ജ്ഞാനശാസ്ത്രപരമായ ഇസ്‌ലാമോഫോബിയയും കാൾ മാർക്സും

ജ്ഞാനമേഖലയിലെ ഇസ്‌ലാംവിദ്വേഷം സാമൂഹികശാസ്ത മണ്ഡലത്തിലും ഏറെ പ്രകടമായിട്ടുണ്ട്. യൂറോകേന്ദ്രിതവും പുരുഷാധിപത്യപരവുമായ ക്ളാസിക്കല്‍ സാമൂഹിക സിദ്ധാന്തങ്ങളില്‍ ഇത് തെളിഞ്ഞു കാണാം. ഇത്തരം മുന്‍വിധിയുമായി ഇതര ജ്ഞാന പാരമ്പര്യങ്ങളെ സമീപിച്ചവരുടെ കൂട്ടത്തിലാണ് കാള്‍ മാര്‍ക്സും ഉള്‍പ്പെടുക.18-ാം നൂറ്റാണ്ടിനു ശേഷം പാശ്ചാത്യേതര ആത്മീയതകളെയും ജ്ഞാനരീതികളെയും സാമ്രാജ്യത്വ വ്യാപനത്തിലൂടെ തകര്‍ക്കുകയാണ് കൊളോണിയലിസം ചെയ്തത്. മാർക്സും ഏംഗൽസും ഈ പൊതു ചരിത്രത്തിൽ നിന്ന് മുക്തരല്ല.

ആധുനിക കൊളോണിയല്‍ ലോകത്തിന്റെയും അതിന്റെ ജ്ഞാനോല്‍പ്പാദന രീതികളുടെയും സ്ഥാപന യുക്തി തന്നെയാണ് ജ്ഞാനരംഗത്തെ ഇസ്‌ലാമോഫോബിയയായി പ്രകടമാകുന്നത്. 16-ാം നൂറ്റാണ്ടിനു ശേഷമുള്ള യൂറോപ്യന്‍ പണ്ഡിതരും ഹ്യൂമനിസ്റുകളും എന്നും വാദിച്ചു വന്നിട്ടുള്ളത് ഇസ്‌ലാമിക ജ്ഞാനം പാശ്ചാത്യ ജ്ഞാനത്തിന്റെ കീഴിലേ വരൂ എന്നാണ്. 19-ാം നൂറ്റാണ്ടിലെ പ്രമുഖ യൂറോപ്യന്‍ ചിന്തകരും ഇസ്‌ലാമിന് വിജ്ഞാനപരമായ നിലവാരമില്ലെന്ന പക്ഷക്കാരായിരുന്നു. ഇസ്‌ലാം ശാസ്ത്രവുമായും തത്ത്വശാസ്ത്രവുമായും ഒത്തുപോകാത്തതാണെന്ന് ഏണ്‍സ്റ് റെനനെപ്പോലുള്ളവര്‍ വാദിച്ചു .

റമോൺ ഗ്രോസ്ഫുഗൽ

കാൽവിനും വെബറും

സാമൂഹിക ശാസ്ത്രരംഗത്തും ഇതുപോലുള്ള ജ്ഞാനമേഖലയിലെ ഇസ്‌ലാംവിദ്വേഷം ഏറെ പ്രകടമായിട്ടുണ്ട്. പാശ്ചാത്യകേന്ദ്രിതവും പുരുഷാധിപത്യപരവുമായ സാമൂഹിക ശാസ്ത്രരംഗത്തെ ക്ളാസിക്കല്‍ സാമൂഹിക സിദ്ധാന്തങ്ങളില്‍ ഇത് തെളിഞ്ഞു കാണാം. ഇത്തരം മുന്‍വിധിയുമായി സമീപിച്ചവരുടെ കൂട്ടത്തിലാണ് കാള്‍ മാര്‍ക്സും മാക്സ് വെബറും ഉള്‍പ്പെടുക. 2006-ലെഴുതിയ പ്രബന്ധത്തില്‍ സുക്കിദി മുല്യഡി (Su kidi Mulyadi) നിരീക്ഷിക്കുന്നു:

“വെബറുടെ അഭിപ്രായത്തില്‍ കാല്‍വിനിസത്തിന്റെ നേര്‍വിപരീതമാണ് ഇസ്‌ലാം. ഇസ്‌ലാമിലുള്ളത് പൂര്‍വ നിര്‍ണയത്തിലുള്ള വിശ്വാസമാണ് (pre-determination, വിധിവിശ്വാസം), അല്ലാതെ പൂര്‍വ നിശ്ചയത്തിലുള്ള (pre-destination) വിശ്വാസമല്ല എന്നാണ് വെബര്‍ കണ്ടെത്തുന്നത്. ഇഹലോക വ്യാപാരങ്ങളെ സ്വാധീനിക്കാന്‍ പോന്നതല്ല അവരുടെ വിശ്വാസം. കാല്‍വിനിസ്റുകള്‍ (ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ രക്ഷ നേടുമെന്നത് പൂര്‍വനിശ്ചിതമെന്നു വിശ്വസിച്ച ജോണ്‍ കാല്‍വിന്റെ അനുയായികള്‍) പൂര്‍വ നിശ്ചയത്തിലാണ് വിശ്വസിച്ചത്; അതിനാല്‍ കഠിനാധ്വാനം അവരൊരു നിയോഗമായി ഏറ്റെടുത്തു. ഇത് മുസ്‌ലിംകളില്‍ കാണുന്നില്ല. പൂര്‍വ നിശ്ചയമെന്ന അതിപ്രധാന സങ്കല്‍പം ഇസ്‌ലാമില്‍ കാണാനേ ഇല്ലെന്ന് വെബര്‍. അതുകൊണ്ടുതന്നെ, ഇഹലോക കര്‍മങ്ങളെപ്പറ്റി ശരിയായൊരു സമീപനം വിശ്വാസികള്‍ക്കു നല്‍കാന്‍ ഇസ്‌ലാമിനു കഴിഞ്ഞില്ല. ഫലമോ, മുസ്‌ലിംകള്‍ വിധിവിശ്വാസത്തിലേക്ക് ആപതിച്ചു.

പ്രമാണ-പ്രയോഗങ്ങളെ യുക്തിക്ക് വിധേയപ്പെടുത്തുകയെന്നത് ഇസ്‌ലാമിന് അന്യമായിരുന്നു. പൂര്‍വനിശ്ചയത്തില്‍(ദൈവനിശ്ചയത്തില്‍) ഉള്ള വിശ്വാസത്തെ ചൂണ്ടിയാണ് വെബര്‍, പ്രമാണത്തെയും ജീവിതവൃത്തിയെയും യുക്തിപരമാക്കുകയെന്ന സങ്കല്‍പത്തെ വിശദീകരിച്ചത്. ഇഹലോകജീവിതത്തെ കര്‍മോത്സുകവും ധര്‍മബദ്ധവുമാക്കാന്‍ പോന്നതാണ് കാല്‍വിനിസത്തില്‍ പൂര്‍വനിശ്ചയവിശ്വാസം. ഇതൊന്നും ഇസ്‌ലാമിലില്ല. അതുകൊണ്ടാണ് അതിലെ പൂര്‍വനിശ്ചയ വിശ്വാസം യുക്തിസഹമായ പ്രമാണത്തിലേക്കും ജീവിതവൃത്തിയിലേക്കും നയിക്കാതിരുന്നത്. എന്നല്ല, മുസ്‌ലിംകളെ അത് യുക്തിരഹിതമായ വിധിവിശ്വാസികളാക്കിക്കളഞ്ഞു. പുണ്യപുരുഷന്മാരെ പൂജിക്കലും ആഭിചാരവുമായി അത് മാറി”.

മാക്സ് വെബർ

ജോണ്‍ കാല്‍വിന്‍

വെബര്‍ ഇപ്പറഞ്ഞതിന്റെ അര്‍ഥം, യുക്തിഹീനരും വിധി വിശ്വാസികളുമായതിനാല്‍ മുസ്‌ലിംകളില്‍ നിന്ന് സാരവത്തായ ഒരറിവും കിട്ടാന്‍ പോകുന്നില്ല എന്നുതന്നെ. ഈ ജ്ഞാനവംശീയതയുടെ രാഷ്ട്രീയമെന്താവും? മറ്റൊന്നുമല്ല; ജര്‍മന്‍, ഫ്രഞ്ച് ഓറിയന്റലിസ്റുകളുടെ ഇസ്‌ലാമോഫോബിയയാണ് വെബറുടെ ഇസ്‌ലാം വിലയിരുത്തലിലുള്ളത്. വെബറുടെ നോട്ടത്തില്‍, സാമ്പത്തികരംഗത്തെ യുക്തിദീക്ഷക്കും അതുവഴി പടിഞ്ഞാറന്‍ മുതലാളിത്തത്തിനും തറയിട്ടത് ക്രൈസ്തവ പാരമ്പര്യം മാത്രമാണ്. പാശ്ചാത്യമൂല്യങ്ങളുടെ ‘ശ്രേഷ്ഠത’യുമായി ഇസ്‌ലാമിനെ തുലനം ചെയ്യുകവയ്യ; അതിനുവേണ്ട തനത് വ്യക്തിത്വമോ യുക്തിഭദ്രതയോ ശാസ്ത്രമോ ഇസ്‌ലാമിനില്ല. യുക്ത്യധിഷ്ഠിത ശാസ്ത്രവും അതിന്റെ ഉല്‍പന്നമായ യുക്ത്യധിഷ്ഠിത സാങ്കേതികതയും പൗരസ്ത്യ നാഗരികതക്ക് അജ്ഞാതമാണെന്ന് വെബര്‍ വിശ്വസിച്ചു.

വസ്തുതകളുമായി ചേരുന്നതല്ല ഇപ്പറഞ്ഞതൊന്നും. ഇസ്‌ലാമിക ലോകത്തെ ശാസ്ത്ര മുന്നേറ്റങ്ങള്‍ പടിഞ്ഞാറിനെയും ആധുനിക ശാസ്ത്രത്തെയും ആധുനിക തത്ത്വശാസ്ത്രത്തെയും സ്വാധീനിച്ചതിന്റെ തെളിവുകള്‍ ഗവേഷകര്‍ നിരത്തിയിട്ടുണ്ട്. ജോര്‍ജ് സാലിബയുടെയും മാര്‍ക് ഗ്രഹാമിന്റെയും ഗ്രന്ഥങ്ങള്‍ നോക്കുക. ഇസ്‌ലാമിക നാഗരികതയുടെ കേന്ദ്രതത്ത്വം തന്നെയാണ് യുക്തിഭദ്രത. യൂറോപ്പ് മുഴുവന്‍ വിജ്ഞാനവിരോധത്തിലും ഫ്യൂഡല്‍ മൂഢവിശ്വാസങ്ങളിലും ആണ്ടുകിടന്ന മധ്യയുഗങ്ങളെന്നു പറയുന്ന കാലഘട്ടത്തില്‍ ബഗ്ദാദിലെ വിദ്യാലയം ബൗദ്ധിക-ശാസ്ത്രീയ സൃഷ്ടിപരതയുടെ ആഗോള കേന്ദ്രമായിരുന്നു. എന്നാല്‍ വെബറിന്റെയും അനുയായികളുടെയും ഓറിയന്റലിസ്റ് കാഴ്ചപ്പാടുകള്‍ ഇസ്‌ലാമോഫോബിയയുടെ പ്രതിഫലനമായി ഒതുങ്ങി. ചരിത്രത്തിലെ തെളിവുകള്‍ തീര്‍ത്തും മറിച്ചാണെങ്കിലും, മുസ്‌ലിംകള്‍ ശാസ്ത്രം ഉല്‍പാദിപ്പിക്കാനോ യുക്തിദീക്ഷ പാലിക്കാനോ കഴിവില്ലാത്തവരാണ് എന്ന് അവര്‍ പറയുന്നത് അതിനാലാണ്.

മാർക്സും ഏംഗൽസും

ഇതേ ജ്ഞാനപരമായ ഇസ്‌ലാമോഫോബിയ തന്നെ നാം മാര്‍ക്സിലും എംഗല്‍സിലും കാണുന്നു. രോഗചികിത്സയിലായിരിക്കെ 1882-ല്‍ രണ്ടു മാസം അല്‍ജിയേഴ്സില്‍ കഴിഞ്ഞയാളാണ് മാര്‍ക്സ്. അക്കാലത്തദ്ദേഹം ഇസ്‌ലാമിനെക്കുറിച്ച് ഒന്നും എഴുതിയില്ലെങ്കിലും പാശ്ചാത്യരല്ലാത്ത സമൂഹങ്ങളെക്കുറിച്ച് പൊതുവായി തന്റെ ഓറിയന്റലിസ്റ്റ്‌ വംശീയവീക്ഷണങ്ങള്‍ ധാരാളമായി രേഖപ്പെടുത്തിയിട്ടുണ്ട് (കാര്‍ലോസ് മൂറിന്റെ Were Marx and Engels white racists? The proletarian outlook of Marx and Engels എന്ന പഠനം നോക്കുക).

അദ്ദേഹത്തിന്റെ കൂട്ടാളിയായ ഫ്രെഡറിക് എംഗല്‍സാകട്ടെ മുസ്‌ലിം സമൂഹത്തെപ്പറ്റി എഴുതുക മാത്രമല്ല അതിലത്രയും, മാര്‍ക്സ് ‘കിഴക്കന്‍’മാരെപ്പറ്റി പൊതുവായി പറഞ്ഞ വംശീയ വാര്‍പ്പുമാതൃകകള്‍ അതേപടി ആവര്‍ത്തിക്കുകയും ചെയ്തു. അല്‍ജീരിയയെ ഫ്രഞ്ച് കോളനിയാക്കിയതിനെപ്പറ്റി എംഗല്‍സ് 1848 ജനുവരിയില്‍ എഴുതി:

“ആകെക്കൂടി പറഞ്ഞാല്‍, ഫ്രഞ്ചുകാര്‍ അറേബ്യന്‍ മുഖ്യനെ പിടികൂടിയത് നമ്മുടെ അഭിപ്രായത്തില്‍ നന്നായി. ബദുക്കളുടെ സമരം പ്രതീക്ഷയറ്റ ഒന്നായിരുന്നു. ബൂഗോദിനെപ്പോലുള്ള ക്രൂരന്മാരായ പട്ടാളക്കാരുടെ യുദ്ധരീതികള്‍ അപലപനീയമാണെങ്കില്‍ പോലും അല്‍ജീരിയ കീഴടക്കിയത് നാഗരികതയുടെ പുരോഗതിയെ സംബന്ധിച്ച് സുപ്രധാനവും സുഭഗവുമായ കാര്യമാണ്. കാപ്പിരി രാജ്യങ്ങളുടെ കടല്‍ക്കൊള്ള തടയാന്‍ ഇംഗ്ളീഷ് സര്‍ക്കാര്‍ തയാറായിരുന്നില്ല. കൊള്ള തങ്ങളുടെ കപ്പലുകളെ ബാധിക്കുന്നില്ല എന്നായിരുന്നു ന്യായം. ഏതെങ്കിലും ഒരു രാജ്യത്തെ കീഴടക്കിക്കൊണ്ട് കൊള്ള തടയാനാവില്ല. ഇപ്പോള്‍ അള്‍ജീരിയ കീഴടക്കിയതോടെ തുനീസിലെയും ട്രിപ്പളിയിലെയും അധികാരികള്‍ക്കും മൊറോക്കോയിലെ ചക്രവര്‍ത്തിക്കുപോലും, സംസ്കാരത്തിന്റെ പാതയിലേക്ക് വരേണ്ടിവന്നിരിക്കുന്നു. നാട്ടുകാര്‍ക്ക് കൊള്ളയല്ലാതെ വേറെ തൊഴില്‍ കണ്ടെത്താന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു…. മരുഭൂമിയിലെ ബദുക്കളുടെ സ്വാതന്ത്യ്രം കവര്‍ന്നു എന്നത് കഷ്ടം തന്നെ; പക്ഷേ, കൊള്ളക്കാരായിരുന്നു ഇവരെന്ന് നാം ഓര്‍ക്കണം….. സ്വതന്ത്രമെങ്കില്‍ ഈ അപരിഷ്കൃതരുടെ രാജ്യങ്ങള്‍ വിട്ടുനിന്നു നോക്കിയാല്‍ ഉദാത്തവും അന്തസ്സുറ്റതും കേമവുമാണെന്നൊക്കെ തോന്നും. എന്നാല്‍ അടുത്തു ചെല്ലുമ്പോഴേ കാര്യമറിയൂ- കൂടുതല്‍ പരിഷ്കൃതരായ രാജ്യങ്ങളെപ്പോലെ ഇവരും സ്വാര്‍ഥമോഹികളാണ്; ഇക്കൂട്ടര്‍ കൂടുതല്‍ പരുക്കന്‍ രീതികളവലംബിക്കുക കൂടി ചെയ്യുന്നു. എന്തുതന്നെയായാലും ആധുനിക ബൂര്‍ഷ്വാസിയാണ് ഈ പ്രാകൃതരേക്കാള്‍ നല്ലത്. ബൂര്‍ഷ്വാസിക്കു പിറകെ നാഗരികതയും വ്യവസായവും ക്രമസമാധാനവും താരതമ്യേന കൂടുതല്‍ അറിവും വരും…..”

എംഗല്‍സ്

എംഗല്‍സിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഇവിടെ വ്യക്തം; കോളനി വ്യാപനത്തെ അദ്ദേഹം പിന്താങ്ങുന്നു. പടിഞ്ഞാറന്‍ നാഗരികതയെ സ്വാഗതം ചെയ്യുന്നു. ഒരു വ്യത്യാസം മാത്രം: ഈ ഹിന്ദുക്കള്‍ അത്ര മതഭ്രാന്തരല്ല. കുതിരപ്പടയാളികളുടെ ദേശമല്ല അവരുടേത് .

മുസ്‌ലിംകളും ‘പാശ്ചാത്യ ഇതരരും’ മോശക്കാരാണെന്നത് എംഗല്‍സിന്റെ മാത്രം അഭിപ്രായമാണെന്നും മാര്‍ക്സ് അങ്ങനെ കരുതുന്നില്ലെന്നും വിചാരിക്കേണ്ട. മാര്‍ക്സിന്റെ വാക്കുകള്‍ കാണുക:

“ഇംഗ്ളീഷുകാര്‍ക്ക് ഇന്ത്യ കീഴടക്കാന്‍ അവകാശമുണ്ടോ എന്നതല്ല പ്രശ്നം. മറിച്ച്, തുര്‍ക്കിക്കാരോ പേര്‍ഷ്യക്കാരോ റഷ്യക്കാരോ കീഴ്‌പ്പെടുത്തിയ ഇന്ത്യയാണോ ബ്രിട്ടീഷുകാരന്‍ കീഴ്‌പ്പെടുത്തിയ ഇന്ത്യയെക്കാള്‍ നമുക്കു നല്ലത് എന്നതാണ്. ഇന്ത്യയില്‍ ഇരട്ട ദൗത്യമാണ് ഇംഗ്ളണ്ടിന് നിര്‍വഹിക്കാനുള്ളത്: ഒന്ന് സംഹാരം, മറ്റേത് പുനര്‍നിര്‍മാണം. പഴയ ഏഷ്യന്‍ സമൂഹത്തെ പിഴുതെറിഞ്ഞ് ഏഷ്യയില്‍ പാശ്ചാത്യ സമൂഹത്തിന്റെതായ ഭൗതിക അടിത്തറകള്‍ പണിയുക. ഒന്നിനു പിറകെ ഒന്നായി ഇന്ത്യ പിടിച്ച അറബികളും തുര്‍ക്കികളും താര്‍ത്താരികളും മുഗളരുമെല്ലാം അതിവേഗം ഹൈന്ദവവല്‍ക്കരിക്കപ്പെടുകയായിരുന്നു- ചരിത്രത്തിന്റെ നിത്യനീതിയുടെ ഭാഗമെന്നോണം കാപ്പിരികളായ അധിനിവേശകര്‍ അധിനിവിഷ്ടരുടേതായ കൂടുതല്‍ മികച്ച നാഗരികതയില്‍ കീഴടക്കപ്പെടുകയായിരുന്നു. ഹിന്ദുനാഗരികതയെക്കാള്‍ മികച്ചതും അതിനാല്‍ അതിന് കീഴടക്കാന്‍ പറ്റാതെ പോയതുമായ ആദ്യത്തെ കൂട്ടര്‍ ബ്രിട്ടീഷുകാരാണ്…. റെയിലും ആവിക്കപ്പലുകളുമെല്ലാം കൊണ്ട് ഇംഗ്ളണ്ടും ഇന്ത്യയും തമ്മിലുള്ള യാത്രാ സമയം വെറും എട്ടു ദിവസമായി കുറയാന്‍ പോവുകയാണ്. ഒരു കാലത്തെ വിസ്മയമായിരുന്ന ഈ രാജ്യം അങ്ങനെ പടിഞ്ഞാറന്‍ ലോകത്തോട് കൂട്ടിച്ചേര്‍ക്കപ്പെടാന്‍ പോകുന്നു….”

അടിസ്ഥാന വര്‍ഗത്തിന്റെ ശക്തിയെച്ചൊല്ലി ഊറ്റം കൊണ്ടിരുന്ന മാര്‍ക്സിന്, പക്ഷേ, അത് മുസ്‌ലിം ജനസാമാന്യമാകുമ്പോള്‍ വേറെ മനസ്സാണ്. ഒട്ടോമന്‍ രാഷ്ട്രം കിഴക്കന്‍ യൂറോപ്പിലേക്കു വ്യാപിക്കുമെന്ന അവസ്ഥയെപ്പറ്റി അദ്ദേഹം കുറിച്ചു:

“യൂറോപ്പിലെ തുര്‍ക്കി ജനതതിയുടെ മുഖ്യബലം….. കോണ്‍സ്റന്റിനോപ്പിളിലെ(ഇസ്തംബൂളിലെ)യും മറ്റു ചില വന്‍പട്ടണങ്ങളിലെയും ജനമാണ്. അതാകട്ടെ പ്രധാനമായും തുര്‍ക്കി വംശജരും. ക്രൈസ്തവ മുതലാളിമാര്‍ക്കു വേണ്ടി തൊഴിലെടുത്താണ് കഴിഞ്ഞു കൂടുന്നതെങ്കിലും ഇക്കൂട്ടര്‍ക്ക് സ്വന്തം സാങ്കല്‍പിക ശ്രേഷ്ഠതയെക്കുറിച്ച് വലിയ അഭിമാനമാണ്. ക്രൈസ്തവരെ അപേക്ഷിച്ച് ഇസ്‌ലാം നല്‍കുന്ന ശിക്ഷാമുക്തിയെക്കുറിച്ചും അവര്‍ മേനി നടിക്കുന്നു. ഏത് വിപ്ളവത്തിലും ഈ ആള്‍ക്കൂട്ടത്തെ കൈക്കൂലി കൊടുത്തും മുഖസ്തുതി പറഞ്ഞും പാട്ടിലാക്കിയേ പറ്റൂ എന്നത് സുവിദിതം. യൂറോപ്പിലെ പ്രധാന തുര്‍ക്കി ജനവിഭാഗം ഇക്കൂട്ടരത്രേ. ഇന്നല്ലെങ്കില്‍ നാളെ തീര്‍ച്ചയായും യൂറോപ്പിലെ ഈ മികച്ച പ്രദേശത്തെ ഈ ജനസാമാന്യത്തിന്റെ ഭരണത്തില്‍ നിന്ന് വിടുവിക്കേണ്ടതായിത്തന്നെ വരും. ഇവരെ അപേക്ഷിച്ചു നോക്കിയാല്‍ റോമാ ഭരണത്തിലെ ജനം വിജ്ഞരും വീരന്മാരുമായിരുന്നു.”

വെബറുടെ മനോഭാവം തന്നെയാണ് മാര്‍ക്സിനുമെന്നു വ്യക്തം: തുര്‍ക്കി വംശജരായ മുസ്‌ലിം ജനത, വിവരംകെട്ട ഒരാള്‍ക്കൂട്ടം മാത്രമാണദ്ദേഹത്തിന്. അവരുമായി തട്ടിച്ചാല്‍ റോമാ സാമ്രാജ്യത്തിലെ ജനസാമാന്യം വിജ്ഞരാകുന്നു. മാര്‍ക്സിനെ സംബന്ധിച്ചേടത്തോളം പടിഞ്ഞാറന്‍ നാഗരികതയാണ് ശ്രേഷ്ഠം; പാശ്ചാത്യേതര മുസ്‌ലിംകളെ സംസ്കരിച്ചെടുക്കേണ്ടവരാണവര്‍. അദ്ദേഹത്തിന്റെ നോട്ടത്തില്‍ നികൃഷ്ടരായ ഒരു ജനക്കൂട്ടത്തെ പ്രാകൃത ഘട്ടത്തില്‍ തളച്ചിടുന്നതിനെക്കാള്‍ നല്ലത് പടിഞ്ഞാറന്‍ കോളനി വ്യാപനത്തിലൂടെ അവരെ കീഴ്‌പ്പെടുത്തുന്നതാണ്.

വെബറുടെ മനോഭാവം തന്നെയാണ് മാര്‍ക്സിനുമെന്നു വ്യക്തം: തുര്‍ക്കി വംശജരായ മുസ്‌ലിം ജനത, വിവരംകെട്ട ഒരാള്‍ക്കൂട്ടം മാത്രമാണദ്ദേഹത്തിന്. അവരുമായി തട്ടിച്ചാല്‍ റോമാ സാമ്രാജ്യത്തിലെ ജനസാമാന്യം വിജ്ഞരാകുന്നു. മാര്‍ക്സിനെ സംബന്ധിച്ചേടത്തോളം പടിഞ്ഞാറന്‍ നാഗരികതയാണ് ശ്രേഷ്ഠം; പാശ്ചാത്യേതര മുസ്‌ലിംകളെ സംസ്കരിച്ചെടുക്കേണ്ടവരാണവര്‍. അദ്ദേഹത്തിന്റെ നോട്ടത്തില്‍ നികൃഷ്ടരായ ഒരു ജനക്കൂട്ടത്തെ പ്രാകൃത ഘട്ടത്തില്‍ തളച്ചിടുന്നതിനെക്കാള്‍ നല്ലത് പടിഞ്ഞാറന്‍ കോളനി വ്യാപനത്തിലൂടെ അവരെ കീഴ്‌പ്പെടുത്തുന്നതാണ്.

ഖുർആനും മാർക്സും

മുസ്‌ലിംകളെ മാര്‍ക്സ് അവിശ്വസിച്ചു. ഇസ്‌ലാമിന് അന്യവിരോധം സഹജമാണെന്നദ്ദേഹം കരുതി. അതുകൊണ്ട് പാശ്ചാത്യ കോളനിവല്‍ക്കരണത്തെ അനുകൂലിച്ചു വരെ അദ്ദേഹം എഴുതി :

“അപരരെയെല്ലാം ശത്രുക്കളായാണ് ഖുര്‍ആന്‍ പരിഗണിക്കുന്നത്. അതുകൊണ്ട് ഒരു മുസ്‌ലിം രാജ്യത്ത് വളരെ കരുതലോടെ മാത്രമേ മറ്റുള്ളവര്‍ സ്വന്തം തനിമ വെളിപ്പെടുത്തൂ. ഇത്തരക്കാരുമായി കച്ചവടത്തിന് ധൈര്യപ്പെട്ട ആദ്യ യൂറോപ്യന്‍ വ്യാപാരികള്‍ തുടക്കത്തില്‍ വ്യക്തിതലത്തില്‍ ഇളവുകള്‍ നേടിയെടുക്കുകയായിരുന്നു. പിന്നീട് ആ വിശേഷാധികാരങ്ങള്‍ രാജ്യത്തിനു മുഴുവനായി പതിച്ചെടുക്കുകയും ചെയ്തു”.

തന്റെ കാലത്തെ ജ്ഞാനവംശീയതയും ഓറിയന്റലിസ്റ് ഇസ്‌ലാം വിരോധവും മാര്‍ക്സ് ഉള്‍ക്കൊണ്ടു എന്നു കരുതേണ്ടി വരുന്നു. ഇതേ ലേഖനത്തില്‍ അദ്ദേഹം കുറിച്ചു:

“ഖുര്‍ആനും അതില്‍നിന്നു വരുന്ന മുസ്‌ലിം നിയമങ്ങളും വ്യത്യസ്ത ജനസംസ്കൃതികളെ രണ്ടേ രണ്ടു ദേശങ്ങളായി ചുരുക്കുന്നു: വിശ്വാസികളും അവിശ്വാസികളും. അവിശ്വാസി ‘ഹര്‍ബി’ അഥവാ ശത്രു ആണ്. അവിശ്വാസികള്‍ക്ക് ദേശം നിഷേധിക്കുന്നു. മുസല്‍മാനും അവിശ്വാസിയും തമ്മില്‍ നിത്യശത്രുതക്ക് ഇത് കാരണമാകുന്നു.”

കാള്‍ മാര്‍ക്ക്സ്

വക്രീകരണത്തോളമെത്തുന്ന ഈ അമിത ലളിതവത്കരണം യഹൂദ-ക്രൈസ്തവ കേന്ദ്രിതവും പാശ്ചാത്യ കേന്ദ്രിതവുമായ കാഴ്ചപ്പാടിന്റെ ഭാഗമാണ്. ഓറിയന്റലിസ്റുകളുടെ ജ്ഞാനവംശീയത രൂപപ്പെട്ടത് ഇത്തരം ധാരണകളുടെ മുകളിലായിരുന്നു. താന്‍ പോരിമയാര്‍ന്ന നിന്ദയാണ് മുസ്‌ലിംകള്‍ക്കായി അവര്‍ സൂക്ഷിച്ചത്. മാര്‍ക്സും ഇതിന് അപവാദമായിരുന്നില്ല. മതനിരാസം(പാശ്ചാത്യ മതേതരത്വം/ സെക്യുലറിസം) വിപ്ളവത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു: അതിനാല്‍ തന്നെ മുസ്‌ലിംകളുടെ പക്കല്‍ വിപ്ളവത്തിന് സാധ്യത ഇല്ല എന്നും.

“സിവില്‍ നിയമനിര്‍മാണത്തിലൂടെ അവര്‍ക്ക് ഖുര്‍ആനോടുള്ള വിധേയത്വം ഇല്ലാതാക്കി വേണം പുരോഹിതരോടുള്ള അവരുടെ വിധേയത്വവും അവസാനിപ്പിക്കാന്‍. അങ്ങനെയാണ് വിപ്ളവം വരുത്തിത്തീര്‍ക്കാനാവുക. ഖുര്‍ആനു പകരം ഒരു സിവില്‍ കോഡ് സ്ഥാപിച്ചെടുക്കാന്‍ ബൈസന്റൈന്‍ സമൂഹത്തിന്റെ ഘടനയപ്പാടെ പാശ്ചാത്യവല്‍ക്കരിക്കണം.”

പാശ്ചാത്യ സാമ്രാജ്യങ്ങള്‍ കോളനിപ്രജകളുടെ ചിന്താരീതിയും ജീവിതരീതിയും നശിപ്പിക്കാനും ചെറുത്തുനില്‍പ്പിന്റെ ലാഞ്ഛന പോലും ഇല്ലാതാക്കാനും മാര്‍ക്സിന്റെ ഈ മതേതര വീക്ഷണം ഉപയോഗിച്ചു വന്നു; അവരുടെ സാമ്രാജ്യത്വ തന്ത്രത്തിന്റെ പതിവുതന്ത്രമായി അത്. മുസ്‌ലിം സമൂഹങ്ങള്‍ ഒരു ‘മത’ത്തിന്റെ വാഴ്ചക്ക് വിധേയരാണെന്നു വാദിക്കുകവഴി മാര്‍ക്സ് ചെയ്തത് മതമില്ലാത്ത പാശ്ചാത്യ ക്രൈസ്തവ വീക്ഷണത്തിലൂടെ ഇസ്‌ലാമിനെ അവതരിപ്പിക്കുകയാണ്.

പാശ്ചാത്യ സാമ്രാജ്യങ്ങള്‍ കോളനിപ്രജകളുടെ ചിന്താരീതിയും ജീവിതരീതിയും നശിപ്പിക്കാനും ചെറുത്തുനില്‍പ്പിന്റെ ലാഞ്ഛന പോലും ഇല്ലാതാക്കാനും മാര്‍ക്സിന്റെ ഈ മതേതര വീക്ഷണം ഉപയോഗിച്ചു വന്നു; അവരുടെ സാമ്രാജ്യത്വ തന്ത്രത്തിന്റെ പതിവുതന്ത്രമായി അത്. മുസ്‌ലിം സമൂഹങ്ങള്‍ ഒരു ‘മത’ത്തിന്റെ വാഴ്ചക്ക് വിധേയരാണെന്നു വാദിക്കുകവഴി മാര്‍ക്സ് ചെയ്തത് മതമില്ലാത്ത പാശ്ചാത്യ ക്രൈസ്തവ വീക്ഷണത്തിലൂടെ ഇസ്‌ലാമിനെ അവതരിപ്പിക്കുകയാണ്. പാശ്ചാത്യ, ക്രൈസ്തവ ലോകത്തെ സംബന്ധിച്ചേടത്തോളം ‘മതം’ എന്നത് രാഷ്ട്രീയവും സാമ്പത്തികവും മറ്റുമായ മണ്ഡലങ്ങളില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന മറ്റൊരു മണ്ഡലമാണ്. എന്നാല്‍ ഇസ്‌ലാമിന്റെ വീക്ഷണം അതല്ല; പാശ്ചാത്യ അര്‍ഥത്തിലുള്ള മതമായി അത് സ്വയം കരുതുന്നില്ല. ഏകത്വത്തിന്റെ, ‘തൌഹീദിന്റെ’, പ്രമാണത്തിലൂന്നിയുള്ള സമഗ്രമായ ഒരു പ്രപഞ്ചവീക്ഷണം തന്നെയാണത്. പാശ്ചാത്യ ലോകത്ത് ഈ വീക്ഷണത്തെ നശിപ്പിച്ചത് യൂറോപ്യന്‍, കാര്‍ട്ടീഷ്യന്‍, കൊളോണിയല്‍ തത്ത്വങ്ങളാണ്. ലോകത്തിന്റെ മറ്റിടങ്ങളില്‍കൂടി അതു നശിപ്പിക്കാന്‍ കൊളോണിയല്‍ വ്യാപനത്തിലൂടെ പാശ്ചാത്യര്‍ മുതിര്‍ന്നു. 18-ാം നൂറ്റാണ്ടിനു ശേഷം പാശ്ചാത്യേതര ആത്മീയതകളെയും ജ്ഞാനരീതികളെയും സാമ്രാജ്യത്വ വ്യാപനത്തിലൂടെ തകര്‍ക്കുകയാണ് കൊളോണിയലിസം ചെയ്തത്. മാർക്സും ഏംഗൽസും ഈ പൊതു ചരിത്രത്തിൽ നിന്ന് മുക്തമല്ല.

(ലാറ്റിനമേരിക്കൻ കീഴാളപഠന സംഘത്തിലെ (Subaltern Studies Collective) പ്രധാന ശബ്ദമാണ് റമോൺ ഗ്രോസ്ഫുഗൽ. യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ പ്രൊഫസറാണ്. Colonial Subjects: Puerto Ricans in a Global Perspective (2003), Latino/as in the World-system: Decolonization Struggles in the 21st Century U.S. Empire (2015) തുടങ്ങി ഒരു ഡസനോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.  Epistemic Islamophobia and Colonial Social Sciences എന്ന ഈ ലേഖനത്തിന്റെ (Human Architecture: Journal of the Sociology of Self Knowledge, Volume8, 2010) പൂർണരൂപത്തിന്: https://www.researchgate.net/publication/241832296_Epistemic_ Islamophobia_and_Colonial_Social_Sciences)

വിവർത്തനം: പ്രഫ. കെ. യാസീൻ അശ്റഫ്‌

  • Ernst, Carl W. 2003. Following Mohammad: Rethinking Islam in the Contemporary World. (The University of North Carolina Press, Chapel Hill y Londres).
  • Graham, Mark. (2006). How Islam Created the Modern World (Amana Publications: Beltsville, Maryland).
  • Grosfoguel, Ramon (2003) Colonial Subjects. (California University Press: Berkeley).
  • Grosfoguel, Ramon. (2009). “Human Rights and Anti-Semitism After Gaza,” Human Architecture: Journal of the Sociology of Self-Knowledge, Vol. VII, issue No. 2 (Spring): 89-101.
  • Hills Collins, Patricia. (1991). Black Feminist Thought: Knowledge, Consciousness and the Politics of Empire (Routledge: London).
  • Maldonado-Torres, Nelson. (2008a). Against War. (Duke University Press, Durham).
  • Said, Edward. (1998). Covering Islam: How the Meida and the Experts Determine How We See the Rest of the World (Vintage Books: New York).
  • Sukidi (2006). “Max Weber's remarks on Islam: The Protestant Ethic among Muslim puritans,” Islam and Christian-Muslim Relations, 17: 2, 195–205.
  • Saliba, George. (1997). Islamic Science and the Making of the European Renaissance (MIT Press: Boston).
Top