നിലാവെട്ടത്തെ കാഴ്ചകൾ: ജൗഹാ അൽ-ഹാരിസിയുടെ സയ്യിദത്തുൽ ഖമർ വായിക്കുന്നു

ബുക്കർ പ്രൈസ് നേടിയ ഒമാനി എഴുത്തുകാരി ജൗഹാ അൽ-ഹാരിസിയുടെ സയ്യിദത്തുൽ ഖമർ (Celestial Bodies) എന്ന നോവലിന്റെ പ്രധാന ഇതിവൃത്തമാണ് പിതൃബിംബങ്ങളോടും പിതൃവാഴ്ചാ ക്രമങ്ങളോടുമുള്ള പ്രതിഷേധം. എന്നാൽ കൃത്യമായൊരു ഈഡിപ്പൽ പ്രതിഷേധത്തിന്റെ നിഴലിൽ നിർത്താവുന്ന തരത്തിൽ പരിഷ്കാരം – പാരമ്പര്യം എന്ന വിഭജന വീക്ഷണത്തിന് നോവൽ വഴങ്ങുന്നുമില്ല. ഷമീർ കെ.എസ് എഴുതുന്നു.

കണ്ടു കണ്ട് കണ്ണിലലിഞ്ഞ കാഴ്ചകൾ പതിറ്റാണ്ടുകൾക്കു ശേഷം പെട്ടന്നൊരു ഓർമയിലൂടെ ഒരു ഉത്തേജനത്താൽ തിരിച്ചു വരുമോ? കേട്ട് മറന്ന കഥകൾ കാതുകളിൽ ഒരിരമ്പമായി പുനർജനിക്കുമോ? സത്യമല്ലെന്ന് പലവുരു പഠിച്ചിട്ടും, പുതിയ മിത്തുകളായ നിരീക്ഷണ – പരീക്ഷണാനന്തര നിഗമനങ്ങൾ കൊണ്ട് ശരിവെച്ചിട്ടും, യുക്തി കൊണ്ട് ഉരച്ച് തേച്ച് കളഞ്ഞിട്ടും എന്തു കൊണ്ടാണ് മിത്തുകൾ തികട്ടി വരുന്നത്? നമ്മുടെ രാഷ്ട്രീയത്തിന്റെയും സാമൂഹികതയുടെയും വർത്തമാനം പോലെ ഓർമയും അയുക്തികതയുടെ നീരിനു വേണ്ടി നീറുന്ന വറ്റിവരണ്ടൊരു മരുഭൂവാണ്.

ഒമാനി നോവലിസ്റ്റ് ജൗഹ അൽഹാരിസിയുടെ ആകാശഗോളങ്ങളിൽ (celestial bodies) ബുറാഖിന്റെ ഒരു ചിത്രം വർണിച്ചിട്ടുണ്ട്. നോവലിൽ ഉന്മാദിയായ മസൂദയെ മകൾ ഷാന്ന കെട്ടിയിട്ടിരിക്കുന്ന വീടിന്റെ ചുമരിലാണ്, പ്രവാചകൻ തന്റെ തിരുയാത്രക്ക് (മക്കയിൽ നിന്ന് യരുശലേമിലെ മസ്ജിദുൽ അഖ്സയിലേക്ക് തിരുനബി നടത്തിയ നിശാപ്രയാണം) ഉപയോഗിച്ച പരിശുദ്ധ ബുറാഖിന്റെ (ബുറാഖ് ഷെരീഫ്‌) ചിത്രം പതിച്ചിട്ടുള്ളത്. ഒരു സ്ത്രീയുടെ മുഖവും കുതിരയുടെ ശരീരവുള്ള ചിത്രമാണ് മസൂദയുടെ ചുമരിൽ പതിഞ്ഞ ബുറാഖ്. എന്റെ വല്ലുമ്മയുടെ (വാപ്പിച്ചിടെ ഉമ്മ) വീട്ടിലുമുണ്ടായിരുന്നു ചിത്രം. അറ്റങ്ങൾ ഇളകിയിളകി പുതിയ കാഴ്ചപ്പാടുകൾ കൊണ്ട് പറിച്ച് കളഞ്ഞ ചിത്രം. ചിത്രവും ജിന്നുകളുടെ കഥകളും ആകാശ ഗോളങ്ങളുടെ സ്വാധീനത്താൽ ഒളിവെട്ടി കടന്നുപോകുന്ന അർദ്ധശരീരികളുമാണ് നോവലിലേക്ക് എന്റെ അനുഭവരാശിയെ വലിച്ചടുപ്പിച്ചത്. ഒമാൻ മറ്റൊരു കേരളമാകുന്നത്, സ്ഥലരാശിയുടെ സാദൃശ്യം കൊണ്ട് മാത്രമല്ല, അനവധി ചിത്രങ്ങളുടെയും കഥകളുടെയും സാന്നിധ്യം കൊണ്ട് കൂടിയാണെന്ന് നോവൽ പറഞ്ഞു തരുന്നു.

ജിന്നുകളെക്കുറിച്ചും, അതിഭൗതികമായ വൃത്താന്തങ്ങളെക്കുറിച്ചും ഒക്കെയുള്ള കഥകൾ അവിശ്വസിനീയമാം വിധം പേടിപ്പെടുത്തുന്നതാണ്. പക്ഷേ ഫോക് അനുഭവങ്ങളിൽ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം പലതരത്തിലുള്ള അധികാരബന്ധങ്ങൾ രൂപപ്പെടുത്തിയ ജീവിത യാഥാർഥ്യത്തെപ്പോലെ അവ യാഥാർഥ്യവുമാണ്.

നോവലിലെ ഒരു കഥ ഇപ്രകാരമാണ്. രാത്രി വെള്ളം കുടിക്കാതെ ഉറങ്ങുന്നവരുടെ ആത്മാക്കൾ ദാഹിച്ച് വലഞ്ഞ് വെള്ളം തേടി അലയുമത്രേ. ഒടുവിൽ എവിടെ നിന്നൊക്കെയോ വെള്ളം കുടിച്ച് സംതൃപ്തരായി ശരീരത്തിൽ മടങ്ങിയെത്തും. അങ്ങിനെ ഒരാളുടെ ആത്മാവ് ഒരു കൂജയിൽ കയറി വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോൾ കൂജയുടെ മൂടി അടഞ്ഞുപോയി. അടുത്ത ദിവസം മനുഷ്യന്റെ മയ്യിത്ത് മറമാടാൻ എടുത്ത നേരത്ത് ആരോ കൂജ തുറന്നു. അപ്പോഴാണ് ദേഹത്തിലേക്ക് ആത്മാവിന് തിരിച്ചെത്താൻ കഴിഞ്ഞത്, മരിച്ച മനുഷ്യൻ കണ്ണു തുറന്ന് ആർത്തു നിലവിളിച്ചത്

കുറ്റബോധത്തിന്റെ നീറ്റലുകൾ നോവലിലെ ഓരോ താളിലുമുണ്ട്. അടിമ ഉടമ ബന്ധത്തിന്റെ കെട്ടഴിയാത്ത വർത്തമാനകാലവും, പരസ്പരം ഇഴപിരിയുന്ന കുടുംബങ്ങളുടെ ചേരായ്മകളുടെ ചരിത്രാവശേഷിപ്പുകളും നീറ്റലുകളുടെ ഊക്ക് കൂട്ടുന്നുമുണ്ട്. അതിന്റെ തീരാവേദനയാണ് മർവാന്റെ കഥ നമ്മോട് പറയുന്നത്. മർവാന്റെ ഉമ്മ പുലർകാലത്ത് കണ്ടൊരു സ്വപ്നത്തിന്റെ വ്യാഖ്യാനമായി ഹാജി യൂസുഫ് പറയുന്നത്, അവർക്ക് പരിശുദ്ധനായ ഒരു കുട്ടി പിറക്കുമെന്നാണ്. അങ്ങിനെ പിറന്നു വീണ മർവാനെ ഉമ്മ മതം പഠിപ്പിക്കുന്നു. പ്രവാചകന്റെ ഹദീസുകൾ മനഃപാഠമാക്കിയ മർവാൻ ഉമ്മ അവനെ വിളിച്ച ഷെരീഫ് (പരിശുദ്ധൻ) എന്ന ഓമനപ്പേരിനോളം വളരുന്നു. പക്ഷേ ക്ലെപ്റ്റോമാനിയയുടെ ലഹരിയിൽ തനിക്കാവശ്യമില്ലാത്തതെല്ലാം മോഷ്ടിക്കുകയും അതിന്റെ കുറ്റബോധത്തിൽ നോമ്പെടുക്കുകയും ചെയ്യുന്ന ഒരു ശീലത്തിന്റെ തടവറയിലായി മർവാൻ. പതിനാറ് വയസായപ്പോഴേക്കും എട്ടുമാസവും പതിനാല് മാസവും മർവാന് പ്രായശ്ചിത്ത വ്രതം ചെയ്യേണ്ടി വന്നു. ആരോടും പറയാതെ മനസിൽ രഹസ്യമാക്കി വെച്ച ദുഖത്തിന് ശമനമുണ്ടാകുന്നത് ഉപ്പയുടെ മരണശേഷം ഉമ്മയുടെ പെർഫ്യൂമും ഉപ്പയുടെ കഠാരയും മോഷ്ടിച്ച്, അത്തറ് പൂശി സ്വന്തം കയ്യറുത്ത് മരിച്ചപ്പോഴാണ്. മർവാൻ പല കഥാപാത്രങ്ങളുടെയും ചരിത്രത്തിന്റെ ഭാഗമായുള്ള അവരുടെ ജീവിതങ്ങളുടെയും അനുരൂപമാകുന്നതും നാം കാണുന്നു

സയ്യിദത്തുൽ ഖമർ എന്ന അറബി ഭാഷയിലെ നോവലാണ് സെലസ്റ്റിയൽ ബോഡീസ് എന്ന തലക്കെട്ടിൽ മരിലിൻ ബൂത്ത് വിവർത്തനം ചെയ്തിട്ടുള്ളത്. വർഷത്തെ ബുക്കർ പ്രൈസ് നേടിയെടുത്ത കൃതി ഇതിനകം സാഹിത്യ വിമർശകരുടെയും വായനക്കാരുടെയും ശ്രദ്ധയാകർഷിച്ച് കഴിഞ്ഞിട്ടുണ്ട്. ഖമർ അഥവാ നിലാവിനെ സയ്യിദയായി (ആദരണീയ, മഹതി, നബി കുടുംബത്തിൽ പിറന്ന സയ്യിദിന്റെ സ്ത്രീലിംഗം) പരിചയപ്പെടുത്തുന്ന നോവലിന്റെ തലവാചകം അതേ ലഖ്ബ് (സ്ഥാനപ്പേര്) നൽകി വിളിക്കുന്ന നാജിയ എന്ന ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് പ്രകടമായി സൂചിപ്പിക്കുന്നത്. പക്ഷേ നിലാവിനപ്പുറം എല്ലാ ആകാശഗോളങ്ങളെയും സൂചിപ്പിക്കുന്നു ഇംഗ്ലീഷ് ടൈറ്റിൽ. നാജിയ മാത്രമല്ല നോവലിലെ ശക്തമായ കഥാപാത്രം. നാജിയയെക്കാൾ എന്നെ ഏറെ ആകർഷിച്ച കഥാപാത്രം സെരീഫ എന്ന അടിമവനിതയാണ്. നോവലിന്റെ ഓരോ അധ്യായത്തിനും കഥാപാത്രങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത്. തുടർച്ചയായി അബ്ദുല്ലയുടെ ആത്മഗതം അദ്ധ്യായങ്ങൾക്കിടയിൽ കടന്നുവരുന്നുണ്ട്. വ്യത്യസ്തമായ ലിപിയിലാണ് ആത്മഗതത്തെ വേറിട്ട് നിർത്തിയിരിക്കുന്നത്. ഒമാനിലെ അൽഅവാഫി എന്ന ഗ്രാമത്തിൽ നിന്നും മയ്യയെ വിവാഹം കഴിച്ച് മസ്കത്തിലേക്ക് താമസം മാറിയ അബ്ദുല്ലയുടെ ആത്മഭാഷണം നോവലിലെ പ്രധാന ഇതിവൃത്തമായ നഗര ഗ്രാമ വൈരുദ്ധ്യത്തെ എടുത്ത് കാട്ടുന്നു. ഓരോ കഥാപാത്രവും ആകാശചാരികളായ ഗോളങ്ങളുടെ പ്രതിനിധാനങ്ങൾ തന്നെയാണ്. അതുകൊണ്ട് സയ്യിദത്തുൽ ഖമറിനേക്കാൾ നോവലിന്റെ ആഖ്യാനത്തെ പ്രകാശിപ്പിക്കുന്നത് ഇംഗ്ലീഷ് വിവർത്തനത്തിന്റെ തലവാചകം തന്നെയാണെന്നും പറയാം. ഇംഗ്ലീഷ് ഭാഷയിൽ അവഗാഹമുള്ള നോവലിസ്റ്റിന്റെ മേൽനോട്ടത്തിലാണ് വിവർത്തനം നടന്നിട്ടുള്ളത് എന്നതിനാൽ നോവലിസ്റ്റ് വിവർത്തകയുടെ സ്വാതന്ത്ര്യത്തെ അംഗീകരിച്ചിട്ടുണ്ട് എന്ന് ഊഹിക്കാം.

ജൗഹാ അൽ-ഹാരിസിയും മരിലിൻ ബൂത്തും

അൽ-അവാഫിയിലെ മൂന്ന് പ്രമുഖ കുടുംബങ്ങളുടെയും ആശ്രിതരായിരുന്ന/രായ അടിയാളുകളുകളുടെയും ജീവിതമാണ് നോവൽ ആഖ്യാനം ചെയ്യുന്നത്. അതിൽ അസ്സാൻ ബ്നു മയ്യ സാലിമ ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികൾ മയ്യ, അസ്മ, ഖൗല. അസ്സാൻ ബ്നു മയ്യ പണ്ഡിതനും വിധികർത്താവുമായ ഹാജി യൂസുഫിന്റെ സഹായിയായിരുന്നു. മുതനബ്ബി, ഇബ്നുൽ റൂമി, ബുഹ്തൂരി തുടങ്ങിയ വിശ്രുതരായ പ്രണയകവികളുടെ മാസ്മരികലോകത്ത് ജീവിക്കുന്ന അസ്സാൻ അസ്മയുമായി അന്താക്ഷരി കളിക്കുകയും, ഖമറിന്റെ ആകർഷണവലയത്തിലാവുകയും ചെയ്യുന്നു. സാലിമയുടെ നിയന്ത്രണത്തിലാണ് പെൺകുട്ടികൾ വളരുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം.

സുലൈമാൻ താജിർ (കച്ചവടക്കാരൻ) അടിമവ്യാപാരത്തിലൂടെയും കാരക്ക ബിസിസിലൂടെയും ധനികനായ പ്രമുഖനാണ്. സുലൈമാന്റെ ഒരേയൊരു മകൻ അബ്ദുല്ല, സാലിമയുടെ മകൾ മയ്യയെ വിവാഹം കഴിക്കുന്നു. അബ്ദുല്ലയുടെ ആത്മഗതമാണ് നോവലിൽ ഇടക്കിടെ കടന്നുവന്ന് ആഖ്യാനത്തെ നിയന്ത്രിക്കുന്നത്. താജിർ ബ്നു സുലൈമാനെ പോലെ പ്രമുഖനായ ധനികനാണ് ഈസാ. രാഷ്ട്രീയ അഭയാർത്ഥിയായി നാടുവിടുകയും, കുറേക്കാലം കെയ്റോയിൽ ജീവിച്ച് തിരിച്ചുവരുകയും ചെയ്യുന്ന ഈസാക്ക് മുഹാജിർ ഈസ എന്ന വിളിപ്പേരുണ്ട്. ഈസയുടെ മകൻ ഖാലിദാണ്, അസ്മയെ വിവാഹം കഴിക്കുന്നത്. ഈസയുടെ മകൻ അലിക്ക് വേണ്ടി ഖൗലയെ വിവാഹത്തിനാവശ്യപ്പെടുകയും സാലിമയും അസ്സാനും അത് സമ്മതിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, കാലങ്ങളായി കാനഡയിലേക്ക് കുടിയേറിയ തന്റെ കസിൻ നാസറിനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന വാശിയിൽ ജീവിക്കുന്നു ഖൗല. ഒടുവിൽ സ്കോളർഷിപും തൊഴിലും നഷ്ടപ്പെട്ട് തിരിച്ചുവരുന്ന നാസറിന്റെ കീചെയ്നിൽ തന്റെ പെൺസുഹൃത്തിന്റെ ചിത്രമുണ്ടെങ്കിലും, അങ്ങിനെയൊരാളെ ജീവിതപങ്കാളിയാക്കുന്നതിന് എല്ലാവരും എതിർത്തിട്ടും, ഖൗല നാസറിനെ തന്നെ സ്വീകരിക്കുന്നു.

മൂന്ന് കുടുംബങ്ങളുടെയും മൂന്നാം തലമുറയിൽ നിന്ന് നോവലിൽ കടന്നുവരുന്നത് മയ്യയുടെ മക്കളാണ് ലണ്ടനും, സലീമും, മുഹമ്മദും. അബ്ദുല്ലയോടൊപ്പം മസ്കത്തിലേക്ക് താമസം മാറുന്ന മയ്യ മകൾക്ക് ലണ്ടൻ എന്ന പേര് നൽകുന്നത് മുതലാണ് പരിഷ്കാരം പാരമ്പര്യം, നാഗരികത ഗ്രാമീണത തുടങ്ങിയ വൈരുദ്ധ്യാത്മക സംഘർഷങ്ങൾ നോവലിൽ കടന്നുവരുന്നത്.

പക്ഷേ സംഘർഷം അതിനു മുമ്പേ തുടങ്ങുന്നു. അത് പലനിയമങ്ങളിലൂടെ നിലവിൽ വന്ന അടിമവ്യാപാരനിരോധനം നോവലിലെ അടിയാളുകളുടെ ജീവിതവുമായി നേരിടുമ്പോൾ സംഭവിക്കുന്ന പുതിയ സാമൂഹികാവസ്ഥയാണ്. സുലൈമാൻ താജിറിന്റെയും, അബ്ദുല്ലയുടെയും ജീവിതത്തിലെ വലിയൊരു നിഴലാണ് സെരീഫ. 1885- ഒമാൻ സുൽത്താൻ സയ്യിദ് സയ്ദ് അടിമവ്യാപാരം നിർത്തലാക്കിക്കൊണ്ടുള്ള വിളംബരം പുറപ്പെടുവിക്കുമ്പോൾ കെനിയയിലെ ഒരു ഗ്രാമത്തിലാണ് സെരീഫയുടെ പൂർവികർ ജനിക്കുന്നത്. നിയമത്തിന്റെ കണ്ണുവെട്ടിച്ച് ആഫ്രിക്കയിൽ നിന്ന് ഏഷ്യയിലെത്തിച്ചേരുകയും സുലൈമാൻ താജിർ കൈമാറ്റ കച്ചവടത്തിലൂടെ വാങ്ങുകയും ചെയ്ത സെരീഫ, സാർ ജിന്ന് ബാധയൊഴിപ്പിക്കുന്ന ചടങ്ങിൽ ആത്മാക്കളുമായി സംവദിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുകയും, തന്റെ മാതൃസംസ്കാരവുമായുള്ള വേരുകൾ മുറിക്കാതെ നിലനിർത്തുകയും ചെയ്യുന്നു. നാടോടി മരുന്നിലൂടെയും മറ്റും അബ്ദുല്ലക്കും മയ്യക്കും നാടിനും ജീവദായകിയായി സെരീഫ മാറുന്നു. എന്നാൽ സുലൈമാനും സെരീഫയും തമ്മിലുള്ള ബന്ധം വിവാഹബാഹ്യമായ സഹജീവിതത്തിന്റെ കൂടെയാണ്. സലീമയുടെ കാർക്കശ്യത്തിൽ നിന്നും നിലാവായ നാജിയയുടെ കുളിർമയിലും, ഇംറുൽ ഖൈസും ലൈലയും പുനർജനിക്കുന്ന കാവ്യാലപനത്തിലും അസ്സാൻ ഒളിച്ചോടുന്നത് പോലെ.

അടിമവ്യാപാര നിയന്ത്രണം പോലെ നോവലിന്റെ രാഷ്ട്രീയമായ മറ്റൊരു പശ്ചാത്തലം 1920ലെ സിബ് ഉടമ്പടിയാണ്. ഇപ്പോഴത്തെ ഒമാൻ സുൽത്താൻ, സുൽത്താൻ ഖാബൂസിന്റെ പിതാവ് തൈമൂർ ബ്നു ഫൈസലുംഇമാമത്തും (ഇമാമിന്റെ കീഴിൽ പ്രവർത്തിക്കുന്ന മത രാഷ്ട്രീയ ഘടകംനോവലിൽ ഇമാം ഗാലിബ് ബ്നു അലിയാണ് പരാമർശം) ഒപ്പു വെച്ച ഉടമ്പടി അനുസരിച്ച് ഒമാനിനെ മസ്കത്ത് കേന്ദ്രീകരിച്ചുള്ള ഗവൺമെന്റ്, ഇമാമത്തിന്റെ കീഴിലുള്ള ഉൾപ്രവിശ്യകൾ എന്നിങ്ങനെ രണ്ട് ഭരണഘടകങ്ങളായി വിഭജിക്കുന്നു. ബ്രിട്ടന്റെ സാമ്രാജ്യത്വ മോഹങ്ങളാണ് ഉടമ്പടിക്ക് പരിക്കേൽപിക്കുന്നത്. ഇമാമത്തിന്റെ കീഴിലുള്ള ഫുഹാദ് മരുഭൂമിയിൽ എണ്ണ ഖനനത്തിന് സുൽത്താൻ ബ്രിട്ടന് അനുമതി നൽകുകയും പിന്നീട് പൊട്ടിപ്പുറപ്പെടുന്ന ആഭ്യന്തര സംഘട്ടനത്തിൽ ഇമാമത്ത് പരാജയപ്പെടുകയും ചെയ്യുന്നു. ഈസ മുഹാജിറായി കെയ്റോവിലേക്ക് പോകാനുണ്ടായ സാഹചര്യം തുടങ്ങുന്നത് അവിടെയാണ്. മസ്കത്ത് കേന്ദ്രീകരിച്ചുള്ള നാഗരിക സംസ്കാരവും, ഉൾപ്രവിശ്യകളിലെ ഗ്രാമീണതയും തമ്മിലുള്ള നോവലിലെ വൈരുദ്ധ്യാത്മകതയുടെ ചരിത്ര പശ്ചാത്തലമിതാണ്.

1926 സെപ്റ്റംബർ 25ലെ ജെനീവ ഉടമ്പടിയെത്തുടർന്നാണ് അടിമവ്യാപാരവും വ്യവസ്ഥിതിയും നിരോധിക്കപ്പെടുന്നത് എന്ന ചരിത്രകഥ നാം പറയാറുണ്ട്. സ്ഥാപനവത്കരിക്കപ്പെട്ടതും വ്യവസ്ഥാപിതവുമായ അടിമത്വത്തിന്റെ ഔദ്യോഗികമായ ആഖ്യാനമാണത് (അനൗപചാരികവും, സ്ഥാപനവത്കരിക്കപ്പെടാത്തതുമായ പലതരത്തിലുള്ള അടിമ ഉടമ ബന്ധങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ടല്ലോ). എന്നാൽ ഒമാൻ സുൽത്താന്റെ 1885ലെ അടിമനിരോധന വിളംബരത്തെ കുറിച്ച് നോവലിൽ തന്നെ പരാമർശമുണ്ട്. പല ചരിത്രങ്ങളും തിയതിയിൽ കുറ്റിയടിക്കുന്നതിന്റെ പ്രശ്നം ഇത് സൂചിപ്പിക്കുന്നു.

അടിമവ്യാപാരത്തിലൂടെ സമ്പത്തും പ്രമാണിത്തവും നേടിയ സുലൈമാൻ താജിറിലും, സെരീഫയിലും പുതിയ സാമൂഹിക രാഷ്ട്രീയമാറ്റങ്ങൾ ഉണ്ടാക്കിയത് ഞെട്ടലാണ്. “ഗവൺമെന്റിന് എന്താണ് ഇതിൽ കാര്യം. സഞ്ചാർ എന്റെയാണ്. ഗവൺമെന്റിന്റെ അല്ല. ഗവൺമെന്റിന് എന്റെ അടിമകളെ സ്വന്തമാക്കാനാവില്ല. ഇരുപത് വെള്ളിനാണയം കൊടുത്താണ് അവന്റെ ഉമ്മാനെ ഞാൻ വാങ്ങിയത്. ഒരു ചാക്കരിക്ക് നൂറ് വെള്ളിനാണയം വിലയുണ്ടായ കാലത്തും ഞാൻ അവൾക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്,” സുലൈമാൻ വിലപിക്കുന്നു. പുരുഷാധിപത്യ തൃഷ്ണയുടെയും, മനുഷ്യനെ ചരക്കിനോടും സാമ്പത്തികമായ അളവുകോലിനോടും സമീകരിക്കുന്ന വ്യവസ്ഥിതിയുടെയും പിടച്ചിലാണ് സുലൈമാനിലൂടെ പുറത്തുവരുന്നത്

എന്നാൽ പുതിയ രാഷ്ട്രീയ മാറ്റങ്ങളെ മകൻ സഞ്ചാറും, മരുമകൾ ഷാന്നയും (ഉന്മാദിയായ മസൂദയുടെ മകൾ) തങ്ങളുടെ സ്വാതന്ത്രത്തിന്റെ തുടക്കമായി കരുതുന്നത് സെരീഫക്ക് ഉൾക്കൊള്ളാനാവുന്നില്ല. “എല്ലാവർക്കും വിദ്യഭ്യാസവും തൊഴിലും കിട്ടിയിട്ടും, ഉമ്മാ, നിങ്ങൾക്കു മാത്രം മാറ്റമുണ്ടായില്ല. നിങ്ങൾ സുലൈമാൻ വ്യാപാരിയുടെ അടിമയായിത്തന്നെ കഴിഞ്ഞു. നമ്മൾ സ്വതന്ത്രരാണ്. എല്ലാവരും സ്വന്തം ഉടമകൾ. ആരും ആരുടേതുമല്ല.” സഞ്ചാറിന്റെ വാക്കുകൾ കേട്ടപ്പോൾ അവന്റെ മുഖത്തൊരു അടിവെച്ച് കൊടുക്കാനാണ് സെരീഫക്ക് തോന്നിയത്. സുലൈമാനെ സംബന്ധിച്ചിടത്തോളം നാണയമൂല്യമായി കൈമാറ്റം ചെയ്യപ്പെടാനും, മൂല്യമില്ലാതെ തൊഴിൽ നിർവഹിക്കാനും കഴിയുന്ന ഉപാധിയാണ് സെരീഫ. ഉപകരണ മൂല്യത്തിനപ്പുറം, അഭൗതികമായ ബന്ധം അവർക്കിടയിൽ നിലനിൽക്കുന്നത് സംസർഗത്തിലൂടെയാണ്. അത്തരം തൃഷ്ണകൾക്ക് പുതിയ നിയമത്തിന്റെ കീഴിലും ആവിഷ്കരണത്തിന്റെ നിർഗമന മാർഗങ്ങളുണ്ട്. പക്ഷേ സെരീഫയെ സംബന്ധിച്ചിടത്തോളം തന്റെ ഉടമയുമായുള്ള ബന്ധം ഭൗതികമല്ല. അതിന് കൈമാറ്റ മൂല്യമില്ല.

വിഭവവിതരണം തുല്യമാക്കാതെയും വിഭവവിനിയോഗത്തിന്റെ അവകാശം നിർണയിക്കാതെയുമുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം അടിമകൾക്ക്, പ്രത്യേകിച്ചും അവരിലെ സ്ത്രീകൾക്ക്, അർഥത്തിൽ ഉൾക്കൊള്ളാനാവില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മനസിലാകായ്കയാണ് വ്യവസ്ഥ സെരീഫയിൽ ഏൽപിച്ച വയലൻസ്

“When I could finally shake myself loose, when I managed to no longer live inside the image of me he had in his head. I finally found out what freedom tastes like…” മുഹാജിർ ഈസയുടെ മകനും, അസ്മയുടെ ഭർത്താവുമായ ഖാലിദിന്റെ വാക്കുകളാണിത്. ഒഴിവുനേരത്ത് താൻ വരച്ച് കൂട്ടുന്ന പെയിന്റിങ്ങുകളുടെ അർഥം തന്റെ നവവധുവിന് പറഞ്ഞു കൊടുക്കുന്ന സന്ദർഭമാണിത്. ഒമാനിൽ നിന്ന് കെയ്റോവിലേക്ക് പോകുകയും, മസ്കത്ത് കേന്ദ്രീകരിച്ച് വികസിക്കുന്ന തന്റെ ജന്മനാട്ടിന്റെ പുതിയ സാമ്പത്തിക ഉണർവിന്റെ ഭാഗമാകാൻ തിരിച്ചു വരുകയും ചെയ്ത ഈസ തന്റെ മകനോട് എഞ്ചിനീയറാവാൻ ആവശ്യപ്പെടുന്നു. എന്നാൽ പെയ്ന്റിങ്ങിലാണ് ഈസ സ്വയം കണ്ടെത്തുന്നത്. തന്റെ ഉപ്പ തനിക്കു വേണ്ടി വാർത്തുവെച്ച ഇമേജിൽ നിന്ന് പുറത്തുവരുന്നതിലാണ് ഖാലിദ് സ്വാതന്ത്ര്യം കണ്ടെത്തുന്നത്. ഇപ്രകാരം പിതൃബിംബങ്ങളോടും പിതൃവാഴ്ചാ ക്രമങ്ങളോടുമുള്ള പ്രതിഷേധം നോവലിന്റെ പ്രധാന ഇതിവൃത്തമാണ്.

ജൗഹാ അൽ-ഹാരിസി

സുലൈമാനോടുള്ള അബ്ദുല്ലയുടെ പ്രതിഷേധം, സഞ്ചാറിന് സെരീഫയോടുള്ള പ്രതിഷേധം, സാലിമയോട് (ഭർത്താവ് നിലാവൊത്ത ബദവി പെണ്ണിന്റെ കവിതകളിൽ മയങ്ങിയ ശേഷം സ്ഥാനമേറ്റെടുത്ത സാലിമ) പെൺമക്കൾക്കുള്ള പ്രതിഷേധം (മയ്യ മകളെ ലണ്ടനെന്ന് പേരിട്ടത്, ഖൗല അലിയെ വിവാഹം കഴിക്കാതെ നാസറിനെ കാത്തിരുന്നത്) തുടങ്ങി എല്ലാം ഇതിവൃത്തവുമായി ബന്ധിപ്പിക്കാവുന്നതാണ്. എന്നാൽ കൃത്യമായൊരു ഈഡിപ്പൽ പ്രതിഷേധത്തിന്റെ നിഴലിൽ നിർത്താവുന്ന പരിഷ്കാരം പാരമ്പര്യം വിഭജനത്തിന് നോവൽ വഴങ്ങുന്നുമില്ല.

തന്റെ മാതാപിതാക്കളുടെ പ്രതിഷേധം വകവെക്കാതെ ലണ്ടൻ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും അഹ്‌മദിനെയാണ്. കവിയും ഗ്രന്ഥകാരനുമായ അഹ്‌മദ്‌ തന്റെ പുസ്തകങ്ങൾ സമർപ്പിച്ചിരിക്കുന്നത് തന്റെ കാമുകിമാർക്കാണ്; ഒന്നു പോലും ലണ്ടന് വേണ്ടിയല്ല. തന്റെ ഭാര്യയുടെ പാരമ്പര്യത്തിന്റെ അയുക്തമായ ശ്രേണീയതയെപ്പറ്റി (abhorrent classism) നാഴികക്ക് നാൽപത് വട്ടം ഉരുവിടുന്ന അഹ്‌മദ്‌ അത്തരം ശ്രേണീയത തന്നിലുണ്ടെന്നും അത് തന്നിൽ തൃഷ്ണയായി പ്രവർത്തിക്കുന്നുണ്ടെന്നും മനസിലാക്കുന്നില്ല. തന്റെ ഭാര്യയുടെ ഫോൺ എപ്പോഴും പരതി പുതിയ നമ്പറുകൾ വന്ന് ചേർന്നിട്ടില്ല എന്ന് ഉറപ്പുവരുത്തുന്ന അഹ്‌മദുമായുള്ള ബന്ധം വേർപെടുത്തുമ്പോഴാണ് ലണ്ടൻ സ്വാതന്ത്ര്യത്തിന്റെ പുതിയ അർഥം കണ്ടെത്തുന്നത്.

ഒമാന്റെ ഒരു നൂറ്റാണ്ടു കാലത്തെ ചരിത്ര പശ്ചാത്തലത്തിൽ ഇതിവൃത്തങ്ങളെ കഥാപാത്രങ്ങളുമായി മെരുക്കിയും സ്വതന്ത്രമാക്കിയും ആഖ്യാനധർമം നിർവഹിക്കുന്ന നോവൽ വിശദമായ പഠനയും വായനയും അർഹിക്കുന്നുണ്ട്

Top