ലൈംഗിക അതിക്രമ വ്യവഹാരം: ഒരു ബഹുജന്‍ സ്ത്രീ വീക്ഷണം

‘ലൈംഗിക അതിക്രമം’ എന്ന കാറ്റഗറി ഇപ്പോൾ വർധിച്ച ശ്രദ്ധ നേടിയിട്ടുണ്ട്. സർവ്വകലാശാലകളിലെ അതിക്രമികളുടെ പട്ടികകൾ നിര്‍മിക്കുന്നതിലും അതിനെ പിന്തുണക്കുന്നതിലും ബഹുജന്‍ സ്ത്രീകള്‍ മുന്‍നിരയിലുണ്ടായിരുന്നു, അക്കാദമിക് രംഗത്തെ ബ്രാഹ്മണ പുരുഷാധിപത്യത്തിനെതിരെ ദലിത് ബഹുജന്‍ ആദിവാസി സ്ത്രീകളുടെ വിജയകരമായ എതിരിടലിന്റെ ഉത്തമമാതൃകയായി ഇത് ആഘോഷിക്കപ്പെടുകയും ചെയ്തു. അത്തരമൊരു തീര്‍പ്പിലെത്തുന്നതിന് മുന്‍പ് ചരിത്രപരവും സാമൂഹികവുമായ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്.
‘ലൈംഗിക അതിക്രമ’ വ്യവഹാരം വരേണ്യ, മേല്‍ജാതിസ്ത്രീകളുടെ താല്‍പര്യങ്ങളോട് എല്ലായ്‌പ്പോഴും വെച്ചുപുലര്‍ത്തിയ ചായ്‌വ് വെളിച്ചത്തുകൊണ്ടുവരാന്‍ പ്രസ്തുത വ്യവഹാരത്തിന്റെ പ്രകൃതം സൂക്ഷ്മമായി പരിശോധിക്കണം.

ഇന്ത്യയിലെ പ്രബലരായ ഒട്ടനവധി പുരുഷ അക്കാദമിക്കുകള്‍ ലൈംഗിക അതിക്രമികളാണ്, അവരില്‍ പലരും ബ്രാഹ്മണരാണ് എന്നാരോപിച്ചുകൊണ്ട് ഒരു ദലിത് വിദ്യാര്‍ഥിനി പ്രസ്തുത അതിക്രമികളുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റ് ഫേസ്ബുക്കിലിട്ടിരുന്നു. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ‘ലൈംഗിക അതിക്രമത്തെ’ ക്കുറിച്ചു തീപിടിച്ച ചര്‍ച്ചകള്‍ക്കു തുടക്കം കുറിക്കുകയുണ്ടായി. ഉടനെത്തന്നെ ചില മേല്‍ജാതി ഫെമിനിസ്റ്റുകള്‍ അജ്ഞാത പരാതിക്കാരോട് ആ ലിസ്റ്റ് പിന്‍വലിക്കണമെന്നും ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട ‘നിയമ നടപടിക്രമങ്ങള്‍’ പാലിക്കണമെന്നും പറഞ്ഞുകൊണ്ട് പ്രസ്തുത ലിസ്റ്റിനെ നിഷേധിക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്നു. മേല്‍ജാതി ഫെമിനിസ്റ്റുകളുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും (ബ്രാഹ്മണ) പുരുഷന്‍മാരെ സംരക്ഷിക്കുന്ന സവര്‍ണ ഫെമിനിസത്തെ വാരിപ്പുണര്‍ന്നതിന്റെ പേരില്‍ മുതിര്‍ന്ന ഫെമിനിസ്റ്റുകളെ യുവതികള്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ബഹുജന്‍ പണ്ഡിതന്‍മാരെയും ബഹുജന്‍ പ്രസ്ഥാനങ്ങളുടെ വിദ്യാര്‍ഥി നേതാക്കളെയും ലൈംഗിക അതിക്രമികളാക്കിക്കൊണ്ടുള്ള രണ്ടാമത്തെ ലിസ്റ്റ് (ഒരു അജ്ഞാത ഫേസ്ബുക്ക് അക്കൗണ്ട് വഴി) പ്രത്യക്ഷപ്പെട്ടതോടെ കാര്യങ്ങള്‍ ഒന്നു കെട്ടടങ്ങി. ഈ ലിസ്റ്റും ഒരു ദലിത് ബഹുജന്‍ സ്ത്രീയാണു പുറത്തുവിട്ടതെന്നു പറയപ്പെടുന്നു.

ഇതെല്ലാം നോക്കുമ്പോള്‍ ‘ലൈംഗിക അതിക്രമം’ എന്ന കാറ്റഗറിയോട് പുതിയൊരു താല്‍പര്യം ഉടലെടുത്തതായി നമുക്കു കാണാന്‍ കഴിയും. പ്രസ്തുത ലിസ്റ്റുകള്‍ നിര്‍മിക്കുന്നതിലും അതിനെ പിന്തുണക്കുന്നതിലും ഒരുപാടു ബഹുജന്‍ സ്ത്രീകള്‍ മുന്‍നിരയിലുണ്ടായിരുന്നു, കൂടാതെ അക്കാദമിക് രംഗത്തെ ബ്രാഹ്മണ പുരുഷാധിപത്യത്തിനെതിരെയുള്ള ദലിത് -ബഹുജന്‍ -ആദിവാസി സ്ത്രീകളുടെ വിജയകരമായ എതിരിടലിന്റെ ഉത്തമമാതൃകയായി ഇതു വാഴ്ത്തപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും അത്തരമൊരു തീര്‍പ്പിലെത്തുന്നതിനു മുന്‍പായി നാം പ്രധാന്യം കൊടുക്കേണ്ട, ചരിത്രപരവും സാമൂഹികവുമായ ചില വിഷയങ്ങളുണ്ട്. യഥാര്‍ഥത്തില്‍, ‘ലൈംഗിക അതിക്രമ’ വ്യവഹാരം വരേണ്യ, മേല്‍ജാതി സ്ത്രീകളുടെ താല്‍പര്യങ്ങളോട് എല്ലായ്‌പ്പോഴും വെച്ചുപുലര്‍ത്തിയ ചായ്‌വിന്റെ രീതികള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ പ്രസ്തുത വ്യവഹാരത്തിന്റെ പ്രകൃതത്തിലേക്കു മാത്രമായി ദൃഷ്ടി പതിപ്പിക്കേണ്ടതുണ്ട്.

താഴ്ന്ന ജാതിയില്‍പ്പെട്ട കുംഹാര്‍ (കുശവര്‍) സമുദായക്കാരിയായ ബന്‍വാരി ദേവി എന്ന സ്ത്രീ അതിക്രൂരമായി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവമാണ് സ്ത്രീകള്‍ അവരുടെ തൊഴിലിടങ്ങളില്‍ അഭിമുഖീകരിക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെടുത്തി ‘ലൈംഗിക അതിക്രമം’ എന്ന വകുപ്പിനു കാരണമായ ‘വിശാഖ മാര്‍ഗനിര്‍ദേശങ്ങളു’ടെ രൂപവത്കരണത്തിലേക്കു നയിച്ചത്. രാജസ്ഥാനില്‍ ശൈശവവിവാഹം തടയുന്നതിനു വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി വളണ്ടിയറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബന്‍വാരി ദേവി. 1992 സെപ്റ്റംബര്‍ 22-ന് തന്റെ ഭര്‍ത്താവിനൊപ്പം വയലില്‍ പണിയെടുത്തുകൊണ്ടിരിക്കെ മേല്‍ജാതിയില്‍പ്പെട്ട അഞ്ചംഗ സംഘം ബന്‍വാരി ദേവിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ഭര്‍ത്താവിനെ മര്‍ദ്ദിച്ചു ബോധരഹിതനാക്കുകയും ചെയ്തു. ഗ്രാമത്തിലെ ശൈശവവിവാഹങ്ങള്‍ തടയാന്‍ ബന്‍വാരി ദേവി ശ്രമിച്ചു എന്നതായിരുന്നു കാരണം.

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സ്ത്രീകളുടെ ജാതി/വര്‍ഗ സങ്കലനത്തെ കുറിച്ച് ചിന്തിക്കാതെ, ലൈംഗിക അതിക്രമം തടയുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തൊഴില്‍ദാതാവിന്/സ്ഥാപനത്തിന് നല്‍കികൊണ്ടാണ് ‘വിശാഖ മാര്‍ഗനിര്‍ദ്ദേശങ്ങൾ’ക്ക് രൂപം നൽകിയത്.
പ്രത്യേകിച്ച്, ഉയര്‍ന്ന ജാതിയില്‍പെട്ട മേലധികാരികളില്‍നിന്നും പുരുഷ സഹപ്രവര്‍ത്തകരില്‍നിന്നും ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍, അവരുടെ തൊഴിലിടത്തിന്റെ ദുര്‍ബലപ്രകൃതവുമായും അവരുടെ തന്നെ ജാതി-ലിംഗ ഇടവുമായും അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ബന്‍വാരി ദേവിക്കും കേരളത്തില്‍ പുരുഷ ഓട്ടോ തൊഴിലാളികളുടെ കൂടെ ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുകയും തന്റെ ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ കത്തിക്കപ്പെടുകയും ചെയ്ത ദലിത് ഓട്ടോ ഡ്രൈവറായ ചിത്രലേഖക്കും എതിരെയുള്ള അക്രമങ്ങളെ ഇത്തരത്തില്‍ മാത്രമേ നമുക്ക് മാനസ്സിലാക്കാന്‍ സാധിക്കുകയുള്ളു.

ഈ അതിക്രൂരമായ അക്രമത്തിനെതിരെ നീതി ലഭിക്കുന്നതിനു വേണ്ടി ബന്‍വാരി ദേവി പോരാട്ടം ആരംഭിച്ചു. അല്‍പസമയത്തിനുള്ളില്‍ രാജസ്ഥാനിലെ സ്ത്രീ ഗ്രൂപ്പുകളും ‘വിശാഖ’ എന്ന എന്‍.ജി.ഓയും ബന്‍വാരി ദേവിയുടെ കേസ് ഏറ്റെടുത്തു. ഇത് വിശാഖ ആൻഡ് അദേഴ്സ് വേഴ്സസ് സ്റ്റേറ്റ് ഒഫ് രാജസ്ഥാൻ (Vishaka and others v/s State of Rajasthan ) എന്ന കേസിലെ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയില്‍ (1997) കലാശിച്ച സംഭവപരമ്പരകളിലേക്കു നയിച്ചു. ഈ കോടതിവിധിയാണ് തൊഴിലിടത്തിലെ ലൈംഗിക അതിക്രമ കേസുകളില്‍ ഉപയോഗിക്കേണ്ട മാനദണ്ഡങ്ങള്‍ മുന്നോട്ടു വെക്കുന്ന ‘വിശാഖ മാര്‍ഗനിര്‍ദേശങ്ങള്‍’ക്കു രൂപം കൊടുത്തത്. 2013-ല്‍, പാര്‍ലമെന്റ് അതിനുപകരം ( ) Sexual Harassment of Women (Prevention, Prohibition and Redressal) Act കൊണ്ടുവന്നു. എന്നിരുന്നാലും, രണ്ടു ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടുപോലും, തന്നെ കൂട്ടബാലാത്സംഗം ചെയ്ത പുരുഷന്‍മാര്‍ക്കെതിരെയുള്ള കേസില്‍ നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണു ബന്‍വാരി ദേവി.

‘വിശാഖ മര്‍ഗനിര്‍ദ്ദേശങ്ങള്‍’ നിലവില്‍ വന്ന സമയത്ത്, അത് ഇന്ത്യന്‍ ഫെമിനിസത്തിന്റെയും എല്ലാ ഇന്ത്യന്‍ സ്ത്രീകളുടെയും വിജയമായി ആഘോഷിക്കപ്പെട്ടു. പക്ഷേ, ബന്‍വാരി ദേവിയുടെ ബലാത്സംഗ കേസിനു ചുറ്റുമുണ്ടായ ഫെമിനിസ്റ്റ് ചലനങ്ങള്‍, വരേണ്യ തൊഴിലിടങ്ങളിലെ സവര്‍ണ സ്ത്രീകളുടെ സംരക്ഷണം അടിസ്ഥാനമാക്കിയുള്ള ജാതി അന്ധത ബാധിച്ച ലിംഗ വ്യവഹാരം ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമാണു പ്രവര്‍ത്തിച്ചതെന്നു നമുക്കു കാണാന്‍ കഴിയും.

പാശ്ചാത്യലോകത്ത് ഉദയംകൊണ്ട ലിംഗ വ്യവഹാരങ്ങളിലൂടെയാണ് കോളനിയാനന്തര രാഷ്ട്രങ്ങളിലേക്ക് തൊഴിലിടങ്ങളിലെ ‘ലൈംഗിക അതിക്രമം’ എന്ന വകുപ്പ് കൊണ്ടുവരപ്പെട്ടതെന്നു് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പക്ഷേ, പാശ്ചാത്യ ലോകത്തില്‍ നിന്നു വ്യത്യസ്തമായി, ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും,വിശേഷിച്ച് താഴ്ന്ന ജാതികളില്‍പെട്ട സ്ത്രീകള്‍, അസംഘടിത തൊഴില്‍ മേഖലയിലാണു ജോലി ചെയ്യുന്നത്. പുരുഷന്‍മാരും സ്ത്രീകളും ഒരുപോലെ വലിയ തോതില്‍ ചൂഷണത്തിന് ഇരയാവുന്ന, ക്രമരാഹിത്യം വിളയാടുന്ന ഇടമാണ് അസംഘടിത തൊഴില്‍ മേഖല. ഇവിടെ, ബഹുജന്‍ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലിന് അവരുടെ തൊഴിലിടത്തിന്റെ അസംഘടിത അനൗദ്യോഗിക പ്രകൃതവുമായി വളരെ അടുത്ത ബന്ധമുണ്ട്. തൊഴില്‍ സ്ഥലത്ത് അവര്‍ അഭിമുഖീകരിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ (ബലാത്സംഗം, ആക്രമണം ഉള്‍പ്പെടെയുള്ള ഗൗരവപ്രകൃതമുള്ളവ), പ്രത്യേകിച്ച് ഉയര്‍ന്ന ജാതിയില്‍പെട്ട അവരുടെ മേലധികാരികളില്‍ നിന്നും പുരുഷ സഹപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍, അവരുടെ തൊഴിലിടത്തിന്റെ ദുര്‍ബലപ്രകൃതവുമായും അവരുടെ തന്നെ ജാതി-ലിംഗ ഇടവുമായും വളരെ അടുത്തു ബന്ധപ്പെട്ടു കിടക്കുന്നതാണ്. ബന്‍വാരി ദേവിക്കും കേരളത്തില്‍ പുരുഷ ഓട്ടോ തൊഴിലാളികളുടെ കൂടെ ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുകയും തന്റെ ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ കത്തിക്കപ്പെടുകയും ചെയ്ത ദലിത് ഓട്ടോ ഡ്രൈവറായ ചിത്രലേഖക്കും എതിരെയുള്ള അക്രമങ്ങളെ ഇത്തരത്തില്‍ മാത്രമേ നമുക്കു മാനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

കടപ്പാട് – ഷഫീഖ്

എന്നിരുന്നാലും ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സ്ത്രീകളുടെ ജാതി/വര്‍ഗ സങ്കലനത്തെക്കുറിച്ചു ചിന്തിക്കാതെ, ലൈംഗിക അതിക്രമം തടയുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം തൊഴില്‍ദാതാവിനു/സ്ഥാപനത്തിനു നല്‍കിക്കൊണ്ടാണ് ‘വിശാഖ മാര്‍ഗനിര്‍ദ്ദേശ’ങ്ങളിലെ വ്യവസ്ഥകള്‍ക്കു രൂപം നല്‍കപ്പെട്ടത്. അതിനാല്‍, മൈത്രേയി കൃഷ്ണന്‍, പൊന്നു അരസ്സ് എന്നിവര്‍ ചൂണ്ടിക്കാട്ടിയ പോലെ, ‘തൊഴിലാളി-മുതലാളി ബന്ധം നിശ്ചിതമല്ലാത്ത അസംഘടിത മേഖലയില്‍ നടപ്പിലാക്കാനല്ല, മറിച്ച്  സംഘടിത ഓഫീസ് സെറ്റപ്പില്‍ മാത്രം നടപ്പില്‍വരുത്താനാണ്’ വിശാഖ മര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നത്. അക്കാരണത്താല്‍, വിശാഖ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിഭാവനം ചെയ്ത നിമിഷത്തില്‍ത്തന്നെ, അതിന്റെ പരിധിയില്‍ നിന്നു ബന്‍വാരി ദേവിയെപ്പോലുള്ള സ്ത്രീകളെ പുറത്താക്കുന്നതിനുള്ള പണികളും നടന്നിരുന്നു.

അതിലുപരി,  താഴ്ന്ന ജാതിയില്‍പെട്ട സ്ത്രീക്കു നേരിടേണ്ടി വന്ന ക്രൂരമായ ബലാത്സംഗ അനുഭവത്തില്‍ നിന്നാണു ‘വിശാഖ മാര്‍ഗനിര്‍ദ്ദേശങ്ങളും’ അതിനെത്തുടര്‍ന്നു വന്ന പാര്‍ലമെന്റ് നിയമവും രൂപംകൊണ്ടതെങ്കിലും ബലാത്സംഗം, ലൈംഗിക ആക്രമണം, ഹിംസാത്മക ലൈംഗിക അതിക്രമം എന്നിവയുമായി ബന്ധപ്പെടുത്തിയല്ല ലൈംഗിക അതിക്രമ വകുപ്പ് രൂപപ്പെടുത്തിയത്. പകരം, ‘ശാരീരിക സ്പര്‍ശനം, ലൈംഗികമായ ഉപകാരങ്ങള്‍ ആവശ്യപ്പെടുക അല്ലെങ്കില്‍ അഭ്യര്‍ഥിക്കുക, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുക, പോണോഗ്രാഫി പ്രദര്‍ശിപ്പിക്കുക’ തുടങ്ങിയ താരതമ്യേന ഹിംസാത്മക സ്വഭാവം കുറഞ്ഞ രൂപങ്ങളുമായാണ് അതു ബന്ധപ്പെട്ടു കിടക്കുന്നത്. തൊഴില്‍സ്ഥലത്തെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വ്യവഹാരത്തില്‍ ഇന്ന് അതു മുഖ്യശ്രദ്ധയാര്‍ജ്ജിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലും ബഹുജന്‍ സ്ത്രീകളുടെ തൊഴില്‍സ്ഥലത്തെ അനുഭവങ്ങളുടെ ഭാഗമായ നിഷ്ഠൂര കുറ്റകൃത്യങ്ങളായ ബലാത്സംഗവും ലൈംഗിക ആക്രമണവും ഇന്ത്യന്‍ പീനല്‍ കോഡിന്റെ ക്രിമിനല്‍ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോഴും വിചാരണ ചെയ്യപ്പെടുന്നത്. ഉദാഹരണത്തിന് രാജ്യത്തെ ലൈംഗിക അതിക്രമ നിയമങ്ങളെക്കുറിച്ച് അടുത്ത കാലത്തു നടന്ന  പഠനത്തിന് 2013-ലെ പാര്‍ലമെന്റ് ആക്ടിനെക്കുറിച്ചും ബന്‍വാരി ദേവിയുടെ കേസില്‍ അതെങ്ങനെയായിരിക്കും നടപ്പിലാക്കുക എന്നതിനെക്കുറിച്ചും പറയാനുണ്ടായിരുന്നത് ഇതാണ്:

പ്രസ്തുത നിയമത്തിനു കീഴില്‍, രാജസ്ഥാനിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വുമണ്‍ ആന്റ് ചൈല്‍ഡ് ഡവലപ്‌മെന്റ് (DWCD)-നു കീഴിലുള്ള ‘തൊഴില്‍സ്ഥലത്ത്’ വളണ്ടിയറായ, ‘പീഡിപ്പിക്കപ്പെട്ട സ്ത്രീ’ ആയിരിക്കും ബന്‍വാരി ദേവി. മറ്റു നിയമങ്ങളുടെ കൂടെ, ‘ലൈംഗിക സ്വഭാവമുള്ള ശാരീരികമോ വാക്കുകൊണ്ടോ വാക്കുകൊണ്ടല്ലാത്തതോ ആയ അനിഷ്ടകരമായ മറ്റേതു പെരുമാറ്റവും’ ഉള്‍പ്പെടുത്തിയാണ് ‘ലൈംഗിക അതിക്രമ’ത്തെ നിയമം വര്‍ഗീകരിക്കുന്നത്. അപ്രകാരം, സംഭവം DWCD-യുടെ ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി (ICC)യുടെ മുൻപാകെ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത ബന്‍വാരി ദേവിക്കുണ്ട്. നിയമത്തിനു കീഴില്‍ ICC-ക്കു നല്‍കാന്‍ കഴിയുന്ന ആശ്വാസത്തിന്റെ പരിധിയും കുറ്റവാളികള്‍ക്കെതിരെ ചുമത്തപ്പെട്ട ഗുരുതരമായ ചാര്‍ജുകളും വെച്ചുനോക്കുമ്പോള്‍, അത്തരമൊരു പരാതി ICC-ക്കു നല്‍കുന്നതു തികച്ചു അസംബന്ധം മാത്രമാണ്. അതിനാല്‍, ഒരു ക്രിമിനല്‍ പരാതി ഫയല്‍ ചെയ്യുക എന്നതല്ലാതെ മറ്റൊരു സാധ്യതയും ബന്‍വാരി ദേവിക്കു മുന്നിലുണ്ടാവില്ല.

ബന്‍വാരി ദേവിയുടെ വ്യത്യസ്തമായ അനുഭവ യാഥാര്‍ഥ്യത്തെ പൂര്‍ണമായും നിരാകരിക്കുന്നതാണ് ഇന്ത്യയിലെ ‘ലൈംഗിക അതിക്രമ’ നിര്‍വചനം. വരേണ്യ തൊഴിലിടങ്ങള്‍ക്കു മാത്രം ഫിറ്റാവുന്ന  ലിംഗാവകാശ ചട്ടക്കൂടിലേക്ക് അവരുടെ ജാതി-ലിംഗ അടിച്ചമര്‍ത്തലും ചെറുത്തുനില്‍പ്പും രൂപാന്തരം ചെയ്യപ്പെട്ടു.

ഈ രാജ്യത്ത് ഭൂരിപക്ഷം വരുന്ന ബന്‍വാരി ദേവിയെപ്പോലെയുള്ള സ്ത്രീകളുടെ ആശങ്കകളും ജീവിതങ്ങളും പുറന്തള്ളിക്കൊണ്ടാണു ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ‘ലൈംഗിക അതിക്രമ’ വകുപ്പിനു രൂപം നല്‍കിയിട്ടുള്ളതെങ്കില്‍, വരേണ്യ സ്ത്രീകളുടെ സംരക്ഷണാര്‍ഥമുള്ള  ലിംഗാവകാശം നേടിയെടുത്തു എന്നതല്ലാതെ മറ്റൊന്നും തന്നെ അവര്‍ ചെയ്തിട്ടില്ല. ഈ വസ്തുതയെ, ജാതി വ്യവസ്ഥയില്‍ താഴ്ന്ന ജാതി സ്ത്രീകളുടെ ശരീരം എല്ലാവര്‍ക്കും എളുപ്പം ലഭ്യമാവുന്ന രീതിയില്‍ സംവിധാനിക്കപ്പെടുകയും സവര്‍ണ മേല്‍ജാതി സ്ത്രീകള്‍ക്ക് അതീവ സുരക്ഷ നല്‍കപ്പെടുകയും ചെയ്യുന്നു എന്ന വസ്തുതയില്‍ നിന്നു വേര്‍തിരിച്ചു കാണാന്‍ കഴിയില്ല. യഥാര്‍ഥത്തില്‍, ഇന്ത്യയില്‍, ഒട്ടുമിക്ക ബഹുജന്‍ സ്ത്രീകളുടെയും ലിംഗം, ലൈംഗികത എന്നിവയെ സംബന്ധിച്ച മനസ്സിലാക്കല്‍ ആരംഭിക്കുന്നതു മേല്‍ജാതി സ്ത്രീകളും ‘മറ്റു’ സ്ത്രീകളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം തിരിച്ചറിയുന്നതോടെയാണ്.

ഉദാഹരണമായി, ‘മേല്‍ജാതി ഫെമിനിസത്തിന്റെ അന്ധമായ ജാതി പരിപ്രേക്ഷ്യങ്ങള്‍ക്ക് ഒരു ദലിത് ഫെമിനിസ്റ്റ് വെല്ലുവിളി ഉയര്‍ത്താനുള്ള’ പ്രഥമ ശ്രമങ്ങളില്‍ ഒന്നായ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ‘അലിസമ്മ വുമന്‍സ് കളക്ടീവ്’ ഈ വ്യത്യാസം 2002-ലെ ‘വുമന്‍സ് ഡേ’യില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നോട്ടുവെക്കുന്നുണ്ട്:

ഇന്ത്യയിലെ സ്ത്രീ സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യാത്മകതയുടെ അഥവാ വ്യത്യാസത്തിന്റെ രാഷ്ട്രീയ പ്രാധാന്യം നിങ്ങള്‍ അംഗീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അതായത് നിങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അംഗച്ഛേദം ചെയ്യപ്പെടുന്നു. നിങ്ങള്‍ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നു, എന്നാല്‍ ഞങ്ങള്‍ രാവും പകലും പണിയെടുക്കാന്‍ വയലുകളിലേക്ക് വലിച്ചെറിയപ്പെടുന്നു. നിങ്ങള്‍ ദേവതകളാക്കപ്പെട്ടു, ഞങ്ങള്‍ വേശ്യകളാക്കപ്പെട്ടു.

ഇന്ത്യന്‍ സാഹചര്യത്തില്‍ വികസിച്ച ലൈംഗിക അതിക്രമ വ്യവഹരം ഈ അന്തരത്തെ പുനരുല്‍പ്പാദിപ്പിക്കുന്നു എന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. വരേണ്യ/മേല്‍ജാതി സ്ത്രീകള്‍ക്കായി അവകാശങ്ങളും പരിരക്ഷകളും നേടിയെടുക്കുന്നതിന് വേണ്ടി ഒരു താഴ്ന്ന ജാതി ബഹുജന്‍ സ്ത്രീയുടെ ജാതി-ലിംഗ അടിച്ചമര്‍ത്തലിനെയും ചെറുത്തുനില്‍പ്പിനെയും ഉപയോഗിക്കുക മാത്രമാണ് അത് ചെയ്യുന്നത്.

ഈ അവസരത്തില്‍, ബഹുജന്‍ സ്ത്രീകളുടെ സാധാരണവും അനൗപചാരികവുമായ തൊഴിലിടങ്ങളില്‍ നിന്നും വ്യത്യസ്തമായി അക്കാദമിക രംഗം ഒരു വരേണ്യ ഇടമാണെന്നും, അതിനാല്‍, ഇവിടെ, ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട ഒരു ഫെമിനിസ്റ്റ് വ്യവഹാരം പ്രധാനമാണെന്നും, അതിന്റെ ഭാഗമായ ബഹുജന്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണെന്നും ഒരാള്‍ വാദിച്ചേക്കാം. എന്നാല്‍, അനൗപചാരിക തൊഴിലിടത്തിലെ പോലെത്തന്നെ, ജാതി പ്രശ്‌നമാണ് അക്കാദമിക രംഗത്തെയും ബഹുജന്‍ സ്ത്രീകളുടെ അനുഭവങ്ങളെ നിഷേധാത്മകമായി സ്വാധീനിക്കുന്നത്. ‘അപരമായ’ ബിംബങ്ങള്‍, മൂല്യ വ്യവസ്ഥകള്‍, വൈദഗ്ധ്യം എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ട തീര്‍ത്തും വ്യത്യസ്തമായ ഒരു ജ്ഞാന-ലോകത്ത് നിന്നും അക്കാദമിക് രംഗത്തേക്ക് പ്രവേശിക്കുന്ന ബഹുജന്‍ പണ്ഡിതന്‍മാരുടെ പരിപ്രേക്ഷ്യത്തില്‍ നിന്നും നോക്കുമ്പോള്‍, അക്കാദമിക രംഗം അങ്ങേയറ്റം വരേണ്യമായ ഒരിടം തന്നെയാണ്. ഉള്ളടക്കത്തില്‍ തന്നെ ബഹുജന്‍ വിരുദ്ധമായ യോഗ്യതയെയും ശേഷിയെയും സംബന്ധിച്ച ആശയങ്ങളോടൊപ്പം ഒരു ബ്രാഹ്മണിക്കല്‍ ജ്ഞാനസിദ്ധാന്തശാസ്ത്രത്തെ പരിപോഷിപ്പിച്ചു കൊണ്ടാണ് പ്രസ്തുത വരേണ്യ ഇടം അതിന്റെ അധികാരത്തെ നിലനിര്‍ത്തുന്നത്.

ഇവിടെ, ഒരു കാര്യം നാം നമ്മുടെ ചിന്തക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണ്: ലൈംഗിക അതിക്രമികളുടെ ലിസ്റ്റ് മുഖ്യധാരയില്‍ സൃഷ്ടിച്ചത് പോലെയുള്ള ഒരു കോളിളക്കം അക്കാദമിക്ക് രംഗത്തെ ‘ജാതി അതിക്രമം’ വെളിച്ചത്ത് കൊണ്ടുവരുന്ന ഒരു ലിസ്റ്റിന് സൃഷ്ടിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും കഴിയില്ല, കാരണം അക്കാദമിക് രംഗത്തെ അല്ലെങ്കില്‍ തൊഴില്‍സ്ഥലങ്ങളിലെ ‘ജാതി അതിക്രമം’ വെളിച്ചത്ത് കൊണ്ടുവരാനുള്ള ഏതെങ്കിലും തരത്തിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും നമ്മുടെ കൈവശമില്ല. ഡല്‍ഹി, എയിംസിലെ (AIIMS) എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന വിവേചനത്തെ കുറിച്ച് പഠിച്ച സുഖദേ തൊറാട്ട് കമ്മിറ്റി മുന്നോട്ടു വെച്ച അക്കാദമിക് ഇടങ്ങളിലെ ജാതി വിവേചനം കൈകാര്യം ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ഇത്തരമൊരു സാഹചര്യത്തില്‍, അക്കാദമിക് രംഗത്ത് വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് ബഹുജന്‍ സ്ത്രീകളുടെ സാന്നിധ്യം, അവിടെ അവര്‍ പെഡഗോഗി, ക്ലാസ്‌റൂം ചിട്ടവട്ടങ്ങള്‍, ജ്ഞാനോല്‍പാദനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് എണ്ണമറ്റ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. നേരെമറിച്ച്, വരേണ്യ സ്ത്രീകള്‍, അവര്‍ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ അക്കാദമിക് ഇടത്തിന്റെ ബ്രാഹ്മണിക്കല്‍ ജ്ഞാന/അധികാര ഘടനയുടെ ഗുണഭോക്താക്കളാണ്, ഫെമിനിസ്റ്റ് ഗവേഷണത്തിനും, പുരോഗതിക്കും വേണ്ടിയുള്ള സമാന്തര ഇടങ്ങള്‍ അവര്‍ സ്ഥാപിച്ചിട്ടുണ്ട്, അക്കാദമിയയുടെ പിന്തുണയും ഇന്ന് അവക്കുണ്ട്. എന്നിരുന്നാലും, അത്തരം ലിംഗ വിവേചന ഇടങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ചട്ടക്കൂടുകള്‍ക്കും വര്‍ഗങ്ങള്‍ക്കും പുറത്ത് ബഹുജന്‍ സ്ത്രീ തന്റെ ഇടം കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. അവളുടെ ജാതി ലിംഗ പദവികള്‍ വളരെ അപൂര്‍വ്വമായി മാത്രം അഭിസംബോധന ചെയ്യപ്പെടുന്ന അക്കാദമിക് രംഗത്തേക്ക് അങ്ങനെ അവള്‍ കടന്നുവരുന്നു. അതിനാല്‍, സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ‘ലൈംഗിക’ അതിക്രമത്തിലേക്ക് മാത്രം എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുന്ന ഒരു വ്യവഹാരം വരേണ്യ മേല്‍ജാതി സ്ത്രീകളെ സംബന്ധിച്ചിടത്തോളം ന്യായവും സുപ്രധാനവുമായിരിക്കാം, പക്ഷേ, അക്കാദമിക് രംഗത്ത് ഒട്ടനവധി ബഹുജന്‍ സ്ത്രീകള്‍ മല്ലിട്ടുകൊണ്ടിരിക്കുന്ന, ലൈംഗിക അതിക്രമത്തിന്റെ കാര്യമെടുത്താല്‍ പോലും അവരുടെ അനുഭവങ്ങളുടെ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്ന ജാതി-ലിംഗ പ്രശ്‌നങ്ങളുടെ യാഥാര്‍ഥ്യത്തെ അത് പൂര്‍ണ്ണമായും നിരാകരിക്കുകയാണ് ചെയ്യുന്നത്.

കേംബ്രിഡ്ജ് സര്‍വകലാശാല പ്രൊഫസറായ പ്രിയംവദ ഗോപാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇത് കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്, ‘പാദസേവ ചെയ്യല്‍, രക്ഷാധികാരി ചമയല്‍, മുഖസ്തുതിപറയല്‍, മുട്ടുകുത്തി നമസ്‌കരിക്കല്‍ തുടങ്ങിയവ അക്കാദമിക് രംഗത്ത് വലിയ തോതില്‍ സജീവമാണ്, ഈ സംസ്‌കാരത്തെ വെല്ലുവിളിക്കാന്‍ പ്രൊഫഷണല്‍ ഫെമിനിസ്റ്റുകള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല.’ എന്നിരുന്നാലും, ഇന്ത്യയില്‍, ജാതി ഈ സാഹചര്യത്തെ കൂടുതല്‍ സ്വാധീനിക്കുന്നുണ്ട്.

പ്രിയംവദ ഗോപാല്‍

ഇത്തരത്തിലുള്ള അധികാര ആധിപത്യ സംസ്‌കാരം ബ്രാഹ്മണ പ്രമുഖവ്യക്തിത്വങ്ങള്‍ കുറ്റം ചെയ്താല്‍ ഒരിക്കലും ശിക്ഷിക്കപ്പെടാതിരിക്കുകയും, അതേസമയം ബഹുജന്‍ പണ്ഡിതന്‍മാര്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ബ്രാഹ്മണ പുരുഷ കുറ്റവാളികളെ (ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് മാത്രമല്ല മറ്റനേകം വിഷയങ്ങളിലും) സ്വതന്ത്രരായി വിഹരിക്കാന്‍ അനുവദിക്കുകയും, ഒരു ചെറിയ തെറ്റിന്റെ പേരില്‍, അതിനി ലൈംഗിക അതിക്രമമോ മറ്റേതെങ്കിലും വിഷയമോ ആവട്ടെ, യുവ ബഹുജന്‍ അധ്യാപരും പണ്ഡിതന്‍മാരും അതികഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സംസ്‌കാരമാണിത്.

ചുരുക്കത്തില്‍, ലൈംഗികഅതിക്രമവുമായി ബന്ധപ്പെട്ട് ബഹുജന്‍ സ്ത്രീകളെ പേരിനുമാത്രം മുന്നോട്ടുവെച്ചു കൊണ്ടുള്ള ഒരു ചര്‍ച്ച വളരെ പ്രശ്‌നകരമാണ്. ഒരു സൈദ്ധാന്തിക ഇടമാണ് അക്കാദമിക് രംഗത്തെ ബഹുജന്‍ സ്ത്രീകളുടെ ആവശ്യം. വരേണ്യ സ്ത്രീകളുടെ താല്‍പര്യങ്ങളില്‍ നിന്നും വികസിച്ച ഫെമിനിസ്റ്റ് കാറ്റഗറികളെ കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ അതവരെ പ്രാപ്തരാക്കും. അക്കാദമിക് രംഗത്തും പുറത്തുമുള്ള ബഹുഭൂരിപക്ഷം വരുന്ന ബഹുജന്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളെ അരികുവത്കരിക്കുന്ന വരേണ്യ ജ്ഞാനശാസ്ത്ര സിദ്ധാന്തചട്ടക്കൂടുകളെ അത് ചോദ്യം ചെയ്യുകയും പൊളിക്കുകയും ചെയ്യും.

ബഹുജന്‍ പുരുഷന്‍മാരെ നിയന്ത്രിക്കാന്‍ എല്ലായ്‌പ്പോഴും ഉപയോഗിച്ചു വരുന്ന രാഷ്ട്രീയ ഉപകരണങ്ങളില്‍ ഒന്നാണ് ‘ലൈംഗിക അതിക്രമം’ എന്നു നാം ഓര്‍ക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കുപ്രസിദ്ധമായ ചുണ്ടുരു കേസ് എടുക്കുക, 13 ദലിത് പുരുഷന്‍മാരെ ഉയര്‍ന്ന ജാതിക്കാരായ റെഡ്ഢികള്‍ കൊന്നുകളഞ്ഞു. കൂട്ടക്കൊലയെ ന്യായീകരിക്കാനും അക്രമം അഴിച്ചുവിടാനും വേണ്ടി റെഡ്ഢി വിഭാഗത്തില്‍പെട്ട സ്ത്രീകളെ ഒരു ദലിതന്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന വ്യാജാരോപണം ഉന്നയിച്ചു കുറ്റംചുമത്തി. സമാനമായി ലൈംഗിക അതിക്രമ കമ്മിറ്റികള്‍ മുമ്പാകെ വന്നിട്ടുള്ള കേസുകളില്‍ അധികവും എസ്.സി/എസ്.ടി/ഒ.ബി.സി പുരുഷന്‍മാര്‍ക്കെതിരെയുള്ളതാണെന്നാണ് ഒരുപാട് അനൗപചാരിക കണക്കുകള്‍ നമ്മോട് പറയുന്നത്. ഉദാഹരണത്തിന്, ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍, അടുത്തിടെ, അങ്ങേയറ്റം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്നും വരുന്ന സംവരണ തസ്തികയില്‍ ജോലി ചെയ്യുന്ന ഒരാളുടെ ജോലി നഷ്ടപ്പെടുകയുണ്ടായി. ലൈംഗിക അതിക്രമത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ കോളേജിലെ ഐ.സി.സി നടത്തിയ വിചാരണയെ തുടര്‍ന്നായിരുന്നു അത്. എന്നാല്‍, അന്വേഷണ കമ്മിറ്റിക്ക് മുന്‍പാകെ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം അദ്ദേഹത്തിന് നിഷേധിക്കപ്പെടുകയും അങ്ങേയറ്റം ന്യായരഹിതമായ നടപടിക്രമങ്ങളാല്‍ അദ്ദേഹം ഭയപ്പെടുത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുകയും മനക്ലേശത്താല്‍ അദ്ദേഹം യൂണിവേഴ്‌സിറ്റിയിലെ ജോലി രാജിവെക്കുകയും ചെയ്തു. ഇന്ന് അദ്ദേഹം തൊഴില്‍രഹിതനാണ്.

ഈ വിഷയങ്ങളിലൊന്നും ഇടപെടാതെ ‘ലൈംഗിക അതിക്രമ’ത്തെ കുറിച്ചുള്ള ഫെമിനിസ്റ്റ് ആഖ്യാനം പുനരുല്‍പാദിപ്പിക്കുന്നത് ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് നിലവിലുള്ള ജാതി അന്ധത ബാധിച്ച വ്യവഹാരത്തെ പുനരുല്‍പാദിപ്പിക്കാന്‍ മാത്രമേ വഴിയൊരുക്കുകയുള്ളു. അക്കാദമിക് ഇടത്തില്‍ എല്ലായ്‌പ്പോഴും ശിക്ഷാമുക്തി അനുഭവിക്കുന്ന ശക്തരായ ബ്രാഹ്മണ പുരുഷന്‍മാരെ അതൊരിക്കലും പരിക്കേല്‍പ്പിക്കുകയില്ലെന്ന് മാത്രമല്ല, ബഹുജന്‍ പുരുഷന്‍മാര്‍ കൂടുതല്‍ വേട്ടയാടപ്പെടാന്‍ മാത്രമേ അത് വഴിവെക്കുകയുള്ളു; കൂടാതെ ബഹുജന്‍ സ്ത്രീകളുടെ ജീവിതാനുഭവങ്ങളെയും ആശങ്കകളെയും അത് അദൃശ്യമാക്കുകയും ചെയ്യും.

ചുണ്ടുരുവിൽ കൊല്ലപ്പെട്ടവരെ അടക്കിയ സ്ഥലത്ത് അവരുടെ ബന്ധുക്കൾ അന്ത്യകർമങ്ങൾ ചെയ്യുന്നു.

 

 

ചുരുക്കത്തില്‍, ‘ലൈംഗിക’ അതിക്രമം എന്ന വിഷയവുമായി ബന്ധപ്പെട്ട് ബഹുജന്‍ സ്ത്രീകളെ പേരിനുമാത്രം മുന്നോട്ടുവെച്ചു കൊണ്ടുള്ള ഒരു ചര്‍ച്ച വളരെയധികം പ്രശ്‌നം തന്നെയാണ്. ഒരു സൈദ്ധാന്തിക ഇടമാണ് അക്കാദമിക് രംഗത്തെ ബഹുജന്‍ സ്ത്രീകളുടെ ആവശ്യം. വരേണ്യ സ്ത്രീകളുടെ താല്‍പര്യങ്ങളില്‍ നിന്നും വികസിച്ച അത്തരം ഫെമിനിസ്റ്റ് കാറ്റഗറികളെ കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ അതവരെ പ്രാപ്തരാക്കും. അക്കാദമിക് രംഗത്തും പുറത്തുമുള്ള ബഹുഭൂരിപക്ഷം വരുന്ന ബഹുജന്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളെ അരികുവത്കരിക്കുന്ന വരേണ്യ ജ്ഞാനസിദ്ധാന്തശാസ്ത്ര ചട്ടക്കൂടുകളെ അതൊറ്റക്ക് പൊളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും.

കുറിപ്പുകള്‍

1. എസ്.സി/എസ്.ടി/ഒ.ബി.സി, മുസ്‌ലിം സമുദായങ്ങളെ മൊത്തത്തില്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരു വലിയ വിഭാഗം എന്ന നിലയിലാണ് ഇവിടെ ബഹുജന്‍ എന്ന് ഉപയോഗിച്ചിട്ടുള്ളത്.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : https://goo.gl/dhgzou

Top