ദലിത് ആത്മകഥാ പഠനങ്ങൾക്ക് ഒരാമുഖം

സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങൾ സർഗാത്മക കൃതികളെക്കാൾ ആഴത്തിൽ അടയാളപ്പെടുത്തുന്നത് ആത്മകഥകളിലാണ്. ഇൻഡ്യൻ ഗ്രാമങ്ങളെ അകാൽപ്പനികമായി സൃഷ്ടിക്കുന്ന ദലിത് ആത്മകഥകളുടെ രീതി ഒരുദാഹരണമാണ്. ദലിതരുടെ സൈദ്ധാന്തിക ഇടപെടലുകളുടെ അടിത്തറയിലും, ചരിത്രപരമായ വികാസത്തിന്റെ പശ്ചാത്തലത്തിലും ആത്മകഥകളെ സമീപിക്കാനാണ് ഈ പഠനം ശ്രമിക്കുന്നത്. ‘അനുഭവങ്ങൾ, അടയാളങ്ങൾ: ദലിത് ആഖ്യാനം, രാഷ്ട്രീയം’ എന്ന പുസ്തകത്തിന് ഒ.കെ സന്തോഷ്‌ എഴുതുന്ന ആമുഖം.

ആധുനികോത്തര ചിന്തയുടെ വ്യാപനത്തിലൂടെ കേരളത്തിലുണ്ടായ ധൈഷണികമായ പ്രധാനപ്പെട്ട ഒരു മാറ്റം, വർഗേതര വിശകലനത്തിന്റെ പ്രാധാന്യം വർധിച്ചു എന്നുള്ളതാണ്. ഇടതുപക്ഷ വിമർശനത്തിന്റെ കേന്ദ്ര പ്രമേയങ്ങൾ ഗൗരവമായ പുനർവിചാരണക്ക് വിധേയമായി. സാർവദേശീയമായി രൂപപ്പെട്ട രാഷ്ട്രീയ പരിണാമങ്ങളും പ്രത്യയശാസ്ത്രത്തെ സംബന്ധിച്ച പരികൽപ്പനയിലെ പിളർപ്പുകളും ഈ പ്രക്രിയയുടെ ആക്കം കൂട്ടി. ആധുനികത സൃഷ്ടിച്ച സംവേദനം, നിരവധി അപരങ്ങളെ നിലനിർത്തിക്കൊണ്ടായിരുന്നു അതിന്റെ സാമൂഹിക ഭാവനകളെ പുനർനിർമിച്ചത്. മറ്റൊരർഥത്തിൽ, കേന്ദ്രീകൃത ഘടനയിൽ നിന്ന് മനുഷ്യ ഭാവനയും ചിന്തയും ശകലിത ഘടനയിലേക്ക് പരിവർത്തിച്ചു എന്ന് പറയാം.

പാശ്ചാത്യ ആധുനികതയുടെ ചിന്താപരമായ വഴികളെ പിന്തുടർന്നതിനു സമാനമായല്ല ആധുനികോത്തരതയെ കുറിച്ചുളള സംവാദങ്ങൾ കേരളത്തിൽ വികസിച്ചത്. നിരവധി പ്രത്യയശാസ്ത്ര ഘടകങ്ങൾ ഈ സജീവതക്കു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, കേരളത്തിലെ ധൈഷണികമായ മേൽക്കൈ വിഭാഗങ്ങളുടെ ദാർശനികാന്വേഷണങ്ങളെ അസ്ഥിരപ്പെടുത്തി എന്നതായിരുന്നു ഈ ചർച്ചകളുടെ പ്രധാനപ്പെട്ട ഫലം. പാർശ്വവത്കൃതർ ശബ്ദസാന്നിധ്യമായി മാറുന്നതിന്റെ പുതുമ നമ്മുടെ കൽപിത പൊതുമണ്ഡലത്തെ അസ്വസ്ഥമാക്കി. സാമ്രാജ്യത്വത്തിന്റെ പുതിയ രൂപത്തിലുളള കടന്നുവരവായി സംവാദപരമായ നവീന പ്രവണതകൾ മുദ്രകുത്തപ്പെട്ടു.

കൊളോണിയൽ ആധുനികതയോടും ജ്ഞാനോദയത്തിന്റെ ആശയ ശാസ്ത്രങ്ങളോടും അതിന്റെ സാർവലൗകിക സാന്നിധ്യങ്ങളോടും ധൈഷണികമായി വിയോജിച്ചു കൊണ്ടായിരുന്നു ഈ സംവാദങ്ങൾ ഉയർന്നുവന്നത്. അറിവിന്റെ കാലിക സമസ്യകളോട് ഗുണപരമായി സംവദിക്കാനായിരുന്നു ഉത്തരാധുനികർക്ക് താൽപ്പര്യം. അത് ലോകമെമ്പാടും ഉയർന്നുവരാൻ സാധ്യതയുളള സംസ്കാര സംഘർഷങ്ങളെക്കുറിച്ച് പ്രവചിച്ചു. മനുഷ്യ സമൂഹത്തിലെ പിളർപ്പുകൾ വ്യത്യസ്ത സാമൂഹികാവസ്ഥകളുടെ സൃഷ്ടിയാണെന്ന് വിലയിരുത്തി. മുഖ്യമായും, മാർക്സിസത്തിന്റെ ഉഭയ വർഗീകരണത്തെ തിരസ്കരിക്കുന്നതിലായിരുന്നു ഇവർ ജാഗ്രത പുലർത്തിയത്.

മലയാളിയുടെ പൊതുബോധം ആധുനിക യുക്തിയിൽ കാലങ്ങളായി ഉറപ്പിച്ചെടുത്ത കർത്തൃത്വ മണ്ഡലം കൂടുതൽ വിഭജിക്കപ്പെടുന്ന അവസ്ഥ സംജാതമായി. ജാതിയേതരവും മതേതരവുമായി നിലനിർത്തിയ ഭാവനാ മണ്ഡലങ്ങൾ നവീനമായ ചോദ്യങ്ങളെ അഭിമുഖീകരിച്ച സന്ദർഭം കൂടിയായിരുന്നു അത്. സാമൂഹിക ഭാവനകൾക്കുമേൽ അപ്രതീക്ഷിതവും അതിലേറെ സങ്കീർണവുമായ പ്രഹരങ്ങൾ പതിക്കാൻ തുടങ്ങി. മുഖ്യധാരാ രാഷ്ട്രീയ വ്യവസ്ഥയുടെ ചിന്താ മണ്ഡലത്തിൽ അവയുടെ പ്രായോഗിക ആവിഷ്കാരങ്ങളാൽ വിള്ളൽ വീണു. പ്രത്യയശാസ്ത്രവും പ്രയോഗവും തമ്മിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ അകലം വർധിച്ചു.

ബഹു സാംസ്കാരിക സമൂഹത്തിൽ കേന്ദ്രീകൃത വ്യവസ്ഥയെക്കുറിച്ചുളള ചിന്തകൾക്ക് ആധിപത്യ രൂപം കൈവരിക അസാധ്യമാണ്. ബഹുലതകൾ തന്നെ അപ്രസക്തമാണെന്ന കാഴ്ചപ്പാട് അബോധപരമായി പിന്തുടരുന്നവർ ഇത്തരം സമസ്യകളുടെ കുരുക്കഴിക്കുന്നില്ല. വ്യത്യസ്തതകളെ കുറിച്ചുളള ചിന്തകളെ ഗുണപരമായി സ്വാധീനിക്കുവാനും അവർ വിമുഖത പ്രകടിപ്പിക്കുന്നു. ജാതി, മതം, ലിംഗം, വംശം തുടങ്ങിയ മൗലിക സംവർഗങ്ങളെ ‘പ്രതിലോമപരതയുടെ’ കളളിയിൽ തളച്ച്, അവയെക്കുറിച്ച് ചർച്ച ചെയ്യുന്നവരോട് ശത്രുത പ്രഖ്യാപിക്കുന്നതാണ് പതിവു രീതി. ആധിപത്യ സംസ്കാരത്തെ പൊതുവാക്കിയ ശേഷം സൂക്ഷ്മതകളെ തിരസ്കരിക്കുന്ന യുക്തിയാണ് ഇവിടെ പ്രവർത്തനക്ഷമമാകുന്നത്. സ്വത്വരാഷ്ട്രീയ സംവാദങ്ങളുടെ കേരളീയ പരിസരവും ആത്യന്തിക വിശകലനത്തിൽ ഈയൊരു ദുർവിധി നേരിടുന്നുണ്ടെന്ന് കാണാം.

നവരാഷ്ട്രീയ പ്രതിഭാസങ്ങൾ എന്ന് ബി. രാജീവൻ വിശേഷിപ്പിക്കുന്നത്, ജനാധിപത്യത്തിന്റെ ഔപചാരിക പ്രയോഗ മണ്ഡലങ്ങൾക്കു പുറത്ത് തങ്ങളുടെ സ്വത്വങ്ങൾ ആവിഷ്കരിക്കുന്നവരെയാണ്. ദലിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, നാടോടികൾ തുടങ്ങി മുഴുവൻ ബഹിഷ്കൃതരുമാണ് സ്വത്വരാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നവർ. വ്യവസ്ഥാപിത അധികാര ഘടനയിൽ നിന്നും വിഭവങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടവരാണ് തങ്ങളെന്ന തിരിച്ചറിവാണ് ഇവരുടെ ഉയർത്തെഴുന്നേൽപ്പിന്റെ അടിത്തറ. സാമൂഹികവും രാഷ്ട്രീയവുമായ അഭാവങ്ങൾ സൃഷ്ടിച്ച അസന്തുലിതത്വം ഇതിനെ വിപുലമായി സ്വാധീനിക്കുന്നു. ചരിത്രപരമായ വർഗീകരണ സിദ്ധാന്തങ്ങൾക്ക് പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന യാഥാർഥ്യം തിരിച്ചറിയുന്നവർക്കു മാത്രമേ ഈ ആശയ മണ്ഡലത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ.

ബി. രാജീവൻ

സാമ്പത്തികാടിത്തറയെ നിർണായകമായി കാണുന്ന വർഗ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾക്ക് പ്രത്യക്ഷത്തിൽ തന്നെ ഇവയോട് വിയോജിക്കേണ്ടി വരും. വർഗവും സ്വത്വവും യോജിക്കുന്ന മണ്ഡലം വിമോചനത്തിന്റേതു മാത്രമാണ്. സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കാൻ പ്രയോഗിക്കേണ്ട രീതിശാസ്ത്രങ്ങളെ സംബന്ധിച്ചാണ് പ്രധാനമായും വ്യത്യസ്ത വീക്ഷണങ്ങൾ നിലനിൽക്കുന്നത്. തങ്ങളുടെ അസ്വാതന്ത്ര്യത്തിന്റെയും രൂക്ഷമായി തുടരുന്ന അസമത്വങ്ങളുടെയും യഥാർത്ഥ അടിത്തറ എന്താണെന്ന തർക്കമാണ് ഇവിടെ മുഖ്യം. സാമൂഹിക യാഥാർഥ്യങ്ങളെ വിശകലനം ചെയ്യുന്നതിൽ പുലർത്തുന്ന വ്യത്യസ്ത ധാരകളും ധാരണകളുമാണ് ഈ സംവാദങ്ങളുടെ അടിസ്ഥാനം.

സ്വത്വരാഷ്ട്രീയവാദം ഏറെ അപകടം പിടിച്ചതാണെന്ന വീക്ഷണം പുലർത്തുന്നവർ ധൈഷണിക വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചു കൂടുന്ന നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. മുഖ്യധാരയുടെ സ്വാതന്ത്ര്യ നിർമിതിയെ അവിശ്വസിക്കുകയോ അതിലംഘിക്കുകയോ ചെയ്യുന്ന സാഹചര്യമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. പലപ്പോഴും സ്വയം സംസാരിക്കുന്നവരായി ബഹിഷ്കൃതർ മാറുമ്പോൾ ഈ എതിർപ്പ് അതിന്റെ എല്ലാവിധ രൂക്ഷതയോടെയും പുറത്തുവരും. അതായത്, തങ്ങൾ സൃഷ്ടിച്ച സ്വാതന്ത്ര്യ ബോധത്തിന്റെ പരിധികളെ ലംഘിക്കേണ്ടതില്ല എന്നു സാരം. വിവിധ സന്ദർഭങ്ങളിലെ അതിലംഘനങ്ങൾക്ക് ആത്മബോധത്താൽ പ്രചോദിതരായവർ കൊടുത്ത വില കേരളീയ പൊതുമണ്ഡലം നിശബ്ദമായി കണ്ടു നിന്നു. മുത്തങ്ങ സമരം, ആദിവാസികളുടെ വിവിധ പ്രക്ഷോഭങ്ങൾ, ദലിതരുടെയും മുസ്‌ലിംകളുടെയും മുഖ്യധാരക്കു പുറത്തുള്ള കൂടിച്ചേരലുകൾ, സ്ത്രീകളുടെയും പരിസ്ഥിതിവാദികളുടെയും മൗലികവും വേറിട്ടതുമായ സമരങ്ങൾ എന്നിവയെ ഭരണകൂടവും ബുദ്ധിജീവികളും കൈകാര്യം ചെയ്തവിധം കേരള ചരിത്രത്തിന്റെ ഭാഗമാണ്.

സത്താപരമായി ഉറച്ചുപോയ ഒരു ഗണമായി സ്വത്വവാദികൾ ഉയർത്തിക്കാട്ടുന്ന സംവർഗങ്ങളെ കാണാനാവില്ല എന്നാണ് പ്രധാനപ്പെട്ട വിമർശനം. ഇൻഡ്യൻ സന്ദർഭത്തിൽ ജാതി പ്രമേയത്തെ ഈവിധം പരിശോധിക്കാവുന്നതാണ്. ജാതി വിനിമയങ്ങൾ നാഗരിക ജീവിതത്തിൽ സൂക്ഷ്മ തലത്തിലേക്കു മാറുമ്പോൾ, ഗ്രാമത്തിലാകട്ടെ പ്രത്യക്ഷ ഹിംസകളായി അതിന്റെ വ്യവഹാരങ്ങൾ പ്രവർത്തിക്കുന്നു.

സ്വഭാവത്തിലും വിഭജനങ്ങളിലൂടെ നിർമിക്കപ്പെടുന്ന സാമൂഹിക പ്രത്യാഘാതങ്ങളിലും ഏറ്റിറക്കങ്ങൾ കണ്ടേക്കാം. എന്നാൽ മൗലികമായി ജാതിവ്യവസ്ഥ രൂപപ്പെടുത്തിയ ഭൗതികവും ആത്മീയവുമായ ആധിപത്യ സംസ്കാരം വലിയ മാറ്റങ്ങൾക്കൊന്നും ഇന്നും വിധേയമായിട്ടില്ല. സ്വയം നിർണയിക്കപ്പെടേണ്ട സവിശേഷാവസ്ഥകൾ ബാഹ്യവും ആന്തരികവുമായി നിരന്തരം പുനഃസൃഷ്ടിക്കപ്പെടുന്നു എന്നർത്ഥം. അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ പരിണാമ പ്രക്രിയകളിൽ ചില രൂപഭേദങ്ങളോടെ ഇവയെല്ലാം നിലനിൽക്കുന്നുണ്ട് എന്നു വിലയിരുത്താം. പ്രാന്തവത്കൃത സമൂഹങ്ങളുടെ നിർമിതിക്കു പിന്നിലുളള ചരിത്രപരമായ ബലങ്ങളെ വകതിരിച്ചെടുത്ത് അതിനെ മുൻനിർത്തി വ്യവസ്ഥാപിത ഇടതുപക്ഷ ധാരണകളുടെ നവീകരണത്തിനു ശ്രമിക്കണം എന്ന വാദം പ്രബലമാണിന്ന്. മാർക്സിസത്തിന്റെ യാന്ത്രിക സമീപനങ്ങളിൽ നിന്നും വേറിട്ട സംവാദ മണ്ഡലങ്ങൾ തുറക്കണമെന്നു തന്നെയാണ് ഇതിന്റെ സാരം. സ്വത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പരിമിതിയിൽ ഊന്നുമ്പോഴും, സാഹചര്യങ്ങൾ രൂപപ്പെടുത്തിയ ഒന്നാണ് അതെന്നു വിലയിരുത്താനുളള സത്യസന്ധത ഇടതുപക്ഷ മാർക്സിയൻ ധൈഷണികതക്ക് ഉണ്ടാവണമെന്നാണ് പറയുന്നത്. ഇടതുപക്ഷ സാംസ്കാരിക വാദത്തോട് എക്കാലത്തും അടുപ്പം പുലർത്തിയർ ഈ മാറ്റത്തെ സൂക്ഷ്മമായി തങ്ങളുടെ എഴുത്തിൽ അടയാളപ്പെടുത്താറുണ്ട്. ബുദ്ധിപരമായ പരിണാമങ്ങൾ മാത്രമല്ല ഈ വ്യതിയാനത്തിന്റെ പ്രചോദനം. കർത്തൃത്വ മണ്ഡലത്തിലേക്ക് ഉദാരതയോടെ ഉയർത്തപ്പെടേണ്ടവർ എന്ന നിലയിൽ നിന്ന് ബഹിഷ്കൃത സ്വത്വങ്ങൾ നിർവാഹക പദവിയിലേക്ക് മാറുന്ന ചരിത്രസന്ദർഭങ്ങൾ നിരവധിയാണല്ലോ. ഈ മാറ്റങ്ങളുടെ പ്രതിഫലനം എഴുത്തിൽ വരിക സ്വാഭാവികമാണ്.

കേരളത്തിലെ വ്യവസ്ഥാപിത ധൈഷണിക മണ്ഡലത്തിന്റെ ആധിപത്യത്തെ അസ്ഥിരപ്പെടുത്തുന്നതിൽ ദലിത് സാഹിത്യവും രാഷ്ട്രീയ ഇടപെടലുകളും സൃഷ്ടിച്ച നിർണായകത്വം ഇപ്പോഴും വേണ്ടവിധത്തിൽ പരിശോധിക്കപ്പെട്ടിട്ടില്ല. ഉളളിൽ ജാതിമൂല്യങ്ങൾ പേറുമ്പോഴും, പൊതു മണ്ഡലത്തിൽ അതിനോടുളള തുറന്ന സമീപനം അപകൃഷ്ടമാണെന്ന വിചാരമാണ് കേരളീയ സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നത്. നാം കടന്നുവന്ന വിപ്ലവങ്ങളെല്ലാം വ്യർഥമായി എന്ന് ആനന്ദിനെപ്പോലുളള എഴുത്തുകാർ വിലപിക്കുന്നതിനു പിന്നിൽ യാഥാർഥ്യങ്ങളെ അഭിസംബോധന ചെയ്യാനുളള വിമുഖതയാണ് ദൃശ്യമാവുന്നത്. ജനന-മരണങ്ങൾക്കിടയിലെ സകല വ്യവഹാരങ്ങളിലും ജാതി/മത സ്വാധീനം പ്രകടിപ്പിക്കുന്ന സാമൂഹികാനുഭവങ്ങളിൽ നിന്നുകൊണ്ട്, അവയെക്കുറിച്ച് അജ്ഞത നടിക്കുന്നതുപോലെ അസംബന്ധവും കാപട്യവും വേറെയില്ല. ദലിത് വിമർശനത്തിന്റെ കേന്ദ്ര പ്രമേയവും ഈ വ്യാജ ധൈഷണികതക്കെതിരെയുളള വിട്ടുവീഴ്ചയില്ലാത്ത സമരമാണ്.

ഡോ. ഒ.കെ സന്തോഷ്‌

ഇൻഡ്യൻ അവസ്ഥയിലെ സാമൂഹിക സവിശേഷതകളെ പരിഗണിക്കുമ്പോൾ ജാതിയുടെ പ്രാഥമ്യമാണ് ഏറ്റവും വ്യക്തം. അതിന്റെ മൂല്യമണ്ഡലം ഏറ്റവും ഗർഹണീയവും വലിച്ചെറിയപ്പെടേണ്ടതുമാണെന്ന കാര്യത്തിൽ തർക്കമില്ല. ചലനാത്മകമായ ഒരു മാതൃകാ സമൂഹത്തെ വിഭാവന ചെയ്തുകൊണ്ട് ഡോ. ബി.ആർ അബേഡ്കർ ഒരു പ്രഭാഷണത്തിൽ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്: “ജാതി സൃഷ്ടിച്ചു വിടുന്ന ദുഷ്ഫലങ്ങളുടെ ദുഃഖകരമായ കഥാകഥനം വിരസതയുണ്ടാക്കുന്നതിൽ അത്ഭുതമില്ല. പുതിയ കാര്യമല്ലത്. പ്രശ്നത്തിന്റെ രചനാത്മക വശത്തേക്കു തിരിയുകയാണ് വേണ്ടത്. നിങ്ങൾക്ക് ജാതി വേണ്ടെന്നാണെങ്കിൽ നിങ്ങളോട് ചോദിക്കാനുള്ളത്, എന്താണ് നിങ്ങളുടെ മാതൃകാ സമൂഹ സങ്കൽപ്പമെന്നാണ്. എന്നോട് ചോദിച്ചാൽ ഞാൻ പറയും, എന്റെ മാതൃകാ സമൂഹം സ്യാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ഒന്നാണെന്ന്”. അദ്ദേഹം സംശയരഹിതമായി പറയുന്ന കാര്യമാണിത്. ദലിത് സാഹിത്യവും പ്രമേയങ്ങളും ഉന്നംവെക്കുന്നതും ഇതിൽ നിന്ന് വേറിട്ട ഒന്നല്ലെന്ന് കാണാവുന്നതാണ്.

നവീന ഘട്ടത്തിൽ വികസിപ്പിക്കപ്പെട്ട ദലിത് സംവർഗത്തെയും വ്യവഹാരത്തെയും, അവയിൽ ഉൾച്ചേർന്നിട്ടുളള സംസ്കാര-രാഷ്ട്രീയത്തിന്റെ സാമൂഹിക സന്ദർഭങ്ങളുമായി ചേർത്തു വായിക്കാനാണ് ഈ പഠനം ശ്രമിക്കുന്നത്. ഇൻഡ്യയിലെ വൈവിധ്യമാർന്ന സാമൂഹിക വിഭാഗങ്ങളുടെ സ്വത്വ രൂപീകരണ പ്രക്രിയകളുടെ ഔപചാരിക മണ്ഡലങ്ങളിലേക്കാണ് ഈ അന്വേഷണം വികസിക്കുന്നത്. ചരിത്രമാണ് ഈ ഘട്ടത്തിൽ നമ്മെ നയിക്കുന്ന വഴികാട്ടി. മറ്റൊന്ന്, ആധുനികവും മതേതരവുമായ സാമൂഹിക ഭാവനകൾക്കു പിന്നിൽ ഒളിച്ചിരിക്കുന്ന ആധിപത്യ വ്യവസ്ഥയുടെ പുനരുൽപ്പാദന ശക്തികളെ കണ്ടെത്തുന്ന പ്രക്രിയയാണ്. അസമത്വത്തിന്റെയും അസ്പൃശ്യതയുടെയും കാര്യകാരണ ബന്ധങ്ങളുടെ സങ്കീർണതകൾ, അധീശത്വത്തെ ന്യായീകരിക്കുവാനുള്ള ഉപാധിയാകുന്നുണ്ട് ഇപ്പോൾ. അത് വെറുതേ വിടുന്നത് അധീശ ഹൈന്ദവ സംസ്കാരത്തെയും അതിന്റെ ആശയ വ്യവസ്ഥയേയുമാണെന്ന കാര്യത്തിൽ തർക്കമില്ല. ദലിത് സാഹിത്യത്തിന്റെ വിമർശന മണ്ഡലങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നത് ഈ യാഥാർഥ്യമാണ്.

മറ്റൊരു പ്രധാനപ്പെട്ട വസ്തുത, പ്രക്ഷോഭങ്ങളുടെ പിൻബലത്തിൽ വികസിച്ചതാണ് ദലിത് സാഹിത്യം എന്നുളളതാണ്. കാൽപ്പനിക ഭാരങ്ങളും റിയലിസത്തിന്റെ അധിക ബാധ്യതകളും ഉൽപ്പാദന ബന്ധങ്ങളുടെ അവശിഷ്ട സ്വഭാവവും മാത്രം അതിന്മേൽ ചാർത്തുന്ന രീതി അതുകൊണ്ടുതന്നെ തിരസ്കരിക്കേണ്ടതുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട വസ്തുത, പ്രക്ഷോഭങ്ങളുടെ പിൻബലത്തിൽ വികസിച്ചതാണ് ദലിത് സാഹിത്യം എന്നുളളതാണ്. കാൽപ്പനിക ഭാരങ്ങളും റിയലിസത്തിന്റെ അധിക ബാധ്യതകളും ഉൽപ്പാദന ബന്ധങ്ങളുടെ അവശിഷ്ട സ്വഭാവവും മാത്രം അതിന്മേൽ ചാർത്തുന്ന രീതി അതുകൊണ്ടുതന്നെ തിരസ്കരിക്കേണ്ടതുണ്ട്. തൊഴിൽ സംസ്കാരത്തിന്റെ ഉപോൽപ്പന്നമാക്കുന്ന ഈ തന്ത്രം ജാതി, അസ്പൃശ്യത തുടങ്ങിയ സാമൂഹികാനുഭവങ്ങളെ ഒഴിവാക്കാൻ അപാരമായ സൈദ്ധാന്തിക വൈദഗ്ധ്യം പ്രകടിപ്പിക്കുന്നു. ഇതിനു സമാനമാണ് തൊഴിലാളിവർഗ സാഹിത്യത്തിന്റെ അനുബന്ധമായി ദലിത് സാഹിത്യത്തെ വിശകലനം ചെയ്യുന്ന രീതിയും. ഈ രണ്ട് സമീപനങ്ങളും തുല്യരീതിയിൽ വിമർശിക്കപ്പെടേണ്ടതാണ്.

ദലിത് സംവാദങ്ങളുടെ കേരളീയ പരിസരം വിശകലനം ചെയ്യുമ്പോൾ മൂന്നു ദശകങ്ങളുടെ പിൻബലമുളള ചർച്ചാ പരിണാമങ്ങളാണ് പ്രധാനമായും പരിശോധിക്കപ്പെടുന്നത്. വ്യക്തികൾ, പ്രസ്ഥാനങ്ങൾ, മാധ്യമങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ധാരകളെയും അതുയർത്തിയ വിയോജിപ്പുകളെയും ഗൗരവമായി പരിഗണിക്കുന്നു. 1980കളോടെ ശക്തമായ ഈ ആശയ സംഘർഷങ്ങളുടെ ദിശ നിർണയിച്ചത് മാർക്സിസത്തോടുളള സൈദ്ധാന്തികമായ അകൽച്ചയും പ്രസ്ഥാനങ്ങളിൽ നിന്നുളള അന്യവത്കരണവുമായിരുന്നു. പുതിയ സമുദായ സങ്കൽപ്പങ്ങൾ ദലിതർക്കിടയിൽ ശക്തമായ ഘട്ടം കൂടിയായിരുന്നു അത്. സീഡിയൻ സർവീസ് സൊസൈറ്റി, അധഃസ്ഥിത നവോത്ഥാന മുന്നണി, ഇൻഡ്യൻ ദലിത് ഫെഡറേഷൻ, ദലിത് ഐക്യ സമിതി എന്നീ പ്രസ്ഥാനങ്ങൾ ഉയർത്തിയ അവബോധവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ച അംബേഡ്കർ കൃതികളുടെ വ്യാപകമായ ലഭ്യതയും വായനയും നിർമിച്ച ആശയ മണ്ഡലമാണത്.

സാഹിത്യ രംഗത്തും ഈ മുന്നേറ്റങ്ങളുടെ പ്രതിഫലനങ്ങൾ ദൃശ്യമായിരുന്നു. മുഖ്യധാരാ സാഹിത്യത്തിന് അവഗണിക്കാനാവാത്ത സാന്നിധ്യമായിത്തീർന്നു ദലിത് സാംസ്കാരിക ഇടപെടലുകൾ. തീർച്ചയായും, സ്വത്വരാഷ്ട്രീയ സങ്കൽപ്പനങ്ങളുടെ വികാസത്തിൽ സ്ത്രീകളും ദലിതരും ന്യൂനപക്ഷങ്ങളും രൂപപ്പെടുത്തിയ സൈദ്ധാന്തികമായ വെല്ലുവിളികൾ നിർണായകമായിരുന്നു. അർഥഗർഭമായ മൗനംകൊണ്ട് അവയെ പ്രതിരോധിച്ചവർ, പിന്നീട് അതിന്റെ ധൈഷണിക കർത്തൃത്വം ഏറ്റെടുത്തു. വ്യവസ്ഥാപിത സംവേദനത്തിന്റെ ലാവണ്യബോധത്തെ നിശിതമായ വിചാരണക്ക് അതു വിധേയമാക്കി. മൗലികവും വേറിട്ടതുമായ ചിന്തകൾ കൊണ്ട് സാമൂഹിക ജനാധിപത്യത്തിന്, തുല്യതയുടെ പ്രത്യയശാസ്ത്രം സംഭാവന ചെയ്ത മഹാത്മാ ജോതിറാവു ഫൂലെയുടെയും ഡോ. അംബേഡ്കറുടെയും ആശയങ്ങളുടെ പിന്തുടർച്ച കൂടിയായിരുന്നു ഈ പരിണാമങ്ങൾ.

വിമോചനാത്മകമായ ഈ സാഹിത്യ ഇടപെടലുകളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി ദലിത് ആത്മകഥകൾ മാറിയിട്ടുണ്ട്. യൂറോപ്യൻ ആധുനികതയുമായി അഭേദ്യമായ ബന്ധമുളള സാഹിത്യ വിഭാഗമാണ് ആത്മകഥ. സ്വത്വബോധത്തെ അകൃത്രിമമായും വിപുലമായും ആഖ്യാനം ചെയ്യാനുളള സാധ്യത മറ്റേതൊരു സാഹിത്യ രൂപത്തെക്കാളും ആത്മകഥയിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആത്മകഥാ രചനക്ക് ദലിതർ നൽകുന്ന പ്രാധാന്യത്തിന് അവരുടെ സാമൂഹികാഭിലാഷങ്ങളുമായി ചേർച്ചയുണ്ടെന്നു കാണാം.

1978ൽ മറാത്തി ഭാഷയിൽ ദയാപവാർ എഴുതിയ ബലൂത (അവകാശം) ആണ് ആദ്യത്തെ ദലിത് ആത്മകഥ എന്ന് സാഹിത്യ ചരിത്രങ്ങൾ പറയുന്നു. പിന്നീട് ഇൻഡ്യയിലെ വിവിധ പ്രാദേശിക ഭാഷകളിൽ ആത്മകഥകളുടെ ഒരു ഒഴുക്കു തന്നെയുണ്ടായി. നിരവധി ഭാഷകളിലേക്ക് വിവർത്തനങ്ങൾ, അന്തർദേശീയവും ദേശീയവുമായ ഔദ്യോഗിക അംഗീകാരങ്ങൾ, തുടങ്ങി ദലിത് ആത്മകഥാ സാഹിത്യം വിപുലമായ സംവാദമണ്ഡലങ്ങൾ സൃഷ്ടിച്ചു. ആഖ്യാനത്തിന്റെ വ്യവസ്ഥാപിത ശീലങ്ങളെ മറികടക്കുവാൻ ഇവർ സ്വീകരിച്ച രീതികൾ എന്തെല്ലാമായിരുന്നു? അതുയർത്തിയ പ്രമേയപരമായ വ്യതിരിക്തതകൾ, അനുഭവലോകങ്ങൾ എന്നിവ ദലിത് സാഹിത്യത്തെ എത്രമാത്രം മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്? മലയാളത്തിലെ ആനുകാലികങ്ങളുടെ വർത്തമാനകാല ഉള്ളടക്കം ആത്മകഥാ ഖണ്ഡങ്ങൾ കൊണ്ട് നിറയുന്നതിൽ ദലിതരുടെ ആത്മകഥാപരമായ ഇടപെടലുകൾ സ്വാധീനം ചെലുത്തിയിട്ടുണ്ടോ?സാമൂഹികവും ലിംഗപരവുമായ വ്യതിരിക്തതകൾ ആത്മകഥകളിൽ പ്രതിഫലിപ്പിക്കുന്നത് എപ്രകാരം? കേട്ടെഴുതപ്പെടുന്ന ആത്മകഥകളുടെ ആഖ്യാനപരമായ കർത്തൃത്വം ആർക്ക്? ഈ ചോദ്യങ്ങൾ ഗൗരവമുള്ളതും അവയെക്കുറിച്ചുള്ള അന്വേഷണങ്ങൾ പ്രാധാന്യമുള്ളതുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഇൻഡ്യയിലെ വ്യത്യസ്ത ഭാഷകളിലെ ദലിത് സാഹിത്യത്തെ സംബന്ധിച്ച് ആത്മകഥകൾ നിർണായകമാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതുകൊണ്ടുതന്നെ അവയെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഭാഷാപരവും ലിംഗപരവും സാമുദായികവുമായ വൈജാത്യങ്ങളെ അതായി തന്നെ പരിഗണിക്കുമ്പോൾ പോലും ആത്മകഥകൾ അടയാളപ്പെടുത്തുന്ന സമാനമായ അനുഭവ ലോകങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. എന്നാൽ ആഭ്യന്തരമായ സങ്കീർണതകളും ലിംഗപരമായ ആധിപത്യങ്ങളും ഇവയുടെ ആഖ്യാന മണ്ഡലത്തെ പിളർത്തുന്നുമുണ്ട്. സ്വത്വബോധം, സാമുദായിക ബോധം എന്നിവ സമഗ്രതയിലേക്ക് പരിവർത്തിക്കുന്നില്ലെങ്കിലും വർഗബോധത്തിന്റെ വ്യവസ്ഥാപിത എടുപ്പുകളിൽനിന്ന് അകലം പാലിക്കുന്നുണ്ട് ആത്മകഥകളെന്ന് സംശയരഹിതമായി വിലയിരുത്താം.

‘കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം’ (പൊക്കുടൻ 2005), ജാനു (ഭാസ്കരൻ പകർത്തിയെഴുതിയത്, 2003), കരുക്ക് (പാമ, തമിഴ്, പനമുള് എന്ന പേരിലുളള മലയാള വിവർത്തനം, 2008) അക്കർമാശി (ശരൺകുമാർ ലിംബാലെ, മറാത്തി, 2005) എന്നീ ആത്മകഥകളാണ് ഈ പഠനത്തിൽ വിശദമായി ചർച്ച ചെയ്യുന്നത്.

സാമൂഹിക ജീവിതത്തിൽ ദലിതർ നേരിടുന്ന അപമാനവീകരണങ്ങളും സ്വത്വസംഘർഷങ്ങളും ഏറ്റവും തീവ്രമായി ആവിഷ്കരിക്കപ്പെടുന്നത് ആത്മകഥകളിലാണ്. ഇൻഡ്യൻ ദേശീയതയുടെ ‘അപര’മെന്ന നിലക്ക് സ്ഥാനപ്പെടുന്ന ദലിതരും സ്ത്രീകളും, സാമൂഹിക ക്രമത്തിന്റെ ഏറ്റവും അടിത്തട്ടിനെ പ്രതിനിധീകരിക്കുന്നവരാണ്. ഇവർ നേരിടുന്ന വൈവിധ്യമാർന്ന പ്രശ്നങ്ങൾ മുഖ്യധാരാ സാഹിത്യം പരിഗണിക്കുന്നതിൽ നിന്ന് വ്യത്യസ്തമായാണ് ദലിത് ആത്മകഥകൾ കാണുന്നത്. സ്വത്വാഖ്യാനങ്ങളുടെ രാഷ്ട്രീയം നിർണയിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതും വൈവിധ്യങ്ങളെക്കുറിച്ചുളള അവബോധമാണ്. ദലിത് സാഹിത്യം, ഒരുപക്ഷേ ഏറ്റവുമധികം വിമർശിക്കപ്പെടുന്നതും ആത്മകഥകളുടെ പേരിലായിരിക്കും. സവർണർക്കും മധ്യവർഗ ബുദ്ധിജീവികൾക്കും കൗതുകം പൂണ്ട് അഭിരമിക്കാനുളള സാധ്യത ഇത്തരം കൃതികൾ നൽകുന്നു എന്നതാണ് പൊതുവിമർശനം. ഇതിന്റെ സാധ്യത എത്രത്തോളമുണ്ട്? വ്യത്യസ്തങ്ങളായ അനുഭവങ്ങളുമായി, അതിജീവനത്തിന് ശ്രമിക്കുന്നവർ ഉയർത്തുന്ന മൂല്യവും രാഷ്ട്രീയവും എന്താണ്? അതു സ്വത്വരാഷ്ട്രീയ സങ്കൽപങ്ങളെയും നവീന സാമൂഹിക പ്രമേയങ്ങളെയും വിലയിരുത്തുന്നതിൽ പരാജയപ്പെടുന്നുണ്ടോ? നവ സാമൂഹിക പ്രസ്ഥാനങ്ങളുമായി ഈ പ്രക്രിയകൾക്ക് ഉള്ള പങ്കെന്താണ്? തുടങ്ങിയ ചോദ്യങ്ങൾ സമകാലീന സന്ദർഭത്തിൽ പ്രസക്തമാണ്.

സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങൾ സർഗാത്മക കൃതികളെക്കാൾ ആഴത്തിൽ അടയാളപ്പെടുത്തുന്നത് ആത്മകഥകളിലാണ്. ഇൻഡ്യൻ ഗ്രാമങ്ങളെ അകാൽപ്പനികമായി സൃഷ്ടിക്കുന്ന ദലിത് ആത്മകഥകളുടെ രീതി ഇതിന്റെ മികച്ച ഉദാഹരണമാണ്. ദലിതരുടെ സൈദ്ധാന്തിക ഇടപെടലുകളുടെ അടിത്തറയിലും, ചരിത്രപരമായ വികാസത്തിന്റെ പശ്ചാത്തലത്തിലും ആത്മകഥകളെ സമീപിക്കാനാണ് ഈ പഠനം ശ്രമിക്കുന്നത്. സമകാലീന സ്വത്വരാഷ്ട്രീയ-സാംസ്കാരിക സംവാദങ്ങളെ, ദലിത് സംവാദങ്ങൾക്കു കൂടി ഇടമുളളതാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി ഇൻഡ്യയിലുണ്ടായ പഠന ഗ്രന്ഥങ്ങളെയാണ് ഈ അന്വേഷണം പ്രധാനമായും ആശ്രയിക്കുന്നത്. നിരന്തരം ചലനാത്മകമായ സമൂഹത്തിൽ, അതിന്റെ ആധുനികോത്തര ഘട്ടത്തിൽ പോലും പ്രാചീനതയെ അപ്രസക്തമാക്കി ജാതി എന്ന സാമൂഹിക സ്ഥാപനം ചെലുത്തുന്ന സ്വാധീനവും പ്രത്യയശാസ്ത്ര വ്യവഹാരങ്ങളുമാണ് ഈ പഠനങ്ങളുടെ അടിത്തറ. അടഞ്ഞ ഘടനയിൽ നിന്ന് തുറന്ന സംവാദങ്ങളിലേക്ക് ഇൻഡ്യൻ സമൂഹത്തെ പരിവർത്തിപ്പിക്കുന്നതിൽ ഇത്തരം ശ്രമങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ആധിപത്യ ഘടനയുടെ കീഴ്മറിയലുകളല്ല, ജനാധിപത്യപരവും പ്രാതിനിധ്യപരവുമായ വിനിയമങ്ങളാണ് ഇതിലൂടെ ഉന്നം വെക്കുന്നത്. സാഹിത്യ കൃതികൾ ഉൾക്കൊളളുന്ന സൗന്ദര്യപരതയല്ല; അവ നിർമിക്കുന്ന പ്രത്യയശാസ്ത്ര പാഠങ്ങളാണ് പ്രധാനം. അവയെ കണ്ടെടുക്കേണ്ട രീതിയാവട്ടെ എല്ലാത്തരം അധീശ മൂല്യങ്ങളോടും വിയോജിച്ചു കൊണ്ടാവണം.

Top