ഹാനി ബാബുവിന്റെ പോരാട്ടം: ജെനി റൊവീന സംസാരിക്കുന്നു

November 25, 2020

തന്നോട് നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്ന അനീതിയില്‍ ഹാനി ബാബു ഏറെ രോഷാകുലനാണ്. കെട്ടിച്ചമച്ച ചില രേഖകള്‍ കാണിച്ചുകൊണ്ട് എങ്ങനെയാണ് നിങ്ങള്‍ക്കൊരാളെ ജയിലിലടക്കാനാവുക? കോടതികള്‍ക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലേ? മനുഷ്യ വിരുദ്ധമായ ഒരു നിയമത്തിന്റെ പേരില്‍ ആരോപണങ്ങള്‍ വരുമ്പോഴേക്കും നിങ്ങളിങ്ങനെ ആളുകളെ പിടിച്ച് ജയിലിലേക്കയക്കുകയാണോ? ജെനി റൊവീന സംസാരിക്കുന്നു.

ഞാന്‍ ജെനി റൊവീന. പ്രൊഫ. ഹാനി ബാബുവിന്റെ ഭാര്യയാണ്. ഹാനി ബാബു ഡല്‍ഹി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറാണ്. അദ്ദേഹം ഈയടുത്ത് ഭീമാ കൊറെഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലാവുകയുണ്ടായി. ആ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന പന്ത്രണ്ടാമത്തെ ആളാണ് ഹാനി. യഥാര്‍ഥത്തില്‍, ആദ്യം അദ്ദേഹത്തിന് എന്‍ഐഎയുടെ ഒരു സമ്മന്‍സ് നോട്ടീസ് ലഭിക്കുകയാണുണ്ടായത്. അങ്ങനെ, ആ സമ്മന്‍സിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെ എന്‍ഐഎ ഓഫീസിലേക്ക് അദ്ദേഹം പോവുന്നത്. ഒരു ദിവസം കൊണ്ട് മടങ്ങിവരാം എന്ന പ്രതീക്ഷയിലായിരുന്നു ഹാനി പോയിരുന്നത്. അതുകൊണ്ട് തന്നെ വസ്ത്രങ്ങള്‍ പോലുമെടുക്കാതെ, കേവലം തന്റെ മൊബൈല്‍ ചാര്‍ജറും പഴ്സും മാത്രമായിട്ടാണ് അദ്ദേഹം മുംബൈയിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ അവര്‍ അദ്ദേഹത്തെ അവിടെ അഞ്ച് ദിവസത്തോളം പിടിച്ചുവെച്ച് ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ലാപ്ടോപ്പിലെ ഒരു ഫോള്‍ഡര്‍ ചൂണ്ടികാണിച്ച്കൊണ്ട് അതിലെ ഫയലുകളെ കുറിച്ചും രേഖകളെ കുറിച്ചും അദ്ദേഹത്തോട് നിരന്തരം ചോദിക്കുകയുണ്ടായി. അവയെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലെങ്കില്‍ പിന്നെ ആരായിരിക്കണം ഇത് ലാപ്ടോപ്പിലേക്ക് ഫീഡ് ചെയ്തത് എന്ന തരത്തിലായിരുന്നു ചോദ്യങ്ങള്‍. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ചോദ്യംചെയ്യലിന് ശേഷം അവര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

പ്രൊഫ. ഹാനി ബാബു

അറസ്റ്റിന് ശേഷം ഒരു പ്രാവശ്യം മാത്രമാണ് എനിക്ക് അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചത്. അതും കോടതിയുടെ പുറത്ത് വെച്ച്. മാത്രമല്ല, അദ്ദേഹത്തെ വ്യക്തിപരമായി ബന്ധപ്പെടാനുള്ള ഒരവസരവും ലഭിക്കുകയും ചെയ്തിട്ടില്ല. അദ്ദേഹം ദിവസങ്ങളോളം ക്വാറന്റൈനില്‍ ആയിരുന്നപ്പോള്‍ ഇങ്ങോട്ടും അങ്ങോട്ടും ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. ഞങ്ങള്‍ അദ്ദേഹത്തിന് അയച്ച കത്തുകളാവട്ടെ, അൻപത് ദിവസത്തോളമെടുത്താണ് അദ്ദേഹത്തിന്റെ കൈകളിലേക്കെത്തിയത്! പിന്നീട് ഞങ്ങള്‍ക്കെഴുതിയപ്പോള്‍ ഇത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഹാനി പറഞ്ഞിരുന്നു. 

ഹാനി ജയിലിലുള്ള സമയത്ത് ‍ഞങ്ങള്‍ ഡല്‍ഹിയിലായിരുന്നു. ഇവിടെ ഞങ്ങള്‍ക്ക് ബന്ധുക്കളും ചുരുക്കം ചില സുഹൃത്തുക്കളുമൊഴിച്ച് ബന്ധങ്ങളില്ലാത്തതിനാല്‍ ഞങ്ങളുടെ അവസ്ഥയെ കുറിച്ചോര്‍ത്ത് ഹാനി ഏറെ ആശങ്കാകുലനായിരുന്നു. അൻപത് ദിവസത്തോളം ഇതേ അവസ്ഥ തന്നെ തുടരുകയുണ്ടായി. പിന്നീട് അവര്‍ വോയിസ് കോളും ഇടയ്ക്ക് വീഡിയോ കോളും അനുവദിക്കുകയുണ്ടായി. എന്നാല്‍ കേവലം അഞ്ച് മിനിറ്റ് മാത്രം സമയമാണ് കിട്ടിയിരുന്നത്. അതില്‍ തന്നെ ഭൂരിഭാഗം സമയവും അവിടത്തെ ബഹളങ്ങള്‍ കാരണം നഷ്ടപ്പെടും. പരസ്പരം കാണാമെന്നല്ലാതെ ഇതുകൊണ്ട് വലിയ നേട്ടങ്ങളുണ്ടായിരുന്നില്ല.  അതിനാൽ തന്നെ, കൂടുതല്‍ സംഭാഷണങ്ങളും കത്തുകളിലൂടെയാണ് നടക്കുന്നത്. ഇപ്പോള്‍ എന്റെ കത്തുകള്‍ താരതമ്യേന വേഗത്തിലെത്തുന്നുണ്ട്. അതേസമയം, അദ്ദേഹത്തിന്റെ കത്തുകളാവട്ടെ, ഏറെ ദിവസങ്ങള്‍ കഴിഞ്ഞാണ് ലഭിക്കുന്നത്.

ഞാന്‍ ചില പുസ്കങ്ങളടങ്ങിയ പാര്‍സല്‍ ജയിലിലേക്കയച്ചപ്പോള്‍ കോവിഡ് സുരക്ഷയുടെ പേര് പറഞ്ഞ് അത് തിരിച്ചയക്കുകയാണുണ്ടായത്. അതുപോലെ, ഹാനിക്ക് തണുപ്പുകാല വസ്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഞങ്ങള്‍ ജയിലധികൃതരെ ബന്ധപ്പെട്ടപ്പോള്‍ കോവിഡ് കാരണം ഒരു ഷാള്‍ പോലും അനുവദിക്കാനാവില്ല എന്നാണ് അവര്‍ പറഞ്ഞത്. ഇതാണ് ഞങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം. 

എന്തുകൊണ്ടാണ് അവര്‍ വീഡിയോ കോളുകള്‍ക്ക് അഞ്ച് മിനിറ്റ് പരിധി നിശ്ചയിച്ചത് എന്ന് ഞങ്ങള്‍ക്കറിയില്ല. എന്തുകൊണ്ട് അത് പത്തോ പതിനഞ്ചോ മിനിറ്റ് ആയിക്കൂടാ? എന്തുകൊണ്ടാണ് അവര്‍ കുടുംബത്തെയും ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. ഞങ്ങള്‍ക്കൊരു ചെറിയ പെണ്‍കുട്ടിയാണുള്ളത്. അച്ഛന്റെ അസാന്നിദ്ധ്യം അവളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. അദ്ദേഹം ഒരു വിചാരണതടവുകാരനല്ലേ? അതുകൊണ്ട് തന്നെ കുടുംബത്തോട് സംസാരിക്കാനുള്ള അവകാശം അദ്ദേഹത്തിനില്ലേ? പത്തു ദിവസം കൂടുമ്പോഴാണ് സംസാരിക്കാനുള്ള ഈ അവസരം തന്നെ ലഭിക്കുന്നത്. എന്തുകൊണ്ടാണ് ആഴ്ച്ച തോറും വിളിക്കാനെങ്കിലുമുള്ള ഒരു സാഹചര്യം അനുവദിച്ച് തരാത്തത്? ഇതേ കാരണങ്ങള്‍ പറഞ്ഞ് കൊണ്ട് പ്രൊഫ. ജി.എന്‍. സായിബാബ മറ്റൊരു ജയിലില്‍ സമരം ചെയ്തിരുന്നു. എന്നാല്‍ അവര്‍ അദ്ദേഹത്തിന് വേണ്ട മരുന്നുകള്‍ പോലും നല്‍കിയിരുന്നില്ല. വരവരറാവുവിന്റെ അവസ്ഥ നിങ്ങള്‍ക്കറിയാം. ഇത് അവിശ്വസിനീയമാണ്. മാത്രമല്ല, ഇത് കേവലം മനുഷ്യത്വരഹിതമായ സമീപനം എന്നത് മാത്രമല്ല, സമാനതകളില്ലാത്ത ക്രൂരതയും പീഢനവും കൂടിയാണ്. എങ്ങനെയാണ് നിങ്ങള്‍ ഇത്രയും അവശനിലയിലായ ഒരു മനുഷ്യനെ തടങ്കലില്‍ വെച്ചുകൊണ്ട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്? ഒരു ഭരണകൂടമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യമോര്‍ക്കണം. ഇത്തരത്തിലാണ് ഭരണകൂടങ്ങളുടെ ‍ പ്രവര്‍ത്തനം എന്ന സത്യം എത്ര ഞെട്ടലുളവാക്കുന്ന കാര്യമാണ്!

ജെനി റൊവീന

ജയിലിനകത്ത് ബാബുവിന്റെ അവസ്ഥ ഏറെ ദയനീയമാണ്. അദ്ദേഹം പൊതുവേയുള്ള ആക്ടിവിസ്റ്റ് സ്വഭാവത്തിലുള്ള ആളായിരുന്നില്ല, മറിച്ച്  ഇടത്തരം ജീവിതം നയിച്ചിരുന്ന ഒരു സാധാരണ അക്കാദമീഷ്യന്‍ മാത്രമായിരുന്നു. അങ്ങനെയൊരാളെ സംബന്ധിച്ചിടത്തോളം, ഇത്തരമൊരു സാഹചര്യം ഒരിക്കലും പ്രതീക്ഷിക്കുന്ന ഒന്നല്ല.

അദ്ദേഹം ഏറെ ധീരനാണ് എന്ന കാര്യം എനിക്ക് ബോധ്യമായി. ഞാനദ്ദേഹത്തെ കുറിച്ചോര്‍ത്ത് ഏറെ അഭിമാനിക്കുന്നുമുണ്ട്. അദ്ദേഹം തന്റെ സഹതടവുകാര്‍ക്ക് ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നുണ്ട്. അതുപോലെ നല്ല രീതിയില്‍ വായിക്കാനും സമയം കണ്ടെത്തുന്നുണ്ട്. പതിയെ തന്റെ സ്വാഭാവികമായ എഴുത്തിലേക്ക് തിരിയാനുള്ള ആലോചനയും അദ്ദേഹം നടത്തുന്നുണ്ട്.

ഇതൊക്കെയാണെങ്കിലും, അദ്ദേഹത്തിന്  ഞങ്ങളുടെ ഏറെകാലത്തെ അസാന്നിദ്ധ്യം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തന്നോട് നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ അനീതിയില്‍ ഹാനി ഏറെ രോഷാകുലനുമാണ്. കെട്ടിച്ചമച്ച ചില രേഖകള്‍ കാണിച്ചുകൊണ്ട് എങ്ങനെയാണ് നിങ്ങള്‍ക്കൊരാളെ ജയിലിലടക്കാനാവുക? കോടതികള്‍ക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലേ? ഈ പറഞ്ഞ ഫയലുകളുടെ ആധികാരികത പരിശോധിക്കേണ്ടത് അവരല്ലേ? മനുഷ്യ വിരുദ്ധമായ ഒരു നിയമത്തിന്റെ പേരിൽ ആരോപണങ്ങള്‍ വരുമ്പോഴേക്കും നിങ്ങളിങ്ങനെ ആളുകളെ പിടിച്ച് ജയിലിലേക്കയക്കുകയാണോ? ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ രണ്ട് വര്‍ഷത്തോളമായി നിരന്തരമായ അറസ്റ്റുകള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യം നിങ്ങള്‍ക്കറിയാം. 

പ്രൊഫ. ജി.എൻ. സായിബാബ

ഇതിനെല്ലാമിടയില്‍ തന്നെ അദ്ദേഹം തന്റെ സാഹചര്യങ്ങളോട് പ്രതികരിക്കുന്ന രീതിയില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. ജയിലിലെ തന്റെ സഹതടവുകാര്‍ ഏറെ സൗഹാര്‍ദപൂര്‍വ്വമാണ് പെരുമാറുന്നതെന്നും അവിടെ തങ്ങള്‍ക്ക് ലഭിക്കുന്ന കാര്യങ്ങളും വിവരങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് ഏറെ സൗഹാര്‍ദപരമായ അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ആ തരത്തില്‍ നോക്കുകയാണെങ്കില്‍, ഇങ്ങനെയൊരു ജയിലില്‍ ആയത് അല്‍പം ഭാഗ്യമാണെന്നും പറയാം. എന്നിരുന്നാലും അദ്ദേഹം ഏറെ പ്രയാസപ്പെടുന്നുണ്ട്. അദ്ദേഹത്തെ പിന്തുണക്കാന്‍ ഞങ്ങളും ഏറെ പ്രയാസപ്പെടുന്നുണ്ട്. ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള പ്രയാസകരമായ ഒരു ദൗത്യമാണ്. മാത്രമല്ല, ഇത് ഞങ്ങള്‍ നേരിടേണ്ടതായ ഒരു പ്രയാസമല്ല എന്ന ബോധ്യവുമുണ്ട്. ഇത് ഞങ്ങള്‍ വിളിച്ച് വരുത്തിയ ഒരു പ്രയാസമല്ല. എന്നിരുന്നാല്‍ പോലും നിരന്തരമായ ഈ ബുദ്ധിമുട്ടില്‍ നിന്നും കരകയറാന്‍ ഞങ്ങള്‍ നിരന്തരം നിയമപരമായും അല്ലാതെയും പരിശ്രമിക്കുന്നുണ്ട്. ഹാനി ബാബു ഉടനെ പുറത്ത് വരുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

കടപ്പാട്: ദലിത് ക്യാമറ

വിവർത്തനം: അഫീഫ് അഹ്‌മദ്

  • Jenny Rowena speaks to Dalit Camera: https://youtu.be/WW5uAa8e81E
Top