ന്യൂസ് റൂം: നീതിബോധത്തിന്റെ പാഠപുസ്തകം
മലയാളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്കറുടെ ‘ന്യൂസ് റൂം’ എന്ന പുസ്തകം അനുഭവ വിവരണത്തെക്കാള്‍ കൂടുതല്‍ ആഴവും അര്‍ത്ഥവുമുള്ള കൃതിയാണ്. വിവിധങ്ങളായ മേഖലകളെ ഈ പുസ്തകം ചര്‍ച്ചക്ക് വെക്കുന്നുണ്ടെങ്കിലും, മാധ്യമ നൈതികതയുടെ പാഠപുസ്തകമായാകും ഇത് അടയാളപ്പെടുത്തപ്പെടുക. ഒ.കെ സന്തോഷ് എഴുതുന്നു.
മലയാളികളാണെങ്കിലും കേരളത്തിനു വെളിയിൽ ദീര്‍ഘകാലം ജീവിച്ച് പത്രപ്രവര്‍ത്തനം നടത്തിയ ഒട്ടേറെ പ്രഗല്‍ഭരുടെ ജീവിതാനുഭവങ്ങൾ പുസ്തക രൂപത്തിൽ നമുക്ക് ലഭ്യമായിട്ടുണ്ട്. ജീവചരിത്രങ്ങള്‍, ഓര്‍മക്കുറിപ്പുകൾ, ആത്മകഥകള്‍ എന്നിങ്ങനെ വ്യത്യസ്തമായ ആഖ്യാനങ്ങളിലൂടെ വികസിക്കുന്ന രാഷ്ട്രീയ-മാധ്യമ ചരിത്രം, അറിയപ്പെടാതിരുന്ന നിരവധി കാര്യങ്ങളെ സംവാദ വിധേയമാക്കിയിട്ടുണ്ടെന്നതും തര്‍ക്കമില്ലാത്ത വസ്തുതയാണ്. പോത്തന്‍ ജോസഫ്, ടി.ജെ.എസ് ജോര്‍ജ്, വിക്രമന്‍ നായർ, സി.പി.രാമചന്ദ്രന്‍, അനിത പ്രതാപ്, വി.കെ.മാധവന്‍ കുട്ടി, ശങ്കര്‍ തുടങ്ങിയ ആ നിരയെ വീണ്ടും വികസിപ്പിക്കാവുന്നതാണ്.
ഇൻഡ്യയിലെ രാഷ്ട്രീയ മാറ്റങ്ങളുടെ അണിയറകഥകളും, വ്യക്തികളുടെ സ്വകാര്യമായ വിശേഷങ്ങളും, പത്രപ്രവര്‍ത്തന രംഗത്തുണ്ടാകുന്ന വെല്ലുവിളികളും, വാര്‍ത്താ മാധ്യമങ്ങൾ ഉണ്ടാക്കുന്ന അസംബന്ധ നാടകങ്ങളുമൊക്കെ വിവരിക്കുന്നവയാണ് ഇവയിലേറെയും. ഇവയിൽ നിന്നും വ്യത്യസ്തമായ ഒരു കൃതിയെന്നു പറയാവുന്നത് ദീര്‍ഘകാലം സി.എന്‍.എന്നിന്റെ ഇൻഡ്യൻ ചീഫായിരുന്ന അനിതാ പ്രതാപിന്റെ, ശ്രീലങ്കൻ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ‘ഐലന്റ് ഓഫ് ബ്ലഡ്’ ആണ്. എന്തായാലും അന്തര്‍ദേശീയവും ദേശീയവുമായ മാധ്യമങ്ങളിൽ പ്രവര്‍ത്തിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അനുഭവങ്ങൾ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പൊതുവായനക്കാര്‍ക്കും ഒരുപോലെ സ്വീകാര്യവും പ്രിയപ്പെട്ടതുമാണെന്നു പറയാം. അതിന്റെ പ്രധാനപ്പെട്ട കാരണം സങ്കീര്‍ണതയില്ലാത്ത ആഖ്യാന രീതിയും നര്‍മബോധവും സ്കൂപ്പുകൾ തിരയുന്നതു പോലെയുള്ള അത്ഭുതങ്ങളും ഇവയിൽ വിന്യസിക്കുന്നതിൽ കാണിക്കുന്ന സാമര്‍ത്ഥ്യമാണ്. മലയാളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്കറുടെ ‘ന്യൂസ് റൂം’ എന്ന പുസ്തകം അനുഭവ വിവരണത്തെക്കാള്‍ കൂടുതല്‍ ആഴവും അര്‍ത്ഥവുമുള്ള കൃതിയാണെന്നു പറയേണ്ടിവരും.
ആത്മകഥകളില്‍ ഇല്ലാത്ത ആത്മം
ഏഴു പതിറ്റാണ്ടു കാലത്തെ സുദീര്‍ഘമായ മാധ്യമ പ്രവര്‍ത്തന ജീവിതത്തിന്റെ ആഖ്യാനത്തിൽ വ്യക്തിപരം മാത്രമായ ഖണ്ഡങ്ങളെ വിവേകപൂര്‍വം ഒഴിവാക്കിക്കൊണ്ടാണ് എഴുത്തുകാരൻ അഞ്ഞൂറ് പുറങ്ങളുള്ള പുസ്തകം ക്രമീകരിച്ചിരിക്കുന്നത് എന്നത് അത്ഭുതകരമായ കാര്യമാണ്. പ്രത്യേകിച്ച്, കുടുംബവും ദേശവും അതിനെ ചുറ്റിപ്പറ്റി വികസിക്കുന്ന പതിവ് ആത്മകഥാഖ്യാനങ്ങളില്‍ നിന്നും ബോധപൂര്‍വമായ ഒരു വേറിടൽ ഇതിൽ കാണാം. തന്റെ കര്‍മ മേഖലയെ വിശദീകരിക്കുമ്പോള്‍ ഒരു മിന്നലാട്ടം പോലെ കുടുംബാംഗങ്ങളിൽ ചിലർ കടന്നു വരുന്നുണ്ട്. എന്നാൽ, കേരളത്തിലെ നവോഥാന സമരങ്ങളിലും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലുമൊക്കെ നിര്‍ണായ പങ്കുവഹിച്ച പാരമ്പര്യം ബി.ആര്‍.പിയുടെ കുടുംബത്തിനുണ്ടെങ്കിലും, ഈ പുസ്തകത്തിന്റെ പരിഗണനയില്‍ നിന്നും അവയെ ഒഴിച്ചുനിര്‍ത്താനാണ് ഗ്രന്ഥകാരൻ ശ്രമിച്ചിരിക്കുന്നത്. സ്വന്തം അനുഭവങ്ങളാകയാല്‍ അതിൽ നിരന്തരം കടന്നുവരാൻ സാധ്യതയുള്ള ‘ഞാന്‍’ എന്ന അരോചക കര്‍തൃത്വത്തെ പരമാവധി അകറ്റി നിര്‍ത്താൻ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നുവെന്ന് ബി.ആര്‍.പി ആമുഖത്തില്‍ സൂചിപ്പിക്കുന്നുമുണ്ട്. വസ്തുനിഷ്ടതയെന്ന മാധ്യമധര്‍മം വ്യക്തിനിഷ്ഠതയെ മനോഹരമായി അതിവര്‍ത്തിക്കുന്ന കാഴ്ച്ചയാണ് നമ്മൾ പിന്നീട് ആഖ്യാനത്തിൽ കാണുന്നത്. അതു മലയാളത്തിലെ ആത്മ/ഓര്‍മ രചനകളിൽ അസാധാരണമായ കാര്യമാണെന്ന് സൂചിപ്പിക്കട്ടെ.
വൈപുല്യവും വൈവിധ്യവുമുള്ള നിരവധി മേഖലകളെ ചര്‍ച്ചക്ക് വെക്കുന്നുണ്ടെങ്കിലും, മാധ്യമ നൈതികതയുടെ പാഠപുസ്തകമായാകും ഈ പുസ്തകം ഭാവിയില്‍ അടയാളപ്പെടുത്തപ്പെടാൻ സാധ്യത. ഇതു പറയുമ്പോൾ ഏതാണ്ട് 1950കള്‍ മുതല്‍ തുടങ്ങുന്ന- നവഭാരതം പത്രത്തിൽ ജ്യോതിഷ പംക്തിയുടെ പകരക്കാരനായി തമാശക്ക് എഴുതിയതു മുതല്‍- ഇൻഡ്യയിലെ ദേശീയ മാധ്യമമായ ‘ദ ഹിന്ദു’വിൽ നിന്നു തുടങ്ങി മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്റെ ആദ്യകാല പ്രവര്‍ത്തനം വരെ നീണ്ടുകിടക്കുന്ന വിസ്തൃതിയിലാണ് നീതിബോധമെന്ന അനന്യതയെ ഈ പുസ്തകത്തിലെ താക്കോൽ വാക്കായി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. കോര്‍പ്പറേറ്റ് അജണ്ടകളും ഭരണകൂട വിധേയത്വവും പ്രേക്ഷകരുടെ എണ്ണത്തിലെ കൃത്രിമത്വങ്ങളും മുസ്‌ലിംകളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ കാട്ടുന്ന തീവ്ര ദേശീയതയില്‍ പൊതിഞ്ഞ റെട്ടറിക്കുകളും (Rhetoric) ഇൻഡ്യയിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളെയും കീഴ്പ്പെടുത്തുന്ന സമകാലിക സന്ദര്‍ഭത്തിൽ നൈതികതക്ക് വളരെയധികം പ്രാധാന്യമുണ്ട്. അതൊരു ഭൂതകാല പ്രതിഭാസമായി മാത്രം കാണാൻ ഈ കുറിപ്പ് ശ്രമിക്കുന്നില്ല. എങ്കിലും സത്യാനന്തരകാലമെന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ അത്തരം ആലോചനകള്‍ പ്രധാനമാണ്.
വിഷയങ്ങള്‍, സമീപനങ്ങള്‍
മാധ്യമപ്രവര്‍ത്തനം കേവലം തൊഴിലായി കാണുന്നവരില്‍ നിന്നും വ്യത്യസ്തമായി, അതില്‍ രാഷ്ട്രീയ ശരിയുടെയും, നീതിയുടെയും ധാര്‍മിക പാഠങ്ങൾ ഉണ്ടെന്ന് തുടക്കം മുതല്‍തന്നെ തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു ബി.ആര്‍.പി ഭാസ്കറുടെ ജീവിതമെന്ന് വ്യക്തമാക്കുന്ന ധാരാളം സംഭവങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. അതുകൂടാതെ പീഡിതരും സമൂഹത്തിൽ ശബ്ദമാകാൻ കഴിയാത്തവരും മുഖ്യധാരക്ക് പുറത്തുള്ള പ്രദേശങ്ങളുമൊക്കെ തന്റെ മുഖ്യ പരിഗണനാവിഷയമാകുന്നതും കാണാം. പ്രചാരം വര്‍ധിപ്പിക്കാനും ആളുകളില്‍ തിടുക്കപ്പെട്ട് എത്തിക്കാനും വാര്‍ത്തകളെന്ന പേരിൽ അഭ്യൂഹങ്ങളും ഭാവനയിൽ നെയ്തെടുത്ത കഥകളും വിന്യസിക്കുന്ന മാധ്യമ രീതികളെ അകറ്റിനിര്‍ത്തുന്ന സമീപനങ്ങളാണ് അദ്ദേഹം എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. വിദേശ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും കിട്ടിയ പരിശീലനങ്ങളും പ്രവര്‍ത്തന പരിചയവും ഒരു സാര്‍വലൗകിക വീക്ഷണം രൂപപ്പെടുത്തുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചതായി കാണാം. മാധ്യമ മാനേജ്മെന്റുകളുടെ സ്ഥാപിത താല്‍പ്പര്യങ്ങൾ നടപ്പാക്കുകയല്ല പത്രപ്രവര്‍ത്തകരുടെ ചുമതലയെന്നും, വസ്തുനിഷ്ഠതയും പ്രസക്തിയും ദൂരവ്യാപകമായ സ്വാധീനവുമായിരിക്കണം മാധ്യമങ്ങളുടെ ഉള്ളടക്കത്തെ നിര്‍ണയിക്കേണ്ടതെന്നു ബോധ്യമുള്ള ഒരാളെയാണ് ‘ന്യൂസ് റൂമില്‍’ നമ്മൾ കാണുന്നത്.
ആറുപതിറ്റാണ്ട് കാലത്തെ ലോകത്തെ രാഷ്ട്രീയ മാറ്റങ്ങൾ, മാധ്യമങ്ങളുടെ ഉള്ളടക്കത്തിലും സാങ്കേതിക സൗകര്യങ്ങളിലുമുണ്ടായ വികാസം, തെക്കനേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ ചരിത്രപരമായ അന്വേഷണങ്ങള്‍, സാഹസികരും പ്രതിബദ്ധതയുമുള്ളവരുമായ മാധ്യമ പ്രവര്‍ത്തകരെ കുറിച്ചുള്ള ഓര്‍മചിത്രങ്ങൾ, ഇൻഡ്യയിലെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളെക്കുറിച്ചുള്ള അതിശയോക്തിപരമല്ലാത്ത വിലയിരുത്തലുകള്‍, സ്വാതന്ത്ര്യനാന്തര ഇൻഡ്യയുടെ വികസനം, സാമൂഹിക ജീവിതത്തിലുണ്ടാകുന്ന അഭിലഷണീയമല്ലാത്ത പരിവര്‍ത്തനങ്ങൾ, വിവിധ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഗുണപരവും ദോഷകരവുമായ മത്സരങ്ങള്‍, സാങ്കേതിക വികാസത്തിന്റെ പ്രയോജനങ്ങളെ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത വാര്‍ത്താ ഏജന്‍സികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങൾ, ജമ്മു കാശ്മീരിലെ സംഘര്‍ഷം നിറഞ്ഞ രാഷ്ട്രീയത്തിന്റെ അടിവേരുകളും വിവിധ നേതാക്കന്മാർ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ തുടങ്ങി വിപുലവും സൂക്ഷ്മവുമായ വിഷയങ്ങളാണ് ബി.ആര്‍.പി തന്റെ പുസ്തകത്തിലൂടെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. ഇതര പത്രപ്രവര്‍ത്തകരുടെ ആത്മാഖ്യാനങ്ങളില്‍ നിന്നും മൗലികമായി ഈ പുസ്തകത്തെ വേറിട്ട് നിര്‍ത്തുന്ന ചില ഘടകങ്ങളുണ്ട്.
ഗോസിപ്പുകളും സെന്‍സേഷനുകൾ നിർമിക്കുന്നതിനു വേണ്ടി നടത്തുന്ന വിമര്‍ശനങ്ങളും മറ്റുള്ളവരുടെ ജീവിതത്തെ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആഖ്യാനങ്ങളും ഈ പുസ്തകത്തിൽ കാണാനേ കഴിയില്ല. മറ്റുള്ളവരെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും മാതൃകാപരമായ മാന്യത നല്‍കുകയാണ് ബി.ആര്‍.പി ചെയ്യുന്നതെന്നും മറ്റൊരു തരത്തിൽ വിശദീകരിക്കാവുന്നതാണ്.
ഇൻഡ്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാനമായ ചലനങ്ങൾ അടുത്തുനിന്ന് കാണാൻ കഴിഞ്ഞ പത്രപ്രവര്‍ത്തകനാണ് അദ്ദേഹം. ഇന്ന് രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തികളായി നില്‍ക്കുന്ന പലരുടെയും രാഷ്ട്രീയ വളര്‍ച്ചയെ സൂക്ഷ്മമായി നിരീക്ഷിക്കാനും വിലയിരുത്താനും കഴിയുന്ന തരത്തിലുള്ള വ്യാപ്തി അദ്ദേഹത്തിന്റെ അനുഭവ മണ്ഡലത്തിനുണ്ട്. കാശ്മീരിലെ പത്രപ്രവര്‍ത്തനകാലത്ത് ചെറുപ്പക്കാരനായ ഗുലാംനബി ആസാദിനെക്കുറിച്ച് സൂചിപ്പിക്കുന്നത് ഒരു ഉദാഹരണം മാത്രം. തന്റെ വീടിനുള്ളിൽ കയറിയ അക്രമിയുടെ ആക്രമണം നേരിട്ട സന്ദര്‍ഭത്തിൽ ടാക്സിക്കാറിൽ ബഷാറത്ത് എന്ന പരിചയക്കാരനൊപ്പം ആശുപത്രിയില്‍ വന്നതിന്റെ ഓര്‍മയിലാണ് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായി മാറിയ ഗുലാം നബി ആസാദിനെക്കുറിച്ച് ബി.ആര്‍.പി എഴുതുന്നത്. “എമര്‍ജന്‍സി വിഭാഗത്തിൽ എന്നെ പരിശോധിച്ച ഡോക്ടർ തലയിലെ മുറിവുകള്‍ ആഴത്തിലുള്ളവയല്ലെന്ന്‍ പറഞ്ഞു. പക്ഷേ, തുന്നിക്കെട്ടേണ്ടതുണ്ട്. പതിനൊന്ന് സ്റ്റിച്ചുകള്‍ ഇട്ടതായി അദ്ദേഹം പിന്നീട് പറഞ്ഞു. ബഷാറത്തും സുഹൃത്തും അന്ന് രാത്രിയിൽ ആശുപത്രിയിൽ കൂട്ടിരുന്നു. ബഷാറത്തിന്റെ ആ സുഹൃത്ത് അറിയപ്പെടുന്ന കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദാണ്. അന്ന് അദ്ദേഹം തന്റെ നാട്ടിലെ ബ്ലോക്ക് കമ്മറ്റി സെക്രട്ടറിയോ മറ്റോ ആണ്” (പുറം 280).
മാധ്യമ സ്ഥാപനങ്ങളും നിലപാടുകളും
ഇൻഡ്യയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങൾ വിശദീകരിക്കുമ്പോൾ ഓരോ സ്ഥാപനത്തിന്റെയും രാഷ്ട്രീയവും, വായനക്കാരോടും സ്വന്തം തൊഴിലാളികളോടുള്ള നിലപാടുകളുമൊക്കെ സൂക്ഷ്മമായി രേഖപ്പെടുത്താൻ ആഖ്യാതാവ് ശ്രദ്ധിക്കുന്നുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം സൂചിപ്പിക്കട്ടെ. എടത്തട്ട നാരായണന്റെയൊപ്പം ‘പാട്രിയോട്ടിൽ’ (Patriot, ബി.ആര്‍.പി ഏറ്റവും കുറച്ചു നാള്‍ ജോലിചെയ്ത മാധ്യമ സ്ഥാപനം) ജോലി ചെയ്യുമ്പോൾ മാധ്യമ നിലപാടുകളും രാഷ്ട്രീയ നിലപാടുകളും തമ്മിൽ ഇടയുന്നതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിലപാടുകളോട് മാധ്യമ പ്രവര്‍ത്തകനെന്ന നിലയിൽ പൂര്‍ണമായും യോജിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അതു തുറന്നു പറയാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തെയും വ്യക്തിപരവും ആശയപരവുമായ വിവേകപൂര്‍വമായ അഭിപ്രായങ്ങളെയും ഒരിക്കലും മറ്റുള്ളവര്‍ക്ക് മുന്‍പിൽ അടിയറ വെക്കാന്‍ കഴിയാത്ത ഒരു വ്യക്തിയെ ഈ ഓര്‍മക്കുറിപ്പുകളിൽ കാണാം. എങ്കിലും വിയോജിപ്പുകള്‍ക്കിടയിലും എടത്തട്ട നാരായണന്റെ വ്യക്തിപരവും മാധ്യമപരവുമായ മികവുകളെ ബി.ആര്‍.പി ഓര്‍മിക്കുന്നുണ്ട്. ജെ. വാള്‍ട്ടര്‍ തോംസൺ എന്ന കമ്പനി നടത്തിയ സര്‍വെ പ്രകാരം പ്രസിദ്ധീകരണമാരംഭിച്ച് മൂന്നു മാസം കഴിഞ്ഞപ്പോൾ ജനപ്രീതിയുടെ കാര്യത്തിൽ ഡല്‍ഹിയിൽ മൂന്നാം സ്ഥാനത്ത് എത്താന്‍ പാട്രിയോട്ടിന് കഴിഞ്ഞുവെന്ന് സൂചിപ്പിച്ച ശേഷം അദ്ദേഹം എഴുതുന്നു: “പത്രത്തിന്റെ നിലപാടുകളെ പ്രശംസിച്ചുകൊണ്ട് ഒരു വായനക്കാരൻ എഴുതിയ കത്ത് ആയിടക്ക് ലഭിച്ചു. അതു നിറയെ അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളുമായിരുന്നു. കത്ത് ഞാന്‍ നാരായണനെ കാണിച്ചു. അദ്ദേഹം പറഞ്ഞു: ‘ഈ മനുഷ്യനു വേണ്ടിയാണ് ഞാന്‍ 10 പൈസക്ക് പത്രം കൊടുക്കുന്നത്” (പുറം 72). ഒരുപക്ഷേ, ഇന്നത്തെക്കാലത്ത് അത്ഭുതത്തോടെകൂടി വായിക്കാവുന്ന ഇതു പോലുള്ള നിരവധി ഉദാഹരണങ്ങൾ ന്യൂസ് റൂമിൽ കാണാം.
തന്റെയൊപ്പം ജോലി ചെയ്യുന്നവരെ വലിപ്പചെറുപ്പമില്ലാതെ പരിഗണിക്കുകയും, അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന ഒട്ടേറെ സന്ദര്‍ഭങ്ങൾ ഈ പുസ്തകത്തിൽ കാണാം. വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്റെ മുന്‍കൈയിൽ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ പേരിൽ യു.എന്‍.ഐയുടെ മാനേജ്മെന്റ് ബി.ആര്‍.പിക്കെതിരെ സ്വീകരിച്ച പ്രതികാര നടപടികളും വിശദീകരിക്കുന്നുണ്ട്. സംഘടനാപരമായ പദവികളും രാഷ്ട്രീയ നേതൃത്വവുമായുള്ള വ്യക്തിപരമായ അടുപ്പങ്ങളുമൊന്നും സ്വന്തം നേട്ടങ്ങള്‍ക്കോ മറ്റ് ഒത്തുതീര്‍പ്പുകള്‍ക്കോ വേണ്ടി വിനിയോഗിക്കാൻ അദ്ദേഹം മുതിരുന്നില്ല. പ്രതികാര നടപടികളുടെ ഭാഗമായ ഓരോ സ്ഥലം മാറ്റവും തനിക്ക് പുതിയതായി ലഭിച്ച ഇടങ്ങളില്‍ ഗുണപരമായി എന്തുചെയ്യാന്‍ കഴിയുമെന്ന ആലോചനയിലേക്കാണ് അദ്ദേഹത്തെ നയിക്കുന്നത്. അദ്ദേഹത്തിന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കംമുതൽ ഈയൊരു പോസിറ്റീവ് സമീപനം കാണാം. അതുകൊണ്ടാണ് ഇന്നത്തെ മാധ്യമ വ്യവഹാരങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകരിക്കാനും ആത്മവിമര്‍ശനം നടത്താനുമുള്ള നിരവധി ഘടകങ്ങൾ ഈ പുസ്തകത്തിലുണ്ടെന്ന് പറയേണ്ടി വരുന്നത്.
വിപുലവും അസാധാരണവുമായ ഓര്‍മകളെ ഇഴകീറി പരിശോധിക്കുക ഈ ചെറിയ കുറിപ്പിന്റെ ലക്ഷ്യമല്ല. ആത്മനിഷ്ഠവും വൈകാരികതയും തെളിച്ചമുള്ള ഉള്‍ക്കാഴ്ചകളുമാകും വായനക്കാരെ സംബന്ധിച്ച് അവര്‍ ചേര്‍ത്തു വെക്കുക. പാകിസ്ഥാനിലെ രാഷ്ട്രീയ സംഘര്‍ഷങ്ങൾ, ബംഗ്ലാദേശിന്റെ പിറവി, ശ്രീലങ്കയിലെ ആഭ്യന്തര സംഘര്‍ഷങ്ങൾ, സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷമുള്ള രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങൾ, ചൈനയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങൾ തുടങ്ങി ഹോളിവുഡിലെയും ബോളിവുഡിലെയും നിര്‍മാണ മേഖലയെ നേരിട്ട് കണ്ടതിന്റെ രസകരമായ അനുഭവങ്ങൾ തുടങ്ങി എത്രയോ ദീപ്തവും അനന്യവുമായ കാഴ്ചകളും അനുഭവങ്ങളുമാണ് ബി.ആര്‍.പി ഈ പുസ്തകത്തിൽ ചേര്‍ത്തിരിക്കുന്നത്. ഓര്‍മശക്തിയെ സംബന്ധിച്ച നമ്മുടെ സാമാന്യ സങ്കല്‍പ്പങ്ങളെ അതിശയിപ്പിക്കുന്ന വിധത്തിലാണ് വിപുലവും വൈവിധ്യപൂര്‍ണവുമായ ഭൂതകാലത്തെ അദ്ദേഹം കൃത്യമായി വരച്ചിടുന്നത്. ദൃശ്യമാധ്യമ രംഗത്തും ദൂരദര്‍ശനുവേണ്ടി ചെയ്ത ഹൃസ്വസിനിമകളുടെ നിര്‍മാണത്തിന്റെ അനുഭവവും ഇതിന്റെ ഭാഗമാണ്. മാധ്യമ രംഗത്ത് നടക്കുന്ന ഏത് മാറ്റങ്ങളെയും മടിയില്ലാതെ ഹൃദയപൂര്‍വം സ്വീകരിക്കുന്ന ഒരാളെയാണ് ഈ പുസ്തകത്തില്‍ കാണാനാവുക.
പാകിസ്ഥാനിലെ ആഭ്യന്തര യുദ്ധം അവസാനിച്ച് ബംഗ്ലാദേശ് രൂപപ്പെട്ടതിനു ശേഷം ഇൻഡ്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാക്കിസ്ഥാന്‍ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയും തമ്മിലുള്ള കൂടിക്കാഴ്ച പാകിസ്ഥാനിലെ ഹിൽ സ്റ്റേഷനായ മറിയിൽ (Murree) നടത്താൻ ആലോചിച്ചെങ്കിലും അതു നടന്നില്ല. പിന്നീട് ഷിംലയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. അവിടെ നടന്ന കൂടിക്കാഴ്ചയിലെ വിഷയം ചർച്ച ചെയ്യാൻ പാകിസ്ഥാനിലെ പാർലമെന്റ് വിളിച്ചു ചേർത്തപ്പോൾ, അത് റിപ്പോർട്ട് ചെയ്യാൻ അദ്ദേഹമാണ് പോകുന്നത്. ഡല്‍ഹിയിൽ നിന്നും യാത്ര തിരിക്കുമ്പോള്‍ പാകിസ്ഥാനില്‍ നിന്നും ഇൻഡ്യയിലെത്തിയ സുഹൃത്തുക്കൾ സിന്ധിലെ മണ്ണ് അവര്‍ക്കായി കൊണ്ടുവരണമെന്ന് പറയുന്നുണ്ട്. കാറും കോളും രാഷ്ട്രീയ സംഘര്‍ഷങ്ങളും നിറഞ്ഞ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച്, അത് റിപ്പോര്‍ട്ട് ചെയ്തശേഷം മടങ്ങാനൊരുങ്ങുമ്പോള്‍ അദ്ദേഹം സിന്ധിലെ മണ്ണ് ശേഖരിച്ചതിനെക്കുറിച്ച് എഴുതിയത് ഇപ്രകാരമാണ്: “രണ്ടു തീപ്പെട്ടികളുമായാണ് ഞാൻ ഹോട്ടലിൽ തിരിച്ചെത്തിയത്. ഹോട്ടല്‍ കോമ്പൌണ്ടിലെ ഒരു മരച്ചുവട്ടില്‍ തീപ്പെട്ടിക്കോലുകള്‍ ഉപേക്ഷിച്ചശേഷം, പെട്ടികളിൽ സിന്ധിലെ മണ്ണ് നിറച്ചു. അടുത്ത ദിവസം കറാച്ചിയില്‍നിന്ന് ദല്‍ഹിക്ക് പറക്കുമ്പോൾ അതിര്‍ത്തിയുടെ ഇരുവശവും നടക്കുന്ന പരസ്പര രാക്ഷസവത്കരണം പുതുതലമുറയിൽ സൃഷ്ടിക്കുന്ന അബദ്ധ ധാരണകളെക്കുറിച്ച് എനിക്ക് ഓര്‍ക്കാതിരിക്കാനായില്ല” (പുറം 234).
ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, മണ്ണല്ല, അസാധാരണമായ നീതിബോധമാണ് ബി.ആര്‍.പി ആ തീപ്പെട്ടിക്കൂടുകള്‍ക്കുള്ളിൽ ശേഖരിച്ചത്. കേരളീയ സമൂഹത്തിന്റെ നവസാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലൂടെ ആ നീതിബോധം ഇന്നും തുടരുന്നുവെന്നാണ് മറ്റൊരു മലയാളി മാധ്യമ പ്രവര്‍ത്തകനും അവകാശപ്പെടാനാവാത്ത ഔന്നിത്യം അദ്ദേഹത്തിനു നല്‍കേണ്ടി വരുന്നത്. ‘ന്യൂസ് റൂമെ’ന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം അതിലേക്കുള്ള പ്രവേശികയാണ്.