണമായി കൊല്ലപ്പെട്ടിട്ട് ഓ​ഗസ്റ്റ് 10ന് ഒരു വർഷം തികയുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന, അനാരോ​ഗ്യകരമായ ചുറ്റുപാടിൽ ജീവിക്കുന്നവരാണ് കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബങ്ങൾ.

ഗൊരഖ്പൂരിൽ നടന്നത് യോഗി ആദിത്യനാഥ്‌ സർക്കാരിന്റെ നേതൃത്വത്തിലുള്ള കൂട്ടക്കൊല എന്നാണ് ഡോ. കഫീൽ ഖാൻ ഈ സംഭവത്തെ വിളിക്കുന്നത്. രോ​ഗികളായ കുഞ്ഞുങ്ങളെ രക്ഷിക്കാൻ സ്വന്തം കൈയ്യിൽ നിന്ന് കാശു മുടക്കി ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചതിനാണ് എൻകഫലെെറ്റിസ് വാർഡ് ചുമതല വഹിക്കുന്ന ഡോ.കഫീൽ ഖാനെ യോ​ഗി ആദിത്യനാഥ് സർക്കാർ വ്യാജകേസ് ചുമത്തി എട്ടുമാസം ജയിലിലടച്ചത്. സംഘപരിവാർ ഭരിക്കുന്ന ഇന്ത്യയിൽ ഒരു മുസ്‌ലിം കൂടി സംശയത്തിന്റെയും വെറുപ്പിന്റെയും നിഴലിലാക്കപ്പെടുകയും ഇരയാക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തു. ഏപ്രിൽ 25ന് അലഹബാദ് ഹെെക്കോടതി ഡോ. കഫീൽ നിരപരാധിയാണെന്ന് വിധിച്ചു. തുടർന്ന് 2018 മെയ് 10ന് ഡോ. കഫീൽ പുറത്തിറങ്ങിയെങ്കിലും തിരികെ ജോലിയിൽ പ്രവേശിക്കാൻ കഫീൽഖാന് ഇതുവരെ സാധിച്ചിട്ടില്ല.

ഡോ. കഫീൽ ഖാൻ

ഡോ. കഫീൽ ഖാൻ

യോഗി ആദിത്യനാഥ് സർക്കാർ, ചെയ്യാത്ത തെറ്റിന് കഫീൽഖാനെ ജയിലിൽ അടച്ചിട്ടും അദ്ദേഹത്തോടുള്ള ഭരണകൂട പകപോക്കൽ അവസാനിച്ചിരുന്നില്ല. ​2018 ജൂൺ 9ന് ഡോ. കഫീലിന്റെ ചെറിയ സഹോദരൻ കാഷിഫ് മൻസൂറിന് നേരെ വധശ്രമമുണ്ടായി. റംസാൻ മാസത്തിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങവെ കാഷിഫിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും വെടിവെച്ച് സംഘപരിവാർ കൊലപ്പെടുത്താൻ ശ്രമിച്ചു. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ക്ഷേത്രസന്ദർശനത്തിനായി സംഭവം നടന്നതിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. ബി.ജെ.പി എം.പി കമലേഷ് പസ്വാനും ഭരണകൂടവുമാണ് ഇതിനു പിന്നിലെന്ന് ഡോ. കഫീൽ ഖാൻ വാർത്താസമ്മേളനം നടത്തി ലോകത്തെ അറിയിച്ചു. പിന്നെയും സംഘപരിവാർ മാധ്യമങ്ങൾ ​ഗൊരഖ്പൂർ ഓക്സിജൻ ദുരന്തത്തിൽ കുറ്റാരോപിതനായ ഡോ. കഫീൽഖാൻ എന്നു തന്നെയെഴുതി.

സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും പ്രതികൾക്കു വേണ്ടി അന്വേഷണം നടത്തുകയോ തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല ഉത്തർപ്രദേശ് പോലീസ്. സംഭവത്തിൽ സി.ബി.എെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡോ. കഫീലിന്റെ മൂത്ത സഹോദരൻ അദീൽ അഹമദ് ഖാൻ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ കണ്ടിരുന്നു. അലഹബാദ് ഹെെക്കോടതിയും കൊലപാതക ശ്രമത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

നിരപരാധിയാണെന്ന് കണ്ടു ജാമ്യം അനുവദിച്ച കോടതി വിട്ടയച്ച ഗൊരഖ്പൂർ മെഡിക്കൽ കോളേജ് ശിശുരോഗ വിഗ്ധനായ ഡോ. കഫീൽ ഖാന്റെ സസ്പെൻഷൻ പിൻവലിക്കാൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഡോ. കഫീൽ ഖാൻ സംസാരിക്കുന്നു.

സഹോദരൻ കാഷിഫ് ജമീലിന് എങ്ങനെയുണ്ട്?

കാഷിഫ് സുഖം പ്രാപിക്കുന്നു. കൊലപാതക ശ്രമമുണ്ടായി ഒന്നരമാസം ആയിട്ടും ഉത്തർപ്രദേശ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

ജൂൺ 10ന് രാത്രി, റംസാനിലെ രാത്രികാല പ്രാർത്ഥനയായ തറാവീഹ് കഴിഞ്ഞ് പത്തരയോടെ ഉമ്മയ്ക്ക് ചെരുപ്പു വാങ്ങിക്കാൻ പോകുകയായിരുന്നു കാഷിഫ്. ​ഗൊരഖ്നാഥ് ക്ഷേത്രത്തിനടുത്താണ് കാഷിഫ് പോയത്. സംഭവം നടക്കുമ്പോൾ യോ​ഗി ആദിത്യനാഥ് ​ഗൊരഖ്നാഥ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ​ഗൊരഖ്നാഥ് ക്ഷേത്രത്തിൽ നിന്നും 500 മീറ്റർ അകലത്തിലാണ് കാഷിഫിന് വെടിയേറ്റത്. ഒരു സ്കൂട്ടിയിലാണ് രണ്ടുപേർ വന്ന് അഞ്ചുതവണ വെടിവെച്ചത്. അതിൽ മൂന്നു ബുള്ളറ്റുകൾ കാഷിഫിന് കൊണ്ടു. ഒന്നാമത്തെ ബുള്ളറ്റ് പിന്നിൽ നിന്നായിരുന്നു. അത് ശരീരം തുളച്ച് മുന്നിലേക്ക് വന്നു. എന്റെ സഹോദരൻ ബെെക്കിലായിരുന്നു. പിന്നീട് അവർ മുന്നിലേക്ക് വന്ന് വീണ്ടും വെടിയുതിർത്തു. മേൽത്തുടയിലും വലതു കൈയ്യിലും വെടികൊണ്ടു. കാഷിഫ് ഓടാൻ തുടങ്ങി. അവർ അവനെ പിന്തുടർന്ന് പിന്നെയും വെടിവെച്ചു. അത് നല്ല ആഴത്തിൽ തന്നെ തറച്ചുകയറി. വലത്തെ ചുമലിൽ നിന്നും അത് കഴുത്തിലേക്ക് ആണ്ടു. ആ വെടിയുണ്ട കഴുത്തിൽ തറച്ചു നിന്നു. പിന്നെയും കാഷിഫ് ഓടി. ഓട്ടത്തിനിടയിൽ വീണെങ്കിലും സര്‍വ്വശക്തിയുമെടുത്ത് എഴുന്നേറ്റോടി. അപ്പോഴേക്കും ആൾക്കാർ കൂടുകയും വെടിവെച്ചവർ രക്ഷപ്പെടുകയും ചെയ്തു. ഞങ്ങള്‍ കാഷിഫിനെ അടുത്തുള്ള പ്രെെവറ്റ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ സ്റ്റാർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. എത്രയും വേ​ഗം വെടിയുണ്ടകൾ എടുത്തു കളഞ്ഞില്ലെങ്കിൽ കാഷിഫിന് ജീവൻ നഷ്ടപ്പെടുമെന്ന് ഡോക്ടർ പറഞ്ഞു. ശക്തമായ ബ്ലീഡിങ് ഉണ്ടായിരുന്നു, കാഷിഫ് വേദന കൊണ്ട് കരയുകയായിരുന്നു.

അപ്പോഴേക്കും പോലീസ് വന്നു. സർജറിക്ക് മുന്‍പ് മെഡിക്കോ ലീ​ഗൽ ചെയ്യണമെന്ന് പോലീസ് നിർബന്ധം പിടിച്ചു. മെഡിക്കോ ലീ​ഗൽ ചെയ്തു കഴിഞ്ഞതായി ഡോക്ടര്‍ പറഞ്ഞെങ്കിലും ഒരു പ്രെെവറ്റ് ഡോക്ടർ അല്ല മെഡിക്കോ ലീ​ഗൽ ചെയ്യേണ്ടത് എന്നും ​ഗവണ്‍മെന്‍റ്  ഡോക്ടർ തന്നെ അതു ചെയ്യണം എന്നും പോലീസ് നിർബന്ധം പിടിച്ചു. എന്നാൽ സുപ്രീം കോടതിയുടെ ​ഗെെഡ് ലെെൻസ് അനുസരിച്ച് ഇത്തരം കേസുകളിൽ ജീവൻ രക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്, അതിനു ശേഷം പൂർത്തിയാക്കിയാൽ മതി മറ്റു കാര്യങ്ങൾ. എന്തായാലും ക്വാളിഫെെഡ് ആയ ഒരു ഡോക്ടർ മെഡിക്കോ ലീ​ഗൽ ചെയ്തിട്ടുണ്ട്, സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണോ അല്ലെങ്കില്‍ ​ഗവണ്‍മെന്‍റ് ഡോക്ടറാണോ എന്നതൊന്നും ഒരു ചോദ്യമേ അല്ല. പക്ഷേ പോലീസ് ​സർക്കാർ ഡോക്ടറുടെ മെഡിക്കോ ലീ​ഗൽ തന്നെ വേണം എന്ന് വാശിപിടിക്കുകയാണ് ചെയ്തത്.

11.30ഓടു കൂടി ഞങ്ങളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു ​ഗവണ്‍മെന്‍റ് ഡോക്ടർ മെഡിക്കോ ലീ​ഗൽ ചെയ്തു, അതിന് ഏകദേശം ഒരു മണിക്കൂറോളം എടുത്തു. ഈ മെഡിക്കോ ലീ​ഗൽ കൊണ്ട് ഞങ്ങൾ സംതൃപ്തരല്ല, മെഡിക്കൽ കോളേജിലെ ഒരു മെഡിക്കൽ ബോർഡ് ആണ് മെഡിക്കോ ലീ​ഗൽ ചെയ്യേണ്ടത് എന്നായി പോലീസുകാരുടെ അടുത്ത വാദം. നാലോ അഞ്ചോ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് മെഡിക്കോ ലീ​ഗൽ ചെയ്താൽ മാത്രമേ സർജറി ചെയ്യാൻ കഴിയൂ എന്ന് അവര്‍ വീണ്ടും വാശിപിടിച്ചു. സർജറി ഉടനെ ചെയ്യണം, ഇല്ലെങ്കിൽ ആൾ മരിച്ചുപോകുമെന്ന് അവിടെ ഉണ്ടായിരുന്ന സർജൻ പറഞ്ഞു. പക്ഷേ അവരത് കേട്ടതേ ഇല്ല.

എന്റെ സഹോദരൻ കൊല്ലപ്പെടണം എന്നും ഇതേപ്പറ്റി സംസാരിക്കാൻ ജീവനോടെ തിരിച്ചുവരരുത് എന്നും

ഡോ. കഫീൽ ഖാൻ

ഡോ. കഫീൽ ഖാൻ

ആ​ഗ്രഹമുള്ളതു പോലെയാണ് പോലീസ് പെരുമാറിയത്. കാഷിഫ് വേദനയിൽ പുളഞ്ഞ് കരയുകയായിരുന്നു. ‍ഞങ്ങള്‍ പോലീസുമായുള്ള തർക്കത്തിലും. ഞങ്ങൾ കാഷിഫിനെ സ്റ്റാർ ഹോസ്പിറ്റലിലേക്ക് തന്നെ കൊണ്ടുപോയി. ഒരു മെഡിക്കോ ലീ​ഗൽ കൂടി ചെയ്യേണ്ടെന്നും കാഷിഫിന്റെ ജീവനാണ് വലുത് എന്നും ഞങ്ങള്‍ അവരോടു പറഞ്ഞു. നാലഞ്ച് വാഹനങ്ങളിലായി അമ്പതോളം പോലീസുകാർ ഞങ്ങളെ പിന്തുടർന്നു വന്നു. സ്റ്റാർ ഹോസ്പിറ്റലിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ​ഗൊരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് അവർ ഞങ്ങളെ നിർബന്ധിച്ച്, ബലം പ്രയോ​ഗിച്ച് കൊണ്ടുപോയി. തകർന്ന റോഡുകളിലൂടെ 20 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വന്നു. ഒരു മണിയോടെ അവിടെയെത്തി. മെഡിക്കോ ലീ​ഗൽ ചെയ്തു കഴിഞ്ഞെന്നും എത്രയും പെട്ടെന്ന് വെടിയുണ്ടകൾ നീക്കം ചെയ്യണമെന്നും അവിടുത്തെ ഡോക്ടർ പറഞ്ഞു. എന്നാൽ ബുള്ളറ്റുകൾ നീക്കം ചെയ്യാൻ സർക്കാർ മെഡിക്കൽ കോളേജിൽ സ്പെഷ്യലിസ്റ്റ് ഇല്ലെന്ന് അവർ പറഞ്ഞു. ലഖ്നൗവിലേക്ക് കൊണ്ടുപോകണം എന്നു പറഞ്ഞപ്പോൾ ഞങ്ങൾ ​ദേഷ്യപ്പെടുകയും  പ്രതിഷേധിക്കുകയും ചെയ്തു. എന്താണ് ഇവിടെ നടക്കുന്നതെന്ന് ഞങ്ങൾ ചോദ്യം ചെയ്തു. ഇതിനകം തന്നെ മൂന്നു മണിക്കൂര്‍ വെറുതെ പാഴായിട്ടുണ്ട്. അതിനുശേഷമാണ് 300 കിലോമീറ്റർ അകലെയുള്ള ലഖ്നൗവിലേക്ക് കൊണ്ടുപോകണം എന്ന് പറയുന്നത്.

പോലീസുകാർക്ക് ഉന്നത ഉദ്യോ​ഗസ്ഥരിൽ നിന്ന് നിർദേശങ്ങൾ കിട്ടുന്നുണ്ടായിരുന്നു. എന്റെ സഹോദരൻ മരിച്ചുപോകണം എന്നായിരുന്നു അവരുടെ ലക്ഷ്യം. ഞങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. ഇപ്പോൾ തന്നെ ബുള്ളറ്റുകൾ നീക്കം ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. ഞാൻ എന്റെ സീനിയർ ആയിരുന്ന ഒരു സുഹൃത്തിനെ വിളിച്ചു. പുലർച്ചയോടെ അദ്ദേഹം വന്ന് എന്റെ സഹോദരനെ വീണ്ടും പ്രെെവറ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പുലർച്ചെ മൂന്നു മണിയോടെ ബുള്ളറ്റുകൾ നീക്കം ചെയ്തു.

ഈ ഭരണകൂടം സൃഷ്ടിച്ച ദലിതർക്കും മുസ്‌ലിംകൾക്കും ദരിദ്രർക്കും എതിരെ വെറുപ്പും അതിക്രമവും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തോടാണ് ഈ പോരാട്ടം. ദിവസേന മുസ്‌ലിംകളെയും ദലിതരെയും കൊലപ്പെടുത്തുന്നു. അവർക്കെല്ലാം വേണ്ടിയാണ് നമ്മൾ പോരാടുന്നത്, അവർക്കെല്ലാം വേണ്ടി പോരാടേണ്ടിയിരിക്കുന്നു.

പോലീസുകാർ കാഷിഫിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സർജറി വെെകിക്കാൻ പോലീസ് ചെയ്തത് കാഷിഫിന് നേരെയുള്ള രണ്ടാം വധശ്രമമാണ്. ഞാനതിനെ കാഷിഫിന് നേരെയുള്ള രണ്ടാം വധശ്രമം എന്ന് വിളിക്കും. യു.പി പോലീസിന്റെ വധശ്രമം. ഡി.സി.പി അവിടെ ഉണ്ടായിരുന്നു. സിറ്റി എസ്.പി വിനയ് കുമാർ സിങ് അവിടെ ഉണ്ടായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുന്‍പ് എൻെറ ഭൂമിയിൽ നിർമാണ പ്രവൃത്തി തടസ്സപ്പെടുത്താൻ വന്നത് ഇയാളായിരുന്നു. ഇവർ മുഴുവൻ സമയം ഫോണിൽ ഉന്നത അധികാരികളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് അവർ മനഃപൂർവ്വം ഒരു അടിയന്തര ശസ്ത്രക്രിയ വെെകിച്ചു. മെഡിക്കൽ ഭാഷയിൽ സുവർണ മണിക്കൂർ എന്നു വിളിക്കുന്ന സമയമാണ് അവർ ബോധപൂർവം നഷ്ടപ്പെടുത്തിയത്. രക്തം വാര്‍ന്ന് വേദനകൊണ്ട് കാഷിഫ് കരയുകയായിരുന്നു. ഏഴു തുളകളാണ് ആക്രമണത്തിന് ശേഷം കാഷിഫിന്റെ ശരീരത്തിൽ ബാക്കിയായത്. അതിലൂടെയെല്ലാം രക്തം നഷ്ടപ്പെട്ടു. ഇതെല്ലാം കാരണം എന്റെ സഹോദരന്റെ സർജറി വെെകി, ആരോ​ഗ്യനില വഷളായി. ബുള്ളറ്റുകൾ നീക്കം ചെയ്ത ശേഷം ഞങ്ങൾ‍ക്ക് കാഷിഫിനെയും കൊണ്ട് ലഖ്നൗവിലേക്ക് ഓടേണ്ടിവന്നു. ഏഴു ദിവസത്തോളം കാഷിഫ് എെ.സി.യുവിൽ കഴിഞ്ഞു.

കൊലപാതകശ്രമത്തെപ്പറ്റി കാഷിഫ് എന്തു പറയുന്നു?

ഞങ്ങൾ ഒരു എഫ്.ഐ.ആര്‍ ഫയൽ ചെയ്തു. ഒരു ലോക്കൽ ബി.ജെ.പി എം.പി കമലേഷ് പാസ്വാൻ ആണത് ചെയ്തത്. അയാളാണ് കൊലയാളികളെ അയച്ചത്. കമലേഷ് പാസ്വാനെതിരെ എഫ്.ഐ.ആര്‍ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ സംഭവം നടന്ന് ഒന്നര മാസമായിട്ടും പോലീസ് ഇക്കാര്യത്തിൽ വേണ്ട വിധം അന്വേഷണം നടത്തിയിട്ടില്ല. പോലീസ് കമലേഷ് പാസ്വാനെ ചോദ്യം ചെയ്തിട്ടുമില്ല.

കമലേഷ് പാസ്വാന്റെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. മുഴുവൻ സർക്കാർ സംവിധാനങ്ങളും കമലേഷ് പാസ്വാനെ സംരക്ഷിക്കാൻ നോക്കുകയാണ്. കുറ്റകൃത്യം സംഭവിച്ചത് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പരിസരത്ത് ഉണ്ടായിരുന്നപ്പോഴായിരുന്നു. അതിനാൽ സുരക്ഷയൊരുക്കിയ സ്ഥലത്ത് തോക്കുമായി അക്രമികൾ എങ്ങനെ എത്തി എന്നതും പരിശോധിക്കേണ്ട വസ്തുതയാണ്. മുഖ്യമന്ത്രി ഉള്ളതിനാൽ കിലോമീറ്ററുകളോളം സുരക്ഷ ശക്തമാക്കിയിരുന്നു. എന്നിട്ടും രണ്ടുപേർ തോക്കുമായി വന്ന് എന്റെ സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചു. അവർ രക്ഷപ്പെടുകയും ചെയ്തു. ആരാണ് കാഷിഫിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് എന്ന് പോലീസ് കണ്ടെത്തിയിട്ടില്ല. അന്വേഷണവും ഉണ്ടായിട്ടില്ല. ഞങ്ങൾ പ്രാദേശിക പോലീസ് ഉദ്യോ​ഗസ്ഥരെ കണ്ടു. ഉത്തർപ്രദേശ് ഡി.ജി.പിയെ കണ്ടു. എന്റെ സഹോദരനെ കൊല്ലാൻ ശ്രമിച്ച പോലീസുകാർക്കെതിരെ പരാതി എഴുതിക്കൊടുത്തു. കേസിൽ സി.ബി.എെ അന്വേഷണം ആവശ്യപ്പെട്ടു. ജൂൺ 17ന് ലഖ്നൗവിൽ വെച്ച് ഞാൻ വാർത്താ സമ്മേളനം നടത്തി കേസിൽ സി.ബി.എെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്ക് കത്തയച്ചു. എന്റെ മൂത്ത സഹോദരൻ അദീൽ ഖാൻ മുഖ്യമന്ത്രിയെ നേരിട്ട് പോയി കണ്ടു. ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും പ്രസിഡന്റിനും മനുഷ്യാവകാശ കമ്മീഷനും യു.എന്നിനും കത്തയച്ചു. പക്ഷേ എവിടെനിന്നും ഞങ്ങൾക്ക് മറുപടി കിട്ടിയിട്ടില്ല.

അവർ എന്റെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. എന്നെ പദവിയിൽ നിന്ന് നീക്കം ചെയ്തിട്ടുമില്ല. എന്നെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ ആശുപത്രി അധികൃതർക്ക് കത്തയച്ചിരുന്നു. അങ്ങനെയാണെങ്കിൽ എനിക്ക് മറ്റെവിടെയെങ്കിലും ജോലി ചെയ്ത് തുടങ്ങാമല്ലോ. എനിക്ക് എന്റെ ജീവിതം പുനരാരംഭിക്കാം. അതുപോലും അവരെന്നെ ചെയ്യാൻ സമ്മതിക്കുന്നില്ല.

ഞങ്ങൾ ഒരു മാസം കാത്തിരുന്നു. അതിനു ശേഷം അലഹബാദ് ഹെെക്കോടതിയിൽ പെറ്റിഷൻ ഫയൽ ചെയ്തു. കേസിൽ നീതിപൂർവ്വമായ അന്വേഷണവും സി.ബി.എെ അന്വേഷണവും ആവശ്യപ്പെട്ടു. അടിയന്തിര ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന സുവർണ മണിക്കൂർ എന്തിനാണ് പോലീസ് നഷ്ടപ്പെടുത്തിയതെന്നും നാലു മണിക്കൂർ വെെകിച്ചത് എന്തിനാണെന്നും ആരാഞ്ഞു. ജൂലെെ 11ന് കേസിൽ സി.ബി.എെ അന്വേഷണം വേണമെന്ന് കാണിച്ച് അലഹബാ​ദ് കോടതിയുടെ അനുകൂല വിധി വന്നു. എന്തുകൊണ്ടാണ് പോലീസ് ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്നും എന്തുകൊണ്ടാണ് ശരിയായ അന്വേഷണം നടത്താത്തത് എന്നുമുള്ള കാര്യങ്ങൾ വിശദീകരിച്ച് പേഴ്സണൽ അഫിഡവിറ്റ് ഫയൽ ചെയ്യാനും കോടതി ​ഗൊരഖ്പൂർ എസ്.എസ്.പിക്ക് നോട്ടീസ് നൽകി. ജൂലെെ 26നാണ് അടുത്ത ഹിയറിങ്.

ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങളിലെല്ലാം പ്രതികൾ രക്ഷപ്പെടുകയാണ്. അവർ അറസ്റ്റ് ചെയ്യപ്പെടുക പോലുമില്ല! അതേപ്പറ്റി എന്താണ് പറയാനുള്ളത്?

ഒരിക്കലും ഇത്തരം കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല. മൊത്തം ഭരണകൂട സംവിധാനങ്ങളും പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഉത്തർപ്രദേശിലെ ബി.ജെ.പി ​ഗവണ്‍മെന്‍റ് അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സത്യത്തിൽ എന്റെ വായ് മൂടുകയാണ് അവരുടെ ലക്ഷ്യം. ബി.ആർ.ഡിയിൽ നടന്ന ബി.ജെ.പി കൂട്ടക്കൊലയെപ്പറ്റി ഞാൻ ശബ്ദിക്കാതിരിക്കുകയാണ് അവരുടെ ലക്ഷ്യം. അതിനുത്തരവാദി ആരാണെന്നോ, എത്ര കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു എന്നോ ഞാൻ‍ സംസാരിക്കരുത്.

കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാൻ പോരാടുന്നത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം ഞാൻ അവരെപ്പറ്റി തന്നെയാണ് തുടർച്ചയായി സംസാരിക്കുന്നത്.അതുകൊണ്ടാണ് അവരെന്റെ അനിയനെ കൊലപ്പെടുത്താൻ ശ്രമിച്ചതും.  

ബി.ആർ.ഡി ഓക്സിജൻ കൂട്ടക്കൊല കഴിഞ്ഞ് ഒരു വർഷമാകുന്നു.

അതെ. കഴിഞ്ഞ ഓ​ഗസ്റ്റ് 10നാണ് സംഭവം നടന്നത്. എന്റെ പോരാട്ടം എ‍ന്റെ പോരാട്ടം മാത്രമല്ല.  മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കൾക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. അവർക്ക് നീതി കിട്ടണം. അവർക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല. അവരോട് സഹതാപത്തിന്റെ ഒരു വാക്ക് പോലും ഈ ഭരണാധികാരികൾ പറഞ്ഞിട്ടില്ല. ജൂൺ അവസാനമാകുമ്പോഴേക്കും മരിച്ചത് 1100 പേരാണ്.

ഡോക്ടർ ഇപ്പോൾ എവിടെയെങ്കിലും ജോലി ചെയ്യുന്നുണ്ടോ?

ഇല്ല. അവർ എന്റെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. എന്നെ പദവിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിട്ടില്ല. എന്നെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ ആശുപത്രി അധികൃതർക്ക് കത്തയച്ചിരുന്നു. അങ്ങനെയാണെങ്കിൽ എനിക്ക് മറ്റെവിടെയെങ്കിലും ജോലി ചെയ്ത് തുടങ്ങാമല്ലോ. എനിക്ക് എന്റെ ജീവിതം പുനരാരംഭിക്കാം. അതുപോലും അവരെന്നെ ചെയ്യാൻ സമ്മതിക്കുന്നില്ല. എന്റെ സസ്പെൻഷൻ പിൻവലിക്കുന്നുമില്ല മറ്റെവിടെയും ജോലി ചെയ്യാൻ സമ്മതിക്കുന്നുമില്ല.

യുണൈറ്റഡ് എ​ഗെയ്ൻസ്റ്റ് ഹെയ്റ്റിനൊപ്പമുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ എങ്ങനെ പോകുന്നു?

മൃദുല ഭവാനി

മൃദുല ഭവാനി

നമ്മൾ പോരാടുകയാണ്. 2019ലെ തെരഞ്ഞെടുപ്പിനോടുള്ള പോരാട്ടം കൂടിയാണിത്. ഈ ഭരണകൂടം സൃഷ്ടിച്ച ദലിതർക്കും മുസ്‌ലിംകൾക്കും ദരിദ്രർക്കും എതിരെ വെറുപ്പും അതിക്രമവും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തോടാണ് ഈ പോരാട്ടം. ദിവസേന മുസ്‌ലിംകളെയും ദലിതരെയും കൊലപ്പെടുത്തുന്നു. അവർക്കെല്ലാം വേണ്ടിയാണ് നമ്മൾ പോരാടുന്നത്, അവർക്കെല്ലാം വേണ്ടി പോരാടേണ്ടിയിരിക്കുന്നു. ഈ രീതിയിലാണ് അവർ ജനങ്ങളെ വിഭജിക്കുന്നത്. 2019ൽ ബി.ജെ.പി ഭരണം നിലനിർത്തിയാൽ അത് ഇന്ത്യൻ ജനാധിപത്യത്തിലെ മറ്റൊരു ദുരന്തമായിരിക്കും. അതിനാൽ ഇത് എന്റെ മാത്രം പോരാട്ടമല്ല, ഈ ഭരണകൂടത്തിന്റെ ആക്രമണം നേരിടുന്ന പ്രത്യേക ജാതിയിലും മതവിഭാ​ഗത്തിലും പെടുന്ന ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണിത്.

തയ്യാറാക്കിയത് : മൃദുല ഭവാനി

Top