ബാബരി മസ്ജിദ് വിധിയും ഭൂരിപക്ഷത്തിന്റെ ദൈവിക അവകാശവും

ബാബരി തകർക്കപ്പെടുന്ന കാലത്ത് മുസ്‌ലിം രാഷ്ട്രീയ കർതൃത്വം ഭ്രൂണാവസ്ഥയിലായിരുന്നു എന്ന് ഓർക്കേണ്ടതുണ്ട്. ഇന്ന് മതപരമായ സ്വത്വത്തെ മറയ്ക്കാതെ തന്നെ ദേശത്തിന്റെ അപരന്മാരാക്കി തങ്ങളെ മാറ്റുന്ന മുഖ്യധാര നരേറ്റീവുകളെ കുറേയെങ്കിലും പൊളിച്ചെഴുതാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കെ.കെ.ബാബുരാജ് എഴുതുന്നു.

”ഇൻഡ്യയിലെ ന്യൂനപക്ഷങ്ങളുടെ നിർഭാഗ്യത്തിനു ഇൻഡ്യൻ ദേശീയത ഒരു തത്വം വികസിപ്പിച്ചിരിക്കുന്നു. ഭൂരിപക്ഷത്തിന്റെ ദൈവിക അവകാശം എന്ന് അതിനെ വിളിക്കാം.” ഡോ.ബി.ആർ.അംബേഡ്ക്കർ ചൂണ്ടിക്കാട്ടിയ ഈ ദൈവിക അവകാശത്തെ അടിവരയിട്ടുറപ്പിക്കുകയാണ് നവംബർ 9ലെ ബാബരി മസ്ജിദിന് മേലുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിയിലൂടെ ഇൻഡ്യയിലെ പരമോന്നത നീതിപീഠം ചെയ്തതെന്ന് പറയാതെ വയ്യ. 

നൂറ്റാണ്ടുകൾക്ക് മുന്നേ മുസ്‌ലിംകൾ ആരാധന നടത്തിയിരുന്ന ഒരു ഇടമാണ് ബാബരി മസ്ജിദ് എന്നും 1949ൽ അന്യായമായാണ് അവിടെ രാമവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇതേ കണ്ടെത്തലുകളെ തന്നെ അട്ടിമറിച്ചുകൊണ്ട് ബാബരി മസ്ജിദിനു മേലുണ്ടായ അധിനിവേശത്തെ കേവലം ഭൂമിയുടെ മേലുള്ള തർക്ക വിഷയമായി ഉൾക്കൊള്ളുകയാണ് കോടതി ചെയ്തത്. നാനൂറ് വർഷം മുൻപത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം “അധിക ബാധ്യത”യ്ക്കും തെളിവ് നൽകാൻ മുസ്‌ലിം സംഘടനകൾക്ക് കഴിഞ്ഞില്ലെന്ന ന്യായത്തിൽ, സുപ്രീം കോടതിയുടെ സവിശേഷ അധികാരമായ അനുച്ഛേദം 142 വിനിയോഗിച്ചു കൊണ്ടാണ് ഭൂരിപക്ഷ പൊതുബോധത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ഇതിലൂടെ ഭൂരിപക്ഷ വാദം എന്ന പേരിൽ കൃത്രിമമായി ഉണ്ടാക്കിയ നവ ഹൈന്ദവ അവകാശവാദങ്ങൾക്ക് മുമ്പിൽ തലകുനിക്കാൻ ബാധ്യതയുള്ള ഒരു ഉദ്യോഗസ്ഥ സംവിധാനമായി ഇൻഡ്യയിലെ പരമോന്നത നീതിപീഠം മാറിയോ എന്ന സംശയമാണ് ഉയരുന്നത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ തരിമ്പും പരിഗണിക്കാത്ത ഈ വിധി ഭരണഘടനാ ധാർമികത പോയിട്ട് ഭരണഘടനാ ഉത്തരവാദിത്വം പോലും ഉൾക്കൊള്ളുന്നതല്ലെന്ന നിഗമനമാണ് മുൻ സുപ്രീംകോടതി ജഡ്ജിമാർ അടക്കമുള്ള പലരും മുന്നോട്ട് വെച്ചിട്ടുള്ളത്. 

വിധിക്ക് ശേഷം ഭരണകക്ഷിയായ ബിജെപിയും അവരെ പിന്തുണക്കുന്ന നവ ഹൈന്ദവ വാദികളും തങ്ങൾക്ക് വലിയൊരു രാഷ്ട്രീയ വിജയം കൈവന്നതിന്റെ ആഹ്ലാദത്തിലാണ്. മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് തങ്ങൾ എക്കാലത്തും രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ചവരാണെന്ന് പ്രഖ്യാപിച്ചു. സിപിഐഎം ആണെങ്കിൽ ബാബരി മസ്ജിദ് തകർത്ത കർസേവകർക്ക് എതിരായ കേസുകൾ വേഗത്തിലാക്കണമെന്ന പ്രശ്നമാണ് ഉന്നയിച്ചത്. ഇവർക്കാർക്കും ഇൻഡ്യയിലെ ന്യൂനപക്ഷ ജനതകൾക്ക് പ്രത്യേകിച്ച് മുസ്‌ലിംകൾക്ക് ഈ വിധി ഏതു തരത്തിലുള്ള ആഘാതമാണ്; അന്യവൽക്കരണമാണ് ഉണ്ടാക്കുകയെന്നത് ആലോചിക്കേണ്ടതില്ലല്ലോ.

രാമൻ ജനിച്ച ഭൂമിയാണ് ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലം എന്ന ഹൈന്ദവ പൊതുബോധത്തെ പ്രമാണമായി സ്വീകരിച്ച സുപ്രീംകോടതിയുടെ നിലപാട് ചരിത്രവസ്തുതകളോട് പുറംതിരിക്കുന്നതാണെന്ന് റൊമീല ഥാപ്പർ അടക്കമുള്ളവർ പ്രതികരിച്ചിട്ടുണ്ട്. പുരാവസ്തു തെളിവുകൾ എന്ന പേരിൽ ഉണ്ടാക്കിയ രേഖകളും കെട്ടിച്ചമച്ചതാണെന്ന് അവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാമജന്മഭൂമിയെന്ന ഹിന്ദുത്വ പ്രചാരണത്തെ “ഭക്തരുടെ വികാരമെന്ന” പേരിൽ യാതൊരു അടിസ്ഥാനവുമില്ലാതെ സ്വീകരിച്ചതിലൂടെ മുൻപേ സൂചിപ്പിച്ചത് പോലെ ഭൂരിപക്ഷ വാദം എന്ന “ദൈവിക അവകാശ”ത്തിനാണ് തെളിവുകൾക്കും വസ്തുതകൾക്കും മേലെ പ്രധാന്യം കൊടുത്തതെന്ന് പകൽ പോലെ വ്യക്തമാണ്. 

ഹിന്ദുത്വവാദികളെ സംബന്ധിച്ചിടത്തോളം മുത്ത്വലാഖ് കുറ്റകരമാക്കിയ നിയമനിർമാണം, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ എന്നിവയ്ക്ക് ശേഷം അവരുടെ പ്രഖ്യാപിത പദ്ധതികളായ ഏക സിവിൽ കോഡ് നടപ്പിലാക്കുക, ദേശീയ-ന്യൂനപക്ഷ കമ്മീഷൻ പിരിച്ച് വിട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കുക, സംവരണത്തിൽ സാമ്പത്തിക മാനദണ്ഡങ്ങൾ അടക്കമുള്ള കർശന ഉപാധികൾ അടക്കമുള്ള കർശന ഉപാധികൾ കൊണ്ടുവരുക മുതലായവ നടപ്പിലാക്കാൻ ഈ വിധി ഉത്തേജകമാവും എന്ന് ഉറപ്പാണ്. 

റിവ്യൂ ഹർജി കൊടുക്കുമെന്ന് മുസ്‌ലിം സംഘടനകൾ പറയുന്നുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തി വിദൂരമാകാനാണ് സാധ്യതയുള്ളത്. അഞ്ചേക്കർ പകരം ഭൂമിയെന്ന വാഗ്ദാനം സ്വീകരിക്കണമോ എന്ന കാര്യവും രൂക്ഷപ്രശ്‌നമായി മാറിയിരിക്കുകയാണ്. 

മത സഹാർദ്ദത്തെ ഊട്ടിയുറപ്പിക്കുകയാണ് വിധിയുടെ ലക്ഷ്യമെന്നാണ് പറയപ്പെടുന്നത്. എന്നാൽ വിധിപ്രസ്താവനക്ക് മുൻപേ തന്നെ വമ്പിച്ച സുരക്ഷാ സംവിധാനമാണ് കോടതി നേരിട്ട് ഇടപെട്ട് നടപ്പിലാക്കിയത്. പലയിടത്തും ഇന്റർനെറ്റ് അടക്കമുള്ളവ വിലക്കിയും പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചും ഏറെക്കുറേ ഒരു കർഫ്യൂ അന്തരീക്ഷം സൃഷ്ടിച്ചു. ഇതേ സമയം പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം നടത്തിയും തങ്ങളുടെ രാഷ്ട്രീയ വിജയം ആഘോഷിച്ച ഹിന്ദുത്വവാദികളെ തടഞ്ഞുമില്ല. ഇതിനൊപ്പം ഇൻഡ്യയിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന മട്ടിലുള്ള നരേറ്റീവുകൾ സമാന്തരമായി മുഖ്യധാരാ ചാനലുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനർഥം, മതപരമായ സഹവർതിത്വമോ സഹിഷ്ണുതയോ അല്ല, മുസ്‌ലിംകളിൽ നിന്ന് നിർബന്ധിത നിശബ്ദതയും അനുസരണയുമാണ് ഭരണകൂടം ആവശ്യപ്പെടുന്നതെന്നാണ്. 

സുപ്രീം കോടതി വിധി “കല്ലേൽ പിളർന്ന” ഒന്നാണോ? എല്ലാറ്റിനും ഉപരിയായ ശാശ്വത സത്യമായി എല്ലാ വിധികളും നിലനിൽക്കുമോ? ബഹുജന പ്രക്ഷോഭങ്ങൾ കൊണ്ടും നീതിയുക്തമായ എതിർവാദങ്ങൾ കൊണ്ടും അവയെ തിരുത്താൻ കഴിയുമോ? കഴിയുമെന്ന് സമീപകാലത്തെ രണ്ട് സംഭവങ്ങൾ തെളിയിക്കുന്നു. 

ഇൻഡ്യയിലെ ദലിത് ജനതകൾക്ക് മേലുണ്ടാവുന്ന അതിക്രമങ്ങളിൽ നിന്നും സംരക്ഷണം ഉദ്ദേശിച്ചു കൊണ്ട് പാർലമെന്റ് പാസ്സാക്കി നടപ്പിൽ വരുത്തിയ നിയമത്തിൽ സുപ്രീം കോടതി സ്വമേധയാ ഇടപെട്ടു ചില മാറ്റങ്ങൾ വരുത്തി. ഈ മാറ്റങ്ങൾ ആ നിയമത്തെ തന്നെ ഫലത്തിൽ റദ്ദു ചെയ്യുന്നതിന് സമാനമായിരുന്നു. ഇതിനെതിരെ വലിയ പ്രക്ഷോഭമുന്നണികൾ രൂപീകരിച്ചും ഭാരത് ബന്ദ് നടത്തിയുമാണ് ദലിത് പ്രസ്ഥാനങ്ങൾ പ്രതികരിച്ചത്. വിവിധ ബഹുജന പ്രസ്ഥാനങ്ങളും, വിവിധ പിന്നാക്ക-മുസ്‌ലിം സംഘടനകളും അവരെ പിന്തുണച്ചു. തൽഫലമായി വിധിയെ മറികടന്നു കൊണ്ടുള്ള നിയമനിർമാണം നടത്താമെന്ന് ഗവൺമെന്റ് സമ്മതിച്ചു. അതിന് മുൻപേ തന്നെ സുപ്രീംകോടതി തന്നെ ഇടപെട്ടു പഴയ നിയമത്തിലെ വ്യവസ്ഥകൾ പുനഃസ്ഥാപിക്കുകയാണ് ഉണ്ടായത്.

മറ്റൊന്ന്, ദലിതർ നൂറ്റാണ്ടുകളായി ആരാധിച്ചിരുന്ന ഇടമായിരുന്ന ദൽഹിയിലെ ഗുരു രവിദാസിന്റെ ക്ഷേത്രം – ഒരു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ആ മന്ദിരം സർക്കാർ പൊളിച്ചു കളഞ്ഞു. തുടർന്നുണ്ടായ അത്ഭുതപൂർവമായ ദലിത് പ്രക്ഷോഭണത്തിന്റെ ഫലമായി രവിദാസിന്റെ ആരാധനാലയം തൽസ്ഥാനത്തു തന്നെ പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി തന്നെ ഉത്തരവിറക്കി. 

ഇൻഡ്യയിലെ ദലിതരെ പോലെ മുസ്‌ലിംകൾക്ക് ഒരു പീഡിത ജനതയെന്ന ”പദവി” ഇല്ലെന്നത് വസ്തുതയാണ്. നീതി നിഷേധത്തിനും ഭരണകൂട മർദ്ദനത്തിനും എതിരായുള്ള അവരുടെ പ്രതിരോധങ്ങളെ അന്താരാഷ്ട്ര ഭീകര സംഘടനകളുമായോ തദ്ദേശീയമായി ‘മതമൗലിക വാദമോ’ ‘ദേശവിരുദ്ധതയോ’ ആയി കണ്ണിചേർക്കുക എന്നത് നാട്ടുനടപ്പാണ്. അതുകൊണ്ട് തന്നെ മുസ്‌ലിംകളുടെ നിർബന്ധിത അനുസരണ ആവശ്യപ്പെടുന്ന ഭരണകൂടത്തോട് അവർ എന്തുകൊണ്ട് ശക്തമായി പ്രതികരിക്കുന്നില്ല, അല്ലെങ്കിൽ സാവകാശം മാത്രം പ്രതികരിക്കുന്നു എന്ന ‘കുറ്റാരോപണം’ രണ്ടു വട്ടം ആലോചിച്ചതിന് ശേഷം മാത്രം ഉന്നയിക്കേണ്ടതാണെന്ന് തോന്നുന്നു.

ബാബരി തകർക്കപ്പെടുന്ന കാലത്ത് മുസ്‌ലിം രാഷ്ട്രീയ കർതൃത്വം ഭ്രൂണാവസ്ഥയിലായിരുന്നു എന്ന് ഓർക്കേണ്ടതുണ്ട്. ഇന്ന് മതപരമായ സ്വത്വത്തെ മറയ്ക്കാതെ തന്നെ ദേശത്തിന്റെ അപരന്മാരാക്കി തങ്ങളെ മാറ്റുന്ന മുഖ്യധാര നരേറ്റീവുകളെ കുറേയെങ്കിലും പൊളിച്ചെഴുതാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. സവർണ ഉദാരതയോട് ചേർന്ന് നിൽക്കുന്നതിനപ്പുറം ദലിതരടക്കമുള്ള അരികുവൽക്കരിക്കപ്പെട്ടവരോട് സാഹോദര്യവും സഹവർതിത്വവും പുലർത്തുന്ന ജൈവ രാഷ്ട്രീയവും മുസ്‌ലിം കർതൃത്വത്തിൽ സ്വാധീനം തേടുന്നുണ്ടെന്നും പ്രധാനമാണ്. ഇത്തരമൊരു ജനാധിപത്യ സാന്നിധ്യത്തിന്റെ ഭാഗമായുള്ള നിയമ പോരാട്ടങ്ങളിലൂടെയും ബഹുജന പ്രക്ഷോഭങ്ങളിലൂടെയും സിവിൽ സമുദായത്തിലെ ഇടപെടലുകളിലൂടെയും ബാബരി മസ്ജിദ്‌ പുനഃസ്ഥാപിക്കാൻ കഴിഞ്ഞേക്കില്ലായിരിക്കും. എന്നാൽ തുടർന്നുള്ള വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും തടയിടാൻ ഈ വഴിയിലൂടെ നടന്നാൽ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്. 

  • സമ്പൂർണ്ണ കൃതികൾ - ഡോ. ബി. ആർ അംബേദ്കർ (വാള്യം 2) - പേജ് 18
  • അനുച്ഛേദം 142 ഉപയോഗിച്ചുള്ള വിധി - അഡ്വ. ഹാരിസ് ബീരാൻ - മാധ്യമം, 2019 നവംബർ 10
Top