സ്വയം തിരിച്ചറിവിന്റെ തെരഞ്ഞെടുപ്പുകൾ

കെട്ടുറപ്പുള്ള പ്രമേയം കൊണ്ടും ശക്തമായ ഭാഷ കൊണ്ടും കനേഡിയൻ സാഹിത്യലോകത്തു ശ്രദ്ധേയയായ എഴുത്തുകാരിയാണ് എസി എഡുഗ്യാൻ. കഥാപാത്രങ്ങളുടെ മനോലോകങ്ങളെ മനോവിജ്ഞാനീയത്തിന്റെ കേവലമായ വിശകലനത്തിനപ്പുറത്ത് അവർ കടന്നുപോകുന്ന രാഷ്ട്രീയമായ സങ്കീർണതയുടെ തലത്തിൽ ആവിഷ്കരിക്കുന്ന രചനകളാണ് എഡുഗ്യാന്റേത്. എസി എഡുഗ്യാന്റെ ഇവിടെ ചർച്ച ചെയ്യപ്പെടുന്ന നോവൽ ‘വാഷിംഗ്ടണ്‍ ബ്ലാക്ക്’ ആത്മവിദ്യഭ്യാസ നോവലുകളുടെ ഗണത്തിൽ പെടുന്നതാണ്.

കെട്ടുറപ്പുള്ള പ്രമേയം കൊണ്ടും ശക്തമായ ഭാഷ കൊണ്ടും കനേഡിയൻ സാഹിത്യലോകത്തു ശ്രദ്ധേയയായ എഴുത്തുകാരിയാണ് എസി എഡുഗ്യാൻ. കഥാപാത്രങ്ങളുടെ മനോലോകങ്ങളെ മനോവിജ്ഞാനീയത്തിന്റെ കേവലമായ വിശകലനത്തിനപ്പുറത്ത് അവർ കടന്നുപോകുന്ന രാഷ്ട്രീയമായ സങ്കീർണതയുടെ തലത്തിൽ ആവിഷ്കരിക്കുന്ന രചനകളാണ് എഡുഗ്യാന്റേത്. ബോധധാരാ പ്രവാഹം (stream of consciousness) എന്ന പേരിൽ ആധുനിക സാഹിത്യവിശകലനങ്ങളിൽ ഉപയോഗിക്കപ്പെടുന്ന സങ്കേതമുണ്ട്. കെട്ടഴിച്ചു വിട്ട മനസിന്റെ പിടിച്ചാലും പിടി തരാത്ത സഞ്ചാരഗതിയാണു ബോധധാരയെ പ്രമേയമാക്കുന്ന നോവലുകൾ ചെയ്യുന്നത്.

എന്നാൽ സാഹിത്യത്തിൽ ആധുനികത പ്രത്യേകതരം സംവേദനക്ഷമതയെ പരിചയപ്പെടുത്തുന്നതിനു മുന്‍പു പ്രധാനകഥാപാത്രത്തിന്റെ മനസിന്റെ വികാസം രേഖപ്പെടുത്തിയ നോവലുകൾ ഉണ്ടായിട്ടുണ്ട്. ബിൽഡങ്സ്റോമാൻ (Bildungsroman= ആത്മവിദ്യഭ്യാസ നോവലുകൾ) എന്ന ഗണത്തിൽ പെടുന്ന കൃതികൾ കഥാപാത്രത്തിന്റെ ധാർമികമായ വിദ്യഭ്യാസം ( ജർമൻ ഭാഷയിൽ Bildung) പ്രമേയമാക്കി. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ സാഹിത്യത്തിൽ കഥാപാത്രം ധാർമികമായി നന്നാകുക എന്നാൽ, ഉപരിവർഗത്തിന്റെ സദാചാരമൂല്യങ്ങൾ പാലിച്ച്, തെരുവിൽ നിന്നും തെരുവിന്റെ ശീലങ്ങളിൽ നിന്നും അകൽച്ച പാലിച്ച്, മര്യാദരാമനാകുക എന്നാണർഥം. നല്ലൊരു കുടുംബത്തിലോ തറവാട്ടിലോ ജനിച്ചിട്ടും നന്നാവാത്ത കഥാപാത്രത്തോട് എഴുത്തുകാരൻ ചോദിക്കുന്നു, ‘നീയെന്താടാ വളരാത്തത്?’ അങ്ങനെ കഥാപാത്രം മാനസികവളർച്ചയുടെ (സാമൂഹികവളർച്ച എന്നും പറയാം) “ഉദാത്തലോകത്തേക്ക്” ഉയരുന്നു. ഇതാണു ചിരപ്രതിഷ്ഠ നേടിയ പ്രമേയതന്തു.

ഒരു നേർരേഖയിലൂടെയുള്ള കഥാപാത്രത്തിന്റെ വികാസം, ആദർശവത്കൃതമായ ഒരു സാമൂഹികക്രമത്തോടുള്ള ആഭിമുഖ്യം എന്നിവയെ നിരാകരിച്ചു കൊണ്ടു ബോധധാരാ നോവലുകൾ ആത്മവിദ്യഭ്യാസ നോവലിനെ സങ്കീർണമാക്കിയെങ്കിലും അതു മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാൻ മടിച്ചു നിന്നു. എസി എഡുഗ്യാന്റെ ഇവിടെ ചർച്ച ചെയ്യപ്പെടുന്ന നോവൽ ‘വാഷിംഗ്ടണ്‍ ബ്ലാക്ക്’ (Washington Black) ആത്മവിദ്യഭ്യാസ നോവലുകളുടെ ഗണത്തിൽ പെടുന്നതാണ്. പക്ഷേ നോവലിലെ അതേപേരുള്ള കഥാപാത്രം വംശീയവത്കരിക്കപ്പെട്ട അമേരിക്കയിലെ തോട്ടത്തിൽ പണിയെടുക്കുന്ന അടിമയാണ് (field slave). അതുകൊണ്ടു കഥാപാത്രത്തിന്റെ “വളർച്ചയെ” ബോധധാരാ നോവലുകളിലേതു പോലെ, വംശീയരാഷ്ട്രീയത്തിന്റെ അർഥങ്ങളെയും വ്യവഹാരങ്ങളെയും നിശബ്ദമാക്കിക്കൊണ്ടു നിർവഹിക്കുക സാധ്യമല്ല, പ്രത്യേകിച്ചും ബഹുവംശങ്ങൾ നിലനിൽക്കുന്ന ഒരു പരിസരത്തു നിന്നുകൊണ്ടു വംശീയതയുടെ രാഷ്ട്രീയത്തെ അനുഭവിച്ചു കൊണ്ടു വളർന്ന ഒരു എഴുത്തുകാരിക്ക്. ഈ നോവൽ മുന്നോട്ടു വെക്കുന്ന രണ്ടു പ്രധാന ചോദ്യങ്ങളുണ്ട്. വാഷിംഗ്ടൺ ബ്ലാക്കിന്റെ വളർച്ച അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള വളർച്ചയാണോ? അതോ അടിമവ്യവസ്ഥിതിയുടെ ഓരത്തും പരിസരത്തും മൊട്ടിട്ടു വളർന്ന വംശവെറിയൻമാരായ വെള്ളക്കാരുടെ പിൻമുറക്കാരുടെ വിമോചനസങ്കൽപത്തിലേക്കുള്ള വളർച്ചയാണോ? രാഷ്ട്രീയമായ കർതൃത്വത്തെക്കുറിച്ചും നിർവാഹകാധികാരത്തെക്കുറിച്ചുമുള്ള ഈ ചോദ്യങ്ങളെയാണ് എസി എഡുഗ്യാൻ തന്റെ നോവലിലൂടെ അഭിസംബോധന ചെയ്യുന്നത്.

ഫെയ്ത് എന്നു പേരുള്ള തോട്ടവും, വാഷ് (വാഷിംഗ്ടൺ ബ്ലാക്കിന്റെ വിളിപ്പേര്) ഉൾപ്പെടെയുള്ള അടിമകളും തോട്ടത്തിന്റെ ഉടമയായി എത്തിച്ചേരുന്ന ഇറാസ്മസ് വൈൽഡും ടിച് എന്നു വിളിക്കപ്പെടുന്ന ശാസ്ത്രസാഹസികനായ ഇറാസ്മസിന്റെ അനിയനുമാണു നോവലിന്റെ പശ്ചാത്തലമൊരുക്കുന്നത്. അടിമകൾക്കു സ്വന്തമായി പേരു പോലുമില്ലെന്നു വാഷിംഗ്ടൺ എന്ന വിളിപ്പേരിൽ നിന്ന് ഊഹിക്കാം. അല്ലെങ്കിൽ ഏതു ഗൃഹാതുരതയുടെ പേരിലാവും അടിമകൾ സ്വന്തമായി അങ്ങനെയൊരു പേരു തിരഞ്ഞെടുക്കുക. ഇറാസ്മസ് ഫെയ്ത്തിലെത്തിച്ചേരുന്നത് അമ്മാവനായ റിചർഡ് വൈൾഡ് മരിച്ച ശേഷം തോട്ടം അനന്തരാവകാശമായി ലഭിച്ച ശേഷമാണ്. റിചാർഡ് ബ്ലാക്കാണ് അടിമകൾക്കു പേരിട്ടത്. ടിച് പറയുന്നു:

“എന്റെ അമ്മാവൻ റിചാർഡ് ബ്ലാക്കാണ് ഇവർക്ക് ഈ പേരിട്ടത്. മിക്കവാറും അടിമകൾക്കെല്ലാം അങ്ങോർ കുഴപ്പമില്ലാത്ത പേരാണ് ഇട്ടത്. ചിലയാളുകൾക്കു വിചിത്രമായ പേരുകളിട്ടു. ദെക്കാർത്തെയുടെ ഓർമയ്ക്കു റെനെ എന്നും കാന്റിനു വേണ്ടി ഇമ്മാനുവൽ എന്നും ഇമൈൽ ഡു ഷാലറ്റിനു പകരം ഇമൈൽ എന്നുമൊക്കെ.”

അടിമവിമോചനപ്രസ്ഥാനങ്ങൾക്കു വേരോട്ടം കിട്ടിത്തുടങ്ങുന്ന കാലമാണു നോവലിന്റെയും കാലം. ടിച് വിമോചനപ്രസ്ഥാനങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്നു. ഇറാസ്മസിന്റെയും ടിച്ചിന്റെയും അച്ഛൻ മിസ്റ്റർ വൈൽഡ് ശാസ്ത്രാഭിമുഖ്യം മാത്രമുള്ള ആളാണ്, ടിച്ചിനെ പോലെത്തന്നെ. അതുകൊണ്ടാണു റിചാർഡിന്റെ മരണശേഷം വൈൽഡ് എസ്റ്റേറ്റ് ഏറ്റെടുക്കാതിരുന്നത്. റിചാർഡിനും ശാസ്ത്രദർശനങ്ങളിൽ കമ്പമുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. നോവലിൽ അതു പറയുന്നില്ല. അതു കൊണ്ടാണു റിചാർഡ് ദെക്കാർത്തെയുടെ പേരൊക്കെ എസ്റ്റേറ്റിൽ ജനിച്ചു വീഴുന്ന അടിമകൾക്ക് ഇടുന്നത്. അടിമ വിമോചനത്തിന്റെ പ്രത്യക്ഷവും പ്രാഥമികവുമായ ആവിഷ്കാരമായിരിക്കാം ഈ പേരിടൽ.

പക്ഷേ സ്വന്തം പേരിന്റെ മേൽ തീർപ്പു കൽപിക്കാനുള്ള ഈ അധികാരത്തെ വെള്ളക്കാരായ വിപ്ളവകാരികൾ തന്നെ അടിയാളർക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന കഠിനഭാരമെന്നു പറഞ്ഞു വിമർശിക്കുന്നുണ്ട് നോവലിൽ. നോവലിലെ ശക്തമായ ഒരു കഥാപാത്രമായി നിറയുന്ന പീറ്ററിന്റെ വാദമതാണ്. എന്നാൽ, കൊലപാതകമായും ബലാത്സംഘമായും ശരീരങ്ങളുടെ മേലുള്ള ഉടമസ്ഥാവകാശമായും തങ്ങൾ ദൈനംദിനം അനുഭവിച്ചു വരുന്ന ഹിംസകളേക്കാൾ ക്രൂരമല്ല “അടിച്ചേൽപ്പിക്കപ്പെടുന്ന” പേരുകൾ. പേരിടലിന്റെ ഹിംസ മറ്റൊരു തലത്തിലാണു നിലനിൽക്കുന്നത്. അവരുടെ വിമോചനസ്വപ്നങ്ങളുടെയും സ്വത്വത്തിന്റെയും ആവിഷ്കാരത്തിന്റെയും പേരിടലിന്റെ മറ്റൊരു ഭാവമാണത്. വംശീയമായ ആശയവാദങ്ങളുടെ ഹിംസയെ അനുഭവിച്ചവർക്കു വിമോചനത്തിന്റെ രൂപത്തിലും ആകൃതിയിലും നൽകുന്ന അധികാരപ്രയോഗം തന്നെയാണത്. അതവർക്ക് അറിയാവുന്നതു കൊണ്ടു തന്നെയാണ്, അവർക്കിടയിൽ അഭിസംബോധന ചെയ്യാൻ വേറെ വേറെ പേരുകളുള്ളത്. അപരിചിതരോടു നീയാര് എന്ന ചോദ്യത്തിനു നമ്മളധികപേരും നൽകുന്ന ആദ്യത്തെ മറുപടി നമ്മുടെ പേരാണ്. പേരുകൾ അധികവും നമ്മുടെ തിരഞ്ഞെടുപ്പല്ല. നമ്മുടെ മാതാപിതാക്കളുടെയും സമുദായത്തിന്റെയും വംശത്തിന്റെയും ഇഷ്ടാനിഷ്ടങ്ങളും ഓർമകളും അതു പേറുന്നുണ്ട്. അത്തരം അടയാളങ്ങളെ മുറിച്ചു മാറ്റിക്കൊണ്ട്, നമ്മുടെ ശരീരത്തെ സ്വന്തമാക്കിയവർ പ്രാതിനിധ്യത്തെക്കൂടി സ്വന്തമാക്കുന്നു. അതാണു പേരിടലിലെ വലിയൊരു ഹിംസ.

അപരിചിതരോടു നീയാര് എന്ന ചോദ്യത്തിനു നമ്മളധികപേരും നൽകുന്ന ആദ്യത്തെ മറുപടി നമ്മുടെ പേരാണ്. പേരുകൾ അധികവും നമ്മുടെ തിരഞ്ഞെടുപ്പല്ല. നമ്മുടെ മാതാപിതാക്കളുടെയും സമുദായത്തിന്റെയും വംശത്തിന്റെയും ഇഷ്ടാനിഷ്ടങ്ങളും ഓർമകളും അതു പേറുന്നുണ്ട്. അത്തരം അടയാളങ്ങളെ മുറിച്ചു മാറ്റിക്കൊണ്ട്, നമ്മുടെ ശരീരത്തെ സ്വന്തമാക്കിയവർ പ്രാതിനിധ്യത്തെക്കൂടി സ്വന്തമാക്കുന്നു. അതാണു പേരിടലിലെ വലിയൊരു ഹിംസ.

കറുത്തവർക്കു വെളുത്തവർ നൽകുന്ന വിമോചനം സഹജമായ ഹിംസയെ ഉൾച്ചേർത്തിട്ടുണ്ടെങ്കിലും അത് ആലങ്കാരികമാണ്. അവരുടെ അനുഭവങ്ങളിൽ അതു പ്രത്യക്ഷമായി സംഭവിക്കുന്നില്ല. എന്നാൽ ശരീരങ്ങളെയും സ്വപ്നങ്ങളെയും സ്വന്തമാക്കുന്നതാണു പ്രത്യക്ഷ ഹിംസ. ഇറാസ്മസ് ചെയ്യുന്നത് അതാണ്. നോവലിന്റെ ആദ്യത്തിൽ വാഷ് മാതൃസ്വരൂപമായും അന്ത്യത്തിൽ സ്വന്തം അമ്മയായും തിരിച്ചറിയുന്ന ബിഗ് കിറ്റ് എന്ന സ്ത്രീ, ശരീരത്തെയും സ്വപ്നത്തെയും സമന്വയിപ്പിക്കുന്ന ഒരു ജീവിതദർശനം മുന്നോട്ടു വെക്കുന്നുണ്ട്. മരിച്ചു കഴിഞ്ഞാൽ തങ്ങൾ ആഫ്രിക്കയിൽ സ്വതന്ത്രരായി പുനർജനിക്കുമെന്ന വിശ്വാസമാണത്. അങ്ങനെയാണ് അവരും തോട്ടത്തിൽ പണിയെടുക്കുന്നവരും ഓരോ ദിവസവും സംഭവിക്കുന്ന ആത്മഹത്യകൾക്കും വധശിക്ഷകൾക്കും അർഥം കണ്ടെത്തുന്നത്. കേവലാർഥത്തിൽ ഇതു നിർജീവമായ പ്രതിഷേധമാണെന്നു തോന്നിപ്പിച്ചേക്കാം. എന്നാൽ ഓരോ ശരീരവും ഫെയ്ത് എന്ന തോട്ടത്തിന്റെ നിലനിൽപ്പിനും അതിന്റെ അർഥത്തിന്റെ പുനരുത്പാദനത്തിനും ആവശ്യമാണെന്നു കരുതുന്നവർക്കാണു, പ്രത്യേകിച്ചും ഇറാസ്മസ് വൈൽഡിനാണ് ആ പ്രതിഷേധത്തിന്റെ വിപ്ളവാത്മകത മനസിലാകുന്നത്. ഓരോ ആത്മഹത്യയും തന്നോടു ചെയ്യുന്ന അപരാധമാണെന്നയാൾ കണക്കാക്കുന്നു:

“ഒരു ആത്മഹത്യക്കു ശേഷം ഇറാസ്മസ് ആളുകളെ വിളിച്ചു കൂട്ടി ഇങ്ങനെ പറഞ്ഞു: “ദാ ഈ നീഗ്രോ. അവൻ സ്വയം ജീവനെടുത്തു. അവൻ എന്റെ അടിമയായിരുന്നു. അവൻ സ്വയം ജീവനെടുത്തു. അവൻ എന്റെ മുതൽ അങ്ങനെ മോഷ്ടിച്ചു. അവൻ കള്ളൻ.” തെല്ലിടെ നിർത്തി പിൻകഴുത്തിൽ കൈകൾ മടക്കി അദ്ദേഹം തുടർന്നു: “മരിച്ചാൽ സ്വന്തം ജൻമനാട്ടിൽ പുനർജനിക്കുമെന്നു നിങ്ങളിൽ പലരും വിശ്വസിക്കുന്നതായി എനിക്കറിയാം.” അതിലേറെ സംസാരിക്കാനുണ്ടെന്ന പോലെയായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ മുഖഭാവം. പക്ഷേ ഒന്നും പറയാനില്ലാതെ അദ്ദേഹം നിശബ്ദനായി.

വാഷിംഗ്ടൺ ബ്ലാക്കിൽ യൂറോപിലെ പ്രഗത്ഭ ദാർശനികരെ പരാമർശിച്ചു പോകുന്നുണ്ട്. ദക്കാർത്തയും കാന്റും നോവലിൽ വരുന്നുണ്ട്. ദക്കാർത്തെയുടെ ദർശനങ്ങൾ എപ്രകാരമാണു വംശീയമായ ആധിപത്യത്തെയും അടിമവ്യവസ്ഥിതിയെയും പ്രചോദിപ്പിച്ചത് എന്ന ചിന്ത പ്രബലമാണ്. എൻറിക് ദുസേലിന്റെ Anti-Cartesian Meditations ഉദാഹരണമായെടുക്കാം. അതുപോലെ അരിസ്റ്റോട്ടിലിന്റെ “സ്വാഭാവിക അടിമകൾ” (Politics) എന്ന ആശയവവും ഭീകരമാണ്. നോവലിൽ അരിസ്റ്റോട്ടില്‍ വരുന്നതു ജോൺ വില്ലാഡ് എന്ന കഥാപാത്രത്തിലൂടെയാണ്. അടിമകളെ പിടിച്ചു കൊടുക്കുന്ന (Slave Catcher)  വില്ലാഡ്, വാഷ് ഫെയ്ത് എസ്റ്റേറ്റിൽ നിന്നു ടിച്ചിനൊപ്പം രക്ഷപ്പെട്ട ശേഷം വാഷിനെ പിടിച്ചു കൊടുക്കാനുള്ള ദൗത്യം ഇറാസ്മസിൽ നിന്ന് ഏറ്റെടുത്തിരുന്നു. എന്നാൽ വില്ലാഡ് വാഷിനെ കണ്ടുമുട്ടുന്ന സമയത്ത് അമേരിക്കയിൽ അടിമവിമോചനം പ്രബലമായി മാറി. അടിമകളെ സംരക്ഷിച്ചിരുന്നവർക്കു സാമ്പത്തിക നഷ്ടമുണ്ടാകാതിരിക്കാൻ ഇൻഷുറൻസ് പണം ലഭിക്കുമായിരുന്നു. അങ്ങനെ അടിമപിടുത്തക്കാരൻ ഇൻഷുറൻസ് തരപ്പെടുത്തിക്കൊടുക്കുന്ന പണിയെടുക്കാൻ തുടങ്ങി. ഒരു മദ്യശാലയിൽ വെച്ചാണു രണ്ടു പേരും കാണുന്നത്. വാഷിനെ വില്ലാഡ് പെട്ടെന്ന് തിരിച്ചറിയുന്നു.

വില്ലാഡ് ചോദിക്കുന്നു: “നിനക്ക് അരിസ്റ്റോട്ടിലിനെ അറിയുമോ?”

ഞാൻ (വാഷ്) മറുപടിയൊന്നും പറഞ്ഞില്ലഒരു വലിയ ചിന്തകനായിരുന്നു. യൂറോപ്യൻ.”

എന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ അയാളുടെ മുഖം സൂക്ഷിച്ചു പഠിച്ചുകൊണ്ടിരുന്നു.

 നിന്നെ പിടിക്കാനല്ല ഞാനിപ്പോൾ വന്നത്. നീയൊന്നും ഇപ്പോഴെന്റെ ചിന്തയിലേ ഇല്ല. ഞാനിപ്പോ ഇൻഷുറൻസിലാണ്.”

 താഴെത്തട്ടിലുള്ളവരെ അവരുടെ ശരിയായ, അവർക്കവകാശപ്പെട്ട, വിധിയിൽ നിന്നു വേർപ്പെടുത്തുന്നത് സ്വാഭാവികമാണോ? അതായത് അവരുടെ ജൻമസിദ്ധമായ ലക്ഷ്യത്തിൽ നിന്ന്? അവർക്കു തെറ്റായ കർതൃത്വബോധം നൽകേണ്ടതുണ്ടോ? മറ്റുള്ളവരെ സേവിക്കാൻ ഇവിടെ ആരും പാടില്ല എന്ന പോലെ. പശുക്കൾ നിലനിൽക്കുന്നത് അവറ്റകളെ തിന്നാനല്ല എന്ന പോലെ. പ്രകൃതിയിൽ ഒന്നും ആകസ്മികമല്ല. അരിസ്റ്റോട്ടിലാണ് അതു പറഞ്ഞത്.”

നോവലിലെ കഥാപാത്രങ്ങൾ യൂറോപ്പിലെ ചിന്തകരുടെ പ്രതിനിധാനങ്ങളായി മാറുന്ന സന്ദർഭമാണ് ഈ സംഭാഷണം. പക്ഷേ വാഷിനെ സംബന്ധിച്ചിടത്തോളം വില്ലാഡിന്റെ ഈ ഉദ്ധരണി അത്ര കണ്ടു വിശ്വസിക്കാൻ കഴിഞ്ഞില്ല. വാഷ് യൂറോപ്യൻ ചിന്തയെ ശാസ്ത്രദർശനമായിട്ടാണു പരിചയപ്പെടുന്നത്. വാഷിനെ തോട്ടത്തിൽ നിന്നു രക്ഷപ്പെടുത്തിയത് ഒരർഥത്തിൽ ശാസ്ത്രമാണ്. അഥവാ ആകാശത്തു പറന്നു നടക്കാനുള്ള ബലൂൺ നിർമിക്കാനുള്ള ടിച്ചിന്റെ ആവേശമാണ്. ടിച്ചിന്റെ ശാസ്ത്രബോധത്തോടൊപ്പം വളർന്ന മനുഷ്യസമത്വത്തെക്കുറിച്ചുള്ള ചിന്തകളും വിമോചന പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യവുമാണു വാഷിനെ കൂടെക്കൂട്ടാൻ അയാളെ പ്രേരിപ്പിക്കുന്നത്. ടിച്ചിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രം “ഒരു വലിയ സമീകരണ പ്രസ്ഥാനമാണ്. വംശവും ലിംഗവും വിശ്വാസവും എന്തുമാകട്ടെ; ഈ ലോകത്ത് അന്വേഷിച്ചു കണ്ടെത്തപ്പെടാൻ നിരവധി വസ്തുതകളുണ്ട്.”

സത്യത്തിൽ വാഷിന്റെ ആത്മവിദ്യഭ്യാസം (Bildungsroman) എന്നത് ഈ ചിന്ത ഒരു മിഥ്യാബോധമാണ് (false consciousness) എന്ന തിരിച്ചറിവു കൂടിയാണ്. ആ തിരിച്ചറിവു വാഷിനുണ്ടാകുന്നതു ടിച്ചിന്റെ ശാസ്ത്രാഭിമുഖ്യം പോലെ നീതിബോധവും അടിമവിമോചനവും കേവലമായ വസ്തുകാമന (fetishism)ക്കപ്പുറം ഒന്നുമല്ലെന്നും, താൻ ആ കാമനയുടെ പൂർത്തീകരണത്തിനുള്ള കേവലമായ ഉപാധി (means to an end) മാത്രമായിരുന്നു എന്ന തിരിച്ചറിവിലൂടെയാണ്. വാഷിന്റെ വരക്കാനുള്ള കഴിവും ഉയരക്കുറവും തന്റെ കണ്ടുപിടുത്തത്തിനു സഹായകമാണെന്നു ടിച്ച് മനസിലാക്കി വാഷിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഈ കാന്റിയൻ തിരിച്ചറിവ് (മനുഷ്യർ സ്വയം തന്നെ ലക്ഷ്യമാണ്, തന്റെ ലക്ഷ്യസാധൂകരണത്തിനുള്ള ഉപാധിയല്ല) വാഷിനുണ്ടാകുന്നതു ടിച്ചിന്റെ വിമോചനത്തെ തന്റെ അമ്മയായ ബിഗ് കിറ്റിന്റെ പരുക്കനെങ്കിലും സ്നേഹാർദ്രമായ സ്വപ്നങ്ങളുമായി തട്ടിച്ചു നോക്കുമ്പോഴാണ്.

പ്രണയത്തിലൂടെയോ പ്രണയതുല്യമായ സൗഹാർദത്തിലൂടെയോ ആണു നമുക്കു മറ്റൊരാളെ തുല്യരായി സങ്കൽപ്പിക്കാനാവുക. ബിഗ് കിറ്റിൽ നിന്നു വേർപെട്ട വാഷ് ടിച്ചിൽ നിന്നു പ്രതീക്ഷിക്കുന്നതു സമാനമായ ആർദ്രതയാണ്. പ്രണയശൂന്യമായ വിമോചനസങ്കൽപങ്ങൾ അകം പൊള്ളയാണ്. ടിച്ചിനെ നോവലിസ്റ്റ് വിവരിക്കുന്നതു സ്വവർഗാനുരാഗം (homoerotic) ധ്വനിപ്പിച്ചു കൊണ്ടാണ്. പക്ഷേ വാഷിനെ പാതിവഴിയിൽ ഉപേക്ഷിച്ചു പോകുന്ന ടിച്ച് അദ്ദേഹത്തിനു നൽകുന്ന അർഥം തന്റെ ശാസ്ത്ര ഉദ്യമത്തിൽ അദ്ദേഹത്തെ കൂടെനിർത്തിയതു പോലെ ഉറ്റതോഴനായി കൂടെക്കൂട്ടാനാകില്ല എന്നതാണ്. സ്വന്തം കാലിൽ നിന്നു കൊണ്ടു സ്വാശ്രയനാകുക എന്ന ഭാഷയിലാണു ടിച് അതു സംവേദനം ചെയ്യുന്നതെങ്കിലും. അക്കാര്യത്തിൽ ടിച്ചിനെ നമുക്കു കുറ്റപ്പെടുത്താനാവില്ല. തന്റെ ചിത്രരചനാ വൈഭവം വികസിപ്പിക്കാനും ടാന്നയെ പരിചയപ്പെടാനും പ്രണയിക്കാനും വാഷിന് അവസരമൊരുക്കിയതു ടിച് തന്നെ ഉപേക്ഷിച്ചു പോയതാണ്. പക്ഷേ കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്താനുള്ള അനുഭവപാഠമാണ് ഇതിൽ നിന്നു വാഷ് ആർജിച്ചെടുക്കുന്നത്:

“നിങ്ങളുടെ രാഷ്ട്രീയ ദർശനത്തിനു ഞാൻ സഹായകമാകുമെന്നതു കൊണ്ടാണു നിങ്ങളെന്നെ കൂടെക്കൂട്ടിയത്. നിങ്ങളുടെ പരീക്ഷണങ്ങളിൽ എനിക്കു സഹായിക്കാൻ പറ്റുമെന്നതു കൊണ്ട്. അതിനപ്പുറം നിങ്ങൾക്കെന്നെക്കൊണ്ടു പ്രയോജനമൊന്നുമില്ല. അതുകൊണ്ടാണു നിങ്ങളെന്നെ ഉപേക്ഷിച്ചു പോയത്. ഞാൻ നിങ്ങൾക്ക് ആരുമായിരുന്നില്ലനിങ്ങളെന്നെ ഒരിക്കലും തുല്യനായി കണ്ടില്ല. അടിമത്വം വെളുത്തവർക്കു മേൽ ധാർമികമായി ഒരു കളങ്കമാകുമെന്നതായിരുന്നു നിങ്ങളുടെ ആശങ്ക. അല്ലാതെ അതു കറുത്തവർക്ക് ഏൽപിക്കുന്ന നാശത്തെക്കുറിച്ചല്ല നിങ്ങൾ വേവലാതിപ്പെട്ടത്.”

“നിങ്ങളുടെ രാഷ്ട്രീയ ദർശനത്തിനു ഞാൻ സഹായകമാകുമെന്നതു കൊണ്ടാണു നിങ്ങളെന്നെ കൂടെക്കൂട്ടിയത്. നിങ്ങളുടെ പരീക്ഷണങ്ങളിൽ എനിക്കു സഹായിക്കാൻ പറ്റുമെന്നതു കൊണ്ട്. അതിനപ്പുറം നിങ്ങൾക്കെന്നെക്കൊണ്ടു പ്രയോജനമൊന്നുമില്ല. അതുകൊണ്ടാണു നിങ്ങളെന്നെ ഉപേക്ഷിച്ചു പോയത്. ഞാൻ നിങ്ങൾക്ക് ആരുമായിരുന്നില്ലനിങ്ങളെന്നെ ഒരിക്കലും തുല്യനായി കണ്ടില്ല. അടിമത്വം വെളുത്തവർക്കു മേൽ ധാർമികമായി ഒരു കളങ്കമാകുമെന്നതായിരുന്നു നിങ്ങളുടെ ആശങ്ക. അല്ലാതെ അതു കറുത്തവർക്ക് ഏൽപിക്കുന്ന നാശത്തെക്കുറിച്ചല്ല നിങ്ങൾ വേവലാതിപ്പെട്ടത്.”

ടാന്നയെ പരിചയപ്പെട്ടതും പ്രണയിച്ചതുമാണു വാഷിന്റെ ജീവിതയാത്രയിൽ സംഭവിച്ച നിർണായകസംഭവം. ബിഗ് കിറ്റിനെ തനിക്കു ശരിക്കും നഷ്ടമാകുന്നുണ്ട് എന്നു വാഷ് തിരിച്ചറിയുന്നത് അവരിരുവരും തമ്മിലുള്ള ലൈംഗികകേളിയുടെ സമയത്താണ്. വാഷിന്റെ ആത്മീയമായ പരിവർത്തനത്തിനു നിർണായകമായ അവരുവരുടെയും ലൈംഗികമായ ലയനം നോവലിൽ വർണിക്കപ്പെടുന്നത് ആത്മീയമായ പശ്ചാത്തലത്തിലാണ്. പരകേളീദർശനസുഖത്തിന്റെ (voyeurism) തരിമ്പും അവശേഷിപ്പിക്കാതെ ആത്മീയമായ ഉണർവിനെ പ്രചോദിപ്പിക്കുന്ന ആ രംഗം ലോകസാഹിത്യത്തിലെ ലൈംഗികവർണനകളിൽ ഉദാത്തമാണ്.

“എന്റെ കൈനിറയെ കറുത്ത, മൃദുലമായ നാരുകളുള്ള മുടി പരത്തി ടാന്ന കിടന്നു. ഞങ്ങൾ സെറ്റിയുടെ സമീപം തറയിലായിരുന്നു. ഞങ്ങൾ കിടന്നിരുന്ന പരവതാനി തൊങ്ങൽ കൊണ്ടു പരുപരുത്തതായിരുന്നു. എല്ലാ വേദനകൾക്കപ്പുറത്തുമുള്ള ഒരു ആനന്ദം എന്റെ മനസിൽ നിറഞ്ഞു. എത്ര സ്വഭാവികമായിട്ടാണ് അതെനിക്ക് അനുഭവപ്പെടുന്നത് എന്നോർത്ത്, എത്രത്തോളം ഞങ്ങളിരുവരും ശരീരങ്ങളെ പരസ്പരം മനസിലാക്കി എന്നോർത്ത്, ഞാനൊന്ന് ഞെട്ടി.”

ഷമീർ കെ.എസ്

ഷമീർ കെ.എസ്

ആത്മവിദ്യഭ്യാസ നോവലുകൾ കേന്ദ്രകഥാപാത്രങ്ങളെ ഒരച്ചുതണ്ടായി സ്വീകരിച്ചു പ്രമേയവും മറ്റു കഥാപാത്രങ്ങളും അവർക്കു ചുറ്റും ഭ്രമണം ചെയ്യിപ്പിച്ചു കൊണ്ടിരിക്കും. ഒരർഥത്തിൽ മറ്റു കഥാപാത്രങ്ങൾ കേന്ദ്രകഥാപാത്രത്തിന്റെ തിരിച്ചറിവിന്റെയും ഉൾബോധത്തിന്‍റെയും പരിണാമദശയിലുള്ള അന്യാപദേശങ്ങളായിരിക്കും (allegory). തോട്ടത്തിനു ഫെയ്ത് എന്നു പേരിട്ടതു തന്നെ അന്യാപദേശത്തിന്റെ സൂചനയായിട്ടാണ്. നല്ലതോ ചീത്തയോ ആയ ഏതൊരു വ്യവസ്ഥയെയും നിലനിർത്തുന്നതു വിശ്വാസപൂർവ്വം നാം സ്വയം സമർപ്പിക്കുമ്പോഴാണല്ലോ.

മറ്റൊന്ന് ടിച്ചിന്റെയും ബിഗ് കിറ്റിന്റെയും ആശയലോകങ്ങൾക്കിടയിലുള്ള വാഷിഗ്ടണിന്റെ തിരഞ്ഞെടുപ്പാണ്. അതു രണ്ടും അന്യാപദേശങ്ങളായി കാണാൻ കഴിയുമോ? ഫോക് വിശ്വാസങ്ങളും അതു നൽകുന്ന ആത്മീയവും സാംസ്കാരികവുമായ അനുഭൂതിയും വിമോചനവും ഒരു ഭാഗത്തും, സ്വന്തം സത്തയെയും അനുഭവമണ്ഡലത്തെയും സ്പർശിക്കാത്ത ആധുനികമായ വിമോചനസങ്കൽപങ്ങൾ മറുഭാഗത്തും നിന്നു കൊണ്ടുള്ള ഒരു തിരഞ്ഞെടുപ്പായി നോവലിനെ വായിക്കാൻ കഴിയുമോ? ആ വായന എന്നും എവിടെയും പ്രസക്തമാണ്.

Top