ഭാവിയിലേക്കുള്ള ചരിത്രാഖ്യാനങ്ങൾ: ദലിത് ബന്ധുവിന്‍റെ ചരിത്രമെഴുത്ത്

അദൃശ്യരാക്കപ്പെടുകയും മായിക്കപ്പെടുകയും ചെയ്യുന്ന അടിസ്ഥാന ജനതയുടെ ചരിത്രസമരങ്ങളെയും അതിജീവന പോരാട്ടങ്ങളെയുമാണു ദലിത് ബന്ധു തന്‍റെ ജീവിത പഠനങ്ങളുടെ ഭൂമികയാക്കുന്നത്. പ്രാണവായുവായി ബോധോദയം പകരുന്ന പോതിമരത്തെപ്പോലെ, മണ്ണിനോടും മനുഷ്യരോടും ചേര്‍ന്നു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്‍റെ ചരിത്ര വീക്ഷണം. മാറ്റത്തെയും സമഭാവനയേയും ജനായത്തത്തെയും വിഭാവനം ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളും. ഡോ. അജയ് ശേഖർ എഴുതുന്നു.

ദൈവത്തെ പിശാചായും പിശാചെ ദൈവമായും 

വര്‍ണിക്കും ബ്രാഹ്മണന്‍റെ വൈഭവം ഭയങ്കരം

  • സഹോദരൻ അയ്യപ്പന്‍

 

ജന ചരിത്രത്തിലുള്ള ശക്തവും ധീരവുമായ ഇടപെടലുകളാണു ദലിത് ബന്ധു എന്‍.കെ.ജോസിന്‍റെ ചരിത്രാഖ്യാനങ്ങള്‍. അധീശ ചരിത്രത്തെയും ബ്രാഹ്മണികവും ജാതിഹൈന്ദവവുമായ ചരിത്ര രീതിശാസ്ത്ര വ്യാഖ്യാന തന്ത്രങ്ങളെയും, വിമര്‍ശിക്കുകയും ചെറുക്കുകയും അപനിര്‍മിക്കുകയും തിരുത്തിയെഴുതുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ രചനകള്‍. പോതി മരത്തെപ്പോലെ നീരോട്ടമുള്ള, താണനിലത്തേക്കു വേരുകളിറക്കുന്ന, മണ്ണിനെ പുല്‍കുന്ന, അടിത്തട്ടില്‍ നിന്നുള്ള നോക്കുപാടുകള്‍ വികസിപ്പിച്ചുകൊണ്ട് നീതിയുടെയും ജനതയുടെയും ശബ്ദസാന്നിധ്യങ്ങളെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളാണു ശ്രീ.ജോസിന്‍റെ ചരിത്രണം. അടിത്തട്ടിലുള്ള ജനതയുടെയും അവരുടെ ജീവിത സമരങ്ങളുടെയും ചരിത്രണമാണ് അദ്ദേഹം പലപ്പോഴും നടത്തിയിട്ടുള്ളത്. തികച്ചും അധീശ വിരുദ്ധമായ ബദലാഖ്യാനങ്ങളെ എം.എസ്.ജയപ്രകാശിനെപ്പോലെ അദ്ദേഹവും നിരന്തരം നിര്‍മിച്ചു പോന്നു.

കേരളത്തിന്‍റെ ദലിത്-ബഹുജന ചരിത്രത്തിലേക്കും അടിസ്ഥാന ജനതയുടെ ചരിത്രത്തിലേക്കുമുള്ള ജ്ഞാന നിക്ഷേപങ്ങളും നൈതിക വ്യാഖ്യാനങ്ങളുമാണ് അദ്ദേഹത്തിന്‍റെ ജീവിത സംഭാവന. അദ്ദേഹത്തിന്‍റെ രീതിശാസ്ത്രത്തെയും സൈദ്ധാന്തിക സമീക്ഷകളെയും വ്യാഖ്യാന വീക്ഷണങ്ങളെയും നിഗമനങ്ങളെയും ചോദ്യം ചെയ്യുന്നവരുണ്ടെങ്കിലും ദലിത് ബന്ധു പുലര്‍ത്തുന്ന, അടിസ്ഥാന ജനതയോടും നീതിയോടുമുള്ള ആഭിമുഖ്യത്തെയും ആര്‍ജവത്തെയും അധീശത്വത്തോടുള്ള ജൈവമായ പ്രതിരോധത്തെയും ആരും മാനിക്കും.  

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍, പൊയ്കയിൽ അപ്പച്ചന്‍ കേരളത്തിന്‍റെ അടിമത്ത ചരിത്രത്തെ, തന്‍റെ പാട്ടുകളിലൂടെയും ആഖ്യാനങ്ങളിലൂടെയും ഉണര്‍ത്തിയെടുക്കുകയും അഗാധമായ ഖേദത്തോടെ ചരിത്രത്തില്‍ പരതുകയും ചെയ്തു. തന്‍റെ ജനതയെ കുറിച്ചുള്ള ഒരക്ഷരം പോലും വ്യവസ്ഥാപിത ചരിത്രങ്ങളിലൊന്നും കാണുന്നില്ലെന്ന് അദ്ദേഹം വേദനയോടെ ഓര്‍ത്തു. കീഴാളര്‍ക്കു ചരിത്രത്തില്‍ പ്രവേശിക്കാനാവുന്നില്ലെന്നും കീഴാള ചരിത്രം തുടര്‍ച്ചയായി ചിതറിക്കപ്പെടുകയാണെന്നും അന്‍റോണിയോ ഗ്രാംഷി ഇറ്റാലിയന്‍ ചരിത്രത്തെ മുന്‍നിര്‍ത്തി നിരീക്ഷിച്ചു. അദൃശ്യരാക്കപ്പെടുകയും മായിക്കപ്പെടുകയും ചെയ്യുന്ന അടിസ്ഥാന ജനതയുടെ ചരിത്രസമരങ്ങളെയും അതിജീവന പോരാട്ടങ്ങളെയുമാണു ദലിത് ബന്ധു തന്‍റെ ജീവിത പഠനങ്ങളുടെ ഭൂമികയാക്കുന്നത്. പ്രാണവായുവായി ബോധോദയം പകരുന്ന പോതിമരത്തെപ്പോലെ, മണ്ണിനോടും മനുഷ്യരോടും ചേര്‍ന്നു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്‍റെ ചരിത്ര വീക്ഷണം. മാറ്റത്തെയും സമഭാവനയേയും ജനായത്തത്തെയും വിഭാവനം ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളും. ജാതിയേയും മതത്തെയും പ്രദേശത്തെയും പ്രശ്നവല്‍ക്കരിക്കുകയും വിമര്‍ശ നോക്കുപാടുകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന ചരിത്ര രചനയാണു ദലിത് ബന്ധു നടത്തുന്നത്.  ഒരുപക്ഷേ ഇളംകുളം കുഞ്ഞമ്പിള്ളയ്ക്കു ശേഷം ഇത്രമാത്രം, സാധാരണക്കാരായ ദലിത് ബഹുജനങ്ങളെ ആകര്‍ഷിക്കുകയും വായിപ്പിക്കുകയും ചെയ്തിട്ടുള്ള ചരിത്ര പഠിതാവ് നമുക്കുണ്ടായിട്ടില്ല. 

ദലിത് ബന്ധു എൻ.കെ. ജോസ്

വര്‍ഗ സമീക്ഷയുടെ വാചാടോപത്തില്‍ ഒളിച്ചു കടത്തിയ, ബ്രാഹ്മണികവും ജാതിഹൈന്ദവവുമായ അധീശ ചരിത്ര നിര്‍മിതികളെയും ക്ഷുദ്ര ചരിത്ര മൂല്യങ്ങളെയും പാദജ രീതിശാസ്ത്ര മാതൃകകളെയും നിരന്തരം അലോസരപ്പെടുത്തിക്കൊണ്ട് അട്ടിമറിയുടെയും പുനര്‍നിര്‍മിതിയുടേതുമായ ചരിത്രാഖ്യാനങ്ങളാണു ശ്രീ.ജോസ് വികസിപ്പിച്ചിട്ടുള്ളത്. മുഖ്യധാരാ അക്കാദമിക ചരിത്രമെന്നു മേനി നടിക്കുന്ന, തികഞ്ഞ ഹൈന്ദവ-ക്ഷേത്ര കേന്ദ്രീകൃത-വര്‍ണാശ്രമ ചരിത്രവും വാജ്പേയി-മനോഹർ ജോഷി കാലത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ നടമാടിയ കാവിവല്‍ക്കരണ ചരിത്ര കാര്യപരിപാടികളും ശ്രീ.ജോസിന്‍റെ വിമതാഖ്യാനങ്ങള്‍ക്കും ബദലാഖ്യാനങ്ങള്‍ക്കും മുന്നില്‍ സ്വയം വെളിപ്പെടുത്തപ്പെടുന്നു. ദേശീയവാദ ചരിത്രവും വര്‍ഗവാദ ചരിത്രവും പ്രാന്തീകരിച്ച ജാതിയുടേയും ലിംഗത്തിന്‍റേയും പ്രദേശത്തിന്‍റേയും സമുദായത്തിന്‍റേയും മതത്തിന്‍റേയും എല്ലാം സങ്കീര്‍ണതകളും പിളര്‍പ്പുകളും പടര്‍പ്പുകളും അടരുകളും ബഹുലതകളും തികഞ്ഞ ബഹുസ്വരതയോടെ ദലിത് ബന്ധുവിന്‍റെ ചരിത്രാഖ്യാനങ്ങളില്‍ നിറയുന്നു. പി.കെ.ഗോപാലകൃഷ്ണന്‍ കേരളത്തിന്‍റെ സാംസ്കാരിക ചരിത്രണത്തിലൂടെ നടത്തിയിട്ടുള്ള ജൈന-ബുദ്ധമതങ്ങളെ കുറിച്ചുള്ള വിപുലമായ അന്വേഷണങ്ങളും വി.വി.കെ വാലത്ത് സ്ഥാലനാമ ചരിത്രണത്തിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളെക്കുറിച്ചു നിര്‍മിച്ച പ്രാദേശിക ചരിത്ര സമീക്ഷകളും ഓര്‍മിപ്പിക്കുന്നതാണു ദലിത് ബന്ധുവിന്‍റെ, അടിത്തട്ടിലേക്ക് ആണ്ടിറങ്ങുന്ന ചരിത്രാന്വേഷണങ്ങള്‍. സമാന്തരമായ പ്രസിദ്ധീകരണ-വിതരണ സംവിധാനവും കൂടി ആവിഷ്കരിച്ചതാണ് അദ്ദേഹത്തിന്‍റെ ചരിത്ര വ്യവഹാരത്തിന്‍റെ ശക്തമായ സമാന്തര സമരപാത. മുഖ്യധാരയിലൂടെ വന്ന, വാലത്തിന്‍റെയും മറ്റും ചരിത്രാഖ്യാനങ്ങളെ, ഭീകരമായ ജാതിഹിന്ദു സമാഹരണ തന്ത്രങ്ങളിലൂടെ- ജാതിഹിന്ദുത്വം വെട്ടിനീക്കൽ/വൈകിക്കല്‍ സമ്മര്‍ദ ഭീഷണികളിലൂടെ- ഗണ്യമാം വിധം വെച്ചു താമസിപ്പിച്ച് ഇല്ലാതാക്കി. പതിനാലു ജില്ലകളുടെയും പ്രാദേശിക ചരിത്രം എഴുതുമായിരുന്ന വാലത്തിനെ നാലു ജില്ലകളുടെ പുസ്തകങ്ങള്‍ പുറത്തു വന്നപ്പോഴേക്കും ഇല്ലാതാക്കാന്‍ ബഹുജനങ്ങളുടെ ചെലവില്‍ അക്കാദമികളെയും മാധ്യമങ്ങളെയും കോളനീകരിച്ച ഈ അധീശ സമാഹാരണ ജാതിഹിന്ദു സമവായത്തിനു കഴിഞ്ഞു. എഡിറ്റിങ്, ജാതിയുടെ സ്വരാജ്യമാകുന്ന പുണ്യപുരാണ കഥയാണിത്. ഇവിടെയാണു ദലിത് ബന്ധുവിന്‍റെ വ്യതിരിക്തതയും ശക്തിയും. സ്വന്തമായ പ്രസാധനവും വിതരണവും അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ ആവേഗവും തുടര്‍ച്ചയുമാകുന്നു. ജാതിഹിന്ദു സമവായം പ്രസാധന ഡസ്കുകള്‍ കേന്ദ്രീകരിച്ചു വെട്ടിനീക്കിയതും തിരുത്തിയതും മായിച്ചതുമെല്ലാം നിര്‍ഭയം എഴുതാനും അച്ചടിക്കാനും ജനങ്ങളിലെത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മൂലധനാത്മകവും സാങ്കേതികവും കൂടിയാണ് ജനായത്തപരമായ ഈ ആവേഗം. മലയാള കുലീനതയും അതിന്‍റെ എഡിറ്റോറിയല്‍ പോളിസികളും തമസ്കരിച്ചതെല്ലാം പാഠങ്ങളിലച്ചടിച്ചു വിതരണം ചെയ്യാന്‍ അദ്ദേഹത്തിനായി.

അതുപോലെ തന്നെ, കേരളത്തിലെ അധീശ ഹൈന്ദവ സമവായം മൂടിവച്ച കേരളത്തിലെ ബൗദ്ധ ചരിത്രത്തെ കുറിച്ചുള്ള വസ്തുതകളും യാഥാര്‍ഥ്യങ്ങളും പുസ്തക രൂപത്തില്‍ തന്നെ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിനായി. പത്മനാഭ ക്ഷേത്ര സ്വത്തു വിവാദത്തിലും, കേരളത്തിന്‍റെ ബൗദ്ധ ചരിത്രത്തെ പ്രാഥമികമാക്കുന്ന വാദമുഖങ്ങള്‍ ദലിത് ബന്ധു ജനപക്ഷത്തു നിന്ന് പുസ്തക രൂപത്തില്‍ മുന്നോട്ടുവെച്ചു. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സുധീരമായ ജീവിത സമരങ്ങളുടെ ചരിത്രത്തിന്‍റെ കാര്യത്തിലായാലും, കേരളത്തിലാദ്യമായി, ഏതാണ്ടു സമഗ്ര രൂപത്തില്‍ പുറത്തു വരുന്ന പ്രധാന പഠനം തന്നെയാണ് ദലിത് ബന്ധുവിന്‍റേത്. നീതിക്കുവേണ്ടിയുള്ള  ജൈവ പ്രതിരോധങ്ങളെ മാനിക്കുകയും ആദരവോടെ രേഖപ്പെടുത്തുകയും ചെയ്യുന്ന തികഞ്ഞ ജൈവ ബുദ്ധിജീവിയാണു താനെന്നു ബോധ്യപ്പെടുത്തുന്ന പ്രവൃത്തിയാണ് ആറാട്ടുപുഴയെക്കുറിച്ചുള്ള ജീവിത പഠനം. പരിപൂര്‍ണമായ ചരിത്രമെന്നൊന്നില്ല. എല്ലാ ചരിത്രവും ആഖ്യാനമാണ്. അതു സവിശേഷ സന്ദര്‍ഭത്തില്‍ മനുഷ്യ വിഷയികള്‍ നടത്തുന്ന രാഷ്ട്രീയ വ്യാഖ്യാനവും ആഖ്യാനവുമാണ്. വ്യാഖ്യാനങ്ങള്‍ അവസാനിക്കാത്ത പോലെ ചരിത്രവും അവസാനിക്കുന്നില്ല. ആത്യന്തിക ചരിത്രവുമില്ല. നീതിയുക്തവും, നീതിക്കുവേണ്ടിയും മനുഷ്യരുടെയും ലോകത്തിന്‍റെയും ഭാവിക്കുവേണ്ടിയുമുള്ള ചരിത്രമാണു സാധുവായ ചരിത്രം. ആ നിലയില്‍, വിലമതിക്കാനാവാത്ത മാനവിക ചരിത്രമാണ് ആറാട്ടുപുഴയെന്ന നൈതിക ധീരനെക്കുറിച്ചുള്ള ദലിത് ബന്ധുവിന്‍റെ രചന. പത്താം നൂറ്റാണ്ടോടെ ബൗദ്ധ-ജൈന മത സഭ്യതകളെ വംശഹത്യ ചെയ്തു കേരളത്തില്‍ സ്ഥാപിക്കപ്പെട്ട ബ്രാഹ്മണിക ജാതിഹിന്ദുത്വത്തിന്‍റെ കിരാതമായ പൗരോഹിത്യ-പടയാളി സംബന്ധ വേഴ്ച്ചയുടെയും അധീശ വാഴ്ച്ചയുടെയും ഇരുട്ടിനെ ധീരമായി ഭേദിച്ചു കൊണ്ട് ജാതിയേയും പൗരോഹിത്യ-പടയാളി ആണത്തത്തെയും വെല്ലുവിളിച്ച അനിഷേധ്യ ശബ്ദവും പരിവര്‍ത്തന കര്‍തൃത്വവുമായിരുന്നു ആറാട്ടുപുഴ കല്ലിശേരി വേലായുധ ചേകവര്‍ (1825-1874). നാരായണഗുരു ജനിക്കുന്നതിനു മുൻപു തന്നെ, അവര്‍ണര്‍ക്കായി അമ്പല പ്രതിഷ്ഠയും രാപ്പള്ളിക്കൂടവും വായനശാലയും കളരിയും കളിയോഗവും സ്ഥാപിച്ചു നടത്തിയ നവോത്ഥാന കര്‍തൃത്വമാണദ്ദേഹം. ബി.സി. മൂന്നാം നൂറ്റാണ്ടിലെ കേരപുത്തോ എന്ന അശോക പരാമര്‍ശത്തിലൂടെ ചരിത്രത്തില്‍ അടയാളപ്പെടുന്ന പ്രബുദ്ധ കേരളത്തെ, ജാതിയുടെ കേളീരംഗമായി മാറ്റിയ പൗരോഹിത്യ-പടയാളി വാഴ്ച്ചയുടെ കട്ടപിടിച്ച ഇരുട്ടിനെ അടിച്ചുടച്ചുകൊണ്ടാണു വേലായുധച്ചേകവരുടെ പ്രവര്‍ത്തനങ്ങള്‍ കായംകുളം-കാര്‍ത്തികപ്പള്ളി പ്രദേശങ്ങളില്‍ ഉയര്‍ന്നുവന്നത്. നാണുഗുരുവിനെയും അയ്യങ്കാളിയെയും സഹോദരനെയും പ്രചോദിപ്പിച്ചതാണ് അദ്ദേഹത്തിന്‍റെ സംസ്കാരിക-രാഷ്ട്രീയ പോരാട്ടങ്ങള്‍. മാറു മറയ്ക്കാനും തുണിയുടുക്കാനുമായി നടത്തിയ ഏത്താപ്പു സമരവും മേല്‍ശീലക്കലാപവും തുടര്‍ന്നു നടന്ന മൂക്കുത്തി സമരവും കാര്‍ഷിക സമരവും കഥകളി വ്യവഹാര വഴക്കുമെല്ലാം വിശദവും വിപുലവുമായ പുതിയ ഗവേഷണ പഠനങ്ങള്‍ അര്‍ഹിക്കുന്നു. ജാതിഹിന്ദുത്വത്തിനും ഹൈന്ദവ ദുഷ്പ്രഭുത്വത്തിനും എതിരെ, വര്‍ണാശ്രമ ധര്‍മത്തെയും ബ്രാഹ്മണിസത്തെയും ശൂദ്രഹിന്ദുത്വത്തെയും ചെറുത്തു കൊണ്ടു ജീവിതം മുഴുവന്‍ പോരാടി ധീരമായ രക്തസാക്ഷിത്വം വരിച്ച, അനശ്വരനായ നവോത്ഥാന ജനനേതാവാണ് അദ്ദേഹം. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ചെറു പുസ്തകങ്ങളും പഠനങ്ങളും അദ്ദേഹത്തെക്കുറിച്ച് അടുത്ത കാലത്ത് പുറത്തു വന്നുകഴിഞ്ഞു. ഡോ.രാജന്‍ ഗുരുവംശി ഇംഗ്ലീഷിലെഴുതിയ ദി ലെഫ്റ്റോവര്‍ (2016) എന്ന നോവലാണ് ഇതിലേറ്റവും ശ്രദ്ധേയം. ആറാട്ടുപുഴയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ശ്രീജിത് വടകരയടക്കം നിര്‍മിക്കുന്നു. പുത്തന്‍ ചലച്ചിത്രങ്ങളും കഥനങ്ങളും ചരിത്ര പുസ്തകങ്ങളും ഈ വിഖ്യാതനായ കേരള പുത്രനെക്കുറിച്ച് ഉണ്ടാകാനിരിക്കുന്നതേയുള്ളു. അതിനുള്ള തുടക്കവും ആധാരവുമാണു ദലിത് ബന്ധുവിന്‍റെ ഈ പഠനം.

മംഗലത്തെ, അദ്ദേഹത്തിന്‍റെ ഇരുനൂറുവര്‍ഷം പഴക്കമുള്ള, കല്ലിശേരി നാലുകെട്ടിന്‍റെ അവശേഷിക്കുന്ന ഭാഗം കേരള നവോത്ഥാന ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടണം എന്നതാണ് ഏറ്റവും നിര്‍ണായകമായ പ്രശ്നം. വായനശാല, ജ്ഞാനേശ്വരം അമ്പലം, സഭ എന്നിവയും സംരക്ഷിക്കപ്പെടണം. അതുപോലെ തന്നെ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി ഭാഗത്തു നടത്താവുന്ന വിപുലമായ പുരാവസ്തു പഠനങ്ങളും പര്യവേഷണങ്ങളും കേരളത്തിന്‍റെ വിപുലമായ ലോകബന്ധങ്ങളുള്ള ബൗദ്ധ ചരിത്രത്തെക്കുറിച്ചുള്ള വമ്പിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും. 

പത്തൊമ്പതാം നൂറ്റാണ്ടിലെ അധിനിവേശ ആധുനികതയുടെ പശ്ചാത്തലത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ സ്ഥാനപ്പെടുത്തുന്ന പ്രകരണബദ്ധമായ പഠനമാണു ദലിത് ബന്ധു നടത്തുന്നത്.  മിഷനറി പ്രവര്‍ത്തനങ്ങളുടെയും ബ്രിട്ടീഷ് ഭരണ ഇടപെടലുകളുടെയും ദളവാ വേലുത്തമ്പിയുടെയും മറ്റും നടപടികളുടെയും അനന്തരഫലങ്ങളെല്ലാം ഇവിടെ വിശദീകരിക്കപ്പെടുന്നു. പല കേരള ചരിത്ര പ്രശ്നങ്ങള്‍ക്കും ദലിത് ബന്ധു അദ്ദേഹത്തിന്‍റേതായ ഉത്തരങ്ങള്‍ വേറിട്ടു തരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ വൈക്കത്തു വേലുത്തമ്പിയുടെ കിങ്കരന്മാര്‍ നടത്തിയ ദളവാക്കുളം കൂട്ടക്കൊല, മുലക്കരം അവസാനിപ്പിച്ച ചേര്‍ത്തല നങ്ങേലിയുടെ ബലി നടന്ന മുലച്ചിപ്പറമ്പു സംഭവം എന്നിവയുടെ വര്‍ഷം, വൈക്കം പള്ളിയുടെ സ്ഥാപനവും സ്ഥാനമാറ്റവും തുടങ്ങിയവയെല്ലാം അദ്ദേഹം യുക്തിയുക്തമായി, ആപേക്ഷികമായി നിര്‍ണയിക്കുന്നു. എന്നാല്‍ ശൈവ മതത്തെയും സിന്ധു നാഗരികതയേയും അവര്‍ണരെയും ബന്ധിപ്പിച്ചു കൊണ്ട് മറ്റുപല ചരിത്ര പഠിതാക്കളെയും പോലെ, അദ്ദേഹം നടത്തുന്ന ചില വാദങ്ങളും അനുമാനങ്ങളും സാധുതയില്ലാത്തതും തിരുത്തേണ്ടതുമാണ്. ഏതാണ്ട് ബി.സി. 1500നടുത്തു പഴക്കമുള്ള സിന്ധു നാഗരികതയിലെ പദ്മാസന യോഗിയെ പശുപതി രൂപത്തിലുള്ള ശിവനായി വായിക്കുന്നതു കാലപ്രമാദവും തികഞ്ഞ പരിവാര ഹൈന്ദവ അജണ്ടയെ സഹായിക്കുന്നതുമാണ്. കാരണം പാശുപത ശൈവ മതം തന്നെ, വടക്കെ ഇൻഡ്യയില്‍ ഉടലെടുക്കുന്നതു സി.ഇ. അഞ്ചും ആറും നൂറ്റാണ്ടോടെയാണ്. അതായത് സിന്ധു നാഗരികതയിലെ പദ്മാസന യോഗിക്ക് ഏതാണ്ടു രണ്ടായിരം വര്‍ഷത്തിനു ശേഷമാണ് ശൈവിസത്തിന്‍റെ തുടക്കം എന്നു ചുരുക്കം. കലിംഗ വാസ്തുശില്‍പ വംശാവലികള്‍ പരിശോധിച്ചാല്‍ ലാകുലീശ രൂപത്തിലുള്ള ശൈവമതം ഏഴും എട്ടും നൂറ്റാണ്ടുകളില്‍ ബൗദ്ധത്തില്‍ നിന്നു ഹിംസാത്മകമായി വഴിമാറുന്നതും കാണാം. തെന്നിന്ത്യയിലാണെങ്കില്‍ ഏഴും എട്ടും നൂറ്റാണ്ടുകളോടെയാണു ശൈവമതം ഭക്തിപ്രസ്ഥാനത്തിന്‍റെ കാമ-കാപാലിക ഭക്തിലഹരിയിലൂടെ ഉയര്‍ന്നു വരുന്നത്.  ഒരു വശത്തു വൈഷ്ണവിസവുമായും മറുവശത്തു മായാനവും ജൈനവുമായും മല്‍സരിച്ചു കൊണ്ടായിരുന്നു ശൈവമതത്തിന്‍റെ ഉയര്‍ച്ച. ജൈനത്തില്‍ നിന്നു ശൈവത്തില്‍ ചേര്‍ന്ന അപ്പരും സംബന്ധമൂര്‍ത്തിയും കൂടിയാണു മദുരൈയില്‍ എണ്ണായിരം ജൈന മുനിമാരെ കഴുവേറ്റിക്കൊണ്ട് ഈ ശൈവഭക്തി യജ്ഞത്തിനു കിരാതമായ തുടക്കമിട്ടതെന്നു പി.കെ.ഗോപാലകൃഷ്ണനടക്കമുള്ള തെന്നിൻഡ്യന്‍ ചരിത്രകാരന്മാരില്‍ പലരും രേഖപ്പെടുത്തിയിരിക്കുന്നു.  

അതു പോലെ തന്നെ വേദങ്ങളിലെ ലിംഗാരാധകരെ കൊല്ലാന്‍ ശക്തി തരൂ എന്നും മറ്റുമുള്ള, ആര്യാധിനിവേശകരുടെ, ഇന്ദ്രനോടും മറ്റുമുള്ള കൊലപാതക പ്രാര്‍ഥനാ മന്ത്രങ്ങളെ ആധാരമാക്കിക്കൊണ്ട് സിന്ധു തടത്തില്‍ നിന്നു കിട്ടിയ രൂപമാതൃകകളെ ശിവലിംഗങ്ങളായി വ്യാഖ്യാനിക്കുന്നതും അസാധുവും അപകടകരവുമാണ്. പ്രാചീന മഹാശിലായുഗ സഭ്യതകളുടെ തുടര്‍ച്ചയായി വന്ന സ്തൂപ രൂപങ്ങളെയാണു നിര്‍ഭാഗ്യവശാല്‍ പലരും ലിംഗങ്ങളായി തെറ്റിദ്ധരിക്കുന്നത്. ഇൻഡ്യയിലെമ്പാടും തന്നെ ഭൗമ, അണ്ഡ, കുംഭരൂപങ്ങളെ അനുസ്മരിപ്പിക്കുന്ന, തികച്ചും ബൗദ്ധമായ സ്തൂപരൂപങ്ങളെ ലിംഗങ്ങളായി വ്യാഖ്യാനിച്ചും ചെറിയ രൂപമാറ്റങ്ങള്‍ വരുത്തിയുമാണു ശൈവമതവും അതിന്‍റെ ഭക്തി-കാമലഹരിക്കു പിന്നില്‍ പ്രവര്‍ത്തിച്ച ബ്രാഹ്മണിസവും ബൗദ്ധപ്പള്ളികളെ ഹൈന്ദവ ക്ഷേത്രങ്ങളാക്കി മാറ്റിയത്. സി.ഇ. ആറാം നൂറ്റാണ്ടിനു ശേഷം മാത്രം ഇൻഡ്യയില്‍ ഉടലെടുക്കുന്ന ശൈവ മതത്തിന് ബി.സി. പതിനാറാം നൂറ്റാണ്ടു വരെ പഴക്കമുണ്ടെന്നു വാദിക്കുന്നത് തികഞ്ഞ ചരിത്രാഭാസവും കാലപ്രമാദവും പരിവാര ഹൈന്ദവ പഴക്കവാദങ്ങള്‍ക്കു പരമ സമ്മതി കൊടുക്കലുമായിപ്പോകും. സ്തൂപ രൂപങ്ങളെ ലിംഗങ്ങളായി വ്യാഖ്യാനിക്കുന്ന ഈ ഹൈന്ദവ ബ്രാഹ്മണിക വൈഭവം വിമര്‍ശാത്മകമായി മനസിലാക്കാതെ പോയ പല ബഹുജന ചരിത്ര പഠിതാക്കള്‍ക്കും ഈ അപകടം പറ്റിയിട്ടുണ്ട്. കേരളത്തിലെ മധ്യകാലത്തോടെയുള്ള ബുദ്ധമതത്തിന്‍റെ തകര്‍ക്കലിനെയും ഹൈന്ദവ ജാതിവ്യവസ്ഥിതിയുടെ സ്ഥാപനത്തെയും കുറിച്ചും ബുദ്ധനെയും നാണുഗുരുവിനെയും കുറിച്ചും പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഡോ.കെ. സുഗതനും സൈന്ധവ നാഗരികതയിലെ സ്തൂപരൂപങ്ങളെ ലിംഗങ്ങളായി വായിച്ചു പോന്നിട്ടുണ്ട്. ബഹുജന വായനാ ലോകവും പ്രബുദ്ധരായ എഴുത്തുകാരും തിരുത്തേണ്ടുന്ന ഒരു പ്രകരണ വ്യാഖ്യാനപ്പിഴവാണിത്. ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്കും കാലപ്രമാദങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നതു സഹോദരന്‍, ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കേരളമക്കളെ ബോധിപ്പിച്ച ബ്രാഹ്മണ്യ വ്യാഖ്യാന വൈഭവം തന്നെയാണ്. നാണുഗുരുവിന്‍റെ ശിഷ്യനായ സ്വാമി ജോണ്‍ ധര്‍മതീര്‍ഥര്‍ 1941ലെ തന്‍റെ ഹൈന്ദവ സാമ്രാജ്യത്വം എന്ന രചനയില്‍ വിശദീകരിക്കുന്ന, പിന്നീടിങ്ങോട്ടു ജെ. രഘുവും മറ്റും വിശദീകരിക്കുന്ന ഹിന്ദു കൊളോണിയലിസത്തിന്‍റെ അധീശ ആഖ്യാന വ്യാവഹാരികതയാണിത്. 2016ലെ ഹിന്ദു ദേശീയവാദ പാര്‍ട്ടിയുടെ പുതിയ പരിവാര വിദ്യാഭ്യാസ നയത്തിലും ഇത്തരം ചരിത്രാഭാസങ്ങളും ഹൈന്ദവ വ്യാവഹാരികതയും പ്രബലമാണ്. രണ്ടാം അധ്യായത്തില്‍ കേരളത്തിലെ അവര്‍ണര്‍ ആദിയില്‍ ശൈവരും പിന്നെ ബൗദ്ധരും വീണ്ടും ഹൈന്ദവരുമായി എന്ന മട്ടിലുള്ള വ്യാഖ്യാനം തികച്ചും ചരിത്ര വിരുദ്ധവും നവഹിന്ദുത്വ ഫാഷിസത്തിന്‍റെ പശ്ചാത്തലത്തില്‍ അത്യന്തം അപകടകരവുമാണ്.

ആറാട്ടുപുഴ വേലായുധപ്പണിക്കർ

ബി.സി. മൂന്നാം നൂറ്റാണ്ടോടെ അശോക ബോധകരുടെ മിഷനറി ഇടപെടലുകളിലൂടെ കലിംഗത്തു നിന്ന് ഈഴം വഴി കേരളത്തിലേക്കു വന്ന തേരവാദ ഭിക്കുക്കളുടെ അനുയായികള്‍ എന്ന നിലയിലാണു കേരളത്തിലെ ഈഴവര്‍ എന്ന സമുദായ നാമം തന്നെ കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ പി.കെ. ഗോപാലകൃഷ്ണനെ പോലുള്ള ചരിത്ര രചയിതാക്കള്‍ വിശദീകരിക്കുന്നത്. അതായത് അശോക കാലം മുതല്‍ മധ്യകാലം വരെ ബൗദ്ധരായി നിലനില്‍ക്കുകയും ബ്രാഹ്മണ്യം ബുദ്ധമതത്തെ പുറത്തു നിന്നും അകത്തു നിന്നും പിളര്‍ത്തി ഇല്ലായ്മ ചെയ്തപ്പോള്‍ ആദ്യം മായാനത്തിലും പിന്നെ വജ്രയാനത്തിലും അതിലൂടെ ശൈവ മതത്തിലേക്കും എത്തിച്ചേരുകയും ചെയ്ത ജനവിഭാഗമാണ് അവര്‍ണർ പൊതുവിൽ; ഈഴവര്‍ വിശേഷിച്ചും. മധ്യകാലത്തിനു ശേഷം മാത്രമേ അവര്‍ ശൈവത്തിലും വൈഷ്ണവത്തിലും വംശഹത്യയെ ചെറുത്തുകൊണ്ട് നില്‍ക്കേണ്ടി വന്നിട്ടുള്ളു. അപ്പോഴും അവരിലെ ബഹുഭൂരിപക്ഷം ബഹുജനങ്ങളും ചമണമായ ബൗദ്ധ പാരമ്പര്യങ്ങള്‍ തുടരുകയായിരുന്നു എന്നതാണ് കുടിപ്പള്ളിക്കൂട വിദ്യാഭ്യാസവും നാനം മോനം എന്ന ബൗദ്ധ വണക്കമുപയോഗിക്കുന്ന എഴുത്തിനിരുത്തു രീതിയും അക്ഷരമാലയും നാണുവും നാണനും നാണപ്പനും കുട്ടപ്പനും നാഗപ്പനും പൊന്നപ്പനുമടക്കമുള്ള പ്രാചീന ചമണ അഥവാ അമണ പേരുകളുമെല്ലാം വെളിപ്പെടുത്തുന്നത്. വജ്രയാനമെന്ന താന്ത്രിക ബുദ്ധമതത്തിലൂടെയാണ് മധുവുപയോഗിക്കുന്ന പഞ്ചമകാര പൂജകളും മധുഹാരകത്വവുമെല്ലാം മധ്യകാലത്തോടെ ഈഴവരുടെ ഇടയില്‍ രൂപപ്പെടുത്തിയെടുക്കുന്നത്. മധ്യകാലത്തു ഹിന്ദുവല്‍ക്കരണത്തെ തുടര്‍ന്നു നടന്ന വമ്പിച്ച സൈനികവല്‍ക്കരണങ്ങളുടെ ഭാഗമായി പടയും അതിനുവേണ്ടിയുള്ള കള്ളും നാട്ടുനടപ്പാക്കിയെടുക്കുകയും ചെയ്തു. ഇങ്ങനെയാണു ശൈവമായ ഒരു ഇടക്കാല, മധ്യകാല അധീശ സാസ്കാരികതയിലേക്ക് അവര്‍ണ ബഹുജനങ്ങള്‍ ഇടംകൊള്ളുന്നത്.

നാണുഗുരുവിന്‍റെയും ആറാട്ടുപുഴയുടെയും പ്രതിഷ്ഠാപന പ്രയോഗങ്ങളില്‍ കാണുന്ന ശൈവ പദാവലികളും വാഗ്പ്രയോഗങ്ങളും ഈ സാന്ദര്‍ഭികമായ സമ്മിശ്ര ശൈവ വ്യാവഹാരികതയിലാണു വ്യതിരിക്തമായി മനസിലാക്കേണ്ടത്. എന്നിട്ടും എല്ലാ മനുഷ്യര്‍ക്കുമായി 1850ല്‍ തുറന്ന, മംഗലത്തെ പ്രതിഷ്ഠയെ അദ്ദേഹം ജ്ഞാനേശ്വരനെന്നാണു വിളിച്ചത് എന്നുള്ളത് ബൗദ്ധമായ ജ്ഞാന മാര്‍ഗത്തിന്‍റെ പ്രകാശനവും കൂടിയാണ്. കേരളഭാഷയുടെ അകം കണ്ട കവികളായ മൂലൂരും സഹോദരനും കറുപ്പനുമാണു നാണുഗുരുവിനെ കേരളബുദ്ധനെന്നു വിളിച്ചത്. അതുപോലെ തന്നെ ആറാട്ടുപുഴയുടെ കാലത്തെ കവിയുന്ന വിധ്വംസകതകളിലൊന്ന് സാംസ്കാരികവും സാക്ഷരവുമായ അദ്ദേഹത്തിന്‍റെ പോരാട്ടങ്ങളായിരുന്നു. പന്തിഭോജനത്തിലും മിശ്രഭോജനത്തിലും സഹോദരനു മുന്‍ഗാമിയായത് ആറാട്ടുപുഴയാണെന്ന് പ്രൊഫ.സത്യപ്രകാശത്തെ പോലുള്ള എഴുത്തുകാര്‍ മൂലൂരിന്‍റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കളരിയും കളിയോഗവും രാപ്പള്ളിക്കൂടവും വായനശാലയും സ്ഥാപിച്ചു സകല ബഹുജനങ്ങള്‍ക്കുമായി പ്രത്യേകിച്ചും ദലിതര്‍ക്കായി അദ്ദേഹം നടത്തിയ സാംസ്കാരിക വിപ്ലവത്തെ സാസ്കാരിക മൂലധനങ്ങളെ കുറിച്ചുള്ള പുതിയ സാമൂഹ്യ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില്‍ പുനര്‍വായിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്‍റെ നൈതികമായ സംസ്കാരത്തിന്‍റെ രാഷ്ട്രീയവും കേരളത്തില്‍ അതിനു തുടക്കം കുറിച്ച ജന നേതാവ് എന്ന തലത്തിലുമുള്ള പുതിയ ചര്‍ച്ചകള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. കളിയോഗ സ്ഥാപനവുമായി ബന്ധപ്പെട്ട് മലയാള ശൂദ്രരുമായി അദ്ദേഹം നടത്തിയ നീണ്ട നിയമ പോരാട്ടവും അതിന്‍റെ വിചാരണയുമായി ബന്ധപ്പെട്ട വാദമുഖങ്ങളും ഭാവിയിലേക്കുള്ള ജനായത്ത സംസ്കാര രാഷ്ട്രീയത്തിന് മാതൃകകളും ആധാരങ്ങളുമാണ്. 

അവര്‍ണര്‍ക്കു പാളക്കിരീടം വച്ചുള്ള തുള്ളലേ ജാതിഹിന്ദുക്കള്‍ മധ്യകാലാരംഭം മുതല്‍ അനുവദിച്ചിരുന്നുള്ളു. കാരണം അമ്പലങ്ങളും അമ്പല വഴികളും അതിന്‍റെ യഥാര്‍ഥ ഉടമസ്ഥര്‍ക്കു വിലക്കി തീണ്ടലാക്കിയ പോലെ ആട്ടത്തിന്‍റേയും പാട്ടിന്‍റേയും കൊട്ടിന്‍റേയും യഥാര്‍ഥ ബൗദ്ധ ഉടമകളെ അടിമകളാക്കി അവര്‍ക്കവരുടെ സാംസ്കാരിക മൂലധന പ്രയോഗങ്ങളെല്ലാം വിലക്കുകയായിരുന്നു ബ്രാഹ്മണികമായ പടയാളി-പൗരോഹിത്യ ആണ്‍കോയ്മയും ആന്തരാധിനിവേശവുമായ ഹിന്ദു കൊളോണിയലിസം. അദ്വൈതവാദികളുടെ അപശൂദ്രാധികരണം പോലെയൊരു അപരനിഷേധ ദമനക്രിയാതന്ത്രമായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യം വരെ പോലും ചെണ്ടകൊട്ടാനുള്ള അവകാശമോ കലാവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യമോ അവര്‍ണര്‍ക്ക് അനുവദിച്ചിരുന്നില്ല എന്ന് സി.കേശവന്‍ മുതല്‍ ഗൗരിയമ്മ വരെയുള്ളവരുടെ ആത്മകഥനങ്ങള്‍ വെളിപ്പെടുത്തുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ കോട്ടയം ആര്‍പ്പൂക്കരയിലെ ചക്കശേരി പണിക്കരെന്ന അവര്‍ണ ആശാന്‍ ഒരു കളിയോഗം സ്ഥാപിക്കാന്‍ ശ്രമിച്ചത് ജാതിഹിന്ദുക്കള്‍ കൊടുമ്പിരിക്കൊണ്ട വ്യവഹാര വഴക്കുകളിലൂടെ ഇല്ലാതാക്കി (സി. ഗോപന്‍, പാഠം രംഗാവതരണത്തില്‍, ഡോക്ടറല്‍ പഠനം, എം.ജി.യു., 2006). ഈ സാഹചര്യങ്ങളില്‍ തന്‍റെ സുഹൃത്തായ മിന്നു ആശാനെന്ന മാധവക്കുറുപ്പാശാന്‍റെ നേതൃത്വത്തില്‍ മംഗലം അമ്പലത്തില്‍ ആറാട്ടുപുഴ കളിയോഗം സ്ഥാപിച്ച് അവര്‍ണ യുവാക്കളെ അരങ്ങേറ്റി. പണിക്കരും മക്കളുമെല്ലാം മുഖ്യവേഷമാടി. ദലിത് സോദരങ്ങളും കൂടെയുണ്ട്. കുപിതരായ ജാതിഹിന്ദുക്കള്‍ ദിവാനു കൊടുത്ത പരാതിയില്‍ തങ്ങള്‍ ജാതിഹിന്ദുക്കളായ ശൂദ്രരാണെന്നും ഈഴവര്‍ തീണ്ടല്‍ക്കാരായ ചോവന്മാരാണെന്നും അവര്‍ തങ്ങളില്‍ നിന്നും പതിനാറടിയും നമ്പൂരിമാരില്‍ നിന്നും മുപ്പത്താറടിയും മാറി നില്‍ക്കണമെന്നും അടിയകലം ലംഘിച്ചാല്‍ തങ്ങള്‍ക്കവരെ വെട്ടിവീഴ്ത്താമെന്നും വാദിക്കുന്നു. കഥകളിയിലെ ഹൈന്ദവ പുണ്യപുരാണ കഥകളില്‍ ദേവകളും ഭൂദേവകളുമായി അയിത്തക്കാരായ ഈഴവര്‍ രാജചിഹ്നങ്ങളായ കിരീടവും ഉടുത്തുകെട്ടും പച്ചയും തേച്ചാടുന്നത് ധര്‍മത്തിന് അതായത് വര്‍ണാശ്രമധര്‍മത്തിന് നിരക്കുന്നതല്ലെന്നും മഹാപാപമാണെന്നും വാദിക്കുന്നു. മാത്രമല്ല അയിത്തക്കാര്‍ വിനോദത്തിനായാണെങ്കിലും ദേവരായാടുന്നത് സവര്‍ണര്‍ക്ക് മാനഹാനിയും ആക്ഷേപവും അസഹനീയവുമാണെന്നും ക്രമസമാധാന ലംഘനം വരെയുണ്ടാകാമെന്നും അതിനാല്‍ ദിവാന്‍ സ്വാമി അവര്‍ണരെ ഈ പാപകര്‍മത്തില്‍ നിന്നും തടയേണ്ടതാണെന്നും നായന്മാരായ ജാതിഹിന്ദുക്കള്‍ ഹരജിയില്‍ കേണപേക്ഷിക്കുന്നു. കേസില്‍ അവര്‍ണഭാഗം വാദിച്ചത് വേലായുധപ്പണിക്കര്‍ തന്നെയാണ്.  ദിവാനോ ജാതിഹിന്ദുക്കള്‍ക്കോ അദ്ദേഹത്തിന്‍റെ വാദത്തെ ഖണ്ഡിക്കാനായില്ല. ദിവാന്‍ ടി.മാധവറാവുവിനു പരാതി തള്ളേണ്ടതായി വന്നു. വിചാരണ നടന്ന കൊല്ലവും പരിസരങ്ങളും ഇളകി മറിഞ്ഞു, രാജാവിനു അവര്‍ണര്‍ക്കനുകൂലമായ വിളംബരം പുറപ്പെടുവിക്കേണ്ടതായി വന്നു. അങ്ങനെയാണ് കഥകളിയെന്ന ബൗദ്ധപാരമ്പര്യമുള്ള ആട്ടത്തെ ജാതിഹിന്ദുക്കളുടെ സാംസ്കാരികാധിനിവേശത്തില്‍ നിന്നും കുത്തകയില്‍ നിന്നും ആറാട്ടുപുഴ മോചിപ്പിച്ചതും കോട്ടയത്തെ ചക്കശേരിയിലും ഏറ്റുമാനൂരിലും മീനച്ചിലിലും ചേര്‍ത്തലയിലും അമ്പലപ്പുഴയിലും കാര്‍ത്തികപ്പള്ളിയിലും കരുനാഗപ്പള്ളിയിലും എല്ലാം നിരവധി അവര്‍ണ കളിയോഗങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉരുവംകൊണ്ടതും. കേരള ദൃശ്യകലയിലെ ആദ്യത്തെ ജനായത്തവല്‍ക്കരണത്തിന്‍റെ കാരണവരായും ആറാട്ടുപുഴയെ സാംസ്കാരികമായി ആദരിക്കേണ്ടതുണ്ട്. നാണുഗുരുവിന്‍റെ പ്രതിഷ്ഠാപനകല മാത്രമല്ല കഥാപ്രസംഗത്തേയും നാടകത്തേയും കുറിച്ചുള്ള ആധുനിക സൗന്ദര്യശാസ്ത്ര വിചിന്തനങ്ങളും യഥാര്‍ഥത്തില്‍ ഉരുവം കൊള്ളുന്നത് ആറാട്ടുപുഴയുടെ നൈതികധീരമായ ദൃശ്യസംസ്കാരത്തിന്‍റെ ആട്ടപ്രകാരങ്ങളിലാണ്. അരങ്ങിനേയും ആട്ടത്തേയും അദ്ദേഹം ജനായത്തപരമായി അടിത്തട്ടില്‍ നിന്നും വിധ്വംസകമായി വികേന്ദ്രീകരിച്ചു, വിമോചനാത്മകമായി മാറ്റിയെഴുതി. കാലത്തേ കവിയുന്ന നൈതികവും ലാവണ്യാത്മകവുമായ ഇടപെടലാണിത്.

ആറാട്ടുപുഴയുടെ വിമോചനപ്പോരാട്ടം ഈ രീതിയില്‍ സര്‍ഗാത്മകമായ സാംസ്കാരിക ഇടപെടലുകളിലും ഊന്നിയായിരുന്നു. ഭൗതിക ശേഷികളെ പോലെത്തന്നെ സാംസ്കാരിക, വിദ്യാഭ്യാസ മൂലധനങ്ങളിലും അദ്ദേഹം ശ്രദ്ധിച്ചു. വിമോചനത്തില്‍ കലയും സംസ്കാരവും വിദ്യാഭ്യാസവും നിര്‍ണായകമാണെന്ന് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. സംസ്കാരത്തിന്‍റെ രാഷ്ട്രീയത്തിലൂടെ മാനവികതയെ മെച്ചപ്പെടുത്താം എന്ന കാഴ്ച്ചയായിരുന്നു പണിക്കരുടേത്. അനിവാര്യമായ ഘട്ടത്തില്‍ കായികവും ഐഹികവുമായ പ്രതിരോധത്തിലൂടെ അധീശത്വത്തെ ചെറുക്കാമെന്നും അദ്ദേഹത്തിന്‍റെ അനന്യമായ മധ്യമാര്‍ഗം സൂചിപ്പിക്കുന്നു. കളരിയും എഴുത്തും ആയോധനവും ആയുര്‍വേദവും വൈദ്യവും വാധ്യായ്മയും ജോല്‍സ്യവും കളിയോഗവും കഥകളിയുമെല്ലാം ഇത്തരത്തില്‍ മനുഷ്യോപകാരപരമായും മനുഷ്യന്‍ നന്നാകാനുമായാണ് അദ്ദേഹം ഉപയോഗിച്ചത്. നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള സമരത്തിലെ നിര്‍ണായക സാംസ്കാരിക അടിത്തറകളായിരുന്നു ഇവയെല്ലാം.  മനുഷ്യന്‍ നന്നാകാന്‍ മതപരവും ധാര്‍മികവുമായ ഘടനകള്‍ കൂടി സാംസ്കാരികമായി ആവശ്യമാണെന്നുള്ള തിരിച്ചറിവാണ് അദ്ദേഹത്തിന്‍റെ അമ്പലപ്രതിഷ്ഠയിലും വായനശാലയിലും രാപ്പള്ളിക്കൂടത്തിലും മറ്റും കാണുന്നത്. ഭാവിയുടെ ജനായത്ത സമരങ്ങളിലും പ്രക്ഷോഭങ്ങളിലും ലോകമെമ്പാടുമുള്ള ബഹുജനങ്ങള്‍ക്കും ജനനേതാക്കള്‍ക്കും ഒരു ധീരമാതൃകയും പ്രചോദനവുമാകും ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അതുപോലെ കേരള നവോഥാന സാസ്കാരിക വിപ്ലവങ്ങളെ കുറിച്ചുള്ള ഏതു പഠനങ്ങളുടേയും ആധാരവുമാകും ആറാട്ടുപുഴ.

ആറാട്ടുപുഴയെ കുറിച്ചുള്ള ദലിത് ബന്ധുവിന്‍റെ പഠനം തികച്ചും കാലികവും വര്‍ത്തമാന പ്രസക്തവും ഭാവിയിലേക്കുള്ള ജനായത്ത പോരാട്ടങ്ങളുടെ അടിത്തറ പാകുന്നതുമാണ്. പൊയ്കയുടെ പാട്ടുകളുടെ അച്ചടിയെ മലയാള അധീശത്വം ഏതാണ്ടൊരു നൂറ്റാണ്ടോളം തടഞ്ഞതു പോലെ, ആശാനെ ആദര്‍ശ മാതൃകയാക്കി സഹോദരന്‍റെ നവബൗദ്ധ വാങ്മയത്തെ തമസ്കരിച്ച പോലെ,  ആറാട്ടുപുഴയെ കുറിച്ചുള്ള വിമര്‍ശ വിജ്ഞാനീയവും ജീവചരിത്ര വസ്തുതകളുടെ പാഠവല്‍ക്കരണവും ഗവേഷണ പഠനങ്ങളും ഏതാണ്ട് ഒന്നര നൂറ്റാണ്ടോളം കേരളത്തില്‍ ലഭ്യമല്ലായിരുന്നു. പരിമിതമായ ചില ചെറുപുസ്തകങ്ങളിലൂടെയും വാമൊഴി വഴക്കങ്ങളിലൂടെയും പാട്ടുകളിലൂടെയും മറ്റുമാണ് ജനമനസുകളില്‍ അദ്ദേഹത്തിന്‍റെ ഓര്‍മയും ഒച്ചയും ചെറുത്തുനില്‍പ്പും നിലനിന്നത്. ഇന്ന് ദലിത് ബന്ധുവിന്‍റെ പഠനവും ഇംഗ്ലീഷിലുള്ള നോവലുമടക്കം പുത്തനാഖ്യാനങ്ങള്‍ കേരളത്തിന്‍റെ പ്രബുദ്ധ സംസ്കാരത്തെ പ്രതിരോധിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ ജാതിവിരുദ്ധ പോരാളിയായ ഈ അനശ്വര നവോത്ഥാന കര്‍തൃത്വത്തെ കുറിച്ച് ഉയര്‍ന്നു വന്നിരിക്കുന്നു. ശ്രീജിത് വടകരയടക്കം നിരവധി ഡോക്യുമെന്‍ററി നിര്‍മാതാക്കള്‍ ആറാട്ടുപുഴയുടെ ജീവിതത്തേയും കാലത്തേയും കുറിച്ച് ഗവേഷണാത്മകമായ ചലച്ചിത്രങ്ങള്‍ തന്നെ എടുത്തു വരുന്നു. ജാതിയേയും ബ്രാഹ്മണ്യത്തേയും അതിന്‍റെ പൗരോഹിത്യ-പടയാളി സഖ്യത്തേയും ചെറുത്തു കൊണ്ട് നീതിക്കും മാനവികതയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും സാംസ്കാരിക സ്വാതന്ത്ര്യത്തിനും വേണ്ടി വേലായുധച്ചേകവര്‍ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളെ കൂടുതല്‍ വിശദമായും സൂക്ഷ്മമായും കാലികമായും രേഖപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പതുരചനകളെ ഈ പുസ്തകം പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. ഗ്രന്ഥകാരനായ ദലിത് ബന്ധുവിനും പ്രസാധകനായ കോട്ടയത്തെ ശ്രീ.സുരേഷ് മണിപ്പുഴയ്ക്കും പ്രത്യേകം അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും.

 

കാലടി സംസ്കൃത സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖകൻ.

Top