അപദേശവൽക്കരണത്തിന്റെ സയന്‍സ്‌ ഫിക്ഷൻ സാധ്യതകൾ

സാഹിത്യം അപദേശവൽക്കരണത്തെ ആഖ്യാനപ്പെടുത്തുന്നുവെന്ന ദെല്യൂസിയൻ നിരീക്ഷണം ആംഗ്ലോ-അമേരിക്കൻ/ഫ്രഞ്ച് ദ്വന്ദ്വത്തിൽ കൂടിക്കുഴഞ്ഞ് കിടക്കുന്നു, ആ ദ്വന്ദം ഭേദിക്കാൻ അതിന് ശേഷിയുണ്ടെങ്കിലും. അപദേശവൽക്കരണത്തെ ദെല്യൂസിയൻ ദേശനിർമിതിയിൽ നിന്ന് വിമോചിപ്പിക്കുന്ന ദൗത്യമാണ് സയന്‍സ് ഫിക്ഷൻ നിർവഹിക്കുന്നത്. ഫിലിപ് ഡിക്കിന്റെ രചനകൾ മുൻനിർത്തി ഷമീർ കെ.എസ് എഴുതുന്നു.

2007ലാണ് ഗിൽസ് ദെല്യൂസ് ആംഗ്ലോ-അമേരിക്കൻ സാഹിത്യങ്ങളുടെ മേന്മയെക്കുറിച്ച് സംസാരിക്കുന്നത്. ഫ്രഞ്ച് സാഹിത്യവുമായുള്ള അവയുടെ താരതമ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന വേളയിലാണ്, ദെല്യൂസിയൻ എന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കാത്ത നിരീക്ഷണം അദ്ദേഹം അവതരിപ്പിച്ചത്. ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും രാജാക്കന്മാർ തമ്മിലുള്ള വ്യത്യാസങ്ങളും, പാലായനവും (flight) യാത്രയും (travel) തമ്മിലുള്ള വ്യത്യാസങ്ങളും ഇംഗ്ലീഷിലും ഫ്രഞ്ചിലും എഴുതപ്പെട്ട സാഹിത്യങ്ങൾ തമ്മിലുള്ള വിയോജിപ്പുകളെ രേഖപ്പെടുത്താൻ ദെല്യൂസ് അനുരൂപമാക്കുന്നുണ്ട്. ആദ്യത്തെ താരതമ്യം വളരെ കൃത്യമാണ്. ദെല്യൂസ് പറയുന്നു:

“ഫ്രാൻസിലെ രാജാവ് നാട്ടിലെ രാഷ്ട്രീയവും അനന്തരാവകാശവും, വിവാഹങ്ങളും, കോടതി കാര്യങ്ങളും, കുതന്ത്രവും, വഞ്ചനയുമൊക്കെയായി അങ്ങനെ കഴിഞ്ഞുപോകും. ഇംഗ്ലീഷ് രാജാവാകട്ടെ അപപ്രാദേശികവൽക്കരണത്തിന്റെ സഞ്ചാരത്തിലും, അലച്ചിലുകളിലും, സ്ഥാന പരിത്യാഗത്തിലും മുഴുകും. അവരുടെ വഞ്ചനകൾക്ക് അമ്പരിപ്പിക്കുന്ന വേഗതയുണ്ടാവും. അവർ മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രവാഹം സൃഷ്ടിക്കുന്നു. എന്നാൽ ഫ്രഞ്ചുകാരൻ ആ പ്രവാഹങ്ങളെ തടഞ്ഞു നിർത്തുന്ന വിധം അധികാരത്തിന്റെ ബൂർഷ്വാ സാമഗ്രികൾ കണ്ടെടുക്കുന്നു.” (Deleuze, Dialogues 11)

ഗിൽസ് ദെല്യൂസ്

ഡി.എച്ച്.ലോറൻസിനെ ആശ്രയിച്ചു കൊണ്ട് ദെല്യൂസ് ആംഗ്ലോ-അമേരിക്കൻ സാഹിത്യങ്ങളുടെ മേന്മയായി പറഞ്ഞു വെക്കുന്നത്, അവയിലെ അപദേശവൽക്കരണത്തിന്റെ (deterritorialisation) സാധ്യതകളാണ്. “അവ കുതറിമാറുന്നു. രക്ഷപെടുന്നു. അടയാളം അവശേഷിപ്പിക്കുന്നു.” തോമസ് ഹാർഡി, ഹെർമൻ മെൽവിൽ, റോബർട്ട് സ്റ്റീവൻസൺ, വെർജിനീയ വുൽഫ്, ഫിറ്റ്സെരാൾഡ് തുടങ്ങിയർ അവശേഷിപ്പിച്ച അടയാളങ്ങളിലൂടെ വികസിച്ചതാണ് ആംഗ്ലോ-അമേരിക്കൻ സാഹിത്യം. കുതറിമാറുമ്പോൾ പുതിയ ദേശനിർമിതികളിലൂടെ സ്ഥാപിതമാകുന്ന അധികാരം, അഥവാ കൊളോണിയലിസത്തെക്കുറിച്ച് ദെല്യൂസ് ആശങ്കപ്പെടുന്നില്ല. മുതലാളിത്ത വ്യവസ്ഥിതിയുടെ വികാസത്തെപ്പോലെ, അതും അനിവാര്യമായ പ്രവാഹമായി ദെല്യൂസ് കാണുന്നുണ്ടാവാം. “ഫാസിസത്തിൽ നിന്ന് കുതറിയോടുമ്പോൾ ഓടുന്ന കാലടയാളങ്ങളിൽ ഫാസിസം ഖനീഭവിച്ച് കിടക്കുന്നത് നാം കണ്ടെത്തുകയാണ്. നാം എന്തിൽ നിന്നെല്ലാം ഒളിച്ചോടുന്നുണ്ടോ, നമ്മടെ ദേശരാഷ്ട്രത്തെയും, അധികാര സമവാക്യങ്ങളെയും പുനർസംഘടിപ്പിച്ചു കൊണ്ടാണത് നാം ചെയ്യുന്നത്.” ആംഗ്ലോ-അമേരിക്കൻ സാഹിത്യങ്ങളുടെ മേന്മയെന്നാൽ വംശീയമോ, രാഷ്ട്രീയാധികാരപരമോ ആയ മേന്മയല്ല, മറിച്ച് നടപ്പുശീലങ്ങളുടെ ചടപ്പിൽ നിന്ന് രക്ഷപെടാനുള്ള സാഹിത്യ ശീലങ്ങളുടെ ഉന്മുഖതയാണ് കാണിക്കുന്നത്.

ആംഗ്ലോ അമേരിക്കൻ സാഹിത്യങ്ങളുടെ ഈ സ്ഥാനാരോഹണത്തെ സാഹിത്യ വിമർശനത്തിന്റെ കാനൂനുകൾ ഉപയോഗിച്ചും സാഹിത്യ ചരിത്രത്തിന്റെ സവിശേഷതകളെ അടയാളപ്പെടുത്തിക്കൊണ്ടും വിമർശിച്ചതിൽ പ്രമുഖ ടജാന ജൂകിഷ് (Tatjana Jukić) ആണ്. വിക്ടോറിയൻ കാലഘട്ടത്തിലെ എഴുത്തുകാരായ കാർലൈൽ, അർനൾഡ്, ഡിക്കിൻസ് എന്നിവരെ മുൻനിർത്തി, ജനസഞ്ചയത്തെയും രാഷ്ട്രീയത്തെയും തത്വശാസ്ത്രത്തിനുവേണ്ടി പുനർസംഘടിപ്പിക്കുന്നതിൽ ആംഗ്ലോ-അമേരിക്കൻ സാഹിത്യം വിജസിച്ചുവെന്ന ദെല്യൂസിന്റെ വാദത്തെ അവർ പ്രശ്നവൽക്കരിക്കുന്നു.

എന്നാൽ ഉത്തരകൊളോണിയൽ സാഹിത്യ പഠനത്തിന്റെ സന്ദർഭത്തിലും ദെല്യൂസിന്റെ വാദം കൊളോണിയൽ യജമാനാഖ്യാനങ്ങളുടെ (master narratives) മാപ്പുസാക്ഷിവാദമായി വായിക്കപ്പെടാവുന്നതാണ്. ഈ വാദം അദ്ദേഹം ഉന്നയിക്കുന്ന 2007ൽ ആഫ്രിക്ക, ഏഷ്യ, ദക്ഷിണമേരിക്ക വൻകരകളിലെ സാഹിത്യങ്ങൾ യൂറോപ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയിലൊക്കെയും, അപപ്രാദേശികവൽക്കരണത്തിന്റെയും, രാഷ്ട്രീയത-ദാർശനികതയുടെയും (politico-philosophical) ആഖ്യാനങ്ങൾ ഇഴചേർന്ന് കിടക്കുന്നുണ്ട് (ചിന്വ അഷബെ, ജെ.എം.ക്വറ്റ്സി എന്നിവർ ഉദാഹരണം). “അമേരിക്കൻ സാഹിത്യം ഭൂമിശാസ്ത്രപരമായ രേഖകൾക്കനുസരിച്ചാണ് സഞ്ചരിക്കുന്നത്, പടിഞ്ഞാറോട്ടുള്ള പാലായനം.. ശരിയായ പൗരസ്ത്യം പടിഞ്ഞാറാണുള്ളത്.”

ഫ്രഞ്ചു ഭാഷയുടെയും സാഹിത്യത്തിന്റെയും ദേശകേന്ദ്രീകരണത്തെ (territory-centrism) ചോദ്യം ചെയ്യുന്നതിനാണ് ഇംഗ്ലീഷ് ഭാഷകളെയും സാഹിത്യത്തയും ദെല്യൂസ് മഹത്വപ്പെടുത്തുന്നതെങ്കിലും, അദ്ദേഹം സ്വയം തന്നെ പ്രദേശം എന്ന ലോജിക്കിന്റെ നിരവധി സങ്കീർണതകളിൽ അകപ്പെടുന്നത് കാണാം. ഫ്രഞ്ചു ഭാഷ ശുദ്ധ ഭാഷ വാദഗതിയുടെ ആത്മരതിയിൽ അകപ്പെടുമ്പോൾ, ഇംഗ്ലീഷ് അമേരിക്കൻ ആധിപത്യത്തിന്റെ ഉപാധിയാണെങ്കിലും സ്വയമേവ വളഞ്ഞും തിരിഞ്ഞും ചിതറിത്തെറിച്ചും ന്യൂനപക്ഷങ്ങളുടെ അപനിർമിതിക്കായി പരുവപ്പെട്ട് കിടക്കുന്നു എന്ന ദെല്യൂസിന്റെ വാദത്തിൽ ഫ്രഞ്ച് ദേശീയതയോടുള്ള വിരോധമാണ് പുതിയ സാഹിത്യ മഹത്വനിർമിതിയുടെ കാരണമെന്ന വസ്തുത നിഴലിച്ച് കിടക്കുന്നു. അപപ്രാദേശികവൽക്കരണം എന്ന സങ്കൽപത്തിലും ഒരു പ്രദേശത്തിന്റെ മഹത്വവൽക്കരണം സംഭവിക്കുന്നത് ബോധപൂർവമല്ലായിരിക്കാം. പക്ഷേ അങ്ങിനെ സംഭവിക്കുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ.

എന്നാൽ ദെല്യൂസ് ഇംഗ്ലീഷ് സാഹിത്യങ്ങളുടെ മഹത്വവൽക്കരണത്തിന് കാരണമായി പറയുന്ന കാര്യങ്ങൾ – അപദേശവക്കരണം, ആഖ്യാനത്തിന്റെയും മറ്റും തത്വശാസ്ത്രപരത, സാഹിത്യവിമർശനത്തിന് വിധേയമാകുന്നതിന് മുമ്പ് ആ ധർമം നിർവഹിക്കുക – ഇന്ന് സാധ്യമാക്കുന്നത് സയൻസ് ഫിക്ഷനുകളാണെന്ന് കാണാം. ആ അർഥത്തിൽ ഭൂമിശാസ്ത്രപരമായ രേഖകൾക്കപ്പുറത്ത് ദെല്യൂസിന്റെ നിരീക്ഷണം പ്രസക്തമാണ്.

കുതറിയോട്ടം അല്ലെങ്കിൽ പാലായനം എന്നത് കൃത്യമായി പറഞ്ഞാൽ സഞ്ചാരമല്ലെന്നും, ഫ്രഞ്ചുകാരുടെ ഈഗോ സഞ്ചരിക്കുന്നതാണെന്നും, ചലനാത്മകമല്ലാത്ത യാത്രയുണ്ടെന്നും ദെല്യൂസ് പറയുന്നിടത്ത് വെച്ച് നമുക്കദ്ദേഹത്തിന്റെ ചിന്തയെ പുനർസംഘടിപ്പിക്കാം. അതിന് 26 കൊല്ലം മുൻപോട്ട്‌ യാത്ര ചെയ്യാം. 1981ൽ ഫിലിപ് കെ.ഡിക്കിന്റെ അടുത്തേക്ക്.

പല വാള്യങ്ങളിലായി സമാഹരിക്കപ്പെട്ട ഫിലിപ് ഡിക്കിന്റെ ചെറുകഥാ സമാഹാരങ്ങളുടെ ആമുഖമായി സയൻസ് ഫിക്ഷനെ നിർവചിച്ചു കൊണ്ടുള്ള ഡിക്കിന്റെ കത്ത് ഉൾപെടുത്തിയിട്ടുണ്ട്. Dislocation, dysrecognition, chain reaction of ramification-ideas തുടങ്ങിയ പദാവലികൾ ഉപയോഗിച്ചാണ് സയൻസ് ഫിക്ഷന്റെ ലോകത്തെ ഡിക് അടയാളപ്പെടുത്തുന്നത്. സയൻസ് ഫിക്ഷന്റെ ലോകം സ്തോഭജനകമാം വിധം അപരിചിതമായ ഒന്നാണ്. അറിയപ്പെടുന്ന ലോകത്തിന്റെ കെട്ടിലും അടിത്തറയിലും വാർക്കപ്പെട്ടതും എന്നാൽ പെട്ടെന്ന് മാറിമറയുന്നതുമായ വിചിത്ര പ്രകൃതിയാണ് ആ ലോകം. ആ ലോകത്തെ നിയന്ത്രിക്കുന്നത് സങ്കീർണമായ ആശയങ്ങളുടെ പ്രതിപ്രവർത്തനമാണ് അത്തരം ഒരു ലോകത്തെ സാധ്യമാക്കുന്നത്.

ഫിലിപ് കെ. ഡിക്

സമകാലികത എന്നത് ക്രമത്തിൽ അപരിചിതവും അതിരുകൾ മാറ്റിവരക്കപ്പെട്ടതുമായ ഒരു ചരിത്രഘട്ടമാണ്. പൗരത്വം, ദേശീയത, ദേശക്കൂറ് തുടങ്ങിയ നോഡുകളിൽ ലംബമായും തിരശ്ചീനമായും വരക്കപ്പെട്ട സാങ്കൽപികമായ ഇടങ്ങളുടെ ആധിപത്യമാണ് നമുക്ക് നേരെ വന്ന് നിൽക്കുന്നത്. ഇത് യാഥാർഥ്യമാണെന്ന പ്രത്യയശാസ്ത്ര പരികൽപനക്കപ്പുറത്ത് (ideology) കാലത്തിന്റെ ഓരത്തിലൂടെ ചരിത്രത്തിന് വെളിയിൽ കടക്കാൻ കഴിയുന്ന സാധ്യതകളെ സയൻസ് ഫിക്ഷൻ അവതരിപ്പിക്കുന്നു. അത് ടൈം മെഷീനിലൂടെയാകാം, സൈബർ പങ്ക് (cyberpunk) മുന്നോട്ട് വെക്കുന്ന കുഴഞ്ഞു മറിഞ്ഞ ആശയങ്ങളിലൂടെയാകാം, ഇന്ന് അപ്രസക്തമെന്ന് വിധിക്കപ്പെട്ട പൂർവകാലത്തിന്റെ വീണ്ടെടുപ്പിലൂടെ ആകാം.

ഫിലിപ് ഡിക്കിന്റെ Do Androids Dream of Electric Sheep? എന്ന നോവലിൽ പോസ്റ്റ്-അപോകലിപ്റ്റിക് ഘട്ടത്തിൽ സംഭവിക്കുന്ന സ്ഥലങ്ങളെ അതിവർത്തിക്കുന്ന പ്രവാഹമുണ്ട്. മനുഷ്യൻ, ആൻഡ്രോയിഡ് (റോബോട്ട്), സഹാനുഭൂതി, പോലീസിംഗ് തുടങ്ങിയ ആശയങ്ങളുടെ കുഴച്ചുമറിച്ചിലിലൂടെ സംഭവിക്കുന്ന അവ്യക്തതയാണ് നോവലിന്റെ സ്ഥലരാശിയെ അടയാളപ്പെടുത്തുന്നത്.

അസ്ഥി-മജ്ജയുടെ അപഗ്രഥനത്തിലൂടെ മാത്രമാണ് മനുഷ്യനെയും, ആൻഡ്രോയിഡിനെയും പരസ്പരം തിരിച്ചറിയാനാവുക. അതുപോലെ, എംപതി ബോക്സുകളിലൂടെയാണ് മതപരമായ സാമൂഹികത നിർമിച്ചെടുക്കുന്നത് (അത് സ്വാഭാവികമായി രൂപപ്പെടുകയല്ല). അങ്ങിനെയുള്ള ലോകത്ത്, പക്ഷേ, പാതിമനുഷ്യരായ സ്പെഷ്യലുകളെ പ്രത്യേകം മാർക് ചെയ്യപ്പെട്ടിട്ടുണ്ട് (അംഗപരിമിതരും മറ്റും). അതുകൊണ്ട് ഇവിടെ സഹാനുഭൂതിയും പോലീസിങും തമ്മിലുള്ള വ്യത്യാസം നേർത്തതാകുന്നു.

ഒരുപക്ഷേ ഇത് നാളെ വരാനിരിക്കുന്ന ലോകമല്ല. മനുഷ്യൻ, പാതിമനുഷ്യൻ, യന്ത്രമനുഷ്യൻ, സാങ്കേതിക വിദ്യയിലൂടെ രൂപപ്പെടുന്ന പൗരസമൂഹങ്ങൾ, അതിനു വേണ്ടി പരുവപ്പെടുന്ന മത-ആത്മീയ ധാരകൾ, പോലീസിങ് ചെയ്യപ്പെടുന്ന വികാരങ്ങൾ തുടങ്ങിയ പ്രമേയങ്ങൾ ഒരു സയൻസ് ഫിക്ഷന്റെ സ്ഥലരാശിയേക്കാൾ ഭീകരമായി നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഒന്നിൽ നിന്ന് കുതറിമാറി മറ്റൊരിടത്ത് ചെന്നെത്തി ആശ്വസിക്കാനുള്ള സാധ്യത അവിടെയില്ല. ദെല്യൂസിന്റെ അപദേശവൽക്കരണത്തിന്റെ നോഡുകൾ നിലവിലുള്ള ദേശങ്ങളിലൂടെയാണ് നൂണ്ട് പോകുന്നത്. This is the best of all possible worlds എന്ന ലോകവീക്ഷണത്തിലാണ് അതിന്റെ കിടക്കുന്നത്. ഫ്രാങ്കോഫോൺ (Francophone) മോശമാകുമ്പോൾ ആംഗ്ലോ-അമേരിക്കൻ മികച്ചു നിൽക്കുന്നത് അവിടെയാണ്.

ചൊവ്വയിലേക്ക് ചെന്നെത്തുന്നതും ഈ മനുഷ്യർ തന്നയാണല്ലോ എന്ന സന്ദേഹം ഡിക്കിന്റെ നോവലിൽ ഉടനീളം കാണാം. അദ്ദേഹം സ്വാധീനം ചെലുത്തിയ പുതിയ വർക്കുകളിൽ, ഡാർക് പോലുള്ള (Dark) സീരീസുകളിൽ, കാണപ്പെടുന്ന സ്ഥലകാലങ്ങളുടെ അച്ചടക്കമില്ലാത്ത പ്രവാഹത്തിലൂടെ സാധ്യമാകുന്ന ഭീതിതമായ ലോകം (dystopia) സമകാലികമായ ദേശത്തെക്കുറിച്ചുള്ള അവിശ്വാസ്യത (mistrust) രൂപപ്പെടുത്തിയതാണ്. ആ അവിശ്വാസ്യതയാണ് സയൻസ് ഫിക്ഷന്റെ ലോകം. ദെല്യൂസിന്റെ അപദേശവത്കരണത്തെ സൈദ്ധാന്തികമായി വികസിപ്പിക്കേണ്ടത് അത്തരം ലോകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലൂടെയാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലും പോയി ആ അന്വേഷണം വഴിമുട്ടി നിൽക്കേണ്ടതില്ല.

Top