ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്ന കവിത
സുനിതാ തോപ്പിലിന്റെ കവിതകളിലേക്കുള്ള പ്രവേശനം അക്ഷരാർഥത്തിൽ ഒരു യാത്രയിലൂടെയാകുന്നതിൽ ഒട്ടും അനൗചിത്യമില്ല. കാരണം ദേശത്തിനുള്ളിലും ദേശാതിർത്തികൾ കടന്നും പെണ്ണ് നടത്തുന്ന നെടുകെയും കുറുകെയുമുള്ള സഞ്ചാരങ്ങളാണ് ആ കവിതകളുടെ മുഖ്യ പരിഗണനാവിഷയം. ഒ.കെ സന്തോഷ് എഴുതുന്നു.
ഇടുക്കി അശോകാ ജംഗ്ഷനിൽ നിന്നു മുകളിലേക്ക് പന്ത്രണ്ട് ഹെയർപിൻ വളവുകൾ കയറാൻ തുടങ്ങുമ്പോൾ ഏതു സഞ്ചാരിയും തന്റെ ഇരിപ്പിൽ ചില മാറ്റങ്ങൾ വരുത്തും. അതുവരെ നിരപ്പായ റോഡിലൂടെ യാത്ര ചെയ്ത് അലസമായ നടുവിനെ ഒന്നുണർത്തും. ജനൽ കാറ്റിൽ മയങ്ങിപ്പോയ മനസ്സിനെ ജാഗ്രതയുടെ വരുതിയിലാക്കി, അടഞ്ഞുപോയ കണ്ണുകളെ പുറത്തേക്ക് ഉറപ്പിക്കാൻ പാകത്തിൽ കഴുത്തിന്റെ ദിശയിൽ മാറ്റംവരുത്തും.
മൊത്തത്തിൽ കാഴ്ചയുടെയും ആയാസകരമായ കയറ്റത്തിന്റെയും തുടക്കത്തിലൂടെ, ഹൈറേഞ്ചിന്റെ പ്രകൃതിയിലേക്കും അവിടുത്തെ മനുഷ്യാനുഭവങ്ങളിലേക്കും പ്രവേശിക്കാനുള്ള തയ്യാറെടുപ്പാണ് ഓരോരുത്തരും നടത്തുന്നത്. പിന്നിടുന്ന ഓരോ വളവും, മുകളിലേക്കും താഴേക്കുമുള്ള നമ്മുടെ നോട്ടങ്ങളെ ക്ഷണിക്കും. അനിശ്ചിതത്വം നിറഞ്ഞ ജീവിതം പോലെ അടർന്നു വീഴാനൊരുങ്ങുന്ന വലിയ പാറകൾ, ഇടവിള കൃഷിയിടങ്ങളിൽ ഒറ്റയാന്മാരായി നിൽക്കുന്ന വലിയ മരങ്ങൾ, ഇടതൂർന്ന തെരുവക്കാടുകൾ, മഴപ്പായലിൽ പച്ചപിടിച്ച റോഡിന്റെ ഇറമ്പുകൾ, ആളില്ലാത്ത അപൂർവം വെയിറ്റിങ് ഷെഡുകൾ, ജീവിതവൃത്തിക്കു വേണ്ടി കുനിഞ്ഞുപോയ മുതുകുമായി നിൽക്കുന്ന മാടക്കടകൾ, ഓരോ വീട്ടിലേക്കും ഇറങ്ങിയും കയറിയും പോകുന്ന കുത്തുകല്ലുകൾ, നിറഞ്ഞ ഇടവഴികൾ തുടങ്ങി പന്ത്രണ്ട് വളവുകളിലൂടെ കുരുതിക്കളം, തുമ്പച്ചി എന്നിവ പിന്നിട്ട് നാടുകാണിയിലെത്തുന്നു. മറു കാഴ്ചയായി മഞ്ഞുപാളികൾക്കിടയിൽ കാഞ്ഞാർ ചലനരഹിതയായി കിടക്കും. അതിന്റെ തീരത്തു കനത്തിൽ തേച്ചുപിടിപ്പിച്ച ചായം പോലെ പച്ചപ്പ് തെഴുത്തു നിൽക്കും. എത്ര ശക്തമായ വേനലിലും ഈ കാഴ്ചക്ക് മാറ്റമുണ്ടാകില്ല.
സുനിതാ തോപ്പിലിന്റെ കവിതകളിലേക്കുള്ള പ്രവേശനം അക്ഷരാർഥത്തിൽ ഒരു യാത്രയിലൂടെയാകുന്നതിൽ ഒട്ടും അനൗചിത്യമില്ല. കാരണം ദേശത്തിനുള്ളിലും ദേശാതിർത്തികൾ കടന്നും പെണ്ണ് നടത്തുന്ന നെടുകെയും കുറുകെയുമുള്ള സഞ്ചാരങ്ങളാണ് ആ കവിതകളുടെ മുഖ്യ പരിഗണനാവിഷയം. ചലനരഹിതമായ ഇടമോ ജീവിത സന്ദർഭങ്ങളോ അകന്നു നിൽക്കുന്ന രചനകൾ ഇല്ലാത്ത വിധത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന അനുഭവ ലോകങ്ങളാണ് അവയുടെ ആഖ്യാനത്തെ നിയന്ത്രിക്കുന്നത്. മറ്റൊരു തരത്തിലും ഈ കവിതകളിലെ യാത്രകളെ രേഖീയമാക്കാം. ഓടിയും ഒളിച്ചു കളിച്ചും നിർഭയമായി ജീവിച്ച കാലത്തു നിന്നും പരസ്പരമുള്ള സാന്നിദ്ധ്യത്തെ ഭയപ്പെടുകയും, നിയമം മൂലം പരിമിതപ്പെടുത്തുകയും ചെയ്ത പാൻഡമിക് കാലത്തെ ലോക്ഡൗൺ വരെ നീളുന്ന ഓർമകളും വിചാരങ്ങളുമാണ് സുനിത തോപ്പിൽ ആവിഷ്കരിക്കുന്നത്. അതായത് കവിത ഭൂതകാലത്തെയും വർത്തമാന കാലത്തെയും ബന്ധിപ്പിക്കാനുള്ള ശ്രമമായി മാറുന്നു. ഇതിനിടയിലുള്ള ഇടമാണ് ട്രിപ്പിൾ ലോക്ഡൗണിൽ തളച്ചിടപ്പെടുന്ന സ്ത്രീ ജീവിതം. ‘കൂടെ വന്നു താമസിക്കുന്ന നാട്’ എന്ന കവിതയാണ് ഘടനാപരമായി നോക്കിയാൽ സ്ത്രീ ജീവിതത്തിന്റെ ഇടനിലയായി നിൽക്കുന്നത്. ഈ സമാഹാരത്തിലെ കവിതകളുടെ ക്രമീകരണത്തിലും, ഈ യാത്രയുടെ നിയമങ്ങളും ലക്ഷ്യസ്ഥാനങ്ങളും അണുവിട തെറ്റാതെ പാലിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇതിന്റെ പ്രധാനപ്പെട്ട സൂചനയായി ‘Tea-വിലാസിനി’ എന്ന രചനയിലെ ഒരു ഭാഗം ചൂണ്ടിക്കാണിക്കട്ടെ:
“അശോകാ വളവിൽ
ഫസ്റ്റ് ഗിയറിട്ട്
കുരുതിക്കളം,
തുമ്പച്ചി, നാടുകാണി
പന്ത്രണ്ടു വളവുള്ള ചുരങ്ങൾ
വലിഞ്ഞുകയറി
വാഴവരവഴി കുമ്പംമെട്ടിറങ്ങി
അയാൾ അതിരുവിട്ടുപോയത്”
ഈ യാത്രയിൽ അയാൾ കണ്ട കാഴ്ചയും അനുഭവിച്ച ജീവിതവുമൊക്കെ പിന്നിലേക്കെറിയുമ്പോൾ, അവയൊന്നും ഉപേക്ഷിക്കപ്പെടേണ്ടതല്ലെന്ന ബോധ്യത്തിൽ തിരിച്ചെടുക്കുകയാണ് സുനിതാ തോപ്പിൽ ചെയ്യുന്നത്.
ജീവിതം, തൊഴിൽ, കുതറൽ
സ്ത്രീവാദ വിമോചനാശയങ്ങൾ മലയാള കവിതയിൽ പ്രമേയമാക്കിയ പ്രധാനപ്പെട്ടതും വാഴ്ത്തപ്പെട്ടതുമായ രചനകളെല്ലാം തന്നെ സവിശേഷമായ സാമൂഹിക പദവിയും ജീവിതവും കൈമുതലാക്കിയവരുടെ മാനസിക സ്വാതന്ത്ര്യത്തെയാണ് ആവിഷ്കരിച്ചത്. സാവിത്രി രാജീവന്റെ ‘പ്രതിഷ്ഠ’, അനിത തമ്പിയുടെ ‘മുറ്റമടിക്കുമ്പോൾ’, വി.എം ഗിരിജയുടെ ‘പെണ്ണുങ്ങൾ കാണാത്ത പാതിരാ നേരങ്ങൾ’ എന്നീ കവിതകൾ ശ്രദ്ധിക്കുക. ആധുനീകരിക്കപ്പെട്ട അടുക്കളയിൽ നിന്നും, പത്ര വായനക്കുള്ള സ്വാതന്ത്ര്യമില്ലായ്മയിൽ നിന്നും, പാർക്കിലെ ചാരു ബഞ്ചിൽ കിടന്ന് നക്ഷത്രങ്ങൾ എണ്ണാൻ കഴിയാത്തതിൽ നിന്നുമുള്ള കുതറലുകളാണ് യഥാക്രമം ഈ കവിതകൾ അഭിസംബോധന ചെയ്യാൻ ശ്രമിച്ചത്. അത് ഒരർഥത്തിൽ പരിമിതിയാണെന്നു പറയാൻ കഴിയില്ല. മറ്റു ചില രചനകളാവട്ടെ പുരുഷന്മാർ എഴുതിയ പ്രാമാണിക രചനകൾക്ക് പെൺഭാഷ്യം ചമക്കുകയും, പുരാണേതിഹാസങ്ങളിലെ മാതൃകാ സ്ത്രീകൾക്ക് രാഷ്ട്രീയമായും സമകാലികമായും മുഖം നൽകി മിനുക്കിയെടുക്കുകയുമാണ് ചെയ്തത്.
‘തീണ്ടാരി’ ഒഴികെയുള്ള കവിതകളെല്ലാം ജീവിതത്തിനും പ്രകൃതിക്കും അനുഭവ മണ്ഡലത്തിനും പിന്നാലെ വരുന്ന ഒന്നായാണ് രാഷ്ട്രീയത്തെ കാണുന്നത്. ഏറെ തെറ്റിദ്ധരിപ്പിക്കുന്ന പ്രയോഗമായ ‘രാഷ്ട്രീയം’, കവിതയിലെമ്പാടും വിന്യസിക്കപ്പെടുന്ന വിചാര ലോകം എന്ന അർഥത്തിലാണ് ഇവിടെ ഉപയോഗിക്കുന്നത്. കാഴ്ചകളിലും, നടത്തങ്ങളിലും, ചെയ്യുന്ന തൊഴിലിലും ഉള്ളടങ്ങിയിരിക്കുന്ന കർതൃത്വബോധവും പ്രകടമായ വിചാരങ്ങളും കൂടുതൽ വിവൃതമാക്കേണ്ടതില്ലെന്ന യുക്തിയാണ് ഇവിടെ എഴുത്തുകാരിയിൽ പ്രവർത്തിക്കുന്നതെന്നു പറയാം.
ഈ ശ്രമങ്ങളെല്ലാം അതാതു ചരിത്ര സന്ദർഭങ്ങളിൽ പ്രസക്തമാണെങ്കിലും, സാധാരണ സ്ത്രീ ജീവിതങ്ങൾക്ക് ദൃശ്യതയും തെളിച്ചവും കിട്ടിയില്ല എന്നത് വസ്തുതയാണ്. കൊട്ടിഘോഷിക്കപ്പെട്ട പൂതപ്പാട്ടും കുറത്തിയുമൊക്കെ ആഭിചാരത്തിലൂടെ തന്മ കണ്ടെത്തുകയും, വിമോചന സ്വപ്നങ്ങൾ പങ്കുവെക്കുകയും ചെയ്തവയാണ്. സ്വാഭാവികമായ ഒട്ടേറെ സ്ത്രീ ജീവിതങ്ങൾ നരകസമാനരായി കൺമുൻപിൽ ഉള്ളപ്പോഴാണ് മലയാളത്തിലെ കാവ്യഭാവനയിൽ ആഭിചാരവും പൊള്ളയായ മഹത്വവത്കരണവും നടക്കുന്നതെന്നത് നിസ്സാരമായി കാണാനാവില്ല. പ്രബലമായ ഈ വ്യവഹാരങ്ങളെ അസംബന്ധമാക്കാൻ ശേഷിയുള്ള രചനകൾ സമീപകാലത്താണ് മലയാളത്തിൽ ഉണ്ടായതെന്നത് വസ്തുതയാണ്.
നഷ്‌ട ഭാവനകളും വീണ്ടെടുക്കാനാവാത്ത ഇടങ്ങളും
സ്വത്വത്തിന്റെയും ജീവിത വ്യവസ്ഥയുടെയും സൗഹൃദങ്ങളുടെയും വിപുലവും വ്യത്യസ്തവുമായ ലോകങ്ങളുടെ നഷ്ടമാണ് സുനിത തോപ്പിലിന്റെ കവിതകളിൽ മറ്റൊരു ആധിയായി പ്രവർത്തിക്കുന്നത്. അടുപ്പക്കാർ അകന്നുപോകുന്നതിന്റെ ചെറു നിലവിളികൾ ‘ഒഴുകിപ്പോയ വീടിനെക്കുറിച്ച്’ എന്ന രചനയിൽ കാണാം. ജീവിതത്തിന്റെ അഭേദ്യമായ ഭാഗം തന്നെയായ പാറകൾക്കുപോലും സംരക്ഷിക്കാനാവാതെ ചിതറിപ്പോയ ജീവിതങ്ങളെക്കുറിച്ചാണ് ‘രാത്രിയിലെ മഴ’ എന്ന കവിതയിൽ ആവിഷ്കരിക്കുന്നത്. എം.ബി മനോജിന്റെ ‘പാറകൾ’ എന്ന കവിതയിൽ മനുഷ്യരുമായി അവയെ രേഖപ്പെടുത്താനുള്ള ശ്രമം കാണാം.
“മഴപ്പായലേറ്റ് പച്ചപിടിച്ചുപോയ
പാറക്കെട്ടുകളിപ്പോൾ
വെയിലും കാഞ്ഞു,
കറുപ്പു നേടി കരുത്തു കൂട്ടുന്നുണ്ട്
(ഒഴുകിപ്പോയ വീടിനെക്കുറിച്ച്)
ഹൈറേഞ്ചിലെ ജീവിതത്തിൽ പാറകൾ മനുഷ്യരെ സംബന്ധിച്ച് സഹജീവികൾ തന്നെയാണ്. വിരിപ്പായും വീടായും സംരക്ഷണ കവചമായും, വേനൽക്കാലത്തു കുടിവെള്ളം ഊറിയെത്തുന്ന പ്രാണനാഡിയായും വേഷപ്പകർച്ച പ്രാപിച്ചുകൊണ്ടാണ് പാറകൾ സാധാരണ ജീവിതങ്ങളോട് ഇടപെടുന്നത്. പക്ഷേ, അത്തരം ഉറപ്പുകളെ പ്രകൃതി തന്നെ ലംഘിക്കാറുമുണ്ട്. ജീവന്റെ പാട്ടുകളൊന്നും അവശേഷിപ്പിക്കാതെ പാഞ്ഞുപോകുന്ന നിരവധി ദുരന്തങ്ങൾ ദേശത്തിന്റെ കാൽപനികമായ രൂപഭാവങ്ങളെ തകർത്തെറിയുന്നു. ‘ഓർമക്കല്ല്’ എന്ന കവിതയിൽ സുനിത തോപ്പിൽ വരച്ചിടുന്നത് അതാണ്. ഇപ്പോൾ തന്നെ ഉരുണ്ടുവീഴുമെന്നു പേടിപ്പെടുത്തിക്കൊണ്ട്, പുരക്കുമേലെ വളർന്നു പടർന്നിട്ടുണ്ട് പാറക്കെട്ടുകൾ.
സാമൂഹിക അനുഭവങ്ങളെ പ്രത്യക്ഷ സംവാദമാക്കുന്ന ‘കപീല’ പോലുള്ള രചനകളെക്കാൾ ആഴത്തിൽ മുറിവുകളുണ്ടാക്കാനും, പിന്നീട് വാക്കുകൾ കൊണ്ടുതന്നെ സുഖപ്പെടുത്താനും കഴിയുന്നൊരു ആത്മശക്തി പല കവിതകളിലും ഒളിമിന്നുന്നുണ്ട്. ‘ലോക്ഡൗൺ ഡയറി:, ‘ക്വാറന്റീൻ’ എന്നീ കവിതകൾ വിഷയത്തിന്റെ പുതുമയും സമകാലികതയും കൊണ്ട് നവ മാധ്യമങ്ങളിലൂടെ ഏറെ പ്രശംസിക്കപ്പെട്ടവയുമാണ്.
അസാധാരണമായ ജീവിത സന്ദർഭങ്ങൾ നിറഞ്ഞ ആ പ്രദേശത്തു നിന്ന് ഇറങ്ങുകയാണ് കവിത. പക്ഷേ, വിടാതെ പിന്തുടരുന്ന ഓർമകൾക്ക് പുതിയ രൂപം നൽകേണ്ടി വരുന്നു. ആധുനീകരണത്തിന്റെയും വിമോചനത്തിന്റെയും പ്രതീക്ഷകളിലേക്കു കുതിക്കുവാൻ ഭാഷയും ഭാവനയും തീവ്രമായി ആഗ്രഹിക്കുന്നു. സമാഹാരത്തിലെ അവസാന ഭാഗത്തെ കവിതകളൊക്കെ അത്തരം ഇടങ്ങളിൽ നിലയുറപ്പിച്ചുകൊണ്ടാണ് എഴുതുന്നതെങ്കിലും, കവിയുടെ നോട്ടം നഗരത്തിൽ അതിരാവിലെ ബസ്സു കയറി ചെന്നെത്തിയിട്ടും പണിയൊന്നും കിട്ടാതെ വെറും കൈയ്യോടെ മടങ്ങുന്ന മെയ്ക്കാട്ടുകാരിയിലാണ് ഉടക്കുന്നത്. ഒരുപക്ഷേ, മലയാള കവിതക്ക് തീർത്തും അപരിചിതമായ ഒരു സ്ത്രീയനുഭവത്തെ വരച്ചിടുന്ന മികച്ച രചനയാണ് ‘മെയ്ക്കാട്ടുകാരി’.
“ഇറക്കിയ വണ്ടി
നഗരം ചുറ്റി തിരിച്ചുവരുന്നുണ്ട്
വണ്ടിക്കൂലി മുഴുവനായും
മടിക്കെട്ടിട്ടുണ്ടെന്ന് ഉറപ്പിച്ച്
റോഡിലേക്കിറങ്ങി നിന്നു”
തുടക്കത്തിലേക്ക് ഒന്നുകൂടി മടങ്ങിപ്പോകട്ടെ, കേരളത്തിലെ അരികു ജീവിതം നയിക്കുന്ന സ്ത്രീകളിലേക്ക് കണ്ണുറപ്പിക്കുന്ന കവിതകളാണ് സുനിത തോപ്പിലിന്റേത്.
“മുളപൊട്ടിയൊരു
അരളിപ്പാല കിളിർത്തൊന്നു
പൂവിടാൻ കരച്ചിലായി നിൽപ്പുണ്ട്”
എന്ന വരികളിൽ പൂർണതയിലേക്ക് പോകാൻ വെമ്പുന്ന ഒരാളെ കാണാം. പല കാലങ്ങളിലായി എഴുതപ്പെട്ട ഈ കവിതകളിൽ സഫലവും വിവേകപൂർണവുമായ ഒരു കാത്തിരിപ്പുണ്ട്. സാമൂഹിക അനുഭവങ്ങളെ പ്രത്യക്ഷ സംവാദമാക്കുന്ന ‘കപീല’ പോലുള്ള രചനകളെക്കാൾ ആഴത്തിൽ മുറിവുകളുണ്ടാക്കാനും, പിന്നീട് വാക്കുകൾ കൊണ്ടുതന്നെ സുഖപ്പെടുത്താനും കഴിയുന്നൊരു ആത്മശക്തി പല കവിതകളിലും ഒളിമിന്നുന്നുണ്ട്. ‘ലോക്ഡൗൺ ഡയറി:, ‘ക്വാറന്റീൻ’ എന്നീ കവിതകൾ വിഷയത്തിന്റെ പുതുമയും സമകാലികതയും കൊണ്ട് നവ മാധ്യമങ്ങളിലൂടെ ഏറെ പ്രശംസിക്കപ്പെട്ടവയുമാണ്. അതിലേക്കു വിപുലമായി പോകാൻ ഈ കുറിപ്പിലൂടെ കഴിയില്ല. എന്തായാലും നാടുകാണി ചുരം കയറിയും ഇറങ്ങിയും മനുഷ്യാനുഭവങ്ങളിലേക്കുള്ള പാർശ്വ നോട്ടങ്ങളിലൂടെ ഭാഷകൊണ്ടും ഭാവനകൊണ്ടും പുതിയ ചിത്രങ്ങൾ വരക്കുകയാണ് സുനിതാ തോപ്പിൽ ചെയ്യുന്നത്. അതാവട്ടെ മലയാളിയുടെ കവിതാ വായനയിൽ ചെറുതല്ലാത്ത ദിശാമാറ്റം ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
◆