കാറ്റു പോലും വീശാൻ പാടില്ലാത്ത ചിത്രലേഖയുടെ ഭൂമികൾ

ചിത്രലേഖയുടെ ചെറുത്തുനിൽപ്പ് പുറംലോകം അറിയുന്നതിന് മുൻപേ തന്നെ അവർ പ്രതിരോധിച്ചു തുടങ്ങിയിരുന്നു. രാജ്യത്തെ എല്ലായിടത്തെയും പോലെ തന്നെ എടാട്ട് എന്ന ജാതീയ ഗ്രാമത്തിൽ ജനിച്ചു വളർന്നതുകൊണ്ട് തന്നെ തന്റെ നിലനിൽപ്പിനെ നിർവചിക്കുന്ന തരത്തിലുള്ള ചിന്തയും പ്രവർത്തികളും അവർ പിന്നീട് സ്വായത്തമാക്കുകയായിരുന്നു. ദലിത് സ്ത്രീയുടെ പ്രതിരോധത്തിന്റെ അതിശക്തമായ ഭാവമാണവർ. ഇൻഡ്യയിൽ ഇന്നും ജീവിതത്തെ നിയന്ത്രിക്കുന്ന കാലഹരണപ്പെട്ട ജാതി വ്യവസ്ഥക്കെതിരെയുള്ള സമരത്തിന്റെ ഒരു ഏട് കൂടിയാണ് അവരുടെ ജീവിതം. ഡോ.കാർമൽ ക്രിസ്റ്റി എഴുതുന്നു.

കണ്ണൂർ ജില്ലയിലെ എടാട്ട് ഗ്രാമത്തിലൂടെയുള്ള ചിത്രലേഖയുടെ കൊച്ചു വീട്ടിലേക്ക് എത്തുമ്പോഴേക്കും വഴി ഇടുങ്ങി ഇല്ലാതാകും. ചിത്രലേഖയുടെ വീടുകഴിഞ്ഞാൽ അതിനപ്പുറത്തേക്ക് വീടുകളോ വഴിയോ ഇല്ല. രാജ്യത്തെ മിക്ക ഗ്രാമങ്ങളിലെ വഴികളും അവസാനിക്കുന്നത് ദലിത് വീടുകൾക്ക് മുന്നിലാണ്. ഉയർന്ന ജാതിക്കാർ ദലിതരുടെ മുന്നിലൂടെ കടന്നുപോകാനുള്ള സാധ്യത ഇല്ലാതാക്കി കൊണ്ടാണ് പല ഗ്രാമങ്ങളിലും വീടുകൾ രൂപകൽപന ചെയ്തിട്ടുള്ളത്. ഒരു ജനതയെ തീർത്തും പരിസ്ഥിതിയിൽ നിന്നും ഭൂമിശാസ്ത്രപരമായി അവരവൽക്കരിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ നിർമിതികൾ എന്നോർക്കണം. ദലിത് വീടുകളിൽ നിന്നും തങ്ങളിലേക്ക് കാറ്റു പോലും വീശിയടിക്കാതിരിക്കാൻ പാകത്തിലാണ് ഈ നിർമിതികൾ. ദലിതരിലൂടെ വീശിയടിക്കുന്ന കാറ്റ് ഉന്നതരിലെത്തുമ്പോൾ മലിനമാകാതിരിക്കാൻ വേണ്ടിയാണത്രേ ഇങ്ങനെ അടച്ചു കെട്ടുന്നത്. ഭൗതികവും സാംസ്കാരികവുമായ വിഭവങ്ങളുടെ ഉപയോഗം മാത്രമല്ല,, പ്രകൃതി പോലും സ്വച്ഛമായി ഉപയോഗിക്കാൻ അനുവദിക്കാത്ത രീതിയിലാണ് ജാതി വിവേചനത്തിന്റെ വേരുകൾ നട്ടുപിടിപ്പിച്ചിട്ടുള്ളത് .

ഇങ്ങനെ പ്രകൃതിയെപ്പോലും ജാതി വ്യവസ്ഥക്ക് അനുസൃതമായി നിയന്ത്രിക്കുന്ന ഒരു പരിസ്ഥിതിയിൽ നിന്നാണ് പൊതു ഇടത്തിൽ ഓട്ടോ ഓടിക്കാൻ ഇറങ്ങിയ ചിത്രലേഖ എന്ന ദലിത് സ്ത്രീയെ നിങ്ങൾക്ക് കാണാനാവുന്നത്. പൊതുനിരത്തിലേക്കുള്ള ഈ ദലിത് സ്ത്രീയുടെ രംഗപ്രവേശനം ഉന്നത ജാതിയിൽപെട്ടവരെ ചൊടിപ്പിച്ചു. നൂറ്റാണ്ടു മുമ്പ് അയ്യങ്കാളിയെപ്പോലുള്ളവർ നിരന്തരമായി സമരം ചെയ്തതിന്റെ ഫലമായിട്ടാണ് കേരളത്തിലെ പൊതു ഇടങ്ങളിൽ ദലിതർക്ക് പ്രവേശനം അനുവദിച്ചത്. പൊതു നിരത്തുകൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും തൊഴിലെടുക്കാൻ ജാതി-മത-ലിംഗഭേദമന്യേ സാധ്യമാണെന്ന വാദം ഉന്നയിക്കുമ്പോൾ എങ്ങനെയാണ് ഒരാൾക്ക് ചിത്രലേഖക്ക് എതിരെ നടന്ന അക്രമണങ്ങളെ ന്യായീകരിക്കാന്‍ കഴിയുന്നത്.

പൊതുനിരത്തിൽ ഓട്ടോ ഓടിക്കാനുള്ള ചിത്രയുടെ ശ്രമത്തെ അടിച്ചമർത്താൻ തുനിഞ്ഞത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി സംഘടനനയായ സിഐടിയുവിൽ അംഗങ്ങളായ ഓട്ടോ തൊഴിലാളികളായിരുന്നു. യൂനിയന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ല എന്ന് ആരോപിച്ചു കൊണ്ടായിരുന്നു അതിക്രമങ്ങൾ ഒക്കെയും. ചിത്രലേഖയെക്കാള്‍ ജാതിയില്‍ ഉയര്‍ന്നവരായ പിന്നോക്ക സമുദായത്തില്‍ പെട്ടവരായിരുന്നു അവര്‍.

സ്വയംപര്യാപ്തത നേടാനുള്ള ചിത്രലേഖയുടെ പരിശ്രമത്തെ യൂണിയൻ അംഗീകരിച്ചിരുന്നില്ല. പകരം നിലവിലെ ജാതി വ്യവസ്ഥയെയും ആൺക്കോയ്മയെയും തകർക്കാനുള്ള ഒരു ദലിത് സ്ത്രീയുടെ ഇടപെടലായിട്ടാണ് അവർ ഇതിനെ കണ്ടിരുന്നത്. ആയതുകൊണ്ട് തന്നെ തന്റേതായ ഇടം ഉറപ്പിക്കാൻ ചിത്രലേഖക്ക് അത്യന്തം പണിപ്പെടേണ്ടി വന്നു.

ഇടതു രാഷ്ട്രീയവും ദലിത് സ്ത്രീ വ്യവഹാരങ്ങളും

ജാതി വിവേചനത്തിന്റെ പിത്യത്വം ഇടതുപക്ഷം ഏറ്റെടുത്തതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ചിത്രലേഖ സംഭവം. ഇടതു പാർട്ടി യൂണിയൻ അവരെ ശാരീരികമായി ആക്രമിക്കുക മാത്രമല്ല അവരുടെ ഓട്ടോ നശിപ്പിക്കുകയും അവർക്കെതിരെ വംശീയ അധിക്ഷേപം നടത്തുകയും അവർ സ്വഭാവദൂഷ്യം ഉള്ളവളാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ശ്രീകാന്ത് എന്ന തിയ്യ വിഭാഗത്തിൽ പെട്ടയാളുമായുള്ള അവരുടെ രണ്ടാം വിവാഹം ഇടതുപക്ഷ തൊഴിലാളി യൂണിയനിലെ സദാചാര ഗുണ്ടകളെ പ്രകോപിപ്പിച്ചു. ഒരേ  ജാതിക്കുള്ളില്‍ നടക്കുന്ന വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി ജാതി വ്യവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും. അതുകൊണ്ടാണ് ഇതര ജാതിയില്‍ നിന്നുള്ള വിവാഹങ്ങളെ ജാതി വ്യവസ്ഥക്ക് പുറത്തു കടക്കാനുള്ള മാര്‍ഗമായി അംബേഡ്കർ ചൂണ്ടിക്കാണിച്ചത്. ചിത്രലേഖ വിഷയത്തില്‍ ജാതി വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്ന കാവലാളായിട്ടാണ് ഇടതുപക്ഷം വര്‍ത്തിച്ചത്.

ചിത്രലേഖ

ജാതി വ്യവസ്ഥക്ക് അപ്പുറത്തെ അവരുടെ സ്വതന്ത്ര ചിന്താഗതിയെ ഒരു ഭീഷണിയായിട്ടാണ് യൂണിയൻ കണ്ടിരുന്നത്. അതുകൊണ്ടു തന്നെ ചിത്രലേഖയെയും കുടുംബത്തെയും തകർക്കാൻ യൂണിയൻ കഴിവിന്റെ പരമാവധി ഉപയോഗിച്ചു. ചിത്രലേഖയും ഭർത്താവും മാത്രമല്ല അവരുടെ മകളും ആക്രമിക്കപ്പെട്ടു. ശരീരികമായി ഉപദ്രവിക്കുകയും അവർക്കെതിരെ കുപ്രചരണങ്ങൾ അഴിച്ചുവിടുകയും അവരുടെ സദാചാര ബോധത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ഒരു ദലിത് സ്ത്രിയെ വേശ്യയായി മുദ്രകുത്തുക എന്നത് പഴയ കാലത്ത് ഭൂവുടമകൾ കീഴാളരുടെ മേൽ ലൈംഗികാധിപത്യം സ്ഥാപിക്കാൻ വേണ്ടി അവലംബിച്ചിരുന്ന നീചമായ തന്ത്രമായിരുന്നു. പഴയ കാലത്ത് ദലിത് സ്ത്രീക്ക് തെരെഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യംമില്ലായിരുന്നു. ബലപ്രയോഗമായിരുന്നു നാട്ടുനടപ്പ്. ദലിത്‌ സ്ത്രീ സ്വത്വത്തിനു വിലകൽപിക്കാത്ത ചരിത്രപരമായ ഈ നിർമിതിയെയാണ് ചിത്രലേഖയുടെ കാര്യത്തിലും ഇടതുപക്ഷം ഉപയോഗിച്ചത്. 

ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് നയങ്ങളുടെ ഭാഗമായി ഓരോ പ്രദേശത്തെയും ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തുകയും അത് ഉയർന്ന ജാതിക്കാർക്ക് ദലിതരുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ആധികാരികതയായി അവർ മുതലെടുക്കുകയും ചെയ്തു. ജാതി അധിഷ്ഠിതമായ ഈ ആൺക്കോയ്മ സമൂഹത്തിൽ എത്രമാത്രം അസഹിഷ്ണുത ഉണ്ടാക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് അംഗബലം കൊണ്ടും ജാതി ആനുകൂല്യം കൊണ്ടും ശക്തരായ സിഐടിയു അംഗങ്ങൾ ചിത്രലേഖക്കെതിരെ നടത്തിയ പീഡനങ്ങൾ.

ആള്‍കൂട്ട വിചാരണയുടെ സ്വഭാവമാണ് ഇവര്‍ക്കെതിരെ തിരിഞ്ഞ ആണുങ്ങളില്‍ പ്രകടമായത്. സ്ത്രീകളായ യാത്രക്കാർ സ്ഥിരം അവലംബിച്ചിരുന്ന രീതികളെല്ലാം ചിത്രലേഖയുടെ വരവോടെ മാറിമറിഞ്ഞു. ഓട്ടോ സ്റ്റാൻഡിലെ ഏക വനിത തൊഴിലാളിയായതിനാൽ സ്ത്രീകൾ അവരെ ഫോണിൽ വിളിച്ചു വരാൻ ആവശ്യപ്പെടുന്നതും മറ്റു തൊഴിലാളികളെ ചൊടിപ്പിച്ചു. ജോലിയിലുള്ള ചിത്രലേഖയുടെ ആത്മാർഥതയും തൊഴിലാളികൾ ഭീഷണിയായി കണ്ടു. തൊഴിലിടത്തെ കടുത്ത മത്സരത്തിന് പുറമെ യൂണിയന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് ചിത്രലേഖ എല്ലാ ജാതിയിലെ സ്ത്രീകൾക്കും പ്രിയപ്പെട്ട ഓട്ടോക്കാരി ആയതും അവർക്കെതിരെയുള്ള അക്രമം വർധിക്കാൻ കാരണമായി.

ഇത്തരം സന്ദർഭങ്ങളിൽ ദലിതരെയും സ്ത്രീകളെയും അടിച്ചമർത്താൻ സാധാരണയായി സിപിഎം ജാതി അധിഷ്ഠിത അഭ്യാസങ്ങൾ പുറത്തെടുക്കുകയാണ് പതിവ്. ഈ അടുത്തായി പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ജാമിഅ മില്ലിയയിലെ സമരത്തിന് നേതൃത്വം നൽകിയ അയിഷ റെന്ന എന്ന പെൺകുട്ടിയുടെ നിലപാടുകളോട് സിപിഎം അണികൾ കാണിച്ച അസഹിഷ്ണുത ഇത്തരം ഏതാനുംഉദാഹരണങ്ങിൽ ഒന്നു മാത്രമാണ്. ദലിതരും ന്യൂനപക്ഷങ്ങളും ഹിന്ദു ദേശീയവാദികളാൽ ആക്രമിക്കപ്പെടുന്ന ഈ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തു നിന്ന് നിലപാടുകള്‍ പ്രതീക്ഷിക്കാനില്ല എന്നതാണ് ഇതില്‍ നിന്നും മനസിലാകുന്നത്‌.

ഉദാരതക്കുള്ളിലെ ജാതീയത

വടക്കേ മലബാറുകാരുടെ മഹാമനസ്ക്കതയെക്കുറിച്ചുള്ള കെട്ടുകഥകൾക്ക് പിന്നാമ്പുറം എടാട്ട് പോലുള്ള ഗ്രാമങ്ങളെ അടക്കി ഭരിക്കുന്നത് ജാതിയതധിഷ്ഠിതമായി ക്രമപ്പെടുത്തിയ ആചാരങ്ങളാണ് എന്നതാണ് വസ്തുത. കുട്ടിക്കാലത്തെ ഇത്തരം അനവധി ദുരനുഭവങ്ങൾ ചിത്രലേഖ ഓർത്തെടുക്കുന്നുണ്ട്. ഈ തൊട്ടുകൂടായ്മയുടെ വിവിധ രൂപങ്ങൾ മാനഹാനി മുതൽ കുടിവെള്ള നിഷേധം വരെ എത്തിനിൽക്കുന്നു. അയൽപക്കത്തെ കിണറുകളിൽ നിന്നും വെള്ളം എടുക്കാൻ എളുപ്പമല്ലായിരുന്നു. ചിത്രലേഖയുടെ ഒരു അയൽക്കാരി ഇതിനെപ്പറ്റി പറഞ്ഞത് ‘ഞങ്ങൾ തന്നെയാണ് അവർക്കു വെള്ളമെടുത്തു കൊടുക്കുന്നത്’ എന്നായിരുന്നു. ഈ അയൽക്കാരിയും ചിത്രലേഖയെ ആക്രമിച്ച ഓട്ടോ ഡ്രൈവർമാരുടെ ജാതിയിൽ പെട്ടവർ തന്നെയായിരുന്നു.

ദലിതരെ കിണറ്റിൽ നിന്നും നേരിട്ട് വെള്ളമെടുക്കാൻ അനുവദിക്കാറില്ല. ഇത്തരം വലിയ വീടുകളിലെ കിണറുകളിലെല്ലാം ദലിതരായ ഗാർഹിക തൊഴിലാളികൾക്ക് വെള്ളം എടുക്കാൻ പ്രത്യേകം കപ്പി വെക്കാറാണ് പതിവ്. പുറമെനിന്ന് നോക്കുന്നവർക്ക് ഇതൊരു ഉദാരതയാണെങ്കിൽ ഇതിനു പിറകിൽ തൊട്ടുകൂടായ്മയുടെ ഒത്തിരി കഥകൾ ഒളിഞ്ഞു കിടപ്പുണ്ട്.  മഹാമനസ്കതയുടെ പേരിൽ ഒളിച്ച് ചെയ്യുന്ന ഇത്തരം വിവേചനങ്ങൾ പുറത്തു കൊണ്ടുവരിക എന്നത് എളുപ്പമല്ല. ഉദാരതയുടെ ഈ മുഖമൂടിക്ക് പിന്നില്‍ ഒളിച്ചു ചെയ്യുന്ന ഇത്തരം ജാതി വിവേചനങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഒരു ഭാഷ രൂപപ്പെടുത്തേണ്ട ആവശ്യമുണ്ട്. അല്ലാത്ത പക്ഷം ജാതീയ അനുഭവങ്ങള്‍ക്ക് ഇരയാകുന്നവരുടെ കുറവുകളാണ് എന്ന തരത്തില്‍ നിരസിക്കാറാണ് പതിവ്. മലബാറിൽ സിപിഎമ്മിനുള്ള  സ്വാധീനം ദലിതരുടെ അനുഭവങ്ങളെ നിശബ്ദമാക്കുന്നതിനു ആക്കം കൂട്ടുന്നു.

ജാതി വിവേചനം പോലുള്ള അടിസ്ഥാന വിഷയങ്ങളെ അഭിമുഖീകരിക്കാതെ തൊഴിലാളി വര്‍ഗ പ്രത്യശാസ്ത്രത്തില്‍ അധിഷ്ഠിതമായ സമത്വ സിദ്ധാന്തനം സപിഎമ്മിനു ഒരു അലങ്കാരം മാത്രമാണ്. വടക്കേ മലബാറിലെ സിപിഎമ്മിനുള്ളിലെ ജാതീയതയ്ക്കെതിരെ ശബ്ദമുയർത്തിയ ദലിത് പ്രവർത്തകരിൽ പ്രധാനിയായിരുന്നു കല്ലേൻ പൊക്കുടൻ. അതുകൊണ്ടു തന്നെ അദ്ദേഹത്തിനും പാർട്ടിയുടെ കോപത്തിന് ഇരയാകേണ്ടി വന്നു. ചിത്രലേഖക്കെതിരെയുള്ള അക്രമങ്ങളിലും അദ്ദേഹത്തിന് ഉത്കണ്ഠ ഉണ്ടായിരുന്നു. കണ്ണൂരിലെ ഇടത് കേഡറിനെ എതിർക്കുക എന്നത് എത്ര പ്രയാസകരമായ കാര്യമാണ് എന്നത് അദ്ദേഹത്തിന് അറിയാമായിരുന്നു.

ചെറുത്തുനിൽപ്പിന്റെ പ്രതീകം

തന്റെ സമരത്തിൽ നിന്ന് പിന്നോട്ടു പോകാൻ ചിത്രലേഖ ഒരിക്കലും തയ്യാറായില്ല. മറിച്ച്‌, അവർ തന്റെ സമരവും ജീവിതവും മുന്നോട്ടു തന്നെ കൊണ്ടുപോയി. ഒരു ദലിത് സ്ത്രീ ആയതിന്റെ പേരിൽ താൻ ഒന്നിനും മുന്നിൽ തല കുനിക്കേണ്ടതില്ലെന്ന ബോധ്യം ചിത്രലേഖയ്ക്ക് എന്നുമുണ്ടായിരുന്നു. തനിക്കുള്ളിലെ സഹജമായ നീതിബോധവും രാഷ്ട്രീയ അവഗാഹവും ഏത് വിധേനയും തന്റെ അന്തസ്സ് നിലനിർത്താൻ വേണ്ടി പൊരുതാനുള്ള ധൈര്യം അവർക്കു നൽകി. പോരാട്ടത്തിനിടയിലെ കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് രണ്ടു മക്കളെയും അവർ വളർത്തി വലുതാക്കി. ആവുന്ന തരത്തിലെല്ലാം അവർ ജോലി ചെയ്തു. ചുറ്റുമുള്ളവരെ സ്നേഹിച്ചും പരിഗണിക്കും തനിക്കെതിരെ ഉയർന്നു വരുന്ന ആണധികാരങ്ങളെ അടിച്ചമർത്താൻ അവർ നിരന്തരം കലഹിച്ചു. ചെറുത്തുനിൽപ്പിന്റെ സാഹിത്യത്തെ വായിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ ചെറുത്തുനിൽക്കുക എന്നത് എത്ര പ്രയാസകരമാണെന്ന് അവരുടെ അവരുടെ ജീവചരിത്രം വായിച്ചാൽ ബോധ്യമാകും.

ചിത്രലേഖ ഒരിക്കലും പരിശീലനം നേടിയ ഒരു പ്രവർത്തകയല്ല. മറിച്ച് ജാതിയുടെയും വർഗത്തിന്റെയും പേരിൽ ഒരു കൂട്ടം ഒന്നടങ്കം തന്നെ ഉന്നം വെച്ചപ്പോൾ പൊരുതാൻ ഇറങ്ങി പുറപ്പെട്ടവളാണ്. കേരളത്തിലെ സംഘടിതമായ ഇടതുപക്ഷ ഭരണ വർഗത്തിൽ നിന്നുമാണ് ഈ അതിക്രമങ്ങൾ എന്നതൊന്നും അവരെ പിന്തിരിപ്പിച്ചില്ല. അവർക്ക് തന്റേതായ ഇടം ഉറപ്പിക്കാൻ പൊരുതേണ്ടി വന്നു. നിർഭാഗ്യവശാൽ തൊഴിലിടങ്ങളിൽ ദലിത് സ്ത്രീകളെ അടിച്ചമർത്തുന്നതും അന്യജാതിക്കാരെ പങ്കാളിയാക്കുന്നതു കൊണ്ട് ആക്രമിക്കപ്പെടുന്നതും രാജ്യത്തുടനീളം സാധാരണമാണ്. ചിലർ തിരിച്ചടിക്കുന്നു. ബൻവരി ദേവിയെപ്പോലുള്ളവർ ഉദാഹരണമാണ്. അവർ തൊഴിലിടത്തിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെടുകയും അവർ കേസുമായി മുന്നോട്ടു പോകുകയും ചെയ്തു. ഇത് പിന്നീട് തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തിന് എതിരെയുള്ള ചരിത്രപരമായ ‘വൈശാഖ മാർഗനിർദ്ദേശ രേഖ’ പിറവിയെടുക്കാൻ കാരണമാകുകയും ചെയ്തു. ചിലർ നിശബ്ദമായി പൊരുതുന്നു.

ചിത്രലേഖയുടെ ചെറുത്തുനിൽപ്പ് പുറംലോകം അറിയുന്നതിന് മുൻപേ തന്നെ അവർ പ്രതിരോധിച്ചു തുടങ്ങിയിരുന്നു. രാജ്യത്തെ എല്ലാ ഇടത്തെയും പോലെ തന്നെ എടാട്ട് എന്ന ജാതീയത നിലനിൽക്കുന്ന ഗ്രാമത്തിൽ ജനിച്ചു വളർന്നതുകൊണ്ട് തന്നെ തന്റെ നിലനിൽപ്പിനെ നിർവചിക്കുന്ന തരത്തിലുള്ള ചിന്തയും പ്രവർത്തികളും അവർ പിന്നീട് സ്വായത്തമാക്കുകയായിരുന്നു. ദലിത് സ്ത്രീയുടെ പ്രതിരോധത്തിന്റെ അതിശക്തമായ ഭാവമാണവർ. ഇൻഡ്യയിൽ ഇന്നും ജീവിതത്തെ നിയന്ത്രിക്കുന്ന കാലഹരണപ്പെട്ട ജാതി വ്യവസ്ഥക്കെതിരെയുള്ള സമരത്തിന്റെ ഒരു ഏട് കൂടിയാണ് അവരുടെ ജീവിതം.

ദലിത് സ്ത്രീയുടെ അന്തസ്സിനും നിലനിൽപ്പിനും വേണ്ടി ജാതീയതക്കും ആണധികാരത്തിനുമെതിരെ പോരാട്ടം നയിച്ചവൾ എന്ന രീതിയിൽ അവരുടെ ജീവിതം ആവർത്തിച്ചു പറയേണ്ടിയിരിക്കുന്നു. കണ്ണൂരിലെ ചതുപ്പ് നിലങ്ങളിൽ കണ്ടൽകാടുകൾ നട്ടുവളർത്തിക്കൊണ്ട് കല്ലേൻ പൊക്കുടന്‍ ചെറുത്തുനിൽപിന്റെ പാരിസ്ഥിതിക ഭാഷ വികസിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഏറെ ദൂരമില്ലാത്ത തന്റെ വീട്ടിലിരുന്നു ഒരു ദിവസത്തെ ഓട്ടത്തിന് ശേഷം തൊട്ടുകൂടായ്മയുടെ കനമില്ലാത്ത ഇളംകാറ്റ്  ആസ്വദിക്കാൻ പറ്റുന്ന ഒരു ദിനത്തിന് വേണ്ടി നിരന്തര സമരത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ചിത്രലേഖ.

കുറിപ്പ്: ഭൻവാരി ദേവി രാജസ്ഥാനിലെ ഒരു ഗ്രാമത്തിലുള്ള സാമൂഹിക പ്രവർത്തകയായിരുന്നു. ശൈശവ വിവാഹം തടയുന്നതിനുള്ള അവരുടെ ശ്രമങ്ങളിൽ രോഷാകുലരായ ഉയർന്ന ജാതിക്കാരായ പുരുഷന്മാർ ഭൻവാരിയെ 1992ൽ കൂട്ടബലാത്സംഗം ചെയ്തു. ജില്ലാ കോടതി ഉയർന്ന ജാതിയിലുള്ള പുരുഷന്മാർ കീഴ്ജാതിക്കാരിയായ അവരെ ബലാത്സംഗം ചെയ്യാനുള്ള സാധ്യതയില്ലെന്നു പറഞ്ഞു പ്രതികളെ വിട്ടയച്ചു. ഭൻവാരിയുടെ പോരാട്ടം ഇൻഡ്യയിലെ സ്ത്രീവാദ പ്രസ്ഥാനത്തിന് വലിയ ഉണർവ് നൽകി. അങ്ങനെയാണ് ജോലി സ്ഥലങ്ങളിലെ സുരക്ഷാ ഉറപ്പു വരുത്താനായുള്ള വിശാഖ രൂപരേഖയുടെ നിര്‍മാണത്തിന്‌ ഭൻവാരിയുടെ പോരാട്ടം പ്രചോദനമാകുന്നത്.

പരിഭാഷ: നജ്മുന്നിസ ചെമ്പയിൽ

ഗൂസ്ബറി ബുക്സ് പുറത്തിറക്കുന്ന KL13L 8527 ചിത്രലേഖയുടെ ചരിത്രം എന്ന പുസ്തകത്തിന്റെ അവതാരികയാണ് ഈ ലേഖനം. 

Top