ട്രാൻസ്: അപരഹിംസയുടെ മനോവ്യാപാരങ്ങൾ

പ്രത്യാശ എന്ന ഏറ്റവും ആകർഷകമായ മാനുഷിക അവസ്ഥയെത്തന്നെയാണ് ട്രാൻസും വിൽപ്പന ചരക്കാക്കുന്നത് എന്നതാണ് വിചിത്രം. പ്രത്യാശയിന്മേലുള്ള അടിസ്ഥാനപരമായ മാനുഷിക നിലനിൽപ്പിനെയാണ് ചിത്രം വെട്ടിയെറിയുന്നത്. പണ്ടെങ്ങോ മൃതിയടഞ്ഞുപോയ ഒരു ചിന്താപദ്ധതിയെ, തോറ്റുപോയ ഒരു ‘കഥ’യെ കുഴിമാന്തിയെടുത്ത് കൊണ്ടുവരാനുള്ള പാഴ്‌വേലയാണ് ട്രാൻസ് നടത്തുന്നത്. ഓഗസ്റ്റ് സെബാസ്റ്റ്യൻ എഴുതുന്നു.

ഒരു നിരൂപണത്തിന് പോലും സാധ്യതയില്ലാത്ത വിധം കലാശൂന്യമായിരിന്നിട്ടും എന്തുകൊണ്ട് ട്രാൻസിനെ പറ്റി എഴുതണം എന്നൊരു ചോദ്യമുണ്ട്. അതിന് ഒരു ഉത്തരമേയുള്ളൂ; ട്രാൻസ് ഒരു കഥ പറയുന്നു എന്നതുകൊണ്ട്! കഥകളെയാണ് മനുഷ്യൻ ഏറ്റവും ഭയക്കേണ്ടത്. ഏറ്റവും ശ്രദ്ധയോടെ, ഏറ്റവും നിശിതമായി തന്നെ സമീപിക്കേണ്ടതും. ഇന്ന് ഭൂമുഖത്തുള്ള മനുഷ്യവംശത്തിന്റെ ഏറ്റവും ശക്തമായ ആയുധം കഥയാണ്. കഥകളാണ് മൂല്യങ്ങൾ നിർണയിക്കുന്നത്, സംസ്കാരങ്ങളെ പടുത്തുയർത്തുന്നത്. കഥകളാണ് അധീശ ഭാവുകത്വം സൃഷ്ടിക്കുന്നത്. കഥകളാണ് വംശീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നത്, ലോക രാഷ്ട്രീയത്തെയും മനുഷ്യന്റെ ദൈനംദിന ജീവിത യഥാർഥ്യത്തെയും നിർണയിക്കുന്നത്. ലോകപ്രസിദ്ധ ചരിത്രകാരൻ യുവാൽ നോവ ഹരാരി തന്റെ ’21ാം നൂറ്റാണ്ടിലേക്കുള്ള 21 പാഠങ്ങൾ’ എന്ന പുസ്തകം ആരംഭിക്കുന്നത് ഇങ്ങനെയാണ്. “മനുഷ്യൻ അക്കങ്ങളിലും, സമവാക്യങ്ങളിലും, വസ്തുകകളിലും ഉപരി കഥകളിലൂടെയാണ് ചിന്തിക്കുന്നത്. കഥ എത്ര ലളിതമാകുന്നുവോ അത്രയും നല്ലത്. ഓരോ വ്യക്തിക്കും, സംഘത്തിനും, ദേശത്തിനും അതിന്റേതായ കഥകളുണ്ട്”. ഇപ്രകാരം ലോകത്തെ ചലിപ്പിക്കുന്ന പ്രബലമായ കഥകളിലേക്ക് ട്രാൻസ് എന്ന ചിത്രം നിശ്ചയമായും ഒരു സംഭാവന നൽകുന്നുണ്ട്. ആ സംഭാവനയെ മനസിലാക്കിയില്ലെങ്കിൽ, കഥ കൊണ്ട് ട്രാൻസ് എവിടെ നിൽക്കുന്നു എന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ അത് ചരിത്രപരമായ ഒരു പിഴവാകും.

യുക്തിയുടെ പക്ഷത്തു നിന്ന് സമൂഹത്തിലെ ഭയാനകമായൊരു ചൂഷണത്തെ തുറന്നു കാട്ടുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇന്ന് ഇൻഡ്യയിൽ ഏറ്റവും ജനപ്രിയമായ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനൊപ്പം നിൽക്കുകയാണ് ട്രാൻസ് എന്ന ചിത്രം ചെയ്യുന്നത്. ‌കേവല യുക്തിയുടെ ആട്ടിൻതോലണിഞ്ഞ ചെന്നായയാണ് ട്രാൻസിന്റെ കഥ.

ആ ചിത്രത്തിന്റെ ഉള്ളടക്കത്തിന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നവർ പിന്തിരിപ്പുകാരും ശാസ്ത്രവിരുദ്ധരുമായി ചിത്രീകരിക്കപ്പെടുന്ന തരത്തിലുള്ള രൂപകൽപ്പനയാണ് ആ ചിത്രത്തിന്റേത്. പക്ഷേ അതിന്റെ രാഷ്ട്രീയ നഗ്നത മറയ്ക്കാനുള്ള പ്രാപ്തി ചിത്രത്തിന്റെ പ്രമേയത്തിന്റെ പുരോഗമന പ്രതീതിയ്ക്ക് ഇല്ല എന്നതാണ് യാഥാർഥ്യം. ടെലിവിഷൻ ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്ന വാർത്താ ചിത്രത്തിന്റെ നിലവാരത്തിലുള്ള സിനിമയാണ് ട്രാൻസ്. ദുർബലമായ ഒരു കഥയിൽ പൊതിഞ്ഞ അന്വേഷണാത്മക ഡോക്യുമെന്ററി പോലെ. അതിലപ്പുറം എന്തെങ്കിലും അവകാശപ്പെടാനില്ലാത്ത വിധം ദയനീയ പരാജയമാണ് ചിത്രത്തിന്റെ ക്രാഫ്റ്റ്. ഫഹദ് എന്ന നടന്റെ പ്രതിഭയുടെ പരിസരത്തു പോലും എത്താൻ വിജു പ്രസാദ്/ജോഷ്വാ കാൽട്ടൻ എന്ന കഥാപാത്രത്തിലൂടെ ട്രാൻസിന്റെ ശിൽപ്പികൾക്ക് കഴിഞ്ഞിട്ടില്ല. ദാരിദ്ര്യത്തിൽ നിന്നും ജീവിതത്തെ കരകയറ്റാൻ പാടുപെടുന്നതിനിടെ സഹോദരൻ കൂടി ആത്മഹത്യ ചെയ്യുന്നതോടെ പൂർണമായും വിഷാദരോഗത്തിന്റെ പിടിയിലാവുകയും ‘ഇതല്ല. ഇതല്ല അവസാനമെന്ന്’ അവസാനത്തെ കരുത്തുമെടുത്ത് സ്വയം വിശ്വസിപ്പിച്ച് മറ്റൊരു നഗരത്തിലേക്ക് പോവുന്ന വിജു പ്രസാദെന്ന ഭാഗ്യാന്വേഷിയുടെ കഥയാണ് ട്രാൻസ് പറയുന്നത്. കാർബൺ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ കൊളാഷാവുകയല്ലാതെ ട്രാൻസിലെ വിജു പ്രസാദെന്ന കഥാപാത്രത്തെ വേറിട്ടതാക്കാൻ ഫഹദ് ഫാസിലിനെ പ്രാപ്തനാക്കാൻ ട്രാൻസിന്റെ സംവിധാനത്തിന് കഴിയുന്നില്ല. കാർബണിൽ വേഗം പണക്കാരനാവാൻ ശ്രമിക്കുന്ന സിബി സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തിന് ദുരന്തം നിറഞ്ഞ ഒരു കുടുംബ പശ്ചാത്തലവും വിഷാദരോഗവും കൂട്ടിച്ചേർത്താൽ ആദ്യ പകുതിയിലെ വിജു പ്രസാദാവും. തലയ്ക്ക് അടിയേറ്റ ശേഷം കോമയിൽ നിന്നുണർന്ന ജോഷ്വാ കാൽട്ടൺ കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയിലേക്കാണ് ചേക്കേറുന്നത്.

വ്യക്തിപരമായ ദുരന്തങ്ങളുടെയും വിഷാദരോഗത്തിന്റെയും പശ്ചാത്തലമുള്ള ഒരു സ്റ്റ്രഗ്ളിങ് മോട്ടിവേഷനൽ സ്പീക്കർ ആത്മീയതാ വ്യാപാര സംഘത്തിലെത്തിച്ചേരുന്നതിന്റെയും കണ്ണഞ്ചിപ്പിക്കുന്ന സമ്പന്നതയിലേക്ക് ഉയരുന്നതിന്റെയും പിന്നാലെയുണ്ടാവുന്ന പതനത്തിന്റെയും കഥയാണ് ട്രാൻസ് പറയുന്നത്. മനസിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വർത്തമാനങ്ങൾ നിഷിദ്ധമല്ല (taboo) എന്ന് പ്രഖ്യാപിച്ച് ലോകം ഏറെ മുന്നോട്ട് പോയിട്ടും മലയാളി പൊതുബോധത്തിന് ഇന്നും അത് ഭ്രാന്തായി ‘ഭ്രഷ്ട്’ ആയി നിലിൽക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നായിക്കൂടി ട്രാൻസ് എന്ന മാസ്മീഡിയ ഉൽപന്നം മാറും എന്നതും ദുഃഖകരമാണ്. അറിവിന്റെ വിസ്ഫോടനത്തിന്റെ രണ്ടാം ഘട്ടമായി തന്നെ പരിഗണിക്കാവുന്ന തരത്തിൽ ആഗോള തലത്തിൽ നിരവധി വേദികളാണ് മനസിനെക്കുറിച്ചും മാനസികാരോഗ്യ പരിപാലനത്തെക്കുറിച്ചുമുള്ള ഏറ്റവും പുതിയ അറിവുകൾ പങ്കുവെയ്ക്കുന്നത്. സാമൂഹിക മാധ്യങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരയുന്ന കണ്ടന്റ് കൂടിയാണ് മനസിനെക്കുറിച്ചുള്ള പഠനങ്ങളും പ്രഭാഷണങ്ങളും. ആ ഘട്ടത്തിലാണ് മോട്ടിവേഷൻ പരിശീലകനായ ഒരാൾ ജീവിത വിജയം തേടി ആത്മീയ വ്യാപാരത്തിലും ഭ്രാന്തിലും എത്തിച്ചേരുന്നതായി ചിത്രം പറയുന്നത്. വിഷാദരോഗത്തിനും സമാനമായ മാനസിക പ്രശ്നങ്ങൾക്കും നൽകുന്ന മരുന്നുകൾ രോഗികളെ പതുക്കെ കൊല്ലുന്നവയാണെന്ന് പറയുന്നതിലൂടെ, മാനസികാരോഗ്യത്തിനായി ചികിത്സ തേടുക എന്ന ആശയത്തെ വീണ്ടും വീണ്ടും പ്രശ്നവത്കരിക്കുകയും, പ്രശ്നങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുകയും ചികിത്സ കൊണ്ട് മറികടക്കാമെന്നും കരുതുന്നവരുടെ പ്രത്യാശയെ ഇല്ലാതാക്കുകയുമാണ് ട്രാൻസ് ചെയ്യുന്നത്. വിവരങ്ങളിലേക്കും വസ്തുതകളിലേക്കും പല കാരണങ്ങളാൽ  വേണ്ടത്ര പ്രവേശനം ഇല്ലാത്ത ലക്ഷക്കണക്കിന് ആളുകളുടെ മനസിലേക്കാണ് ഒരു തരത്തിലുമുള്ള വസ്തുതകളുടെയും പിന്തുണയില്ലാത്ത ഒരാശയം ട്രാൻസ് പകരുന്നത്. അതാവട്ടെ ഒരു സമൂഹത്തിന്റെ തന്നെ മാനസികാരോഗ്യത്തെ പിന്നോട്ട് നടത്തും എന്ന കാര്യത്തിൽ തർക്കമില്ല. Risperidone, Xanax പോലുള്ള മരുന്നുകൾ മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്നവയാണെന്ന് ചിത്രം പറയുന്നത് അങ്ങേയറ്റം ഉത്തരവാദിത്തശൂന്യമായ കാര്യമാണെന്ന് ഇതിനകം നിരവധി വിദഗ്ധർ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു.

ട്രാൻസ് ഭീകരവൽക്കരിച്ച ഇതേ മരുന്നുകൾ കഴിച്ച് ജീവിതം നിലനിർത്തുന്ന നിരവധി പേരുണ്ടെന്നും, അവരിൽ പലരും ചിത്രം നൽകിയ തെറ്റായ സന്ദേശത്തിന്റെ സ്വാധീനത്തിൽ മരുന്ന് കഴിക്കാൻ തയ്യാറാവുന്നില്ല എന്നുമുള്ള വിവരം ഉൾക്കൊള്ളിച്ചുള്ള മാനസികാരോഗ്യ വിദഗ്ധരുടെ കുറിപ്പുകൾ സമൂഹമാധ്യങ്ങളിൽ ലഭ്യമാണ്.

വംശഹത്യയുടെയും അപരവൽക്കരണത്തിന്റെയും ഉപകരണമായി ഫാഷിസ്റ്റുകളും വംശ‌‌‌മേന്മാവാദികളും, കേവലയുക്തിയും പുരോഗമനവാദവും ഉപയോഗിക്കാറുണ്ട്. അങ്ങനെ ഒറ്റനോട്ടത്തിൽ യുക്തിഭദ്രമെന്ന് തോന്നിപ്പിക്കുന്ന സാമാന്യവൽക്കരണത്തിലൂടെ ഇൻഡ്യയിൽ ഫാഷിസത്തിന്റെ വേട്ടപ്പട്ടികയിലുള്ള ഒരു സമുദായത്തെ ഒറ്റപ്പെടുത്തിക്കൊടുക്കുന്ന കടമയും ദൗത്യവും ട്രാൻസ് ഏറ്റെടുത്തിട്ടുണ്ട്. ‘കൺകെട്ടും പണവും കൊണ്ട് ജനങ്ങളെ മതപരിവർതത്നം നടത്തുന്നു, ഹിന്ദു മതത്തെ അപമാനിക്കുന്നു’ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് നിരന്തരം സംഘപരിവാർ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഒരു സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തുന്ന കഥ പറയുമ്പോൾ കേവലം സംഘപരിവാർ യുക്തിക്ക് അപ്പുറത്തേയ്ക്ക് കൃത്യമായ ഗവേഷണവും പഠനവുമെങ്കിലും ട്രാൻസിന്റെ അണിയറക്കാർ നടത്തേണ്ടതുണ്ടായിരുന്നു. ക്രിസ്ത്യൻ മതവിഭാഗങ്ങളെ മുഴുവനായുമല്ല തങ്ങൾ വിമർശിക്കാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാനുള്ള ശ്രദ്ധ ചിത്രം പുലർത്തുന്നുണ്ട്. പെന്തകോസ്ത് സഭാവിഭാഗങ്ങളുടേത് ‘യുക്തിയില്ലാത്ത അപരിഷ്ക‌ൃത’ വിശ്വാസമാണെന്ന് വിളിച്ച് പറയുന്ന തരത്തിൽ മറ്റ് സഭാവിഭാഗങ്ങളുടെ പ്രതിനിധികളുടെ പ്രതിനിധാനവും നിലപാടും ചിത്രത്തിൽ കൃത്യമായി പ്രതിഷ്ഠിക്കപ്പെടുന്നു. അതേസമയം പെന്തകോസ്തുകാരുടെ ക്രിസ്തീയ വിശ്വാസം എങ്ങനെയുള്ളതാണെന്ന കാര്യത്തിൽ ഒരു പഠനവും നടത്താത്തതുകൊണ്ടാണ് ക്രൂശിതരൂപമുള്ള പള്ളികൾ വിഗ്രഹാരാധകരല്ലാത്ത പെന്തകോസ്ത് കഥയിൽ കടന്നുകൂടിയത്. പൂജിച്ച എണ്ണ വിൽക്കുക തുടങ്ങിയ കാര്യങ്ങൾ അനാചാരങ്ങളായി കണക്കാക്കുന്നവരുമാണ് അവർ എന്നതാണ് കൗതുകകരം. ‘അനാചാരത്തിന്റെയും ജനവഞ്ചനയുടെയും’ കുറ്റകൃത്യത്തിൽ നിന്നും മറ്റ് സഭകളെ ജാമ്യത്തിലെടുക്കുന്ന ചിത്രം അവരുടെ മതവിശ്വാസത്തെ അംഗീകരിക്കുന്നത് ഏത് യുക്തിയിൽ നിന്നുകൊണ്ടാണ്? അത് ബ്രാഹ്മണ്യത്തിലടിയുറച്ച ഇടതു ലിബറൽ  യുക്തിയാണ്. ജാതീയത, അയിത്തം തുടങ്ങി പലവിധത്തിലുള്ള അനാചാരങ്ങളില്‍ നിന്നും രക്ഷതേടി ക്രിസ്തുമതം സ്വീകരിച്ച ആളുകളെയോ അവരുടെ പിൻതലമുറക്കാരെയോ ബലപ്രയോഗത്തിലൂടെയും വാഗ്ദാനങ്ങൾ നൽകിയും ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ഘർവാപസി എന്ന സംഘപരിവാർ അതിക്രമത്തെ ന്യായീകരിക്കുന്ന സൂചനയും ട്രാൻസിലുണ്ട്. ‘ജോഷ്വാ കാൽട്ടൻ വിജു പ്രസാദിലേക്ക് മടങ്ങുന്നു’ എന്ന വാർത്താ തലക്കെട്ട് ഘർവാപസിയുടെ രാഷ്ട്രീയമാണ് വഹിക്കുന്നത്.

തോമസായി വേഷമിട്ട വിനായകൻ

യാഥാസ്ഥിതിക മൂല്യങ്ങളനുസരിച്ച് ജീവിക്കാത്ത സ്ത്രീ വേശ്യയായിത്തീരും എന്ന സന്ദേശം കൂടി ട്രാൻസ് നൽകുന്നുണ്ട്. കമിതാവിനാൽ വഞ്ചിതയാവുകയും നൈരാശ്യത്തിൽ നിന്നും മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും ആത്മഹത്യയിലേക്കും വേശ്യാവൃത്തിയിലേക്കും ഒക്കെ എത്തിപ്പെട്ട ഒരു സ്ത്രീയാണ് ചിത്രത്തിൽ നായികാ സ്ഥാനത്തുള്ളത്. സ്വതന്ത്രമായ ഒരു ജീവിത രീതി തെരഞ്ഞെടുക്കുന്ന സ്ത്രീകൾ ദുരന്തത്തിലേക്കാണ് എത്തുന്നതെന്ന ഗുണപാഠമാണ് അറിഞ്ഞോ അറിയാതെയോ ട്രാൻസ് നൽകുന്നത്. സ്ത്രീ-ദലിത്-തൊഴിലാളി-ന്യൂനപക്ഷ വിരുദ്ധതയാണ് ട്രാൻസ് എന്ന സിനിമയുടെ ആകെത്തുക. ‌പാവപ്പെട്ടവൻ പാപിയാണെന്ന് അവനെക്കൊണ്ട് തന്നെ സമ്മതിപ്പിക്കുന്ന ചിത്രമാണ് ട്രാൻസ്. ഇടതു ലിബറൽ രാഷ്ട്രീയ ബോധ്യത്തിലൂന്നിയ വർഗ രാഷ്ട്രീയ ധാരണയിൽ നിന്നാണ് ‘വിവരമില്ലാത്ത, അന്ധവിശ്വാസിയായ, പാപിയായ, തൊഴിലാളിയായി ദലിത് ശരീരത്തെ സ്ഥാപിക്കാനുള്ള പ്രേരണ ലഭിക്കുന്നത്. പാസ്റ്റർ പറയുമ്പോൾ ടിവിയിൽ കൈതൊട്ട് പ്രാർ‌ത്ഥിക്കുന്ന, മരണാസന്നയായ മകളെ ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാത്ത തോമസെന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ വിനായകനെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതും ഈ രാഷ്ട്രീയമാണ്.

അതേ ദലിത് വിരുദ്ധതയാണ് ‘ദുഷ്ട ശക്തികളെ’ കൊല്ലുക എന്ന ദൗത്യത്തിന്റെ ബാധ്യത തോമസിന് തന്നെ നൽകുന്നത്. ഒരുപക്ഷേ അവരെ കൊന്ന് തോമസ് ജയിൽവാസം അനുഭവിക്കുമ്പോൾ, ശിക്ഷയില്ലാതെ ചികിത്സ ലഭിച്ച് ഉടയാത്ത കോട്ടുമിട്ട് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ അസൈലത്തിൽ നിന്നും ആംസ്റ്റർഡാമിലേക്ക് പറന്നുപോയി കാമുകീ സംഗമത്തിന് വിജു പ്രസാദിനെ പ്രാപ്തനാക്കുന്നതും ഈ വരേണ്യ ഇടതു ലിബറൽ രാഷ്ട്രീയമാണ്.

പ്രത്യാശയിന്മേലുള്ള അടിസ്ഥാനപരമായ മാനുഷിക നിലനിൽപ്പിനെയാണ് ചിത്രം വെട്ടിയെറിയുന്നത്. ആഗോള ഉദാരമുതലാളിത്തം വാഗ്ദാനം ചെയ്ത പറുദീസ മായയായിരുന്നു എന്ന് തെളിയിക്കപ്പെട്ട കാലഘട്ടത്തിലെ കൊടും നിരാശയിൽ മനുഷ്യര്‍ പ്രത്യാശയുടെ പുതുഭൂമികകൾ തേടുന്ന കാലത്താണ് ട്രാൻസ് ഉണ്ടാവുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകവ്യാപകമായി പല ജനതകളും ഫാഷിസ്റ്റ് ഭരണകൂടങ്ങളേയും ഏകാധിപതികളെയും തെരഞ്ഞെടുക്കുന്നത് ഈ നിരാശയിൽ നിന്നുമാണ്. അവിടെയാണ് പണ്ടെങ്ങോ മൃതിയടഞ്ഞുപോയ ഒരു ചിന്താപദ്ധതിയെ, തോറ്റുപോയ ഒരു ‘ആശയത്തെ’ കുഴിമാന്തിയെടുത്ത് കൊണ്ടുവരാനുള്ള പാഴ്‌വേല ട്രാൻസ് നടത്തുന്നത്. മാർക്സിന്റെയും ചെ ഗുവേരയുടെയും നിലവാരം കുറഞ്ഞ ഛായാചിത്രങ്ങൾ പതിച്ച ഒരു മുറിയിൽ നിന്നും ആ മൃതകഥയുടെ ഏറ്റവും വികലമായ പതിപ്പിനെ ഉത്ഥാനം ചെയ്യിക്കാനുള്ള സഹതാപാർഹമായ ശ്രമമാണ് ട്രാൻസ് നടത്തുന്നത്.

Top