മിത്തുകളും യാഥാര്‍ഥ്യങ്ങളും: ഇതിഹാസപുരാണാഖ്യാനങ്ങളുടെ പ്രതിനിധാന ഹിംസ

ആഖ്യാനത്തിലൂടെയാണ് അപരത്വങ്ങളും സാമ്രാജ്യങ്ങളും നിര്‍മിതമാകുന്നത്. ഹൈന്ദവീയതയുടെ ആത്മാഖ്യാനങ്ങളും അപരനിഷേധങ്ങളും ഉന്മൂലന വ്യവഹാരങ്ങളുമാണ് പുണ്യപുരാണങ്ങളും സ്മൃതിശ്രുതികളുമായി സംസ്കൃത സാഹിത്യത്തിൽ നിറയുന്നത്. തെന്നിന്ത്യയെ മാനവീകരിച്ചു മധ്യകാലാരംഭം വരെ പിടിച്ചു നിന്ന നൈതികപാഠങ്ങളെ അട്ടിമറിക്കാനായിരുന്നു ബൗദ്ധരായ ജനതകളെ മൃഗവൽക്കരിച്ചും രാക്ഷസവൽക്കരിച്ചും രാമായണ മാഭാരത ആഖ്യാനങ്ങള്‍ തെക്കോട്ട് അധിനിവേശം നടത്തിയത്. ഡോ. അജയ് ശേഖർ എഴുതുന്നു.

“രാമായണത്തിലെ ദ്രാവിഡ കഥാപാത്രങ്ങളാണ് കുരങ്ങന്‍മാരും രാക്ഷസരുമെന്ന് വിശ്വസിക്കാന്‍ തെളിവുകളുണ്ട്. ആര്യന്‍മാരുടെ മുൻപിൽ ദ്രാവിഡര്‍ വെറും കുരങ്ങന്‍മാരും രാക്ഷസൻമാരുമായിരുന്നു. തമിഴിലേയും തെലുങ്കിലേയും മലയാളത്തിലേയും ചില പ്രയോഗങ്ങള്‍ ഇതിനു തെളിവാണ്”.

  • ഇളംകുളം കുഞ്ഞന്‍പിള്ള, കുരങ്ങുകളുടെ പട്ടട.

 

നാമജപം കൊണ്ട് നാം പൊറുതി മുട്ടിയിരിക്കുകയാണ്. കാനനവാസനും ത്രിരത്ന മുദ്രകാട്ടി  ധ്യാനിക്കുന്ന അയ്യപ്പനു പോലും ഗതിയില്ലാതായിരിക്കുന്നു. സ്വയംസേവകരും ഭൃത്യജനസമാജവും കൈകോര്‍ത്തുള്ള കൈയ്യടിയാണ്. വിശ്വാസികളായ വരേണ്യ ഭക്തമാരും തറ്റുടുത്ത് തങ്ങള്‍ തീണ്ടാരികളും അയിത്തക്കാരുമെന്നു ആര്‍പ്പും കുരവയുമിടുന്നു. കൈയ്യടിച്ചുള്ള ഗോസായി ശൈലിയിലുള്ള “ഹായ് ഹായ്” ശരണം വിളിയും നാമാദ്യമായി കാണുകയാണ്.  പഴയ അടിയളന്നുള്ള ഹോയ് ഹോയ് വിളി മാത്രമേ നമ്മുടെ പഴമക്കാര്‍ കേട്ടിട്ടുള്ളു. ആരുടെ നാമമാണു ജപിക്കുന്നതെന്നു കൂടി നോക്കാം. രാമന്‍റെ നാമമാണീ ജപിക്കുന്നത്. ശബരിമലയെ രാമവൽക്കരിക്കാനാണ് പരിവാരവും കാവ്യചോരണമാരോപിക്കപ്പെട്ട ഇടതുപക്ഷ നവോത്ഥാന വേദികള്‍ പോലും കയ്യാളുന്ന ചില പ്രസംഗ കേസരികളും ശ്രമിക്കുന്നത്. ശബരിയേയും രാമനേയും കുറിച്ചവര്‍ വാചാലരാകുന്നു. രാമനവിടെ വന്നുവത്രേ, തീര്‍ച്ചയായും രാമന്‍ ശബരികൊടുത്ത പഴവും കടിച്ചുതിന്നു വിസര്‍ജിച്ചിരിക്കാം. രാമനും പരിവാരവും കുളിച്ച കുളവും പലയിടത്തുമുണ്ടല്ലോ. പോരേ പൂരം. ചവരിമാനുകളുടെ പേരിലറിയപ്പെട്ട ചവരിമലയെ രാമായണത്തിലെ ശബരിയുടെ മലയാക്കി രാമനു ചാര്‍ത്തിക്കൊടുക്കുന്നു ഇടതു യുവജനവേദികൾ അലങ്കരിച്ച ക്ഷുദ്രശബ്ദങ്ങള്‍. പാദജലീലകള്‍ കേട്ടാൽ ചിലര്‍ക്കു മതിവരാ…

രാമാദികളുടെ കാലത്തെങ്കിൽ ശംബൂകന്‍റെ ഗതിയാവും നമുക്കുണ്ടാവുകയെന്നും കാരണം സ്മൃതികള്‍ നോക്കി ഭരിക്കുന്നവരല്ലേ ഹിന്ദുക്കള്‍ എന്നുമുറക്കെ വിളിച്ചു പറഞ്ഞത് 1914ൽ കേരള നവോത്ഥാന ആധുനികതയുടെ വിധാതാവായ നാണുഗുരുവാണ്. രാമനും കൃഷ്ണനും ശിവനുമൊക്കെ പണ്ടുകാലത്തെ ചില ജനവിഭാഗങ്ങളുടെ നേതാക്കളാണെന്നും ശിവനാണെങ്കിൽ കാട്ടുവാസികളുടെ നേതാവാകാമെന്നും തലയിൽ ചന്ദ്രക്കലയെന്നു പറയുന്നത് വല്ല ചീപ്പുമാകുമെന്നും അപാര നര്‍മബോധത്തോടെ അഭിപ്രായപ്പെട്ടതും മറ്റാരുമല്ല. അപൗരുഷേയമെന്നു വാഴ്ത്തപ്പെട്ട വൈദിക പുരുഷ സൂക്തത്തെ ഇതെന്താ മരം പൊട്ടിമുളയ്ക്കുന്നതു പോലെയോ എന്നാക്ഷേപവിമര്‍ശം ചെയ്തതും ആചാരലംഘനങ്ങളുടെ ആശാനായ കേരളപുത്തരായ നാണുവാശാനാണ്. അരുവിപ്പുറം മുതൽ അധീശത്തത്തിന്‍റെ അപനിര്‍മാണമായ ആചാരലംഘനങ്ങളുടെ വമ്പിച്ച പ്രവാഹത്തെ അദ്ദേഹം അഴിച്ചുവിട്ടു. അരുവിപ്പുറം പ്രതിഷ്ഠാപനകലയുടെ 130 വര്‍ഷങ്ങളും മഹാനായ അയ്യന്‍റെ വില്ലുവണ്ടിയാത്രയുടെ 125 വര്‍ഷങ്ങളും പൂര്‍ത്തിയാവുകയാണ്. അധീശരൂപമാര്‍ജിക്കുന്ന മിത്തുകളേയും വിശ്വാസങ്ങളേയും അപനിര്‍മിക്കാനുള്ള വഴി കേരള നവോത്ഥാനത്തിനും തുടര്‍ന്നുവന്ന സാമൂഹിക നീതിയുടെ ആധാരമുള്ള യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന മാനവിക ജനായത്ത ചേതനയ്ക്കും ആധുനിക കാലത്തു വീണ്ടെടുത്തു നൽകിയത് പാശ്ചാത്യരെ ഗുരുക്കന്മാരായി കണ്ട നാണുഗുരുവാണ്. പല പഴക്കവാദങ്ങളേയും പുരാവൃത്തങ്ങളേയും അദ്ദേഹം അനുകമ്പയില്ലാതെ തച്ചുടച്ചിട്ടുമുണ്ട്. നൈതിക ജാഗ്രതയുള്ള ചരിത്രവിമര്‍ശബോധമാണ് നാമദ്ദേഹത്തിൽ നിന്നും ഇന്ന് അടിയന്തിരമായി പഠിക്കേണ്ടത്. ക്രിസ്തു ലോകചരിത്രത്തെയെന്ന പോലെ കേരളപുത്തരായ നാണുവാശാന്‍ നമ്മുടെ വര്‍ത്തമാനചരിത്രത്തെ മാറ്റിയെഴുതി. മനുജാകൃതിപൂണ്ട ധമ്മത്തേയും പരമേശ പവിത്രപുത്രനേയും കരുണാവാനായ നബിമുത്തുരത്നത്തേയും നമുക്കരുളി ചെയ്തു.

ജനമനസുകളിലും ഭാഷണത്തിലും വേരോടിയ പുരാവൃത്തങ്ങളും പഴമകളുമാണ് മിത്തുകള്‍. അവയിൽ ഭാവനയുടേയും കാമനയുടേയും ആഖ്യാനത്തോടൊപ്പം ചരിത്രവും യാഥാര്‍ഥ്യവും കലരുന്നു. അതുകൊണ്ടു തന്നെ അവയുടെ വിമര്‍ശബോധത്തോടെയുള്ള വിശകലനവും വ്യക്തമായ നിലപാടുള്ള രാഷ്ട്രീയബോധത്തോടെയുള്ള കൊള്ളലും തള്ളലും സമഗ്രാധിപത്യ ഭീഷണിയുടെ കാലത്ത് ആവശ്യമാണ്.

സമഗ്രാധിപത്യം നിത്യമെന്നോണം മനുഷ്യരെ അടിച്ചുകൊന്ന് പശുവിനേയും മാതൃഭൂമിയേയും ഭാഷയേയുമെല്ലാം കേന്ദ്രീകരിക്കുന്ന ഹൈന്ദവ, വിശ്വാസി സ്വത്വവാദങ്ങളെ  ആളിക്കത്തിക്കുന്ന വര്‍ത്തമാനത്തിലെങ്കിലും സര്‍വവ്യാപികളായ അധീശസഖ്യങ്ങളായ ജാതിഹിന്ദുമനസുകള്‍ ഇതു വിലക്കരുത്. ജാതിഹിന്ദുത്വത്തിന്‍റെ വിമര്‍ശത്തിലൂടെയേ ഇൻഡ്യയിൽ അടിസ്ഥാന രാഷ്ട്രീയ സാമൂഹിക വിപ്ലവം സാധ്യമാകൂ. വര്‍ഗത്തിനുള്ളിൽ ജാതി പ്രവര്‍ത്തിക്കുന്നു. എല്ലാ ജാതി-ലിംഗ-മതസ്ഥരേയും അഭയവും ശരണവും കൊടുത്തരുളിയ പള്ളിമാമല കൈയ്യേറാനുള്ള ഹൈന്ദവ പരിവാര ശൂദ്രലഹളയുടെ മറവി മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ വീഡിയോ റെക്കോഡിൽ നിര്‍ലജ്ജം ജാതിത്തെറി വിളിച്ചത് ഒരു നായര്‍ത്തൊഴിലാളി സ്ത്രീയാണെന്നു മറക്കരുത്. ജാതിഹിന്ദുത്വത്തേയും വര്‍ണാശ്രമത്തേയും കാണാത്ത സാമ്പത്തിക മാത്ര വര്‍ഗസമരം അംബാനിമാരേയും അഡാനിമാരേയും സത്യൻ അഭിനയിച്ച പഴയ കായംകുളം കൊച്ചുണ്ണി സിനിമയിലെ ജാനകിപ്പിള്ളമാരെ പോലെ സാമൂഹിക ബാധയായി മാറിയിരിക്കുന്ന ദേശീയ ദുരന്തങ്ങളായ സാമ്പത്തിക സംവരണാര്‍ഥികളായ നവ മണിയമ്മപ്പിള്ളമാരെ മാത്രമേ ഉൽപാദിപ്പിക്കുകയുള്ളു. മാനവികതയേയും നാണുഗുരു പറഞ്ഞ പുണര്‍ന്നുപെറുന്ന ഇനമായ (species) ഒരു ജാതിയായ നരജാതിയേയും ആദ്യം നിര്‍ണയിക്കുകയും നവബുദ്ധന്‍ പഠിപ്പിച്ച ജാതിയുടെ നിര്‍മൂലനത്തിലേക്കുള്ള സാമൂഹിക മിശ്രതയുടെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്യുമ്പോള്‍ സമഗ്ര സാമൂഹിക മാറ്റം, മാര്‍ക്സ് പറഞ്ഞ ലോകത്തിന്‍റെ മാറ്റിപ്പണിയൽ ഇൻഡ്യയിലും ആരംഭിക്കും. അല്ലാത്ത പക്ഷം ബുദ്ധിസത്തേയും ക്രൈസ്തവീയതയേയും ഇൻഡ്യയിലെത്തിയ എല്ലാ വിമോചന ചിന്തകളേയും ചെറുമതങ്ങളേയും പോലെ കമ്യൂണിസത്തേയും ബ്രാഹ്മണ്യം വിഴുങ്ങുമെന്നതിൽ സംശയമില്ല. നിര്‍ണായക നയനേതൃത്വങ്ങളിൽ ബ്രാഹ്മണ്യത്തിനും ശൂദ്രത്തത്തിനും മേൽക്കൈ കൈവന്നു എന്നതാണ് സ്വയംസേവകര്‍ പോലും തുറന്നു പറയാന്‍ മടിക്കുന്ന ഇൻഡ്യന്‍ ചരിത്രത്തിനും സാമൂഹിക നീതിക്കും ഭരണഘടനാ നൈതികതയ്ക്കും കടകവിരുദ്ധമായ സാമ്പത്തിക സംവരണ-വെണ്ണപ്പാളിവാദത്തിന് കേരളത്തിലെ ഇടതുപക്ഷത്തിനകത്തു പ്രാമുഖ്യം കിട്ടിയിരിക്കുന്നു എന്ന വര്‍ത്തമാന യാഥാര്‍ഥ്യം വ്യക്തമാക്കുന്നത്. മാര്‍ക്സ് തന്നെ ഓര്‍മപ്പെടുത്തിയ പോലെ ചരിത്രം ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ആവര്‍ത്തിക്കും, നാം ചരിത്രത്തിൽ നിന്നും പാഠം പഠിക്കുന്നില്ല എങ്കിൽ. ചരിത്രത്തിൽ ന്യായവിഹിതങ്ങളും മനുഷ്യാവകാശങ്ങളും സാമൂഹിക വിദ്യാഭ്യാസ അവകാശങ്ങളും നിഷേധിക്കപ്പെട്ട് കാലടിയിൽ ചവിട്ടിയമര്‍ത്തിയവരുടെ ജനായത്ത പ്രാതിനിധ്യാവകാശത്തിൽ കയ്യിട്ടുവാരുന്ന വരേണ്യ മാടമ്പിത്തം തോളിലിരുന്ന് ചെവിതിന്നുകയാണ്.

ശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും അവര്‍ണര്‍ക്കും അക്ഷരം വിലക്കി,  ഭാഷയേയും ഭാഷണത്തേയും പ്രതിനിധാന ചിഹ്നവ്യവസ്ഥകളേയും കുത്തകയാക്കിയ അധീശ വര്‍ഗങ്ങളാണ് സാഹിതീയവും അല്ലാത്തതുമായ ആഖ്യാനങ്ങളേയും ഇവിടെ നിര്‍ണയിച്ചതും സ്വാംശീകരിച്ചതും പലതരം മൂലധന കുത്തകയാക്കിയതും. അവര്‍ണരും അവരിൽ ദലിതരുമാണ് ഈ മൃഗീയ അസമത്വത്തിന്‍റെ തികഞ്ഞ ഇരകള്‍. അതിനുള്ള നൈതിക സാധൂകരണമാണ് നവബുദ്ധന്‍ നയിച്ച ഇൻഡ്യന്‍ ഭരണഘടന വിഭാവനം ചെയ്ത സാമൂഹിക നീതി സങ്കൽപം. മൂലധന വിമര്‍ശം വര്‍ത്തമാനകാലത്ത് ഇത്തരം ചരിത്ര സങ്കീര്‍ണതകളേയും നൈതിക പ്രകരണങ്ങളേയും സംബോധന ചെയ്തേ മതിയാവൂ. ഇല്ലെങ്കിൽ ഇത്തരം തീണ്ടാരി-ശൂദ്രലഹളകളുമായി സ്വയംസേവകരും ഭൃത്യജനങ്ങളും തെരുവിലിറങ്ങും. ഇൻഡ്യയിൽ ക്ഷുദ്രമായ അപശൂദ്രാധികരണവും അപമാനവീകരണവും ലിംഗ ഉച്ചനീചത്തവും അയിത്തവും നടപ്പാക്കിയത് ഇന്ന് ഇൻഡ്യന്‍ ഫെമിനിസ്റ്റുകളായ ഉമ ചക്രവര്‍ത്തിയും വി.ഗീതയും രാജേശ്വരി സുന്ദര്‍രാജനും ഷര്‍മിള റെഗേയുമെല്ലാം ബ്രാഹ്മണിക ആണ്‍കോയ്മ എന്നു വിളിക്കുന്ന ഇൻഡ്യന്‍ അധീശത്തമാണ്. ഹിന്ദുത്വമെന്നും ബ്രാഹ്മണ്യമെന്നും അറിയപ്പെടുന്ന ഈ പരാന്നഭോജിയായ പ്രത്യയശാസ്ത്രം തന്നെയാണ് ഇൻഡ്യന്‍ ഫാഷിസത്തെ ഉൽപാദിപ്പിക്കുന്നതും. കേരളത്തിലെ അശോകബോധകരുടെ കാലത്താരംഭിച്ച നൈതികവും പ്രബുദ്ധവുമായ തേരവാദചിന്തയെ അപരവൽക്കരിച്ചുള്ള കൊലപാതകത്തിന്‍റെ ഭൂമികയാക്കി മായാനവും വജ്രയാനവും ഗൂഢമായി കൊണ്ടുവന്ന്, ഭോഗകാമനകളിലൂടെ, ആഖ്യാനലീലകളിലൂടെ മാഭാരപട്ടത്താനങ്ങളിലൂടെ ഹൈന്ദവമാക്കി മാറ്റിയെടുത്ത,  മധ്യകാലത്താരംഭിക്കുന്ന വൈഷ്ണവ-ശൈവ ലഹരിപൂണ്ട (ഭക്തിയുടെ ലഹരി മോന്തിയാൽ എന്തും സംഭവിക്കുമെന്നു ഇളംകുളം) ഭക്തിപ്രസ്ഥാനം മുതൽ കൊടുങ്ങല്ലൂര്‍ കളരിയും കവിരാമായണ വിവാദവും ചില്ലുവഴക്കുമൊക്കെ വരെ ബ്രാഹ്മണിക മൂല്യ വ്യവസ്ഥയുടെ അപ്രമാദിത്തത്തെ വ്യക്തമാക്കുന്നതാണ്. ഭരണവര്‍ഗങ്ങളുടേയും അവരുടെ പാദജരും ഉപജാപക്കാരുമായ മധ്യവര്‍ത്തികളുടേയും പ്രത്യേകിച്ചും പൗരോഹിത്യ-പടയാളി ചങ്ങാത്തങ്ങളുടെ അധീശ താൽപര്യങ്ങളാണ് പ്രത്യയശാസ്ത്രപരമായി മിത്തുകളേയും കാവ്യേതിഹാസാദികളേയും പുരാണങ്ങളേയും സ്വാധീനിച്ചു നയിച്ചതും പാഠവൽക്കരിച്ചതും വ്യാഖ്യാനിച്ചതും. സാഹിത്യ കാനോനകള്‍ വരേണ്യ അധീശാധികാര നിര്‍മിതികളുമാണ്. സംസ്കാര വരേണ്യതയും വംശീയമേന്മാവാദവും അപരവൽക്കരണവും പരസ്പര സംബന്ധത്തിലുമാണ്.

ഇൻഡ്യയിലെ അധീശ പ്രത്യയശാസ്ത്രവും മതവ്യവഹാരവുമായ ബ്രാഹ്മണിസം എന്ന ബ്രാഹ്മണകേന്ദ്രിതവാദമാണ് വേദേതിഹാസാദി സ്മൃതിശ്രുതിപുരാണങ്ങളിലൂടെ ഹിന്ദുത്വ സാമ്രാജ്യത്തിന്‍റെ പാഠബലമായി വര്‍ത്തിക്കുന്നത്. ചാതുര്‍വര്‍ണ്യമെന്ന വര്‍ണാശ്രമധര്‍മത്തേയും അതിന്‍റെ അഴുകിയ സാമൂഹിക ശ്രേണീകൃത രൂപമായ ജാതിവ്യവസ്ഥയേയും സാധൂകരിക്കുകയും “ധര്‍മ”മെന്ന പേരിൽ സ്വധര്‍മമായും കുലധര്‍മമായും  ചിവിട്ടിയുറപ്പിക്കുകയുമാണ് പുരുഷസൂക്തവും മനുസ്മൃതിയും ഗീതയും മുതൽ മഹാത്മാവായ ഗാന്ധിയുടെ വിശ്രുത രചനകളായ വര്‍ണാശ്രമധര്‍മവും ഐഡിയൽ ഭംഗിയും വരെ ചെയ്തു പോന്നത്. 1934ൽ പള്ളുരുത്തിയിൽ വച്ച് സഹോദരന്‍ ഗാന്ധിയോടു സ്നേഹാദരങ്ങളോടെ പറഞ്ഞത് ചാതുര്‍വര്‍ണ്യത്തിന്‍റെ അധീശമതത്തേയും, വര്‍ണധര്‍മത്തിനു ഗ്ലാനിയില്ലാതെ സംരക്ഷിക്കുന്ന, അതായത് ബ്രാഹ്മണിസത്തിന്‍റെ കാണക്കാരായ കൊലപാതകികളായ രാമകൃഷ്ണന്മാരുടെ അപദാനകാവ്യങ്ങളേയും ആദര്‍ശവൽക്കരിക്കുന്നത് നിര്‍ത്തണമെന്നായിരുന്നു. പഴയ പട്ടന്മാരെന്ന ഇന്നത്തെ പ്രൊഫസര്‍മാരും രാമായണ-മാഭാരതങ്ങളെ വിടുന്നില്ല. ആത്മാരമണന്‍മാര്‍ നവരാമകൃഷ്ണരാസലീലകളാടി വളഞ്ഞവാലിൽ കുത്തി മറിയുകയാണ്. പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വമ്പിച്ച ഇടനിലക്കാരായ കുഴലൂത്തുകാരുടെ കാര്യം തഥൈവ. ബ്രാഹ്മണരേക്കാള്‍ വലിയ ഹൈന്ദവരായി ചമയുന്ന ആയിരം നാവുള്ള ഈ ചിരിക്കുന്ന ക്ഷുദ്രരാണ് ഇൻഡ്യയുടെ ശാപം. അവരുടെ പ്രസംഗ പൈങ്കിളി കോപ്പുകൂട്ടുന്നത് ഹിന്ദുത്വത്തിനാണ്. ചിരിച്ചുകൊണ്ടവര്‍ ബഹുജനങ്ങളുടെ കഴുത്തറുക്കുന്നു. ശംബൂകന്മാരും ബാലിമാരും ശൂര്‍പ്പണഘമാരും കരുതുക. ബ്രാഹ്മണിസം ഇൻഡ്യ കീഴടക്കിയത് നാലാം വര്‍ണമായി ഉള്‍ച്ചേര്‍ത്ത ജനവഞ്ചകരായ ഈ മധ്യവര്‍ത്തി ദല്ലാള വര്‍ഗങ്ങളെക്കൊണ്ടാണ്. സ്വന്തം സഹോദരരെ മര്‍ദ്ദിച്ച് സ്വന്തം പെണ്ണുങ്ങളെ പൗരോഹിത്യ ആണ്‍കോയ്മയ്ക്കു കൂട്ടിക്കൊടുത്ത് ഇവര്‍ ബ്രാഹ്മണ്യത്തിനു ചൂട്ടുപിടിച്ചു പായചുരുട്ടി തുണിചുറ്റി തൂണും ചാരിനിന്നു. ഹൈന്ദവ സാമ്രാജ്യത്തം ധര്‍മതീര്‍ഥര്‍ 1942ൽ പറഞ്ഞപോലെ പ്രമാദമായി പെരുത്തു. ഇന്നത് മാഭാരതപട്ടത്താനക്കാരുടെ ആഖ്യാന പ്രഭാഷണ ലീലകളിലൂടെ ഇടതുവേദികളേയും കയ്യാളുകയാണ്.

മഹിഷാസുര പ്രതിമ, മൈസൂർ

ഇൻഡ്യയിലെ ഹൈന്ദവ ദേശീയവാദത്തിന്‍റെ കാളീഘട്ടമായ പത്തൊമ്പതാം നൂറ്റാണ്ടിലെ വംഗനവോത്ഥാനത്തിലെ (വംഗനവോത്ഥാനം യഥാര്‍ഥത്തിൽ ഹൈന്ദവ പുനരുത്ഥാനമായിരുന്നു) ബിബേകാനന്ദോ-ഒരബിന്ദോ-ബങ്കിംചന്ദ്രോ ത്രയങ്ങളിലാരംഭിക്കുന്ന കൈശോരകഭാവത്തിലുള്ള മാതൃവാദപരമായ അപരവൽക്കരണ നവഹൈന്ദവ അധീശവ്യവഹാരം തുടര്‍ന്ന് തിലക്-പട്ടേൽ-ഗാന്ധി ത്രയങ്ങളുടെ നവദേശീയമായ മാഭാരത-ഗീതാ വ്യാഖ്യാനങ്ങളും ഭാവാത്മക ഹിന്ദുസ്വരാജ്യ വാങ്മയങ്ങളുമായി വികസിക്കുന്നതായി ഇന്ന് ഹൈന്ദവ ദേശീയവാദത്തേയും സമഗ്രാധിപത്യത്തേയും കുറിച്ചു പഠിക്കുന്ന ഗവേഷകര്‍ പറയുന്നു. ദേശത്തേയും ഭാഷയേയും പശുവിനേയുമെല്ലാം മാതാവാക്കുന്ന അധീശവാദവും അറിവുകേടും അന്ധതയുമാണിത്. മാതൃഭൂമിവാദവും മാതൃഭാഷാവാദവും പശുമാതാവാദം പോലെ തന്നെ തികച്ചും സങ്കുചിതവും അപരനിഷേധത്തിന്‍റേയും ആത്മരതിയുടേയും മേൽ ഉലകിലൊരാനയിലന്ധരെന്ന പോലെ പടുത്തുകൂട്ടുന്നതാണ്. കിണറ്റിലെ തവളകളാണീ പശു, ഭൂമി, ഭാഷാ മാതൃവാദ സ്വത്വവാദികള്‍. വര്‍ഗസ്വത്വം പോലെ തന്നെ ഭാഗീകവും അയുക്തികവും ന്യൂനീകൃതവും അമിതാവേശപരവുമാണീ ബാലിശ മാതൃവാദ സ്വത്വകാമനകള്‍. ആസ്ഥാന കവയിത്രികള്‍ പോലും അന്യദേശക്കാരെന്ന് തൊഴിലെടുക്കുന്ന സ്വന്തം സഹോദരങ്ങളെ കുറ്റാരോപം ചെയ്തു ജീവന്‍രക്ഷാ ചികിൽസ പോലും കേരളത്തിനകത്തു നിഷേധിക്കുന്ന തലത്തിലേക്കതു മലയാള കുലീനതയുടെ പരിസരത്ത് മൃഗീയമായോ കാളീയമായോ കൂപ്പുകുത്തുന്നു. മാതാക്കളും മറുതാക്കളും മലയിറങ്ങി വരികയാണ്. മലയാളന്മാരുടെ ഭാഷ നാഗരികമായ കേരള ഭാഷയെ കീഴടക്കിയ ചരിത്രവും ഇതോര്‍മിപ്പിക്കുന്നു.

ഓറിയന്‍റലിസ്റ്റുകളും കൊളോണിയൽ ഇന്‍ഡോളജിസ്റ്റുകളും തന്നെ സ്ഥാപിച്ച ഇൻഡോ-ആര്യന്‍ വൈദിക വേദാന്ത സംസ്കൃത പാരമ്പര്യത്തേയാണ് വരേണ്യ ബ്രാഹ്മണിക ദേശീയവാദം പിന്‍പറ്റിയത്. ഇൻഡ്യന്‍ ഭരണഘടനയുടെ ആധുനികത ഇതിനെതിരായതിനാൽ ഹിന്ദുത്വവാദികള്‍ അതിനേ ആദ്യം മുതലേ എതിര്‍ത്തു. വേദങ്ങളുടേയും വേദാന്തങ്ങളായ ഉപനിഷത്തുകളുടേയും ഈ അധീശത്തപരമായ വംശീയ പൗരോഹിത്യ ആണ്‍കോയ്മാ താൽപര്യങ്ങളെ, പ്രത്യേകിച്ചും വര്‍ണാശ്രമധര്‍മത്തെ കഥനഗാഥകളിലൂടെ ജനപ്രിയമാക്കുന്ന മതസാധൂകരണ കര്‍മപരിപാടിയാണ് പൗരോഹിത്യ ആണ്‍കോയ്മയുടെ സ്വന്തം ദൈവീക ഭാഷയായ സംസ്കൃതത്തിൽ മധ്യകാലാരംഭത്തോടെ ചമച്ച കാവ്യേതിഹാസങ്ങളുടേയും പുരാണങ്ങളുടേയും പ്രഖ്യാപിത ലക്ഷ്യം. അംബേഡ്ക്കര്‍ മുതൽ മാര്‍ക്സിസ്റ്റ് ചരിത്രകാരനായ കോസമ്പി വരെ വേദങ്ങളുടേയും പുരാണേതിഹാസങ്ങളുടേയും, ഗീതയുടെ പ്രത്യേകിച്ചുമുള്ള പ്രതിവിപ്ലവങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. 

ഗീതയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ പ്രശ്നവൽക്കരിച്ച കോസമ്പിയാണ് അംബേഡ്ക്കര്‍ക്കു ശേഷം ബ്രാഹ്മണിസത്തെ കുറിച്ചുള്ള തികഞ്ഞ വിമര്‍ശ വിശകലനങ്ങള്‍ മുന്നോട്ടു വെച്ചത്. ഇന്ന് പെറി ആന്‍ഡേഴ്സണെ പോലുള്ള ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചിന്തകര്‍ ഇൻഡ്യന്‍ അധീശത്തം എന്നു വിളിക്കുന്ന കുടിലമായ ഫാഷിസത്തെ ആദ്യം ബ്രാഹ്മണിക ആണ്‍കോയ്മ എന്ന വിമര്‍ശ പരികൽപനയുപയോഗിച്ച് പേരുചൊല്ലി വിളിച്ചത് അംബേഡ്ക്കറായിരുന്നു. തൊട്ടുകൂടാത്തവരും ശൂദ്രരും ആരായിരുന്നു എന്നും അവരെങ്ങനെ അങ്ങനെയായി എന്നുമുള്ള ഇൻഡ്യന്‍ സാമൂഹിക രാഷ്ട്രീയ ചരിത്രങ്ങളിലെ നിര്‍ണായകമായ ചോദ്യമുയര്‍ത്തിയത് ഇന്ന് ബഹുജനങ്ങള്‍ നവബുദ്ധനായി കാണുന്ന അംബേഡ്ക്കറാണ്. മിത്തും യാഥാര്‍ഥ്യവും എന്ന കൃതിയിലും കമ്പൈന്‍ഡ് മെത്തേഡ്സ് ഇന്‍ ഇന്‍ഡോളജി എന്ന പെരിയ പുത്തകത്തിലും ഡി.ഡി.കോസമ്പി വികസിപ്പിക്കുന്ന പരികൽപനയാണ് ബ്രാഹ്മണവാദമെന്ന പൗരോഹിത്യ ആണ്‍കോയ്മയെ കേന്ദ്രീകരിക്കുന്ന അധീശ വ്യവഹാരവും പ്രത്യയശാസ്ത്രവും. ബ്രാഹ്മണ്യത്തിന്‍റെ ദൈവീക സാധൂകരണവാദങ്ങളും പ്രയോഗങ്ങളുമായ ദ്വിജവാദത്തെ തന്നെ കോസമ്പി അപനിര്‍മിക്കുന്നു. യഥാര്‍ഥത്തിൽ ഋഗ്വേദത്തിലെ പുരുഷസൂക്തത്തിലാണ് ബ്രാഹ്മണിക ആണ്‍കോയ്മയുടെ ആധാരം. വര്‍ണസങ്കരത്തെ മഹാപാതകമാക്കുകയും ക്ഷത്രിയധര്‍മമായി കൊലയെ ന്യായീകരിക്കുകയും വര്‍ണാശ്രമധര്‍മം ദൈവസൃഷ്ടിയാണെന്നു പഠിപ്പിക്കുകയും ചെയ്യുന്ന ഗീതയാണ് ബ്രാഹ്മണകേന്ദ്രിത വാദത്തെ മതപരമായി ഉറപ്പിക്കുന്നത്.  മനുസ്മൃതിയടക്കമുള്ള ധര്‍മശാസ്ത്രങ്ങള്‍ അതിനു ഹൈന്ദവ നിയമപരവും സാമ്പ്രദായികവുമായ വഴക്കമുണ്ടാക്കുന്നു.

Earth My Witness (2007) by Ajay Sekher. Clay unfired.

അംബേഡ്ക്കര്‍ വിശദീകരിച്ച പോലെ ജാതി കേവലം സാമൂഹിക വിഭജനമല്ല, കൊടിയ മതഹിംസയും കൂടിയാണ്. ബ്രാഹ്മണിസത്തിനു വഴങ്ങാതെ ബുദ്ധപാരമ്പര്യത്തെ മുറുകെ പിടിച്ചു നിന്ന അടിസ്ഥാന അധ്വാന സമൂഹമായ ശ്രമണ ബഹുജനങ്ങള്‍ക്ക് പൗരോഹിത്യ ആണ്‍കോയ്മ കൊടുത്ത ശിക്ഷയാണ് ജാതിവര്‍ണാടിസ്ഥാനത്തിലുള്ള തൊട്ടുകൂടായ്മയും തീണ്ടലും അയിത്തവും.  സ്ത്രീകളുടെ ജൈവാധികാരത്തേയും ബുദ്ധിയേയും ഭയക്കുന്നതിനാൽ ബ്രാഹ്മണിക ആണ്‍കോയ്മ അവര്‍ക്കും പതിത്വം കൽപിച്ചു തീണ്ടൽക്കാര്‍ക്കു തുല്യരാക്കി, അവരുടെ മനുഷ്യാവകാശത്തേയും പദവിയേയും ഇല്ലായ്മ ചെയ്തു. ശബരിമല വിഷയത്തിൽ പൗരോഹിത്യ-പടയാളി-നാടുവാഴി സഖ്യത്തിന്‍റെ ഈ പിന്തിരിപ്പന്‍ പ്രതിവിപ്ലവപരത വ്യക്തമാണല്ലോ. ആരൊക്കെയാണ് യുവതീ പ്രവേശത്തിനും ലിംഗനീതിക്കും വേണ്ടി സുപ്രീംകോടതി നടത്തിയ വിധിക്കും അതുനടപ്പാക്കാന്‍ ശ്രമിച്ച കേരള സര്‍ക്കാരിനും എതിരായ സ്വയംസേവക ഭൃത്യജന ലഹള നടത്തിയതെന്ന് ചരിത്ര പുസ്തകങ്ങള്‍ രേഖപ്പെടുത്തട്ടെ. അരുവിപ്പുറം പ്രതിഷ്ഠയെയും വില്ലുവണ്ടിയേയും പൊയ്കയുടെ പാട്ടുകളേയും ചോദ്യംചെയ്ത പൗരോഹിത്യ-പടയാളി ഗൂഢാലോചനാ ചങ്ങാത്തമാണിവിടെ തറ്റുടുത്ത തരുണികളെ തെരുവിലിറക്കി തങ്ങളയിത്തക്കാരും തീണ്ടാരികളുമാണെന്നും അവരെക്കൊണ്ട് അലമുറയിടീച്ചത്.  ഈ സ്ത്രീവിരുദ്ധ-നീതിവിരുദ്ധ ലഹളയുടെ സമ്മര്‍ദ്ദമുപയോഗിച്ച് ദേവസ്വം ബോർഡിലെ പരിപൂര്‍ണമായ പ്രാതിനിധ്യവും സാമൂഹിക നീതി സംവിധാനമായ ഭരണഘടനയ്ക്കു ബദലായി നേടിയെടുത്തുകൊണ്ട് ക്ഷുദ്രശക്തികള്‍ ബുദ്ധിപൂര്‍വം പിന്‍വലിയുന്നത് ബഹുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ബ്രാഹ്മണരേക്കാള്‍ വലിയ ഹിന്ദുക്കളായി മലയാള ശൂദ്രര്‍ രംഗത്തു വന്നിരിക്കുന്നു. പെരുന്നയിൽ നിന്നാണീ ക്ഷുദ്രലഹള നിയന്ത്രിക്കപ്പെട്ടത്. ഹിന്ദുബോധമെന്ന മിഥ്യയിൽ പഴയ തമ്പുരാക്കളെ പിന്‍തുടരുന്ന ചില ചപലരായ ചണ്ടാളരുടേയും ഗതിയതുതന്നെ. ഭരണഘടനാ നൈതികതയുടെ സാമൂഹിക നീതി ദര്‍ശനത്തെ അട്ടിമറിച്ചുകൊണ്ട് മറാഠകളേയും പട്ടീദാരന്മാരേയും ജാട്ടുകളേയും പോലെ ബഹുജനങ്ങളുടെ സാമുദായിക പ്രാതിനിധ്യത്തേയും ആഭ്യന്തര ജനായത്തത്തേയും ഗൂഢമായി അട്ടിമറിക്കുകയാണ് കുത്തകാധികാരത്തിന്‍റെ അധീശശക്തികള്‍.

ഗീതാശിബിരങ്ങളും മാവാരതപട്ടത്താനങ്ങളും രാമായണപാരായണങ്ങളും ജനങ്ങളുടെ നികുതിപ്പണം മുടിച്ച് ജനകീയ സര്‍ക്കാരുകളെ കൊണ്ടു നടത്തിച്ചാണ് ഇരുട്ടിന്‍റെ പാദജ ശക്തികള്‍ ഇതെല്ലാം ഭരണ സംവിധാനങ്ങള്‍ക്ക് അകത്തുകൂടി നടത്തിയെടുക്കുന്നതെന്നു നാമോര്‍ക്കണം. അക്കാദമിക്കുകളേയും മാധ്യമങ്ങളേയും ദുരുപയോഗം ചെയ്തു കുത്തകവൽക്കരിക്കുന്ന രാജാവിനേക്കാള്‍ രാജഭക്തിയുള്ള ക്ഷുദ്ര കര്‍തൃത്വങ്ങള്‍ ബ്രാഹ്മണാധീശ അജണ്ടകളാണ് ഇവിടെയല്ലാം നടപ്പാക്കുന്നത്.

സേവനരംഗത്തെ സവര്‍ണ-സിറിയന്‍ അച്ചുതണ്ട് ജനായത്ത പ്രാതിനിധ്യത്തെ നിരന്തരം അട്ടിമറിച്ച് സാമ്പത്തിക സംവരണവാദം മുന്നോട്ടു തള്ളുന്നു. ഹൈന്ദവ പുരാണപാരായണ പരിപാടികളെ ജനങ്ങളുടെ ചിലവിൽ നടത്തുന്നത് വിമര്‍ശിക്കുന്നവരെ അവര്‍ വെട്ടിനീക്കുന്നു. സാഹിത്യ സാംസ്കാരിക നടുനായകവേലയുടെ പേരിൽ നടത്തപ്പെടുന്ന ആഘോഷപരമായ ഹിന്ദുവൽക്കരണ പരിപാടികളെ ഭാവിയെ കരുതുന്ന വിമര്‍ശബോധത്താൽ ചെറുക്കുന്നവരെ അവര്‍ വ്യക്തിഹത്യ നടത്തി, നാവടക്കി നാടുകടത്തുന്നു.  പരിവാരവും സ്വയംസേവകരും തുറന്നു പറയാന്‍ മടിക്കുന്ന ഭരണഘടനാ സാമൂഹിക നീതി സംവിധാനത്തിനും സാമൂഹിക തത്വചിന്തയ്ക്കും കടകവിരുദ്ധമായ സാമ്പത്തിക സംവരണം തൽസ്ഥിതി ഊട്ടിയുറപ്പിച്ച് അവര്‍ പുരോഗമന കക്ഷികള്‍ക്കുള്ളിൽ നിന്നുതന്നെ നേടിയെടുക്കുന്നു. നായര്‍ ഭൃത്യജനസമാജവും രാഷ്ട്രീയ സ്വയം സേവക സംഘവും ഒത്തുചേര്‍ന്നു നടത്തിയ തന്ത്രിസമാജ-രാജാപാര്‍ട്ടു മേലങ്കിയും മേമ്പൊടിയുമിട്ട നിയമവിരുദ്ധ ബ്രാഹ്മണിക-ശൂദ്രകലാപം ഇതേ വലതുപക്ഷ ശക്തികള്‍ നടത്തിയ വിമോചനസമരം പോലെ ജനായത്തവിരുദ്ധവും അധീശത്തപരവുമാണെന്ന് നാം തിരിച്ചറിയുകയും ഹൈന്ദവീകരണത്തിന്‍റെ പ്രാഥമിക പാഠങ്ങളായ സ്മൃതിശ്രുതിപുരാണങ്ങളേയും വൈദികവേദാന്ത ദര്‍ശനങ്ങളേയും അതിനെ ജനപ്രിയമാക്കാന്‍ പടച്ചുവിട്ട പുരാണേതിഹാസങ്ങളേയും വിവേചന വിമര്‍ശബുദ്ധിയോടെ പരിപൂര്‍ണമായും പ്രതിവിപ്ലവകരമെന്നും മനുഷ്യവിരുദ്ധമെന്നും ജനായത്തവിരുദ്ധമെന്നും നീതിവിരുദ്ധമെന്നും തികച്ചും ക്ഷുദ്രമെന്നും വിളിച്ചുപറഞ്ഞു നിരാകരിക്കുകയും വേണം. ഇൻഡ്യന്‍ ഫാഷിസം വംശഹത്യാപരമായ അപരവൽക്കരണങ്ങള്‍ നടത്തുന്ന ഇത്തരുണത്തിൽ അത് അനിവാര്യമാണ്. കാരണം സയിദ് മുതലുള്ള അധിനിവേശാനന്തര വിമര്‍ശകര്‍ വിശദീകരിച്ച പോലെ ആഖ്യാനത്തിനുള്ള അധികാരമാണ് സാമ്രാജ്യത്തത്തിന്‍റെ കാതൽ. അപരവൽക്കരണത്തിന്‍റെ ആഖ്യാനങ്ങളാണ് ഹൈന്ദവ പുരാണേതിഹാസഗാഥകള്‍. കേരളത്തിൽ കലാപമുണ്ടാക്കി ഹിംസാത്മകമായ ഹിന്ദുത്വ സാമ്രാജ്യത്തിന് ആളെക്കൂട്ടാനാണ് ഭൃത്യജനസമാജവും പരിവാരവും കൂടി അണിയറയിൽ അരങ്ങേറ്റം നടത്തുന്നത്. വൈദികമാണവരുടെ ആധാരം, അപരനിഷേധപരമായ ബ്രാഹ്മണികമായ അദ്വൈത വേദാന്തമാണവരുടെ തത്വചിന്ത. പുരാണങ്ങള്‍ ഗിമ്മിക്കുകളും. അശോക മക്കളെ തെറിവാക്കാക്കുന്ന ചരിത്രപരമായ അജ്ഞതയാണവരുടെ കൈമുതൽ. മുഖ്യമന്ത്രിമാരെ പോലും മണിയമ്മപ്പിള്ളമാരും പാദജ പരിവാരങ്ങളും വെറുതേ വിടുന്നില്ല. (അ)ശോകമക്കളെ തെറിവാക്കാക്കുന്ന ചരിത്രാജ്ഞതയും വൈരുദ്ധ്യവും മാര്‍ക്സ് പ്രവചിച്ച ചരിത്രപരമായ പ്രഹസനാത്മകതയും വരേണ്യതയുടെ ദാരുണ ദുരന്തവുമാണ്. വേദനിഷേധികളും ബ്രാഹ്മണിക വര്‍ണാശ്രമധര്‍മ വിമര്‍ശകരുമായതു കൊണ്ടാണ് ബുദ്ധനും തീര്‍ഥങ്കരന്മാരും ഇന്നും ബഹുജനമനസുകളിൽ ജീവിക്കുന്നത്. തൽസ്ഥിതിയുടെ അസമത്വങ്ങളെ തിരിച്ചറിഞ്ഞ് തത്വചിന്താപരവും സാമൂഹിക പ്രയോഗപരവുമായ മാറ്റത്തെ വിഭാവനം ചെയ്തതു കൊണ്ടാണ് മാര്‍ക്സ് സമകാലികനാകുന്നത്. കരുണാമയമായ പ്രബുദ്ധതയുടെ നൈതിക വ്യവഹാരത്തെ ആധുനികമായി ഇൻഡ്യയിൽ ഭരണഘടനയിലൂടെ വീണ്ടെടുത്തതുകൊണ്ടാണ് നവബുദ്ധന്‍ നമുക്കു വര്‍ത്തമാനത്തിൽ മാര്‍ഗദര്‍ശനം തരുന്നത്. നാവയാനത്തിന്‍റെ വിമോചന മാര്‍ഗവും ഭാവിയിലേക്കുള്ളതാണ്.

ഈ ചരിത്രപരമായ രാഷ്ട്രീയ സാമൂഹിക വിമര്‍ശബോധത്തിൽ നാം വര്‍ത്തമാനത്തെ വിചിന്തനം ചെയ്യേണ്ടതുണ്ട്. തൊട്ടുമുൻപ് അരങ്ങേറിയ പുരാണപാരായണങ്ങളും ഗീതാശിബിരങ്ങളും ജന്മാഷ്ടമീ, സംസ്കൃതസംഘ രാമലീലകളുമാണീ നാമജപ തീണ്ടാരി ലഹളയെ ഉൽപാദിപ്പിച്ചതെന്നു കാണാന്‍ വലിയ പ്രയാസമുണ്ടാവില്ല. കാരണം മിത്തുകളേയും യാഥാര്‍ഥ്യത്തേയും ഭ്രമാത്മകമായ കലര്‍ത്തി സാഹിത്യവൽക്കരിച്ചും ലാവണ്യവൽക്കരിച്ചും ബഹുജനങ്ങളുടെ കാമനയേയും ഭാവനയേയും പുരാണപട്ടത്താനികള്‍ ഹൈന്ദവീകരിച്ചു. അവരുടെ ആധുനികോത്തര സാഹിത്യ വാഗ്വിലാസത്തിൽ അഭിരമിച്ച സാമാന്യ ജനത്തിന് നാണുഗുരുവും സഹോദരനും അയ്യനും പകര്‍ന്ന വെളിവും അറിവും വിമര്‍ശബോധവും പ്രതികരണശേഷിയും രാഷ്ട്രീയ ജാഗ്രതയും പോയി. മാഭാരത രാമായണ ഗീതാ ഭാഗവത സപ്താഹങ്ങള്‍ കൊണ്ട് നാം പൊങ്കാലയും കൃഷ്ണാഷ്ഠമിയും പോലെ നട്ടം തിരിയുകയാണ്.  പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ മൽസരിച്ചു പൊങ്കാലയിടുകയും ഗീതാസ്കൂളുകാരുടെ പ്രഭാഷണഘോഷം സംഘടിപ്പിക്കുകയുമാണ്. കൊല്ലാന്‍ പഠിപ്പിക്കുന്ന കഴുത്തറപ്പന്‍ പുസ്തകത്തെ ദേശീയഗ്രന്ഥമാക്കണമെന്ന് മന്ത്രിപുംഗവയുടെ ദേശീയ വിടുതി. പാതിരാവിൽ സിസിടിവി ഛായാഗ്രഹണികള്‍ ഓഫാകുന്ന മുറയ്ക്ക് ആശ്രമ വാഹനങ്ങള്‍ കത്തിയെരിയുകയാണ്. പഴയ സുകുമാരക്കുറുപ്പിന്‍റെ അഗമ്യഗമനങ്ങള്‍ പ്രേതഭാഷയിൽ കൂടുവിട്ടുകൂടുമാറുകയോ… 

തൊമ്മനും കുമ്മനും ഇടംവലം നിന്ന് ക്ഷുദ്രനായ ഭൈമീകാമുകനെ കൊണ്ട് പ്രതിഷ്ഠിപ്പിച്ച രണ്ടാം ചിന്മുദ്രയ്ക്കു ചുവടേ ദ്വാരപാലകവൃന്ദങ്ങള്‍ കണ്ണുരുട്ടിനിൽക്കെ പരിവാരം പട്ടക്കാരുടെ പേരുപലകയിൽ കുറിവരയ്ക്കുകയാണ്. പുണ്യപുരാണപാരായണം മുറുകവേ പുരസ്കാരങ്ങള്‍ പ്രവഹിക്കയായി. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സുന്ദര ഗീര്‍വാണങ്ങള്‍ മാത്രം മതിയെന്നായി. ബഹുജനങ്ങളുടെ നികുതിപ്പണം മുടക്കി ഭഗവത്ഗീതയും ഭാഗവതവും മാവാരതവും അടങ്ങുന്ന സപ്താഹലീലകളും കൊണ്ടാട്ടങ്ങളുമാടുകയാണ് ജനകീയ സര്‍ക്കാരുകള്‍, അഥവാ അതിലെ ക്ഷുദ്രരായ ജാതിഹിന്ദുമന്യര്‍. വര്‍ണധര്‍മത്തിന്‍റെ അടിസ്ഥാന പാഠങ്ങളെ “ഹൈന്ദവവാദികള്‍ക്കു വിട്ടുകൊടുക്കാതെ” തങ്ങള്‍ സ്വാംശീകരിച്ചു സ്വായത്തമാക്കി, അഥവാ വെടക്കിനെ തനിക്കാക്കി സമത്വപൂര്‍ണമായ സാമൂഹിക ദര്‍ശനങ്ങളെ പോലും തികച്ചും ബ്രാഹ്മണികമാക്കി മാറ്റും എന്നത്രേ ഭൗതികവാദത്തിനുള്ളിൽ നുഴഞ്ഞുകയറിയിരിക്കുന്ന മനുവാദികളുടെ അധീശയുക്തി. ഇതുപോലെയാണ് തേരവാദസംഘങ്ങളിൽ നുഴഞ്ഞുകയറി ബ്രാഹ്മണിക പാദജ ശക്തികള്‍ മായാനവും വജ്രയാനവുമുണ്ടാക്കി ബുദ്ധിസത്തെ പിളര്‍ത്തിയത്. ക്രൈസ്തവീയതയിലും ഇസ്‌ലാമിലും ബ്രാഹ്മണപിതൃത്വവാദികള്‍ വംശീയ വരേണ്യതയുണ്ടാക്കി ദലിതരെ അപരവൽക്കരിച്ചു. കമ്യൂണിസത്തിലും നുഴഞ്ഞുകയറി അതിന്‍റെ സാമൂഹിക റാഡിക്കലിസത്തെ, ലാവണ്യ സാഹിത്യ ലീലകളിലൂടെയും മയക്കുവാങ്മയത്തിലൂടെയും ചിരിച്ചും ഇളിച്ചും സ്വയം തമാശിച്ചും കുലുങ്ങിച്ചിരിച്ചും മാറ്റത്തെ അട്ടിമറിച്ച്  അതിനെ തൽസ്ഥിതി ഊട്ടിയുറപ്പിക്കുന്ന സാമ്പത്തിക സംവരണവാദമാക്കുന്ന കുത്തക ശക്തികളെ തിരിച്ചറിഞ്ഞു ചെറുത്തേ മതിയാവൂ. കാരണം ഇതെല്ലാം ഹിന്ദുത്വത്തിനു പാഠബലവും ജനപ്രിയതയും സാധരണീകരണവും പകരുന്നു. സ്വയംസേവകരുടെ പഥസഞ്ചലനത്തിനു പാഠബലം പകരുന്നു. ജനവഞ്ചനയാണീ പുരാണപാരായണ പട്ടത്താനങ്ങള്‍. ആകാശവാണിയിലും ദൂരദര്‍ശനിലുമടക്കമുള്ള സാഹിത്യലേബലിൽ നടത്തുന്ന ഈ ഹൈന്ദവഗീര്‍വാണങ്ങള്‍ അവസാനിപ്പിച്ചേ മതിയാവൂ.

ഹിന്ദുത്വത്തേയും ഹൈന്ദവ ദേശീയവാദത്തേയും സ്മൃതിശ്രുതിപുരാണങ്ങളെന്ന ഹിന്ദു കൊളോണിയലിസത്തിന്‍റെ പാഠസഞ്ചയത്തേയും ബൃഹദാഖ്യാനത്തേയും പരിവാരത്തിന്‍റെ കുത്തകയാക്കാന്‍ വിട്ടുകൊടുക്കാതെ അതിനെ സ്വാംശീകരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുക എന്നതായിരുന്നത്രേ മലയാള കുലീനരായ ഇടതുപക്ഷ സഹഭാഷികളുടേയും പദ്ധതി. ഇവര്‍ മുഖ്യമായും ജാതിഹിന്ദുക്കളും അവരുടെ ഉപദേശം അനുസരിക്കുന്ന ഹൈന്ദവീകരിക്കപ്പെട്ട അവര്‍ണരുമാണെന്നു പറയേണ്ടതില്ല. കാരണം വിമോചന ദൈവശാസ്ത്രത്തേയും ഭൗതികവാദത്തേയും പോലും ഭരിക്കുന്നത് ഇൻഡ്യയിൽ ജാതിയുടെ വാമനാദര്‍ശമാണ്.

നിര്‍ഭാഗ്യവശാൽ ഏതു കുഞ്ഞിനുമറിയാവുന്ന പോലെ ഹിന്ദുത്വത്തിന്‍റെ അധീശ പാഠബലത്തിനും പാഠാന്തര വ്യാപ്തിക്കും ചൂട്ടുപടേനി നടത്തുന്ന പരിപാടിയായിപ്പോയി ഇത്.  ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ വാജപേയി-മനോഹരജോഷി ഭരണകാലത്ത് ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിൽ അധ്യക്ഷനായി നിന്നുകൊണ്ട് ചരിത്രപാഠപുസ്തകങ്ങളുടെ കാവിവൽക്കരണത്തിന് നടുനായകത്തം വഹിച്ച ആസ്ഥാന മലയാള കുലീന ചരിത്രാധിനായകന്‍ ചെയ്ത ഭീഷണമായ പാതകത്തേയും നിഷ്പ്രഭമാക്കുന്ന ജനവഞ്ചനയും ചതിയുമായി മാറുകയാണ് വര്‍ത്തമാനത്തോടും ഭാവിയോടുമുള്ള ഈ കൗടില്യകൗശലമാര്‍ന്ന ഹൈന്ദവ സംസ്കൃത പുരാണപാരായണങ്ങള്‍. മാഭാരതത്തെ കാലനിര്‍ണയം ചെയ്യാന്‍ നടന്ന സുദര്‍ശന റാവു എന്ന പിന്നീടുവന്ന മോദിയുടെ ആദ്യകാല ഐസിഎച്ആര്‍ അധ്യക്ഷനേക്കാളും മാരകമാവുകയാണ് പഴകിയ മാഭാരത-ഗീതാവാദികളുടെ ഇടതുമേലങ്കിയിടുന്ന പുണ്യപുരാണ പുനരാഖ്യാനങ്ങള്‍. ഗീത വെച്ചിരിക്കുന്നത് ഈ മാഭാരതത്തിലായതിനാൽ ഇവര്‍ തിരിച്ചും മറിച്ചും മാഭാരതപട്ടത്താനം തന്നെ നടത്തുന്നു. (മനു?)സ്മൃതി ഇറാനിയും ജാവേദ്ക്കറും കൂടി രാഷ്ട്രീയ സ്വയംസേവകരുടെ അജണ്ട പ്രകാരം കൊണ്ടുവരുന്ന 2016ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് ഒരുപക്ഷേ ചേര്‍ന്ന ഒരു പര്യാവരണമാണ് മലയാള കുലീനരുടെ മാഭാരതഗീതാ യജ്ഞങ്ങളും വലിയ വായിലുള്ള ഗീതാഗീര്‍വാണ രാഗവിസ്താരങ്ങളും. അമിത്ഷായെ പോലുള്ള ഒരു ജൈനപ്രായോജകനേക്കൂടി കിട്ടിയാൽ പുണ്യാവതാര ദൗത്യവും ഉത്തര്‍പ്രദേശ് മാതൃകയിൽ പൂര്‍ത്തിയാവാൻ ഇനി അധികനാളെടുക്കില്ല. 2019 അരികെയായി. ഇൻഡ്യയിലും കേരളത്തിലും ജൈനരുടേയും മുസ്‌ലിംകളുടേയും ക്രൈസ്തവരുടേയും ഉടമസ്ഥതയിലുള്ള പത്രപ്രസിദ്ധീകരണ സ്ഥാപനങ്ങളെ വ്യാജ മതേതര മേലങ്കിയണിഞ്ഞുകൊണ്ട് മാധ്യമമേലാളരും മധ്യവര്‍ത്തികളും കൂലിയെഴുത്തുകാരും ഗുമസ്തരുമായി പല തലങ്ങളിലും തരങ്ങളിലും ആക്രാമകമായി കോളനീകരിച്ചുകൊണ്ട് ബ്രാഹ്മണിക ഹിന്ദുത്വത്തിന്‍റെ പാദജര്‍ നടത്തുന്ന വര്‍ണധര്‍മപരമായ അട്ടിമറികള്‍ മാത്രം വിമര്‍ശാത്മകമായി പഠിച്ചാൽ ഇതര മാധ്യമ, അക്കാദമിക ലോകത്തെ ഹൈന്ദവ പൊതുബോധവും ജാതിഹിന്ദു സമവായവും സാമാന്യബോധവും കീഴടക്കുന്നതെങ്ങനെ എന്നു വ്യക്തമാകും.

കടപ്പാട്: അജയ്ശേഖർ

ആഖ്യാനത്തിലൂടെയാണ് അപരത്വങ്ങളും സാമ്രാജ്യങ്ങളും നിര്‍മിതമാകുന്നത്. ഹൈന്ദവീയതയുടെ ആത്മാഖ്യാനങ്ങളും അപരനിഷേധങ്ങളും ഉന്മൂലന വ്യവഹാരങ്ങളുമാണ് പുണ്യപുരാണങ്ങളും സ്മൃതിശ്രുതികളുമായി സംസ്കൃത സാഹിത്യത്തിൽ നിറയുന്നത്. തെന്നിന്ത്യക്കാരും ബൗദ്ധരുമായ ജനതകളെ മൃഗവൽക്കരിച്ചും രാക്ഷസവൽക്കരിച്ചും കുരങ്ങും കരടിയും അസുരരുമാക്കിയുമാണ് രാമായണ മാഭാരത ആഖ്യാനങ്ങള്‍ തെക്കോട്ട് അധിനിവേശം നടത്തിയത്. തെന്നിന്ത്യയെ മാനവീകരിച്ചു മധ്യകാലാരംഭം വരെ പിടിച്ചു നിന്ന നൈതികപാഠങ്ങളെ അട്ടിമറിക്കാനായിരുന്നു ഈ ഹിംസയുടേയും കാമത്തിന്‍റേയും കാമനാഖ്യാനങ്ങള്‍ ഹിന്ദുത്വം ഉപയോഗിച്ചു പോന്നത്. പ്രതിനിധാന ഹിംസയാണ് അപരനിഷേധത്തിന്‍റെ ആഖ്യാനതന്ത്രം. ആ ആര്യഹൈന്ദവ വൈദികാധിനിവേശത്തിന്‍റെ മുഖപ്പാളകളായിരുന്നു രാമന്‍റേയും കൃഷ്ണന്‍റേയും തേരോട്ടങ്ങളും വധങ്ങളും ഒളിയമ്പുകളും വസ്ത്രാക്ഷേപങ്ങളും പരകായ പ്രവേശങ്ങളും വിവരിക്കുന്ന ഹൈന്ദവ സംസ്കൃത പുരാണങ്ങള്‍. വര്‍ണധര്‍മത്തെ ദൈവദത്തവും ഈശ്വരസൃഷ്ടവുമായി സ്ഥാപിക്കുകയും വര്‍ണസങ്കരം തടയുകയും മുഖം നോക്കാതെ സോദരരേയും ബന്ധുക്കളേയും കൊല്ലാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന ജാതിയുടേയും ബ്രാഹ്മണ്യത്തിന്‍റേയും പരമപാഠമാണ് ഗീത. അതിനെ പ്രതിഷ്ഠിച്ചിരിക്കുന്നത് മാഭാരതത്തിലാണ്. അതിനാൽ മാഭാരതത്തെ തള്ളിപ്പറയാന്‍ മലയാളകുലീനരായ മുഖ്യധാരാ ഫെമിനിസ്റ്റുകള്‍ പോലും തയ്യാറാവുന്നില്ല. സംഘികളാൽ ആക്രമിക്കപ്പെടുമ്പോഴും അവര്‍ മാഭാരത-ഗീതകളെ നെഞ്ചേറ്റുകയാണ്. യുക്തിയുക്തമായ വിമര്‍ശചിന്ത അവരെ ഗീതാഭാരതാദികളെ വിമര്‍ശിക്കാന്‍ പ്രേരിപ്പിച്ചാലും അവരുടെ അബോധം ഗീതയുൽഘോഷിക്കുന്ന സ്വധര്‍മവാദത്തിലും ഉന്മൂലനമെന്ന നിഷ്കാമകര്‍മത്തിലും വംശഹത്യാപരമായ കൊലപാതകത്തിലും സൈനികവും സായുധവുമായ സംസ്കാരദേശീയതയിലും അടിയുറച്ചു കിടക്കുന്നു. കുറേ പേരെ നമ്പാവുന്ന നാലാം വര്‍ണമായ ശൂദ്രരായി ഉയര്‍ത്തുന്നതിലൂടെ ദാസ്യത്തിന്‍റേയും പടജനഭാവത്തിന്‍റേയും സ്ഥിതപ്രജ്ഞ മനോനിലയെ ബ്രാഹ്മണ്യം ഇളംകുളം പറയുന്ന പോലെ സ്ഥാപിച്ചിരിക്കുന്നു.  ഈ നിതാന്ത മാഭാരതവേലകള്‍ വെളിപ്പെടുത്തുന്നത്, അവരുടെ യുക്തിചിന്ത വേണ്ടെന്നു പറഞ്ഞാലും ജാതിഹിന്ദുക്കള്‍ക്ക് ഹൈന്ദവേതിഹാസപുരാണങ്ങളെ വിട്ടൊരു ജീവിതമില്ല എന്നുതന്നെയാണ്. തിരിച്ചും മറിച്ചും മാഭാരത, രാമായണ വായനകളും ഗീതാക്ലാസുകളും വിമര്‍ശമെന്ന പേരിൽ ചര്‍വിത ചര്‍വണം ചെയ്യുകയാണ് മല്ലു കുലീനര്‍, അതും ഇടതുപക്ഷത്തിനകത്തു കയറി അതിലെ ബഹുഭൂരിപക്ഷം അവര്‍ണ ബഹുജനങ്ങളുടെ ചിലവിൽ. തങ്ങള്‍ യഥാര്‍ഥ ചരിത്രത്തെ മറച്ചു നടത്തുന്ന ഉത്തരേന്ത്യന്‍ മഹാകാവ്യഗീര്‍വാണം കേരളത്തിലെ ബഹുജനഹിതത്തിലേക്കെന്നത്രേ ഈ ആസ്ഥാന പണ്ഡിതരുടെ യുക്തി. തേരവാദ സംഘത്തെ ഉള്ളിൽ നുഴഞ്ഞുകയറി മായാനവും വജ്രയാനവുമാക്കി പിളര്‍ത്തിയതും ഹിന്ദുത്വത്തിലേക്ക് ആഗിരണം ചെയ്യിച്ചതും ഇതേ ബ്രാഹ്മണിക ശക്തികളാണ്. ബ്രാഹ്മണരേക്കാള്‍ വലിയ ബ്രാഹ്മണ്യഭക്തരും വാമനാദര്‍ശ പിണിയാളുകളുമായിരിക്കുന്നു “പത്തപ്പന്‍ മക്കളെ”ന്നു ഗുണ്ടര്‍ട്ടുസായിപ്പും മറ്റും അര്‍ഥകൽപന നടത്തിയ ശൂദ്രര്‍. ഇവരെ പിന്തുടര്‍ന്ന് ഹിന്ദുക്കളാകാന്‍ നടക്കുന്ന അവര്‍ണരുടെ ഗതിയും അതു തന്നെ.  പിന്നീടു ക്രൈസ്തവീയതയേയും ഇസ്‌ലാമിനേയും ഇപ്പോള്‍ കമ്യൂണിസത്തേയും പൗരോഹിത്യ ആണ്‍കോയ്മയും പൗരോഹിത്യ-പടയാളി ശൂദ്രസഖ്യവും അര്‍ബുദമെന്ന പോലെ ഗ്രസിച്ചിരിക്കുന്നു. 

ജനകീയ സര്‍ക്കാരുകളെ വ്യതിചലിപ്പിച്ച് ബഹുജനങ്ങളുടെ നികുതിപ്പണം പിടുങ്ങി, വിമര്‍ശമെന്ന പേരിൽ ഇവര്‍ നടത്തുന്ന ഈ മാഭാരത-ഗീതാ പ്രഘോഷണങ്ങള്‍ യഥാര്‍ഥത്തിൽ സഹായിക്കുന്നത് ഇൻഡ്യയിലെ പരിവാര വിശ്വഹിന്ദു പരിഷദുകളേയാണ്. സംസ്കാരത്തിന്‍റെ മേഖലയിൽ ഇതാണു സ്ഥിതിയെങ്കിൽ സാമ്പത്തിക മേഖലയിൽ ഭരണകൂട സംവിധാനങ്ങളുടെ തന്നെ കണക്കനുസരിച്ച് സമ്പദ് വ്യവസ്ഥയുടെ ഏതാണ്ട് അറുപതു ശതമാനവും അംബാനിയും അദാനിയുമടക്കമുള്ള ഏതാനും ചില ബ്രാഹ്മണ കുബേരന്മാരുടെ കൈകളിലാണ്. കോര്‍പറേറ്റ് ബ്രാഹ്മണ്യവും ഭരണകൂടോപാധികളും ഒന്നാകുന്ന ഫാഷിസത്തിന്‍റെ ക്ലാസിക് സന്ദര്‍ഭവും കൂടിയാണീ മാഭാരത മഹാമഹങ്ങളെ ഉൽപാദിപ്പിക്കുന്നത്. അതും പാശ്ചാത്യ ആധുനികതയെ അറിഞ്ഞംഗീകരിച്ചു കൊണ്ട് നമ്മുടെ ഗുരുക്കന്മാര്‍ ബ്രിട്ടീഷുകാരെന്നു പറഞ്ഞ നാണുഗുരുവിന്‍റെ നാട്ടിൽ. വൈദിക വര്‍ണാശ്രമത്തിന്‍റെ ആധാരമായ ഋഗ്വേദ പുരുഷസൂക്തത്തെ കണക്കറ്റു പരിഹസിക്കയും (“മരംപൊട്ടിമുളയ്ക്കലും സ്വയംഭൂക്കളായ ദേവകളും”) വര്‍ണധര്‍മത്തിന്‍റെ ആധാരപാഠമായ ഗീതയെ കുറിച്ചു അര്‍ഥഗര്‍ഭമായ വിമര്‍ശമൗനം പുലര്‍ത്തുകയും ചെയ്ത നാണുഗുരുവിന്‍റെ ജനതയെയാണ് മാഭാരത-ഗീതാവണിക്കുകള്‍ നവോദാരമായ സാവര്‍ണ്യത്തിന്‍റെ ഗീര്‍വാണത്തിലൂടെ മാമോദീസാ മുക്കുന്നത്. ‘ദൈവത്തെ പിശാചായും പിശാചെ ദൈവമായും വര്‍ണിക്കും ബ്രാഹ്മണന്‍റെ വൈഭവം ഭയങ്കരം’ എന്നു സഹോദരന്‍. കാമനാഖ്യാനങ്ങളുടെ ഇത്തരം വരേണ്യ വാങ്മയത്തിലൂടെയും ചെകിടിപ്പിക്കുന്ന വാചാടോപത്തിലൂടെയുമാണ് ഹൈന്ദവ ബ്രാഹ്മണ്യവും അതിന്‍റെ അധീശ മൂല്യങ്ങളും ഇൻഡ്യയെ കീഴടക്കിയത്. ഭാഗവതസത്രങ്ങളും മാഭാരതശിബിരങ്ങളും ഗീതാഗിരിഭാഷണങ്ങളും അതിരാത്രമടക്കമുള്ള യാഗയജ്ഞഹോമങ്ങളും ഈ പരാദ പ്രത്യയശാസ്ത്രത്തിന്‍റെ വഴുവഴുക്കുന്ന അഴുകിയ വിളനിലങ്ങളാണ്.

പൂതമ്പള്ളി ബാലനും ഇതര ഹിന്ദു സാധ്വികളും ശൂദ്രമഹാരാജാക്കളും രൂപം നൽകിയ വമ്പിച്ച ബ്രാഹ്മണ-ശൂദ്ര-കായസ്ഥ പരിഷദുകളെ പരോക്ഷമായി പരിപോഷിപ്പിക്കുന്ന ഒരു സംസ്കാര വ്യവസായമായി കോര്‍പ്പറേറ്റ് ബ്രാഹ്മണ്യകാലത്തെ മാഭാരത രാമായണ ഗീതാവേലകള്‍ പുളിച്ചു തിളച്ചു മറിയുകയാണ്. ഞരമ്പുകളിൽ ചോരതിളപ്പിക്കുന്ന വംശീയ വരേണ്യമായ ഭാഷാമാതാവാദത്തിന്‍റേയും പശു, പ്രദേശ മാതാവാദങ്ങളുടേയും സംസ്കാര വരേണ്യ ദേശീയവാദങ്ങളും കൂടെയുണ്ട്. മധ്യകാലത്തെ മരുമക്കത്തായ സംബന്ധ ലൈംഗികതയിലും സൈനികവൽക്കരണത്തിലും കുതിച്ചുപൊന്തിയ ബ്രാഹ്മണിക വരേണ്യതയുമായി ബന്ധപ്പെട്ട വംശീയ വ്യവഹാരം ആധുനിക കാലത്താണ് നീണ്ടുകൊഴുത്തത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഭാഷാസംസ്കാര ദേശീയവാദമുയര്‍ത്തിയ മലയാളി സഭയിൽ തുടങ്ങുന്ന മലയാള ശൂദ്രകുലീനവാദത്തിന്‍റെ ആഭിജാത്യവും അപരവിരോധവും എല്ലാ അതിരുകളും ലംഘിക്കുകയാണ്. “അന്യസംസ്ഥാന” തൊഴിലാളികള്‍ക്കെതിരായ അപരവൽക്കരണ പകവ്യവഹാരങ്ങള്‍ മല്ലുകുലീനതയുടെ ആസ്ഥാന കവിപുംഗവമാര്‍ തന്നെ തള്ളിവിടുന്നു. അപശൂദ്രാധികരണത്തിന്‍റെ ഉൽഘോഷകരെ ഭൃത്യജനയോഗത്തിന്‍റെ ശുപാര്‍ശയിലൂടെ അധികാരപദവിയിലെത്തുന്ന ശൂദ്രര്‍ തന്നെ പൊതുപണം ഉപയോഗിച്ച് പെരുവഴിയോരത്തു സ്ഥാപിച്ചു കൊണ്ട് സര്‍വകലാശാലകളെ തന്നെ ഹൈന്ദവീകരിക്കുന്നു. നിയമ വിദ്യാലയങ്ങളിൽ തന്നെ ജാത്യാധിക്ഷേപവും ജാതിമര്‍ദ്ദനവും ദലിത് വിദ്യര്‍ഥികളെ സ്വന്തം ചായക്കടയിലെ സേവകരാക്കുന്ന കാര്യപരിപാടിയും പഥസഞ്ചലനം നടത്തുന്നു. മറ്റൊരു സര്‍വകലാശാലയിലാകട്ടെ, പഴയ വലതുപക്ഷ സിന്‍ഡിക്കേറ്റിനെ പിരിച്ചു വിട്ടപ്പോള്‍ ഭൃത്യജനയോഗത്തിന്‍റെ പുണ്യപുമാന്‍റെ പുത്രിയേ മാത്രം നിലനിര്‍ത്തുന്നു. പെരുന്നയിലെ പൊരുന്നക്കോഴിയായ ഈ പോപ്പു ചോദിക്കയാണ് നവോത്ഥാനവും യുവതീപ്രവേശവും തമ്മിലെന്ത് എന്ന്! വിശ്വഹിന്ദു പരിഷദുകളെ സൃഷ്ടിച്ച പൂതമ്പള്ളി ബാലകരുടെ യാഗശാലകളിൽ നിന്നും ബാലാരിഷ്ടത മാറാതെ കയ്യിട്ടുവാരി പണിപഠിച്ചു പുറത്തുചാടി പുതിയ ഭാഗവത സത്രങ്ങളും ഗീതാപാഠശാലകളും നടത്തി പ്രശസ്തനായ ഒരു ഗിരിപ്രഭാഷകന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്ന അക്കാദമിയുടെ പരിപാടിയിൽ പകര്‍ന്നാടുന്നത് വലതുപക്ഷക്കാരേ പോലും ലജ്ജിപ്പിക്കുന്നതാണ്. മണിയമ്മപ്പിള്ളമാരുടെ പച്ചത്തെറി ഇതിനേയും കടത്തിവെട്ടുന്നതാണ്. ക്ഷുദ്രതയുടെ ഒരപചയം. നാണുഗുരു പറഞ്ഞപോലെ ബാലാരിഷ്ടത മാറാത്ത സാമൂഹിക വിഭാഗങ്ങള്‍ ബ്രാഹ്മണ്യത്തിന്‍റെ നല്ലപിള്ള ചമയാനായി സ്വയം ചാപിള്ളകളും ചാവേറുകളുമായി മാറുന്ന വിപര്യയം. ബൗദ്ധവും ബഹുസ്വരവുമായ സംസ്കാര പാരമ്പര്യങ്ങളുള്ള ബഹുജനങ്ങളെ ഹിന്ദുവൽക്കരിച്ച് ഹിന്ദുദേശീയവാദകക്ഷി ഇൻഡ്യയെ വിഴുങ്ങുന്ന സന്ദര്‍ഭത്തിലാണിത് എന്നതു കൂടി ഓര്‍ക്കേണ്ടതാണ്. കായംകുളം കൊച്ചുണ്ണി കുത്തിക്കൊല്ലുന്ന സാമൂഹിക ദുരന്തങ്ങളായ ജാനകിപ്പിള്ളമാരെ നാമോര്‍ത്താൽ കൊള്ളാം. സത്യനഭിനയിച്ച പഴയ പടം പൊരുന്നൻമാര്‍ കാണുന്നത് നന്നാകും.

യഥാര്‍ഥത്തിൽ ഈ മാഭാരത രാമായണാദികള്‍ മറയ്ക്കുന്നതും മായിക്കുന്നതും തമസ്കരിക്കുന്നതും എന്താണ് എന്നതാണ് പ്രധാനം. ഈ ഉത്തരേന്ത്യന്‍ സംസ്കൃത ബ്രാഹ്മണിക വൈദിക പാഠങ്ങള്‍ മറയ്ക്കുന്നത് തെന്നിന്ത്യയുടെ പ്രാചീനവും നൈതികവുമായ മാനവിക പാഠങ്ങളും വിശ്വോത്തര സാഹിത്യ ഇതിഹാസങ്ങളുമായ സംഘ സാഹിത്യ കൃതികളേയും സമാഹാരങ്ങളേയും തമിഴിലെ പഞ്ചമഹാകാവ്യങ്ങളേയുമാണ്. ചിലപ്പതികാരം, മണിമേഖല, കുണ്ഡലകേശി, ജീവകചിന്താമണി, വളയാപത്തി എന്നിങ്ങനെ ആര്യാധിനിവേശം ഹിംസയിലൂടെയും ചതിയിലൂടെയും വംശഹത്യയിലൂടെയും വെട്ടിമൂടി മറവുചെയ്ത മതേതരവും മാനവികവും, ചമണസഭ്യതയും നൈതികയും തുടിക്കുന്നതുമായ അനശ്വര കാവ്യസംസ്കാരത്തെയാണീ കൊല്ലുകയും കൊല്ലിക്കയും ചതിയിലൂടെ വംശഹത്യചെയ്യാന്‍ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഹൈന്ദവ ഹിംസാപുരാണങ്ങളും അവയുടെ അനവരത പാരായണങ്ങളും ഇല്ലാതാക്കുന്നത്. പാഠപുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ജാതിഹിന്ദുക്കളും ഹിന്ദുവൽക്കരിക്കപ്പെടുന്ന ബഹുജനങ്ങളും നാഴികയ്ക്കു നാൽപ്പതു വട്ടം ഊട്ടിയുറപ്പിച്ചു പോരുന്ന ഈ ആദര്‍ശകാവ്യങ്ങള്‍ വിമര്‍ശാത്മകമായി പരിശോധിച്ചാൽ അവയുടെ പൂച്ചു പുറത്താവും.  ബുദ്ധിസത്തിന്‍റെ നൈതികാഖ്യാനങ്ങളെ ഭോഗാത്മകമായ ആഖ്യാനലാലസ ലീലകളിലൂടെ അട്ടിമറിച്ചു പോരുകയായിരുന്നു ഹൈന്ദവ പുരാണങ്ങളും കാവ്യങ്ങളും. ഇതേ വര്‍ണാശ്രമധര്‍മം തന്നെയാണ് പുതിയ ഹിന്ദു സന്യാസിമാരും ഇടതുപക്ഷമേലങ്കിയിട്ട വാചാപ്രസംഗകരും നടത്തുന്ന മാഭാരതഗീതാ സത്രങ്ങളും സപ്താഹങ്ങളും സൈക്കിള്‍ യജ്ഞങ്ങളും. സര്‍പ്പയജ്ഞക്കാരേയും അതിരാത്ര പരമപുരോഹിതരേയും നാണിപ്പിക്കുന്ന രീതിയിൽ ഇവര്‍ ഗീര്‍വാണത്തിന്‍റെ കയ്യും കസര്‍ത്തും കാട്ടി പഴകിയ വളഞ്ഞ മാടമ്പിജാതി വാലിൽ തിരിച്ചും മറിച്ചും കുത്തിച്ചാടി മറിയുകയാണ്. അവര്‍ യഥേഷ്ടം ഗീതാമാഭാരത ഭോഷ്കുകള്‍ വയറിളക്കിയാറാടട്ടെ, അതവരുടെ കാര്യം, പക്ഷേ അതു ബഹുജനങ്ങളുടെ ചിലവിൽ ഭരണഘടനാസ്ഥാപനങ്ങളുടേയും അക്കാദമികളുടേയും കണക്കുള്ള പൊതുപണം പിടുങ്ങിയാവുമ്പോഴാണ് എതിര്‍ക്കപ്പെടേണ്ടത്. അതും വര്‍ണാശ്രമത്തിന്‍റെ അധീശ വ്യവഹാരം ബഹുജനങ്ങളെ ഹിന്ദുവൽക്കരിച്ച് ഫാഷിസ്റ്റ് പഥസഞ്ചലനങ്ങള്‍ നടത്തുമ്പോള്‍. ഹിന്ദുവൽക്കരണത്തിന്‍റെ വില ഇൻഡ്യന്‍ ജനായത്തവും മതേതരത്വവും ഭരണഘടനയുമാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. ജാതിയുടെ നരകമായ ഹിന്ദുത്വത്തിലേക്കാണീ പുണ്യപുരാണ പാരായണങ്ങളുടെ കുഴലൂത്ത്. തീണ്ടാരികളുടേയും സതിയുടേയും മുലക്കരത്തിന്‍റേയും പുണ്യപുരാണ ഹൈന്ദവലോകം.

ഇൻഡ്യയിൽ ജാതിയേയും അതിന്‍റെ ആധാരമായ വൈദിക വര്‍ണാശ്രമ ബ്രാഹ്മണ മതത്തേയും ചെറുത്ത ബുദ്ധിസത്തിന്‍റേയും ജൈനിസത്തിന്‍റേയും ഇതര ന്യൂനമതങ്ങളുടേയും നീതിചിന്തയേയും വിമര്‍ശാവബോധങ്ങളേയും വിമോചനാഖ്യാനങ്ങളേയും മറയ്ക്കാനും മായിക്കാനുമാണ് വര്‍ണാശ്രമത്തിന്‍റേയും ഹിംസയുടേയും ജാതിക്കൊലകളുടേയും അപരവൽക്കരണങ്ങളുടേയും പുണ്യപുരാണ പാരായണങ്ങളും സ്വരവൈവിധ്യ ചമൽക്കാരങ്ങളും പാഠവൽക്കരണങ്ങളും ഭാഷണശിബിരങ്ങളും അരങ്ങേറുന്നതെന്നു ചുരുക്കം.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ആധുനിക ജനായത്ത മൂല്യങ്ങളെ അട്ടിമറിക്കുന്ന സമതയ്ക്കും സാമൂഹ്യ ജനായത്തത്തിനും മതനിരപേക്ഷ മാനവികതയ്ക്കും നിതാന്ത കിരാത ഭീഷണിയാണ് അംബേഡ്ക്കറും സഹോദരനും അയ്യോതി താസരും നിരവധി വിമര്‍ശചിന്തകരും അഭിപ്രായപ്പെട്ട പോലെ പാഷണ്ഡതയുടെ അധീശത്വമായ ഹിന്ദുബ്രാഹ്മണമതവും അതിന്‍റെ പുണ്യപുരാണ ആഖ്യാനങ്ങളും. സിന്ധു നാഗരികതയിലെ പദ്മാസനയോഗി വെളിപ്പെടുത്തുന്ന പോലെ അധിനിവേശത്തോടും അധീശത്വത്തോടുമുള്ള ചെറുത്തുൽനി പ്പ് ആദിനാഥനായ ഋഷഭനിലും തുടര്‍ന്നിങ്ങോട്ടുള്ള ജൈനതീര്‍ഥങ്കരന്മാരിലും പൂര്‍വബുദ്ധന്മാരിലും പുത്തരിലും ചാര്‍വാകരിലും ആജീവകരിലും സൂഫികളിലും സിഖുഗുരുക്കന്മാരിലും സാമൂഹിക അസമത്വത്തെ സംബോധന ചെയ്ത ക്രൈസ്തവരും ഇസ്‌ലാമികളുമായ മിഷനറിമാരിലൂടെയും യുക്തിചിന്തകരിലൂടെയും ഇടതുപക്ഷ ജനപക്ഷ ചിന്തകരിലൂടെയും ഏറ്റവും ഒടുവിൽ ധബോൽക്കര്‍, കൽബുര്‍ഗി, പന്‍സാരേ, ഗൗരിലങ്കേഷ് എന്നിങ്ങനെയുള്ള വിമര്‍ശ ചിന്തകരിലും ബോധകരിലും രോഹിതിനെ പോലുള്ള യുവപോരാളികളിലും രക്തസാക്ഷികളിലും കൂടി വികസിക്കുന്നതാണ്. അധീശത്വം അവസാനിക്കാത്ത പോലെ അതിനെതിരായ പോരാട്ടവും തുടരുകയാണ്. ബഹുജനങ്ങള്‍ തങ്ങളുടെ ചോരനീരാക്കി ഭരണകൂടങ്ങള്‍ക്കു നൽകുന്ന നികുതിപ്പണം ഇത്തരം രൂഢമൂലമായ ജാതിഹിന്ദു അധീശത്വത്തിനു കുഴലൂതുന്ന പുരാണപാരായണങ്ങള്‍ക്കും ഹൈന്ദവ വീരചരിത നിര്‍മിതിക്കും യഥാര്‍ഥ ചരിത്രത്തെ തമസ്കരിക്കുന്നതിനും മായിക്കുന്നതിനുമായി ഉപയോഗിക്കുന്നത് സംഘടിതമായി തടഞ്ഞേ തീരൂ. തെന്നിന്ത്യന്‍ ജനതയേയും കേരളമക്കളെ പ്രത്യേകിച്ചും അവരുടെ രണ്ടായിരത്തഞ്ഞൂറു കൊല്ലത്തിലധികം നീളുന്ന ബൗദ്ധവും ബഹുസ്വരവുമായ സംസ്കാരചരിത്രത്തേയും സാഹിത്യ ദാര്‍ശനിക നൈതിക പാഠങ്ങളേയും സാമൂഹ്യരൂപീകരണത്തേയും കുറിച്ച് ഓര്‍മിപ്പിച്ചും പ്രതിനിധാനത്തിന്‍റേയും സംസ്കാരത്തിന്‍റേയും രാഷ്ട്രീയത്തിലൂടെ മാഭാരതഗീതാഗീര്‍വാണ അധിനിവേശ മിമിക്രികളെ തുറന്നു കാട്ടിയും പരാദപരവും തമസ്കരണപരവുമായ പാണ്ഡിത്യത്തിന്‍റേയും ഗോഗ്വാവിളികളുടേയും പൊള്ളത്തരവും കള്ളത്തരവും അധീശത്തവും വെളിപ്പെടുത്തിക്കൊണ്ടാവാം ഇത്തരം അടിത്തട്ടിൽ നിന്നുള്ള പോരാട്ടം സജീവവും ശക്തവുമാക്കാന്‍. ഹൈന്ദവീയതയുടെ പാഷണ്ഡ ബൃഹദാഖ്യാനങ്ങളും വീമ്പുകളും അപനിര്‍മിച്ചേ തീരൂ. സ്മൃതിശ്രുതിപുരാണങ്ങളുടെ സനാതന വൈദിക വര്‍ണാശ്രമ ഭാരതഗീതകളും ഗീതികളും അധീശ പാഷണ്ഡമതബോധവും ഉന്മൂലനം ചെയ്താലേ അവയുടെ നിര്‍മിതിയായ ജാതിയുടെ ഉന്മൂലനവും സമസമൂഹനിര്‍മിതിയും സാമൂഹ്യ ജനായത്തവും ഭരണഘടനാ നൈതികതയും പുലരൂ.

കടപ്പാട്: അജയ്ശേഖർ

എന്തുകൊണ്ട് നമ്മുടെ ആസ്ഥാന വിദ്വാന്മാരും വാഗ്മികളും ചരിത്രകാരന്മാരും അറിവാളരും ഹൈന്ദവേതിഹാസ പുരാണങ്ങളെ വിട്ട് തെന്നിന്ത്യന്‍ സംഘസാഹിത്യത്തേയോ തമിഴിലെ ഐപ്പെരുംകാപ്പിയങ്ങളേയോ ഇൻഡ്യയിലെ പുരാതനമായ പാലി സാഹിത്യത്തേയോ ഉറുദു, പേര്‍ഷ്യന്‍, അറബി സാഹിത്യങ്ങളേയോ ഇതര നവീന ഭാഷാസാഹിത്യങ്ങളേയോ ദര്‍ശനങ്ങളേയോ മൂല്യപദ്ധതികളേയോ കുറിച്ചു വാചാലരാവുന്നില്ല എന്ന സത്യമെങ്കിലും നാം തിരിച്ചറിയുകയും ഉറക്കെ ചോദിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മധ്യകാലത്തു നടന്ന സംസ്കൃത പുരാണേതിഹാസ മഹാകാവ്യ പാരായണങ്ങളായ മാഭാരത പട്ടത്താനങ്ങളിലൂടെയാണ് ബ്രാഹ്മണ്യം പ്രബുദ്ധമായ കേരളത്തെ ഹൈന്ദവീകരിച്ചതെന്ന് ഇളംകുളം തന്നെ എഴുതിയിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടുവരെ പല കുലീന സാമൂഹിക വിഭാഗങ്ങളും ഉയര്‍ത്തപ്പെട്ടു വന്നിട്ടില്ലെന്നും അദ്ദേഹം നീരീക്ഷിച്ചു. പ്രബുദ്ധതയുടെ സംസ്കാരമാണ് തിണവഴക്കത്തേയും പാരിസ്ഥിതിക ചിന്തയേയും ജാതിരഹിത സമൂഹത്തേയും അശോകകാലം മുതൽ ആയിരം വര്‍ഷത്തിലധികം എട്ടാം നൂറ്റാണ്ടു വരെ കേരളമടങ്ങുന്ന തമിഴകത്തു വളര്‍ത്തിയത്. അഭിനവ സാഹിത്യലീലാപരമായ മാഭാരത രാമായണപട്ടത്താനങ്ങളിലൂടെയാണ് ക്ഷുദ്രപാഷണ്ഡ പണ്ഡിതമന്യര്‍ പുരോഗമനപക്ഷത്തിനകത്തു നുഴഞ്ഞുകയറി വാഗ്വിലാസം കാട്ടി കേരള സമൂഹത്തെ പരിപൂര്‍ണമായും ഹൈന്ദവീകരിച്ചു പ്രതിവിപ്ലവങ്ങള്‍ക്കും ക്ഷുദ്രകലാപങ്ങള്‍ക്കും നിലമൊരുക്കുന്നത്. ഇതിന്‍റെ മറപിടിച്ചാണ് ഭൃത്യജനസമാജങ്ങള്‍ ആന്തര ജനായത്ത പ്രാതിനിധ്യത്തിനും സാമൂഹ്യനീതിക്കും കടകവിരുദ്ധവും ഭരണഘടനാ നൈതികതയ്ക്കെതിരുമായ സാമ്പത്തിക സംവരണം സമ്മര്‍ദ്ദതന്ത്രത്തിലൂടെ ഗൂഢമായി നേടിയെടുക്കുന്നത്. മണാളരെ കുറിച്ചുള്ള കാണിപ്പയ്യൂരിന്‍റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാകുന്ന പ്രകരണമാണിത്. കേരളത്തിന്‍റെ സാമൂഹ്യ സാംസ്കാരിക ചരിത്രം പഠിക്കുകയും പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കപ്പെടുകയും ചെയ്യട്ടെ. പുളിച്ചുതികട്ടുന്ന പുരാണപട്ടത്താനങ്ങള്‍ നമുക്കവസാനിപ്പിക്കാം. വര്‍ത്തമാനത്തിലും ഭാവിയിലും നമുക്കു പ്രതീക്ഷ പുലര്‍ത്താം. മാറാത്തതായി മാറ്റം മാത്രമേയുള്ളൂ. 

കാലടി സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ. 

Top