തുരുത്തി ദലിത് കുടുംബങ്ങളെ കുടിയിറക്കുന്ന നിര്‍ദ്ദിഷ്ട ദേശീയപാത അലൈന്‍മെന്റ് പുനഃപരിശോധിക്കുക
സമരസമിതി വികസനത്തിന് എതിരല്ല; ഒന്നുകില്‍ ഒന്നും രണ്ടും അലൈന്‍മെന്റുകളിലേക്ക് അതോറിറ്റി തിരിച്ചു പോകുക അല്ലെങ്കില്‍ മേല്‍പാലം നിര്‍മ്മിച്ചുകൊണ്ട് ആവാസ ജനതയെയും പരിസ്ഥിതിയെയും സാമൂഹിക ആഘാതങ്ങളില്‍ നിന്നും പാരിസ്ഥിതിക ആഘാതങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് സമരസമിതി ആവശ്യപ്പെടുന്നത്. ലക്ഷ്യം നേടുന്നതിലേക്കായി മുഴുവന്‍ ദലിത് സംഘടനകളുടെയും രാഷ്ട്രീയ സംഘടനകളുടെയും പരിസ്ഥിതി പൗരവകാശ പ്രവര്‍ത്തകരുടെയും പിന്തുണ സമിതി ആവശ്യപ്പെടുകയാണ്.
കണ്ണൂര്‍, പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒരു പട്ടികജാതി കോളനിയാണ് തുരുത്തി. നീര്‍ക്കെട്ടിനടിയില്‍ അല്‍പം ഉയര്‍ന്നു ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരിടം. കാര്‍ഷിക അടിമജീവിതത്തിന്റെ സമാനതകളില്ലാത്ത സാമൂഹിക അനുഭവങ്ങളും വേദനങ്ങളും ഏറ്റുവാങ്ങിയ പ്രബല പട്ടികജാതി വിഭാഗമാണ് വടക്കെമലബാറിലെ പുലയര്‍. ലോകം ശ്രദ്ധിച്ച പൊറ്റകൃഷിയും പുറമ്പോക്ക്-മാട്കൃഷിയും അടങ്ങുന്ന കൈപ്പാട് കൃഷിയുടെ ജ്ഞാനപാരമ്പര്യം ഈ സമുദായത്തിന്റെ സ്വന്തമാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തുരുത്തി നിവാസികളുടെ പൂര്‍വ്വികര്‍ ഇവിടെ എത്തിയതും അങ്ങനെയാണ്. തെക്കന്‍ കറത്തന്‍ എന്ന പുലയ പ്രമുഖന്റെതടക്കമുള്ള പതിനേഴു കുടുംബങ്ങളാണ് തുരുത്തിയിലെ ആദ്യതലമുറ. കൈപ്പാട് കൃഷിയും മീന്‍പിടുത്തവും ഉപജീവനവും അതിജീവനവുമാക്കിയ ഇവര്‍ ആറോണ്‍ ഓട്ട് കമ്പനിയുടെയും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡിന്റെയും വരവോടെ വ്യവസായ മേഖലയിലെ തൊഴിലിടങ്ങളിലേക്ക് എത്തിത്തുടങ്ങി. മിഷനറി പിന്തുണയോടെ ലഭിച്ച വിദ്യാഭ്യാസത്തിന്റെ ബലത്തില്‍ വിരലിലെണ്ണാവുന്നവര്‍ സര്‍ക്കാര്‍ സേവനരംഗത്തും നിലയുറപ്പിച്ചു. പാപ്പിനിശ്ശേരിയുടെയും കണ്ണൂരിന്റെയും പ്രാദേശിക ചരിത്രവും അന്വേഷണങ്ങളും അകറ്റി നിര്‍ത്തിയ ഉത്തര മലബാറിലെ നൂറുകണക്കിന് പുലയ സെറ്റില്‍മെന്റ് കോളനികളില്‍ തുരുത്തിയും ഉള്‍പ്പെടും.
നീര്‍ത്തട-കണ്ടല്‍ പാരിസ്ഥിതിക ആവാസ വ്യവസ്ഥയോട് ചേര്‍ന്നുള്ള ഇവരുടെ ജീവിതം സാമൂഹികശാസ്ത്രപരമായും നരവംശശാസ്ത്രപരമായും ഏറെ പ്രാധാന്യമുള്ളതാണ്. പഴയകാലം തൊട്ട് തന്നെ പുലയ കുടുംബങ്ങളുടെ തൊഴില്‍, ഭക്ഷണം, വിശ്വാസം എന്നിവ നീര്‍ത്തട സംസ്‌കാരവുമായി ഇഴചേര്‍ന്നാണ് വളര്‍ന്നതും വികസിച്ചതും. ഏഴോം, മോറാഴ, മാട്ടൂല്‍, മടക്കര, മാടായി, കുഞ്ഞിമംഗലം തുടങ്ങിയവയുടെ ദേശചരിത്രങ്ങളില്‍ ജന്മി-ജാതി വ്യവസ്ഥയുടെ ക്രൂര പീഡനങ്ങളോട് ചെറുത്ത് നിന്നാണ് ഈ സമുദായം ഇത്രയും വളര്‍ന്നതും വികസിച്ചതും എന്നതിന് ധാരാളം സൂചനകളുണ്ട്. ജാതി വ്യവസ്ഥയുടെ വിവേചനാത്മ വാഴ്ച്ചയുടെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ഉപ്പിലേക്കും ചതുപ്പിലേക്കും ഇവര്‍ ആട്ടിയോടിക്കപ്പെട്ടതും ഒതുക്കപ്പെട്ടതും. ജൈവസമ്പന്നമായ കണ്ടല്‍-നീര്‍ത്തട വനവിഭവത്തിനുമേല്‍ പാരമ്പര്യ അവകാശമുള്ള ഒരു ജനതയാണ് ഇവര്‍.
ബൈപാസ് അലൈന്‍മെന്റും കുടില്‍കെട്ടി സമരവും
ദേശീയപാത വികസനത്തിന്റെ ഭാഗമായി വികസന അതോറിറ്റി പുറത്തുവിട്ട നിര്‍ദ്ദിഷ്ട അലൈന്‍മെന്റ് മൂന്നാമത്തെതാണ്. ഒന്നും രണ്ടും അലൈന്‍മെന്റുകള്‍ വളവുകളില്ലാത്തതും ഏതെങ്കിലും ഒരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കാത്തതുമായിരുന്നുവെങ്കില്‍ മൂന്നാമത്തെത് 90 ശതമാനവും തുരുത്തിയിലെ പട്ടികജാതി വിഭാഗത്തെ കുടിയിറക്കുന്ന തരത്തിലുള്ളതാണ്. വേളാപുരം മുതല്‍ തുരുത്തി വരെ 500 മീറ്റര്‍ നീളത്തിനിടയില്‍ ഒരു വളവ് ബോധപൂര്‍വ്വം സൃഷ്ടിച്ച് 29 കുടുംബങ്ങളെ പൂര്‍ണ്ണമായും കുടിയിറക്കുന്ന രൂപത്തിലേക്ക് അലൈന്‍മെന്റ് മാറി. 2016ല്‍ പുറത്തു വന്ന പ്രസ്തുത അലൈന്‍മെന്റ് നോട്ടിഫിക്കേഷന്‍ പ്രകാരം ഈ കുടുംബങ്ങളില്‍ മിക്കതും ദേശീയപാത വികസന അതോറിറ്റിക്ക് വിയോജിപ്പ് വ്യക്തിപരമായി എഴുതി നല്‍കുകയുണ്ടായി. എന്നാല്‍ യാതൊരു തരത്തിലുള്ള അനുകൂല പ്രതികരണവും അതോറിറ്റിയില്‍ നിന്നുണ്ടായില്ല. പഞ്ചായത്ത് അധികാരികള്‍, ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരെ പല ഘട്ടങ്ങളിലായി ഈ കുടുംബാംഗങ്ങള്‍ പരാതിയുമായി സമീപിച്ചെങ്കിലും ഇവരുടെ പരാതി കേള്‍ക്കാനുള്ള ഒരു അവസരവും അധികാരികള്‍ സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തുരുത്തി നിവാസികള്‍ ഒരു ആക്ഷന്‍ കമ്മറ്റിക്ക് രൂപംകൊടുത്തു.
ഭരണഘടനാപരമായി പരിരക്ഷ ലഭിക്കേണ്ട ഒരു ജനവിഭാഗത്തെ കൂട്ടമായി വേരോടെ പിഴുത് കളയുന്ന സമീപനം പുനഃപരിശോധിക്കണമെന്ന ആവശ്യം നിരന്തരമായി തള്ളപ്പെടുകയാണുണ്ടായത്. ഒന്നും രണ്ടും അലൈന്‍മെന്റുകള്‍ ഈ രൂപത്തില്‍ തിരുത്തപ്പെട്ടത് എന്തിനാണെന്ന ചോദ്യത്തിന് ചില വി.ഐ.പി ഇടപെടലുകള്‍ ഉണ്ടായി എന്നായിരുന്നു വിവരാവകാശ പ്രകാരം അതോറിറ്റിയില്‍ നിന്ന് ലഭിച്ച മറുപടി. അലൈന്‍മെന്റില്‍ പുതുതായി വന്നു ചേര്‍ന്ന നിര്‍ദ്ദിഷ്ട വളവ് ഒഴിവാക്കിയാല്‍ തന്നെ 25 പുലയ കുടുംബങ്ങള്‍ രക്ഷപ്പെടും എന്ന കാര്യം കമ്മറ്റി ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അലൈന്‍മെന്റിന് മേല്‍ ചര്‍ച്ചയില്ല എന്നായിരുന്നു മറുപടി. തുടര്‍ന്ന് ഏപ്രില്‍ 27-ാം തീയ്യതി കോളനിയിലെ ദളിത് കുടുംബങ്ങള്‍ തുരുത്തിയില്‍ കുടില്‍ കെട്ടി സമരം ആരംഭിക്കുകയുണ്ടായി. മുഖ്യധാര പ്രസ്ഥാനങ്ങളും അവരുടെ വികസന നയങ്ങളും കേരളത്തിലും ഇന്ത്യയിലും സ്വീകരിച്ചു പോകുന്ന ദലിത്/പരിസ്ഥിതി വിരുദ്ധ സമീപനങ്ങള്‍ തുറന്നു കാട്ടും വിധത്തില്‍ പൊതുസമൂഹത്തില്‍ നിന്നും വിവിധ ദലിത് സമുദായ സംഘടനാ പ്രവര്‍ത്തകരില്‍ നിന്നും പൗരാവകാശ പ്രവര്‍ത്തകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ആവേശകരമാണ്.
ദലിത് കുടുംബങ്ങളെ ബന്ദിയാക്കിയുള്ള പോലീസ് അറസ്റ്റ്
2018 മെയ് 9-ാം തീയ്യതി ബൈപാസ് സര്‍വ്വെ അധികാരികള്‍ എത്തുകയും എതിര്‍ത്ത് നിന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറു കണക്കിന് ആളുകളെ ബലാല്‍കാരമായി അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുപോകുകയും സ്ഥലമുടമകളുടെ അസാന്നിധ്യത്തില്‍ സര്‍വ്വെ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഭൂവുടമകളുടെ സാന്നിധ്യത്തില്‍ നീതിപൂര്‍ണ്ണമായി നടക്കേണ്ട സര്‍വ്വെയാണ് പോലീസ് അറസ്റ്റിലും അതിക്രമങ്ങളിലും കലാശിച്ചത്. കണ്‍സള്‍ട്ടന്റ് കമ്പനിയും ഭൂമാഫിയകളും വികസന സവര്‍ണ്ണലോബികളും നടത്തുന്ന ഗൂഢാലോചനകളുടെ ഇരകളായി തീരുന്നത് വെറും 29 ദലിത് കുടുംബങ്ങള്‍ മാത്രമായിരിക്കില്ല. മറിച്ച് ബൈപാസ് നിര്‍മ്മാണാനന്തരം സൃഷ്ടിക്കപ്പെടുന്ന വെള്ളക്കെട്ടും നിര്‍മ്മാണാവശിഷ്ടങ്ങളും നൂറു കണക്കിന് കുടുംബങ്ങളുടെ വീടിന്റെയും പറമ്പിന്റെയും കുടിവെള്ളത്തിന്റെ ജൈവസ്വഭാവം നശിപ്പിക്കുകയും ക്രമേണ അവര്‍ വീടും പറമ്പും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യും എന്നത് ഇത്തരം വികസന നീക്കങ്ങളുടെ പൂര്‍വ്വകാല അനുഭവമാണ്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍കമ്മിറ്റി വിപുലമായ സമരസഹായ സമിതിക്ക് രൂപം നല്‍കുകയും പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുകയുണ്ടായി.
നീര്‍ത്തട പരിസ്ഥിതിയുടെ നാശം
1971ലെ രാം സാര്‍ പരിസ്ഥിതി ഉച്ചകോടി തീരുമാനം അനുസരിച്ച് ലോകത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പിന്തുണക്കുന്നതും കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം, ഭക്ഷ്യസുരക്ഷ എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്ന നീര്‍ത്തട ജൈവ വൈവിധ്യ സംരക്ഷണ പരിധിയില്‍ വരുന്ന അമൂല്യമായ ഉപ്പൂറ്റി, കണ്ണാമ്പെട്ടി, മച്ചിന്‍തോല്‍, ഭ്രാന്തന്‍ കണ്ടല്‍ തുടങ്ങിയ കണ്ടല്‍ ഇനങ്ങളും തീരപരിസ്ഥിതിയെയും ജലപരിസ്ഥിതിയെയും നിയന്ത്രിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന നിരവധി സൂക്ഷ്മ ജീവികളുടെയും സസ്യങ്ങളുടെയും സമ്പന്നമായ ആവാസ നീര്‍ത്തട കേന്ദ്രമാണ് വളപട്ടണം പുഴയുടെ വടക്കെ തീരത്തുള്ള നിര്‍ദ്ദിഷ്ട അലൈന്‍മെന്റ് ഉള്‍ക്കൊള്ളുന്ന തുരുത്തി പ്രദേശം. ചുരുക്കത്തില്‍ തികഞ്ഞ ദലിത്/പരിസ്ഥിതി വിരുദ്ധ സമീപനം കൊണ്ട് തീര്‍ത്തും ഹിംസാത്മകവും ജനവിരുദ്ധവുമായിത്തീരുകയും ഈ പ്രദേശത്തെ തലമുറകള്‍ കഴിയുമ്പോള്‍ വെറും ചാവുനിലയമായി ഈ ബൈപാസ് അലൈന്‍മെന്റ് മാറ്റുമെന്നതാണ് വസ്തുത.
മുഖ്യധാര പ്രസ്ഥാനങ്ങളും അവരുടെ വികസന നയങ്ങളും കേരളത്തിലും ഇന്ത്യയിലും സ്വീകരിച്ചു പോകുന്ന ദലിത്/പരിസ്ഥിതി വിരുദ്ധ സമീപനങ്ങള്‍ തുറന്നു കാട്ടും വിധത്തില്‍ പൊതുസമൂഹത്തില്‍ നിന്നും വിവിധ ദലിത് സമുദായ സംഘടനാ പ്രവര്‍ത്തകരില്‍ നിന്നും പൗരാവകാശ പ്രവര്‍ത്തകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ആവേശകരമാണ്.
തകര്‍ക്കപ്പെടുന്ന പുലയ ആരാധന കേന്ദ്രം
അലൈന്‍മെന്റില്‍ പറയുന്ന ദേശത്ത് 400 വര്‍ഷം പഴക്കമുള്ള ഒരു ആരാധന കേന്ദ്രം നിലനില്‍ക്കുന്നുണ്ട്. തുരുത്തിയില്‍ അരിങ്ങളേയന്‍ തറവാട്ടുകാരുടെതാണ് ശ്രീ പുതിയില്‍ ഭഗവതി ക്ഷേത്രം. പുലയരുടെ ആചാരവും അനുഷ്ഠാനവും വിശ്വാസവുമായി തുരുത്തിയില്‍ സജീവമാണ് പ്രാദേശിക ജനതയുടെതായി നിലകൊള്ളുന്ന ഈ ആരാധനാലയം. ഈ കീഴാള ആരാധനാലയം ബൈപാസ് വരുന്നതോടുകൂടി പൂര്‍ണ്ണമായും ഇല്ലാതാവും. ഒരു ജനതയുടെ വിശ്വാസത്തിനും സംസ്‌കാരത്തിനും മേല്‍ വികസനത്തിന്റെ ബുള്‍ഡോസര്‍ കയറി ഇറങ്ങുന്നതിന്റെ ഭീതിയിലാണ് തദ്ദേശീയരായ ജനങ്ങള്‍. എന്തു വിലകൊടുത്തും ഈ അലൈന്‍മെന്റ് തിരുത്താനുള്ള പോരാട്ടത്തില്‍ സമരസമിതിക്ക് ഒപ്പം നില്‍ക്കുമെന്ന തീരുമാനത്തിലാണ് ക്ഷേത്രകമ്മിറ്റി.
ബൈപാസ് വന്‍മതിലും പരിസ്ഥിതിയുടെ ഇരട്ടനാശവും
തുരുത്തി എന്ന അതീവ നീര്‍ത്തട പരിസ്ഥിതി ലോലപ്രദേശത്തിന് മുകളില്‍ ബൈപാസ് കടന്നു പോകുമ്പോള്‍ ചരിത്രം ഉണര്‍ന്നിരിക്കുന്ന വളപട്ടണം പുഴയും അതിന്റെ ജൈവസമ്പത്തും വേരോടെ പിഴുതെറിയപ്പെടും. കക്കവാരല്‍, തടുക്കല്‍, വലയിളക്കല്‍, ചെമ്മീന്‍ തിരക്കല്‍, വക്കകല്‍ ഇങ്ങനെ തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ പൂര്‍ണ്ണമായും പിന്‍വാങ്ങേണ്ടി വരും. മീനുകള്‍ ചെമ്മീനുകള്‍ ഞണ്ടുകള്‍ മലിഞ്ഞിലുകള്‍ നീര്‍ത്തട പക്ഷികള്‍ എന്നിങ്ങനെ എണ്ണമറ്റ ജൈവ വൈവിധ്യം പൂര്‍ണ്ണമായും ഇല്ലാതാവും. ഇതിനു പുറമെ ബൈപാസ് നിര്‍മ്മാണത്തിനാവശ്യമായ മണ്ണ് സമീപ പഞ്ചായത്തുകളില്‍ നിന്ന് ശേഖരിക്കേണ്ടി വരുമ്പോള്‍ കുന്നുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടും. ഇങ്ങനെ പരിസ്ഥിതിയുടെ ഇരട്ടനാശം സംഭവിക്കും. ഭാവിയില്‍ വളപട്ടണം പുഴ ഒരു ഓര്‍മ്മയായി മാറും. നീരിടങ്ങള്‍ (Water Space) പൂര്‍ണ്ണമായും നശിക്കുകയും ഇത് വെള്ളപൊക്കത്തിനും ജലക്ഷാമത്തിനും ഒരുപോലെ വഴിയൊരുക്കും. ചുരുക്കത്തില്‍ പരിസ്ഥിതിയുടെ ഇരട്ടനാശമാണ് ഈ ബൈപാസ് നിര്‍മ്മാണമുണ്ടാക്കാന്‍ പോകുന്നത്.
അലൈന്‍മെന്റില്‍ ഇടപെട്ട വി.ഐ.പികള്‍ ആരൊക്കെയാണ്?
തുരുത്തിലെ ജനങ്ങള്‍ സ്വാഭാവികമായി സമരമുഖത്തേക്ക് എടുത്തെറിയപ്പെടുകയാണുണ്ടായത്. കുടില്‍കെട്ടി സമരം, സര്‍വ്വെയെ തുടര്‍ന്ന് പോലീസ് അറസ്റ്റിലേക്കും അതിക്രമത്തിലേക്കും നീങ്ങിക്കഴിഞ്ഞു. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലയിലെ പട്ടികജാതി വിഭാഗങ്ങളെ വംശീയമായി സ്വാധീനിക്കും വിധം സമരത്തിന്റെ ഉള്ളടക്കം വിനിമയം ചെയ്യപ്പെട്ടു. ഈ സമരം ഉയര്‍ത്തുന്ന നിരവധി ചോദ്യങ്ങളുണ്ട്. ഏറെക്കുറെ നീതിപൂര്‍വ്വമായിരുന്ന ഒന്നും രണ്ടും അലൈന്‍മെന്റുകളില്‍ ഇടപെട്ട് സ്വാധീനം ചെലുത്തി അതിനെ ഏകപക്ഷീയമായ തികഞ്ഞ ദലിത്/പരിസ്ഥിതി വിരുദ്ധ അലൈന്‍മെന്റായി മാറ്റുന്നതിന് ആരാണ് ഇടപെട്ടത്? വിവരാവകാശ നിയമം പുറത്ത് പറയുന്ന വി.ഐ.പികള്‍ ആരാണ്? ഭരണാധികാരികളും ദേശീയപാത വികസന അതോറിറ്റി അധികൃതരും തുരുത്തി നിവാസികളോട് മറുപടി പറയേണ്ടതുണ്ട്.
സമരസമിതി ആവശ്യപ്പെടുന്നത്
ഗവണ്‍മെന്റും ദേശീയപാത വികസന അതോറിറ്റിയും പല കാര്യങ്ങളിലും തിരുത്തല്‍ വരുത്തേണ്ടി വരുമെന്ന സൂചനയാണ് തുരുത്തി സമരം പൊതുസമൂഹത്തോട് പറയുന്നത്. കുടികിടപ്പ് അവകാശത്തിലൂടെ നേടിയ നാമമാത്രമായ ഭൂവുടമസ്ഥതയും പുരുഷായുസ്സ് കൊണ്ട് നിര്‍മ്മിച്ചെടുത്ത വീടുകളും മാത്രമാണ് ഈ 29 കുടുംബങ്ങള്‍ക്കും ഉള്ളത്. അലൈന്‍മെന്റില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച വളവിലൂടെ ദലിത് കുടുംബങ്ങളുടെ നാശം തന്നെയാണ് ഭരണാധികാരികള്‍ ഉറപ്പുവരുത്തിയത്. വ്യാപാരികളുടെയും വ്യവസായ പ്രമുഖരുടെയും പ്രബലജാതി വിഭാഗങ്ങളുടെയും ഇടുങ്ങിയ താല്‍പര്യത്തിന് വഴങ്ങിയതിന്റെ ഫലമാണിത്. ഭരണഘടന പരിരക്ഷ ലഭിക്കേണ്ടുന്ന ദുര്‍ബല വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പകരം ദലിത് സംസ്‌കാരത്തെയും പരിസ്ഥിതിയെയും വേരോടെ പിഴുതെറിയുന്നതിനും വന്‍കിട ടൂറിസ്റ്റ് സമുച്ചയങ്ങളും അതുവഴിയുള്ള കച്ചവട വ്യാമോഹങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാനാണ് ഗവണ്‍മെന്റും അതോറിറ്റിയും ശ്രമിക്കുന്നത്. സമരസമിതി വികസനത്തിന് എതിരല്ല; ഒന്നുകില്‍ ഒന്നും രണ്ടും അലൈന്‍മെന്റുകളിലേക്ക് അതോറിറ്റി തിരിച്ചു പോകുക അല്ലെങ്കില്‍ മേല്‍പാലം നിര്‍മ്മിച്ചുകൊണ്ട് ആവാസ ജനതയെയും പരിസ്ഥിതിയെയും സാമൂഹിക ആഘാതങ്ങളില്‍ നിന്നും പാരിസ്ഥിതിക ആഘാതങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് സമരസമിതി ആവശ്യപ്പെടുന്നത്. ലക്ഷ്യം നേടുന്നതിലേക്കായി മുഴുവന്‍ ദലിത് സംഘടനകളുടെയും രാഷ്ട്രീയ സംഘടനകളുടെയും പരിസ്ഥിതി പൗരവകാശ പ്രവര്‍ത്തകരുടെയും പിന്തുണ സമിതി ആവശ്യപ്പെടുകയാണ്.