പി.കെ റോസിയെ സ്ഥാനപ്പെടുത്തുമ്പോൾ: മലയാള സിനിമയില്‍ ഒരു ദലിത് സ്ത്രീക്ക് നായര്‍ സ്ത്രീ കഥാപാത്രം അവതരിപ്പിക്കാന്‍ സാധിക്കുമോ?
മലയാള സിനിമയിൽ നിന്നും പി.കെ.റോസിയെ ആട്ടിയോടിച്ചിട്ട് അരനൂറ്റാണ്ടു പിന്നിട്ടിട്ടും കേരളത്തിലെ ദലിത് ഇടത്തിൽ നിന്ന് ഒരു നടി പോലും ഇല്ലാത്ത ഒരു സിനിമാ വ്യവസായത്തിന്റെ ഭാഗമാണ് നാമെല്ലാവരും. റോസിയിലൂടെ ഹിംസയുടെ വിദൂര ഭൂതകാലത്തിലേക്ക് നോക്കുകയും, അന്ന് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ശ്രമിക്കുകയും അതിനെപ്രതി സിദ്ധാന്തങ്ങൾ ചമയ്ക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ പോലും, പ്രസ്തുത ഭൂതകാലം നമ്മുടെ മുന്നിലും മലയാള സിനിമാ തിരശ്ശീലയിലും സംസ്കാരത്തിലുമായി ഇവിടെ തന്നെ നിലനിൽക്കുന്നുണ്ട്. ജെനി റൊവീന എഴുതുന്നു.
രണ്ടു സുപ്രധാന കാരണങ്ങളാല്‍ ഈ റോസി അനുസ്മരണ പ്രഭാഷണം ചരിത്ര പ്രാധാന്യമുള്ളതാണെന്ന് ഞാന്‍ കരുതുന്നു. ഒന്നാമതായി, 1928ല്‍ ജെ.സി.ഡാനിയേല്‍ നിര്‍മിച്ച് പുറത്തിറക്കിയ ‘വിഗതകുമാരന്‍’ എന്ന മലയാളത്തിലെ ആദ്യ സിനിമയിലൂടെ മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യന്‍ വനിത പി.കെ.റോസിയെ അനുസ്മരിക്കാനും ഓര്‍മിക്കാനും അതു നമുക്ക് അവസരം നല്‍കുന്നു എന്നതാണ്. അവര്‍ണ സമൂഹങ്ങള്‍ക്ക് വഴിയിലൂടെ നടക്കാനോ, പൊതു ഇടങ്ങളിലേക്കു പ്രവേശിക്കാനോ പോലും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ മുന്നോട്ടു വന്ന വഴികാട്ടിയായ ഈ വനിതയെ ബഹുമാനപൂർവ്വം സ്മരിക്കാൻ ഈ പ്രഭാഷണ പരമ്പര തീര്‍ച്ചയായും നമ്മെ സഹായിക്കും. പി.കെ.റോസിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന കേരള മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിന്‍റെയും, റോസിക്ക് അംഗീകാരം നേടികൊടുക്കുന്നതിനു വേണ്ടിയുള്ള ദലിത് ഗ്രൂപ്പുകളുടെ പോരാട്ടത്തിന്‍റെയും പശ്ചാത്തലത്തില്‍ ഇതിന് കൂടുതൽ പ്രാധാന്യമേറുന്നു.
എന്നിരുന്നാലും, വഴികാട്ടിയായ റോസിയുടെ ചുവടുകളെ തടഞ്ഞത് നായർ ജാതി പ്രഭുക്കളുടെ ക്രൂരമായ ആക്രമണമാണെന്ന വസ്തുത നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. നായര്‍ സ്ത്രീയുടെ വേഷത്തില്‍ ഒരു ദലിത് സ്ത്രീ മറ്റൊരു പുരുഷനുമായി പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത് കണ്ട് സഹിക്കാന്‍ കഴിയാതെ, സിനിമ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ, മേല്‍ജാതി നായര്‍ സമുദായത്തിലെ പുരുഷന്‍മാര്‍ തിയേറ്റര്‍ സ്ക്രീന്‍ വലിച്ചുകീറുകയും, പ്രദര്‍ശനം അലങ്കോലപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷം അവര്‍ റോസിയെ ആക്രമിക്കാന്‍ തുടങ്ങി. സിനിമയുടെ നിര്‍മാതാവായിരുന്ന ജെ.സി.ഡാനിയേല്‍ റോസിക്ക് രാജാവിന്റെ സംരക്ഷണം നേടിക്കൊടുക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും, നായര്‍ ഭൂപ്രഭുക്കള്‍ സംഘടിച്ചെത്തുകയും റോസിയുടെ കുടില്‍ തീവെച്ച് നശിപ്പിക്കുകയും അവരെ ഗ്രാമത്തില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്തു. സിനിമാ രംഗത്തേക്കു തിരിച്ചുവരാന്‍ കഴിയാത്ത വിധം കേരളത്തില്‍ നിന്നും ഓടിപ്പോകാന്‍ റോസി നിര്‍ബന്ധിതയായി.
വിഗതകുമാരന്‍ എന്ന സിനിമ തന്നെ പുറംലോകം കാണാതെ പെട്ടിയ്ക്കുള്ളിലായി. തന്‍റെ സിനിമയിലൂടെ ഒരു നായരായി സ്വയം പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ച ജെ.സി.ഡാനിയേല്‍ എന്ന കീഴ്ജാതി നാടാര്‍ ക്രിസ്ത്യനും, ഈ സംരംഭത്തെ മുന്നോട്ട് കൊണ്ട് പോകാൻ ആയില്ല. അയാൾക്കും സിനിമാരംഗം വിടേണ്ടി വന്നു. മാത്രമല്ല, അതിലൂടെ കനത്ത സാമ്പത്തിക നഷ്ടം സംഭവിച്ച അദ്ദേഹം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. റോസി ഒരു മേല്‍ജാതി ലോറി ഡ്രൈവറെ വിവാഹം കഴിച്ചതായും, ഒരു ടവ്വല്‍ ഫാക്ടറിയില്‍ ജോലി ചെയ്ത് ബാക്കി ജീവിതം ചെലവഴിച്ചതായും പറയപ്പെടുന്നു. നായര്‍ സമുദായത്തിന്‍റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടോടുന്നതിനിടെ റോസി ആത്മഹത്യ ചെയ്തതായും സംസാരങ്ങളുണ്ട്.
ഈ ചരിത്രം പരിഗണിക്കുമ്പോള്‍, കേരളത്തിലെ പൊതുവിടത്തിലേക്കുള്ള പ്രവേശനം ക്രൂരമായി നിഷേധിക്കപ്പെട്ട ഈ സ്ത്രീയെ നാം ഓര്‍മിക്കുന്നു എന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. പി.കെ.റോസിക്കു നേരിടേണ്ടി വന്ന ഹിംസയുടെ വ്യാപ്തി ഇന്നു നാം മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കേരളത്തിന്‍റെ പൊതുഇടത്തില്‍ നിന്നും മാത്രമല്ല, കേരളത്തിന്‍റെ സാമൂഹിക – സിനിമാ ചരിത്രത്തില്‍ നിന്നുകൂടി പി.കെ.റോസിയെ ആട്ടിപ്പുറത്താക്കാനാണ് സവര്‍ണര്‍ ശ്രമിച്ചത്.
ഇതിനെയെല്ലാം നമ്മുടെ ആധുനികപൂർവ ഭൂതകാല സ്വഭാവം മാത്രമായി കാണുന്ന മുഖ്യധാര രീതിയെയും നാം തള്ളിക്കളയേണ്ടതുണ്ട്. എത്രതന്നെ പുരോഗമന വികസന അവകാശവാദങ്ങള്‍ മുഴക്കിയാലും ദലിത് സ്ത്രീകള്‍ക്കും മറ്റു പാര്‍ശ്വവൽകൃത സമൂഹങ്ങളിലെ സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ സമകാലിക കേരളത്തിലെ സാംസ്കാരിക സിനിമാ മേഖലകളിലെ ഒരു യാഥാര്‍ഥ്യം തന്നെയാണ്. അതിനെ തിരിച്ചറിയുകയും ഓര്‍മിക്കുകയും ചെയ്യുക എന്നത് നമ്മുടെ ബാധ്യതയാണ്.
പൊതുജനത്തിന്‍റെ കണ്ണില്‍ നിന്നുമകന്ന്, തീര്‍ത്തും ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന ജെ.സി.ഡാനിയേലിനെ തേടിപ്പിടിച്ച് കണ്ടെത്തി അദ്ദേഹവുമായി അഭിമുഖം നടത്തുകയും റോസിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്ത കുന്നുകുഴി എസ്. മണിയെ പോലെയുള്ള ദലിത് ബുദ്ധിജീവികളുടെ പരിശ്രമങ്ങള്‍ ഒന്നുകൊണ്ടു മാത്രമാണ് നമുക്കിതിനു സാധിക്കുന്നതെന്ന കാര്യം ഓര്‍മയില്‍ ഉണ്ടാവേണ്ടതുണ്ട്. ജെ.സി.ഡാനിയേലിന്‍റെ ചരിത്രം എഴുതിയ ചെലങ്ങാട്ട് ഗോപാലകൃഷ്ണന്‍, റോസിയെ കുറിച്ച് പുസ്തകം എഴുതിയ വിനു എബ്രഹാം തുടങ്ങിയ മുഖ്യധാര ബുദ്ധിജീവികളെ ഇന്ന് കുടുതല്‍ ആളുകള്‍ അറിയുമെങ്കിലും, കുന്നുകുഴി എസ്.മണിയുടെയും അദ്ദേഹത്തിന്‍റെ കൂടെ പ്രവര്‍ത്തിച്ച ദലിത് ഗ്രൂപ്പുകളുടെയും അശ്രാന്ത പരിശ്രമങ്ങളായിരുന്നു എന്നെന്നേക്കുമായി മറവിയിലേക്ക് വലിച്ചെറിയപ്പെട്ട റോസിയെ തിരികെ ഓര്‍മയിലേക്ക് കൊണ്ടുവരുന്നതിന് യഥാര്‍ഥത്തില്‍ സഹായകരമായി വര്‍ത്തിച്ചത്. ഈ ദലിത് ബുദ്ധിജീവികളുടെയും പൊതുപ്രവര്‍ത്തകരുടെയും നിതാന്ത പരിശ്രമങ്ങള്‍ കാരണമാണ് മലയാള സിനിമയുടെ ചരിത്രത്തില്‍ പി.കെ.റോസി എന്ന പേര് ചേര്‍ക്കപ്പെട്ടത്.
കേരളത്തിലെ പി.കെ.റോസി സ്മാരക കമ്മറ്റി ഈ അവസരത്തില്‍ നമ്മുടെ ഓര്‍മയിലേക്ക് വരേണ്ടതുണ്ട്. 2012 നവംബറില്‍ അത് പി.കെ.റോസി മെമ്മോറിയല്‍ ലെക്ചര്‍ സംഘടിപ്പിച്ചിരുന്നു. പ്രമുഖ ദലിത് ബുദ്ധിജീവിയും സിനിമാ നിരൂപകനുമായ കെ.കെ.ബാബുരാജാണ് അന്ന് പ്രഭാഷണം നടത്തിയത്. ആ പ്രഭാഷണത്തില്‍ കീഴാള സ്ത്രീയെ കുറിച്ച് കെ.കെ.ബാബുരാജ് സംസാരിക്കുകയുണ്ടായി, പ്രത്യേകിച്ച് മേല്‍ജാതികള്‍ പി.കെ.റോസിയെ ആക്രമിക്കുകയും അവരെ കേരളത്തില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്തപ്പോള്‍ പൊതുഇടത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ദലിത് സ്ത്രീയെ കുറിച്ച്. ഇത്തരം സംഭവങ്ങളെ ഒരിക്കല്‍പോലും ചോദ്യം ചെയ്യാത്ത, തങ്ങളുടെ ‘പുരോഗമന’ മേല്‍ജാതി സംസ്കാരത്തിലൂടെ അത്തരം ഹിംസയെ പ്രചരിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് തുടര്‍ന്ന പുരോഗമന കേരളമാണ് കീഴാള സ്ത്രീയെ എല്ലാതരത്തിലും അപ്രത്യക്ഷമാക്കിയതെന്നും കെ.കെ.ബാബുരാജ് സമര്‍ഥിച്ചിരുന്നു.
രണ്ടാമതായി, നാം നടത്തുന്ന ഈ അനുസ്മരണ പ്രഭാഷണം പ്രധാനപ്പെട്ടതാകാന്‍ കാരണം, ജാതി, ലിംഗം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും എല്ലായ്‌പോഴും അകലം പാലിച്ചിട്ടുള്ള മലയാളം ഫിലിം ഫെസ്റ്റിവൽ മണ്ഡലത്തിലേക്ക് ജാതി, ലിംഗ ചോദ്യം സന്നിവേശിപ്പിക്കാന്‍ ഇതു നമുക്ക് പ്രാപ്തി നല്‍കുന്നുണ്ട്. യഥാര്‍ഥത്തില്‍, സിനിമ, ഫിലിം ഫെസ്റ്റിവെല്‍, അക്കാദമിക് ചര്‍ച്ചകള്‍ അല്ലെങ്കില്‍ മാധ്യമ വിവരണങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം കേരളത്തിന് അകത്തും പുറത്തും ജാതി, ലിംഗം എന്നീ വിഷയങ്ങള്‍ വ്യവസ്ഥാപിതമായി അവഗണിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ഇടം പ്രസ്തുത വിഷയത്തെ കുറിച്ച് ചിന്തിക്കാനും അതുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമാക്കി നിലനിര്‍ത്താനും സഹായകരമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പി.കെ.റോസിയുടെ സ്മരണ സജീവമാക്കി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗവും ഇതുതന്നെയായിരിക്കും. ഈ ഇടം നമുക്കു നഷ്ടപ്പെടില്ലെന്നും, വരും വര്‍ഷങ്ങളില്‍ ഒരു ദലിത് സ്ത്രീയോ അല്ലെങ്കില്‍ ദലിത് ക്രിസ്ത്യന്‍ സ്ത്രീയോ ഈ വേദിയില്‍ പ്രഭാഷണം നിര്‍വഹിക്കുന്നതിനു വേണ്ടി വരുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. കൂടാതെ, കേരളത്തിന്‍റെ എല്ലായിടങ്ങളില്‍ നിന്നുമുള്ള കീഴ്ജാതി സ്ത്രീകളും മുസ്ലിം സ്ത്രീകളും ഇവിടെ വന്ന് അവരുടേതായ സിനിമാ ഇടപെടലുകളെ കുറിച്ച് സംസാരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. തല്‍ക്കാലത്തേക്ക്, എന്‍റെ സ്വന്തം കീഴ്ജാതി ഓബിസി ഇടത്തിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന്, എനിക്കനുവദിച്ച ഈ ഇടത്തോട് അല്‍പം നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കാം.
‘റോസിയെ സ്ഥാനപ്പെടുത്തുമ്പോൾ: മലയാള സിനിമയില്‍ ഒരു ദലിത് സ്ത്രീക്ക് നായര്‍ സ്ത്രീ കഥാപാത്രം അവതരിപ്പിക്കാന്‍ സാധിക്കുമോ?’ – എന്നാണ് ഈ പ്രഭാഷണത്തിന് ഞാന്‍ തലക്കെട്ട് നല്‍കിയിരിക്കുന്നത്. നിലവിലെ മലയാള സിനിമാരംഗത്ത് പി.കെ.റോസിയും അവര്‍ അഭിമുഖീകരിക്കുകയും സഹിക്കുകയും ചെയ്ത ഹിംസയും ചര്‍ച്ച ചെയ്യപ്പെടുന്ന അസുഖകരമായ രീതിയോടുള്ള വെല്ലുവിളിയാണിത്, പ്രത്യേകിച്ച് കമാലുദ്ധീന്‍ മുഹമ്മദ് മജീദ് എന്ന പേരു ചുരുക്കി കമല്‍ എന്ന പേരു സ്വീകരിച്ച് തന്‍റെ മുസ്ലിം സ്വത്വം ഒളിച്ചുവെക്കുന്ന ഡയറക്ടര്‍ കമലിന്‍റെ ‘സെല്ലുലോയിഡ്’ എന്ന സിനിമയുടെ റിലീസിനു ശേഷം. പി.കെ.റോസിയെ കുറിച്ചുള്ള വര്‍ത്തമാനകാല ചര്‍ച്ചകളെല്ലാം തന്നെ, ഒരുതരം മ്യൂസിയം പീസ് പോലെ അവരെ ചരിത്രത്തില്‍ നിന്നും പുറത്തെടുത്ത്, മേല്‍ജാതികളാല്‍ അവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ട കഥ പ്രദര്‍ശനത്തിനു വെക്കുകയാണ് ചെയ്യുന്നത് – നമ്മുടെ രക്തപങ്കിലവും ഹിംസാത്മകവുമായ ജാതീയ ഭൂതകാലത്തിന്‍റെ അടയാളമാണ് അത് എന്ന കണക്കെ. റോസിയെ ദലിത് ഗ്രൂപ്പുകള്‍ അനുസ്മരിക്കുന്ന രീതിക്കു വിപരീതമാണിത്.
മറുവശത്ത് മുഖ്യധാരാ വ്യവഹാരങ്ങള്‍, പി.കെ.റോസിയെന്ന പുതിയതും ആകര്‍ഷകവുമായ ഈ മ്യൂസിയം പീസ് ഉപയോഗിച്ച് തങ്ങളുടെ വര്‍ത്തമാനകാല പുരോഗമനപരതയെയും ജാതിയില്ലായ്മയെയും ഉത്തേജിപ്പിക്കുന്നതു കാണാം. ഉദാഹരണത്തിന്, ‘സ്റ്റോറി ഓഫ് റോസി’ (കെ.സനല്‍) എന്ന ഡോക്യുമെന്‍ററി എടുക്കാം, റോസിയുടെ കഥ സജീവമാക്കുന്നതില്‍ വളരെയധികം ഉപയോഗപ്രദമായിട്ടും, ഏതാണ്ട് ‘ഹിംസാത്മക ഭൂതകാലം – ഉത്കൃഷ്ട വര്‍ത്തമാനകാലം’ എന്ന ഫോര്‍മാറ്റിലാണ് അതും രൂപകല്‍പന ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, ഭൂതകാലം എങ്ങനെയാണ് വിവരിച്ചിരിക്കുന്നത് എന്ന് നോക്കൂ: “ജാതി മേധാവിത്വം നിലനിന്ന കാലഘട്ടം”. വര്‍ത്തമാനകാലം ജാതിരഹിതമാണെന്ന് പറയാനും, റോസിക്ക് അനുഭവിക്കേണ്ടി വന്ന ഹിംസയെ കഴിഞ്ഞ ഏതോ യുഗത്തില്‍ സംഭവിച്ച കാര്യമായി പ്രതിഷ്ഠിക്കാനും വേണ്ടിയുള്ള ഒരു മാര്‍ഗമാണിത്. അത്തരമൊരു ആഖ്യാനം, കേരളത്തിന്‍റെ ജാതി അന്ധത ബാധിച്ച വാദങ്ങളെ പുരോഗമനവാദത്തോടു കൂട്ടിച്ചേര്‍ക്കാനും, ജാതി അതിക്രമങ്ങളില്‍ നിന്ന് വര്‍ത്തമാനകാലം പൂര്‍ണമായും മുക്തമാണെന്ന് വരുത്താനും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, നാം കണ്ണുതുറക്കുകയും ചുറ്റുംനോക്കുകയും ചെയ്താല്‍ മാത്രമേ, അത് തികച്ചും അസത്യമാണെന്ന് ഉറക്കെ പറയാന്‍ നമുക്ക് സാധിക്കൂ.
ഉദാഹരണത്തിന് ചിത്രലേഖയുടെ കാര്യം എടുക്കാം, 1930കളിലല്ല അതു സംഭവിച്ചത്, മറിച്ച് 75 വര്‍ഷങ്ങള്‍ക്കിപ്പുറം, 2005ലാണ് അതു സംഭവിക്കുന്നത്. ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റാന്‍ ഇറങ്ങിത്തിരിച്ച ഒരു ദലിത് സ്ത്രീയായിരുന്നു ചിത്രലേഖ. പക്ഷേ സിപിഎമ്മിന്റെ ട്രേഡ് യൂണിയന്‍ അംഗങ്ങളായ ഓബിസി വിഭാഗത്തിലെ പുരുഷന്മാരാല്‍ അവര്‍പീഡിപ്പിക്കപ്പെട്ടു. റോസിക്കു സംഭവിച്ചതു പോല, അവര്‍ ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിച്ചു ചാമ്പലാക്കി. ചിത്രലേഖയും സ്വന്തം ഗ്രാമത്തില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. മറ്റൊരു ഗ്രാമത്തിലെ വാടകവീട്ടില്‍, വളരെ രഹസ്യമായി, എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന, ഉപദ്രവിക്കപ്പെടാമെന്ന ഭീതിയില്‍ അവര്‍ക്കു ജീവിക്കേണ്ടി വന്നു. ഒരുപാടു നാളത്തെ പോരാട്ടത്തിനു ശേഷം മാത്രമാണ് സ്വന്തം ഗ്രാമത്തിലേക്ക് തിരികെ പോകാനും, ഓട്ടോ ഓടിച്ച് ജീവിതം തുടരാനും അവര്‍ക്കു സാധിച്ചത്. ഇന്നും ചിത്രലേഖയ്ക്ക് അവരുടെ ഗ്രാമത്തിലെ സിഐടിയു പുരുഷന്‍മാരോട് നിരന്തരം ഏറ്റുമുട്ടേണ്ടി വരുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഓരോ ദിവസവും പോരാട്ടമാണ്. അവരെ ആക്രമിച്ചവരോ, അവരുടെ ഓട്ടോ കത്തിച്ചവരോ ആരും തന്നെ ശിക്ഷിക്കപ്പെടുന്നില്ല. കാരണം, നിയമപോരാട്ടം അവസാനിക്കാതെ അങ്ങനെ നീണ്ടുനീണ്ടു പോവുകയാണ്.
കണ്ണൂരില്‍, സമാനമായി ഓട്ടോറിക്ഷകള്‍ കത്തിക്കപ്പെട്ട നിരവധി ദലിത് സ്ത്രീകളുണ്ട്. ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഓട്ടോ ഓടിക്കുന്നത് നിര്‍ത്തിയവരും, പീഢനം സഹിക്കാതെ ആത്മഹത്യ ചെയ്തവരുമായ ദലിത് ക്രിസ്ത്യന്‍, ഓബിസി, മുസ്ലിം സ്ത്രീകളും ഉണ്ട്. ഏതാനും വര്‍ഷം മുന്‍പ് നമ്മളില്‍ ചിലര്‍ ഈ മേഖലയില്‍ പഠനം നടത്തിയിട്ടുള്ളതു കൊണ്ടാണ് ഞാനിതിനെ കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍, എല്ലാ രംഗത്തും എല്ലാ മേഖലയിലും വിവേചനത്തിന്‍റെയും അങ്ങേയറ്റത്തെ ഹിംസയുടെയും ആഘാതത്തിന്‍റെയും പീഢനത്തിന്‍റെയും കഥകള്‍ നിങ്ങള്‍ക്കു കേള്‍ക്കാന്‍ കഴിയും.
ദലിത് ആദിവാസി സ്ത്രീകള്‍ക്ക് ബഹുമാനാദരവുകള്‍ നല്‍കാനും, പൊതുഇടങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഇടവും സാധുതയും പ്രദാനം ചെയ്യാനും, ബഹുജന്‍ സ്ത്രീകള്‍ക്കു നേരെയുള്ള സാമ്പത്തികവും ലൈംഗികവുമായ ചൂഷണം തടയാനും കഴിയാത്ത ഒരു കേരളത്തിലാണ് നാം ഇന്നും ജീവിക്കുന്നത്. ഇത്തരമൊരു കേരളത്തില്‍, സമകാലിക ജാതിവിവേചന ഉദാഹരണങ്ങള്‍ മറച്ചുവെച്ചു കൊണ്ട് പി.കെ.റോസിയെ കുറിച്ച് കേള്‍ക്കേണ്ടി വരുന്നത് തീര്‍ച്ചയായും രോഷംകൊള്ളിക്കുന്നുണ്ട്. മുഖ്യധാര ഈ ചരിത്രം അനുസ്മരിക്കുകയും കമലിനെ പോലെയുള്ള സിനിമാ നിര്‍മാതാക്കളിലൂടെ അതു പരിരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്, പി.കെ.റോസിയുമായി ബന്ധപ്പെടുത്തി സമകാലിക ജാതി അവസ്ഥയെ കുറിച്ച് സംസാരിക്കുന്നത് അസാധ്യമാക്കുന്നു. പി.കെ.റോസിയുമായി ബന്ധപ്പെടുത്തി സമകാലിക ജാതി അവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് ദലിത് ഗ്രൂപ്പുകള്‍ എല്ലായ്‌പോഴും ചെയ്തത്.
കാരണം, മുഖ്യധാരയുടെ ഈ ‘സിനിമാ ചരിത്ര പരിപാലന പദ്ധതി’ പ്രവര്‍ത്തനക്ഷമമാകുന്ന നിമിഷം തന്നെ, ചരിത്ര എഴുത്ത് അല്ലെങ്കില്‍ പരിപാലന പ്രക്രിയയുമായുളള നമ്മുടെ ബന്ധം വേര്‍പ്പെടുത്താനും, റോസിയെയും ചിത്രലേഖയെയും പരസ്പരം ബന്ധിപ്പിക്കുന്നത് നിര്‍ത്താനും രാഷ്ട്രീയരംഗത്തു നിന്നും നമ്മോട് ആവശ്യപ്പെടും. ചരിത്രമെഴുത്തും പരിപാലനവും നിഷ്കളങ്കവും രാഷ്ട്രീയ നിഷ്പക്ഷവുമായ ഒരു കര്‍മമാണെന്ന് ബോധപൂര്‍വവും നിഗൂഢവുമായി വാദിക്കുന്ന മേല്‍ജാതി സാമാന്യബുദ്ധിയില്‍ നിന്നാണ് ഇതെല്ലാം വരുന്നത്. അതു സത്യമല്ലെന്ന് നമുക്കറിയാം, അവര്‍ക്ക് സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള ഒരു മാര്‍ഗം മാത്രമാണത്.
കേരളത്തില്‍ ജാതീയ സിനിമാ വ്യവസായം വിമര്‍ശനാത്മകമായി ആക്രമിക്കപ്പെടുകയും പ്രതിരോധിക്കപ്പെടുകയും ചെയ്യുന്ന ഒരു സമയമാണിത്. ഇതു ചെയ്യുന്നത് പക്ഷേ മാതൃഭൂമി അല്ലെങ്കില്‍ മലയാളം പോലെയുള്ള മാഗസിനുകളോ, സി.എസ്.വെങ്കിടേശ്വരനെ പോലെയുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിക്കുന്നതില്‍ സന്തോഷിക്കുകയും, പൂര്‍ണ മേല്‍ജാതി ഫിലിം കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന മുഖ്യധാര ബുദ്ധിജീവികളോ അല്ല. മറിച്ച് സമുദായിക സംഘങ്ങളും ബ്ലോഗുകളും ഓണ്‍ലൈന്‍ മാഗസിനുകളും വ്യതിരിക്തങ്ങളായ ദലിത് ബഹുജന്‍ മുസ്ലിം ഇടങ്ങളുമാണ് ജാതീയ മലയാള സിനിമാ വ്യവസായത്തിന് എതിരെ വിമര്‍ശനാത്മക പ്രതിരോധം തീര്‍ക്കുന്നത്. അടുത്തിടെ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, ന്യായരഹിതമായ അവലോകനങ്ങളുടെ പേരില്‍ കോടതിയില്‍ പോകുമെന്ന് പറയും വിധം ഈ വിമര്‍ശന ശബ്ദം ഉച്ചത്തില്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
ഈ സമയത്താണ് ‘സെല്ലുലോയിഡ്’ എന്ന സിനിമയിലൂടെ ‘വിഗതകുമാര’ന്‍റെ മഹത്തായ പുനഃസ്ഥാപനം നടക്കുന്നത്. പെട്ടെന്ന് തന്നെ എല്ലാവരും കഴിഞ്ഞുപോയ ആ നല്ല കാലങ്ങളെ കുറിച്ചും റോസിയെ കുറിച്ചും അവര്‍ക്കെന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചും സംസാരിക്കാന്‍ തുടങ്ങി – അരനൂറ്റാണ്ടിലധികം കാലം നമ്മില്‍ നിന്നും എടുത്തുമാറ്റപ്പെട്ടു – ജാതി ഹിംസ അങ്ങേയറ്റം തീവ്രമായിരുന്നതും, ദലിത് സ്ത്രീക്ക് ഒരു സിനിമയില്‍ പോലും അഭിനയിക്കാന്‍ കഴിയാതിരുന്നതും ആ കാലത്തായിരുന്നു. ദൂരേക്ക് വിരല്‍ചൂണ്ടി, വര്‍ത്തമാനകാലത്തില്‍ നിന്നും നമ്മുടെ നോട്ടത്തെ മാറ്റി, ജാതിയുടെയും അതുമായി ബന്ധപ്പെട്ട ഹിംസയുടെയും സമകാലിക വിഷയങ്ങള്‍ക്കു മേല്‍ മറയിടാനുള്ള ഒരു ശ്രമം മാത്രമാണോ ഇത്?
ഇനി നമുക്ക് പ്രധാന ചോദ്യത്തിലേക്കു കടക്കാം. ഇന്ന് മലയാള സിനിമയിൽ ഒരു ദലിത് സ്ത്രീക്ക് ഒരു നായർ സ്ത്രീയുടെ വേഷം അഭിനയിക്കാൻ സാധിക്കുമോ? ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിക്കുമ്പോൾ, സിനിമയെ പഠിക്കുന്ന മേൽജാതി സിനിമാ നിരൂപകരും ബുദ്ധിജീവികളും, പോസ്റ്റ് കൊളോണിയൽ, നവ മാർക്സിയൻ അക്കാഡമീഷ്യന്മാരും നമ്മോടു പറഞ്ഞുതരാൻ തീർത്തും പരാജയപ്പെട്ട ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. മറ്റെല്ലാ ഇൻഡ്യൻ സിനിമകളെയും പോലെ, പാശ്ചാത്യലോകത്തു നിന്നും കടന്നുവന്ന് നമ്മുടെ കോളനിയാനന്തര / മുതലാളിത്തപൂർവ സാംസ്കാരിക സങ്കീർണതകൾക്കകത്തു നിന്നുകൊണ്ട് നാം നിർബന്ധമായും കൈകാര്യം ചെയ്യേണ്ടി വന്ന ഒരു വിദേശ സാങ്കേതികവിദ്യയല്ല മലയാള സിനിമ. നേരെ മറിച്ച്, തങ്ങളുടെ ശൂദ്ര പദവിയിൽ നിന്നു പുറത്തുകടന്നു കൊണ്ട് കേരളത്തിൽ മേധാവിത്വം നേടാൻ ശ്രമിച്ച സവർണ ശൂദ്ര സമൂഹങ്ങൾ – പ്രധാനമായും നായർ വിഭാഗങ്ങൾ — തങ്ങളുടെ അധീശത്വം സ്ഥാപിക്കാൻ പിടിച്ചടക്കുകയും, ഉപയോഗിക്കുകയും ചെയ്ത, സാഹിത്യം പോലെയുള്ള മറ്റൊരു ആധുനിക പാശ്ചാത്യ സ്ഥാപനമാണ് മലയാള സിനിമ. വാസ്തവത്തിൽ, കേരള ആധുനികതയുടെ കേന്ദ്രത്തിൽ പ്രസ്തുത ശൂദ്ര സമൂഹത്തെ സ്ഥാപിക്കുന്നതിനായുള്ള ഏറ്റവും മികച്ച ഉപകരണങ്ങളിൽ ഒന്നാണ് മലയാള സിനിമ.
ആധുനിക മനുഷ്യസ്വത്വത്തെ ഇരുണ്ട ഹാളുകളിൽ പ്രതിഫലിപ്പിക്കുന്ന ഏറ്റവും ശക്തിയേറിയ ഒരു ടെക്നോളജിയാണല്ലോ സിനിമ. ഇതിനെ ഉപയോഗിച്ചു കൊണ്ടാണ് നായർ ജാതി വിഭാഗങ്ങൾ സ്വയം ആധുനികരായും മലയാളിയായും വിഭാവന ചെയ്തത്. മാത്രമല്ല, ആധുനിക ലോകത്ത് മത – ജാതി സംബന്ധമായ വിലക്കുകളിലും നിയന്ത്രണങ്ങളിലും പല അയവുകളും വന്നതോടെ, സിനിമയാണ് ഒരു പുതിയ സാമൂഹിക നിയമ നിർമാതാവിന്റെ (social legislature) റോളിൽ – അല്ലെങ്കിൽ പുതിയ ഒരു മനുവിന്റെ റോളിൽ – മുന്നോട്ട് വന്നത്. തങ്ങളുടെ സവർണ സംസ്കാരത്തിന്റെ പ്രതിച്ഛായയിൽ സിനിമയെ / ആധുനിക ലോകത്തിന്റെ പുതിയ ശരികളെ നിർവചിച്ചു കൊണ്ട്, തങ്ങളെ തന്നെ സാധൂകരിക്കാൻ ഈ സമുദായങ്ങൾക്ക് കഴിഞ്ഞു.
അങ്ങനെ മാർത്താണ്ഡവർമ്മ എന്ന സിനിമയുടെ കാലം മുതൽ തന്നെ, അവർ സ്‌ക്രീനിൽ സ്വയം പ്രതിഫലിപ്പിക്കുകയും, കേരളത്തെ തന്നെ തങ്ങളുടെ വസ്ത്രം, ഭക്ഷണം, രൂപം, എന്നിവ കൂടാതെ കലാപരവും, ഭൗതികവുമായ ഉദ്യമങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു അവസ്ഥയിലെത്തിക്കുകയും ചെയ്തു. അങ്ങനെ, മലയാള സിനിമ കാരണം – സെക്കുലറാകുക, നല്ലവനാകുക, പൗരനാവുക, ക്രിയാത്മകമാവുക, ബുദ്ധിയും മെറിറ്റും ഉള്ളവരാകുക, ചുരുക്കി പറഞ്ഞാൽ ആധുനികരാകുക എന്നത് തന്നെ, അല്ലെങ്കിൽ ഒരു മനുഷ്യനാവുക എന്നത് തന്നെ ഒരു നായർ പുരുഷനാവുക എന്നതായി തീർന്നു. ഇതിനെല്ലാം നാം മലയാള സിനിമയോട് തന്നെ നന്ദി പറയേണ്ടിയിരിക്കുന്നു.
അതിനാൽ റോസിയുടെ ദലിത് സ്ത്രീ ശരീരം നായർ ഭൂജന്മികളിൽ വെറുപ്പും ദേഷ്യവും ഉണ്ടാക്കിയതിൽ അതിശയിക്കാൻ ഒന്നുമില്ല. അവൾ ഒരു നായർ സ്ത്രീയായി നടിക്കുകയായിരുന്നെകിലും, പൊതുമണ്ഡലത്തിൽ എല്ലാതരത്തിലുമുള്ള പ്രവേശനവും ഇടവും നിഷേധിക്കപ്പെട്ട ഒരു ശരീരമാണ് അവളുടേത് എന്നവർക്കറിയാമായിരുന്നു. നായർ സ്ത്രീകളെ പോലും തിരശ്ശീലയിൽ കാണുന്നത് സഹിക്കാൻ കഴിയാത്ത ഭൂജന്മികളുടെ കാലത്ത് നായർ സ്ത്രീകളുടെ സ്ഥാനത്ത് റോസി നിൽക്കുകയായിരുന്നു, ദലിത് പുരുഷൻമാർക്കു പോലും വകവെച്ചുകൊടുക്കാത്ത നിയമസാധുത അവൾ ആവശ്യപ്പെടുകയായിരുന്നു. യഥാർഥ ജീവിതത്തിൽ പോലും ലൈംഗികമായി ചൂഷണം ചെയ്യാനും ഉപയോഗിക്കാനും അല്ലാതെ അവർ ഒരിക്കലും അംഗീകരിക്കാത്ത ദലിത് സ്ത്രീയുടെ ശരീരം, മേൽജാതി നായർ വിഭാഗത്തിന്റെ ആധുനിക വ്യക്തിത്വം പ്രതിഫലിപ്പിക്കേണ്ടിയിരുന്ന കണ്ണാടിയിലൂടെ പ്രതിഫലിക്കുകയായിരുന്നു. തീർച്ചയായും, നായർ പുരുഷൻമാർ കോപാകുലരായി തിരശ്ശീല വലിച്ചുകീറിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. വാസ്തവത്തിൽ തെറ്റായ ചിത്രം പ്രതിഫലിപ്പിച്ച സിനിമയുടെ കണ്ണാടി അവർ തകർക്കുക മാത്രമാണ് ചെയ്തത്. ഇങ്ങനെയാണ് റോസിയുടെ ദലിത് സ്ത്രീ ശരീരം മലയാള സിനിമാ ചരിത്രത്തിൽ നിന്നുതന്നെ നിഷ്കാസനം ചെയ്യപ്പെടുന്നത്. ദലിത് പുരുഷ ഗവേഷകർ മുന്നോട്ടു വരികയും പ്രസ്തുത ചരിത്രത്തിന്റെ പൂർണമായ മായ്ച്ചുകളയൽ തടയുകയും ചെയ്തില്ലായിരുന്നെങ്കിൽ റോസിയെ കുറിച്ച് യാതൊന്നും തന്നെ നാം അറിയില്ലായിരുന്നു. അവസാനം അവൾ പരാജയപ്പെടുത്തപ്പെട്ടെങ്കിലും ധീരയും പ്രഗൽഭയുമായ ഒരു റോസി ഇവിടെ ജീവിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു എന്ന കാര്യം ഇവർ കാരണം മാത്രം നമുക്കിപ്പോൾ അറിയാം.
റോസിയുടെ പരാജയത്തിനു ശേഷം, മേൽജാതികളും ബ്രാഹ്മണ, സിറിയൻ ക്രിസ്ത്യൻ സ്ത്രീകളും അഭിനയിച്ച മേൽജാതി സ്ത്രീ, കഥാപാത്രങ്ങളാൽ മലയാള തിരശ്ശീല നിറഞ്ഞു – തുടക്കത്തിൽ പ്രസ്തുത നായർ സ്ത്രീ കഥാപാത്രങ്ങൾ അഭിനയിക്കാൻ തമിഴ് നടികളെ ഇറക്കുമതി ചെയ്യപ്പെട്ടു, പിന്നീട് മിസ് കുമാരിയെയും ശേഷം ശീലയെയും പോലുള്ള സിറിയൻ ക്രിസ്ത്യാനികൾ കടന്നുവന്നു, ഇതിനു ശേഷം നായർ സഹോദരിമാരിൽ ഒരാളായ രാഗിണി, കലാമണ്ഡലത്തിൽ പരിശീലനം നേടിയ ജയഭാരതി, പിന്നീട് നായർ / നമ്പ്യാർ സ്ത്രീയായ സീമ എന്നിവർ വന്നു മലയാള സിനിമ സ്ക്രീൻ നിറഞ്ഞു.
സീമയുടെ കടന്നുവരവിനു ശേഷം അംബിക, ശോഭന, രേവതി, ഊർവശി, കാർത്തിക പോലെയുള്ള വിവിധ നായർ, മേൽജാതി സ്ത്രീകളാൽ മലയാള സിനിമാ തിരശ്ശീല കർശനമായി കുത്തകവത്കരിക്കപ്പെട്ടു. (സരിതയെ പോലുള്ള മലയാള സിനിമയിൽ പ്രമുഖ സ്ഥാനങ്ങളിലുള്ള മേൽജാതിക്കാരല്ലാത്ത സ്ത്രീകളിൽ പലരും മലയാളികൾ അല്ലായിരുന്നു). കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ഒരുപാട് മലയാള നായികനടികൾ തങ്ങളുടെ പേരിനോടൊപ്പം അവരുടെ മേൽജാതിപ്പേരുകളും ചേർക്കാൻ തുടങ്ങി. അങ്ങനെ നമുക്ക് മഞ്ജു വാര്യർ, സംയുക്ത വർമ്മ, നവ്യാ നായർ, പ്രിയ പിള്ള, നിത്യാ മേനോൻ, കാർത്തിക നായർ തുടങ്ങിയ പലരെയും ലഭിച്ചു, ഇവരെല്ലാം തന്നെ ദലിത് സ്ത്രീകളുടെയും ഓബിസി സ്ത്രീകളുടെയും എന്തിനധികം പറയുന്നു മുസ്ലിം സ്ത്രീകളുടെ വരെ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ അവർ ആരാണെന്നും എന്താണെന്നും അവരുടെ ജാതിപ്പേരുകൾ ഉറക്കെ വിളിച്ചുപറയുന്നുണ്ട്.
മലയാള സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ ഇത്തരമൊരു ജാതീയമായ സാഹചര്യത്തിൽ, കേരളത്തിനകത്തു നിന്ന് ഇന്നുവരെ ഒരു ദലിത് നടിയും മലയാള സിനിമയിലെ ഒരു പ്രധാന താരമായി ഉയർന്നുവന്നിട്ടില്ല എന്നതിൽ അതിശയിക്കാനൊന്നുമില്ല. മലയാള സിനിമയിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന കേരളത്തിൽ നിന്നുള്ള അനേകം നായികനടികളുടെ കൂട്ടത്തിൽ ഒരാൾ തീർച്ചയായും ഒരു ദലിത് സ്ത്രീയായിരുന്നെങ്കിൽ പോലും അതു പൊതുവിജ്ഞാനത്തിന്റെ ഭാഗമല്ല. ഓബിസികളും മുസ്ലിംകളും മേൽജാതികളായി നടിക്കുന്നതു പോലെ തന്നെ തങ്ങളുടെ ജാതി സ്വത്വം മറച്ചുവെച്ചാണ് ദലിതർ സിനിമാരംഗത്ത് അതിജീവിക്കുന്നത് എന്നത് പരക്കെ അറിയപ്പെടുന്ന കാര്യമാണ്. അതിനാൽ റോസിക്കു ശേഷം, മലയാള തിരശ്ശീലയിൽ നായർ സ്ത്രീ പോയിട്ട് ഏതെങ്കിലും തരത്തിലുള്ള നായികാവേഷം ഒരു ദലിത് സ്ത്രീയും ചെയ്തിട്ടില്ല. ഒരു നായർ സ്ത്രീ കഥാപാത്രത്തിന്റെ വേഷം അഭിനയിച്ചതിന്റെ പേരിൽ ഒരു ദലിത് ക്രിസ്ത്യൻ സ്ത്രീയെന്ന നിലയിൽ അന്ന് റോസി പീഡനത്തിന് ഇരയായതെങ്കിൽ, ഇന്ന് ഒരു ദലിത് സ്ത്രീയെ നായികയായി അഭിനയിപ്പിക്കുന്ന തലത്തിലേക്ക് പോലും നാം എത്തിയിട്ടില്ല. അതിനു മുൻപു തന്നെ മുഖ്യധാര മലയാള സിനിമയിൽ നിന്ന് എല്ലാ ദലിത് സ്ത്രീ ശരീരങ്ങളും പൂർണമായും മായ്ച്ചുകളയപ്പെട്ടു.
വാസ്തവത്തിൽ അരനൂറ്റാണ്ടിലധികം കാലത്തോളം സിനിമയിലെ നായികാശരീരം നായർ, സിറിയൻ ക്രിസ്ത്യൻ സ്ത്രീകളുടെ കുത്തകയായി തന്നെ നിലനിന്നു. ഹിന്ദു ഓബിസി നടികൾക്കു പോലും മലയാള സിനിമയിൽ പ്രമുഖ സ്ഥാനം കൈവരിക്കാൻ കഴിഞ്ഞത് കഴിഞ്ഞ പത്തു വർഷക്കാലയളവിനിടയിൽ മാത്രമാണ്. മാത്രമല്ല, കാവ്യാ മാധവന്റെ കാര്യമെടുത്താൽ, ഒരു ഉയർന്ന ഓബിസി വിഭാഗമായ ചാലിയ ജാതിക്കാരിയാണ് അവർ. സിനിമാപരമായ അളവുകോലുകൾ വെച്ചുനോക്കുമ്പോൾ, നായർ സ്ത്രീകളെക്കാൾ നായർ ശരീരഭാഷ അവർക്കുണ്ടെന്ന് കാണാം. മികച്ച ‘നായർ ശരീരം’ ഉള്ള സംവൃതാ സുനിലിനെ പോലെയുള്ള ഈഴവ സ്ത്രീ നടികൾക്കു പോലും വളരെ പ്രാധാന്യം കുറഞ്ഞ വേഷങ്ങളും വളരെ കുറച്ച് മുഖ്യ കഥാപാത്ര വേഷങ്ങളും മാത്രമാണ് നൽകപ്പെട്ടത് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. വാസ്തവത്തിൽ, ബാഹുലേയൻ എന്ന പരുക്കനും പരിഹാസ്യനുമായ ഒരു ഈഴവ വ്യവസായിയുടെ മകളായി ഒരു ഈഴവ സ്ത്രീയുടെ വേഷം ചെയ്ത് സംവൃതാ പ്രശസ്തി നേടിയിട്ടുണ്ട്, സിനിമയുടെ അവസാനം വരേയ്ക്കും ഒരു വില്ലൻ കഥാപാത്രമായിട്ടാണ് അവർ അവതരിപ്പിക്കപ്പെടുന്നത്. ഈഴവ സ്ത്രീയായി അറിയപ്പെടുന്ന റിമ കല്ലിങ്കലിനും സമാനമായ ഒരു വിധിയാണ് ഉണ്ടായിട്ടുള്ളത്. ലൈംഗികമായി കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരുടെയും പ്രതിനായികകളുടെയും വേഷമാണ് അവർക്കും അഭിനയിക്കേണ്ടി വരുന്നത്.
സമാനമായി നാദിയാ മൊയ്ദു, തകര ഫെയിം സുരേഖ, ഇപ്പോൾ ഉയർന്നു വരുന്ന നസ്റിയ എന്നിങ്ങനെയുള്ള ഏതാനും ചില മുസ്ലിം സ്ത്രീകൾ ഉണ്ടെങ്കിലും – മുസ്ലിം ഇടത്തിനു പ്രാധാന്യം കൊടുക്കുന്ന വേഷങ്ങൾ വളരെയധികം കുറവാണ്. അതുപോലെ, തട്ടത്തിൻമറയത്ത് എന്ന സിനിമയിൽ കണ്ടതുപോലെ, മുസ്ലിം സ്ത്രീ കഥാപാത്രങ്ങളെ പുറമെ നിന്നുള്ളതായി അടയാളപ്പെടുത്തുന്ന ഒരു പ്രവണതയും നമുക്ക് കാണാം – ഇതിനു വേണ്ടി മലയാളത്തിന് പുറത്തു നിന്നുള്ള നടികളെ കൊണ്ടുവരാനുള്ള ബോധപൂർവ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിലൂടെ മലയാളി സ്ത്രീകൾക്ക് എത്തിപ്പെടാൻ കഴിയാത്ത പോലെയുള്ള സുന്ദരികളായി ഇവർ പ്രതിനിധാനം ചെയ്യപ്പെടുമ്പോൾ തന്നെ, മറ്റൊരു ലോകത്തുനിന്ന് വന്ന അന്യരായും ഇവർ അടയാളപ്പെടുത്തപ്പെടുന്നു. കൂടാതെ തങ്ങളുടെ ‘മുസ്ലിം സ്വത്വം’ വലിച്ചെറിയുന്ന, ലൈംഗിക ഉണ്മയുടെ ലിബറൽ / മേൽജാതി ഫാഷൻ സ്വീകരിക്കുന്ന നായികമാരായി മാത്രമാണ് നിരന്തരമായി മുസ്ലിം സ്ത്രീ വേഷങ്ങൾ എഴുതപ്പെടുന്നത്. അമിതലൈംഗികാസക്തിയുള്ളവരുടെ വേഷത്തിലല്ലാതെ ആദിവാസി സ്ത്രീകൾക്കും സിനിമയിൽ ഒരു ഇടവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മലയാള സിനിമയിലെ എല്ലാ സ്ത്രീകളിലും വെച്ച് ഏറ്റവും കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ടവരായി ഇവർ തുടരുന്നു.
ചുരുക്കത്തിൽ, ഈ റോസി അനുസ്മരണ പ്രഭാഷണത്തിലൂടെ, പി.കെ.റോസിയുടെ ജീവിതവും ധീരതയും നിശ്ചയദാർഢ്യവും അവസാനത്തിലെ തോൽവിയും / അതിജീവനവും നാം വ്യക്തമായും ഓർമിക്കേണ്ടതുണ്ട്. മലയാള സിനിമയിൽ നിന്നും റോസിയെ ആട്ടിയോടിച്ചിട്ട് അരനൂറ്റാണ്ടു പിന്നിട്ടിട്ടും ഇന്നും കേരളത്തിലെ ദലിത് ഇടത്തിൽ നിന്ന് ഒരു നടി പോലും ഇല്ലാത്ത ഒരു സിനിമാ വ്യവസായത്തിന്റെ ഭാഗമാണ് നാമെല്ലാവരും. നായർ സ്ത്രീ കഥാപാത്രങ്ങളോടു മത്സരിക്കാനോ ഒപ്പം നിൽക്കാനോ വേണ്ടി ഒരു ദലിത് / മുസ്ലിം / മേൽജാതിയല്ലാത്ത സ്ത്രീ ശരീരത്തെയോ കഥാപാത്രത്തെയോ നാം മലയാള സിനിമയിൽ പ്രതിനിധീകരിച്ചിട്ടില്ല. നായർ സ്ത്രീ കഥാപാത്രമില്ലാതെ മലയാള സിനിമയ്ക്കു പ്രവർത്തിക്കാൻ കഴിയില്ല.
ഇതിനെ നാം രണ്ടു പ്രധാന പ്രശ്നങ്ങളുമായി ചേർത്തു വായിക്കേണ്ടതുണ്ട്. അതിലൊന്ന്, നായർ സ്ത്രീ ഇടത്തെ മാതൃകാ ഇടമായാണ് മലയാള സിനിമ നിരന്തരം കാണിക്കുന്നത്, അതിനെ സഹജമായി തന്നെ ശുദ്ധവും നിർമലവും ദിവ്യപരിവേഷമുള്ളതായും ചിത്രീകരിക്കാൻ ശ്രമിക്കുന്നു, മിക്ക നായർ സ്ത്രീ കഥാപാത്രങ്ങളും ലൈംഗികവും സാമൂഹികവുമായ എല്ലാ പെരുമാറ്റ ചട്ടങ്ങളും പാലിക്കുന്നു. അതേസമയം, കള്ളി ചെല്ലമ്മയിലെ ദലിത് കഥാപാത്രം, അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ ഈഴവ സ്ത്രീ, കുട്ടിക്കുപ്പായത്തിലെ മുസ്ലിം സ്ത്രീ, ചെമ്മീൻ സിനിമയിലെ മുക്കുവ സ്ത്രീ – ഈ വേഷങ്ങളെല്ലാം ചെയ്തത് ഷീലയാണ് – പോലെയുള്ള ദലിത് ബഹുജന സ്ത്രീ പ്രതിനിധാനങ്ങൾ ശ്രദ്ധിച്ചാൽ, ജാതി സമൂഹത്തിന്റെ എല്ലാ ധാർമിക നിയമങ്ങളെയും തകർക്കുന്ന ഒരു ലൈംഗികതയാൽ പ്രസ്തുത ശരീരങ്ങളും കഥാപാത്രങ്ങളും അടയാളപ്പെടുത്തപ്പെടുന്നതായി നമുക്കു കാണാൻ കഴിയും. ഇതിൽ നിന്ന് വ്യത്യസ്തമായി ഒരു “പരിശുദ്ധമായ” സ്ത്രീ പരിവേഷം മേൽജാതി സമൂഹത്തിൽ നിന്നും വരുന്ന ഒരു സ്ത്രീക്കു മാത്രമേ സാധ്യമാവുകയുള്ളു. അതിനാൽ മേൽജാതിക്കാരല്ലാത്ത ഈ സ്ത്രീകളിൽ ഭൂരിഭാഗത്തിനും വിവാഹബാഹ്യ, വിവാഹപൂർവ ബന്ധങ്ങൾ ഉണ്ട്, അവരിൽ ആർക്കും തന്നെ നായർ സ്ത്രീയുടെ സഹജഗുണമായ ലൈംഗിക വിശുദ്ധി അനുവദിച്ചു നൽകപ്പെടുന്നുമില്ല. ഇതിന്റെ ഫലമായി, നാട്ടിലെ സദാചാരനിയമങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിക്കപ്പെട്ട് റോസി ആക്രമിക്കപ്പെട്ടതു പോലെ, ഈ സ്ത്രീകളുടെ കുടുംബങ്ങളെയും ഹൃദയങ്ങളെയും കൊല്ലുകയോ തകർക്കുകയോ ആണ് സിനിമാ ആഖ്യാനങ്ങൾ ചെയ്യുന്നത്.
22 ഫീമെയ്ൽ കോട്ടയം, ചാപ്പാകുരിശ്, ഡയമണ്ട് നക്ലെയ്സ്, അന്നയും റസൂലും പോലെയുള്ള ന്യൂജനറേഷൻ സിനിമകളിൽ പോലും ഇതേ കാര്യം ആവർത്തിക്കുന്നതായി നമുക്ക് കാണാം. അവയിൽ പലതും വ്യത്യസ്ത ഇടങ്ങളിലെ സ്ത്രീകളെ കുറിച്ചുള്ളതാണ്, അവരുടെ ശരീരങ്ങൾ എല്ലാം തന്നെ അങ്ങേയറ്റത്തെ സൗന്ദര്യവും വളരെയധികം പൊക്കവുമുള്ള സ്ത്രീകളാണ് അഭിനയിക്കുന്നത്, അവർ പ്രതിനിധീകരിക്കാൻ ശ്രമിക്കുന്ന സ്ത്രീകളെ അവർ ഒരു തരത്തിലും പ്രതിനിധീകരിക്കുന്നില്ല. അന്നയും റസൂലും സിനിമയിലെ അന്നയുടെ കാര്യത്തിൽ ഇത് കൂടുതൽ ദൃശ്യമാണ്. ഒരു സൗന്ദര്യമത്സരത്തിനു തെരഞ്ഞെടുക്കപ്പെടാവുന്ന ഒരു സ്ത്രീ ഒരു സെയിൽസ് ഗേളിന്റെ കേന്ദ്രകഥാപാത്രം എങ്ങനെ അവതരിപ്പിക്കുന്നുവെന്ന് കാണാൻ ആ സിനിമ കാണുക. യഥാർഥ സെയിൽസ് ഗേൾസിന്റെ രൂപങ്ങൾക്കെതിരെയാണ് ഈ സ്ത്രീ ശരീരത്തിന്റെ സൗന്ദര്യം എടുത്തു കാണിക്കപ്പെടുന്നത്. എന്നിരുന്നാൽ പോലും, ഇവർക്കും മറ്റു സെയിൽസ് ഗേൾസിനും ഒരു തരത്തിലുള്ള ശബ്ദവും ഈ സിനിമ നല്കുന്നില്ല. ഈ അന്നയും മിണ്ടാതെ,സ്വന്തം മനസിലുള്ളത് പറയാതെ, ഒന്നും തന്നെ വ്യത്യസ്തമായി ചെയ്യാൻ തുനിയാതെ, ഒരു നിശബ്ദ ഇരയായി (silent victim) അവസാനം മരിച്ചു വീഴുന്നു. ഇതു തന്നെയാണ് മേലെ പറഞ്ഞ മിക്കവാറും എല്ലാ സിനിമകളിലെയും കീഴാള സ്ത്രീകൾക്കും സംഭവിക്കുന്നത്. 22 ഫീമെയ്ൽ കോട്ടയം എന്ന സിനിമയിലെ നിർവാഹകത്വം നിറഞ്ഞ സ്ത്രീ ശരീരം, നഴ്സുമാരെ കുറിച്ചും, ക്രിസ്ത്യൻ സ്ത്രീകളെ കുറിച്ചുമുള്ള എല്ലാത്തരം വാർപ്പ് മാത്രകളും പുനരവതിരിപ്പിച്ചു കൊണ്ടാണ് പ്രവർത്തനക്ഷമമാവുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, പി.കെ.റോസിയിലൂടെ ഹിംസയുടെ വിദൂര ഭൂതകാലത്തിലേക്ക് നോക്കുകയും, അന്ന് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ശ്രമിക്കുകയും അതിനെപ്രതി സിദ്ധാന്തങ്ങൾ ചമയ്ക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ പോലും, പ്രസ്തുത ഭൂതകാലം നമ്മുടെ മുന്നിലും മലയാള സിനിമാ തിരശ്ശീലയിലും സംസ്കാരത്തിലുമായി ഇവിടെ തന്നെ നിലനിൽക്കുന്നുണ്ട്. നായർ സ്ത്രീയുടെ സവർണ പരിധികൾക്കു പുറത്ത് നിന്നുള്ള ഒരു സ്ത്രീ കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിയുന്ന സിനിമ നിർമിക്കാൻ നമുക്ക് ഇപ്പോഴും കഴിയില്ല.
ദലിത്, ഓബിസി, ആദിവാസി, മുസ്ലിം സ്ത്രീകൾ എന്നിവർക്ക് നാം ഇടം നൽകുമ്പോൾ പോലും ഒന്നുകിൽ നാം അവരെ നായർ മേൽജാതി സ്ത്രീയുടെ ‘അപരർ’ ആക്കി സൃഷ്ടിക്കുകയോ അല്ലെങ്കിൽ ഇന്ന് മലയാള സിനിമാ സാംസ്കാരിക രംഗത്തെ ഏക പ്രബല സ്ത്രീ വ്യക്തിത്വമായ മേൽജാതി കഥാപാത്രത്തെ അനുകരിക്കാൻ അവളെ നിർബന്ധിക്കുകയോ ചെയ്യും. ഈ സാഹചര്യത്തിലാണ് പാപ്പിലിയോ ബുദ്ധ പോലെയുള്ള ഒരു സിനിമയുടെ പ്രതിനിധാന സൗന്ദര്യശാസ്ത്രം – വിവിധ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൂടിയും – പ്രാധാന്യമുള്ളതായി മാറുന്നത്. ഒരു ദലിത് വ്യക്തിത്വത്തെ നമുക്ക് നൽകാൻ കഴിഞ്ഞ അപൂർവം സിനിമകളിൽ ഒന്നാണിത്. പ്രസ്തുത അധീശത്വ സൗന്ദര്യബോധത്തിൽ നിന്നും അത് വലിയ അളവിൽ രക്ഷപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഈ സിനിമ എങ്ങനെയാണ് നിരോധിക്കപ്പെട്ടതെന്നും അതു മുഖ്യധാരാ വിപണിയിൽ എത്താത്തത് എന്തുകൊണ്ടാണെന്നും നമുക്കെല്ലാവർക്കും അറിയാം.
പി.കെ.റോസിയെ കുറിച്ചും അവൾ സൂചിപ്പിച്ചതിനെ കുറിച്ചും നാം ഇപ്പോൾ ഗൗരവതരമായി ചിന്തിക്കുമ്പോഴും, റോസിക്കു നേരിടേണ്ടി വന്ന ഹിംസയെ കുറിച്ച് എല്ലാവരും സംസാരിക്കുമ്പോഴും, അവരുടെ ഓർമയോടും അവരുടെ ജീവിതത്തോടും പ്രയത്നത്തോടും പൂർണ നീതി പുലർത്തികൊണ്ട് നാം റോസിയെ അനുസ്മരിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു – ഇതിനു വേണ്ടി നമ്മുടെ ഭൂതകാലത്തിലെ അവളുടെ സാന്നിധ്യം മാത്രമല്ല, മറിച്ച് നമ്മുടെ വർത്തമാനകാലത്തിലെ അവളുടെ സാന്നിധ്യവും തിരിച്ചറിയുകയും പഠിക്കുകയും വിശകലനം നടത്തുകയും ചെയ്യേണ്ടതുണ്ട്. വളരെ വ്യതിരിക്തവും കാണാത്തതുമായ രീതിയിലാണെങ്കിലും, അവർ വലിച്ചുകീറിയ സ്ക്രീനുകളും അവർ ആട്ടിയോടിച്ച സ്ത്രീയും ഇപ്പോഴും ആവർത്തിക്കുന്നുണ്ട്.
ദലിത് സ്ത്രീകൾക്ക് പ്രാതിനിധ്യ ഇടം പോലും നിഷേധിക്കുന്ന, അവരെ ചിത്രീകരിക്കാൻ വിസമ്മതിക്കുന്ന, അവരെ അമിത ലൈംഗികാസക്തിയുള്ളവരായി ചിത്രീകരിക്കുന്ന, മേൽജാതി സമുദായങ്ങളുടെ ജാതി നിലയും അധികാരവും താങ്ങിനിർത്തുമ്പോൾ തന്നെ ദലിത് സ്ത്രീകളെ അനധികൃതമാക്കുന്ന അങ്ങേയറ്റം ജാതീയമായ ഒരു സിനിമാ സംസ്കാരത്തിലാണ് നാം ജീവിക്കുന്നത് എന്നത് നാം അംഗീകരിക്കേണ്ടതുണ്ട്. മലയാള സിനിമയിലെ കീഴ്ജാതി, മുസ്ലിം, മറ്റു പാർശ്വവൽകൃത ന്യൂനപക്ഷ സ്ത്രീകൾക്കു പോലും ഒരു തരത്തിലുള്ള കാര്യമായ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. ആദിവാസി സ്ത്രീകൾക്കും സമാനമായ വിധി തന്നെയാണ് വന്നു ഭവിക്കുന്നത്. ഇത്തരമൊരു ജാതീയ സിനിമാ വ്യവസായ രംഗത്തിൽ പ്രാതിനിധ്യ ഇടത്തിനായി യാചിക്കാൻ വേണ്ടിയല്ല ഇത്. മറിച്ച് അതിനെ തുറന്നുകാട്ടുന്നതിനും ചോദ്യം ചെയ്യുന്നതിനും ചെറുത്തുനിൽക്കുന്നതിനും, കേരളത്തിലെ ദലിത് ആദിവാസി സ്ത്രീകളുടെ അങ്ങേയറ്റം പാർശ്വവൽക്കരിക്കപ്പെട്ട സ്ഥിതിക്കും, അതുപോലെ ഇന്ന് കേരളീയ സമൂഹത്തിൽ മിക്ക ഹിന്ദു ഓബിസി സ്ത്രീകളും മുസ്ലിം സ്ത്രീകളും അഭിമുഖീകരിക്കുന്ന സമൂഹിക ബഹിഷ്കരണത്തിനും ചൂഷണത്തിനും നേരത്തെ സൂചിപ്പിച്ച പ്രാതിനിധ്യ തന്ത്രങ്ങൾ എങ്ങനെ വലിയതോതിൽ ഉത്തരവാദപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ചും ചിന്തിച്ചു തുടങ്ങുന്നതിനു വേണ്ടിയാണിത്.
(2013ൽ ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ സ്മൃതി ഫിലിം ക്ലബ് സംഘടിപ്പിച്ച പി.കെ.റോസി മെമ്മോറിയൽ ലെക്ചറിൽ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പരിഷ്കരിച്ച വിവർത്തനം)
കടപ്പാട്: റൗണ്ട് ടേബിൾ ഇന്ത്യ
- First PK Rosy Memorial Lecture by Jenny Rowena conducted by Malayali Students of Jamia Millia Islamia, New Delhi on 22-02-2013, Friday.
https://youtu.be/KeKso1SOY5g - Locating P K Rosy: Can A Dalit Woman Play a Nair Role in Malayalam Cinema Today?
https://roundtableindia.co.in/index.php?option=com_content&view=article&id=6263:locating-p-k-rosy-can-a-dalit-woman-play-a-nair-role-in-malayalam-cinema-today