ടി.എച്ച്.പി ചെന്താരശ്ശേരി: അയ്യന്‍കാളിയെ അക്ഷരമാക്കിയ ചരിത്രകാരന്‍

തന്റെ സമുദായത്തില്‍ പത്തു ബുദ്ധിജീവികള്‍ ഉണ്ടാകണം എന്ന ആഗ്രഹം അയ്യൻങ്കാളി പറയുന്നുണ്ട്. അങ്ങിനെയെങ്കില്‍ അദ്ദേഹത്തിന്റെ സ്വപ്നത്തിലെ ഒന്നാമത്തെ ബി.എക്കാരനായി നമുക്ക് ടി.എച്ച്.പി ചെന്താരശ്ശേരിയെത്തന്നെ കണ്ടെടുക്കേണ്ടി വരും. അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത്/നശിക്കാത്തത്/അനശ്വരം എന്നെല്ലാം അര്‍ഥമുണ്ടല്ലോ. അതുതന്നെയാണ് ടി.എച്ച്.പി ചെന്താരശ്ശേരി; അയ്യന്‍കാളിയെ ആരാലും മായ്ക്കാന്‍ കഴിയാത്ത അക്ഷരങ്ങളാക്കി മാറ്റിയ ‘ബി.എക്കാരന്‍ ബുദ്ധിജീവി…’ ഡോ. എ.കെ വാസു ചെന്താരശ്ശേരിയേകുറിച്ചു എഴുതിയത്.

ചരിത്രവും സാഹിത്യവും പഠിച്ചും പരിചയിച്ചും വികസിതമാകുന്ന ഘട്ടത്തില്‍ ഏതൊരാള്‍ക്കും തികട്ടിവരുന്നൊരു ചോദ്യം അതില്‍ താനും തന്റെ പൂര്‍വ്വികരും എവിടെയാണ് അടയാളപ്പെട്ടിരിക്കുന്നത് എന്നാണ്.

തലമുറകളുടെ ഓര്‍മ്മകളെ വാമൊഴിയായും പാട്ടുകളായും കൈമാറിവന്ന മനുഷ്യസമൂഹത്തിലെ അധീശത്വ സ്വഭാവമുള്ള ഒരു വിഭാഗം എഴുത്തു പഠിച്ച് വരമൊഴിയുടെ വക്താക്കളായി മാറി. മറ്റൊരു വിഭാഗത്തെ സാമൂഹികമായി വേര്‍തിരിച്ച് കീഴ്ജാതിക്കാരാക്കി എഴുത്തധികാരത്തില്‍ നിന്ന് ആട്ടിപ്പായിക്കുകയും ഒന്നാമത്തെ കൂട്ടര്‍ അവര്‍ക്കു മാത്രമായി അവരുടെ ചരിത്രവും സാഹിത്യവും എഴുതുകയും സ്ഥാപിച്ചെടുക്കുകയും ചെയ്തു. പൊതുവഴിയിലേക്കും വിദ്യാലയങ്ങളിലേക്കും വൈകിമാത്രം വന്നുചേര്‍ന്ന കീഴാളവിഭാഗം നവോത്ഥാനാനന്തരം കേരളത്തില്‍ വിദ്യയിലേക്കും എഴുത്തധികാരത്തിലേക്കും വികസിക്കുകയുണ്ടായി. ആദിമജനതയായ തങ്ങള്‍ ചരിത്രശൂന്യരാകില്ലെന്ന ബോധവും സ്വത്വാന്വേഷണങ്ങളും വിസ്മൃതിയിലാണ്ട കാലങ്ങളെ വീണ്ടെടുക്കാനുള്ള അന്വേഷണത്വര ഇവരില്‍ വളര്‍ത്തുകയും ചെയ്തു. അത്തരമൊരു ഘട്ടത്തിലാണ് പണ്ഡിറ്റ് കെ.പി കറുപ്പന്‍, കല്ലറ സുകുമാരന്‍, പോള്‍ ചിറക്കരോട്, ടി.കെ.സി വടുതല, ടി.എച്ച്.പി ചെന്താരശ്ശേരി തുടങ്ങിയവര്‍ ഉദയംകൊള്ളുന്നത്.

ടി.എച്ച്.പി. ചെന്താരശ്ശേരി

ചിന്തകനും സൈദ്ധാന്തികനുമായ കെ.കെ കൊച്ച് സൂചിപ്പിക്കുന്നു, ”രാഷ്ട്രീയ ജീവിതത്തിന്റെ അസ്വസ്ഥതകളുമായി അലയുന്ന കാലത്താണ് ടി.എച്ച്.പി ചെന്താരശ്ശേരി എഴുതിയ അയ്യന്‍കാളി എന്ന പുസ്തകം വായിക്കാനിടയായത്. ആ പുസ്തകം ദലിത് സമുദായത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് പുതുവഴികള്‍ തുറന്നുതരികയും കൂടുതല്‍ ചരിത്രാന്വേഷണങ്ങള്‍ക്ക് പ്രേരണയാവുകയും ചെയ്തു.” പോയകാല ചരിത്രത്തിന്റെ ചെറുതായെങ്കിലും നടന്ന വീണ്ടെടുപ്പ് പുതിയ ദലിത് ചിന്തകര്‍ക്കും എഴുത്തുകാര്‍ക്കും ചവിട്ടിനില്‍ക്കാന്‍ മണ്ണു നല്‍കുകയും നടന്നു മുന്നോട്ടുനീങ്ങാന്‍ ഊര്‍ജ്ജം പകരുകയും ചെയ്തു. തിരുത്തലും വീണ്ടെടുപ്പുമായും അതിപ്പോഴും തുടരുന്നു. അതുകൊണ്ടാണ്  മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന്‍ ഞാനൊരു ‘അയ്യന്‍കാളി തോട്ടു’കാരനാണെന്ന് ആത്മാഭിമാനത്തോടെ വിളിച്ചുപറയുന്നത്.

അയ്യന്‍കാളിയുടെ ജീവചരിത്രം ആദ്യമായി എഴുതിക്കൊണ്ട് മറ്റൊരു ചരിത്രമായി മാറിയ ടി.എച്ച്.പി ചെന്താരശ്ശേരി ടി. ഹീരപ്രസാദ് ചെന്താരശ്ശേരിയാണ്. വ്യത്യസ്തമായ പേരിന്റെ പിന്നിലുമുണ്ട് പഴമയുടെ ഒരു ചെറുചരിത്രം. ചെന്താരശ്ശേരി പറയുന്നത് ഇങ്ങനെ, ”എന്റെ പേര് കേശവന്‍ എന്നായിരുന്നു. കേശവന്‍ ഓര്‍മ്മിപ്പിക്കുന്നത് അയ്യന്‍കാളിയുടെ മകളുടെ ഭര്‍ത്താവും തിരുകൊച്ചി നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സാക്ഷാല്‍ ടി.ടി കേശവശാസ്ത്രികളെ തന്നെ. സാധുജനപരിപാലനസംഘത്തിന്റെ തിരുവല്ലയിലെ ഓതറ മേഖലാ സെക്രട്ടറിയായിരുന്നു ചെന്താരശ്ശേരിയുടെ പിതാവായിരുന്ന തെരുവന്‍. അയ്യന്‍കാളിയുടെ സമരാവേശങ്ങളെ നെഞ്ചേറ്റിയ ആ കുടുംബം അന്ന് ആവേശപൂര്‍വ്വം കണ്ട ദലിതരിലെ വിദ്യാധനനായ മനുഷ്യന്‍ ടി.ടി കേശവശാസ്ത്രികള്‍ ആയിരുന്നു. വളരുമ്പോള്‍ തന്റെ മകനും ശാസ്ത്രിപരീക്ഷ പാസായി മറ്റൊരു കേശവശാസ്ത്രിയാകണമെന്ന ഉള്‍പ്രേരണയാലാണ് മകന് കേശവന്‍ എന്ന പേരിടാന്‍ പിതാവ് തെരുവനും മാതാവ് അണിമയും തീരുമാനിച്ചത്. എന്നാല്‍ ഈ മകന്‍ ശാസ്ത്രിയായില്ല എന്നുമാത്രമല്ല കേശവനായിപ്പോലും തുടരാന്‍ കഴിഞ്ഞില്ല.

“രാഷ്ട്രീയ ജീവിതത്തിന്റെ അസ്വസ്ഥതകളുമായി അലയുന്ന കാലത്താണ് ടി.എച്ച്.പി ചെന്താരശ്ശേരി എഴുതിയ അയ്യന്‍കാളി എന്ന പുസ്തകം വായിക്കാനിടയായത്. ആ പുസ്തകം ദലിത് സമുദായത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് പുതുവഴികള്‍ തുറന്നുതരികയും കൂടുതല്‍ ചരിത്രാന്വേഷണങ്ങള്‍ക്ക് പ്രേരണയാവുകയും ചെയ്തു.”

ചിന്തകനും സൈദ്ധാന്തികനുമായ കെ.കെ കൊച്ച് സൂചിപ്പിക്കുന്നു.

പത്താംതരം പാസായപ്പോള്‍  ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ കേശവന്‍ പ്രസംഗിക്കാന്‍ തുടങ്ങിയിരുന്നു. കുട്ടനാട്ടില്‍ മുപ്പതടിയിലേറെ പൊക്കമുള്ള വൈക്കോല്‍ത്തുറുവില്‍ നിന്ന് വീണ് പിതാവ് തെരുവന്‍ നടുവൊടിഞ്ഞ് കിടപ്പിലായ കാലത്ത് മേല്‍ജാതി ജന്മിമാരുടെ വീടുകളില്‍ കൃഷിപ്പണികള്‍ക്ക് പോകേണ്ടിവന്ന കേശവന് നിരവധി ജാതീയ തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂട്ടുകാരെയും നാട്ടുകാരെയും സംഘടിപ്പിച്ച് നാടകസംഘങ്ങളും കലാസംഘങ്ങളും നടത്തുന്നതിനും കേശവന്‍ മുന്നിലുണ്ടായിരുന്നു. അന്നൊക്കെ വ്യവസ്ഥിതിക്കെതിരെ പോരാടുന്നവര്‍ക്കെല്ലാം ഭരണകൂടവും സമൂഹവും ചാര്‍ത്തിക്കൊടുക്കുന്ന പേരായിരുന്നു ‘കമ്യൂണിസ്റ്റ്’ എന്നത്. അത്തരമൊരു ‘ദുഷ്‌പേര്’ വിദ്യാസമ്പന്നരായ ദലിതര്‍ക്ക് അക്കാലത്ത് വീണുകഴിഞ്ഞാല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. ഈ ഗതികേട് മറികടക്കാനുള്ള വിദ്യയായി ‘പേരുമാറ്റം’ എന്ന വഴി കേശവന് പറഞ്ഞുകൊടുത്തത് എസ്.ബി കോളേജിലെ അന്നത്തെ പ്രിന്‍സിപ്പലച്ചനായിരുന്നു. ഉപഭാഷയായി ഹിന്ദി പഠിച്ചിരുന്ന കേശവനെ ആകര്‍ഷിച്ചിരുന്നത് ഹിന്ദി കവി ഹീരപ്രസാദ് ആയിരുന്നു. അതിനാല്‍ അന്തസ്സുള്ള ഒരു ജോലി നേടുകയെന്ന കടമ്പ കടക്കാനായി കേശവന്‍ പേരുമാറ്റി ഹീരപ്രസാദായി മാറി. തെരുവന്‍ ഹീരപ്രസാദ് ചെന്താരശ്ശേരി എഴുത്തില്‍ ടി.എച്ച്.പി ചെന്താരശ്ശേരി എന്ന് പ്രശസ്തനായി. അയ്യന്‍കാളിയെ കൂടാതെ പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, കുറുമ്പന്‍ ദൈവത്താന്‍, വെള്ളിക്കര ചോതി, തൈക്കാട്ടു അയ്യാസാമി, ടി.ടി കേശവന്‍ശാസ്ത്രി, നലംതികള്‍ നാരായണദാസര്‍, കെ.വി പത്രോസ് എന്നീ ചരിത്രത്തില്‍ അധികമാരും വേണ്ടപോലെ അടയാളപ്പെടുത്താതിരുന്ന ദലിത് നേതൃത്വങ്ങളുടെയും ജീവചരിത്രങ്ങള്‍ എഴുതി വായനയിലേക്കും സംവാദങ്ങളിലേക്കും ടി.എച്ച്.പി ചെന്താരശ്ശേരി കൊണ്ടുവന്നിട്ടുണ്ട്.

പുതുക്കലും വീണ്ടെടുപ്പുമായിട്ടുവേണം മേല്‍പ്പറഞ്ഞ ചരിത്ര രചനകളെ വിലയിരുത്താന്‍. ജാതിനേതാക്കളെന്ന പഴികളില്‍ നിന്ന് ഇവരെയെല്ലാം സാമുദായിക പരിഷ്‌കര്‍ത്താക്കളായി വിലയിരുത്താന്‍ ചെന്താരശ്ശേരിക്കു കഴിഞ്ഞു.

കേരളീയ നവോത്ഥാന ചരിത്ര ചര്‍ച്ചകളില്‍ വലിയ മുഴക്കമാകാന്‍ അയ്യന്‍കാളിക്ക് പുതിയ കാലത്ത് സാധിച്ചിട്ടുണ്ട്. അതിനു വഴിയൊരുക്കിയത് മുഖ്യമായും രണ്ട് സംഭവങ്ങളാണ്. ഒന്ന് ടി.എച്ച്.പി ചെന്താരശ്ശേരി യുക്തിഭദ്രമായി എഴുതിവച്ച ജീവചരിത്രം. മറ്റൊന്ന് കെ.കെ ബാലകൃഷ്ണന്‍ എന്ന മുന്‍മന്ത്രിയുടെ ഉത്സാഹത്താല്‍ മദ്രാസില്‍ നിര്‍മ്മിച്ച് കേരളമാകെ പര്യടനം നടത്തി തിരുവനന്തപുരം വെള്ളയമ്പലം സ്‌ക്വയറില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട അയ്യന്‍കാളിയുടെ ദീര്‍ഘകായ പ്രതിമ. തുടര്‍ന്ന് അയ്യന്‍കാളിയെ കര്‍ഷകത്തൊഴിലാളി നേതാവ്, ഹരിജനോദ്ധാരകന്‍ തുടങ്ങിയ ചാര്‍ത്തിക്കെട്ടലുകള്‍ക്കപ്പുറത്ത് നവോത്ഥാന നായകനും സാമൂഹികപരിഷ്‌കര്‍ത്താവും സാമുദായിക നേതൃത്വ രൂപവുമെന്ന നിലയില്‍ ഒരു ജ്ഞാനരൂപമായി അയ്യന്‍കാളിയെ വീണ്ടെടുക്കുന്നതില്‍ കെ.കെ കൊച്ചിന്റെ എഴുത്തും ഇടപെടലുകളുമാണ് വഴിയൊരുക്കിയത്.

ജീവിതത്തിന്റെ അവസാനനാളുകളില്‍ത്തന്നെ ഒഴിവാക്കലിന്റെയും വിസ്മൃതിയുടെയും തീണ്ടാപ്പാടുകളിലേക്ക് അയ്യന്‍കാളി ആട്ടിയോടിക്കപ്പെട്ടിരുന്നു. കേശവശാസ്ത്രികളും അയ്യന്‍കാളിയും തമ്മിലുണ്ടായിരുന്ന ആശയപരമായ വിയോജിപ്പുകളും കുടുംബത്തിലെ ആഭ്യന്തരകലഹങ്ങളും അയ്യന്‍കാളിയെ ഏകാന്തവാസത്തിലേക്ക് നയിച്ചു. തിരക്കും പ്രൗഢിയും വിട്ടകന്ന ഒരു അയ്യന്‍കാളിയെക്കുറിച്ചും ചെന്താരശ്ശേരി സംഭാഷണത്തില്‍ സൂചിപ്പിക്കുന്നു. അയ്യന്‍കാളിയുഗത്തിന്റെ അപചയത്തെത്തുടര്‍ന്ന് സാധുജനപരിപാലനസംഘം ഉപജാതി സംഘടനകള്‍ തീര്‍ത്ത് പലവഴി പിരിഞ്ഞു.

ദലിത് സമൂഹം തുടര്‍ന്ന് മോചകരായി കണ്ടെത്തിയത് അക്കാലത്ത് കേരളത്തില്‍ ശക്തിപ്രാപിച്ചുവന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ആയിരുന്നു. അതിനാല്‍ ദലിത് മോചനത്തിന്റെ ചരിത്രം തങ്ങളില്‍ തുടങ്ങുന്നു എന്ന് ചരിത്രം എഴുതാന്‍ കമ്യൂണിസ്റ്റുകള്‍ നിര്‍ബന്ധിതരായി. അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനുമെല്ലാം വിസ്മൃതിയിലേക്ക് താഴ്ത്തപ്പെട്ടുപോയി. വേദങ്ങളുടെ നാട് എന്ന കൃതിയില്‍ ഇ.എം.എസ് ഈ സത്യം തുറന്നുസമ്മതിക്കുന്നതു കാണാം. അദ്ദേഹം എഴുതുന്നു ”എഴുതപ്പെട്ട ഒരു കൃതിയും മുഖവിലക്കെടുത്തുകൂടാ. അവയുടെ രചയിതാക്കള്‍ താന്താങ്ങളുടെ വീക്ഷണം വച്ചും താല്‍പര്യങ്ങള്‍ പരിഗണിച്ചുമാണ് അതോരോന്നും രചിച്ചതെന്ന സത്യം മറക്കരുത്.” (വേദങ്ങളുടെ നാട്, പേജ്15). കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇ.എം.എസിന്റെ കേരളചരിത്രരചനയില്‍ അയ്യന്‍കാളിയെക്കുറിച്ച് ഒരു വരിപോലും ഉള്‍പ്പെടാതെ പോയതിന് അദ്ദേഹം പറയുന്നത് മേല്‍പറഞ്ഞ സത്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ന് നാം കാണുന്ന അയ്യന്‍കാളി ദലിതരില്‍ നിന്നും ഉണ്ടായിവന്ന ഒരുപറ്റം ധിഷണാശാലികള്‍ പുനര്‍നിര്‍മ്മിച്ചെടുത്ത ചരിത്രമനുഷ്യനാണ്.

കേരളീയ നവോഥാന ചരിത്ര ചര്‍ച്ചകളില്‍ വലിയ മുഴക്കമാകാന്‍ അയ്യന്‍കാളിക്ക് പുതിയ കാലത്ത് സാധിച്ചിട്ടുണ്ട്. അതിന് വഴിയൊരുക്കിയത് മുഖ്യമായും രണ്ട് സംഭവങ്ങളാണ്. ഒന്ന് കെ.കെ ബാലകൃഷ്ണന്‍ എന്ന മുന്‍മന്ത്രിയുടെ ഉത്സാഹത്താല്‍ മദ്രാസില്‍ നിര്‍മ്മിച്ച് കേരളമാകെ പര്യടനം നടത്തി തിരുവനന്തപുരം വെള്ളയമ്പലം സ്‌ക്വയറില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട അയ്യന്‍കാളിയുടെ ദീര്‍ഘകായ പ്രതിമ. മറ്റൊന്ന് ടി.എച്ച്.പി ചെന്താരശ്ശേരി യുക്തിഭദ്രമായി എഴുതിവച്ച ജീവചരിത്രം.

നുണ നിലനിര്‍ത്താന്‍ വേണ്ടി കൊലചെയ്യപ്പെട്ട കോവിലന്റെ കഥ ദലിതരുടെ കന്നിപ്പാട്ടില്‍ കാണാം. പാണ്ടിനാട്ടില്‍ ചിലമ്പു വില്‍ക്കാന്‍ പോയ കോവിലന്‍ സ്വര്‍ണപ്പണിക്കാരന്റെ ചതിയാല്‍ മോഷ്ടാവാക്കപ്പെടുന്നു. സത്യം പുറത്തുവരാതിരിക്കാനാണ് കോവിലനെ കഴുവേറ്റി വധിക്കുന്നത്. എന്നാല്‍ കാക്കയും കഴുകനും കൊത്തിക്കൊണ്ടു വന്ന വിരലില്‍ നിന്നും ജഡം കിടന്ന മണ്ണില്‍ നിന്നും പള്ളിവാളുകൊണ്ട് കന്നി (കാളി) കോവിലനെ തോറ്റിയെടുത്ത് (പുനരുജ്ജീവിപ്പിച്ച്) കൊടുങ്ങല്ലൂരില്‍ കുടിയിരുത്തുന്നു. അത്തരത്തിലൊരു തോറ്റിയെടുപ്പാണ് (വീണ്ടെടുപ്പ്) ടി.എച്ച്.പി ചെന്താരശ്ശേരിയും അയ്യന്‍കാളിക്കു വേണ്ടി നടത്തിയിരിക്കുന്നത്.

സി. കൃഷ്ണന്റെ മിതവാദി ചരിത്രാന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമ്പോഴാണ് അയ്യന്‍കാളിയെക്കുറിച്ചുള്ള ലിഖിതരേഖകള്‍ അദ്ദേഹം ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് വെങ്ങാനൂരിലെത്തി ശേഖരിച്ച വാമൊഴിയറിവുകളും പ്രാദേശിക ചരിത്രങ്ങളും പ്രജാസഭാ രേഖകളും പത്രക്കുറിപ്പുകളും ഉപാദാനങ്ങളാക്കിയാണ് ചെന്താരശ്ശേരി അയ്യന്‍കാളിയെ പുനര്‍നിര്‍മ്മിച്ചെടുക്കുന്നത്.

നാം ഇന്ന് കാണുന്ന ഓരോ ചരിത്ര നായിക/നായകന്മാരും പുന:സൃഷ്ടികള്‍ തന്നെ. ശ്രീനാരായണ ഗുരുദേവനെക്കുറിച്ചാണ് കേരളത്തില്‍ ഏറ്റവുമധികം (ആയിരത്തിലേറെ) പുസ്തകങ്ങള്‍ ഉണ്ടായിട്ടുള്ളത്. അത്തരം വീണ്ടെടുപ്പുകള്‍ ഇപ്പോഴും തുടരുന്നുമുണ്ട്.

1863ല്‍ ജനിച്ച് ത്യാഗോജ്ജ്വല ജീവിതം നയിച്ച് പ്രജാസഭയില്‍ പങ്കാളിയായി 1941ല്‍ ദേഹവിയോഗം ചെയ്ത അയ്യന്‍കാളിക്ക് ഒരു ജീവചരിത്രം ഉണ്ടാകുന്നത് 1979ല്‍ ആണ്. ഇന്നിപ്പോള്‍ പൊതുവിടങ്ങളിലെ സാമൂഹിക രാഷ്ട്രീയ ചര്‍ച്ചകളിലും അയ്യന്‍കാളി പ്രസക്തനാണ്. ആരാലും മായ്ക്കാനാവാത്തവിധം ആ പുന:സൃഷ്ടി വേരുറപ്പിച്ചുകഴിഞ്ഞിരിക്കുന്നു.

ഇത് സൂചിപ്പിക്കുന്നത് അയ്യന്‍കാളി ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അയ്യന്‍കാളി അപ്രകാരം ഉണ്ടായിരുന്നു എന്നതിനെ ആവശ്യമായ ഒരു ദലിത് സമുദായം ഉണ്ടായിവന്നു എന്നതാണ്. അത് എഴുത്ത്, ചിത്രകല, ശില്‍പകല, ഫോട്ടോഗ്രഫി, അനുസ്മരണ യോഗങ്ങള്‍ തുടങ്ങിയവയിലൂടെ പുതിയ മാനങ്ങള്‍ കൈവരിക്കുന്നുണ്ട്.

രാജാരവിവര്‍മ്മ ഭാവനചെയ്ത സരസ്വതീചിത്രമാണ് പിന്നീട് ദേവതാസ്ഥാനത്തോടെ ക്ഷേത്രങ്ങളില്‍ ഇടംപിടിച്ചത്. ആ സരസ്വതിക്ക് ‘അച്ഛനിപ്പോള്‍ വരും’ എന്നതിലെ നായര്‍ സ്ത്രീയുടെ രൂപഭാവങ്ങള്‍ തന്നെയാണ് ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. ഡാവിഞ്ചിയുടെ ഭാവനാചിത്രം പിന്നീട് ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ ആരാധനാരൂപങ്ങളിലെ യേശുവായി പരിവര്‍ത്തനപ്പെട്ടു. വായിച്ചും കേട്ടും മനസ്സില്‍ പതിഞ്ഞ രൂപങ്ങള്‍ ചിത്രങ്ങളും ശില്‍പങ്ങളുമാവുന്നതും അവ ആരാധനാമൂര്‍ത്തികളാകുന്നതിലും അസ്വാഭാവികതയില്ല.

അയ്യന്‍കാളിയുടെതായി ഇന്ന് പ്രചരിക്കപ്പെടുന്ന ചിത്രം ശ്രീമൂലം പ്രജാസഭയുടെ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് രൂപപ്പെടുത്തിയതാണ്. ഫോട്ടോഷോപ്പ് അതില്‍ പല വ്യതിയാനങ്ങളും വരുത്തിയിട്ടുണ്ട്. ആവുന്നത്ര വെളുപ്പിച്ച്, ചന്ദനക്കുറി വച്ചുകൊടുത്ത്, ദൈവീകപ്രഭാവലയത്തില്‍ വരെ അത് കാണപ്പെടുന്നു. ആ അവസ്ഥയില്‍ നിന്ന് അയ്യന്‍കാളിയെ തിരിച്ചുപിടിക്കുന്നൊരു ഇടപെടല്‍ നടത്തി, പൊട്ടില്ലാത്ത കറുത്തൊരയ്യന്‍കാളിയെ വരച്ചെടുക്കാന്‍ തത്തുവണ്ണന് സാധിച്ചതിനു പിന്നില്‍ ഡി.പി കാഞ്ചിറാമിന്റെയും ഈ ലേഖകന്റെയും ഇടപെടലുണ്ട്. രജനി എസ് ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട സമരകാലത്തായിരുന്നു പ്രസ്തുത ചിത്രം വരച്ചത്. ‘തൊഴിക്കും തോറും തൊഴാത്ത ആ പത്തു ബി.എക്കാരാകാം’ എന്ന അടിക്കുറിപ്പോടെ ദലിത് സ്റ്റുഡന്‍സ് മൂവ്മെന്റ് (ഡി.എസ്.എം) അന്ന് ആ ചിത്രം പ്രിന്റുകളെടുത്ത് പ്രചരിപ്പിച്ചിട്ടുണ്ട്. കല്ലുമാല ബഹിഷ്‌കരണത്തിന്റെയും വില്ലുവണ്ടി യാത്രയുടെയും ഡ്രോയിങ്ങുകള്‍ ഇ.വി അനില്‍ വരച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. ഒരു കലണ്ടറിനു വേണ്ടി കെ.പി.എം.എസ് വരച്ച് പ്രചരിപ്പിച്ച ചിത്രങ്ങളും നമുക്ക് മുന്നിലുണ്ട്. എന്നിരുന്നാലും തലപ്പന്തു കളിക്കുന്നൊരയ്യന്‍കാളി, പഞ്ചമിയുമായി സ്‌കൂളിലെത്തുന്നൊരയ്യന്‍കാളി, കല്ലുമാല പൊട്ടിച്ചിടത്തു നില്‍ക്കുന്നൊരയ്യന്‍കാളി, യോഗം നിയന്ത്രിക്കുന്ന ഊര്‍പിള്ള അയ്യന്‍കാളി, സമരം വിജയിപ്പിക്കാന്‍ മുക്കുവ സമുദായങ്ങളെ തേടിച്ചെല്ലുന്നൊരയ്യന്‍കാളി…. ഇങ്ങനെ വിവിധ അയ്യന്‍കാളി രൂപങ്ങളെ ഭാവനചെയ്യാന്‍ നമ്മുടെ ചിത്രകാരന്മാര്‍ക്ക് കഴിയേണ്ടതുണ്ട്. കോട്ടിട്ട അംബേഡ്കറെക്കൂടാതെ കാഷായവേഷധാരിയായ അംബേഡ്കറും നമുക്ക് മുന്നില്‍ ചിത്രമായുണ്ട്. അയ്യന്‍കാളിയെ വരക്കുമ്പോള്‍ പ്രജാസഭാ വേഷത്തിനപ്പുറത്തു കടക്കാന്‍ ചിത്രകലയ്ക്ക് കഴിഞ്ഞിട്ടില്ല.

ചെറായി ബീച്ചില്‍ അയ്യന്‍കാളിയുടെ വില്ലുവണ്ടിയാത്ര ചിത്രീകരിക്കാന്‍ രാജു ഏഴിക്കരയും കൂട്ടരുമെടുത്ത ത്യാഗത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ആ വില്ലുവണ്ടിയില്‍ അയ്യന്‍കാളിയെയല്ല, തിരുവനന്തപുരത്തു കണ്ട അയ്യന്‍കാളി പ്രതിമയെയാണ് രാജു ഏഴിക്കര എടുത്തുവച്ചിരിക്കുന്നതെന്ന് തോന്നും. പ്രജാസഭാ വേഷത്തിലായിരുന്നുവല്ലോ അയ്യന്‍കാളി വില്ലുവണ്ടി സമരം സമരം നടത്തിയത്? ഗാന്ധിജി അയ്യന്‍കാളിയെ കാണുന്ന ചിത്രവും ഇനി നിര്‍മ്മിക്കേണ്ടതായുണ്ട്.

പുന:സൃഷ്ടിയുടെ ആധികാരികതക്ക് നമുക്ക് ചെന്താരശ്ശേരിയെ തന്നെ മാതൃകയാക്കാവുന്നതാണ്. തിരുത്തലായും വീണ്ടെടുപ്പായും അദ്ദേഹം ഇപ്പോഴും വായനയിലും എഴുത്തിലും തന്റെ തൊണ്ണൂറാം വയസ്സിലും സജീവമാണ്. വാര്‍ദ്ധക്യസഹജ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിനെ മറികടന്ന് കണ്ഠന്‍ കുമരനെക്കുറിച്ചൊരു ജീവചരിത്ര നിര്‍മ്മിതിയിലാണ് അദ്ദേഹമിപ്പോള്‍.

”കേരളത്തിലെ രാഷ്ട്രീയ സംവിധാനങ്ങളും സാംസ്‌കാരിക ചിഹ്നവ്യവസ്ഥയും അടിയുറപ്പിക്കപ്പെട്ടിട്ടുള്ളത് അയ്യന്‍കാളിയെപ്പോലുള്ളവരുടെ മറവികളിലൂന്നിയാണ്” എന്ന് കെ.കെ ബാബുരാജ് ‘മറ്റൊരു ജീവിതം സാധ്യമാണ്’ എന്ന പുസ്തകത്തില്‍ (പേജ്57) വിലയിരുത്തുന്നുണ്ട്.

‘സഞ്ചാരപഥങ്ങള്‍’ എന്ന തന്റെ ആത്മകഥയില്‍ കെ.കെ കൊച്ച് ”സമ്പത്തും അധികാരവും പദവിയും സംസ്‌കാരവും അകലെയായിരിക്കുന്ന ദുരിതങ്ങളുടെ തോരാമഴയില്‍ കുളിച്ചുനില്‍ക്കുന്ന ദലിത് സമുദായത്തെ പ്രത്യാശയിലേക്ക് നയിക്കാന്‍ ബുദ്ധിജീവികള്‍ക്കേ കഴിയൂ.” എന്ന് സൂചിപ്പിക്കുന്നുണ്ട്. തന്റെ സമുദായത്തില്‍ പത്തു ബുദ്ധിജീവികള്‍ ഉണ്ടാകണം എന്ന ആഗ്രഹം അദ്ദേഹം പറയുന്നുണ്ട്. അയ്യന്‍കാളിയുടെ പത്തു ബി.എക്കാര്‍ എന്ന പരികല്‍പനയില്‍ കെ.കെ കൊച്ചിന്റെ പുതുക്കലായി വേണം ഈ വിലയിരുത്തലിനെ കാണാന്‍. അങ്ങനെയെങ്കില്‍ അയ്യന്‍കാളിയുടെ സ്വപ്നത്തിലെ ഒന്നാമത്തെ ബി.എക്കാരനായി നമുക്ക് ടി.എച്ച്.പി ചെന്താരശ്ശേരിയെത്തന്നെ കണ്ടെടുക്കേണ്ടി വരുന്നുണ്ട്. അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത്/നശിക്കാത്തത്/അനശ്വരം എന്നെല്ലാം അര്‍ത്ഥമുണ്ടല്ലോ. അതുതന്നെയാണ് ടി.എച്ച്.പി ചെന്താരശ്ശേരി; അയ്യന്‍കാളിയെ ആരാലും മായ്ക്കാന്‍ കഴിയാത്ത അക്ഷരങ്ങളാക്കി  മാറ്റിയ ‘ബി.എക്കാരന്‍ ബുദ്ധിജീവി…’

( കടപ്പാട് : ഒന്നിപ്പ് മാസിക, 2017 ജൂണ്‍)

Top