ബോധാനന്ദരുടെ ധര്‍മഭട സംഘവും സാമൂഹികനീതിക്ക് വേണ്ടിയുള്ള പോരാട്ടവും
ജന്മിത്വത്തിനും ജാതിഹിന്ദു അധീശത്വത്തിനും ബ്രാഹ്മണിക സാമൂഹിക വ്യവസ്ഥക്കുമെതിരായി സാമൂഹിക സമരങ്ങളും ധീരമായ സംഘട്ടനങ്ങളും ബോധാനന്ദരും യുവസഹോദരങ്ങളും സാധ്യമാക്കി. ഫൂലേയുടെ സത്യശോധക സമാജവുമായി ബോധാനന്ദരുടെ ധർമഭട സംഘത്തെ താരതമ്യം ചെയ്യാവുന്നതാണ്. ശ്രീ ബോധാനന്ദ സ്വാമികളുടെ ഓർമ ദിവസത്തിൽ ഡോ. അജയ് എസ്. ശേഖർ എഴുതുന്നു.
“ബോധാനന്ദനോളം ത്യാഗം നമുക്കില്ലല്ലോ“- നാരായണഗുരു
ഇന്ന് നവദേശീയ വിദ്യാഭ്യാസ നയത്തിലടക്കം പരോക്ഷമായി പല തരത്തിൽ തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ഇൻഡ്യയുടെ ശാപമായ ശ്രേണീകൃത സാമൂഹിക അസമത്വത്തിനെതിരെ ഒരു നൂറ്റാണ്ടു മുൻപ് ധീരമായി പോരാടിയ ആദ്ധ്യാത്മിക ആചാര്യനായിരുന്നു നാരായണഗുരുവിന്‍റെ മുന്‍നിര സന്ന്യാസി ശിഷ്യനായിരുന്ന ‘ശ്രീ ബോധാനന്ദ സ്വാമികള്‍’ (1883-1928). ആനന്ദതീര്‍ഥരെയും ധര്‍മതീര്‍ഥരെയും ശിവലിംഗ സ്വാമിയെയും സത്യവ്രതരെയും ഏണസ്റ്റ് ക്ലാര്‍ക്കിനെയും പോലെ കേരളം എക്കാലത്തും ഓര്‍മിക്കേണ്ടതും മാതൃകയാക്കേണ്ടതുമായ ജീവിതമാണ് ബോധാനന്ദരുടേത്. ‘അയ്യാ വൈകുണ്ഠരുടെ’ 1836ലെ ‘സമത്വ സമാജം’ പോലെ, കേരള നവോത്ഥാന ചരിത്രത്തിൽ ഓര്‍മിക്കപ്പെടേണ്ടതാണ് ബോധാനന്ദരുടെ ‘ധര്‍മഭട സംഘം’. ഗുരുവിന്‍റെ ‘ധര്‍മ പരിപാലന യോഗത്തെ’ (1903) തുടര്‍ന്ന് അന്നത്തെ ബ്രിട്ടീഷ് മലബാറിന്റെയും മദ്രാസ് പ്രസിഡന്‍സിയുടെയും ഭാഗമായിരുന്ന തൃശ്ശൂരും, പഴയ കൊച്ചിരാജ്യത്തിന്റെ ഭാഗങ്ങളിലുമായിരുന്നു സംഘത്തിന്‍റെ വ്യാപകവും വിധ്വംസകവുമായ ജാതിവിരുദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.
ജന്മിത്വത്തിനും ജാതിഹിന്ദു അധീശത്വത്തിനും ബ്രാഹ്മണിക സാമൂഹിക വ്യവസ്ഥക്കുമെതിരായി സാമൂഹിക സമരങ്ങളും ധീരമായ സംഘട്ടനങ്ങളും ബോധാനന്ദരും യുവസഹോദരങ്ങളും സാധ്യമാക്കി. ഫൂലേയുടെ ‘സത്യശോധക സമാജവുമായി’ (1873) അയ്യാ വൈകുണ്ഠരുടെ ‘സമത്വ സമാജത്തെയും’ ബോധാനന്ദരുടെ ‘ധർമഭട സംഘത്തെയും’ താരതമ്യം ചെയ്യാവുന്നതാണ്. ജാതിഹൈന്ദവമായ ബ്രാഹ്മണിക അധീശ മൂല്യങ്ങളെയും ആചാരങ്ങളെയുമാണ് സംഘം ചെറുത്തതും മാറ്റിമറിച്ചതും. അടിയന്തര സന്ദര്‍ഭങ്ങളിൽ കായികവും ആത്മരക്ഷാപരവുമായ പ്രതിരോധ സംഘട്ടനങ്ങള്‍ തന്നെ വേണ്ടിവന്ന ധര്‍മഭട സംഘത്തെ ‘കട്ടിയാര്‍ സംഘം’ എന്നും ജനങ്ങള്‍ വിളിച്ചുപോന്നു. കട്ടിയുള്ള വലിയ കമ്പിളിക്കെട്ടു ധരിച്ച്, മധ്യകാല ചേകവ ശൈലിയിൽ അരയും തലയും മുറുക്കി ജാതിഹിന്ദുത്വത്തോട് ജീവനര്‍പ്പിച്ച് ഏറ്റുമുട്ടിയതിനാലാണ് ആ വിളിപ്പേരുണ്ടായത്.
‘അഷ്ടാംഗ മാര്‍ഗത്തെ’ സൂചിപ്പിക്കുന്ന എട്ടിന്‍റെ കണക്കിലുള്ള അറുപത്തിനാല് കെട്ടുകളായിരുന്നു മധ്യകേരള കളരിമുറയിൽ അടിയും തടയും പയറ്റും പഠിച്ച സംഘക്കാരുടെ ഉടലിലുണ്ടായിരുന്നത്. കാലടികള്‍ ചവിട്ടിനിൽക്കുന്ന മാതാവായ മണ്ണിനെ പുൽകുന്ന ഭൂമീസ്പര്‍ശ മുദ്രയുടെ വിപുലീകരണമായ ബൗദ്ധമായിരുന്ന സാഷ്ടാംഗ പ്രണാമവും, സൂര്യനമസ്കാരവും സംഘക്കാര്‍ നിരന്തരം പരിശീലിച്ചുപോന്നു. ചേലൂര്‍, താണിശ്ശേരി, ജ്ഞാനപ്പള്ളി, ആറാട്ടുപുഴ എന്നീ കലാപങ്ങളിലൂടെ ബ്രാഹ്മണ ജന്മിത്വത്തെയും ജാതിഹിന്ദു മാടമ്പിത്തത്തെയും അവർ മുട്ടുകുത്തിക്കുകയും, നിരവധി ജാതിജന്യമായ വ്യവഹാര വഴക്കുകള്‍ വിജയകരമായി നേരിടുകയും ചെയ്തു. മിതവാദി സി. കൃഷ്ണന്‍ വക്കീലും സഹോദരൻ അയ്യപ്പനും ധര്‍മതീര്‍ഥരും (അഡ്വക്കേറ്റ് ചാത്തനാട്ട് പരമേശ്വര മേനോന്‍) ഈ നിയമ വ്യവഹാരങ്ങളെ സഹായിക്കുകയുണ്ടായി.
ഗുരു മരുത്വാമലയിൽ ധ്യാനത്തിലായിരുന്ന 1883ലാണ് തൃശ്ശൂര്‍ ജില്ലയിലെ പടിഞ്ഞാറന്‍ കോള്‍നിലങ്ങളോടു ചേര്‍ന്ന ചിറക്കൽ ഗ്രാമത്തിൽ ബോധാനന്ദര്‍ ജനിച്ചത്. ബാലനായിരിക്കെ തന്നെ പരിവ്രാജക സ്വഭാവം കാട്ടിയതിനാൽ ബന്ധുക്കള്‍ കൗമാരം തീരുന്നതിനു മുൻപേ അദ്ദേഹത്തെ വിവാഹം കഴിപ്പിച്ചു. ‘കോതമ്മ’ എന്നായിരുന്നു ഭാര്യയുടെ പേര്. ഇരുപത്തൊന്നാം വയസ്സിൽ അദ്ദേഹം പിതാവായി. ഏറെ താമസിയാതെ അവധൂതനായി ലോകസഞ്ചാരവും ജീവിതവിദ്യാഭ്യാസവും നടത്തുകയായിരുന്നു ആ യുവാന്വേഷകന്‍. ഉത്തരേന്ത്യയിലേക്ക് കാൽനടയായും റെയിൽ മാര്‍ഗവും സഞ്ചരിച്ചു. ഹിമാലയ പ്രാന്തത്തിലെ ജ്യോതിര്‍മഠത്തിൽ നിന്നും സന്ന്യാസദീക്ഷ സ്വീകരിച്ചു. ഉത്തരേന്ത്യയിലെ നിരവധി ആദ്ധ്യാത്മിക കേന്ദ്രങ്ങളും മഠങ്ങളും സന്ദര്‍ശിക്കുകയും, അവിടങ്ങളിൽ താമസിച്ച് വർഷങ്ങളോളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു. ശങ്കരാചാര്യര്‍ ഒമ്പതാം ശതകത്തിൽ സ്ഥാപിച്ച ജ്യോതിര്‍മഠം അഥവാ ജ്യോതിര്‍പീഠത്തിലെ സഹമഠാധിപതിയുടെ ചുമതല വരെ വഹിച്ചിരുന്ന അദ്ദേഹത്തെ, കേരളത്തിൽ നിന്നും വന്ന ഒരു മലയാളി കുലീന സന്ന്യാസി ജാതി-വര്‍ണങ്ങളുടെ പേരിൽ അപഹസിക്കുകയും, സ്വാമി അവിടെ നിന്നും തിരിച്ച് കേരളത്തിലേക്ക് പോരുകയും ചെയ്തു. ജാതിയെയും, അതിന്‍റെ മതാധാരത്തെയും ചെറുക്കുന്ന ജീവിതമായിരുന്നു പീന്നീട്. അങ്ങനെയാണ് ഗുരുവിനെ കണ്ടെത്തുന്നതും ബോധാനന്ദരായി അദ്ദേഹത്തിൽ നിന്നും ദീക്ഷ സ്വീകരിക്കുന്നതും. ധര്‍മതീര്‍ഥരെ ഗുരുവിലേക്ക് നയിക്കുന്നതും സ്വാമികള്‍ തന്നെയാണ്.
ഗുരു തലശ്ശേരിയിൽ ജഗന്നാഥ പ്രതിഷ്ഠ നടത്തുന്ന കാലത്ത് തന്‍റെ ഹൈന്ദവ സന്ന്യാസ ജീവിതത്തിലെ വൈദിക-വേദാന്ത പശ്ചാത്തലത്തിൽ, വിഗ്രഹാരാധനയെ എതിര്‍ത്തുപോന്ന ബോധാനന്ദര്‍ അവിടെ എത്തുകയും, യുവാക്കളോട് വിഗ്രഹാരാധനയെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു. വൈദിക-വേദാന്ത ചിന്തകളാൽ സ്വാധീനിക്കപ്പെട്ട മലബാറിലെ പലരെയും പോലെ, അയ്യത്താന്‍ ഗോപാലനും വാഗ്ഭടാനന്ദനുമെല്ലാം അവര്‍ണരായിരുന്നിട്ടും ഈ സനാതന ബ്രാഹ്മണ മൂല്യമണ്ഡലത്തിലായിരുന്നു നിലകൊണ്ടത്.
എന്നാൽ ബുദ്ധ-ജൈന മതങ്ങളെയും, സെമിറ്റിക് മതങ്ങളെയും താരതമ്യ മൂല്യവിചാരം ചെയ്ത ഗുരു, അവക്കുപരിയായി ജനകീയമായ പല മതപ്രയോഗങ്ങളെയും അറിഞ്ഞുപയോഗിച്ചു. വിഗ്രഹവത്കരണത്തെ താത്വികമായി എതിര്‍ക്കുമ്പോഴും, സാമാന്യജനങ്ങള്‍ക്ക് ഒരു മൂര്‍ത്തിയുടെ പ്രായോഗിക ആവശ്യം അദ്ദേഹം മനസ്സിലാക്കി. മനുഷ്യരൂപത്തിന് ഉപരിയായ പ്രതീകാത്മകവും അമൂര്‍ത്തവുമായ മൂര്‍ത്തീകരണത്തെ അദ്ദേഹം ഉപയോഗപ്പെടുത്തി.
അശോകന്റെ തേരവാദത്തിലും ഇസ്‌ലാമിലെ സൂഫിസത്തിലും ഇത്തരം ധ്യാനാത്മകമായ അമൂര്‍ത്ത പ്രതീകാത്മകത കാണാം. കല്ലും കണ്ണാടിയും അക്ഷരവും ദീപവുമെല്ലാം മാറ്റിമാറ്റി പരീക്ഷിച്ചുകൊണ്ട്, മനുഷ്യരൂപ കേന്ദ്രിതത്വത്തെ ഗുരു കലാപരമായി അപനിര്‍മിച്ചു. അരുവിപുറത്തും തലശ്ശേരിയിലും ആവര്‍ത്തിച്ച ‘ഈഴവ ശിവന്‍’ എന്ന വ്യതിരിക്തമായ വാങ്മയ സംജ്ഞയിലൂടെ ഇഴുകിച്ചേരുന്ന ഈഴമെന്ന സംഘത്തെ 1850കളിൽ ആറാട്ടുപുഴ ദിവാന്‍ ടി. മാധവറാവു മുന്‍പാകെ എന്നപോലെ ഗുരു സമൂഹത്തെ ബോധിപ്പിച്ചു. തലശ്ശേരിയിൽ ഗുരുവിന്‍റെ വാക്കും നോക്കും പണികളും നിരീക്ഷിച്ച ബോധാനന്ദരും ആ അറിവും അന്‍പും അനുകമ്പയുമാര്‍ന്ന മൊഴിയരുളിൽ ഇഴുകിച്ചേര്‍ന്നുപോയി. പാലും പഴങ്ങളും പുതുചേലയുമായി അദ്ദേഹം മാനസഗുരുവിനു കാഴ്ചവെച്ച് മുന്നിലിരുന്നു. ഗുരു മിണ്ടിയില്ല. അതികഠിനമായ വേദനയോടെ ബോധാനന്ദര്‍ ബോധിമരച്ചോട്ടിൽ രാവും പകലുമിരുന്നു. മഞ്ഞും വെയിലും മഴയുമേറ്റിട്ടും ആ ധ്യാനനില അദ്ദേഹം വിട്ടില്ല. ഒരു ദിവസം കഴിഞ്ഞു, വര്‍ഷമാരി ചൊരിഞ്ഞു, ദലിതരുടെ അമ്പല പ്രവേശം കഴിഞ്ഞു. അവസാനം ആശാനെ വിട്ട് ഗുരു അദ്ദേഹത്തെ വിളിപ്പിച്ചു. രണ്ടുപാധികള്‍ അദ്ദേഹം വെച്ചു. ഒന്ന്, ബഹുജനങ്ങള്‍ക്ക് പ്രിയങ്കരമായ ദൃശ്യസംസ്കാരബദ്ധമായ വിഗ്രഹാരാധനയെ അടച്ചെതിര്‍ക്കേണ്ടതില്ല. രണ്ട്, ആഗ്രഹിച്ചുവരുന്ന പ്രാഥമിക അടിസ്ഥാന യോഗ്യതകളുള്ള (മികവും കാര്യക്ഷമതയും കുലമഹിമയുമല്ല) ആര്‍ക്കും ജാതി-മത-വര്‍ഗ ഭേദമന്യേ ശിഷ്യത്വം കൊടുക്കണം. രോഗിയുടെ ഇച്ഛയും വൈദ്യരുടെ കൽപ്പനയും ഒന്നായി. അങ്ങനെയാണ് ബോധാനന്ദരുടെ ഉദയം. യഥാര്‍ഥ ദീക്ഷ കൊടുത്തത് 1912ലെ ശാരദാ പ്രതിഷ്ഠ കഴിഞ്ഞ് മൂന്നാം ദിവസമാണ്.
പിന്നീട് കേരളത്തിനകത്തും പുറത്തും നടന്ന നിരവധി യോഗങ്ങളിൽ തന്‍റെ പ്രതിനിധിയായി സംസാരിക്കാന്‍ ഗുരു അയച്ചത് ബോധാനന്ദരെയാണ്. അയ്യോതി താസപണ്ഡിതര്‍ 1890കളിൽ തന്നെ ശാക്യബൗദ്ധ സഭയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നീലഗിരികളിൽ പോയി സ്ഥലംവാങ്ങി നാരായണ ഗുരുകുലം സ്ഥാപിക്കാന്‍ നടരാജഗുരുവിനെ സഹായിച്ചത് സ്വാമികളാണ്. ‘ശ്രീനാരായണ ധര്‍മം’ എന്ന പ്രസിദ്ധീകരണം, കൊച്ചിന്‍ നാഷണൽ ബാങ്ക് എന്നിവ സ്ഥാപിച്ചതും മറ്റാരുമല്ല. തന്‍റെ വിൽപത്രവും സ്വത്തും ഗുരു എഴുതിയത് ബോധാനന്ദരുടെ പേര്‍ക്കായിരുന്നു. എന്നാൽ, ഗുരു അന്തരിച്ചു എന്നു കേട്ട് മൂന്നു ദിവസത്തിനുള്ളിൽ രോഗബാധിതനായ അദ്ദേഹവും ധര്‍മാശുപത്രിയിൽ ചികിത്സയിലിരിക്കെ ചരമം പ്രാപിച്ചു. ആ ശോക വാര്‍ത്തയുടെ ആഘാതത്തിലാണ് ബോധാനന്ദരുടെ ബോധം മറഞ്ഞതെന്ന് പറയാറുണ്ട്. എന്നാൽ ഗുരുവിന്‍റെ സമാധിയെ തുടര്‍ന്ന് ധര്‍മസംഘത്തിലെ ഛിദ്രതയും കലഹവും കണ്ടുകേട്ട് കൂടുതൽ നിരാശനായി അദ്ദേഹം ജലപാനം വിട്ട് മൗനിയായി ധ്യാനലീനനായി സമാധാനത്തോടെ സമാധിയടഞ്ഞു എന്നും പഴമക്കാര്‍ പറയാറുണ്ട്. തലശ്ശേരിയിലെ ആൽചുവട്ടിൽ മഞ്ഞും വെയിലും മഴയും കൊണ്ടുചെയ്ത ആ തീവ്രധ്യാനത്തിലൂടെയാണ് അദ്ദേഹം ഗുരുവിലേക്ക് ആദ്യം സംഘം ചേര്‍ന്നതെങ്കിൽ, 1928 സെപ്റ്റംബര്‍ 21 മുതൽ 23 വരെ നടത്തിയ അതിതീവ്ര മൗനധ്യാനത്തിലൂടെ അദ്ദേഹം വീണ്ടും ഗുരുവരുളിലേക്ക് സാന്ദ്രമായി ചേര്‍ന്നു. കന്നി 8നായിരുന്നു ചരമം. ഗുരു കന്നി 5നു പോയിരുന്നു.
കൊല്ലം 1058 മകരം പത്തിനായിരുന്നു തൃശ്ശൂര്‍ ചിറക്കൽ ഗ്രാമത്തിലെ ഈഴവപ്പറമ്പ് കുടിയിൽ ഇക്കോരന്റെയും ചെറോണിയുടെയും മകനായി സ്വാമി പിറന്നുവീണത്. വേലായുധന്‍ എന്നായിരുന്നു പേര്. ആദ്യം ജ്യോതിര്‍മഠത്തിൽ വെച്ച് ഈശ്വരാനന്ദ മണ്ഡലീശ്വറിൽ നിന്നും ബോധാനന്ദഗിരിയും, പിന്നീട് വര്‍ക്കലയിൽ വെച്ച് 1912ൽ ഗുരുവിലൂടെ ബോധാനന്ദ സ്വാമികളുമായി. ചെറുപ്പത്തിൽ അമരകോശവും കാവ്യവും ഗണിതവും മറ്റും ഒരു നാട്ടെഴുത്തച്ചനിൽ നിന്നുമാണ് പഠിച്ചത്. എഴുത്തിന്റെയും സംഘത്തിന്റെയും പാരമ്പര്യം ബോധാനന്ദരിൽ ശക്തം.
കൊച്ചി തീയമഹാസഭ എന്നുമറിയപ്പെട്ട കൊച്ചി ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തിന്‍റെ സ്ഥാപകാധ്യക്ഷനായി നീണ്ട പതിമൂന്നു വര്‍ഷം ഇളവേൽക്കാതെ പണിയെടുത്തു. ഗുരു ജീവിച്ചിരിക്കെ 1927ൽ അനുമതിയും അറിവും നേടി മൂര്‍ക്കോത്ത് കുമാരന്‍റെ നേതൃത്വത്തിൽ തലശ്ശേരി ജഗന്നാഥ ക്ഷേത്രവളപ്പിൽ തന്നെ ഗുരുവിന്‍റെ പ്രതിമ സ്ഥാപിച്ചത് ബോധാനന്ദരാണ്. അത് ഭാവന ചെയ്തതും സ്വാമി തന്നെ. വിഗ്രഹവത്കരണമായല്ല, തികച്ചും പാശ്ചാത്യ ആധുനികവും ഇൻഡ്യൻ പ്രബുദ്ധവുമായ നാഗരിക രീതിയിൽ ആദരവും ഓര്‍മയും കലയുമായാണ് പ്രതിമകളെ ബോധാനന്ദര്‍ പിൽക്കാലത്ത് തിരിച്ചറിഞ്ഞത്.
വിഖ്യാത ഇറ്റാലിയന്‍ ശിൽപി താവരാലിയെ കൊണ്ട് പഞ്ചലോഹത്തിൽ ചെയ്യിച്ച ആ ആധുനിക കലാ നിര്‍മിതി വര്‍ഷങ്ങളെടുത്ത് ആദ്യം ഇറ്റലിയിൽ നിന്നും ശ്രീലങ്കയിലെ കൊളമ്പോയിൽ എത്തിക്കുകയും, അവിടെ 1926ലെ രണ്ടാം സന്ദര്‍ശനത്തിൽ ഗുരു നേരിട്ടുകാണുകയും, തുടര്‍ന്ന് കേരളത്തിലെത്തിച്ച് സ്ഥാപിക്കുകയുമായിരുന്നു. പൊതുജനങ്ങളുടെ ചിലവിൽ നൂറുവര്‍ഷത്തിനു ശേഷം കേരളത്തിലെ ആദ്യ ഗുരു പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിതമാവുകയും, ഗുരുവിന്‍റെ പേരിൽ ഒരു തുറന്ന സര്‍വകലാശാല തുറക്കപ്പെടുകയും ചെയ്യുമ്പോൾ, ഏറെ വൈകിപ്പോയെങ്കിലും നാമതിനെ സ്വാഗതം ചെയ്യുകയും അതിലൂടെ മറക്കാനും മായ്ക്കാനും ശ്രമിക്കുന്ന വര്‍ത്തമാനത്തിലെ സാമൂഹിക നീതിയുടെയും പ്രാതിനിധ്യ ജനായത്തത്തിന്റെയും പ്രശ്നങ്ങളെ ഗുരു പഠിപ്പിക്കുന്ന നൈതിക വിമര്‍ശന ബോധത്തോടെ ചര്‍ച്ച ചെയ്യുകയും ചെറുക്കുകയും ചെയ്യേണ്ടതാണ്. ഗുരു അനൗപചാരിക വിദ്യാഭ്യാസത്തിന്‍റെ വക്താവായിരുന്നില്ല. സാമ്പത്തിക നിര്‍ണയവാദത്തിന്റെയും ആളായിരുന്നില്ല.
പ്രാതിനിധ്യത്തിന്‍റെ രാഷ്ട്രീയമായ ജനായത്തവും, സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും നിറഞ്ഞ ആധുനികതയുമായിരുന്നു അദ്ദേഹത്തിന്‍റെ ദര്‍ശനവും പ്രയോഗവും. അമിത പ്രാതിനിധ്യത്തെയും കുത്തകവത്കരണത്തെയും ചെറുക്കാനും, പ്രാതിനിധ്യവും സമഭാവനയും സാഹോദര്യവും നിറഞ്ഞ പൊതു ഇടങ്ങളും വിദ്യാഭ്യാസ സാഹചര്യങ്ങളും മതനിരപേക്ഷമായി വികസിപ്പിക്കാനും എന്നും ഊന്നിപ്പറയുകയും പഠിപ്പിക്കുകയുമായിരുന്നു ഗുരു. സഹോദരന്‍ മുതൽ ബോധാനന്ദര്‍ വരെ പ്രതിനിധാനം ചെയ്യുന്നതും ആ സത്യത്തിന്റെയും നീതിയുടെയും സാഹോദര്യത്തിന്റെയും ഗുരുവരുളിനെയാണ്. അതാകട്ടെ നമ്മുടെ വര്‍ത്തമാന ഭാവികളിലെ വഴിയും വെളിച്ചവും.
ഡോ. അജയ് എസ്. ശേഖർ- കാലടി സംസ്‌കൃത സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ