മണിയൊച്ചയുടെ ഒളിയലകൾ: ബെൽ ഹുക്സിന്റെ കാരുണികമായ വിമർശ സിദ്ധാന്തവും ജീവിതവും
കേരളത്തിന്‍റേയും ഇൻഡ്യയുടേയും അധിനിവേശാനന്തര ലോകങ്ങളിലേയും തുല്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കുമായി പോരാടുന്ന സാമൂഹ്യ വിഭാഗങ്ങള്‍ക്കും എഴുത്തുകാര്‍ക്കു പൊതുവേയും വിപുലമായ വിദ്യാഭ്യാസവും വിമോചനദര്‍ശനവും പാരായണവും പ്രയോഗവുമാണ് ബെൽ ഹുക്സ് തുറന്നിടുന്നത്. അജയ് ശേഖർ എഴുതുന്നു.
“അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം “
-നാരായണഗുരു
മഹാകരുണയും മൈത്രിയുമാണ് നീതിബോധമുള്ള ജിവിതത്തെ സാധ്യമാക്കുന്നതും നൈതികതയെ ജീവിത സംസ്കാരമാക്കുന്നതും. തന്നെപോലെ അയലത്തേയും പ്രപഞ്ചത്തേയും സമഭാവനയിലൂടെ കാണുകയും സംരക്ഷിക്കയും ചെയ്യുന്ന പ്രേമപാതയാണത്. സമതയും കരുണയും നീതിബോധത്തിലേക്കു നയിക്കുന്നു. നൈതിക വിചിന്തനമാണ് അനീതിയെയും അസത്യത്തേയും തിരിച്ചറിയുകയും ചെറുക്കുകയും ചെയ്യുന്ന വിമർശാവബോധത്തിലേക്കു നയിക്കുന്നത്. സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും കാണണമെന്ന ബുദ്ധവചനം ഓർക്കാവുന്നതാണ്. കാരുണികവും മാനവികവുമല്ലാത്ത യാന്ത്രിക യുക്ത്യാഭാസങ്ങളും കേവല ഭൌതിക വാദങ്ങളും ലോകയാഥാർഥ്യത്തെ തൊടുന്നില്ല. അധീശപരമായ നിരന്തര അസത്യ പ്രചാരണത്തിലൂടെ നീതിയെയും സത്യത്തേയും അവ നിരന്തരം അട്ടിമറിക്കുന്നു. നീതിക്കും സത്യത്തിനും വേണ്ടിയുള്ള ദാഹം തന്നെയാണ് സ്വാതന്ത്ര്യ സ്നേഹ സഹഭാവങ്ങൾ.
സഹജീവി സ്നേഹമുള്ള അരുളുള്ളവരാണു ജീവികളെന്ന് കേരള കവിതയെ നീതിവൽക്കരിച്ചാധുനികമാക്കിയ ഗുരു തന്നെ എഴുതി. അതിനെ വിപുലീകരിച്ചു കൊണ്ട് മൂലൂരും കറുപ്പനും സഹോദരനും കേരള കവിതയെ തന്നെ സാഹോദര്യ പുതുപാതയാക്കി നീതിമത്താക്കി. സ്വാതന്ത്ര്യത്തേക്കുറിച്ചും സ്നേഹത്തെ കുറിച്ചും പാടാത്തവര്‍ കേരള കവികളിൽ കുറയും. സമകാലിക സംസ്കാര വിമര്‍ശകയായ ബെൽ ഹുക്സ് എഴുതുന്നതും സ്നേഹമെന്ന സ്വാതന്ത്ര്യ പ്രയോഗത്തെ കുറിച്ചാണ്. ആഫ്രിക്കനമേരിക്കന്‍ സംസ്കാര സന്ദര്‍ഭത്തിൽ നിന്നും ശക്തവും വിമോചനാത്മകവുമായ സാമൂഹ്യ രാഷ്ട്രീയ വിമര്‍ശമാണ് ഈ വനിത നടത്തുന്നത്. പാശ്ചാത്യ ലോകത്തെയെന്നല്ല ലോകമെമ്പാടുമുള്ള കീഴാള സ്ത്രീ പ്രസ്ഥാനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും പ്രചോദനവും മാതൃകയും പ്രയോഗരീതികളും വിമര്‍ശവീക്ഷണവും തത്വദീക്ഷയും പകരുന്നതാണ് ബെല്ലിന്‍റെ എഴുത്ത്.
ജനപ്രിയ സംസ്കാരത്തേയും ബഹുജന സംസ്കാരത്തേയും പെണ്ണുങ്ങളുടേയും പിന്നണിക്കാരുടേയും ഉരിയാട്ടങ്ങളേയും പെരുമാറ്റങ്ങളേയും വിപുലമായി സംബോധന ചെയ്യുകയും ഉള്‍ക്കൊള്ളുകയും വിമര്‍ശ ജാഗ്രതയോടെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന രചനകളാണ് അവരുടേത്. ജനപ്രിയ സംഗീതവും, സിനിമയും ഫാഷനും മുതൽ ഭക്ഷണവും ചിന്തയും ചരിത്രവും ലൈംഗികതയും വരെ അവരുടെ രചനകളിൽ കടന്നുവരുന്നു. മാര്‍ട്ടിന്‍ ലൂതറിലൂടെ അനശ്വരമായ പൗരാവകാശ പ്രക്ഷോഭത്തിന്‍റെ വര്‍ത്തമാന തുടര്‍ച്ചയും വികാസവുമാണ് ബെല്ലിന്‍റെ നവവാങ്മയം. ഫിലിസ് വീറ്റ്ലി എന്ന അടിമപ്പെണ്ണിൽ തുടങ്ങുന്ന കറുത്ത പെണ്മയുടെ കലാകലാപവും ബെല്ലിൽ സന്നിഹിതമാണ്. മാൽക്കം എക്സ് മുതൽ സ്പൈക്ക് ലീയും ഫിഫ്റ്റി സെന്‍റും എയ്ക്കോണും വരെ അവരുടെ വിമര്‍ശ വീക്ഷണങ്ങള്‍ക്കു വിധേയരാണ്. സ്നൂപ് ഡോഗിയും ബെയോണ്‍സും ബെല്ലിന്‍റെ നൈതിക ലാവണ്യ സമീക്ഷയിൽ സംതുലിതമായ ഇടം കൊള്ളുന്നു. സിദ്ധാന്തവും ജീവിതവും സമഗ്രമായി കലരുന്ന സാഹിതീയ സമീക്ഷയാണ് അവരുടെ വിമര്‍ശവിചാരവും പ്രയോഗവും. അതു കാലികവും ഭാവിയേക്കരുതുന്നതുമായ മാനവികതയുടേയും സ്നേഹത്തിന്‍റേയും സ്വാതന്ത്ര്യപ്രയോഗം തന്നെ.
വെളുത്ത വനിതാവാദക്കാരേയും ശ്വേതവരേണ്യ ആണ്‍കോയ്മയേയും കറുത്ത പുരുഷാധിപത്യത്തിന്‍റെ മധ്യവര്‍ഗ കോയ്മകളേയും വിമര്‍ശ വായനയ്ക്കു വിധേയമാക്കുന്ന ബഹുസ്വരവും സങ്കലിതവുമായ ദര്‍ശനവും രീതിശാസ്ത്രവുമാണ് ബെൽ. കേരളത്തിലേയും ഇന്ത്യന്‍ ഭാഷകളിൽ പൊതുവേയുമുള്ള ദലിത് പെണ്ണെഴുത്തിന്‍റെ ഉദയം ആഫ്രിക്കനമേരിക്കന്‍ എഴുത്തുകാരികളായ മോറിസണ്‍, വാക്കര്‍, ഏഞ്ചലോ, ഹുക്സ് എന്നിവരുടെ സവിശേഷമായ പെണ്‍ഗദ്യവുമായി കലര്‍ന്നു കിടക്കുന്നു. അമ്മമാരുടെ തോപ്പുകള്‍ തേടി എന്ന രചനയിൽ ആലീസ് വാക്കര്‍ പറയുന്നതു പോലെ സര്‍ഗാത്മകതയുടേയും വിമര്‍ശ ബോധത്തിന്‍റേയും നൈതികമായ പുനര്‍ നിര്‍മിതിയുടേയും വിപുലവും സഹജവും ജൈവവുമായ പെരിയ ലോകങ്ങളാണ് ബെല്ലിന്‍റെ സൗമ്യവും സ്ഥായിയുമായ വിമര്‍ശ രചനകള്‍ തുറന്നു തരുന്നത്. വാക്കറിന്‍റെ നോവലുകളിലും ഉപന്യാസങ്ങളിലും നിറയുന്ന ആത്മകഥനമാണ് മറ്റൊരു പ്രത്യേകത. വിമര്‍ശചിന്തയും കര്‍തൃത്വാനുഭവപരതയും സംതുലിതമായി സംഗമിക്കുകയാണ് വുമണിസ്റ്റുകളുടെ എഴുത്തിൽ. വാക്കര്‍ തന്നെ പറയുന്ന പോലെ ഫെമിനിസവും വുമണിസവും അദമ്യമായി അത്രമേലാഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. പാടലവര്‍ണവും കരിനീലയും പോലെ അവയെ വേര്‍തിരിക്കാന്‍ കാവ്യാനുശീലനവും രുചിസൂക്ഷ്മതയുമുള്ള സഹൃദയര്‍ക്കേ കഴിയൂ.
ശരണ്‍കുമാര്‍ ലിംബാലേ ദലിത് സാഹിത്യത്തെ ആഫ്രിക്കനമേരിക്കന്‍ സാഹിത്യവുമായി താരതമ്യം ചെയ്തിട്ടുണ്ട്. അംബേദ്കര്‍ തന്‍റെ രണ്ടാമത്തെ ഡോക്ടറേറ്റ് ബിരുദത്തിനായി വായിച്ച കൊളമ്പിയ സര്‍വകലാശാല ഹാര്‍ലം നവോത്ഥാനത്തിന്‍റെ ഈറ്റില്ലമായ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനു വളരെ അടുത്തായിരുന്നു. തന്‍റെ ജനായത്ത സങ്കൽപം ഇൻഡ്യയിലെ നൈതികവും ജാതിവിരുദ്ധവുമായ ബഹുജനഹിതത്തിലേക്കുള്ള ബൗദ്ധപാരമ്പര്യത്തിൽ നിന്നും പാശ്ചാത്യ ജനായത്ത പാരമ്പര്യത്തിൽ നിന്നും ഹാര്‍ലം നവോത്ഥാനത്തിൽ നിന്നുമാണ് അദ്ദേഹം ഉള്‍ക്കൊണ്ടത് എന്നു പുതിയ വായനകളും വ്യാഖ്യാനങ്ങളും ഇന്നു വിശദീകരിക്കുന്നു.
കേരളത്തിന്‍റേയും ഇൻഡ്യയുടേയും അധിനിവേശാനന്തര ലോകങ്ങളിലേയും തുല്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കുമായി പോരാടുന്ന സാമൂഹ്യ വിഭാഗങ്ങള്‍ക്കും എഴുത്തുകാര്‍ക്കു പൊതുവേയും വിപുലമായ വിദ്യാഭ്യാസവും വിമോചനദര്‍ശനവും പാരായണവും പ്രയോഗവുമാണ് ബെൽ തുറന്നിടുന്നത്. അമേരിക്കയിൽ മാധ്യമങ്ങളും ബഹുജനങ്ങളും ഏറെ ഉറ്റുനോക്കുന്ന സംസ്കാര നിരീക്ഷകയും വിമര്‍ശകയും അധ്യാപികയും ബഹുജന വിദ്യാഭ്യാസ പ്രവര്‍ത്തകയും കൂടിയാണ് കറുത്ത പെണ്ണെഴുത്തിന്‍റെ ഈ ചെറുശബ്ദം. സ്നേഹവും അനുകമ്പയും മൈത്രിയും കരുണയും ജ്ഞാനവും നീതിബോധവും അകവും പുറവും തിങ്ങുന്നതാണ് നവബൗദ്ധയായ ബെല്ലിന്‍റെ ഹൃദയാവര്‍ജകമായ ധര്‍മശാസനകള്‍. കറുത്തവളും അമരിന്ത്യനും ചീനയും എല്ലാമായ വിപുലവും വൈവിധ്യം നിറയുന്നതുമായ മിശ്ര സംസ്കാര സ്വത്വമാണ് ബെല്ലിന്‍റെ ഭൗമീകവും ജൈവീകവുമായ സമ്മിശ്രത. സ്വത്വം തന്നെ ബഹുലവും മിശ്രവും അനന്തവുമാണെന്ന് അവരുടെ ജീവിതവും രചനകളും വെളിപ്പെടുത്തുന്നു.
ഇൻഡ്യയിലും കേരളത്തിലും നവയാനത്തിന്‍റെ പുതിയ ദലിതബഹുജന വ്യവഹാരങ്ങള്‍ ചെറു കര്‍തൃത്വ രൂപീകരണങ്ങളായി വികസിക്കുന്ന സന്ദര്‍ഭത്തിൽ, ദലിത് സാഹിത്യവും സംസ്കാര രാഷ്ട്രീയവും ദലിത് പെണ്ണെഴുത്തും ന്യൂനവിഷയികളുടെ മനുഷ്യാവകാശ പോരാട്ടങ്ങളും ദൃശ്യതയും ഭാഷണവും തേടുന്ന സന്ദര്‍ഭത്തിൽ, യൂറോപ്പിലെ തൊട്ടുകൂടാത്തവരായ റോമകള്‍ ഭീമയാനത്തെ പുൽകുമ്പോള്‍, ബെല്ലിന്‍റെ പുതിയ പെണ്‍യാനം കേരളത്തിലേക്കു കടന്നു വരുന്നത് തികച്ചും അഭിലഷണീയമാകുന്നു. പുതിയ ഭാവുകത്വവും സൂക്ഷ്മരാഷ്ട്രീയവും ലിംഗബോധവും ഭിന്നലൈംഗികതയും നൈതികതയും സര്‍ഗാത്മകതയും വിമര്‍ശബോധവും ജനായത്തവും ബഹുസ്വരവും ചെറുതുമായ ബെൽ വ്യവഹാരത്തെ വിമോചനാത്മകമാക്കുന്നു. ദമനാത്മകമായ ഹിംസയേയും അപരഭയത്തേയും സംസ്കാര വരേണ്യതയേയും ഹിംസാത്മകമായ സൈനിക സായുധ സവര്‍ണ ദേശീയതയേയും ചെറുക്കുന്നതിൽ ഈ ചെറു വിമോചന യാനം അതിന്‍റേതായ വലിയ പങ്കുവഹിക്കുമെന്നു പ്രതീക്ഷിക്കാം. കറുത്ത പെണ്ണെഴുത്തിന്‍റെ അനന്യമായ വിമര്‍ശ വിചിന്തനങ്ങളും സൈദ്ധാന്തിക നോക്കുപാടുകളുമാണ് ബെൽ ഹുക്സ് നമുക്കു നൽകുന്നത്.
ബെൽ ഹുക്സ് പുത്തകസൂചി:
hooks, bell. 1981. Ain’t I a Woman: Black Women and Feminism. Boston: South End Press.
—. 1992. Black Looks: Race and Representation. Boston: South End Press.
—. 1994. Outlaw Culture: Resisting Representation. London: Routledge.
—. 1990. Yearning, Race, Gender and Cultural Politics. Boston: South End Press.
—. 1991. and Cornel West. Breaking Bread: Insurgent Black Intellectual Life. New York: Picador.
—. 2016. Snehamenna Swatantrya Prayogam. Translated by Ajay Sekher, P J Benoy and Jaime Chithra. Patanamtitta: Prasakti.
(2016 ൽ മലയാളം റിസേർച്ച് ജേണലിൽ വന്ന ആഫ്രിക്കനമേരിക്കൻ വിമർശ സിദ്ധാന്ത ഭൂമികയെ കുറിച്ചുള്ള പഠനത്തിൽ നിന്നുള്ള ഏതാനും ഭാഗങ്ങളിവിടെ ഉപയോഗിച്ചിരിക്കുന്നു.)