യുദ്ധാരവങ്ങൾക്കിടയിൽ ടോൾസ്റ്റോയുടെ ഹാജി മുറാദ് വായിക്കുമ്പോൾ

മധ്യേഷ്യൻ രാഷ്ട്രീയത്തിലെ മുസ്‌ലിം വ്യക്തിത്വങ്ങളെക്കുറിച്ച് അക്കാലത്ത് റഷ്യയിൽ നിലനിന്ന ജനകീയമായ വെറുപ്പിനെയും പ്രതിലോമ പ്രതിനിധാനങ്ങളെയും സ്വീകരിച്ചില്ല എന്നതാണ് സമകാലികരായ എഴുത്തുകാരിൽ നിന്ന് ലിയോ ടോൾസ്റ്റോയെ വ്യത്യസ്തനാക്കുന്നത്. റഷ്യൻ എഴുത്തുകാരിൽ മലയാളിയുടെ ലൈബ്രറികളിൽ സ്ഥാനംപിടിച്ച പലരും മുസ്‌ലിം വിദ്വേഷത്തിന്റെ ഒപ്പം സഞ്ചരിച്ചവരാണ്. ടോൾസ്റ്റോയുടെ ഹാജി മുറാദ് എന്ന നോവലിനൊരു സമകാലിക വായന. ഷമീർ കെ.എസ് എഴുതുന്നു.

നാം വീണ്ടും വീണ്ടും വായിക്കുന്ന ഗ്രന്ഥങ്ങൾ മാത്രമല്ല ക്ലാസിക്കുകൾ, ഓരോ പുതിയ വായനയിലും പുതിയ അർഥഭേദങ്ങൾ നൽകുന്നവ കൂടിയാണ്. പുസ്തക നിർമിതിയുടെ ഓരോ ഘട്ടത്തിലും പുതിയ രൂപപ്പെടുത്തലുകൾ അവ അർഹിക്കുന്നുണ്ട്, പുതിയ പരിഭാഷകളും വികസിച്ചു വരുന്ന ജ്ഞാന ശാഖകൾക്ക് അനുസരിച്ചുള്ള വിലയിരുത്തലുകളും ഉൾപ്പെട്ട ഒരു റീപാക്കേജിംഗ്. ക്ലാസിക് നോവൽ എന്നു പറയുമ്പോൾ തന്നെ ലിയോ ടോൾസ്റ്റോയുടെ മുഖം ഓർമയിൽ വരുമെങ്കിലും, അദ്ദേഹത്തിന്റെ ഹാജി മുറാദിനെ ആരും ക്ലാസിക്കായി കണക്കിലെടുക്കാറില്ല. സാഹിത്യത്തിലെ പണ്ഡിതൻമാർ അങ്ങിനെയൊരു സങ്കൽപം പുച്ഛിച്ച് തള്ളും. ടോൾസ്റ്റോയുടെ അന്ന കരനീന, വാർ ആൻ പീസ് തുടങ്ങിയ നോവലുകൾ പോലെ ഹാജി മുറാദ് അത്ര ബൃഹത്തായ ആഖ്യാനമല്ല. നോവലൈറ്റ് എന്ന ഗണത്തിലാണ് ഇതിനെ ഉൾപെടുത്തിക്കാണാറുള്ളത്. ചരിത്രം രേഖപ്പെടുത്തുക എന്ന പ്രചാരണസ്വഭാവം അതിന്റെ രചനയ്ക്കു പിന്നിലെ പ്രചോദനമാണ് എന്ന കണക്കിലെടുത്താൽ വിശേഷിച്ചും ക്ലാസിക്കിന്റെ മാനകങ്ങളിൽ ഹാജി മുറാദ് പ്രത്യക്ഷപ്പെടുകയില്ല.

ഹാജി മുറാദിനെ ക്ലാസിക് എന്ന ഗണത്തിൽ പെടുത്തുന്നത് അതിന്റെ അസാധാരണമായ ആനുകാലികതയാണ്. മധ്യേഷ്യയിലെ സംഘർഷങ്ങളെക്കുറിച്ചുള്ള ഒരു ചലച്ചിത്രമോ മറ്റോ കണ്ട ശേഷം ഹാജി മുറാദ് വായിച്ചു നോക്കൂ. അൽപം കഴിഞ്ഞ് പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും അത് വായിക്കുക. ആദ്യത്തെ സന്ദർഭത്തിൽ പ്രത്യക്ഷമായും രണ്ടാം വട്ടം പരോക്ഷമായും ഹാജി മുറാദ് ആസ്വാദനത്തിന്റെ തലങ്ങളെ മാറ്റിമറിക്കുന്നത് കാണാം. ആദ്യം, ജനവാസം കുറഞ്ഞ എന്നാൽ അതീവ സുന്ദരമായ ഒരു പ്രദേശത്തെ നാശത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ വീണ്ടെടുക്കാനുള്ള ആഗ്രഹത്തെ ഹാജി മുറാദ് ത്രസിപ്പിക്കുന്നു. രണ്ടാം വട്ടം, ഭൂപ്രദേശം അപ്രത്യക്ഷമാകുകയും ഭൂപ്രദേശത്തിനു വേണ്ടിയുള്ള ഭൗമശാസ്ത്രപരമായ കിടമത്സരങ്ങൾ മനസിനെ പിടിച്ചു കുലുക്കുകയും ചെയ്യുന്നു.

2015 തോമസ് സാൻഡേഴ്സിന്റെ പരിഭാഷയിൽ ഹാജി മുറാദ് പുറത്തിറങ്ങി; നോൺ ഫിക്ഷൻ ഗണത്തിൽ വരുന്ന രണ്ട് രചനകൾക്കിടയിൽ അമർന്ന്, മറ്റ് തരത്തിൽ പെട്ട ശബ്ദങ്ങൾക്കിടയിൽ ഒരു മാറ്റൊലിയായി (Russian-Muslim Confrontation in the Caucasus എന്ന ടൈറ്റിലിലാണ് അത് വരുന്നത്). നോവലിന്റെ ചരിത്രപരമായ പശ്ചാത്തലത്തെ മനസിലാക്കാൻ എഡിഷൻ ഉപകരിക്കും. നോവലിന്റെ മറ്റ് എഡിഷനുകളിൽ നിന്ന് ശൈലീപരമായ വ്യത്യാസം ഇതിനുണ്ട്. മുട്ടാണിശ്ശേരിൽ കോയാകുട്ടി മൗലവിയും എൻ.എം.ഹുസൈനുമാണ് നോവൽ ആദ്യമായി എനിക്ക് പരിചയപ്പെടുത്തിത്തരുന്നത്. പല പതിപ്പുകളിലായി ഇംഗ്ലീഷ് വായനക്കാർക്കിടയിൽ പ്രശസ്തമായ എഡിഷനിൽ നിന്നും പുതിയ പരിഭാഷക്ക് മൗലികമായ വ്യത്യാസമുള്ളതായി പുതിയ പതിപ്പിന്റെ എഡിറ്റർമാരായ ഏണസ്റ്റ് ടക്കറും ഗാരി ഹാംബർഗും അവകാശപ്പെടുന്നു. മൂലഭാഷ അറിയാത്തതിനാൽ അതിൽ എത്രത്തോളം സത്യമുണ്ട് എന്നറിയില്ല. പക്ഷേ പഴയ എഡിഷന്റെ അത്ര ഒഴുക്ക് പുതിയ കൃതിക്ക് ഇല്ലെങ്കിലും, കൂടുതൽ വിശദാംശങ്ങളുണ്ട്.

ആഖ്യാനത്തിലെ സംഘർഷങ്ങൾ

പത്തൊൻപതാം നൂറ്റാണ്ടിൽ റഷ്യൻ സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ ഹാജി മുറാദിന്റെ ജീവശാസ്ത്രപരമായ കുറിപ്പാണ് നോവൽ. കോക്കസിസിലെ പ്രമുഖ വംശീയ വിഭാഗമായ അവാറുകളുടെ ആദരണീയനായ നേതാവായിരുന്നു അദ്ദേഹം. നോവലിൽ ഇതിവൃത്തമാകുന്ന കാര്യങ്ങൾ ഇത്രയാണ്കോക്കസിസിലെ ഇമാമിയ്യത്തിനെ കേന്ദ്രീകരിച്ച് നിലനിന്ന സൂഫിപ്രസ്ഥാനമായ മുറാദുകളോടുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ്, പ്രമുഖ ഇമാമായിരുന്ന ഗസ്മെത്ത് ബേക്കിന്റെ വധത്തിൽ കുറ്റാരോപിതനായുള്ള അദ്ദേഹത്തിന്റെ പലായനം, ഇമാം ശാമിൽ എന്ന യുഗപുരുഷനായ ഇമാമുമായി അദ്ദേഹം നടത്തിയ അനുരഞ്ജനം, അദ്ദേഹത്തിന്റെ നാഇബായി (അസാന്നിധ്യത്തിൽ ചുമതല വഹിക്കുന്ന ആൾ) റഷ്യൻ സാമ്രാജ്യവുമായി നടത്തിയ പോരാട്ടം, ശാമിലുമായി തെറ്റിപ്പിരിഞ്ഞ് സാർ ചക്രവർത്തിയോടൊപ്പം ചേർന്നത്, റഷ്യൻ സൈന്യത്തിന്റെ വഞ്ചനകൾ മണത്തറിഞ്ഞ് അവിടെ നിന്ന് രക്ഷപെട്ടോടിയത്, ഒടുവിൽ വീരോചിതമായ പോരാട്ടത്തെത്തുടർന്ന് റഷ്യൻ സൈന്യത്തിന്റെ പിടിയിലായതും കൊല്ലപ്പെട്ടതും.

ഹാജി മുറാദ്

നോവലിന്റെ ഫ്രെയിമിൽ ഹാജി മുറാദിന്റെ ജീവിതം പുനരാഖ്യാനം ചെയ്യുമ്പോൾ ഒരു ശരാശരി റഷ്യക്കാരന്റെ വീക്ഷണകോണിൽ നിന്ന് അദ്ദേഹത്തെ നോക്കിക്കാണുകയാണ് ടോൾസ്റ്റോയ് ചെയ്യുന്നത്. ദേശരാഷ്ട്രത്തിന്റെ ആഖ്യാനത്തെ അവിശ്വസിച്ചു കൊണ്ട് ഒരു ബഹിഷ്കൃതനെ ഇപ്രകാരം വീണ്ടെടുക്കുമ്പോൾ സംഭവിക്കുന്ന സംഘർഷങ്ങൾ എക്കാലത്തും സംഭവിക്കുന്നതാണല്ലോ. ആനുകാലികത ഇപ്പോൾ പ്രസക്തമാണ്. ഇമാം ശാമിലിനെതിരെ റഷ്യൻ ചേരിയിലേക്ക് ഹാജി മുറാദ് പക്ഷം ചേരുന്നത് മുതലാണ് നോവൽ ആരംഭിക്കുന്നത്. ചെച്നിയൻ റിബലുകളോടൊപ്പം തലപ്പാവ് ധരിച്ച ഒരു മുസ്‌ലിം തങ്ങളുടെ ക്യാമ്പിലെത്തുമ്പോൾ സമ്മിശ്രമായ വികാരമാണ് റഷ്യൻ പട്ടാളത്തിനുണ്ടാവുന്നത്. വന്നത് ഒരു ചാരനാണോ എന്ന സന്ദേഹം കലർന്ന ഭീതി അവർക്കുണ്ട്. ‘അപരിഷ്കൃതനും’ ‘ക്രൂരനുമായഒരു കൊക്കേഷ്യൻ മുസ്‌ലിമിനെക്കുറിച്ചുള്ള ജനകീയ ഭാവനകളാൽ ഉദ്ദീപിപ്പിക്കപ്പെട്ട സന്ദേഹമാണത്. എന്നാൽ ഇമാം ശാമിലിന്റെ തടവറയിൽ നിന്ന് തന്റെ ഭാര്യയെയും കുട്ടികളേയും രക്ഷപെടുത്താനുള്ള ലക്ഷ്യം മാത്രമാണ് ഹാജി മുറാദിന്റെ കൂടുമാറ്റത്തിന് കാരണമെന്ന് തിരിച്ചറിയുമ്പോൾ സംശയം മെല്ലെ വിട്ടൊഴിയുകയാണ്. രസികനും, ഫലിതപ്രിയനും, അതിനാൽവ്യത്യസ്തനുമായ കൊക്കേഷ്യൻ അവർക്ക് പ്രിയങ്കരനായി മാറുന്നു. പ്രത്യേകിച്ചും രാജ്ഞിയായ വോറോൺസോവക്ക് അദ്ദേഹം പ്രിയങ്കരനാകുന്നു. ഒടുവിൽ യുദ്ധാനന്തരം ഹാജി മുറാദിന്റെ അറുത്തു മാറ്റിയ തല സമ്മാനമായി നൽകുമ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തായ മരിയ ദിമിത്രിയേവ്ന അവരെ കശാപ്പുകാർ എന്ന് വിളിക്കുന്നു. റഷ്യൻ സാമ്രാജ്യത്തോടുള്ള ടോൾസ്റ്റോയുടെ വികാരമാണ് രണ്ട് സ്ത്രീകളും നോവലിൽ പ്രകടിപ്പിക്കുന്നത്. ഹാജി മുറാദിനോടുള്ള ടോൾസ്റ്റോയുടെ താൽപര്യം വിശദമാക്കുന്ന ഒരു സംഭവം നോവലിന്റെ ആമുഖത്തിൽ ഗാരി ഹാംബർഗ് വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്.

സിംഹത്തിന്റെ മുഖസാദൃശ്യമുള്ള ഹാജി മുറാദിന്റെ ഒരു ചിത്രം സുഹൃത്ത് ഗവ്റിൽ റസനോവ് 1897 ടോൾസ്റ്റോയിക്ക് കാണിച്ചു കൊടുത്തു. വളഞ്ഞ പുരികങ്ങളുള്ള ഭംഗിയുള്ള തലയോട്ടി ടോൾസ്റ്റോയെ അസ്വസ്ഥനാക്കി. അദ്ദേഹം തന്റെ ഡയറിയിൽ ഇങ്ങനെ എഴുതിറസനോവിന്റെ കയ്യിലുണ്ട് ഹാജി മുറാദിന്റെ തല. അന്ന് മുതൽ 1910 മരിക്കുവോളം, കൊക്കേഷ്യയിൽ നിന്നുള്ള തലയറ്റു പോയ അപരൻ ടോൾസ്റ്റോയെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു, ഇന്നത്തെ റഷ്യയെപ്പോലെ.”

ഒരു പ്രകൃതിവാദിയുടെ സ്വാഭാവികമായ രോഷം നോവലിന്റെ ആഖ്യാനത്തിൽ ടോൾസ്റ്റോയ് പ്രകടിപ്പിക്കുന്നുണ്ട്. പ്രകൃതിരമണീയമായ എല്ലാ സംഘർഷ സ്ഥലങ്ങളേയും വാക്കുകൊണ്ടും വരകൾകൊണ്ടും രേഖപ്പെടുത്തുമ്പോൾ പ്രകൃതിവാദത്തിന്റെ ടൂറിസ്റ്റ് ബ്രോഷർ ഭാഷ കൊണ്ട് നാം രാഷ്ട്രീയത്തെ നേർപ്പിക്കുന്നത് എക്കാലത്തും ഉള്ളതു തന്നെ. പ്രകൃതിക്കു മേലുള്ള കൈയ്യേറ്റം പോലെ നൈസർഗികമാണ് ഒരു പ്രദേശത്തെ മനുഷ്യരെ കൂട്ടക്കശാപ്പ് ചെയ്യുന്നത് എന്ന വായന സാധ്യമാക്കും വിധം, കോക്കേഷ്യൻ സ്ഥല സൗന്ദര്യത്തെ മനുഷ്യന്റെ വിനാശകരമായ കയ്യേറ്റത്തിന്റെ പശ്ചാത്തലത്തിൽ വരച്ചിട്ടു കൊണ്ടാണ് നോവൽ തുടങ്ങുന്നത്.

തരിശായ, ചാലുകീറിയ കരിമൺപാടത്തിലൂടെ വഴി പതിഞ്ഞ് കിടന്നു. പൊടിപിടിച്ച പാതയിലൂടെ ഞാൻ ചുറ്റിത്തിരിഞ്ഞു. ഒരു പ്രഭുവിന്റേതായിരുന്നു വിശാലമായ പാടം. എനിക്ക് മുൻപിൽ കുന്നിന്റെ അറ്റം വരെ ഒന്നും കാണാനാവുന്നില്ല കറുത്ത മണ്ണിൽ നിരപ്പായി കീറിയ ചാൽ മാത്രം. നന്നായി ഉഴുതിട്ട മണ്ണ്. ഒരു ചെടി പോലും എങ്ങുമില്ല. ഒരു പുൽനാമ്പ് പോലും. വെറും തരിശെന്നു പറഞ്ഞാൽ വെറും തരിശ്. മനുഷ്യൻ എത്ര നാശകാരിയാണ്. എത്രയെത്ര വ്യത്യസ്ത മൃഗങ്ങൾ. എത്ര ചെടികൾ. സ്വന്തം നിലനിൽപിനായി മനുഷ്യൻ അവയെ ഉന്മൂലനം ചെയ്യുന്നു. ജീവനറ്റ കറുത്ത വയലിൽ ജീവന്റെ ഒരംശം നോക്കി ഞാൻ നടന്നു. എന്നാൽ എന്റെ മുൻപിൽ പാതയുടെ വലതുവശത്തായി പരിചയം തോന്നിപ്പിക്കുന്ന ഒരു കുറ്റിച്ചെടി നിന്നു. അതിനോടടുത്തപ്പോഴാണ് പൊങ്ങച്ചത്തോടെ ഞാൻ പണ്ടൊരിക്കൽ പൂവ് പിഴുതെറിഞ്ഞതാർത്താരി ഞെരിഞ്ഞിലായിരുന്നു അതെന്ന് മനസിലായത്.”

നോവലിന്റെ അവസാനഭാഗത്ത് ഹാജി മുറാദിന്റെ സിംഹ സമാനമായ മുഖദാവ് ഓർത്തെടുത്ത് ടോൾസ്റ്റോയ് എഴുതുന്നു. “ മനുഷ്യന്റെ മരണമാണ് ചാലു കീറിയ പാടത്തെ ഞെരിച്ചുകളഞ്ഞ ഞെരിഞ്ഞിൽ പൂവ് എന്നെ ഓർമിപ്പിച്ചത്.”

മധ്യേഷ്യൻ രാഷ്ട്രീയത്തിലെ മുസ്‌ലിം വ്യക്തിത്വങ്ങളെക്കുറിച്ച് അക്കാലത്ത് റഷ്യയിൽ നിലനിന്ന ജനകീയമായ വെറുപ്പിനെയും, മാധ്യമീകരിക്കപ്പെട്ട പ്രതിനിധാനങ്ങളെയും സ്വീകരിച്ചില്ല എന്നതാണ് സമകാലികരായ എഴുത്തുകാരിൽ നിന്ന് ടോൾസ്റ്റോയെ വ്യത്യസ്തനാക്കുന്നത്. റഷ്യൻ എഴുത്തുകാരിൽ നമ്മുടെ ലൈബ്രറികളിൽ സ്ഥാനംപിടിച്ച പലരും വിഷയത്തിൽ മുസ്‌ലിം വിദ്വേഷത്തിന്റെ ഒപ്പം സഞ്ചരിച്ചവരാണ്. സാ ചക്രവർത്തിമാർ തുടങ്ങിവച്ച (സോവിയേറ്റ് യൂണിയന്റെ കാലത്ത് വ്യവസ്ഥാപിതമായതും, ഇപ്പോൾ റഷ്യൻ ഫെഡറേഷന്റെ കാലത്ത് തുടരുന്നതുമായ) റഷ്യയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് സാമ്രാജ്യം വ്യാപിപ്പിക്കുക എന്ന സാമ്രാജ്യത്വ പ്രക്രിയയുടെ കാലത്താണ് കൊക്കേഷ്യയും താർത്താരി മുസ്‌ലിംകളും വിദ്വേഷത്തിന്റെ കടുത്ത നിറങ്ങളിൽ പൊതുവ്യവഹാരങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ചരിത്രകാരനായ പീറ്റർ ഫ്രോൻകോപാൻ എഴുതുന്നു

കൊക്കേഷ്യയെ കുറിച്ചും മധേഷ്യൻ പുൽക്കാടുകളെക്കുറിച്ചും (steppes) അക്രമത്തിന്റെയും നിയമരാഹിത്യത്തിന്റെയും സ്ഥലങ്ങളാണതെന്ന സ്ഥായിയായ ബിംബങ്ങൾ ഇരിപ്പുറപ്പിച്ചിരുന്നു. അലക്സാണ്ടർ പുഷ്കിന്റെകൊക്കേഷ്യൻ തടവുകാരൻമിഖായീൽ ലെർമന്റോവിന്റെതാരാട്ട്തുടങ്ങിയ കൃതികൾ ഉദാഹരണം. താരാട്ടിൽ, കുഞ്ഞിനെ കൊല്ലാൻ വരുന്ന കഠാരിധാരിയായ ചെച്നിയക്കാരനെ നാം കാണുന്നു”. (Peter Frankpan, Silk Roads: A New History of the World).

ടോൾസ്റ്റോയുടെ ഹാജി മുറാദ് വ്യത്യസ്തമാകുന്നത് ഇവിടെയാണ്. ആയുധങ്ങളിലൂടെ റഷ്യൻ സാമ്രാജ്യവും വാക്കുകളിലൂടെ സാഹിത്യലോകവും വികൃതമാക്കിയ കൊക്കേഷ്യൻ മുസ്‌ലിമിന്റെ വ്യത്യസ്തമായ ചിത്രമാണ് നോവൽ വരച്ചിടുന്നത്.

എന്നാൽ മുസ്‌ലിം അപരനോടുള്ള വിശ്വസാഹിത്യകാരന്റെ താൽപര്യം മാത്രമല്ല നോവലിലൂടെ നാം കാണുന്നത്. ഹാജി മുറാദിനേക്കാൾ കൊക്കേഷ്യൻ സമര രംഗത്ത് സജീവമാകുകയും റഷ്യക്കെതിരെ വിജയകരമായ ചെറുത്തുനിൽപിന് നേതൃത്വം നൽകുകയും ചെയ്ത ഇമാം ശാമിലിന്റെ അപരവത്കരണവും നോവലിൽ സംഭവിക്കുന്നുണ്ട്. നോവൽ വായിച്ചു പോകുമ്പോൾ, അനുകമ്പാ ഹൃദയരായ വായനക്കാർ ഇമാം ശാമിലിനെതിരെ തിരിയും. ശാമിൽ പ്രാകൃതനായ സ്വേച്ഛാധിപതിയായിരുന്നു എന്ന ടോൾസ്റ്റോയുടെ വീക്ഷണം നോവലിന്റെ ആഖ്യാനത്തിലുടനീളം വികസിച്ച് വരുന്നുണ്ട്. (സാഹിത്യ വിമർശകയായ സൂസൻ ലേറ്റൻ ടോൾസ്റ്റോയുടെ ഇമാം ശാമിലിനെക്കുറിച്ചുള്ള കാഴ്ചപ്പാടിനെപ്രാകൃതനായ സ്വേച്ഛാധിപതിഎന്നാണ് വിളിച്ചത്).

റഷ്യൻ ക്യാമ്പിലേക്കുള്ള ഹാജി മുറാദിന്റെ കൂറുമാറ്റവും, ഇമാം ശാമിലിനോടുള്ള അദ്ദേഹത്തിന്റെ ശത്രുതയും തികച്ചും സ്വാഭാവികമായി സംഭവിച്ചു പോകുന്ന കാര്യമാണ് എന്ന് നോവലിൽ നിന്ന് നാം വായിക്കുന്നു. ഭരണകൂടത്തിനെതിരെ നിൽക്കുന്ന സായുധരായ വിമോചന പോരാളികളെ പരസ്പരം തമ്മിലടിപ്പിക്കുക, പിടിച്ചടക്കിയതോ പിടിച്ചടക്കാൻ പോകുന്നതോ ആയ ഭൂവിഭാഗത്തിലെ വിമോചന പോരാളികൾക്കിടയിലെ ആഭ്യന്തര സംഘർഷത്തെ മൂർച്ഛിപ്പിക്കുക, തുടങ്ങിയ ഭരണകൂട തന്ത്രങ്ങളുടെ നേർത്ത പ്രതിഫലനം നോവലിന്റെ ഇതിവൃത്തത്തിലും കാണാം. സാഹിത്യത്തിലെ ഒരു കൗണ്ടർ ഇൻസർജൻസിയാണ് ഹാജി മുറാദ് എന്ന് വേണമെങ്കിൽ പറയാം.

ഇമാം ശാമിൽ

ടോൾസ്റ്റോയുടെ ആഖ്യാനം രണ്ട് കാര്യങ്ങളാൽ പ്രശ്നപരമാണ്. ഒന്ന്, അധിനിവേശ സൈന്യത്തിനെതിരെ സായുധമായി പോരാടാൻ ആഹ്വാനം ചെയ്യുന്ന സൂഫി പാരമ്പര്യത്തിലെ പ്രോജ്ജ്വലമായ ഒരു വ്യക്തിത്വമാണ് ഇമാം ശാമിലിന്റേത്. സായുധ പോരാട്ടങ്ങളോട് വിമുഖത പ്രകടിപ്പിക്കുന്ന സൂഫി പാരമ്പര്യങ്ങളാണ് സൂഫിത്തെക്കുറിച്ചുള്ള ചരിത്ര ആഖ്യാനങ്ങളിലേറെയും. മുരീദിസം ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. പൊതുവായ ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, മുരീദിസം വ്യത്യസ്ത മത ധാരകളുമായുള്ള സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുകയും, സാമ്രാജ്യത്തോടുള്ള വിയോജിപ്പിനെ രാഷ്ട്രീയമായി മാത്രം നിലനിർത്തുകയും ചെയ്യുന്നു എന്നതിനാൽ ശ്രദ്ധേയമാണ്. രാഷ്ട്രീയമായി മിലിറ്റന്റ് സ്വഭാവം പുലർത്തുമ്പോഴും മതപരമായ വൈവിദ്ധ്യത്തെ ഉൾക്കൊള്ളുന്നത് മധ്യേഷ്യയിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലും സൂഫീ ചിന്താധാരയെ വ്യത്യസ്തമാക്കിയ ഘടകമായിരുന്നു എന്നാണ് ശൈഖ് മഖ്ദൂമിന്റെ തുഹ്ഫത്തുൽ മുജാഹിദീനിൽ നിന്ന് നാം മനസിലാക്കിയ പാഠം. എന്നാൽ മുസ്‌ലിം സായുധ വിപ്ലവകാരികളെക്കുറിച്ചുള്ള എക്കാലത്തെയും പൊതുവായ ആഖ്യാനങ്ങളിൽ സഹിഷ്ണുതയെക്കുറിച്ചുള്ള ഇതിവൃത്തങ്ങൾ അംഗീകരിക്കപ്പെട്ടിട്ടില്ല. ആധുനിക ഭൗമരാഷ്ട്രീയത്തിന്റെ ഭാഗമായി വികസിച്ച ഐസിസിന്റെയും മറ്റ് ഭീകരവാദ പ്രസ്ഥാനങ്ങളുടെയുംകഴുത്തറുപ്പൻആഖ്യാനങ്ങൾ മാത്രമാണ് നാം കണക്കിലെടുക്കുന്നത്.

രണ്ടാമതായി, റഷ്യൻ സാമ്രാജ്യത്വം എന്ന ഭീമനെതിരെ വിജയകരമായ ചെറുത്തുനിൽപ്പ് നടത്തിയ പ്രസ്ഥാന നായകനായിരുന്നു ഇമാം ശാമിൽ. കീഴടക്കപ്പെട്ട മറ്റ് പ്രവിശ്യകളിൽ നിന്ന് റഷ്യക്ക് സമാനമായ ഒരു തിരിച്ചടി ഉണ്ടായിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. ശാമിലിന്റെ ചരിത്രപരമായ പ്രസക്തിയെ അക്കാലത്തെ രാഷ്ട്രീയ നിരീക്ഷകർ അടയാളപ്പെടുത്തിയ കാര്യവും ശ്രദ്ധേയമാണ്. ഇതിൽ മാർക്സിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്: “റഷ്യക്കാർക്കെതിരെ കൊക്കേഷ്യൻ ഗോത്രങ്ങൾ സൈനിക നടപടിക്ക് തുടക്കം കുറിച്ചു. ശാമിൽ അവർക്കെതിരെ അത്യുജ്ജലമായ വിജയമാണ് കൈവരിച്ചത്. ഇരുപത്തിമൂന്ന് പീരങ്കികൾ അവരിൽ നിന്നദ്ദേഹം പിടിച്ചെടുത്തു. ഇതിൽ നിന്ന് റഷ്യൻ ഗവൺമെന്റും ജനങ്ങളും പാഠം പഠിക്കുമെന്നും, തങ്ങളുടെ അത്യാർത്തിയും അഹങ്കാരവും അടക്കിവെക്കുമെന്നും, തങ്ങളുടെ കാര്യം നോക്കി ജീവിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.” (Karl Marx MECW 12, 476 op.cit Marx at Margins, Kevin Anderson).

സ്വന്തം നാടിന്റെ സാമ്രാജ്യത്വപരമായ അഹങ്കാരത്തെ ചോദ്യം ചെയ്ത ഒരു സമരനായകനെതിരിൽ അദ്ദേഹത്തിൽ നിന്ന് കൂറുമാറിയ പോരാളിയെ പ്രതിഷ്ഠിക്കുമ്പോഴാണ് ടോൾസ്റ്റോയുടെ ആഖ്യാനം പ്രശ്നപരമാകുന്നത്.

പക്ഷേ ഹാജി മുറാദിൽ നിന്ന് നാം പഠിക്കുന്ന മറ്റൊരു പാഠമുണ്ട്. കൊക്കേഷ്യൻ സംഘർഷത്തെ സംബന്ധിച്ച് സവിശേഷമായും എല്ലാ സായുധ സംഘർഷങ്ങളെയും സംബന്ധിച്ച് പൊതുവായും പാഠം പ്രസക്തമാണ്. ഭരണകൂടങ്ങൾക്കെതിരായ നിഷേധത്തിൽ നിന്ന് ആഭ്യന്തരമായ ഉൾപ്പിരിവുകളിലൂടെയും സംഘർഷങ്ങളിലൂടെയും സന്ദേഹത്തിലൂടെയും നിലനിൽക്കുന്ന നിഷേധവാദം എല്ലാ സായുധ പോരാട്ടങ്ങളെയും വേട്ടയാടുന്നുണ്ട് എന്നതാണത്. തങ്ങൾ എതിർക്കുന്ന അധികാര കിടമത്സരത്തിന്റെ വലക്കെണിയിൽ അകപ്പെടുകയാണ് സായുധ സമരങ്ങൾക്ക് സംഭവിക്കുക. സാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങളിലേക്ക് വഴുതിമാറുകയാണ് ഇതിന്റെ അനന്തരഫലം. സാമ്രാജ്യത്വത്തിന്റെ സന്ദർഭത്തിൽ രൂപപ്പെട്ട അധികാര സങ്കൽപങ്ങളെയും മോഹങ്ങളെയും പ്രതിരോധിച്ച് കൊണ്ട് മാത്രമേ വലക്കെണിയിൽ നിന്ന് അവർക്ക് സ്വയം രക്ഷപ്പെടാനാകൂ.

സംഘർഷത്തിലെ ചോദ്യങ്ങൾ

അപരരായ ജനസമൂഹങ്ങൾ, പ്രത്യേകിച്ചും അവരിലെപ്രാകൃതരായ സ്വേച്ഛാധിപതികൾ’, എന്തുകൊണ്ടാണ് തങ്ങളെ അക്രമിക്കാൻ നിർബന്ധിതരാകുന്നത് എന്ന ചെറുത്തുനിൽപിന്റെ പ്രേരണയെക്കുറിച്ചുള്ള ചോദ്യം ടോൾസ്റ്റോയ് നോവലിൽ ഉന്നയിക്കുന്നുണ്ട്. വളരെ വ്യക്തമായി വിശ്വസാഹിത്യകാരൻ ചോദ്യം ഇപ്രകാരം ഉന്നയിക്കുന്നു.

“(റഷ്യൻ) സൈനികർ നീരുറവ മലിനമാക്കി. അവർ (ചെച്നിയക്കാർ) വെള്ളം കുടിക്കാതിരിക്കുവാനാണ് അങ്ങിനെ ചെയ്തത്. അതു പോലെ തന്നെ മുസ്‌ലിം പള്ളിയും മലിനമാക്കി. മുല്ലയും വിദ്യാർത്ഥികളും അത് വൃത്തിയാക്കിക്കൊണ്ടിരുന്നു. കുടുംബനാഥൻമാരായ വൃദ്ധജനങ്ങൾ മൂലകളിൽ കുത്തിയിരുന്ന് തങ്ങളുടെ കഷ്ട കാലത്തെക്കുറിച്ച് സംസാരിച്ച് കൊണ്ടിരുന്നു. റഷ്യക്കാരെ വെറുക്കുന്നതിനെക്കുറിച്ച് അവർ ഒരു വാക്കു പോലും മിണ്ടിയില്ല. ചെറുപ്പക്കാരും വൃദ്ധൻമാരുമായ ചെച്നിയക്കാരെ ആവേശിച്ചിരുന്ന വികാരം വെറുപ്പിനേക്കാൽ ശക്തമായിരുന്നു. റഷ്യൻ നായ്ക്കളെ മനുഷ്യരായി പരിഗണിക്കാൻ വിസമ്മതിക്കുന്നതിനോളം അത് വളർന്നു. ജീവികളുടെ യുക്തിഹീനമായ ക്രൂരതകൾക്ക് നേരെയുള്ള വിരക്തിയും, വിദ്വേഷവും, മനസ്സിലാകായ്കയും വിഷചിലന്തികളും, ചെന്നായ്കളുമായ അവരെ ഇല്ലായ്മ ചെയ്യാനുള്ള ആഗ്രഹത്തോളം വലുതായി. ആത്മ രക്ഷക്കുള്ള ജന്മവാസന പോലെ തികച്ചും സ്വാഭാവികമായ ഒരു വികാരമാണത്.”

ലിയോ ടോൾസ്റ്റോയ്

പക്ഷേ നമുക്ക് മറ്റൊരു ചോദ്യം ചോദിക്കാം. ടോൾസ്റ്റോയ് മരണപ്പെടുന്നത് 1910ലാണ്. 1905 അദ്ദേഹം ഹാജി മുറാദ് എഴുതിയതായി കണക്കാക്കപ്പെടുന്നു. എന്നാൽ നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത് ഭാഗികമായി 1912ലും പൂർണമായി 1917ലുമാണ്. എന്തായിരിക്കാം അതിന് കാരണം? സാധ്യമായ ഒരു വിശദീകരണം അദ്ദേഹത്തിനെതിരിൽ പൊതുവായി നിലനിന്ന ഭരണകൂടത്തിന്റെ വിലക്കാണ് (gag order).

ഹാജി മുറാദ് ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യം സംഘർഷത്തിന്റെ ആഖ്യാനത്തെ കുറിച്ചുള്ളതാണ്. വാസ്തവത്തിൽ സംഘർഷത്തിൽ നമ്മളും നമ്മുടെ വിശ്വാസ വ്യവസ്ഥയും ഉൾപ്പെടാതിരിക്കാനാണ് നാം സംഘർഷത്തെക്കുറിച്ച് എഴുതുന്നതും വായിക്കുന്നതും. ഇതിന് ഒരു മറുവായന കൂടി സാധ്യമാണ്. അതായത് നമ്മളും നമ്മുടെ വിശ്വാസങ്ങളും പ്രശ്നപരിഹാരമാകുന്നത് എങ്ങനെയാണെന്ന പ്രശ്നം കൂടിയാണ് വായനയും എഴുത്തും മുന്നോട്ട് വെക്കുന്നത്.

പലപ്പോഴും, നമ്മുടെ സുരക്ഷ ഉറപ്പു വരുത്തുവാൻ ഭരണകൂടം പ്രശ്നമായി കാണുന്ന നിലപാട് സ്വീകരിക്കാതിരിക്കുക എന്ന കാര്യം ഒരു ഭാഗത്ത്. മറുഭാഗത്ത് ഒരു കാലത്ത് ഭരണകൂടത്തിന് അസ്വീകാര്യമായിരുന്നതും പിന്നീട് പ്രശ്നമല്ലാതായി മാറുകയും ചെയ്ത ഒരു നിലപാട് സംഘർഷത്തിന് അയവ് വരുത്താനുള്ള (conflict resolution) നമ്മുടെയും നമ്മുടെ വിശ്വാസ സംഹിതയുടെയും പരിഹാരമാർഗമായി അവതരിപ്പിക്കുക. പലപ്പോഴും പരിഹാര മാർഗം സംഘർഷത്തിന്റെ ഇരകളായ മനുഷ്യരോടും, പ്രശ്നസ്ഥലത്തിന്റെ സങ്കീർണമായ സാഹചര്യത്തോടും നീതിപുലർത്താറില്ല.

ഹാജി മുറാദ് എഴുതിയതിലൂടെ ടോൾസ്റ്റോയ് സംഘർഷത്തിന്റെ സാഹചര്യത്തിൽ വിമുഖത കാണിക്കുകയെന്ന സാമാന്യയുക്തി വേണ്ടെന്ന് വെക്കുകയും തന്റെ പ്രതികരണം വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു. നോവൽ ജീവിതകാലത്ത് പ്രസിദ്ധീകരിക്കാതിരുന്നത് വഴി അദ്ദേഹം സത്യസന്ധതയ്ക്ക് വിള്ളലേൽപിച്ചിട്ടില്ല. കൈയ്യെഴുത്ത് നശിപ്പിക്കാതിരുന്നതു കൊണ്ട്, തന്റെ പിൻഗാമികൾ അത് കണ്ടെത്തി പ്രസിദ്ധീകരിച്ചോളും എന്ന വിശ്വാസമാണ് ഭരണകൂടത്താൽ വേട്ടയാടപ്പെട്ട മനുഷ്യന് ഉണ്ടായിരുന്നത് എന്ന് അനുമാനിക്കാനേ കഴിയൂ. പക്ഷേ പൊതുജന വ്യവഹാരങ്ങളെ നിരീക്ഷിക്കുകയും, നിശബ്ദമാക്കുകയും, പ്രതിഫലം നൽകി പ്രോത്സാഹിപ്പിക്കുകയും, ശിക്ഷിക്കുകയും ചെയ്യുന്ന സാ ചക്രവർത്തിമാരുടെ കാലത്തെ ഇന്നത്തെ കാലത്തേക്ക് തിരിച്ചു വെച്ച ഒരു കണ്ണാടിയായി നാം മനസിലാക്കുന്നു. നമ്മുടെ ഭരണകൂടങ്ങൾക്ക് പുതിയ സാങ്കേതികവിദ്യയിലൂടെ ജോലി എളുപ്പത്തിൽ നിർവഹിക്കാൻ കഴിയും എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ടോൾസ്റ്റോയ് ലാപ്ടോപിൽ ടൈപ്പ് ചെയ്ത് ക്ലൗഡിൽ സേവ് ചെയ്തിരുന്നെങ്കിൽ ഹാജി മുറാദ് ഉണ്ടാകുമായിരുന്നില്ല എന്ന വ്യത്യാസം.

ജീവിച്ചിരിക്കുമ്പോൾ ഒന്നും പറയാൻ ധൈര്യമില്ലാത്ത നമ്മുടെ രൂപകമാണോ ടോൾസ്റ്റോയ്. കാലത്തിനും സമയത്തിനുമകത്ത് പറയാതിരിക്കുകയാണോ, പറച്ചിൽ തന്ത്രങ്ങളിലൂടെ ആലങ്കാരികമാക്കുകയാണോ ജീവിച്ചിരിക്കുക (ജീവനുണ്ടായിരിക്കുക) എന്നതിനർത്ഥം? മരണശേഷം പറഞ്ഞാലുമില്ലെങ്കിലും, നമ്മുടെ കപട വ്യവഹാരങ്ങളിലൂടെ സുരക്ഷിതമായിരുന്നത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?

Top