സംസ്കാര പഠനങ്ങളുടെ കീഴാളപക്ഷം
ദലിതർ അനുഭവിക്കുന്ന കുറവുകളിലേക്കു മാത്രം ശ്രദ്ധ തിരിക്കുന്ന ഗാന്ധിയൻ വിമർശന രീതിയിൽ നിന്ന് വ്യത്യസ്തമായി സംസ്കാരങ്ങളുടെ ദലിത് പക്ഷത്തു നിന്നുകൊണ്ട് ആധുനികതയുടെ അധികാര പക്ഷത്തെ നിശിതമായി അപനിർമിക്കുന്ന, അതിലൂടെ കീഴാള കർത്തൃത്വങ്ങളെ പുനർവിഭാവനം ചെയ്യുന്ന രീതിയാണ് കെ.കെ.ബാബുരാജിന്റെ എഴുത്ത് മുന്നോട്ടു വെക്കുന്നത്.
‘മറ്റൊരു ജീവിതം സാധ്യമാണ്: അരികുപക്ഷ സാംസ്കാരിക വിമർശനങ്ങൾ’ (അദർ ബുക്സ്, 2019) എന്ന കെ.കെ.ബാബുരാജിന്റെ പുസ്തകത്തിന് ജെനി റൊവീന എഴുതിയ പിൻകുറി.
കൊളോണിയൽ ആധുനികതയോടു സംവദിച്ചുകൊണ്ടും അതിന്റെ തന്നെ ഘടനകൾ ഉപയോഗിച്ചു കൊണ്ടുമാണ് ഇൻഡ്യൻ ഭൂഖണ്ഡത്തിലാകമാനം ജാതിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ ഉയർന്നു വന്നത്. ജാതിയുടെ ആന്തരിക കൊളോണിയലിസത്തെ തകിടം മറിക്കാനാണ് ഈ മുന്നേറ്റങ്ങളെല്ലാം ശ്രമിച്ചത്. ഈ ഘട്ടത്തിലാണ് ദേശ രാഷ്ട്രത്തിന്റെയും പ്രാദേശികതയുടെയും പേരിൽ സവർണർ സംഘടിച്ചത്. ഇതിലൂടെ, ജാതിക്കെതിരെയുള്ള സമരങ്ങൾക്കു പകരം, ദേശീയതയെക്കുറിച്ചുള്ള സംവാദങ്ങൾ മുന്നോട്ടു വെക്കാനും ജാതിയുടെ ആന്തരിക കൊളോണിയലിസത്തിനു പകരം, ബ്രിട്ടീഷ് കൊളോണിയലിസത്തിനെക്കുറിച്ചുള്ള വ്യവഹാരങ്ങൾക്കു മുൻതൂക്കം കൊടുക്കാനും ഇവർ ശ്രമിച്ചു. അങ്ങനെയാണ് ബ്രിട്ടീഷ് രാജിന്റെ അവസാനത്തിനു ശേഷം, ഇൻഡ്യൻ ആധുനികതയുടെ ചുക്കാൻ പിടിക്കാനും ജാതി വ്യവസ്ഥിതിയെ അതിന്റെ അടിത്തറയായി നിലനിർത്താനും ഇവർക്കു കഴിഞ്ഞത്.
അതുപോലെ, എല്ലാ ജാതികൾക്കും തുല്യത നൽകുന്ന ഭരണ സംവിധാനത്തിനും തൊട്ടുകൂടായ്മയെ നിരോധിക്കുന്ന നിയമ നിർമാണത്തിനും ശേഷം, ജാതിയെക്കുറിച്ചു സംസാരിക്കുന്നത് സങ്കുചിതമായ സമുദായ താൽപര്യങ്ങളെ, ദേശത്തിനു പകരം വെയ്ക്കുന്നതിനു തുല്യമാണ് എന്ന ദേശീയമായ അവബോധമാണ് ഇൻഡ്യൻ ആധുനികതയുടെ ജാതിസ്വത്വത്തിന് ഏറ്റവും ശക്തി നൽകിയത്.
എന്നാൽ, ജാതി മുന്നേറ്റങ്ങൾ കൊണ്ടും ന്യൂനപക്ഷ മതങ്ങളുടെ സ്വാധീനം കൊണ്ടും നിരവധി തലങ്ങളിൽ ചോദ്യം ചെയ്യപ്പെട്ട കേരളത്തിന്റെ സാമൂഹിക ഘടനയ്ക്ക് കീഴാളരോടു സംവദിക്കാത്ത ആധുനികത സാധ്യമായിരുന്നില്ല. ഇതുകൊണ്ടാണ് ഇവരെ അഭിസംബോധന ചെയ്യുന്ന ഇടതുപക്ഷത്തിന്റെ വിപ്ലവ വ്യവഹാരങ്ങൾ വളരെ വിദഗ്ധമായി, ‘വർഗ’മെന്ന രാഷ്ട്രീയത്തെ മുന്നോട്ടുവെച്ചു കൊണ്ട് ജാതിയെ മറച്ചു പിടിക്കുന്ന സവർണ ആധുനികതയെ ഇവിടെ സ്ഥാപിച്ചെടുത്തത്.
ദേശീയ തലത്തിലും കേരളത്തിലും ഇങ്ങനെയൊരു ആധുനികതയുടെ ജാതി താൽപര്യങ്ങൾക്കെതിരെ ശബ്ദമുയർത്താൻ ഏറ്റവുമധികം പ്രയത്നിച്ചത് എഴുപതുകൾക്കു ശേഷം ഉയർന്നു വന്ന ദലിത് വ്യവഹാരങ്ങളാണ്. നിരവധി ദലിത് ചിന്തകർ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ കേരളത്തിൽ ദലിതേതര സമൂഹങ്ങളെല്ലാം സ്വന്തമായ സാമുദായിക സ്വത്വം നേടിയെടുത്തപ്പോൾ ഇതിനുള്ളിൽ നിന്നും പിന്തള്ളപ്പെട്ട ദലിത് സമുദായങ്ങൾ സവർണ ആധുനികതയുടെ ഏറ്റവും പ്രിയപ്പെട്ട വിമർശകരായി ഉയർന്നുവന്നതു യാദൃശ്ചികമല്ല.
ഇതിലൂടെ സവർണരുടെ ജ്ഞാനോത്പാദന ഘടനകളെ പൂർണമായും അപനിർമിച്ചുകൊണ്ട് പല പുതിയ പരികൽപനകളെയും നമ്മുടെ സാമാന്യ ബോധത്തിന്റെ ഭാഗമാക്കിത്തീർക്കാൻ ശ്രമിക്കുന്ന വിമർശന പദ്ധതിയാണ് ഇവിടെ ഉണ്ടായിത്തീർന്നത്. ഇങ്ങനെയൊരു പദ്ധതിയുടെ ഭാഗമായാണ് കെ.കെ.ബാബുരാജിന്റെ എഴുത്തിനെ സ്ഥാനപ്പെടുത്തേണ്ടത്.
ഇത്തരത്തിലൊരു പദ്ധതി ദലിത് പക്ഷത്തെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ആധുനികതയുടെ തന്നെ അധികാരഘടനയെ അഴിച്ചുപണിയാനും സവർണരുടെ കുത്തക സംസ്കാരത്തിനപ്പുറം ‘മറ്റൊരു ജീവിതം’ സാധ്യമാണെന്നു സങ്കൽപിക്കാനും സഹായിക്കുന്നു. മാത്രമല്ല, എഴുപതുകൾക്കു ശേഷം ജ്ഞാനമണ്ഡലവും അധികാരവും തമ്മിലുള്ള ബന്ധം സാംസ്കാരിക വ്യവഹാരങ്ങളിലൂടെ പ്രവർത്തനക്ഷമമാക്കുന്നതിനെക്കുറിച്ചുള്ള സംസ്കാര പഠനങ്ങളുടെ (cultural studies) ഭാഗമായും ബാബുരാജിന്റെ എഴുത്തിനെ അടയാളപ്പെടുത്തുന്നതു പ്രധാനമാണ്.
ഒരു ദലിത് പക്ഷത്തെ സന്നിഹിതമാക്കാനാണ് ഇങ്ങനെയൊരു സംരംഭം പ്രവർത്തിക്കുന്നതെങ്കിലും വെറുമൊരു ബദലായി മാത്രമല്ല അതു വിഭാവനം ചെയ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ദലിതർ അനുഭവിക്കുന്ന കുറവുകളിലേക്കു മാത്രം ശ്രദ്ധ തിരിക്കുന്ന ഗാന്ധിയൻ വിമർശന രീതിയല്ല ഇവിടെ കണ്ടുവരുന്നത്. പകരം, സംസ്കാരങ്ങളുടെ ദലിത് പക്ഷത്തു നിന്നുകൊണ്ട് ആധുനികതയുടെ അധികാര പക്ഷത്തെ നിശിതമായി അപനിർമിക്കുന്ന, അതിലൂടെ കീഴാള കർത്തൃത്വങ്ങളെ പുനർവിഭാവനം ചെയ്യുന്ന രീതിയാണ് കെ.കെ.ബാബുരാജിന്റെ എഴുത്തുകൾ മുന്നോട്ടു വെക്കുന്നത്.
ഇതിന്റെ ഭാഗമായി ബാബുരാജ് പ്രധാനമായും അപനിർമിക്കുന്നത് കേരള ആധുനികതയെ പ്രശ്നവൽക്കരിക്കുന്നു എന്നു നടിക്കുമ്പോഴും സ്വന്തം സവർണതയെ അഭിമുഖീകരിക്കാനും അഴിച്ചുപണിയാനും തുനിയാത്ത ആനന്ദ്, എം.പി.പരമേശ്വരൻ, മേതിൽ രാധാകൃഷ്ണൻ എന്നിവരെപ്പോലെ താരപരിവേഷമുള്ള ബുദ്ധിജീവികളെയാണ്. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദങ്ങളായി ഉയർന്നു വന്നിട്ടുള്ള ഇവർ, ബ്രാഹ്മണികമായ സാമാന്യ ബോധത്തിന്റെ ഭാഗമായി പുനർ വായിക്കപ്പെടുമ്പോൾ, വാസ്തവത്തിൽ കേരള സംസ്കാര വിശകലനങ്ങളുടെ അടിത്തറയിളക്കുന്ന പ്രവർത്തനമായി വിമർശനം മാറുന്നു. അങ്ങനെ പ്രബുദ്ധരായ സാംസ്കാരിക നായകന്മാരുടെ പ്രതിനിധാനങ്ങളിലെ പരാജിതരും പ്രാന്തവത്കൃതരുമായ കീഴാളരും കേരളത്തിലെ അധികാരഘടനയെ ചോദ്യം ചെയ്യുന്ന ഭാവത്തിൽ അവയെ സുസ്ഥിരമായി പിടിച്ചു നിർത്താൻ വേണ്ടി പ്രവർത്തിച്ച ഇവരുടെ കൃതികളുടെ ജാതീയതയും ഇവിടെ തുറന്നു കാണിക്കപ്പെടുന്നു. ഇതോടൊപ്പം കീഴാളരോട് ഏറ്റവുമടുത്തു നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന കുമാരനാശാൻ, കെ.ജെ.ബേബി എന്നിവർ സവർണർക്കു പ്രിയമേറുന്നതിന്റെ കാരണങ്ങളും ജാതി വ്യവസ്ഥിതിയെ നിശിതമായി ചോദ്യം ചെയ്യുന്ന പൊയ്കയിൽ അപ്പച്ചൻ, പോത്തേരി കുഞ്ഞമ്പു, സഹോദരൻ അയ്യപ്പൻ എന്നിവർ വിസ്മരിക്കപ്പെടുന്ന രാഷ്ട്രീയവും ഇവിടെ തെളിഞ്ഞു വരുന്നു.
അതുപോലെ മറ്റുള്ള പല കീഴാള വ്യവഹാരങ്ങളിൽ നിന്നു വ്യത്യസ്തമായി, സ്ത്രീകളുടെ യാഥാർഥ്യങ്ങളും അടയാളപ്പെടുത്തപ്പെടുന്നുവെന്നത് ബാബുരാജിന്റെ വായനകളുടെ സവിശേഷതയാണ്. സവർണ സ്ത്രീകളുടെ ഉത്തമജാതി സ്ഥാനത്തു നിന്ന് കീഴാള സ്ത്രീകളുടെ നിലയിലേക്കു തരംതാഴ്ത്തപ്പെടുന്ന ‘അപര’കളായ മേലാള സ്ത്രീകളാണ് ബാബുരാജിന്റെ പഠനങ്ങളിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ഫെമിനിസ്റ്റ് സിദ്ധാന്തങ്ങൾക്കൊപ്പം ഇവയെ പ്രശ്നവൽക്കരിച്ച കീഴാള സ്ത്രീ വായനകളും കണക്കിലെടുക്കപ്പെടുന്നുവെന്നതു ശ്രദ്ധാർഹമാണ്.
സിനിമ, സാഹിത്യം, സംഗീതം, രാഷ്ട്രീയ-സാംസ്കാരിക മുന്നേറ്റങ്ങൾ എന്നിവയെല്ലാം വിശകലനത്തിനു കീഴെ കൊണ്ടുവരുന്ന ബാബുരാജിന്റേതു പോലെയുള്ള കീഴാളപക്ഷ വായനകൾ സവർണ പൊതുബോധത്തെ വളരെ ആഴത്തിൽ അലോസരപ്പെടുത്തിയിട്ടുണ്ട്. വി.സി.ശ്രീജനെപ്പോലെ ഇവയെ പോലീസ് ചെയ്തു കൊണ്ട് ഇവരുടെ ശബ്ദത്തെ നിരാകരിക്കാനുള്ള ശ്രമങ്ങളും അതുമല്ലെങ്കിൽ സച്ചിദാനന്ദനെപ്പോലെ സവർണ ജ്ഞാന മണ്ഡലത്തിന്റെ യുക്തിയിലേക്കു പിടിച്ചു നിർത്തിക്കൊണ്ട് ഇവരെ ദുർബലമാക്കാനുള്ള ശ്രമങ്ങളും ഇതിന്റെ തെളിവാണ്.
സവർണാധികാരത്തിനേറ്റ പ്രഹരത്തെ നിയന്ത്രിക്കാൻ പാടുപെടുന്ന ഇത്തരം പ്രതികരണങ്ങളെ നേരിടാൻ ബാബുരാജ് നിരന്തരം ശ്രമിക്കുന്നുണ്ട്. അതുവഴി, സംസ്കാര പഠനങ്ങളിലൂടെ കീഴാളർ നേടിയെടുത്ത ഇടത്തെ നഷ്ട്ടപ്പെടാതെ നിലനിർത്തുന്ന പ്രവൃത്തിയും ഈ വായനകൾ നടത്തുന്നു. വാസ്തവത്തിൽ കേരള ആധുനികതയെ നിശിതമായി ചോദ്യം ചെയ്തു കൊണ്ട് ഉയർന്നു വന്ന ഇത്തരം വിമർശന പദ്ധതിക്ക് കേരളത്തിന്റെ ഉത്തരാധുനിക സംസ്കാരത്തെ നിർമിക്കുന്നതിൽ വലിയ പങ്കുണ്ടെന്നതിൽ സംശയമില്ല. ഇത്തരം വായനകളുടെ ഫലമായിത്തന്നെയാണ് ആധുനികതയുടെ വീരപുരുഷന്മാർക്കപ്പുറം നീങ്ങി, ‘അപര’പക്ഷത്തോടു നിരന്തരം സംവദിച്ചുകൊണ്ട് ബൃഹദാഖ്യാനങ്ങൾ (grand narration) ക്കപ്പുറം, ചിതറിയതും ചെറുതുമായ ഉത്തരാധുനികതയുടെ സങ്കീർണ വ്യവഹാരങ്ങൾ നിർമിക്കപ്പെടുന്നത്. സിനിമയുടെ സവർണ നായക സ്ഥാനങ്ങളും ജീവിതങ്ങളും പലതരത്തിൽ കീഴാള ലോകങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും സാഹിത്യം എന്ന ആധുനിക സ്ഥാപനത്തിന് സവർണരായ മഹാപുരുഷൻമാരെ നിർമിക്കാൻ കഴിയാതെ വരികയും ചെയ്യുന്നത് ഇതുകൊണ്ടാണ്.
ബാബുരാജിന്റേതു പോലെയുള്ള കീഴാളപക്ഷ വായനകളുടെ അനന്തരഫലമാണ് ഇങ്ങനെയൊരു വലിയ മാറ്റം. എന്നാൽ ഇതിനൊരു മറുവശമുണ്ടെന്നു കാണാതിരിക്കാൻ കഴിയില്ല.
ആധുനികതയ്ക്ക് എതിരെയുള്ള കീഴാള വിമർശനങ്ങളെ ഉൾക്കൊണ്ടു കൊണ്ടും പഴയ ജാതീയ സംസ്കാരത്തെ പല പുതിയ തലങ്ങളിലേക്കു മാറ്റി പ്രതിഷ്ഠിച്ചു കൊണ്ടും സ്വയം ന്യായീകരിക്കുന്ന സാംസ്കാരിക ലോകമാണ് ഇന്നു നിലനിൽക്കുന്നത്. കീഴാളപക്ഷ സാംസ്കാരിക മുന്നേറ്റങ്ങൾ മാറ്റിയെടുത്ത ലോകത്തെ ജാതിക്കനുസൃതമായി പുനഃസ്ഥാപിക്കാൻ സവർണപക്ഷം ശ്രമിക്കുമ്പോൾ തന്നെ, കീഴാളർ നേടിയെടുത്ത ഇടത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടും അതിനെ വിപുലപ്പെടുത്തിയും ആധുനിക സ്ഥാപനങ്ങളെ കീഴാളർ തന്നെ ഏറ്റെടുത്തു പ്രവർത്തനക്ഷമമാകുന്ന അവസ്ഥയും ഇന്നുണ്ട്. ഈ സ്ഥാപനങ്ങളെ പുതിയ തരത്തിൽ നിർവചിക്കാൻ കഴിയുന്ന കീഴാളരുടെ ശക്തമായ ഉയർച്ചയായി ഇതിനെ വായിക്കാവുന്നതാണ്. എന്നാൽ വേറൊരു കണ്ണിലൂടെ നോക്കിയാൽ, ആധുനികതയുടെ ജാതി സ്ഥാപനങ്ങളുടെ പുനഃസ്ഥാപനമായും ഇതിനെ വായിക്കാം. വാസ്തവത്തിൽ ഇന്ന് ആധുനികതയുടെ ജാതി അധികാരത്തിൽ നിന്നു മാറി, കീഴാളർക്കു കൂടി ദൃശ്യത നൽകുന്ന ഉത്തരാധുനികതയുടെ സങ്കീർണതകളാണ് നമുക്കു മുന്നിലുള്ളത്. ഇങ്ങനെയൊരു സാംസ്കാരിക സാഹചര്യത്തിനുളളിൽ കീഴാളപക്ഷത്തെ കൂടുതൽ വ്യക്തമായി വിശകലനം ചെയ്യാൻ കെ.കെ.ബാബുരാജിന്റെ സംസ്കാര പഠനങ്ങൾക്കു തുടർന്നും കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
(‘മറ്റൊരു ജീവിതം സാധ്യമാണ്: അരികുപക്ഷ സാംസ്കാരിക വിമർശനങ്ങൾ’ (അദർ ബുക്സ്, 2019) എന്ന കെ.കെ.ബാബുരാജിന്റെ പുസ്തകത്തിന് ജെനി റൊവീന എഴുതിയ പിൻകുറിയാണ് ഈ ലേഖനം.)