ആ പത്ത് ബി.എക്കാരും ദേശീയ വിദ്യാഭ്യാസ നയവും

ഇൻഡ്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശമായ വിദ്യാഭ്യാസ അവകാശത്തെ (ആര്‍.റ്റി.ഇ ആര്‍ട്ടിക്കിള്‍ 21എ) തികച്ചും റദ്ദുചെയ്യുന്ന നയസമീപനമാണ് ദേശീയനയം പരോക്ഷമായി പറഞ്ഞുവെക്കുന്നത്. ആറു മുതൽ പതിനാലു വയസ്സുവരെയുള്ള നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തെ മൂന്നു മുതൽ പതിനെട്ടു വരെ പുറമേ വലിച്ചുനീട്ടുകയും, അകമേ ഏതു ഘട്ടത്തിലും കൊഴിഞ്ഞുപോകാനുള്ള അവസരം നയം അനുവദിക്കുകയും ചെയ്യുന്നു. നവ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് ഡോ. അജയ് ശേഖർ എഴുതുന്നു.

സമുദായത്തിൽ നിന്നും പത്ത് ബി.എക്കാരെ കണ്ട് കണ്ണടക്കണം എന്നായിരുന്നു മഹാത്മാ അയ്യങ്കാളിയുടെ ജീവിതാഭിലാഷം. അയ്യന്‍റെ ആ ബിരുദധാരികള്‍ ഇന്ന് ബിരുദ-ബിരുദാനന്തര-ഗവേഷണ തലങ്ങളിലും, സേവന മേഖലകളിലും വമ്പിച്ച പ്രതിസന്ധി നേരിടുകയാണ്. നവ ദേശീയ വിദ്യാഭ്യാസ നയവും (എൻ.ഇ.പി) കേന്ദ്ര ഭരണകൂടത്തിന്‍റെ നവലിബറൽ-കോര്‍പറേറ്റ്-ബ്രാഹ്മണ്യ നടപടികളും കൂടി അടിസ്ഥാന ജനതയുടെ വിദ്യാഭ്യാസ-പൗരാവകാശങ്ങളെല്ലാം ഇല്ലാതാക്കിയിരിക്കുന്നു. വിദ്യയിലൂടെ സ്വതന്ത്രരാകാനും പ്രബുദ്ധരാകാനും ഗുരു ബുദ്ധന്‍റെ തൃശരണങ്ങളെ ഓര്‍മിപ്പിക്കുന്ന പോലെ മൊഴിഞ്ഞപ്പോള്‍, തൊട്ടുകൂടാത്തവരാക്കപ്പെട്ട അടിസ്ഥാന ജനങ്ങള്‍ക്കു വേണ്ടി വിദ്യാഭ്യാസ-മനുഷ്യാവകാശ സമരപരമ്പരകള്‍ സാധ്യമാക്കിയത് അയ്യങ്കാളിയാണ്. ആ പത്തുകള്‍ ഇന്ന് ആപത്തുകളിലേക്ക് പതിക്കയാണ്. സംഘത്തിൽ നുഴഞ്ഞുകയറി ആ പത്ത് കപ്പങ്ങള്‍ കുത്തിച്ചെലുത്തി വഴിതെറ്റിച്ചാണ് വരേണ്യ പൗരോഹിത്യ ശക്തികള്‍ മഹായാനമെന്ന മായാനമുണ്ടാക്കി പ്രബുദ്ധമായ തേരവാദ സംഘങ്ങളെ തകര്‍ത്തത്. അതുപോലെ ഭരണഘടനാ സംവിധാനങ്ങള്‍ക്കുള്ളിൽ കടന്നുകയറി അവയിൽ ക്രമേണ ഛിദ്രതയും ആശയക്കുഴപ്പവുമുണ്ടാക്കി ഇൻഡ്യയിലെ നൈതിക കരാറിനെ അകമേ നിന്ന് പിളർത്തി അട്ടിമറിക്കുന്ന പ്രതിവിപ്ലവ പദ്ധതിയാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം. വാജപേയി-മുരളീമനോഹർ ജോഷി കൂട്ടുകെട്ടിൽ തുടങ്ങിയ ഇൻഡ്യന്‍ വിദ്യാഭ്യാസം കാവിവത്കരിക്കാനുള്ള ശ്രമങ്ങളുടെ കരടുരേഖയാണിപ്പോള്‍ നയമായി മാറ്റപ്പെടുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വിദ്യാഭ്യാസ നയരേഖയായി 2016ലും 2019ലും ഘട്ടംഘട്ടമായി വികസിപ്പിച്ച്, 2020ൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) തികഞ്ഞ സ്വകാര്യവത്കരണത്തിന്റെയും വര്‍ഗീയവത്കരണത്തിന്റെയും അധികാര കേന്ദ്രീകരണത്തിന്റെയും നയരേഖയാണ്. എല്ലാം കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്ന കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് കൂടുമാറുന്നു. സംസ്ഥാനങ്ങളുടെ പ്രാദേശിക സംസ്കാരത്തിനും അജണ്ടകള്‍ക്കും തരിമ്പും വിലയില്ലാത്ത കാര്യപരിപാടി. അംഗീകാരങ്ങൾ പടിപടിയായി നിര്‍ത്തിക്കൊണ്ട് കോളേജുകളെ തകര്‍ക്കുന്ന ഉച്ചനീചക്രമത്തിലുള്ള സ്വയംഭരണ പരിപാടിയും സ്വകാര്യ-വിദേശ സര്‍വകലാശാലകളുടെ അമിതമായ പ്രോത്സാഹനവും സാമൂഹ്യനീതിയിൽ അടിയുറച്ച ജനകീയ പൊതുവിദ്യാഭ്യാസത്തെ പരിപൂര്‍ണമായും തകര്‍ക്കുമെന്നതിൽ സംശയമില്ല. കേരളത്തെയാകും കൂടുതൽ ബാധിക്കുക. ഭരണഘടനയെ ഉള്ളിലൂടെ പിളര്‍ത്തി ഇല്ലാതാക്കിയാൽ, പിന്നീട് പൗരത്വവും ന്യൂനപക്ഷാവകാശങ്ങളും ഒന്നുംതന്നെ നിലനിൽക്കില്ല.

മുരളീമനോഹർ ജോഷി

ഇൻഡ്യന്‍ വിദ്യാഭ്യാസ രംഗത്തെ കീഴ്മേൽ മറിക്കുകയും, അടിസ്ഥാന ജനതയെ കൗശലത്തോടെ ഉന്നത വിദ്യാഭ്യാസ രംഗത്തു നിന്ന് ‘തൊഴിൽ മേഖല’ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന കൈത്തൊഴിൽ അധ്വാന രംഗത്തേക്ക് വഴിമാറ്റുകയും, അടിസ്ഥാന തലം തൊട്ട് അവരുടെ സുഗമമായ കൊഴിഞ്ഞുപോക്കിനും പുറത്താകലിനും നിരവധി പഴുതുകള്‍ ഒരുക്കിവെക്കുകയും ചെയ്യുന്ന കെണിയാണ് ഈ നയം. മുഖ്യമന്ത്രിമാരെ പോലും തെരുവിൽ ‘ജാതിത്തെറി’ വിളിക്കുന്ന തൊഴിലുറപ്പുകാരായ നവ മണിച്ചിപ്പിള്ളമാരെ ഉൽപ്പാദിപ്പിക്കയാവും ഫലം. ആ സമ്മർദത്തിൽ ക്ഷുദ്രലഹളയുടെ പിന്നാമ്പുറത്തുകൂടി അമിത പ്രാതിനിധ്യത്തിന്‍റെ ‘ദേവസം ഓഡിനന്‍സ്’ പാസാക്കുകയും ചെയ്യുന്നു. ‘ജനപഥത്തിന്റെ’ 2019 ജനുവരി ലക്കത്തിൽ ‘മുലക്കരം’ ഒരു സാമ്പത്തിക പ്രശ്നമായിരുന്നു എന്നെഴുതിയ ടി.കെ ആനന്ദിയെ പോലുള്ള സാമൂഹ്യശാസ്ത്രകാരികളും ജെന്‍ഡര്‍ ഉപദേശകമാരും ബഹുജനങ്ങളുടെ ചെലവിൽ ഉണ്ടായിവന്നേക്കാം. തികച്ചും ജനായത്തവിരുദ്ധവും സമഗ്രാധിപത്യപരവുമായ കാര്യങ്ങളാണ് ഇൻഡ്യയിൽ ഇന്നു നടമാടുന്നത്.

ഇൻഡ്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശമായ വിദ്യാഭ്യാസ അവകാശത്തെ (ആര്‍.റ്റി.ഇ ആര്‍ട്ടിക്കിള്‍ 21എ) തികച്ചും റദ്ദുചെയ്യുന്ന നയസമീപനമാണ് ദേശീയനയം പരോക്ഷമായി പറഞ്ഞുവെക്കുന്നത്. ആറു മുതൽ പതിനാലു വയസ്സുവരെയുള്ള നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തെ മൂന്നു മുതൽ പതിനെട്ടു വരെ പുറമേ വലിച്ചുനീട്ടുകയും, അകമേ നയത്തിൽ ഏതു ഘട്ടത്തിലും കൊഴിഞ്ഞുപോകാനുള്ള അവസരം അനുവദിക്കുകയും ചെയ്യുന്നു. കുളിപ്പിച്ചുകുളിപ്പിച്ചു കുട്ടിയില്ലാതാക്കുന്ന പണി.

ഇരട്ടത്താപ്പും ഒളിവെടിയും വ്യക്തമാണ്. അകത്താക്കലല്ല പുറത്താക്കലാണ് നയരേഖയുടെ അടവു നയം. ആരാണ് അകത്താകുന്നതെന്നും ആരാണ് പുറത്താകുന്നതെന്നും വ്യക്തമാണ്. ചരിത്ര വിഹിതങ്ങളും വര്‍ത്തമാന പ്രാതിനിധ്യവും സാമൂഹ്യനീതിയും നിഷേധിക്കപ്പെട്ട പ്രാന്തീകൃതരായ അടിസ്ഥാന ജനതയാണ് പുറത്താകാന്‍ പോകുന്നത്. അവര്‍ക്ക് പരമാവധി പോയാൽ മിഡിൽ തലം വരെ പോകാം. അവിടം മുതൽ തൊഴിൽ വിദ്യാഭ്യാസമെന്ന് ‘ഓമനപ്പേരിട്ട’ രംഗത്തേക്കു കടക്കാം. പൊഴിഞ്ഞു പോകാനുള്ള പഴുതുകള്‍ പലതാണ്. അഴിയും പൊഴിയും എന്നു പറയുന്നതുപോലെ, അഴിച്ചു വിടുന്നതും അഴിഞ്ഞു പോകുന്നതുമാണ് അഴി, പൊഴിച്ചു കളയുന്നതും തനിയെ പൊഴിഞ്ഞുപോകുന്നതുമാണ് പൊഴി. ഭാഷാലീലക്കും സൂചനക്കും അവസാനമില്ല. ‘തിരുവിതാംകൂറിലെ ചോവന് ചെത്തുമതി’ എന്ന് പയൽക്കുറിയെഴുതിയ വര്‍ണാശ്രമ ഭരണവ്യവസ്ഥയെ കുറിച്ച് ‘തൊഴുംതോറും തൊഴിക്കുകയും തൊഴിക്കുംതോറും തൊഴുകയും ചെയ്യുന്ന സംവിധാനം എന്ന് സി.വി കുഞ്ഞിരാമൻ ഒരു നൂറ്റാണ്ടു മുൻപ് പറഞ്ഞതുപോലെ, വിദ്യാഭ്യാസ-സേവന രംഗത്തു നിന്ന് അടിസ്ഥാന ജനതയെ തൊഴിച്ചുപുറത്താക്കാനുള്ള തന്ത്രമാണോ കേന്ദ്ര നയരേഖ എന്നാശങ്കപ്പെടാന്‍ ഏറെ വകയുണ്ട്!

ആമുഖം തന്നെ വ്യക്തമാക്കുന്നതു പോലെ പുരാതനവും സനാതനവുമായ ഇൻഡ്യന്‍ പൈതൃകത്തെക്കുറിച്ചു പറഞ്ഞുകൊണ്ട്, ആത്മസാക്ഷാത്കാരത്തിന്‍റെ തികച്ചും വൈദികവും വര്‍ണാശ്രമ ധര്‍മപരവുമായ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തെ പുനരാനയിച്ച് ഇൻഡ്യന്‍ വിദ്യാഭ്യാസത്തെ എന്നേക്കുമായി ഹൈന്ദവീകരിക്കാനും വര്‍ഗീയവത്കരിക്കാനുമാണ് നയരേഖ ശ്രമിക്കുന്നത്. ഇൻഡ്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വൻശക്തിയാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന നയം ഗുരുകുല, പാഠശാല, ആശ്രമശാലാ മാതൃകകളെയാണ് സ്വീകരിച്ചാനയിക്കുന്നത്. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും ശൂദ്രര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഗതികിട്ടാത്ത, നീതികിട്ടാത്ത സമ്പ്രദായമായിരുന്നു ഇതെന്ന് എല്ലാവര്‍ക്കുമറിയാം.

അയ്യങ്കാളി ഡോ. അജയ് ശേഖറിന്റെ വരയിൽ

ഏവരെയും മോഹിപ്പിക്കുന്ന പദാവലിയിലൂടെ ജനവഞ്ചന നടത്തുകയാണ് നയരേഖയുടെ മറ്റൊരു അടവുനയം. സാഹിത്യ സൗന്ദര്യ ലേബലിൽ കേരളത്തിൽ നടത്തുന്ന പുരാണപട്ടത്താനങ്ങള്‍ പോലെ ജനങ്ങളുടെ ചിലവിൽ അവരെ അപരവത്കരിച്ച് പ്രതീകാത്മക ഹിംസ നടത്തുന്ന ഗീർവാണം മാത്രമാണിത്. തുല്യതയേയും സാമൂഹ്യനീതിയേയും കുറിച്ചു പറയുകയും, അതിനു കടകവിരുദ്ധമായ പുറന്തള്ളലിന്റെയും, ഭരണഘടനാ വിരുദ്ധവും സാമൂഹ്യനീതിക്കു നിരക്കാത്തതുമായ മുട്ടുന്യായങ്ങൾ കൊണ്ടുവന്ന് ഭരണഘടനയുടെ നൈതികാധാരത്തെ തകര്‍ക്കുകയുമാണ് ലക്ഷ്യമെന്നു വ്യക്തം.

ആദിവാസികളുടെ വിദ്യാഭ്യാസത്തിന് ഗുരുകുല-പാഠശാലാ മാതൃകയിൽ ‘ആശ്രമശാലകള്‍’ ഉയര്‍ത്തണമെന്നാണ് നയം അനുശാസിക്കുന്നത്. ഭാഷാ നയം ഇതിലും മാരകവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉള്ളതുമാണ്. പ്രാദേശിക ഭാഷകളെ മാതൃഭാഷാ വാദത്തിലൂടെ പ്രോത്സാഹിപ്പിക്കുമെന്ന ബാഹ്യ അവകാശവാദത്തിനുള്ളിൽ പൊതിഞ്ഞു പൂഴ്ത്തിയിരിക്കുന്നത് സമഗ്രാധിപത്യത്തിന്‍റെ പാഷാണമാണ്. ഇൻഡ്യയിലെ എല്ലാ ഭാഷകളുടെയും മാതാവെന്ന വസ്തുതാവിരുദ്ധമായ മാതൃവാദ ലേബലിൽ പഴയ രാജഭാഷയും ഭരണഭാഷയും അധീശഭാഷയുമായ സംസ്കൃതത്തെ പുനരാനയിച്ചു കാനോനീകരിക്കാനുള്ള ഗൂഢപദ്ധതി ഒളിഞ്ഞിരിക്കുന്നു. സംസ്കൃതത്തിനൊപ്പം വ്യാജമായ രാഷ്ട്രഭാഷാ പദവി നൽകി എഴുന്നള്ളിച്ചിരിക്കുന്ന ഹിന്ദിയെയും ഉൽകൃഷ്ടമായി സ്ഥാപിക്കാനാണ് പദ്ധതി. ഭരണഘടനാപരമായി ഇംഗ്ലീഷും ഹിന്ദിയും തുല്യമായ രണ്ട് ഔദ്യോഗിക ഭാഷകളാണ്. ഇങ്ങനെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികതയുടെയും ശാസ്ത്ര/സാങ്കേതിക/വാണിജ്യ വിനിമയങ്ങളുടെയും ലോകഭാഷയായ ഇംഗ്ലീഷിനെ പടിപടിയായി ഒഴിവാക്കുകയും, സംസ്കൃതീകരിക്കപ്പെട്ട ഹിന്ദിയെ പെരുക്കുകയും ചെയ്യുക എന്ന ഗൂഢപദ്ധതിയും പുറത്താകുന്നതായി കാഞ്ച ഐലയ്യ അടക്കമുള്ള ദലിത്-ബഹുജന വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

കാഞ്ച ഐലയ്യ

അതുപോലെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥക്കും പ്രാതിനിധ്യരാഹിത്യത്തിനും പരിഹാരമായി ഭരണഘടന അവതരിപ്പിച്ച സാമുദായിക സംവരണത്തെ അട്ടിമറിച്ചുകൊണ്ട്, ജനായത്തത്തിന്‍റെ ആധാരമായ സാമൂഹ്യനീതിയെയും സാമൂഹ്യ പ്രാതിനിധ്യത്തെയും ഇല്ലായ്മചെയ്യുന്ന നയസമീപനവും ആധുനിക ജനായത്ത ഇൻഡ്യയുടെ അന്ത്യംകുറിച്ചേക്കാം.

ചരിത്രത്തിനും യാഥാര്‍ഥ്യത്തിനും സ്ഥിതിവിവരക്കണക്കുകള്‍ക്കും നീതിക്കും സത്യത്തിനും നിരക്കാത്ത സാമ്പത്തിക മാനദണ്ഡം കുത്തിച്ചെലുത്തി സാമൂഹ്യനീതിയെ റദ്ദുചെയ്യുന്ന ഗൂഢനയം മാരകമാണ്. ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടത്തുക വഴി സംഭവിച്ചത് അതാണ്. ‘സാമൂഹ്യ-സാമ്പത്തിക അവശ വിഭാഗം’ എന്ന പേരിൽ സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളെ കൂട്ടിച്ചേര്‍ത്ത് ബോധപൂര്‍വം പ്രാഥമിക സാമൂഹ്യ പ്രാതിനിധ്യമായ സംവരണത്തെയും ജനായത്തപരമായ പ്രാതിനിധ്യ വ്യവഹാരത്തെയും അട്ടിമറിക്കുകയും ഇല്ലായ്മചെയ്യുകയും ചെയ്യുന്ന നടപടി തികച്ചും ഭരണഘടനാ വിരുദ്ധമാണ്. തന്‍റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടാൽ വയലേലകളിൽ മുട്ടിപ്പുല്ലു മുളപ്പിക്കുമെന്ന അയ്യന്‍റെ മുന്നറിയിപ്പാണ് കേരളത്തിൽ മുഴങ്ങേണ്ടത്. കാര്‍ഷിക സമരവും മനുഷ്യാവകാശ സമരങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ തന്നെ പ്രാദേശികമായി തുടങ്ങിയതിന്റെ മാതൃകയായ ആറാട്ടുപുഴയുടെ ധീരസമരമാണ് കേരളത്തിനു മാതൃക. ചേര്‍ത്തല നങ്ങേലിയുടെയും ദളവാക്കുളം രക്തസാക്ഷികളുടെയും നിലവിളി നമുക്കായി മാറ്റൊലികൊള്ളുന്നു. ഇൻഡ്യന്‍ ജനായത്തത്തിനും ഭരണഘടനക്കും വേണ്ടി നിലകൊള്ളുന്നവരെല്ലാം ഈ നവ മനുസ്മൃതിക്കെതിരെ സ്വരമുയര്‍ത്തട്ടെ. പുരാണ പാരായണങ്ങള്‍ വിട്ട് നീതിക്കും സത്യത്തിനും ഇൻഡ്യയുടെ ജനായത്ത ഭാവിക്കുമായി ജനത ഉണരേണ്ടതുണ്ട്.

കാലടി സംസ്കൃത സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ.

Top