ലവ് ജിഹാദ്: പ്രചാരണങ്ങളും വസ്തുതകളും
കേന്ദ്ര, സംസ്ഥാന ഏജൻസികൾ അന്വേഷണങ്ങൾക്കു ശേഷം ലവ് ജിഹാദിന് തെളിവില്ല എന്ന് പലയാവൃത്തി പറഞ്ഞതാണ്. കേരളത്തിലെ പതിനെട്ടു ശതമാനം വരുന്ന വോട്ടു ബാങ്ക് ലക്ഷ്യമിട്ട് ജോസ് കെ. മാണി ഉന്നയിച്ച ആരോപണത്തോടെ ലവ് ജിഹാദ് വിവാദം വീണ്ടും ഇടം പിടിച്ചിരിക്കുന്നു. സംഘ്പരിവാർ വൃത്തങ്ങൾ ഉയർത്തിയിരുന്ന ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇടതുപക്ഷവും ഏറ്റുപിടിക്കുകയാണ്. കെ.കെ നൗഫൽ എഴുതുന്നു.
ഇത് എഴുതാനിരിക്കുമ്പോൾ ഗുജറാത്ത് സംസ്ഥാനം ലവ് ജിഹാദിനെതിരെ ബില്ലു പാസാക്കിയ വാർത്ത ടേബിളിൽ കിടക്കുന്നു. ഒരു പതിറ്റാണ്ടായി ‘ലവ് ജിഹാദെന്ന’ ഇല്ലാക്കഥ സംസ്ഥാനത്തിനകത്തും പുറത്തും ഗതികിട്ടാതെ അലയുന്നു. ഒരു കള്ളം നൂറു തവണ ആവർത്തിച്ചാൽ സത്യമായി മാറുമെന്ന ഗീബൽസിയൻ തന്ത്രം ഒരിടവേളക്കു ശേഷം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീണ്ടും തലപൊക്കുന്നു. ബിജെപി നേതാവ് ഒരു ജാഥ നടത്തി ലവ് ജിഹാദ് ആവർത്തിച്ചു പറഞ്ഞിട്ടും, ശ്രദ്ധ നേടാൻ പതിനെട്ടടവു നടത്തിയിട്ടും വിജയിക്കാതിരുന്ന സ്ഥലത്ത്, ഇടതു മുന്നണിയിലെ പ്രമുഖന്റെ പ്രസ്താവനയോടെ ലവ് ജിഹാദ് വിവാദം വീണ്ടും ഇടം പിടിച്ചിരിക്കുന്നു. വിവിധ മത സമൂഹങ്ങൾക്കിടയിൽ ഭീതി വളർത്താനും പരസ്പരം സംശയം ജനിപ്പിക്കുന്നതിനും വേണ്ടി സംഘ്പരിവാർ കേന്ദ്രങ്ങൾ പടച്ചുവിട്ട നുണ ബോംബാണ് ലവ് ജിഹാദ്. ഇതിന്റെ സാധ്യതകൾ ഇന്നു പല ഖദർ ധാരികളും മത മേലധ്യക്ഷന്മാരും മനസ്സിലാക്കി അവസരം മുതലെടുത്തു ചെലവഴിക്കുകയാണ്. മൂന്നു മുന്നണികളും പണം വാരിയെറിഞ്ഞിട്ടും അധികാരം ലഭിക്കുമെന്ന ഉറപ്പില്ലാത്തതിനാൽ, വർഗീയ ലക്ഷ്യംവെച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഒരു സ്വകാര്യ ചാനലിന് അഭിമുഖം നൽകുന്നതിനിടെ, ഇടതു മുന്നണിയിലെ ഘടക കക്ഷിയായ കേരളാ കോൺഗ്രസ് (എം)ന്റെ ചെയർമാൻ ജോസ് കെ. മാണി വിവാദ പ്രസ്താവന നടത്തിയതോടെയാണ് ലവ് ജിഹാദ് വീണ്ടും ചർച്ചയിലേക്കു കടന്നുവന്നത്.
സംഘ്പരിവാർ പടച്ചുവിട്ട നുണ ബോംബ് കുറച്ചു കാലമായി കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിലെ ചില സംഘങ്ങൾക്കിടയിൽ പല രൂപത്തിൽ ചർച്ചയായി വരുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി സീറോ മലബാർ സഭയും കത്തോലിക്കാ സഭയും ലവ് ജിഹാദിന്റെ ക്രിസ്ത്യൻ പ്രചാരകാരാണ്.
ലവ് ജിഹാദ് ഒരു സംശയമായി നിലനിൽക്കുന്നുണ്ടോ?
കേരളത്തിലെ പതിനെട്ടു ശതമാനം വരുന്ന ക്രിസ്ത്യൻ സമുദായത്തിന്റെ വോട്ടുബാങ്ക് ലക്ഷ്യംവെച്ച് ജോസ് കെ. മാണി തൊടുത്തുവിട്ട നുണ ബോംബ് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്നു മാത്രം ഉയർന്നു കേട്ടിരുന്ന ലവ് ജിഹാദ് ഇടതു മുന്നണിയിൽ നിന്ന് ഉയരുമ്പോൾ, “എന്റെയും ചേട്ടന്റെയും ശബ്ദം ഒരുപോലെയുണ്ടല്ലോ” എന്ന സിനിമാ ഡയലോഗ് പോലെ, സംഘപരിവാരത്തിന്റെയും ഇടതു മുന്നണിയുടെയും ശബ്ദം ഒരുപോലെയാവുന്നു. മനോരമക്കു നൽകിയ അഭിമുഖത്തിനു മുൻപു തന്നെ ജോസ് കെ. മാണി ലവ് ജിഹാദ് വാദം ഉയർത്തിയിരുന്നു. മാർച്ച് 27ന് ഇംഗ്ലീഷ് ഓൺലൈൻ മാധ്യമമായ ‘ദി പ്രിന്റിന്’ നൽകിയ അഭിമുഖത്തിലും ജോസ് കെ. മാണി ലവ് ജിഹാദ് വാദം ഉയർത്തിയിരുന്നു.
ലവ് ജിഹാദ് ഇല്ലെന്ന് ഇനിയാരാണ് പറയേണ്ടത്?
കേരളത്തിലെയും കേന്ദ്രത്തിലെയും വിവിധ ഏജൻസികൾ ലവ് ജിഹാദ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയും, പരമോന്നത നീതിന്യായ കോടതിയിൽ വരെ ലവ് ജിഹാദ് ഇല്ലെന്നു ബോധിപ്പിച്ചതുമാണ്. കേരളാ പോലീസ്, എൻഐഎ, വനിതാ കമ്മീഷൻ എന്നീ ഏജൻസികൾ ലവ് ജിഹാദ് നിഷേധിച്ചിട്ടും വീണ്ടും അതു സംബന്ധിച്ച വിവാദങ്ങൾ ഉയർന്നുവരുന്നു. അമുസ്‌ലിം പെൺകുട്ടികളെ ഇസ്‌ലാമിലേക്കു മതം മാറ്റുന്നതിനായി പ്രണയം നടിച്ച് വിവാഹം കഴിക്കുന്നുവെന്ന് പറയപ്പെടുന്ന ലവ് ജിഹാദ് നിലനിൽക്കുന്നു എന്നതിന് തെളിവുകളില്ലെന്ന് 2009ൽ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. 2012 ജനുവരി രണ്ടിന് ലവ് ജിഹാദുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനു ശേഷം സംഘടിത മതപരിവർത്തന സംഘമില്ലെന്നു കേരള പോലീസ് കണ്ടെത്തി. ലവ് ജിഹാദ്, സംഘടിത മതംമാറ്റം എന്നിവ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതു പ്രകാരം കേരളാ ഡിജിപി ലോക്നാഥ് ബെഹറ 2017 ആഗസ്റ്റ് 27ന് സമർപ്പിച്ച റിപ്പോർട്ടിലും പറയുന്നത് ലവ് ജിഹാദ് ഇല്ലെന്നാണ്. 2020 ഫെബ്രുവരി 4ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പാർലമെന്റിൽ പറഞ്ഞത് ലവ് ജിഹാദിന് തെളിവില്ലെന്നാണ്. ലവ് ജിഹാദ് കേസുകൾ വർധിക്കുന്നു എന്നു പറഞ്ഞ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ, താൻ പറയുന്നതിന് ഒരു ഡാറ്റയും ഇല്ലെന്നു പറഞ്ഞു നാണംകെട്ടതും നമ്മൾ കണ്ടതാണ്. ഹാദിയ കേസ് തീർപ്പു കൽപ്പിച്ചുകൊണ്ട് 2010 മാർച്ച് 8ന് സുപ്രീം കോടതി എൻഐഎയെ ലവ് ജിഹാദിനെക്കുറിച്ച് അന്വേഷിക്കാൻ ഏൽപ്പിച്ചിരുന്നു. എന്നാൽ, ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയത്.
രാഷ്ട്രീയ നേട്ടങ്ങൾക്കായി ചിലർ നിർമിച്ച പേരാണ് ലവ് ജിഹാദ്. ആദ്യം സമൂഹത്തെ ഭിന്നിപ്പിക്കാനുതകുന്ന പേര് കണ്ടെത്തുകയും, പിന്നീട് അതിന്റെ സങ്കുചിത തത്വങ്ങളിലേക്ക് തളച്ചിടുകയുമാണ് ചിലർ ചെയ്യുന്നത്. അതുതന്നെയാണ് ലവ് ജിഹാദ് വിവാദത്തിലും അരങ്ങേറുന്നത്. “സമൂഹത്തെ വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം”, ഫെബ്രുവരി 27ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഓർത്തഡോക്സ് സഭ തൃശൂർ ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞതാണിത്.
ലവ് ജിഹാദ് ഭാവനാ സൃഷ്‌ടിയാണെന്നാണ് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് പറഞ്ഞത്. ഫാ. പോൾ തലേക്കാട്ട്, ഫാ. കുര്യാക്കോസ് മൂണ്ടാടൻ എന്നിവരും ലവ് ജിഹാദ് വാദത്തിനെതിരെ മുന്നോട്ടു വന്നിരുന്നു.
ആർക്കാണ് നേട്ടം?
ലവ് ജിഹാദ് ഉണ്ടെന്ന് സ്ഥാപിക്കാൻ സംഘപരിവാരം കിണഞ്ഞു ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് സീറോ മലബാർ സഭ ലവ് ജിഹാദ് വാദമുയർത്തി സംഘപരിവാരത്തിന് ആവേശമായി രംഗത്തു വന്നത്. കൂട്ടിന് കെ.സി.ബി.സിയെ കിട്ടിയതോടെ മദം പൊട്ടിയ ആനയെ പോലെ ഉഴുതുമറിക്കുകയാണ്. ലവ് ജിഹാദ് ഉണ്ടെന്നു സ്ഥാപിക്കാൻ ആവശ്യമായ യാതൊരു ഡാറ്റയും ആരോപണം ഉന്നയിക്കുന്നവരുടെ കയ്യിലില്ല താനും. സംഘപരിവാരത്തെ സുഖിപ്പിച്ച് തങ്ങളുടെ കാര്യം എളുപ്പത്തിൽ സാധിക്കാനാണോ സീറോ മലബാർ സഭയും കെ.സി.ബി.സിയുമൊക്കെ ലവ് ജിഹാദ് ഉന്നയിക്കുന്നത്? സ്ഥാപനങ്ങൾക്കെതിരെയും മറ്റും കേന്ദ്ര ഏജൻസികളുടെ അന്വേഷണ ഭീഷണി തങ്ങളുടെ തലക്കു മുകളിൽ വരാതിരിക്കാനുള്ള മുൻകരുതലാണോ ലവ് ജിഹാദ് വാദം ഉയർത്താൻ ഇവരെ പ്രേരിപ്പിക്കുന്നത്?
ആരോപണങ്ങളുടെ മുനയൊടിയുന്നു
ഇസ്‌ലാം മതത്തിലേക്കു തങ്ങളുടെ പെൺകുട്ടികളെ വ്യാപകമായി മതം മാറ്റുന്നുവെന്ന ആരോപണം കാലങ്ങളായി അന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്. എന്നാൽ, അതിന്റെ വസ്തുത എന്താണെന്നു പരിശോധിക്കാൻ ആരും മുതിരാത്തതുകൊണ്ട് ആരോപണങ്ങൾ ശരിയാണെന്നു പലരും വിശ്വസിച്ചു പോന്നിരുന്നു. എന്നാൽ, ഇതിലെ വസ്തുത എന്താണെന്നു നമുക്കു പരിശോധിക്കാം. കേരളാ സർക്കാർ ഗസറ്റ് പ്രകാരം 2011 മുതൽ 2019 വരെ മതം മാറിയവരുടെ കണക്കെടുത്താൽ ക്രിസ്ത്യൻ മതത്തിൽ നിന്ന് ഹിന്ദു മതത്തിലേക്കാണ് കൂടുതൽ ആളുകൾ മതം മാറിയതെന്നു മനസ്സിലാവും. ഈ കണക്കനുസരിച്ച് 2011-2019 കാലയളവിൽ 5741 പേർ ക്രിസ്തു മതത്തിൽ നിന്നും ഹിന്ദു മതത്തിലേക്കു മാറിയിട്ടുണ്ട്. എന്നാൽ, ക്രിസ്തു മതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് വെറും 535 പേർ മാത്രമാണ് മാറിയത്. അതായത്, ക്രിസ്തു മതത്തിൽ നിന്ന് ഹിന്ദു മതത്തിലേക്ക് മാറിയതിന്റെ 10 ശതമാനം പോലും ഇസ്‌ലാമിലേക്കു മാറുന്നില്ല.
മറ്റൊരു കണക്കുകൂടെ അവതരിപ്പിക്കാം. ഏപ്രിൽ 2, 2021ന് ‘ദ ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ്’ ദിനപത്രം പുറത്തുവിട്ട കണക്കു പ്രകാരം 2020ൽ ആകെ മതം മാറിയത് 506 പേർ. ഇതിൽ 47 ശതമാനം പേർ മാറിയത് ഹിന്ദു മതത്തിലേക്കാണ്. 506ൽ ക്രിസ്തു മതത്തിൽ നിന്ന് 209 പേർ മാറിയിരിക്കുന്നത് ഹിന്ദു മതത്തിലേക്കും, 33 പേർ ഇസ്‌ലാം മതത്തിലേക്കുമാണ്. എങ്ങനെ നോക്കിയാലും ഹിന്ദു മതത്തിലേക്കാണ് മത പരിവർത്തനം കൂടുതൽ. മത പരിവർത്തനം തടയാൻ യുപി മോഡൽ നിയമം കൊണ്ടുവരുമെന്നു പറയുന്ന ബിജിപിക്കാരൊക്കെ ഈ കണക്കുകൾ കാണുന്നുണ്ടാവുമല്ലോ!
◆
കടപ്പാട്: തേജസ് ദ്വൈവാരിക, (16, ഏപ്രിൽ 2021)