ആരാണ് ഉത്തമ ഹിന്ദു? ശബരിമലയിലെ യുവതി പ്രവേശന സംവാദം

ക്ഷേത്രത്തിനുള്ളിൽ കയറാൻ അനുമതിയില്ലാത്ത സമുദായങ്ങൾ എന്ന നിലയിൽ, എന്തിനാണ് ഇവിടെ കയറുന്നതു എന്ന ചോദ്യം നമുക്കുയർത്താൻ കഴിഞ്ഞില്ല/കഴിയുന്നില്ല. അതുകൊണ്ടു തന്നെ, മത പരിവർത്തനത്തിന്റെ വക്കിൽ നിന്നും പിടിച്ചു കയറ്റി, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഒരു കീഴ്ജാതി സമുദായത്തെ (ഈഴവരെ), ക്ഷേത്ര പ്രവേശന വിളംബരവും ഗുരുവായൂർ സത്യാഗ്രഹവും എന്തിനു വൈക്കം സത്യാഗ്രഹം പോലും ഹിന്ദുക്കളായി സ്ഥാനപ്പെടുത്തിയപ്പോൾ, മേൽ ജാതികൾക്കൊപ്പം നമ്മളും ഇതിനെ കേരളത്തിന്റെ തന്നെ നവോഥാനമായാണു കണ്ടത്. അങ്ങനെ, ജാതിക്കെതിരെയുള്ള വ്യവഹാരങ്ങൾ പോലും കേരളത്തിനെ ‘ഹിന്ദു’വായി സ്ഥാനപ്പെടുത്തുന്നതിന്റെ ഭാഗമായി തീർന്നു. ഇതിനെ ചോദ്യം ചെയ്യാതെ ഇവിടെ ഉയർന്നു വന്ന എല്ലാ രാഷ്ട്രീയങ്ങളും ഇതിനെ തന്നെ വിപുലപ്പെടുത്തി കൊണ്ടിരുന്നു.

സ്ത്രീ സമത്വം എന്ന ഫെമിനിസ്റ്റ് അവകാശവാദമാണല്ലോ ശബരിമലയിൽ ഉന്നയിക്കപ്പെടുന്നത്‌. പക്ഷേ, ഇതിന്റെ ഭാഗമായി ഇവിടെ പ്രധാനമായും ഉണ്ടായി വരുന്നത്, ഒരു സ്ത്രീപക്ഷ വ്യവഹാരമല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. പകരം, സ്ത്രീ പ്രവേശനം എന്നതിനെ ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന അയിത്താചാരങ്ങളുമായി ബന്ധപ്പെടുത്തിയാണു മിക്കവാറുമെല്ലാവരും ഇന്നു സംസാരിക്കുന്നത്‌. ഹാജി അലി പോലെയുള്ള മുസ്‌ലിം ദർഗകളിലെ സ്ത്രീ പ്രവേശനം ഈ തരത്തിലല്ല ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് എന്നിവിടെ ഓർക്കുക. ഇസ്‌ലാമിനെ കയ്യടക്കി വെച്ചിരിക്കുന്ന ആൺ അധികാരത്തിനെതിരെയുള്ള ഒരു ഫെമിനിസ്റ്റ് പക്ഷമാണു സാകിയ സോമനും മറ്റും ഈ കാര്യത്തിൽ പ്രധാനമായും മുന്നോട്ടു വെച്ചത്. ഇവിടെ ആചാരങ്ങളെ കുറിച്ചുള്ള ഒരു സംവാദത്തിനു പകരം, മുസ്‌ലിം സമുദായത്തിന്റെ ആണ്‍കോയ്മയാണ് എടുത്തു കാണിക്കപ്പെട്ടത്‌; അതിനടിയിൽ അടിച്ചമർത്തപ്പെട്ടു കിടക്കുന്ന മുസ്‌ലിം സ്ത്രീയും.

എന്നാൽ, ആണ്‍കോയ്മ, ബ്രാഹ്മണിസം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഫൂലെ, പെരിയാർ, അംബേഡ്കർ, താരാബായ് ഷിൻഡെ, പണ്ഡിറ്റ് രമാബായി എന്നിങ്ങനെ നിരവധി ചിന്തകരും ഇപ്പോൾ എഴുതുന്ന നിരവധി ദലിത് ബഹുജന ആദിവാസി സ്ത്രീകളും ചൂണ്ടികാട്ടിയിട്ടുള്ളതു പോലെ, ബ്രാഹ്മണ ഹിന്ദു വ്യവസ്ഥയുടെ ലിംഗവ്യവസ്ഥയെ പറ്റി അധികമാരും ഇന്നു സംസാരിക്കുന്നില്ല. പകരം, അയിത്തം, ആർത്തവാചാരങ്ങളിലെ ശുദ്ധി-അശുദ്ധി എന്ന പ്രശ്നം എന്നിവയെ കുറിച്ചു വളരെ ഉപരിപ്ലവമായി പറഞ്ഞു കൊണ്ട്, ഇന്നും പഴഞ്ചൻ ആചാരങ്ങളെ മാറ്റാൻ തയ്യാറാവാത്ത ഒരു തീവ്ര ഹിന്ദുപക്ഷത്തിന്റെ അനാചാരങ്ങൾക്കു വിധേയയായ സ്ത്രീയെ കുറിച്ചാണ് ഇവിടെ എല്ലാവരും സംസാരിക്കുന്നത്. അതായത്, ഇസ്‌ലാമിലെ അടിച്ചമർത്തപെട്ട സ്ത്രീ എന്നതു പോലെ, ജാതി വ്യവസ്ഥ അടിച്ചമർത്തുന്ന ഹിന്ദു സ്ത്രീ എന്ന വിശകലനം ഇവിടെ സാധ്യമാകുന്നില്ല.

അജിത്കുമാർ എ.എസ്

വാസ്തവത്തിൽ, ആചാരം-പരിഷ്‌കാരം എന്ന രീതിയിലാണ് ഇപ്പോൾ ഇവിടെ പ്രധാനപ്പെട്ട എല്ലാ സംഭാഷണങ്ങളും നടക്കുന്നത് എന്നതു തന്നെയാണ് ഇന്നു ശബരിമലയെ കുറിച്ചുള്ള സംഭാഷണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വസ്തുത. ജാതി ആചാരങ്ങൾ എന്നതു കീഴാളരെയും കീഴാള സ്ത്രീകളെയും അടിച്ചമർത്തയതിനെ കുറിച്ചും നവോഥാനത്തിലൂടെ കടന്നു പോയ ഒരു കേരളം ഇന്നു പിറകോട്ടു പോകുന്നതിനെ കുറിച്ചും അയിത്തം, ജാതി എന്നതിനെ ശക്തമായി ചെറുത്തു കൊണ്ടു ഭരണഘടനയിലൂടെ സ്വാതന്ത്ര്യം നേടിയ ഒരു സമൂഹത്തെ തീവ്ര ഹിന്ദു ചിന്തകൾ പിറകോട്ടു കൊണ്ടു പോകുന്നതിനെ കുറിച്ചുമുള്ള ചർച്ചകളാണ് ഇന്ന് ഏറ്റവും ജനശ്രദ്ധ നേടുന്നത്. ഇങ്ങനെ ഒരു നവോഥാന നൊസ്റ്റാൾജിയ ഉയരുമ്പോൾ, എ.എസ്‌ അജിത്കുമാർ “Who is ‘The People’?: ഭരണഘടനാ ദേശീയവാദവും നവോഥാന മഹാത്മ്യവും” എന്ന ലേഖനത്തിൽ പറയുന്നതു പോലെ, നിരവധി തരത്തിലുള്ള പ്രശ്നകരമായ ദ്വന്ദങ്ങളാണ് ഇവിടെ ഉണ്ടായി വരുന്നത്.

മാത്രമല്ല, ഇങ്ങനെ ഒരു പരിഷ്കരണ പാതയിലൂടെ മുന്നോട്ടു പോയ കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, പഴഞ്ചൻ ആചാരങ്ങളെ കൂട്ടു പിടിച്ചു കൊണ്ട് ഭരണഘടനക്കെതിനെതിരെ സംസാരിക്കുന്ന തീവ്ര ഹിന്ദു ശക്തികളാണ് എന്ന വാദവും ഇപ്പോൾ ഉയര്‍ന്നു വരുന്നു. ഇതിന്റെ ഭാഗമായി, ഇന്നു വരെ കേരളത്തിന്റെ സമകാലികതയെ ഏറ്റവും അധികം വിമർശിച്ചിരുന്നു സണ്ണി കപ്പികാടിനെ പോലെയുളള പല കീഴാള ചിന്തകരും പെട്ടെന്ന് കേരളത്തിന്റെ നവോഥാന നേട്ടങ്ങളെ രക്ഷിക്കാൻ ബദ്ധപ്പെടുന്നതും കേരള നവോഥാനത്തിന്റെ ശത്രുക്കളായി തീവ്ര ഹൈന്ദവ ശക്തികളെ മാത്രം രേഖപ്പെടുത്തുന്നതുമാണു നാം കാണുന്നത്. അതുപോലെ, ഇങ്ങനെയൊരു ശത്രുപക്ഷത്തിനെതിരെ പോരാടാൻ വേണ്ടി പല ദലിത് ബഹുജൻ സമുദായ നേതാക്കൻമാരും, കേരളത്തിൽ ഇന്ന് ഏറ്റവും അധികം അധികാരമാളുന്ന, കേരളത്തിന്റെ ജാതി-ഹിന്ദു ആധുനികതയെ നിർമിക്കുകയും ഇന്നും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിനൊപ്പം ചേർന്നു നിൽക്കുകയും ചെയ്യുന്ന കാഴ്ചയും നമുക്കു കാണാൻ കഴിയുന്നു. ഇതു കൊണ്ടെല്ലാം തന്നെ, ഇടതുപക്ഷത്തിനു എളുപ്പത്തിൽ സ്വാംശീകരിക്കാവുന്ന രീതിയിൽ, നവോഥാനത്തെ കുറിച്ചുള്ള ഗൃഹാതുരത്വം ഉയർത്തുന്ന, ജാതിയെ കുറിച്ചുള്ള ഒരു വ്യവഹാരമായി, ശബരിമലയിലെ യുവതി പ്രവേശനം മാറിയതിനെ കുറിച്ചു കൂടുതൽ ചിന്തിക്കുന്നതു പ്രധാനമാണ്.

പരിഷ്കരണ പാതയിലൂടെ മുന്നോട്ടു പോയ കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, പഴഞ്ചൻ ആചാരങ്ങളെ കൂട്ടു പിടിച്ചു കൊണ്ട് ഭരണഘടനക്കെതിരെ സംസാരിക്കുന്ന തീവ്ര ഹിന്ദു ശക്തികളാണ് എന്ന വാദവും ഇപ്പോൾ ഉയര്‍ന്നു വരുന്നു. ഇതിന്റെ ഭാഗമായി, ഇന്നു വരെ കേരളത്തിന്റെ സമകാലികതയെ ഏറ്റവും അധികം വിമർശിച്ചിരുന്നു സണ്ണി കപ്പികാടിനെ പോലെയുളള പല കീഴാള ചിന്തകരും പെട്ടെന്ന് കേരളത്തിന്റെ നവോഥാന നേട്ടങ്ങളെ രക്ഷിക്കാൻ ബദ്ധപ്പെടുന്നതും കേരള നവോഥാനത്തിന്റെ ശത്രുക്കളായി തീവ്ര ഹൈന്ദവ ശക്തികളെ മാത്രം രേഖപ്പെടുത്തുന്നതുമാണു നാം കാണുന്നത്.

വാസ്തവത്തിൽ, ശബരിമല വിഷയത്തിൽ ഇത്രമാത്രം പ്രധാനപ്പെട്ട ഒരു കീഴ്ജാതി വ്യവഹാരം സാധ്യമാവുന്നത്, ഇന്നും കീഴ്ജാതികൾ “ഹിന്ദു പരിഷ്കരണം” എന്ന ആധുനിക ജാതി വ്യവഹാരത്തിനുള്ളിൽ ഉൾപ്പെട്ടു (embedded ) നിൽക്കുന്നതു കൊണ്ടാണ് എന്നു തോന്നുന്നു . ഇതു മനസ്സിലാക്കാൻ ഹിന്ദു പരിഷ്കരണം എന്നത് ഇന്ത്യൻ/കേരള ആധുനികതയിൽ സാധ്യമായി തീർന്ന രീതികളെ കുറിച്ചും അതിനോടു കീഴ്ജാതികൾ പ്രതികരിച്ചതിനെ കുറിച്ചും ആലോചിക്കുന്നതു പ്രധാനമാണ്.

ഇന്ത്യൻ സാഹചര്യത്തിൽ, ‘മതം’ എന്ന പരികല്‍പന അടയാളപ്പെടുത്തിയതു ന്യൂനപക്ഷ മതങ്ങളെ മാത്രമാണ്. അതുകൊണ്ടു തന്നെ ഹിന്ദു പരിഷ്കരണം എന്നത് ഒരു “സാമൂഹിക പരിഷ്കരണം” എന്ന നിലയിലാണു മനസ്സിലാക്കപ്പെട്ടത്‌. ഉദാഹരണത്തിനു, ക്ഷേത്ര പ്രവേശനം എന്നതിനെ നാം ഹിന്ദു മത പരിഷ്കരണത്തിന്റെ ഭാഗമായി കീഴ്ജാതി ഹിന്ദുക്കൾക്കു ക്ഷേത്രങ്ങൾ തുറന്നു കൊടുത്തു എന്ന രീതിയിലല്ല കാണുന്നത്. പകരം, കേരള നവോഥാനത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഭാഗമായാണ് ഇതിനെ നാം സ്ഥാനപ്പെടുത്തുന്നത്. ഇതുകൊണ്ടു തന്നെ, ഇന്ത്യൻ/കേരള ആധുനികതയും ഇതിന്റെ ഭാഗമായി വന്ന പ്രാ/ദേശീയതയുമെല്ലാം ഇങ്ങനെയൊരു ഹിന്ദു പരിഷ്കരണ യുക്തിയുമായി ആഴത്തിൽ ബന്ധപ്പെട്ടു കൊണ്ടാണു മുന്നോട്ടു വന്നത്.

അതായത്, ക്ഷേത്രത്തിനുള്ളിൽ കയറാൻ അനുമതിയില്ലാത്ത സമുദായങ്ങൾ എന്ന നിലയിൽ, എന്തിനാണ് ഇവിടെ കയറുന്നതു എന്ന ചോദ്യം നമുക്കുയർത്താൻ കഴിഞ്ഞില്ല/കഴിയുന്നില്ല. അതുകൊണ്ടു തന്നെ, മത പരിവർത്തനത്തിന്റെ വക്കിൽ നിന്നും പിടിച്ചു കയറ്റി, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഒരു കീഴ്ജാതി സമുദായത്തെ (ഈഴവരെ), ക്ഷേത്ര പ്രവേശന വിളംബരവും ഗുരുവായൂർ സത്യാഗ്രഹവും എന്തിനു വൈക്കം സത്യാഗ്രഹം പോലും ഹിന്ദുക്കളായി സ്ഥാനപ്പെടുത്തിയപ്പോൾ, മേൽ ജാതികൾക്കൊപ്പം നമ്മളും ഇതിനെ കേരളത്തിന്റെ തന്നെ നവോഥാനമായാണു കണ്ടത്. അങ്ങനെ, ജാതിക്കെതിരെയുള്ള വ്യവഹാരങ്ങൾ പോലും കേരളത്തിനെ ‘ഹിന്ദു’വായി സ്ഥാനപ്പെടുത്തുന്നതിന്റെ ഭാഗമായി തീർന്നു. ഇതിനെ ചോദ്യം ചെയ്യാതെ ഇവിടെ ഉയർന്നു വന്ന എല്ലാ രാഷ്ട്രീയങ്ങളും ഇതിനെ തന്നെ വിപുലപ്പെടുത്തി കൊണ്ടിരുന്നു. ഇത്, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും സവർണ സെക്കുലർ പദ്ധതികളുടെയും പ്രധാനപ്പെട്ട ഭാഗമായി തീർന്നു.

അതു പോലെ, ഹിന്ദു മതത്തിന്റെ അധീശതയിൽ നിന്നു മാറി, നിലവിലുള്ള അഹിന്ദുവായ ഒരു വിശ്വാസ പാരമ്പര്യത്തെയും സമ്പ്രദായങ്ങളെയും കാത്തുസൂക്ഷിക്കാനോ, രാഷ്ട്രീയപരമായി അത്തരത്തിൽ നീങ്ങാനോ നമുക്കു കഴിഞ്ഞിട്ടില്ല. അംബേഡ്കർ ഊന്നി പറഞ്ഞ മതപരിവർത്തനം എന്ന പദ്ധതിയും വളരെ ചുരുക്കം കീഴാളരിലേക്കു മാത്രമാണു പടർന്നത്. എന്നാൽ ബുദ്ധൻ ഒരു ഹിന്ദു അവതാരമായി മാറിയതു പോലെ തന്നെ, ഭരണഘടനയും ബുദ്ധമതത്തെ ‘ഹിന്ദു’ എന്ന പരികല്‍പനയ്ക്കുള്ളിലാണു നിലനിർത്തിയിരിക്കുന്നത്.

സണ്ണി എം. കപ്പിക്കാട്

വാസ്തവത്തിൽ, കേരളത്തിൽ ആധുനിക ഹിന്ദു വ്യവഹാരങ്ങളോടു മല്ലിട്ടു കൊണ്ടല്ല ഒരു കീഴ്ജാതി രാഷ്ട്രീയ ധാരയും സ്വയം കണ്ടെത്തിയത്. പകരം, വൻ സമൂഹങ്ങൾ ഹിന്ദു മതത്തിനോട് അടുക്കുന്ന ഒരു പ്രക്രിയയാണ് ഇവിടെ നടന്നത്. ഇങ്ങനെയൊരു നീക്കം തങ്ങളുടെ തന്നെ സാമൂഹിക അധികാരത്തിന്റെ ഭാഗമായി കണ്ടു തുടങ്ങിയ കീഴാളർക്കും ഇതു തന്നെയാണു വേണ്ടിയിരുന്നത്. ഇതിനു ഇടതുപക്ഷ രാഷ്ട്രീയവും കീഴ്ജാതി രാഷ്ട്രീയവും ഒന്നും തടസ്സമായിരുന്നില്ല. ഒരു കാലത്തു ‘ഞങ്ങൾ ഹിന്ദുക്കളല്ല’ എന്നു സമര്‍ഥിച്ചിരുന്ന ഈഴവ സാമുദായിക വ്യവഹാരങ്ങളും പിന്നീട് എങ്ങനെ ‘ഹിന്ദു’ എന്നതിനെ കൃത്യമായി ന്യൂനപക്ഷത്തിന് എതിരെ നിലനിർത്താം എന്നതിനെ കുറിച്ചാണു വ്യഗ്രതപ്പെട്ടത്. കീഴ്ജാതി ലിബറൽ ഭാഗങ്ങൾ, ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ ഹിന്ദു സെക്കുലർ ഭാഷയിലധിഷ്ഠിതമായി നിന്നു കൊണ്ട്, മതത്തെ കുറിച്ചു പുലർത്തിയ നിശബ്ദതയും ഇങ്ങനെ ഒരു ഹിന്ദു യുക്തിയെ ചോദ്യം ചെയ്യാതെ നിലനിർത്താൻ സഹായിക്കുകയായിരുന്നു.

അതുപോലെ, ഇന്ത്യൻ ഭരണഘടനയും “ഹിന്ദു പരിഷ്കരണം” എന്നതിനെ ഒരു “സാമൂഹിക പരിഷ്കരണം” എന്ന തരത്തിൽ ഏറ്റെടുക്കുന്ന രീതിയിലേക്കാണു നീങ്ങിയത്. അങ്ങനെ, ഹിന്ദു ക്ഷേത്രങ്ങളെ കീഴാളർക്കു തുറന്നു കൊടുക്കുക എന്നത് ഇന്ത്യൻ ഭരണക്കൂടത്തിന്റെ തന്നെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി തീർന്നു. ഏതു മതവും പിന്തുടരാനുള്ള സ്വാതന്ത്ര്യം നൽകുന്ന ആര്‍ട്ടിക്കിള്‍ 25’ന്‍റെ സെക്ഷൻ 2 ബി ii പറയുന്നത് “പൊതു സ്വഭാവമുള്ള ഹിന്ദു മത സ്ഥാപനങ്ങളെ, എല്ലാ വര്‍ഗങ്ങളിലും വിഭാഗങ്ങളിലും പെട്ട ഹിന്ദുക്കൾക്ക്” തുറന്നു കൊടുക്കണമെന്നാണ് (throwing open of Hindu religious institutions of a public character to all classes and sections of Hindus, ആർട്ടിക്കിൾ 25 , 2 b )

ഇതു കൊണ്ടെല്ലാം തന്നെ, ഹിന്ദു പരിഷ്കരണത്തെ സമൂഹത്തിന്റെ തന്നെ ജനാധിപത്യവത്കരണമായി കാണുന്നത്‌ എന്തിനാണ് എന്ന ചോദ്യം നമുക്ക് ഇന്നും ചോദിക്കാൻ കഴിയുന്നില്ല. പകരം, ശബരിമലയിലെ വിവാദത്തിൽ കണ്ടതു പോലെ, ഹിന്ദു ആചാരം-വിശ്വാസം എന്ന സംഗതികളെ ജനാധിപത്യപരമായ ഒരു സമൂഹത്തിനു വേണ്ടി പരിഷ്കരിക്കണം എന്ന രീതിയിൽ വീക്ഷിച്ചു കൊണ്ട്, ഇങ്ങനെ ഒരു പ്രക്രിയയുടെ ആന്തരിക ഭാഗമായി സംസാരിക്കാൻ മാത്രമാണു നമുക്ക് ഇപ്പോൾ കഴിയുന്നത്. ഇതിലൂടെ ജാതിക്കെതിരെയുള്ള സമരങ്ങളെ പോലും ഹിന്ദു മത പരിഷ്കരണത്തിന്റെ ഉപവിഭാഗമായി ചുരുക്കുന്ന ഒരു കാഴ്ചപ്പാടാണ് ഇവിടെ ഉണ്ടായി വരുന്നത്.

വാസ്തവത്തിൽ, ജാതിക്കെതിരെയുള്ള സമരങ്ങൾ ഇന്ത്യൻ സാമൂഹിക ഭൂപടത്തെ മാറ്റിയെഴുതുമ്പോൾ, ഇതിനെ ചെറുത്തു നിൽക്കാൻ, ഇതേ പരിഷ്‌കാരങ്ങൾ സ്വയവത്താക്കി കൊണ്ട്, അല്ലെങ്കിൽ ഇതിൽ ഇടപെട്ടു കൊണ്ട് , ബ്രാഹ്മണ്യ വ്യവസ്ഥ ആധുനികതയ്ക്കു വളരെ പ്രധാനമായ “മതം” എന്ന പരികല്പനയ്ക്കുള്ളിൽ സ്വയം വീണ്ടെടുക്കുമ്പോഴാണു “ഹിന്ദു മതം” എന്ന പരികല്പന പ്രവർത്തനക്ഷമമാവുന്നത്‌. ഇതാണു ദേശീയതയുടെ വ്യവഹാരങ്ങളിലൂടെ ഒരു സെക്കുലർ പ്രത്യയശാസ്ത്രമായി വളരുന്നതും, മറ്റു മതങ്ങളെ മതങ്ങളായി അടയാളപ്പെടുത്തുമ്പോൾ തന്നെ സ്വയം “ഇന്ത്യ” “കേരളം” “സമൂഹം” എന്നിങ്ങനെ സ്ഥാനപ്പെടുത്തുന്നതും.

ഇതു തന്നെയാണു Kerala Hindu Places of Public Worship (Authorisation of Entry) Rules,1965-ലും, അതു പോലെ തന്നെ ആർട്ടിക്കിൾ 25 ബി ii -ലും പ്രതിഫലിക്കുന്നത്. ഇവിടെ ഹിന്ദു മതത്തിന് അവർക്ക് ഇഷ്ടമുള്ളവരെ കടത്താം എന്ന ചിന്ത ( ഇന്നു പല അമ്പലങ്ങളിലും “അഹിന്ദുക്കൾക്കു പ്രവേശനമില്ല “എന്ന് എഴുതി വെയ്ക്കുന്നതു പോലെ) ഭരണഘടനാ ശില്പികൾക്കു സാധ്യമാകുന്നില്ല. വാസ്തവത്തിൽ നമ്മുടെ ആധുനിക യുക്തിക്കു തന്നെ പുറമെ നിൽക്കുന്ന, യാതൊരു സാധുതയുമില്ലാത്ത ഒരു ആശയമാണിത്. അതു കൊണ്ടു തന്നെ, ക്ഷേത്ര പ്രവേശനം കീഴാളർക്കു വേണ്ട എന്നു പറഞ്ഞ, ഒരു ക്ഷേത്രപ്രവേശന സമരം പകുതി വഴിക്കു ഉപേക്ഷിച്ചു പോയ അംബേഡ്കറിനും ഈ (അ)യുക്തിയെ ഭരണഘടനയുടെ ഭാഗമാക്കാൻ കഴിയുന്നില്ല. കാരണം, ഹിന്ദു മതത്തിന്റെ പരിഷ്കരണം എന്നതു തന്നെ അപ്പോഴേക്കും ഇന്ത്യൻ ദേശീയതയുടെയും ആധുനികതയുടെയും ലിബറൽ സെക്കുലർ വാദങ്ങളുടെയും ആന്തരിക ഭാഗമായി കഴിഞ്ഞിരുന്നു; കീഴ്ജാതികൾ ഹിന്ദുക്കളും.

അതു കൊണ്ടാണ് ഇന്നു സ്ത്രീകൾ ശബരിമലയിൽ കയറുന്നതിനെ കുറിച്ചുള്ള സ്ത്രീ സമത്വത്തിന്റെ പ്രശ്നം ഇത്രമാത്രം ജാതിക്കെതിരെയുള്ള വ്യവഹാരത്തിന്റെ ഭാഷ കടമെടുക്കുന്നത്. സ്ത്രീകൾ ശബരിമല കയറിയാൽ ബ്രാഹ്മണ്യം തകരും എന്നും ജനാധിപത്യവും നവോഥാന മൂല്യങ്ങളും തിരിച്ചു വരും എന്നും കീഴാള പക്ഷങ്ങൾ ഇടതുപക്ഷ പുരോഗമനവാദത്തിനൊപ്പം നിന്നു കൊണ്ടു സമര്‍ഥിക്കുമ്പോൾ, ഇവിടെ ഒന്നു കൂടി ഹിന്ദു പരിഷ്കരണം എന്നത് ഇന്ത്യൻ ആധുനികതയുടെ ഉത്തമ ലക്ഷണമായി പുനരുത്പാദിപ്പിക്കപ്പെടുന്ന കാഴ്ചയാണു നാം കാണുന്നത്.

ഇങ്ങനെ നോക്കുമ്പോൾ, ശബരിമലയിലെ പരിഷ്കരണത്തെ പിന്തുണയ്ക്കുന്നവരും അതിനെ എതിർക്കുന്നവരും വാസ്തവത്തിൽ തമ്മിൽ തല്ലുന്നത്, മതം-സ്ത്രീ എന്ന പ്രശ്നത്തെ കുറിച്ചല്ല, പകരം, ഏതാണു ശരിയായ ആചാരം, പരിഷ്കരിച്ചതോ പരിഷ്കരിക്കാത്തതോ എന്നതിനെ കുറിച്ചാണ് എന്നു പറയാവുന്നതാണ്. ഇങ്ങനെ ഒരു സംഭാഷണം തീർച്ചയായും “ആരാണ് ഹിന്ദു?” എന്നതിനെയാണു നിർവചിക്കാൻ ശ്രമിക്കുന്നത്. അയ്യപ്പനെ നൈഷ്ഠിക ബ്രഹ്മചാരിയായി കാണുന്ന, സ്ത്രീകൾ അയ്യപ്പനു മുന്നിൽ വരരുത് എന്നു വിചാരിക്കുന്ന ഒരു തീവ്ര ഹിന്ദു പക്ഷമോ, അല്ലെങ്കിൽ ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്, ശബരിമല ഒരു പൊതുവിടമാണ്, അവിടെ സ്ത്രീകൾക്കും കടന്നു ചെല്ലാം, ഭരണഘടന ഇതിന് അധികാരം തരുന്നുണ്ട് എന്നു പറയുന്ന പുരോഗമനപരമായ ഒരു ഹിന്ദു സ്ത്രീപക്ഷമോ? തീർത്തും ഹിംസാത്മകമായ ഒരു രീതിയിൽ സ്ത്രീകളെ മല കയറാൻ സമ്മതിക്കാത്തവരും, അവിടെ ധൈര്യപൂർവം കയറിച്ചെന്നു കൊണ്ട് ഇതിനെ തിരുത്താൻ ശ്രമിക്കുന്നവരും ഈ രണ്ടിലൊരു പക്ഷത്തെ സ്ഥാപിക്കാനാണു പ്രവർത്തിക്കുന്നത്. ഇങ്ങനെ ഒരു പ്രക്രിയയുടെ ഭാഗമാകാൻ കീഴാള ചിന്തകർക്കും ആക്ടിവിസ്റ്റുകൾക്കും സമുദായ നേതൃത്വങ്ങൾക്കും ഇത്ര എളുപ്പത്തിൽ എങ്ങനെ സാധ്യമാകുന്നു എന്നതല്ല ഇവിടെ പ്രശ്നം, ഇതിന്റെ ഭാഗമാകാതിരിക്കാൻ നമുക്കു കഴിയുമോ എന്നതാണ്.

വാസ്തവത്തിൽ, ഇന്ത്യൻ കോടതികളും ഇങ്ങനെ ഒരു ദേശിയ/ഹിന്ദു അജണ്ട തന്നെയാണ് ഏറ്റെടുത്തിട്ടുള്ളത് എന്നതു നമ്മൾ കാണാതിരിക്കരുത്. എല്ലാ മതങ്ങളെയും നിയന്ത്രിച്ചു നിർത്തുക എന്നത് എല്ലാ ലിബറൽ സെക്കുലർ ഭരണകൂടങ്ങളുടെയും പ്രശ്നമായി മാറുമ്പോൾ, ഇന്ത്യൻ സാഹചര്യത്തിൽ ഇതു ഹിന്ദു മതം എന്താണ് എന്നു നിരന്തരം നിർവചിക്കുന്ന ഒരു രീതിയിലേക്കും നീങ്ങുന്നു എന്നതാണു വാസ്തവം. ഇന്ത്യൻ കോടതികൾ ലോകത്തു മറ്റെങ്ങുമില്ലാത്ത തരത്തിൽ ഹിന്ദു മതത്തിന്റെ രീതികളിൽ ഇടപെടുന്നതു കണ്ടു ആശ്ചര്യപ്പെട്ടു Marc Galanter ചോദിക്കുന്നത് “ഇന്ത്യൻ ഭരണഘടന, കോടതികൾക്കു ഹിന്ദുവിസത്തെ നിർവചിക്കാനുള്ള അധികാരം നൽകിയിട്ടുണ്ടോ” എന്നാണ്‌. നിരവധി പഠനങ്ങൾ കാണിക്കുന്നതു പോലെ, എന്താണു യഥാർഥ ഹിന്ദു മതം എന്നും ഏതൊക്കെ ആരാധനാലയങ്ങളും ആചാരങ്ങളുമാണു ഹിന്ദു മതത്തിനു കീഴെ വരേണ്ടതെന്നുമുള്ള ചോദ്യമാണ് ഇന്ത്യൻ കോടതികൾക്കു നിരന്തരം പ്രധാനമാകുന്നത്. “The Indian Supreme Court and the quest for a ‘rational’ Hinduism” എന്ന തന്റെ ലേഖനത്തിൽ റോണോജോയ് സെൻ (Ronojoy Sen) വാദിക്കുന്നതു പോലെ, ഹിന്ദു മതത്തെ പരിഷ്കരിക്കുക എന്നു മാത്രമല്ല, മാതൃകാപരമായ (നോർമാറ്റിവ്) ഹിന്ദു മത വ്യവഹാരത്തിനുള്ളിൽ എല്ലാ ജനകീയ “ഹിന്ദു” വിശ്വാസങ്ങളെയും കൊണ്ടുവരുക എന്നതും ഇന്ത്യൻ ന്യായവ്യവസ്ഥയുടെ ഭാഗമായി തീർന്നിരിക്കുന്നു. ഇങ്ങനെ ഹിന്ദു മതത്തെ നിർവചിക്കുന്ന മതപരമായ ഒരു പ്രവൃത്തി കോടതിക്ക് ഏറ്റെടുക്കാൻ കഴിയുന്നത്, മേലെ കാണിച്ചതു പോലെ, ഹിന്ദു മത പരിഷ്കരണം ഇന്ത്യൻ ആധുനിക സെക്കുലർ വ്യവസ്ഥയുമായി ഇത്ര ആഴത്തിൽ ഇഴചേർന്നു കിടക്കുന്നതു കൊണ്ടാണ്. ഇതേ തരത്തിലൊരു നിർവചനം മുസ്‌ലിം മതത്തെ കുറിച്ചാകുമ്പോൾ, അതു മതം-ഭരണഘടന എന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കു വഴിവെക്കുന്നു. എന്നാൽ ഹിന്ദു മതത്തിൽ കോടതി ഇടപെടുന്നതു തീർത്തും സെക്കുലറായ, ആവശ്യകമായ ഒരു സംഗതിയായി കാണപ്പെടുന്നു. ഈ വിധി തന്നെ പ്രധാനമായും സ്ത്രീകളുടെ മൗലികാവകാശങ്ങളെ (fundamental rights) കുറിച്ചാണു സംസാരിക്കുന്നതെങ്കിലും, ഇവിടെയും കോടതി ഹിന്ദു മതത്തിനുള്ളിൽ എന്താണു യഥാർഥ റിലീജിയസ് പ്രാക്ടീസ് എന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്വം തന്നെയാണ് ഏറ്റെടുക്കുന്നത്. ചുരുക്കി പറഞ്ഞാൽ, ഹിന്ദു പരിഷ്കരണ പ്രത്യശാസ്ത്രത്തിനുള്ളിൽ നിന്നു കൊണ്ട് ‘എന്താണു ശരിയായ ഹിന്ദു ആചാരം,’ ‘അഥവാ ആരാണു ഹിന്ദു,’ അല്ലെങ്കിൽ നമ്മൾ എങ്ങനെയാണു ഹിന്ദുക്കളാകാൻ തയാറാവുക എന്നതിനെ കുറിച്ചാണ് ഇന്നു നടക്കുന്ന സംവാദങ്ങൾ എന്നു പറയാവുന്നതാണ്. ഇതിന്റെ നേതൃത്വ സ്ഥാനം ഏറ്റെടുക്കുന്ന കീഴാള സമുദായ സംഘടനകളും ചിന്തകരും ഇങ്ങനെയൊരു ജാതി ഹിന്ദു പരിഷ്കരണത്തെ ഒരു സെക്കുലർ പരികല്പനയായി (സാമൂഹിക പരിഷ്കരണമായി) സ്ഥാനപ്പെടുത്തി കൊണ്ടാണ് ഇതിൽ ഇടപെടുന്നതു.

അതുപോലെ, ശബരിമല ഹിന്ദു ക്ഷേത്രമല്ല, അതു ബ്രാഹ്‌മണിക ശക്തികൾ പിടിച്ചടക്കിയതാണ്, അതിന്റെ അധികാരം ഇനി കീഴാളർക്കു തിരിച്ചു കിട്ടണം എന്നു കീഴാള ഭാഗത്തു നിന്നു വാദങ്ങൾ ഉയരുമ്പോഴും, ഇത് ഉന്നയിക്കപ്പെടുന്നതു ഹിന്ദു മതത്തിൽ നിന്നുമുള്ള പരിവർത്തനം എന്ന രീതിയിലല്ല എന്നതും ഇവിടെ ശ്രദ്ധേയമാണ്. പകരം, കാഞ്ച ഐലയ്യ ഒക്കെ ഉന്നയിക്കുന്നതു പോലെ, ബ്രാഹ്മണിക സംസ്ക്കാരത്തിനു പുറത്തു, അവരുടെ കോളനിവത്കരണത്തിനു അടിമപ്പെട്ട സംസ്കാരങ്ങളുടെ തദ്ദേശ (indigenous) ദൈവങ്ങൾ എന്ന സങ്കല്‍പത്തിനുള്ളിൽ നിന്നാണ് ഇങ്ങനെ ഒരു ആവശ്യം ഉണ്ടാകുന്നത്. എന്നാൽ കോളനിവത്കരണത്തിനു മുന്നേയുള്ള ജീവിത ലോകങ്ങളെയും സംസ്കാരങ്ങളെയും തിരിച്ചു പിടിക്കുക എന്ന ആശയം പോലെ തന്നെ, ജാതി ഹിന്ദു കൊളോണിയൽ പ്രക്രിയക്കു പുറത്തു നിന്ന് ഇത്തരം സംസ്കാരങ്ങളെ ഇന്നു കണ്ടെത്തുക എന്നതു ശബരിമലയുടെ കാര്യത്തിലെങ്കിലും ഹൈന്ദവവത്കരിക്കപ്പെട്ട ഒരു കീഴാള സ്ഥാനത്തെ കീഴാളർക്കു കൈമാറുക എന്നതിനപ്പുറം പോകാൻ സാധ്യമല്ല.

ക്ഷേത്രങ്ങളെ ബ്രാഹ്മണാധികാരത്തിൽ നിന്നു മോചിപ്പിക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയപരമായ അവകാശവാദമായി കാണാവുമ്പോൾ തന്നെ, ഇവിടെ ഉയർന്നു വരുന്ന ചോദ്യം, ഇങ്ങനെ ഒരു മാറ്റം സാധ്യമാണോ എന്നും ഇങ്ങനെയൊരു അധികാര മാറ്റത്തിലൂടെ ക്ഷേത്രങ്ങളുടെ ഇന്നു നിലവിലുള്ള ബ്രാഹ്‌മണിക സ്വഭാവം മാറുമോ എന്നും മാത്രമല്ല, ഇടതുപക്ഷമുൾപ്പടെയുള്ള നിരവധി ‘സെക്കുലർ’ രാഷ്ട്രീയ-സാമുദായിക സംഘടനകള്‍ക്ക് അധികാരമുള്ള കേരളത്തിലെ ക്ഷേത്രകമ്മിറ്റികൾ ബ്രാഹ്മണാധിപത്യത്തിന്റെ ഭാഗമാണോ എന്നതാണ്? മാത്രമല്ല, ബ്രാഹ്മണാധിപത്യത്തിന്റെ ഭാഗമായ ക്ഷേത്രങ്ങളിൽ പോകുന്ന കീഴ്ജാതികൾ, ക്ഷേത്രങ്ങളെ കീഴാളർ ഏറ്റെടുത്താൽ പിന്നെ, പുതിയൊരു മതത്തിലേക്കു പരിവർത്തനപ്പെടും എന്നാണോ നമ്മളിവിടെ പറയുന്നത്? അതോ, ഇത്തരം വിപ്ലവകരമായ ആശയങ്ങൾ പോലും ക്ഷേത്രങ്ങളെ പരിഷ്കരിക്കുന്ന, അല്ലെങ്കിൽ ഹിന്ദു പരിഷ്കരണ വ്യവഹാരങ്ങൾക്കുള്ളിലാണോ കുടുങ്ങി കിടക്കുന്നത്?

ഇവിടെ ചിന്തിക്കേണ്ട മറ്റൊരു വിഷയമിതാണ്: സുപ്രീം കോർട്ട് വിധിയെ പിന്തുണയ്ക്കുന്നവർ പലരും വീണ്ടും വീണ്ടും പറയുന്നതു തീവ്ര ഹിന്ദു വിഭാഗം കോടതി വിധി മാനിക്കുന്നില്ലെന്നും, അവർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നുമാണ്. എന്നാൽ കോടതി വിധിയെ മാനിക്കാൻ തയ്യാറല്ലാത്ത, അക്രമാസക്തമായ ഈ വിഭാഗം, രാഹുൽ ഈശ്വറിനെ പോലെയുള്ള തങ്ങളുടെ ബ്രാഹ്മണ പ്രതിനിധികളിലൂടെ പറയാൻ ശ്രമിക്കുന്നത് ആർട്ടിക്കിൾ 25 പോലെ ഭരണഘടനയിലധിഷ്ഠിതമായ മതങ്ങൾക്കുള്ള ചില അവകാശങ്ങളെ കുറിച്ചാണ്. മതമെന്ന പരികല്പന അധികമൊന്നും ഉപയോഗിക്കാതെ, ആചാരം, ആചാരലംഘനം എന്ന രീതിയിലാണു തങ്ങളുടെ കാഴ്ചപ്പാടു മുന്നോട്ടു വെയ്ക്കുന്നതെങ്കിലും, ഭരണഘടനയെ ഉദ്ധരിച്ചു കൊണ്ടു തന്നെയാണ് ഇവർ സംസാരിക്കുന്നത്‌. ഇതിനെ കുറിച്ചൊന്നും അധികം ചർച്ച ചെയ്യാതെ, ഭരണഘടന അയിത്താചരണം റദ്ദു ചെയ്തതിനെ കുറിച്ചും സ്ത്രീകളുടെ മൗലികാവകാശങ്ങളെ കുറിച്ചും മാത്രം സംസാരങ്ങൾ നീങ്ങുമ്പോൾ, എത്ര തന്നെ പ്രശ്നകരമാണെങ്കിലും രാഹുൽ ഈശ്വറിനെ പോലെ ഉള്ളവർ ഉയർത്തുന്ന ഭരണഘടനാപരമായ ചില സങ്കീര്‍ണതകളെ നമ്മൾ അവഗണിക്കുകയാണു ചെയ്യുന്നത്. ഇതു തീർച്ചയായും തീവ്ര ഹിന്ദു പക്ഷങ്ങളുടെ ചില അവകാശവാദങ്ങൾ പോലെ തന്നെ അപകടകരമാണ്.

വാസ്തവത്തിൽ, ഭരണഘടനാ സംവാദങ്ങളിൽ തെളിഞ്ഞു വരുന്നതു പോലെ, മതങ്ങളെ കുറിച്ച് ഒന്നും പറയണ്ട, അവർക്കു എന്തെങ്കിലും അധികാരം കൊടുത്താൽ പിന്നെ ഇവിടെ നടക്കുന്നതു വമ്പിച്ച മതംമാറ്റമായിരിക്കും എന്ന തീവ്ര ഹിന്ദു ആകാംക്ഷയെ നിരാകരിച്ചു കൊണ്ടാണ്, ഇന്ത്യ പല മതങ്ങൾക്കും സ്ഥാനമുള്ള ഒരു ദേശമാണെന്നും അതുകൊണ്ടു തന്നെ മതങ്ങൾക്കു ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ കൊടുക്കണമെന്നുമുള്ള കാഴ്ചപ്പാട് ഉണ്ടായി വരുന്നത്. ഇതൊന്നും കാണാതെ, സമത്വത്തിനുള്ള അവകാശം എന്നതിനെ ഊന്നി പറയുന്ന പുരോഗമനപക്ഷങ്ങൾ, ഇതേ ഭരണഘടന തന്നെ മത സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലികാവകാശവും നൽകിയിട്ടുണ്ട് എന്നു കാണാതെ പോകുന്നു. ഇവ തമ്മിൽ ഇടയുന്നതിനെ കുറിച്ചു ചർച്ച ചെയ്യുന്നതിനു പകരം, സമത്വത്തിനുള്ള അവകാശം മാത്രമാണു പ്രധാനമെന്നും ഇതിനെ ചോദ്യം ചെയ്യുന്നവർ ഭരണഘടനയെ മാനിക്കാത്തവരാണ് എന്നും പറയുമ്പോൾ, ഭരണകൂടങ്ങൾ എങ്ങനെയാണു മതങ്ങളുമായി ഇടപെടേണ്ടത് എന്ന സങ്കീർണമായ ചർച്ചയാണു നാം അവഗണിക്കുന്നത്‌. ശബരിമലയിലെ പ്രക്ഷോഭകരുടെ അക്രമങ്ങൾ തന്നെ കാണിക്കുന്നതു പോലെ, ഇങ്ങനെ ഒരു ചർച്ചയോ, ഭരണഘടനയുടെ സംരക്ഷണമോ, സമ്മതമോ ഹിന്ദു വിഭാഗങ്ങൾക്ക് ആവശ്യമല്ലെങ്കിലും, ശബരിമലയെ കുറിച്ചുണ്ടായ സുപ്രീം കോടതി വിധി പാസാക്കിയ ഭരണഘടന ബെഞ്ചിലെ അഞ്ച് അംഗങ്ങളിൽ ഒരാളായ ഇന്ദു മൽഹോത്ര എഴുതിയ dissenting judgement’ൽ പറയുന്നതു പോലെ, ഒരു ബഹുസ്വരമായ സമൂഹത്തിൽ ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ മതപരമായ അനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുന്ന കേസുകൾക്കു പ്രാധാന്യം കൊടുക്കുന്നത്, ഇന്ത്യൻ ഭരണഘടനയുടെ സെക്കുലർ പരിവേഷത്തെ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തിയാണോ എന്നു ചിന്തിക്കുന്നത് അത്യാവശ്യം തന്നെയാണ്.

ചിത്രലേഖ

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാമോ എന്ന ചോദ്യം ഈ പറഞ്ഞതിന്റെയെല്ലാം വെളിച്ചത്തിൽ മാത്രമേ ഉത്തരം അർഹിക്കുന്നുള്ളൂ എന്നു തോന്നുന്നു. അധീശ ഫെമിനിസ്റ്റ് പക്ഷത്തിന്റെ അധികാരത്തിന്റെ ഭാഗമായി ഉയർന്നു വരുന്ന ഈ ചോദ്യത്തിന്, ഈ ലേഖനത്തിൽ കാണിക്കാൻ ശ്രമിച്ചതു പോലെ, എന്തു തന്നെ പറഞ്ഞാലും, ആരാണു യഥാർഥ ഹിന്ദു എന്നതിനപ്പുറം ഒരു ഉത്തരം കണ്ടെത്താൻ കഴിയില്ല എന്നതാണു വസ്തുത. ‘സ്ത്രീ തുല്യത’ എന്ന ഫെമിനിസ്റ്റ് സാധ്യത എന്നതു തന്നെ ലിംഗഭേദത്തിനപ്പുറം നിൽക്കുന്ന നിരവധി ഉച്ചനീചത്വങ്ങളുടെ അസാധ്യതയ്ക്കുള്ളിലാണു നിൽക്കുന്നത് എന്നു പറയപ്പെടുന്നതും ഇതു കൊണ്ടു തന്നെയാണ്.

വാസ്തവത്തിൽ, സ്ത്രീകളുടെ തുല്യാവകാശം എന്നതിനെ എന്തെങ്കിലും തരത്തിൽ പ്രശ്നവത്കരിക്കുന്നത് ഇന്നത്തെ പൊതു മണ്ഡലത്തിനും പുരോഗമനപക്ഷത്തിനും തീർത്തും അസഹിഷ്ണുത ഉയർത്തുന്ന ഒരു വസ്തുതയാണ്. തുല്യത എന്ന ആശയം തന്നെ നിർമിച്ചെടുക്കുന്ന ഉച്ചനീചത്വങ്ങളെ കുറിച്ചും തുല്യത ആഗ്രഹിക്കുന്ന സ്ത്രീകൾ തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചും, “സ്‌ത്രീ” എന്ന ഏകവചനത്തിലൂന്നി തുല്യതയ്ക്കു വേണ്ടി നടത്തുന്ന സമരങ്ങൾ അധീശ സ്ത്രീപക്ഷത്തെ മാത്രം സഹായിക്കുന്നതിനെ കുറിച്ചും, തുല്യത എന്ന പരികല്പന സ്വന്തം സമുദായത്തിൽ നിന്നു പുറമേക്കു കടന്ന് അധീശ അധികാര സ്ഥാനങ്ങളോട് അടുക്കാൻ പറയുമ്പോൾ അങ്ങനെ ഒരു ലിബറൽ ചോയ്സ് സാധ്യമാകാത്ത സ്ത്രീകളെ കുറിച്ചുമെല്ലാം വ്യത്യസ്തമായ സ്ത്രീപക്ഷങ്ങൾ സംസാരിക്കുമ്പോഴും ഇതൊന്നും കണക്കിലെടുക്കാൻ നാം തയ്യാറല്ല.

“ശബരിമലയിലെ ജനാധിപത്യത്തെ” കുറിച്ചു വ്യാകുലപ്പെടുന്ന കേരളത്തിലെ പുരോഗമനപക്ഷം, പിണറായി വിജയനെ പോലെ കീഴാള പരിവേഷമുള്ള ഒരു നേതാവിന്റെ കീഴെ സവർണ ഇടതുപക്ഷ ധാരയെയും കീഴ്ജാതി സമുദായങ്ങളെയും, ജാതിയുടെയും സ്ത്രീകളുടെയും നവോഥാനത്തിന്റെയും പേരിൽ ഒരുമിച്ചു കൊണ്ടു വരുമ്പോൾ, ഇവിടെ നടക്കുന്നതു നവോഥാനത്തിലൂടെ സ്വയം പരിഷ്കരിച്ചു ആധുനികമായ കേരളം എന്ന പ്രശ്നകരമായ ആശയത്തിന്റെ ആഘോഷമാണ്.

എന്നിരുന്നാലും, ഇങ്ങനെ ഒരു ആധുനിക മൂല്യം പൊതുവായും, സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും, വളരെ സങ്കീര്‍ണമായാണു പ്രവർത്തിക്കുന്നതെന്നും, ഇങ്ങനെ ഒരു പുരോഗമനപരമായ മൂല്യത്തിലധിഷ്ഠിതമായുള്ള ഏകപക്ഷീയമായ ചിന്തകളും രാഷ്ട്രീയങ്ങളും മറ്റനവധി അധികാരങ്ങളെയാണു നിലനിർത്താൻ സഹായിക്കുന്നതെന്നുമുള്ള വസ്തുത ശബരിമല വിവാദത്തിൽ വളരെ വ്യക്തമാണ്‌. ഇവിടെ, സ്ത്രീ തുല്യതയെ കുറിച്ചുള്ള ചോദ്യം ഉയർത്തി കൊണ്ടു വന്ന് ബിന്ദുവും കനക ദുർഗയും മല കയറുമ്പോഴും, ഇതു സ്ത്രീ വിമോചനത്തിന്റെ ചിഹ്നമായി കാണപ്പെടുമ്പോഴും, ഈ ലേഖനത്തിൽ കാണിക്കാൻ ശ്രമിച്ചിട്ടുള്ളതു പോലെ, ഈ പ്രക്രിയ കേരള സമൂഹത്തിന്റെ തന്നെ അധീശ അധികാര ഘടനകളെ നിലനിർത്തുന്ന രീതികൾ നമുക്കു കാണാൻ കഴിയുന്നില്ല, കാണുന്നവർക്കു തന്നെ ഇതിനെ കുറിച്ചു പറയാൻ മാത്രമുള്ള ഒരിടം ഇന്നത്തെ പുരോഗമനപരതയുടെ അധികാര ഘടനകൾ അനുവദിക്കുന്നില്ല.

ജെനി റൊവീന

മാത്രമല്ല, മതങ്ങൾ അടിച്ചമർത്തുന്ന സ്ത്രീ, അല്ലെങ്കിൽ മതങ്ങളെ വെല്ലുവിളിക്കുന്ന സ്ത്രീ എന്നിങ്ങനെ രണ്ടുപക്ഷങ്ങൾ മാത്രം തീർത്തു കൊണ്ട്, വിശ്വാസികളായ സ്ത്രീകളെക്കുറിച്ചു ഫെമിനിസ്റ്റ് രാഷ്ട്രീയം സംസാരിക്കുന്നതിന്റെ പ്രശ്നങ്ങളെ കുറിച്ചു മുസ്‌ലിം സ്ത്രീ പശ്ചാത്തലത്തിൽ നിരവധി തരത്തിലുള്ള പാഠങ്ങൾ ഇന്നു നിലവിലുണ്ടെങ്കിലും, മുത്തലാഖ് സംവാദത്തിന്റെ സമയത്തു കുറച്ചെങ്കിലും ഇതു പുറത്തു വന്നിരുന്നെങ്കിലും, ശബരിമല വിഷയത്തിൽ നമ്മൾ ഇതിനെ കുറിച്ചു പറയുന്നതേയില്ല. പകരം, ശബരിമല പ്രശ്നം എന്നതു മതപരമായ ഒരു വിഷയത്തിനപ്പുറം കടന്നു സാമൂഹികമായ പരിഷ്കരണമായി വിഭാവന ചെയ്യപ്പെടുമ്പോൾ, ശബരിമലയിൽ നടക്കുന്ന സ്ത്രീ പക്ഷ വാദത്തിലൂന്നിയ പ്രതിഷേധങ്ങൾ എല്ലാ സ്ത്രീകളുടെയും ഉന്നമനത്തിനു വേണ്ടിയാണു പ്രവർത്തിക്കുന്നത് എന്ന തീർത്തും പ്രശ്നകരമായ ഒരു സാംസ്കാരികമായ ഒത്തുതീർപ്പാണ് ഇവിടെയുണ്ടായി വരുന്നത്. ഇത്തരത്തിലുള്ള ഒരു ഒത്തുതീർപ്പ്, ജാതി ഹിന്ദു ഫെമിനിസത്തിന്റെ ‘അപര’ പക്ഷത്തു നിൽക്കുന്ന കീഴാള സ്ത്രീകളെ എങ്ങനെയാണു ശ്വാസം മുട്ടിക്കുന്നത് എന്നു കാണണമെങ്കിൽ, ഇന്ന് ഉണ്ടായി വരുന്ന ലിബറൽ പൊതുബോധത്തിന്റെ ഭാഗമാകാതെ/അതിനു കഴിയാതെ, ശബരിമല സമരത്തിൽ ഇടപെട്ട സാമൂഹിക നേതാക്കന്മാരെയും ദലിത് ബഹുജന്‍ ആക്ടിവിസ്റ്റുകളെയും തുറന്നെതിർക്കുന്ന ചിത്രലേഖ എന്ന ദലിത് സ്ത്രീ ആക്ടിവിസ്റ്റിന്റെ ഫേസ്ബുക് പോസ്റ്റുകളിലെ കടുത്ത പ്രതിഷേധത്തെ മാത്രം പരിശോധിച്ചാൽ മതി.

വാസ്തവത്തിൽ, “ശബരിമലയിലെ ജനാധിപത്യത്തെ” കുറിച്ചു വ്യാകുലപ്പെടുന്ന കേരളത്തിലെ പുരോഗമനപക്ഷം, പിണറായി വിജയനെ പോലെ കീഴാള പരിവേഷമുള്ള ഒരു നേതാവിന്റെ കീഴെ സവർണ ഇടതുപക്ഷ ധാരയെയും കീഴ്ജാതി സമുദായങ്ങളെയും, ജാതിയുടെയും സ്ത്രീകളുടെയും നവോഥാനത്തിന്റെയും പേരിൽ ഒരുമിച്ചു കൊണ്ടു വരുമ്പോൾ, ഇവിടെ നടക്കുന്നതു നവോഥാനത്തിലൂടെ സ്വയം പരിഷ്കരിച്ചു ആധുനികമായ കേരളം എന്ന പ്രശ്നകരമായ ആശയത്തിന്റെ ആഘോഷമാണ്. എന്നുമിത്തരം ആഘോഷങ്ങളുടെ പുറത്തു മാത്രം നിന്നിരുന്നവർ പോലും ഇന്ന് ഇതിന്റെ ഭാഗമാകുമ്പോൾ, കേരള നവോഥാനത്തിന്റെ ജാതി ഹിന്ദു പദ്ധതികൾ പൂർണമായിരിക്കുന്നു എന്നതു വ്യക്തമാണ്.

Top