

ആധുനിക ഭക്തര്‍, ആധുനിക ജാതി: ശബരിമലയും ഹിന്ദുത്വ രാഷ്ട്രീയവും
നൂറുവര്‍ഷം പോലും ആയിട്ടില്ല സംഘപരിവാര്‍ രൂപംകൊണ്ടിട്ട്. ഹിന്ദു ദേശീയവാദ വ്യവഹാരങ്ങള്‍ മുന്നോട്ടു വെക്കുന്ന, ‘ഹിന്ദു’ എന്ന സങ്കല്‍പവും ആധുനികമാണ്. ശബരിമലയിലെ ഹിന്ദുത്വ “പ്രക്ഷോഭകാരികള്‍” നിരക്ഷരരോ “പ്രാചീന”രോ അല്ല. മറിച്ച് നഗരങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വിദ്യാഭ്യാസമുള്ള “ആധുനികര്‍” തന്നെയാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്ന പ്രശ്നങ്ങളെ ആധുനികയിടത്തിനു മേലുള്ള ആധുനികമായ ഇടപാടായി കാണേണ്ടതുണ്ട്. എ.എസ്.അജിത്കുമാർ എഴുതുന്നു.
ശബരിമലയിലെ യുവതീ പ്രവേശനത്തെ സംബന്ധിച്ച 2018 സെപ്റ്റംബർ 28ലെ സുപ്രീംകോടതി വിധിക്കെതിരെ ഹിന്ദുത്വ ശക്തികൾ ഉയർത്തിവിട്ട ആക്രമണോത്സുകമായ എതിര്‍പ്പുകളില്‍ മുഴച്ചു നിന്ന ഒന്ന് “ഭക്തര്‍”, “വിശ്വാസികള്‍” എന്ന പ്രയോഗങ്ങളാണ്. ആരാണ് ഈ “വിശ്വാസികള്‍”/“ഹിന്ദു ഭക്തര്‍”? ഈ ഗണത്തെ (category)ക്കുറിച്ച് ആലോചിക്കുന്നതിനു മുന്‍പ് മറ്റൊരു വിഷയത്തെക്കുറിച്ചു സൂചിപ്പിക്കേണ്ടതുണ്ടെന്നു കരുതുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന, തുല്യതയുടെയും മൗലികാവകാശങ്ങളുടെയും അടിസ്ഥാനത്തില്‍ വിധി മുന്നോട്ടു വെക്കുന്നത് സ്ത്രീകളുടെ അവകാശമാണെങ്കിലും സ്ത്രീകള്‍, ഒറ്റസ്വരത്തില്‍ അതേറ്റെടുത്തുവെന്നു കരുതാമോ? വിധിയെ അനുകൂലിക്കുന്നവരിലും എതിര്‍ക്കുന്നവരിലും ശക്തമായ സ്ത്രീ സാന്നിധ്യമുണ്ടെന്നുള്ളത് ഈ പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. ശബരിമലയുടെ മേല്‍ മലയരയ സമുദായം അവകാശമുന്നയിച്ചതോടെ, ജാതിയുടെയും വംശത്തിന്റെയും പ്രശ്നം ഉയർന്നുവരികയും വിഷയം ഒന്നുകൂടി സങ്കീര്‍ണമാവുകയും ചെയ്തു. ദലിത്, പിന്നോക്ക ജാതി രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്നു വന്ന വിമര്‍ശനങ്ങൾ, പ്രശ്നം സ്ത്രീകളുടേതു മാത്രമുള്ളതല്ലാതാക്കി മാറ്റിയിട്ടുമുണ്ട്. സംഘപരിവാര്‍ ശക്തികളുടെ പ്രകടമായ സാന്നിധ്യവും ഭീഷണികളും തന്ത്രിമാര്‍, പന്തളം “രാജകുടുംബം” എന്നിവരുടെ ജാതീയമായ സാന്നിധ്യവും ജാതി പ്രധാന വിഷയമായി കൊണ്ടുവന്നിരിക്കുന്നു.
അതേസമയം തന്നെ, സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ഹിന്ദുത്വ ശക്തികളില്‍ പ്രകടമായ രീതിയില്‍ ദലിത്/ആദിവാസി/പിന്നോക്ക സമുദായ പങ്കാളിത്തവും കണ്ടു. സ്ത്രീകളിൽ, കുല സ്ത്രീകള്‍/സവര്‍ണ സ്ത്രീകള്‍ മാത്രമല്ല ഉണ്ടായിരുന്നത്; ദലിത്-ആദിവാസി സ്ത്രീകളും ധാരാളമായി ഉണ്ടായിരുന്നു. ഒരേസമയം ജാതി വെളിവാവുകയും എന്നാല്‍, അതിനെ മറികടന്നു കൊണ്ട് “ഹിന്ദു സമുദായ” സ്വത്വം മുന്നോട്ടുവെക്കപ്പെടുന്നതുമാണു കണ്ടത്. ഭക്തര്‍/ഹിന്ദു ഭക്തര്‍ എന്ന ഗണത്തെ ആക്രമണോത്സുകമായി ഉയര്‍ത്തിക്കൊണ്ടാണ് ഇതു സാധ്യമാക്കുന്നത്.
യുവതീ പ്രവേശനത്തെ തടയാന്‍ മുന്നിട്ടിറങ്ങുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ‘ഹിന്ദുഭക്തര്‍/അയ്യപ്പ ഭക്തര്‍’ എന്ന ഐഡന്റിറ്റി അവകാശപ്പെടാന്‍ കഴിയുന്നു എന്നതാണു ശ്രദ്ധിക്കേണ്ടത്. അവിടെയാണ് (ഹിന്ദു) ഭക്തര്‍ എന്ന കര്‍തൃത്വത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാകുന്നത്. ആ ദിശയിലുള്ള ചില ആലോചനകളാണ് ഇവിടെ പങ്കുവെക്കുന്നത്.


ശബരിമല ക്ഷേത്രം
ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ മുഴച്ചു നിന്ന ചില വാദങ്ങള്‍ ശ്രദ്ധിച്ചിരുന്നു. പ്രാചീന/പാരമ്പര്യ വാദികളും ആധുനികരും തമ്മിലുള്ള യുദ്ധമായി ഈ വിഷയത്തെ കാണുന്ന രീതിക്കാണു കൂടുതല്‍ അംഗീകാരം ഉണ്ടായിരുന്നത്. മതവും മതേതരത്വവും തമ്മിലും മതവും മതേതര ഭരണകൂടവും തമ്മിലുമുള്ള എന്തോ പ്രശ്നമാണെന്ന മട്ടിലാണ് വിധിയെ അനുകൂലിച്ചിരുന്നവര്‍ പോലും ചര്‍ച്ച ചെയ്തത്. നൂറുവര്‍ഷം പോലും ആയിട്ടില്ല സംഘപരിവാര്‍ രൂപംകൊണ്ടിട്ട്. അതുപോലെ തന്നെ, “ഹിന്ദു”വെന്ന ആശയത്തിനും അത്രത്തോളം പഴക്കമില്ല. ഹിന്ദു ദേശീയവാദ വ്യവഹാരങ്ങള്‍ മുന്നോട്ടു വെക്കുന്ന, ‘ഹിന്ദു’ എന്ന സങ്കല്‍പം ആധുനികമാണ്. ശബരിമല തീര്‍ഥാടനം ഇപ്പോൾ നടക്കുന്നത് അത്യാധുനികമായ ഇടപാടുകളുടെ ഇടയിലാണ്. ശബരിമലയിലെ ഹിന്ദുത്വ “പ്രക്ഷോഭകാരികള്‍”, നിരക്ഷരരോ “പ്രാചീന”രോ അല്ല. മറിച്ച് ഉയര്‍ന്ന വിദ്യാഭ്യാസമുള്ള, ഇംഗ്ലീഷ് സംസാരിക്കുന്ന, സമ്പന്നരും നഗരങ്ങളില്‍ നിന്നുള്ളവരും അഭിഭാഷകരും ഒക്കെയടങ്ങിയ “ആധുനികര്‍” തന്നെയാണവർ. അതുകൊണ്ടു തന്നെ ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്ന പ്രശ്നങ്ങളെ ആധുനികയിടത്തിനു മേലുള്ള ആധുനികമായ ഇടപാടായി കാണേണ്ടതുണ്ട്. ഒരുപക്ഷേ, വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും അറിയാതെ പങ്കുവെക്കുന്ന ഹിന്ദു ലിബറല്‍ ഇടവുമുണ്ട്. സംഘപരിവാര്‍ പറയുന്നതിനു പുറത്ത് ഒരു “യഥാർഥ ഹിന്ദു” ഉണ്ടെന്നും അതിനെ ഹിന്ദുത്വരിൽ നിന്നു രക്ഷിക്കണമെന്നും കരുതുന്ന ലിബറല്‍ ഹിന്ദു വാദവും ചിലപ്പോള്‍ കേള്‍ക്കാറുണ്ട്.
ഹിന്ദു ഭക്തര്‍ എന്ന കർതൃത്വത്തിന്റെ നിർമിതിയെക്കുറിച്ച് ആലോചിക്കാന്‍ ശ്രമിക്കാം. തിരുവിതാംകൂറിനെ സംബന്ധിച്ച് 1936നു മുന്‍പ് ‘ഹിന്ദു ഭക്തര്‍’ എന്ന സാമൂഹിക ഗണത്തെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ലായിരുന്നു. കീഴാള ജാതികള്‍ക്കു ക്ഷേത്രത്തില്‍ പ്രവേശനമില്ലായിരുന്നു. എന്നു മാത്രമല്ല, ഹിന്ദുവെന്ന പൊതുവായ സ്വത്വം അന്നു ക്ഷേത്രങ്ങളില്‍ പോയിരുന്നവർക്ക് അനുമാനിക്കാന്‍ തന്നെ കഴിയുമായിരുന്നില്ല. ക്ഷേത്ര പ്രവേശനം പലയിടങ്ങിലും ഒരു സാമൂഹിക പ്രക്രിയയായി മാറിയതിനു ശേഷമാണ് ‘ഹിന്ദു സമുദായം’ എന്ന വിഭാഗത്തെ സങ്കല്‍പിക്കാന്‍ പോലും കഴിഞ്ഞത്. ഹിന്ദു സമുദായത്തിലേക്കു പല സമുദായങ്ങളെയും ഉൾച്ചേര്‍ക്കുന്നതിന് ക്ഷേത്ര പ്രവേശനങ്ങള്‍ ആ നിലയ്ക്കു സഹായിച്ചിട്ടുണ്ട്. ഈ സമയത്ത് ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. കീഴാള ജാതികളെ വിലക്കിയിരുന്ന ഹിന്ദു ക്ഷേത്രങ്ങള്‍ എന്തുകൊണ്ടാണ് പിന്നീട് അവരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്? ഒരൊറ്റ കാരണമായിരിക്കില്ല അതിനുണ്ടാവുക. രാജഭരണത്തിനെതിരായ കീഴാള പ്രക്ഷോഭങ്ങൾ പോലെ തന്നെ, ഹിന്ദു ദേശീയവാദത്തിന്റെ വളര്‍ച്ചയും ഒപ്പം ദേശീയവാദത്തിന്റെ ഹിന്ദു പരിഷ്കരണ വ്യവഹാരവും അതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ഹിന്ദു സമുദായം ജനസംഖ്യാനുപാതികമായി കുറഞ്ഞു വരുന്നു എന്ന സെന്‍സസ് കണക്കുകൾ ഉയര്‍ത്തിയ ഭീഷണി, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, കീഴാള ജാതികളെ ഹിന്ദുമതത്തിലേക്ക് ഉൾച്ചേര്‍ക്കാനുള്ള വീക്ഷണത്തിലേക്കു് ഹിന്ദു ദേശീയവാദികളെ എത്തിച്ചു. ദലിതര്‍ക്കു വേണ്ടി നിർദേശിക്കപ്പെട്ട, സവിശേഷ നിയോജക മണ്ഡലത്തിന്റെ (seperate electrate) ഭീഷണിയും ഗാന്ധിയുടെ നിരാഹാരവും തുടര്‍ന്നുണ്ടായ പുണെ കരാർ സൃഷ്ടിച്ച സാഹചര്യവും, പലയിടങ്ങളിലും ദലിതര്‍ക്കു ക്ഷേത്രങ്ങളിലേക്കു പ്രവേശനം നൽകുന്നതിലേക്കു നയിച്ചു. കേരളത്തില്‍ തന്നെ, കെ.കേളപ്പന്‍ ഉള്‍പ്പടെയുള്ള സവര്‍ണ ദേശീയവാദികളുടെ പ്രവർത്തനം ഹൈന്ദവ പരിഷ്കരണ ലക്ഷ്യത്തോടെയുള്ളതായിരുന്നു. 1920ലെ നാഗ്പൂര്‍ സമ്മേളനത്തോടെ, ജാതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ കോൺഗ്രസ് തയ്യാറായി. എന്നാല്‍, ദേശീയവാദത്തിനു പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഹിന്ദുയിസത്തെ ഏകീകരിക്കേണ്ടതുണ്ടെന്ന നിലയ്ക്കായിരുന്നു അവരുടെ പരിപാടികള്‍ ആവിഷ്ക്കരിക്കപ്പെട്ടതെന്നു ദിലീപ് എം.മേനോന്‍ ചൂണ്ടിക്കാട്ടുന്നുണ്ട് . നിസ്സഹകരണ പ്രസ്ഥാനത്തിന്റെ രണ്ടാം ഘട്ടത്തിലെ രാഷ്ട്രീയ പരിപാടിയെക്കുറിച്ച് കേളപ്പന്‍ ചുരുക്കിയവതരിപ്പിച്ചത് “ഹിന്ദുമതത്തിന് ഒരു ഇരുപതാം നൂറ്റാണ്ടു പതിപ്പ് അടിയന്തര ആവശ്യമാണ്” എന്നാണെന്ന് അദ്ദേഹം പറയുന്നു.
പിന്നീട് കെ.കേളപ്പനാണ് 1967 ല്‍, മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി സ്ഥാപിക്കുന്നതും അങ്ങാടിപ്പുറം തളി ക്ഷേത്രം സ്ഥാപിക്കാനുള്ള കുപ്രസിദ്ധ പ്രക്ഷോഭം നടത്തുന്നതും. മലപ്പുറം ജില്ല രൂപവൽക്കരണത്തെ എതിര്‍ക്കുകയും അതിനെ ‘മിനി പാക്കിസ്ഥാന്‍’ എന്നു വിളിക്കുകയും ചെയ്ത കേളപ്പന്റെ രാഷ്ട്രീയം തന്നെ വ്യക്തമാക്കുന്ന ഒന്നാണ് ഈ ക്ഷേത്ര സംരക്ഷണ സമിതിയുടെ രൂപവത്കരണവും പ്രവർത്തനവും. മുസ്‌ലിംകളെ ശത്രുപക്ഷത്തു നിര്‍ത്തിക്കൊണ്ടുള്ള ഹിന്ദുത്വ രാഷ്ട്രീയം തന്നെയായിരുന്നു അതിന്റേത്.
പിന്നീട് ആര്‍എസ്എസ് നേതാവ് പി.മാധവന്‍, മലബാര്‍ ക്ഷേത്ര സമിതിയെ, കേരള ക്ഷേത്ര സമിതിയായി പരിവർത്തിപ്പിച്ചു. 1977ല്‍ സമിതി രജിസ്റ്റർ ചെയ്യപ്പെട്ടു. അങ്ങനെ, അമ്പലങ്ങളെ ചുറ്റിപ്പറ്റിയാണ് കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയം ശക്തമായത്. അതിനു ബദലെന്ന നിലയില്‍, പല സ്ഥലങ്ങളിലെയും ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചെടുക്കയും ഹൈന്ദവ ചടങ്ങുകള്‍ നടത്തുകയുമാണ് ഇടതുപക്ഷം ചെയ്തത്. രൂപേഷ് ഒ.ബി ഇതിനെ വിമര്‍ശിക്കുന്നുണ്ട്. ഗോ രാഷ്ട്രീയത്തിൽ നിന്നു ഭിന്നമായി, ക്ഷേത്ര സംരക്ഷണം എന്ന രീതിയിലാണ് സംഘപരിവാര്‍ പ്രധാനമായും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമല സംഭവത്തില്‍ വളരെ പ്രകടമായി അവര്‍ മുന്നില്‍ നില്‍ക്കുന്നത് അതുകൊണ്ടാണ്. പാർലമെന്ററി രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ബിജെപിക്കും ക്ഷേത്ര സംരക്ഷണമാണ് ഹൈന്ദവ സമൂഹത്തോടുള്ള കൂറു തെളിയിക്കാനുള്ള മാര്‍ഗം. ശബരിമല വിഷയം, സര്‍ക്കാരും “ഭക്തരും” തമ്മിലുള്ള യുദ്ധമായി മാറുന്നത് ചരിത്രപരമായ വൈരുധ്യമെന്ന നിലയിലാണ്. 1811ലാണ് കേണല്‍ മണ്‍റോയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ ഭരണകൂടം, 348 ക്ഷേത്രങ്ങളുടെയും 1123 ചെറു ദേവസ്വങ്ങളുടെയും ഭരണം നേരിട്ട് ഏറ്റെടുക്കുന്നത്. ക്ഷേത്രങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. 1922ല്‍ പ്രത്യേക ദേവസ്വം വകുപ്പും നിലവില്‍ വന്നു. പിന്നീട് 1950ല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിതമാകുന്നു. ഇതെല്ലാം പരിശോധിച്ചാല്‍, ക്ഷേത്ര ഭരണവും സര്‍ക്കാര്‍ രക്ഷാധികാരവും എതിരായല്ല പ്രതിഷ്ഠിക്കപ്പെട്ടതെന്നു മനസ്സിലാക്കാനാവും. ക്ഷേത്ര സംരക്ഷണ സമിതികളുടെ രൂപവൽക്കരണത്തിലൂടെയാണ് ‘ഹിന്ദു ഭക്തര്‍/സര്‍ക്കാര്‍’ എന്ന ദ്വന്ദം സൃഷ്ടിക്കപ്പെട്ടതെന്നു കരുതാം.


നിലയ്ക്കലിൽ തീർഥാടകരുടെ വാഹനങ്ങൾ പരിശോധിക്കുന്നു.
കേരളത്തില്‍ ചെറു ഹിന്ദു ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി ഒട്ടേറെ ഹിന്ദുത്വ പരിപാടികള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ ഉത്സവപ്പറമ്പുകളുടെ മാറ്റം ശ്രദ്ധിച്ചാല്‍, ശുദ്ധമായ ഹിന്ദുയിടം എങ്ങനയാണവര്‍ സൃഷ്ടിക്കുന്നതെന്നു മനസ്സിലാക്കാം. മിമിക്രി, ഗാനമേള, സിനിമാറ്റിക് ഡാൻസ് പോലുള്ള പോപ്പുലര്‍ പരിപാടികള്‍, തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിനു ശേഷവുമായി പല ഉത്സവപ്പറമ്പുകളില്‍ നിന്നും അപ്രത്യക്ഷമാകുകയുണ്ടായി. ഉത്സവപ്പറമ്പുകളെ ശുദ്ധ ഹിന്ദു ഇടമായി മാറ്റാനുള്ള ക്ഷേത്ര സംരക്ഷണ സമിതികളുടെ ശ്രമത്തിന്റെ ഭാഗമായാണതു സംഭവിച്ചത്.
അതുപോലെ ശുദ്ധമായ ഹൈന്ദവ ഇടം സൃഷ്ടിക്കാനുള്ള ശ്രമമാണു ശബരിമലയിലെ ഇപ്പോഴത്തെ ഇടപാടുകള്‍ എന്നു കരുതേണ്ടിയിരിക്കുന്നു. നേരത്തെ പറഞ്ഞതു പോലെ, ജാതികളെ മറികടക്കുന്ന ഹിന്ദു ഏകീകരണം അതിന്റെ ലക്ഷ്യമാണ്. എന്നാല്‍ മലയരയരുടെ അവകാശവാദവും ദലിത് മേഖലയില്‍ നിന്നുള്ള വിമര്‍ശനങ്ങളും ഈ ഐക്യത്തിന്റെ ദൗര്‍ബല്യത്തെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനു മറുപടിയായിട്ടാണു ദലിത്/ആദിവാസി വ്യക്തികളെ ഹിന്ദുത്വ നിരയില്‍ ഉയർത്തിക്കാട്ടുന്നത്. “പട്ടിക ജാതിക്കാര”നാണെന്നവകാശപ്പെട്ടുകൊണ്ടു തന്നെ, “ശബരിമലയില്‍ കയറാന്‍ സ്ത്രീകളെ അനുവദിക്കില്ല” എന്നു പറയുന്ന ഹിന്ദുത്വ പ്രവര്‍ത്തകരുടെ വീഡിയോകള്‍ സൂചിപ്പിക്കുന്നത് ഈ ഹിന്ദുത്വ, ആക്രമണോത്സുക രാഷ്ട്രീയത്തെ, കേവലം സവര്‍ണമെന്നു തള്ളിക്കളയാന്‍ സാധിക്കില്ല എന്നാണ്.
ഹിന്ദു ഭക്തര്‍ എന്നത് ഒരു രാഷ്ട്രീയ കര്‍തൃത്വമായി മാറുന്നതാണ് ഇവിടെ കാണുന്നത്. പതിനെട്ടാം പടിയില്‍ കയറി നിന്നു പ്രസംഗിക്കാനും ‘അയ്യപ്പ ശരണം’ എന്നത് ‘ഇങ്കുലാബ് സിന്ദാബാദ്’ പോലെ ഒരു മുദ്രാവാക്യമായി വിളിക്കാനും കഴിയുന്ന രീതിയില്‍, ഇതൊരു രാഷ്ട്രീയമായി മാറുന്നു എന്നതാണു ശ്രദ്ധിക്കേണ്ട സംഗതി. സ്ത്രീകളുടെ വിലക്കിനെ സവിശേഷ ആചാരമായി കോടതിയിലൂടെ സാധിച്ചെടുക്കാന്‍ ഉന്നയിച്ചത് “അയ്യപ്പന്മാര്‍”, സവിശേഷ മത വിഭാഗം ആണെന്ന വാദമാണ്. എന്നാല്‍, അക്രമങ്ങളിലൂടെ അയ്യപ്പഭക്തര്‍ എന്ന രാഷ്ട്രീയ കര്‍തൃത്വം ഒരു പ്രശ്നവും കൂടാതെ അവര്‍ ഉയര്‍ത്തുന്നു.
എന്നാല്‍ ഈ രാഷ്ട്രീയത്തെ, മതേതര ഭരണകൂടത്തിനും രാഷ്ട്രത്തിനുമെതിരായ വെല്ലുവിളി എന്നതിനേക്കാൾ ഭരണകൂടത്തിനും രാഷ്ട്രത്തിനും മേലുള്ള അവകാശവാദമായിട്ടാണ് എനിക്കു തോന്നുന്നത്. മതേതരത്വം എന്നതു കപടമാണെന്നും മുസ്‌ലിം പ്രീണനം ആണെന്നും സംഘപരിവാര്‍ വർഷങ്ങളായി ഉന്നയിക്കുന്ന ആരോപണമാണ്. കോടതിയും ഭരണകൂടവും പ്രത്യക്ഷമായിത്തന്നെ ഹിന്ദു അനുകൂലമായി മാറണമെന്നാണ് അവര്‍ വാദിക്കുന്നത്. മതേതരത്വം എന്നതിന്റെ ആന്തരികമായ പ്രതിസന്ധി കൊണ്ടാണ് ഭരണകൂടവും കോടതിയും പൊലീസും, പ്രവര്‍ത്തിക്കാന്‍ കഴിയാതെ നില്‍ക്കുന്നത്. ലിബറല്‍ ഹിന്ദു വ്യവഹാരങ്ങള്‍ക്കു മതേതര വ്യവസ്ഥയില്‍ പ്രശ്നമില്ലാതെ നിലനില്‍ക്കാന്‍ കഴിയുമെന്നത് ഓര്‍ക്കേണ്ടതുണ്ട്. മാധ്യമങ്ങളുടെ ഭാഷയും പൊതു മനോഭാവവും അതു വ്യക്തമാക്കുന്നുണ്ട്. സംഘപരിവാര്‍ ആക്രമണങ്ങള്‍ തീവ്രവാദമായോ രാജ്യദ്രോഹമായോ കണക്കാക്കപ്പെടില്ല. അതുപോലെ, ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നം സംഘപരിവാറിന്റെ പ്രശ്നം മാത്രമായി, അല്ലെങ്കിൽ ഹൈന്ദവതയിലെ ഒരു വ്യതിയാനം (deviation) എന്ന നിലയിലാണു വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍ മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില്‍ അതു മതത്തിന്റെ അന്തർലീന (inherent) പ്രശ്നമായി വ്യാഖ്യാനിക്കപ്പെടും. ശബരിമല വിഷയത്തില്‍, സംഘപരിവാറിന്റെ രാഷ്ട്രീയത്തെ എതിര്‍ത്തു കൊണ്ട് ജാതീയവും മുസ്‌ലിം വിരുദ്ധവുമായ ലിബറല്‍ ഹിന്ദു വ്യവഹാരങ്ങള്‍ക്കും പ്രശ്നമില്ലാതെ നിലനില്‍ക്കാന്‍ കഴിയുന്നുണ്ടെന്നതാണു മറ്റൊരു ശ്രദ്ധേയമായ സംഗതി.
*ഈ കുറിപ്പ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചില പ്രശ്നങ്ങളെയാണ് പരിമിതമായ നിലയ്ക്കെങ്കിലും ഇവിടെ സമീപിക്കാൻ ശ്രമിച്ചത്. ശബരിമല വിഷയത്തിന്റെ മറ്റു തലങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
(2018 നവംബർ 16 ലക്കം തേജസ് വാരികയിൽ പ്രസിദ്ധീകരിച്ചത്)
- Dileep M menon, Becoming “Hindu” and “Muslim”:identity and conflict in Malabar 1900 -1936, (1994)
- Roopesh OB , Temple as the political Arena in kerala, EPW, Apr -22 ,2017