പുതിയ താവളം തേടുന്ന പുതുകവിത

October 2, 2021

നിയമങ്ങൾക്കപ്പുറമുള്ള മനോവിസ്മയ ജീവിതം എല്ലാവരിലുമുണ്ട്. നിയമ വിലക്കിനു മറുകരയിലുള്ള ഇടങ്ങളിലേക്ക് മാനസിക വ്യാപാരത്തിലൂടെ കടന്നുചെല്ലാൻ സാഹിത്യത്തിന് ചില ഘട്ടങ്ങളിൽ മാത്രമേ കഴിയാറുള്ളു. അത്തരം വിലക്കുകളെ മറികടന്ന്, ഒരു സ്വകാര്യലോകം മനോജ്ഞമായി സൃഷ്ടിക്കുന്നതാണ് എസ്. ജോസഫിന്റെ ‘താവളം’ എന്ന കവിത. എ.കെ വാസു എഴുതുന്നു.

കവിതയെഴുത്തിൽ പരമ്പരാഗതമായ എല്ലാ നിയമങ്ങളും വെടിഞ്ഞു എന്നതാണ് ഉത്തരാധുനിക കവിതയുടെ സവിശേഷത. അപ്പോഴും ദേശരാഷ്ട്രത്തിനകത്തു വസിക്കുന്ന, കവികൾ ഉൾപ്പെടെയുള്ള മനുഷ്യരെല്ലാം രാജ്യത്തിന്റെ ഭരണഘടനാപരമായ എല്ലാ നിയമങ്ങളും അനുസരിച്ചു തന്നെ ജീവിച്ചു. കവിതയിൽ നിയമം തെറ്റിച്ചാലും, ആ കവി വാഹനം ഓടിക്കുമ്പോൾ അറിയാതെ തന്നെ ഇടതുവശം ചേർക്കും. അതാണല്ലോ റോഡു നിയമം. നികുതിയടക്കും. ആധാർ കാർഡുണ്ടാക്കും. അതെ, കവി പോലുമറിയാതെ അദ്ദേഹത്തിന്റെ കവിതയിലും ആവിഷ്കാരങ്ങളിലും നിയമപാലനം ഒപ്പംകൂടും. കോടതിയലക്ഷ്യ കവിതകൾ എഴുതാതെ നോക്കും. അങ്ങനെ, കവിതാ നിയമം വിട്ട കവികൾ രാഷ്ട്ര നിയമങ്ങളിൽ അനുസരണയോടെ ഉത്തമ പൗരനായിത്തന്നെ ജീവിക്കും. നമ്മുടെ കവിതകളെല്ലാം നിയമാനുസാരികളായ കവിതകൾ തന്നെയെന്നു ചുരുക്കം. കവിതയെഴുത്തിൽ സെൻസർ ബോർഡ് ഇല്ലെങ്കിലും സിനിമക്കതുണ്ട്. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിക്കപ്പെടുന്നു. കലാ നിയമങ്ങൾ ലംഘിച്ചാലും രാഷ്ട്ര നിയമങ്ങൾ ലംഘിക്കുക എളുപ്പമല്ല. സാഹിത്യമെഴുതിയതിനാൽ ദേശദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കിടക്കേണ്ടിവന്ന വൈക്കം മുഹമ്മദ് ബഷീറിനെ ഓർക്കുന്നു.

നിയമങ്ങൾക്കും അപ്പുറമുള്ളൊരു മനോവിസ്മയ ജീവിതം ലോകത്തുള്ള സകല മനുഷ്യരിലുമുണ്ട്. നിയമ വിലക്കിനു മറുകരയിലുള്ള ഇത്തരം ഇടങ്ങളിലേക്ക് മാനസിക വ്യാപാരത്തിലൂടെ കടന്നുചെല്ലാൻ സാഹിത്യത്തിന് ചില ഘട്ടങ്ങളിൽ മാത്രമേ കഴിയാറുള്ളു. മൈമൂനയുമായി രതി പങ്കിടുന്ന ഖസാക്കിലെ രവി എഫ്.ഐ.ആർ ഇട്ട് കേസു ചാർജു ചെയ്താൽ പീഢനക്കേസിൽ അകത്തു പോകും പരസ്യമായി കഞ്ചാവു വലിക്കുന്ന മയ്യഴിയിലെ അൽഫോൻസച്ചനും റിമാന്റു ചെയ്യപ്പെടും. നിയമം അത് അനുശാസിക്കുന്നു. നിയമ വ്യവസ്ഥക്കപ്പുറമുള്ളൊരു സുപ്തസുഖം തേടലാണ് ഖസാക്കിലെ രവിയിൽ നാം കാണുന്നത്. മദ്യപാനവും പുകവലിയും സിനിമയിൽ വരുമ്പോൾ മുന്നറിയിപ്പായി ആരോഗ്യത്തിന് ഹാനികരമെന്നു ചേർത്താൽ മാത്രമേ നിയമാനുസൃതമാകൂ.

വൈക്കം മുഹമ്മദ്‌ ബഷീർ

നിയമവാഴ്ച പ്രധാനമാകുമ്പോഴും മനുഷ്യ ജീവിതത്തിന്റെ സ്വകാര്യതകളിലേക്ക് ചുഴിഞ്ഞ്
ചുഴിഞ്ഞെത്തുന്ന പോലീസിങ് കുറക്കുക എന്നതാണ് പരിഷ്കൃതമായ സാമൂഹിക ജീവിതത്തിൽ സ്റ്റേറ്റ് പ്രദാനം ചെയ്യേണ്ടത്. കേരളീയ ജീവിത പരിസരങ്ങളാകെ ആധുനിക പോലീസ് സംവിധാനത്തിൽ അഥവാ, സി.സി.ടി.വിയുടെ നിരീക്ഷണ ലോകത്തിൽ ഏറ്റവുമധികം കെട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കലാലയങ്ങളിലെ ക്ലാസ് മുറിയിൽ, എന്തിന് വരാന്തയിൽ പോലും ക്യാമ വെച്ച് പ്രിൻസിപ്പൽമാരാൽ-മാനേജർമാരാൽ ഭേദ്യം ചെയ്യപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവന്ന വിദ്യാർത്ഥികളെ കുറിക്കുന്ന വാർത്തകൾ നിരവധിയായിരിക്കുന്നു.

മനസ്സു കൊണ്ടെങ്കിലും പോലീസിങിൽ നിന്നും പുറത്തു കടന്നൊരു സ്വകാര്യലോകം മനോജ്ഞമായി സൃഷ്ടിക്കുന്നതാണ് എസ്. ജോസഫിന്റെ മാതൃഭൂമി പ്രസിദ്ധീകരിച്ച ‘താവളം’ എന്ന കവിത. കാവ്യ ജീവിതത്തിന്റെ തുടരെഴുത്തിൽ, തന്നെത്താൻ അനുകരിക്കാത്ത രൂപ-ഭാവ വ്യതിയാനമുള്ള ചലനാത്മകത സൃഷ്ടിക്കുന്ന പുതുവഴിയാണീ കവിതക്കുള്ളത്. ജയിൽചാടി വരുന്ന ഒരാളോ അതുമല്ലെങ്കിൽ ആരുമില്ലാതെ അലയുന്ന ഒരാളോ ആവാം കവിതയിലെ പുരുഷൻ. അയാളെ ആൾക്കൂട്ട വേവലാതികളിൽ നിന്നും സദാചാര ഗുണ്ടായിസത്തിൽ നിന്നും മായികമായ ഒരു വിസ്മയ ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നത് ധൈര്യവതിയായ ഒരു സ്ത്രീയാണ്. സ്വയംനിർണയാധികാരിയായ അവൾക്ക് കുലസ്ത്രീയുടെ ചങ്ങലക്കെട്ടുകളില്ല. ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്താനായി അവളുടെ സഹജ കാമനകളെ എന്നേക്കും കുഴിച്ചു മൂടുന്നവളുമല്ല.

എസ്. ജോസഫ്

അവൾ ചാരായം വാറ്റും
അതൊക്കെയടിച്ച് പകൽ വീട്ടിലിരിക്കും
ഉച്ചയ്ക്കു ശേഷം
ഇണചേരുന്നതാണ് അവൾക്കിഷ്ടം

അവന്റെ ഇഷ്ടത്തിനായി അവൾ കർമമാവുകയല്ല. അവളുടെ ഇഷ്ടത്തിലേക്കവൻ ചെന്നുചേരുകയാണിവിടെ. സംഭോഗത്തിൽ പോലും ആണധികാരം സൃഷ്ടിച്ചുവെച്ച സദാചാര നിയമാവലികൾ ലംഘിക്കുന്നതിന്റെ സൂചനകൾ വ്യക്തമാണിവിടെ. ‘അവളെ ഞാൻ ഭോഗിച്ചു’ എന്ന ആണധികാര/പരുഷഭാഷണത്തെ, ‘അവൾ അവനെ ഭോഗിച്ചെന്നു’ ബോധപൂർവം തന്നെ മറിച്ചിടുന്നുണ്ട് ഈ കവിതാഘടന.

ഏറ്റവും കൂടുതൽ മഴപെയ്യുന്ന ഒരു ദേശമാണ്” എന്ന സൂചനയിൽ വനം തുടങ്ങുന്ന ഇടുക്കിയുടെ പടിഞ്ഞാറേ ചരിവുണ്ട്. “തൊട്ടടുത്തു കൂടി പുഴ ഒഴുകുന്നു, അതിനു മുകളിൽ പാലമുണ്ട്” എന്നതിൽ പെരിയാറിന്റെ ഒഴുക്കിനെ കടക്കുന്ന പഴമ ചേർന്ന ഒരു പാലമുണ്ട്. ഒരു കാടും ഒരുനാടും അങ്ങുമിങ്ങും ചേർത്തു വെക്കുന്ന നീളൻ പാലം. “രാത്രിയിൽ അടുത്ത കാട്ടിലേക്ക് തോക്കുമായി പോകും, പന്നിയെ മാത്രമേ വെടിവെക്കൂ“; നായാടി ഇര തേടിയും ഇണ ചേർന്നും മാത്രം ജീവിച്ച അതിഭൂതകാലത്തോടുള്ള അഭിനിവേശം ഇവിടെ പ്രകടമാണ്. വിലക്കുകളേതുമില്ലാത്ത എദൻ തോട്ടത്തിൽ മഞ്ഞുലാത്തുന്ന പച്ചപ്പിൽ, നിലാവെട്ടത്തിന്റെ കുളിരു മൂടിയ സുഖാനുഭൂതിയുടെ ലോകം.

കവിത തുറക്കുകയാണ്. ഒമർ ഖയ്യാമിന്റെ പ്രശസ്തമായ “ചിന്താസുന്ദര കാവ്യവും ലഘുതരം ഭോജ്യങ്ങളും, സ്ഫടികക്കുപ്പിയിൽ നുരഞ്ഞു പതയും വീഞ്ഞും, കാന്തേ എന്നരികത്തിളം തണലിൽ നീ പാടാനുമുണ്ടെങ്കിലോ, കാന്താര സ്ഥലി പോലും
ഇവന്നു ഹാ… സ്വർലോകമാണോമനേ” എന്ന, ഏതൊരാളിലും രൂഢമൂലമായ പ്രണയക്കുളിർ പറ്റിയ മായാലോകം തന്നെ തുറന്നിടുന്നു. ഒമർ ഖയ്യാമിൽ പുരുഷ ഭാഷണമാകുമ്പോൾ, ‘താവള’ത്തിലത് ലിംഗനിരപേക്ഷ പൊതുഭാഷ്യമാകുന്നു എന്നതു സവിശേഷമാണ്.

നിമിഷങ്ങൾ
നീട്ടിപ്പാടി അനശ്വരമാക്കുവാൻ ഏതു ദൂരത്തേക്കും പറക്കുന്നു” എന്നവസാനിക്കുന്ന എസ്. ജോസഫിന്റെ ‘പാടി നീട്ടൽ’ എന്ന കവിതയും താവളത്തോടു ചേർത്തുതന്നെ വായിക്കാം. സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടൊപ്പം സ്വന്തം ശരീരത്തിൽ അവൾക്കു മാത്രമുള്ള സ്വയം നിർണയാധികാരം കൃത്യമായും സൂചിതമാണ്. രതിയുടെയും അതിന്റെ ലയകാമനകളുടെയും സമയദൈർഘ്യം കൂടുതലാക്കുന്നതാണിവിടെയുള്ളത്.

ദേഹത്ത് തേളിനെ വരച്ചുവെച്ചും
വിസ്കിയിൽ ഐസിട്ട് നൊട്ടിനുണഞ്ഞും
എന്റെ മാറിൽ കാലുകൾ വെച്ച്
ഒരു ടർക്കിഷ് പാട്ടു പാടിയും
രതിയുടെ നിമിഷങ്ങളെ പതുക്കെയാക്കിയും
രാത്രി എന്ന ക്യാൻവാസിൽ
തീപോലെ തിളങ്ങിയും
അവൾ
നേരം പുലർന്നു,
എപ്പോഴോ എഴുതിയ കവിത
മേശയിലുപേക്ഷിച്ച്
അവൾ സ്റ്റേറ്റ്സിലേക്കു പറന്നു
ഭർത്താവ്
വിമാനത്താവളത്തിൽ കാത്തുനിൽക്കും
വൈകുന്നേരം
അവളുടെ കവിത എടുത്തു നോക്കി
കവിത മനസ്സിലാവില്ല
അതിലെ ഒരു വരി ഇങ്ങനെയായിരുന്നു:
“നിമിഷങ്ങൾ
നീട്ടിപ്പാടി അനശ്വരമാക്കുവാൻ ഏത് ദൂരത്തേക്കും പറക്കുന്നു“.

രാത്രിയുടെ ക്യാൻവാസിൽ തീ പോലെ തിളങ്ങുന്ന മായികലോകം സുപ്ത കാമനകളുടെയും സദാചാരക്കെട്ടു പൊട്ടിച്ചെറിയലിന്റേതുമാണ്. ‘പാടി നീട്ടലിൽ’ വീട്ടുനിയമത്തിൽ നിന്നും, ‘താവളത്തിൽ’ നാട്ടു നിയമത്തിൽ നിന്നുമുള്ള ഭ്രമാത്മകതയുടെ സൗന്ദര്യം ചേർത്ത കുതറലുകളുണ്ട്.

എനിക്കു നിയമങ്ങളില്ല
എന്നെത്തേടി ഒരു പോലീസും വരില്ല.
അവർക്കറിഞ്ഞു കൂടാ
എന്റെ പുതിയ താവളം

പോലീസിൽ നിന്നും റിട്ടയർ ചെയ്ത, മനസ്സിന്റെ തെറ്റപെട്ട സുഹൃത്തായ ഒരു പോലീസുകാരന്റെ വിഭ്രാന്തി ഇവിടെ ചേർക്കാം; “അവിടെ നിന്നും മാറിനിൽക്കെടാ…അവിടെ വയർലെസ് സെറ്റുണ്ട്, അപ്പുറത്ത് ക്യാമറയുണ്ട്”. ഏതായാലും പോലീസിങിന്റെ നെറ്റ്‌വർക്കിന് അപ്പുറമുള്ള, അവർ തേടിവരാത്ത ഒരു ലോകം, ഒരു പുതുമ ഭാവനയിലെങ്കിലും കവിതയിൽ ആദ്യം സൃഷ്ടിച്ചത് എസ്.ജോസഫ് ആണ്. അതിനെ ഒറ്റ വായനയിൽ എല്ലാവർക്കും ഉൾക്കൊള്ളാൻ ആയിക്കൊള്ളണമെന്നുമില്ല.

കം
തകം
പാതകം
കൊലപാതകം വാഴക്കൊലപാതകം
(അയ്യപ്പ പണിക്കർ)

ഇതിലെ കവിത മനസ്സിലാക്കുവാൻ പ്രകടമായ കവിതാസ്വാദനത്തിനുമപ്പുറം മാനസിക വ്യാപാരം നടത്താനുള്ള ആസ്വാദക പ്രതിഭകൂടി വേണം. “യേഷാം കാവ്യാനുശീലനവശാത്” പ്രധാനമാണ്. കുറഞ്ഞത് മനസ്സിലാക്കാൻ ഒരു മനസ്സെങ്കിലും വേണം. ഒറ്റ വായനയിൽത്തന്നെ എല്ലാ കവിതയും ആസ്വാദനക്ഷമമാകണമെന്നില്ല. വായിച്ചെടുത്ത കാവ്യബിംബങ്ങൾ മനോമുകരത്തിൽ തങ്ങിനിൽക്കുകയും, അതിൽ നിന്ന് തുറന്നിടുന്ന വാതിലുകൾ പിന്നീടെപ്പോഴെങ്കിലും മനോജീവിതത്തിലും യഥാർത്ഥ ജീവിതത്തിലും തുടർച്ച നേടുന്നതുമാണ് നല്ല കവിതയുടെ വായനാനുഭവം. മകരക്കൊയ്ത്തു കഴിഞ്ഞ നെൽവയൽ കാണുമ്പോൾ മാത്രമല്ല, പരേതനായ ഒരാളുടെ ചലനമറ്റ കിടപ്പിനു ചുറ്റും അംഗചലനമായി എന്തെങ്കിലുമൊക്കെ ആചാരം ചെയ്തു നിൽക്കുന്ന മക്കളെയും കുറച്ചധികം ചെറുമക്കളെയും കാണുന്ന മരണാനന്തര ക്രിയകൾ കാണുമ്പോഴും: “ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ” (വൈലോപ്പിള്ളി) എന്ന കാവ്യഭാഗം അനുവാചക മനസ്സിൽ ചിറകടിച്ച് എത്തേണ്ടതില്ലേ ?

ചിന്തയുടെ/ആസ്വാദനത്തിന്റെ പലമയാർന്ന വഴികൾ തുറന്നുവെച്ച എസ്. ജോസഫിന്റെ ‘താവളം’ എന്ന കവിത മനസ്സിലാകാത്തതിനാലോ മനസ്സിലായിലെന്നു നടിച്ചതിനാലോ ഉണ്ടായ വിമർശനങ്ങളോടുള്ള എന്റെ നിലപാടിതാണ്. കവിത മുഴുവനായും ഇവിടെ ചേർക്കുന്നു.

താവളം

ആൾക്കൂട്ടത്തിൽ നിന്ന്
അവളെന്നെ കൊണ്ടുപോയി
വഴി വളവിലെ വീട്ടിൽ അത്താഴം
അവളോടൊപ്പം ഉറക്കം

തൊട്ടുത്തു കൂടി പുഴ ഒഴുകുന്നു
അതിനു മുകളിൽ പാലമുണ്ട്.
ഏറ്റവും കൂടുതൽ മഴ ചെയ്യുന്ന
ഒരു ദേശമാണ്

പകൽ വീട്ടിലിരിക്കും
ഉച്ചയ്ക്കു ശേഷം
ഇണചേരുന്നതാണ്
അവൾക്കിഷ്ടം

രാത്രിയിൽ അടുത്ത കാട്ടിലേക്ക്
തോക്കുമായി പോകും.
പന്നിയെ മാത്രമേ വെടിവെക്കൂ

അവൾ ചാരായം വാറ്റും
അതൊക്കെയടിച്ച് പകലിരിക്കും
അവളെ പുണർന്നു കിടക്കും

എനിക്ക് നിയമങ്ങളില്ല
എന്നെത്തേടി ഒരു പോലീസും വരില്ല.
അവർക്കറിഞ്ഞു കൂടാ
എന്റെ പുതിയ താവളം.

Top